നില്‍ക്കൂ ഒന്ന് ഓര്‍ക്കട്ടെ,അമ്മ നടന്നു പോകുന്നത്..ഇടവഴികളിലൂടെ,പാടവരമ്പുകളിലൂടെ..

തല അല്പമൊന്നു ചെരിച്ച്,ഒരു കയ്യില്‍ ശീലക്കുട പിടിച്ച്‌..മറ്റെക്കൈകൊണ്ട് സാരിത്തലപ്പ് കുറച്ചൊന്നുയര്‍ത്തിപ്പിടിച്ച്‌..അമ്മ നടക്കുന്നത് എത്ര മെല്ലെയാണ്..അമ്മ വിളിയ്ക്കില്ലെങ്കിലും ഞാനും പോവുമായിരുന്നല്ലോ പിന്നാലെ.അമ്മ തിരിഞ്ഞേ നോക്കില്ല.ഞാന്‍ വേലികളിലെ പൂവുകളെയും,തോട്ടിലെ മീനുകളെയും നോക്കി,കിനാകണ്ട് അങ്ങനെ നടക്കും.മുന്നൂറാം കുളത്തിന്റെയടുത്തു പാലയുണ്ട്.പാലക്കൊമ്പത്ത് വിശറി വീശി ഇരിപ്പുണ്ടായിരിയ്ക്കും, ആരെങ്കിലും. പേടിയുണ്ട്. എന്നാലും ഞാന്‍ നിറുത്താതെ നടക്കും.

അമ്മയുടെ വിണ്ടുകീറിയ കാല്‍മടമ്പ് കാണാം,നരച്ച സാരി,തേഞ്ഞ ചെരിപ്പ്‌.അമ്മയ്ക്ക് പൂവുമ്പോ നല്ല സാരി ഉടുത്തൂടെ?ഇടയ്ക്ക് ഏട്ടന്‍ ചോദിയ്ക്കാറുണ്ട്.ഓണപ്പൂക്കളുടെ നിറമുള്ള ഒരു സാരിയുണ്ടമ്മയ്ക്ക്,എന്ത് ഭംഗിയാണ് അത് കാണാന്‍.അമ്മ പോയാല്‍ അടുക്കളയില്‍ കേറണല്ലോ എന്ന് അവന്‍ നിരാശപ്പെടും.ഞാന്‍ വെറുതെ നോക്കി നില്ക്കുകയെയുള്ളൂ.ഓരോലക്കൊടിയെങ്കിലും എടുത്ത്‌ താടാന്ന്‍ അവന്‍ ദേഷ്യം പിടിയ്ക്കും.എനിയ്ക്ക് ചോറ് തന്ന് കഴിഞ്ഞ്,അവന്‌ അച്ഛന് ചോറും കൊണ്ട് പോവുകയും വേണം.

“ഉത്സവങ്ങള്‍ക്ക് പോവുമായിരുന്നു ഒരമ്മയും കുട്ടിയും. ആളുകള്‍, നിറയെ ആളുകള്‍, പല ദേശക്കാര്‍. ഭാഷക്കാര്‍. അവരുടെ വര്‍ത്തമാനങ്ങളുടെ ഈണങ്ങള്‍, നീട്ടിക്കുറുക്കലുകള്‍,കുട്ടി അത്ഭുതപ്പെടും. അവരുടെ കടകളില്‍ പല നിറങ്ങളില്‍ വളകള്‍,മാലകള്‍. അമ്മയുടെ വെളുത്ത കൈകളില്‍ വളയിട്ട് കൊടുക്കും, മുറുക്കി ചുവന്ന ചുണ്ടുകളുള്ള തമിഴത്തികള്‍. അവരുടെ കയ്യില്‍ നിന്ന് വാങ്ങി അമ്മയും മുറുക്കും. ചിരി. പുഞ്ചിരി. പെട്രോമാക്സുകളുടെ വെളിച്ചത്തില്‍ ചാലിയിലെ ഭഗവതിയെപ്പോലെ അമ്മ..”

