ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
Archive for July, 2009
നിയോഗം
Jul 26th
രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്
പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു
മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച
കുന്നുകളില്‍ അലയടിച്ചില്ലാതാവുന്ന
കൊയ്ത്തുകാരുടെ പാട്ടുകള്‍
പുഴ കടന്നു വരുന്ന
കാറ്റില്‍ കിളിക്കരച്ചിലുകള്‍
ഞാന്‍ നട്ട മരങ്ങളുടെ വേരുകള്‍
ഓരോ ചുവടിലും എന്നെ
കാലടിയില്‍ തട്ടിവിളിയ്ക്കുന്നു
അവര്‍ എന്റെ മേലെ
വള്ളികള്‍ പടര്ത്തുകയാണ്
പൂവുകള്‍ പെയ്യിയ്ക്കുകയാണ്
പൂവുകള്‍ക്ക് സാമ്പ്രാണികളുടെ മണം
മറ്റൊരു നീണ്ട സ്വപ്നത്തിലേയ്ക്കെന്നോണം
അച്ഛന്‍ കണ്ണുകളടയ്ക്കുന്നു
കുന്നിന്റെ പച്ചപ്പുകളെക്കുറിച്ച്
പാടത്തെ മണ്ണിന്റെ
വിട്ടുപോകാത്ത പശിമയെക്കുറിച്ച്
പൊറ്റാളിലെ മഴക്കാലങ്ങളെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു
കിളിക്കുഞ്ഞിനപ്പോള്‍
ചിറകു മുളയ്ക്കുന്നു
കാറ്റിനെതിരെ
അത് എടുത്തെറിയപ്പെടുന്നു
അത് വെപ്രാളത്തില്‍ തുഴയുകയാണ്
മരച്ചില്ലകളില്‍
കൌതുകമുണരുകയാണ്



