ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
കവിത
സ്നേഹം,സ്നേഹം
Aug 5th
ഉണര്‍ന്നപ്പോള്‍
ഏതോ കാണാമാലാഖകളുടെ
കയ്യൊപ്പുകള്‍ കണക്കെ, മാന്ത്രിക പേനയില്‍ നിന്നും
അറിയാതെ തുളുമ്പിയ മഷിത്തുള്ളികള്‍പോലെ
വെള്ളവിരിയിലാകെ പലജാതി കുഞ്ഞു പ്രാണികള്‍..
അവളവയെ ശ്രദ്ധയോടെ
ജനലിലൂടെ തിരികെ പറത്തി വിടുന്നു
ഞങ്ങള്‍ ജനലിലൂടെ പാടങ്ങളെ നോക്കുന്നു
നേര്‍ത്ത ഇരുളിലും അവയുടെ തിരയടിയറിയുന്നു
എണ്ണമറ്റ ജീവനുകളുടെ കരച്ചിലുകള്‍ കേള്‍ക്കുന്നു
പരാതികള്‍,പരിഭവങ്ങള്‍,അനന്തമായ പ്രാര്‍ഥനകള്‍
വയ്യ,മാറ് ചുരക്കുന്നെന്ന് അവള്, പിന്നില്‍.
കിടയ്ക്കയില്‍ നിഷ്കളങ്കനായ ഒരു കൈക്കുഞ്ഞ്
അന്നേരം ഉറക്കത്തില്‍ പൂച്ചിരി ചിരിയ്ക്കുന്നു
പാതിയുറക്കത്തിലും അമ്മിഞ്ഞ കുടിയ്ക്കുന്നു
കളങ്കമില്ലാത്ത നിമിഷത്തില്‍
രണ്ടാത്മാവുകള്‍
മൌനമായി കിന്നരിയ്ക്കുന്നത്
ഞാന്‍ നോക്കി നില്ക്കുന്നു
സ്നേഹം
സ്വയം പകര്‍ന്ന്
അതിന്റെതായ വഴികളില്‍,
ലിപിയേയില്ലാത്ത ഭാഷയില്‍
ഉറങ്ങാതെ പ്രകൃതിമുഴുവന്‍
കാവലിരിയ്ക്കുന്നു
ഒരരികില്‍ ഞാനും.
Musings
Jan 6th
ഈ നീര്ച്ചാലുകളൊക്കെയും
ഒഴുകി വന്നു നിറയുവാന്‍
എന്നിലാഴങ്ങളുണ്ടായിരുന്നെങ്കില്
എന്നിട്ടാ മഴക്കാലങ്ങളിലെ
കിണറുകള്‍ പോലെ
നിറഞ്ഞു തൂവാന്‍
കഴിഞ്ഞിരുന്നെങ്കില്‍
അല്ലെങ്കില്‍
ആഴങ്ങളിലൊക്കെയും
നിറഞ്ഞു തുളുമ്പും
ഒരു നീര്ച്ചാലാകാന്
കഴിഞ്ഞിരുന്നെകില്‍
ഒഴുകിത്തീര്ന്നാലുമാഴങ്ങളില്
ഒഴുക്കുകളുടെയോര്മ്മകളില്
ഇനിയുമൊരുന്മാദയാത്ര
കാത്ത് കിതച്ചിരിയ്ക്കാന്
കഴിഞ്ഞിരുന്നെങ്കില്‍
ജനാലയ്ക്കലെ അമ്മ
Dec 5th
രാവിലെകളില്‍ തുറക്കുകയും
വൈകുന്നേരങ്ങളില്‍
അടയുകയും ചെയ്യുന്ന
ഒരു ജനാലയ്ക്കു പിന്നില്‍
ഒരു പക്ഷെ ചുഴിഞ്ഞുനോക്കിയാല്‍
നരച്ച മുടിയിഴകള്‍ കാണാന്‍ കഴിയുമായിരുന്നു
മഴയത്തും തിളയ്ക്കുന്ന വെയിലത്തും
ജനല്‍പ്പൊളികള്‍ തുറന്നിരിയ്ക്കും
പേരമരത്തില്‍ നോക്കിയിരിയ്ക്കുന്ന
കിഴവിയെ ഞാന്‍ ഒളിഞ്ഞു നോക്കുമായിരുന്നു
അവരുടെ വിരലുകള്‍ മെലിഞ്ഞുചുളിഞ്ഞിരുന്നു
കണ്ണുകള്‍ കുഴിഞ്ഞുപോയിരുന്നു
അന്നേരമൊക്കെ അമ്മയുടെ നനുത്ത വിരലുകളും
മഷിയെഴുതിയ കണ്ണുകളും ഞാന്‍ നോക്കും
അവര്‍ പേരമരത്തോടു കഥകള്‍
പറയുന്നത് ഞാന്‍ കേട്ടു
കിളികളോട് കലപില
ജനലഴിയിലൂടെ കുപ്പിഗ്ലാസ്സ് നീട്ടി
അവര്‍ മരത്തിനു വെള്ളമൊഴിച്ചു
കാലങ്ങള്‍ക്കിപ്പുറം അമ്മ
ഒറ്റയ്ക്ക് അതെ ജനലിലിരിയ്ക്കുന്നതും
ഭംഗിയുള്ള വിരലുകള്‍ ചുളിഞ്ഞിരിയ്ക്കുന്നതായും
ഞാന്‍ ഒരു സ്വപ്നം കണ്ടു