വഴിനീളെ ആളുകള്‍ അമ്മയോട് കുശലം പറയുന്നുണ്ടാകും.അമ്മ ഒന്നിനും മറുപടി പറയുന്നത് കാണാറില്ല.ചിരിയ്ക്കാറുണ്ട്,അത്ര തന്നെ.ആളുകളെന്നോടും ചോദിയ്ക്കുമല്ലോ,ഓരോന്ന്.”അമ്മന്റെ കുട്ട്യാ ?”.ഞാന്‍ അച്ഛന്റെയും കുട്ടിയായിരുന്നു.തെങ്ങിന്‍തോട്ടങ്ങളിലൂടെ കൈയ്യാഞ്ഞു വീശിയാണ് അച്ഛന്‍ നടക്കുക.ഞാന്‍ കിതച്ചു പോകും.ഒപ്പമെത്താന്‍ ചിലപ്പോള്‍ ഓടെണ്ടി വരും.”ങ്ങക്ക് കുട്ടിനെ മാണ്ടേ ?” അപ്പോള്‍ വഴിവക്കില്‍ നിന്നാരെങ്കിലുമൊക്കെ ചോദിയ്ക്കും.അച്ഛന്‍ ഒന്ന് തിരിഞ്ഞു നോക്കും. വെള്ള ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞിട്ടുണ്ടാകും.കോളറില്‍ തിരുകി വച്ചിരിയ്ക്കുന്ന തൂവാല വരെ നനഞ്ഞിട്ടുണ്ടാകും.പിന്നെ കൈമാടി വിളിയാണ്,അച്ഛന്‍.ഒക്കത്തിരുന്നാണ് ഇനി യാത്ര.തെങ്ങോലകള്‍ക്കിടയിലൂടെ വെയില്‍ ഊര്‍ന്നുവരുന്നുണ്ടാകും.കാറ്റില്‍ അപ്പൂപ്പന്‍താടികള്‍ പാറി നടക്കും.മനയ്ക്കലെ പറമ്പില്‍ വെള്ളപ്പൈക്കള്‍ പുല്ലു തിന്നുന്നുണ്ടാകും.അച്ഛന്‍ ഇതൊന്നും കാണാത്തപോലെയാണ് നടപ്പ്‌.ചിലപ്പോള്‍ അച്ഛന്‍ വേറെന്തെങ്കിലും കാണുന്നുണ്ടാകും എന്നു വിചാരിയ്ക്കും ഞാന്‍.

അമ്മ ചിലപ്പോള്‍ കുറുക്കുവഴികളിലൂടെയും പോകാറുണ്ടായിരുന്നല്ലോ.അമ്മയറിയാത്ത വഴികളില്ലായിരിയ്കണം, പൊറ്റാളില്‍.വീട്ടുമുറ്റങ്ങളിലൂടെയും,തൊടികളിലൂടെയും ഒക്കെ അമ്മ നടക്കും.അബുവിന്റെ വീട്ടുമുറ്റത്ത് അടുപ്പുകൂട്ടി ആമിനുമ്മ മധുരക്കിഴങ്ങ് പുഴുങ്ങുന്നുണ്ടാകും,ചിലപ്പോള്‍.അബുവിന് മൂന്നുമ്മമാരായിരുന്നു.പിഞ്ഞാണിയില്‍ ആവിപറക്കുന്ന കിഴങ്ങ് തരും കദിയുമ്മ.”കുട്ടിക്ക് മാണ്ടേ..?”അമ്മ നടന്നു കഴിഞ്ഞിട്ടുണ്ടാകും അപ്പോഴേയ്ക്കും.ഞാന്‍ ഒപ്പമെത്താന്‍ പിന്നാലെ ഓടേണ്ടി വരും.ചിലപ്പോള്‍ ക്ലാസ്സിലിരിയ്ക്കുമ്പോള്‍ അമ്മ പോകുന്നത് കാണാം.ഉയരമില്ലാത്ത സ്കൂള്‍മതിലിന്റെ അരികിലൂടെ, കൊന്നകളുടെ നിഴലിലൂടെ..”അമ്മയതാ പോണു ..” രാഗിണി ടീച്ചര്‍ ചൂണ്ടികാണിയ്ക്കും.നോക്കുമ്പോള്‍ ശരിയാണ്. അബുവിന്റെ വീട്ടുമുറ്റത്ത് കൂടി…അമ്മയുടെ കൂടെ പോവാന്‍ ഞാന്‍ കരയും.

“കാവുകള്‍ കടന്നു ഇടവഴി കടന്നാല്‍ അങ്ങാടി. ഇരമ്പത്തോടെ വരുന്ന ബസ്സ്‌. അമ്മ കുട്ടിയുമായി പോവുകയാണ്. ചെറിയമ്മയുടെ വീട്ടില്‍. വണ്ടിയിറങ്ങി എത്ര നേരം നടക്കണം. പൊടി മണ്ണുള്ള റോട്ടില്‍. അമ്മ ചേര്‍ത്ത് പിടിച്ചു നടക്കും.ചന്ദനത്തിന്റെ മണം അമ്മയ്ക്ക്. തണലുള്ള ഇടം മാത്രം നോക്കി നടക്കും അവര്‍.വാഴത്തോട്ടങ്ങള്‍ നനയ്ക്കാന്‍ കറുത്തു നീണ്ട ആളുകള്‍ വെള്ളം തേവുന്നുണ്ടാകും. എരിവെയിലില്‍ അവരുടെ ശരീരങ്ങള്‍ തിളങ്ങും. ഇടയ്ക്ക് കാണുന്ന ചെറിയ പറമ്പുകളില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ ആടുകളെ തീറ്റുന്നുണ്ടാകും.
ചെറിയമ്മ നിറഞ്ഞു ചിരിയ്ക്കും, കുട്ടിയുടെ കവിളില്‍ തലോടും. കുട്ടി കറുത്തുപോയി എന്ന് സ്നേഹം കാണിയ്ക്കും. ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ടാകും ലക്ഷ്മി ചേച്ചി. ചുരുണ്ടമുടിയുള്ള ഒരേട്ടന്‍ നോക്കും കുട്ടിയെ, അടുക്കള പ്പുറത്തെ അരമതിലിരുന്ന്..”

കാവിലെ മരങ്ങളുടെ കുറുകല്‍,സപ്പോട്ടകളുടെ തണല്‍,മുറ്റത്തിന്റെ അതിരിലെ മുല്ലവള്ളികള്‍..ഞാന്‍ അമ്മമ്മയുടെ വീടിപ്പറ്റി ആലോചിച്ചു നോക്കുകയാണ്…

അമ്മമ്മയുടെ വീട്ടിനു കുഞ്ഞുപുല്ലുകള്‍ മൂടിക്കിടക്കുന്ന ഒരു വലിയ മുറ്റമുണ്ടായിരുന്നു. ചിരുതമ്മ ചിലപ്പോള്‍ അതിരുന്നു പറിച്ചു കളയുന്നുണ്ടാകും. അവയ്ക്കിടയില്‍ കട്ടുറുമ്പുകളെ കാണാം.അവറ്റയുടെ കടികൊണ്ടാല്‍ നന്നായി നീറും.ഞാന്‍ സപ്പോട്ടമരങ്ങളുടെ ഇടയില്‍,കാവിന്റെയടുത്തൊക്കെ ചുറ്റിനടക്കും.തെയ്യന്കുട്ടി തേങ്ങ ഇടുന്നത്,പശുവിനെ കുളിപ്പിയ്ക്കുന്നത് ഒക്കെ നോക്കിയങ്ങനെ നില്‍ക്കാമല്ലോ..

അമ്മമ്മയും അമ്മയും പാടത്തിന്റെയും പറമ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു വഴക്കടിയ്ക്കുന്നുണ്ടാകും.ചിലപ്പോള്‍ ചെറിയമ്മമാരും കൂടും.ശബ്ദം കേള്പ്പിയ്ക്കാതെ വര്‍ത്തമാനം പറയുന്ന സുമ ചെറിയമ്മ വരെ പടിയ്ക്കല്‍ കേള്‍ക്കാന്‍ പാകത്തിന് ഒച്ചയിടും.അമ്മയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചെവി കൂര്‍പ്പിയ്ക്കും.അപ്പോള്‍ കേള്‍ക്കാം റേഡിയോ ഉച്ചത്തില്‍ പാട്ടു പാട്ടുപാടുന്നത്.എല്ലാം കഴിഞ്ഞാല്‍ പരാതി പറയുന്ന അമ്മ തന്നെ പാത്രമൊക്കെ കഴുകിവയ്ക്കുന്നുണ്ടാകും.അല്ലെങ്കില്‍ അമ്മമ്മയ്ക്ക് ചായയിടുന്നുണ്ടാകും.