അതേ മരത്തെ അമ്മ നനച്ചുകൊണ്ടിരുന്നു
അതിന്റെ ഇലയോ പൂക്കളോ
അനങ്ങിയതുപോലുമില്ല
പഴങ്കഥകള്‍ കേട്ടപ്പോള്‍
അത് കൊമ്പ് കുലുക്കുന്നുണ്ടായിരുന്നില്ല
വെളുത്തു പോയ കണ്ണുകള്കൊണ്ടമ്മ
എന്നിട്ടും അതിനെത്തന്നെ നോക്കികൊണ്ടിരുന്നു
ഈ വയസ്സിലും ഞാന്‍ അമ്മേ എന്ന് കരഞ്ഞു
വിറയ്ക്കുന്ന കൈകളില്‍
ഉടഞ്ഞ ചില്ലുകള്‍
മരച്ച വിരലുകളിലൂടെ
വെള്ളം ഊര്ന്നുപൊയ്ക്കൊണ്ടിരുന്നു
ദാഹിച്ച വെള്ളം കിട്ടാതെ
മരം കരിയുമല്ലോ എന്ന്
ഞാന്‍ നിലവിളിച്ചു
അബുവിന്റെ ഉമ്മമാര്
Nov 30th
പാടങ്ങളുടെ മഞ്ഞയിലേയ്ക്ക്
കടുത്ത വെയില് വീഴുന്ന ദിവസം
ജുമായ കഴിഞ്ഞ ഉച്ചയില്‍
ഇടവഴിയില്‍ ആളനക്കം നന്നേ കുറവ്
അബുവിനറിയാം
അങ്ങനത്തെ ദിവസങ്ങളില്‍
നടക്കുന്ന വിക്രസ്സുകള്‍
കത്തുന്ന ചവറുകള്‍ക്കിടയില്‍
കറുപ്പിലും വെളുപ്പിലും
പാതി കരിഞ്ഞ ഒരു പടം
കാറ്റിന് പുഴുങ്ങിയ
മധുരക്കിഴങ്ങിന്റെ മണവുമില്ല
മൂന്നുമ്മമാരുള്ള അബു
ഏതു പൊക്കിള്‍ക്കൊടിയില്‍
പിണഞ്ഞാണവന് ഉറങ്ങിക്കിടന്നിരുന്നതെന്ന്
ആര്‍ക്കറിയാം,നോക്കുമ്പോഴൊക്കെ,
അന്നുമുണ്ട് ഇന്നുമുണ്ട് ഉമ്മമാര്
വെള്ളത്തുണികളില്‍ നീലം മുക്കി
പണ്ടങ്ങള് കഴുകിത്തിളക്കി ഉമ്മമാര്
വെയിലില്പോലെ,നിഴല്‍പോലെ മുറ്റത്ത്
ഒളിഞ്ഞും തെളിഞ്ഞും അബു
അന്നേരം മാത്രം മൂന്ന് മോറുകളില്
പുഞ്ചിരി,പൂത്തു പൂത്തു റംസാന് നിലാവ്
ഇറയത്തു മലര്‍ന്നു കിടക്കുമ്പോള്‍
അബു വെറുക്കനെ വിചാരിയ്ക്കും
ഓടിന്നിടയിലൂടെ പൊങ്ങുന്ന
പൊങ്ങുന്ന ആവിതന്നെ
തെങ്ങോലകളില്‍ തട്ടി
മഴപോലെ പെയ്യുന്നത്
ഉമ്മമാരെ ഓര്‍ക്കും അബു
ആ ആവി തന്നെ കനംവെച്ച്
വെള്ളിയാഴ്ച അടുക്കളേല്
നട്ടം തിരിയുമ്പോ
തിത്തിയുമ്മന്റെ മൊകത്ത്
തിണര്ക്കണത് ?
അതിന്റെ വെസര്‍പ്പ് തന്നെ
ആടോളെ തീറ്റുമ്പോ,മുട്ടനാടോകളെ
തല്ലിയോടിയ്ക്കുമ്പോ
കൌസുമ്മയുടെ നെറ്റിയിലും
നെഞ്ചത്തും പുറത്തും
പൊടിണത് ?
ചൂട്ടുവെളിച്ചങ്ങളെ
പേര് ചൊല്ലി വിളിയ്ക്കുമ്പോ
ആമിനുമ്മയുടെ നെഞ്ചകത്തും
അത് തന്നെ പിടയ്ക്കുണത് ?
ജുമായ കഴിഞ്ഞ്
ഇടവഴിയില്‍ ഒച്ചകള്‍
നിറയുമ്പോള്‍
മൂന്നാളും കാതോര്‍ക്കുന്നതും
അതേ എരിപൊരിയില് തന്നെ?
കാട്ടപ്പകള്ക്കിടയില്
കറുപ്പിലും വെളുപ്പിലും
പാതികരിഞ്ഞ ഒരു പടം
“ഇമ്മാ നോക്കീ”ന്നു പറയുമ്പോ
വരാന്തയിലൊരു ചിരി
അടുക്കളയിലൊരു ചിരി
വരമ്പത്തൊരു ചിരി
പൊട്ടിച്ചിരികളുടെ ആവി പൊങ്ങി
ഓലകള്‍ക്കും ഓടുകള്‍ക്കും മേലെ
പരക്കുന്നത് കാണാണ് അബു
മൂന്ന് ഉമ്മമാരുടെ ചിരിയില്‍
പൊറ്റാളിലെ
മഞ്ഞച്ച പാടങ്ങള്ക്ക്മേല്
വെയില് പരന്നെന്ന്
പറയ്യാണ് അബു