അമ്മമ്മയ്ക്ക് ചെറിയമ്മമാരുടെ ഏട്ടന്മാരോടൊക്കെ എന്തിഷ്ടം.ചിരിച്ചേ വര്‍ത്തമാനം പറയു.പത്തുമണി ക്കഞ്ഞി കുടിച്ചില്ലെങ്കില്‍ പരാതി പറയും. കുട്ട്യോളെ നോക്കാത്തതിന് ചെറിയമ്മമാരെ ചീത്ത പറയുന്ന പോലെ കാണിയ്ക്കും.എന്നെ പീടികയിലെയ്ക്കയക്കും ചിലപ്പോള്‍.ചില ദിവസം പണിക്കാരികളുടെ കൂടെ പള്ളിയാളിയില്‍ പോവണം.അവര്‍ക്കാര്‍ക്കും പോവേണ്ട.കടയുടെ മുന്നിലൂടെ അച്ഛന്‍ കാണാതെ വേണം പോവാന്‍.കണ്ടാല്‍ അച്ഛന്‍ കൈവീശി വിളിയ്ക്കും. ഞാന്‍ നന്നായി വിയര്‍ത്തിട്ടുണ്ടാകും.അച്ഛന്‍ തൂവാല എടുത്തു എന്റെ വിയര്‍പ്പ് തുടയ്ക്കും.ഇവ്വിടിരിയ്ക്ക് എന്ന് പറഞ്ഞു കസേരയിലിരുത്തും. ചിലപ്പോള്‍ വേറെ ആരെങ്കിലും അയയ്ക്കും പള്ളിയാളിയിലേയ്ക്ക്.എന്നെ ചീത്തയൊന്നും പറയില്ല.ഉസ്സൈനാജിയുടെ പെട്ടിക്കടയില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ചിത്രകഥകള്‍ എടുത്ത്‌ കൊണ്ട് വന്നു വായിയ്ക്കാന്‍ തരും. ഉസ്സൈനാജി എന്നെ നോക്കി പതിയനെ ചിരിയ്ക്കുന്നുണ്ടാകും.

“കുട്ടിയ്ക്ക് അമ്മ തോട്ടത്തിലിരുന്നു കഥകള്‍ വായിച്ചു കൊടുക്കുകയാണ്. വാഴത്തേനിറ്റിയ കരിയിലകള്‍. വാഴത്തടങ്ങള്‍ നനയ്ക്കാനുള്ള നീര്‍ച്ചാലുകള്‍ കാണാം.അവയില്‍ തെളിവെള്ളം.വെള്ളത്തില്‍ സ്വര്‍ണ്ണ മീനുകള്‍.മീനുകളെ തോര്‍ത്തില്‍ കോരി കുപ്പിയിലാക്കിക്കൊടുക്കുന്നു അമ്മ.അവ വിടര്‍ന്ന കണ്ണുകളോടെ കുപ്പിയില്‍ നീന്തുന്നു.വാക്കുകളില്‍ വന്നിടിയ്ക്കുന്നു.അവ കാണുന്ന ലോകത്തിപ്പോള്‍ അമ്മയും കുട്ടിയും മാത്രം. വെള്ളി നിറമുള്ള വെയിലില്‍ അമ്മ തിളങ്ങുന്നു.ചപ്പട്ടക്കിളികള്‍ നിറുത്താതെ ചിലയ്ക്കുന്നു…”

ചിലപ്പോള്‍ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിവരും.എന്നെ വിളിയ്ക്കാതെ ഒറ്റ നടത്തമാണ്.ഞാനും സങ്കടത്തോടെ തലതാഴ്ത്തി പിന്നാലെ പോവും.അമ്മമ്മ എന്നെ വിളിയ്ക്കും ” എടാ യ്യെന്തിനാടാ ഓളെ പിന്നാലെ പോണ്?” ഞാന്‍ മിണ്ടാതെ ഓടും.ചരലില്‍ കാലുവേദനിയ്ക്കും.”ഇന്നാടാ,ഇത് തിന്നിട്ടു പൊയ്ക്കോ” അമ്മമ്മ വിളിയ്ക്കുന്നുണ്ടാകും പൂമുഖത്ത് നിന്നും.ചിരുതമ്മ വേലിയ്ക്കല്‍ വന്നു നില്‍ക്കും.അമ്മയെ കണ്ണുനിറച്ചു നോക്കി പറയും “ഇന്റെ അമ്രാള് കരയല്ലി..”അവരും കരയും.അമ്മ എങ്ങനെയാണ് ആളുകളെ ഇങ്ങനെ കരയിയ്കുന്നതെന്ന്‍ എനിക്കറിയില്ലായിരുന്നു.ഇന്നാള് അമ്മയെ കാണാന്‍ വന്നപ്പോള്‍,നാണുമാമയും കുറെ കരഞ്ഞു.നുണ പറഞ്ഞാല്‍ കരയേണ്ടി വരും എന്നച്ഛന്‍ പറയാറുണ്ടായിരുന്നു.എനിയ്ക്കും ഏട്ടനും ചോറുരുട്ടി തരുമ്പോള്‍, “അച്ഛന്‍ നൊണ പറയ്യോ?” ഞാന്‍ ചോദിയ്ക്കും. “ഇല്ല” ഞാനും ഏട്ടനും ഏറെ നുണ പറയാറുണ്ടായിരുന്നു. ഞാന്‍ അതോണ്ടെന്നെയായിരിയ്ക്കും ഇങ്ങനെ കരയുന്നത്, എന്നോര്‍ക്കും ഞാന്‍.

ചിലപ്പോള്‍ വീട്ടിലെത്തുന്നവരെ അമ്മയൊന്നും മിണ്ടില്ല. ഞാന്‍ നടന്നുനടന്ന് അമ്മയുടെ ഒപ്പമെത്തും. അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയാല്‍,ഒന്നും മനസ്സിലാവില്ല.മൂക്ക് പിഴിയും അമ്മ. പക്ഷേ ഒന്ന് നോക്കുക കൂടിയില്ല. വീട്ടില്‍ എത്തിയാലുടനെ കട്ടിലില്‍ കേറിക്കിടക്കും.അച്ഛന്‍ ചെന്ന് കുറെ വിളിച്ചാല്‍ കുറച്ചു ചോറുണ്ണും,അല്ലെങ്കില്‍ കാപ്പി കുടിയ്ക്കും.ഞാന്‍ അമ്മയുടെ അടുത്ത്‌ ചുറ്റിപ്പറ്റിനടക്കും.അമ്മയുടെ കെട്ടിവച്ച മുടിയുടെ ചുഴി കാണാന്‍ എന്ത് ഭംഗി.പുറത്തു ഒരു കാക്കാപ്പുള്ളിയുണ്ടല്ലോ അമ്മയ്ക്ക്. അമ്മയുടെ മടമ്പ് വിണ്ടിരിയ്ക്കന്നു.കാലടിയില്‍ കരിയുണ്ട് .അങ്ങനെ കിടക്കുമ്പോള്‍ അമ്മ ചിലപ്പോള്‍ എന്നെ വിളിയ്ക്കും.അപ്പോള്‍ മാത്രം അമ്മ എന്നെ അടുത്തിരുത്തി മുടി തലോടും,ചായ കുടിച്ചോ എന്നൊക്കെ ചോദിയ്ക്കും.

“അമ്മ കുളിപ്പിയ്ക്കുകയാണ് കുട്ടിയെ. സോപ്പ്‌ പതപ്പിച്ച് കൈക്കുമ്പിളിലാക്കി അമ്മ ഊതുമ്പോള്‍ കുമിളകള്‍, പുഴക്കരയിലൊരു മഴവില്‍. മീനുകള്‍ ഇക്കിളിയിടുന്നു കുട്ടിയെ. അമ്മയുടെ ചിരി. കുട്ടി അന്നുറങ്ങുമ്പോഴും മഴവില്ലുകള്‍ പൂത്തു നിന്നു. കുട്ടി മഴവില്ലിന്റെ അറ്റം എവിടെയെന്നു നോക്കി ഓടുകയാണ്. ഓടി ഓടി അങ്ങെത്തുമ്പോള്‍ അമ്മയുടെ ചിരി. മഴവില്ലുകള്‍ ഇങ്ങനെയാണല്ലോ ഉണ്ടാകുന്നതെന്ന് കുട്ടി അത്ഭുതത്തോടെ ഓര്‍ക്കുകയാണ് .. ”

ഒരു ദിവസം അമ്മ പാത്രം കഴുകുമ്പോള്‍ തല കറങ്ങി വീണു.പറമ്പില്‍ ആടിനെ തീറ്റുന്ന കദിയുമ്മയാണു സ്കൂളിലേയ്ക്ക് ഓടി വന്നത്. ഏട്ടനെ തിരഞ്ഞ്,അവര്‍ക്ക് ശ്വാസം കഴിയ്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഏട്ടന്‍ ചെന്ന് നോക്കുമ്പോള്‍ വീട്ടില്‍ ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. ആമിനുമ്മയും, കൌസാത്തയും എല്ലാം. സുരേട്ടന്‍ ഇട്ടു കൊടുത്ത കരിക്കും കുടിച്ച് അമ്മ ചിരിച്ചു കൊണ്ടിരിയ്ക്കുന്നു.അടുക്കളപ്പുറത്ത്. അവന്‍ എന്നെ കൂട്ടാന്‍ വന്നു. “കുട്ടി മോനെ, അമ്മേനെ ആശ്വത്രിയില്‍ കൊണ്ടോവ്വാടാ,യ്യ് വാ” അവന്‍ കരയുന്നുണ്ടായിരുന്നു. അമ്മ മരിച്ചിരിയ്ക്കുമോ എന്ന് ഞാന്‍ പേടിച്ചു. ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ പോവുമ്പോള്‍ എന്റെ നെഞ്ഞിടിപ്പ്‌ കൂടിക്കൊണ്ടിരുന്നു. അമ്മ തളര്‍ന്നു കിടപ്പായിരുന്നു. ജാന്വമ്മയും തിത്തിയുമ്മയും ഒക്കെ താങ്ങിപ്പിടിച്ച് അമ്മയെ കാറില്‍ കയറ്റി. ഞാന്‍ അടുക്കളപ്പുറത്ത് ഒളിച്ചു നിന്നു. കദിയുമ്മ എന്നെ കുറെ വിളിച്ചു നോക്കി. ഞാന്‍ പോയില്ല. തൊടി മുഴുവന്‍ വെയിലുണ്ടായിരുന്നു അന്ന്. അമ്മയെ ഇമ്പിച്ചുണി വൈദ്യര്‍ സൂചി വയ്ക്കുന്നത് ഓര്‍ത്തപ്പോള്‍ എനിയ്ക്ക് കരച്ചില്‍ വന്നു. വെയിലില്‍ വിയര്‍ത്ത്‌ ഞാന്‍ നിന്നു.

“രാത്രികളില്‍ നിലാവുണ്ടായിരുന്നു. തെക്കേ കുന്നില്‍നിന്ന് അതിറങ്ങിവരും. രാത്രി ഏറെയാവണം.അച്ഛനുറങ്ങണം. തുറന്നു വച്ച ജനാലയിലൂടെ പുറത്തെയ്ക്ക് നോക്കികിടക്കണം. നക്ഷത്രങ്ങളെ എണ്ണി മടുക്കണം.അപ്പോള്‍ അമ്മയെ ഓര്‍മ്മ വരും കുട്ടിയ്ക്ക്. അന്നേരം നിലവിറങ്ങിവരും.പാടങ്ങള്‍ക്ക് മേലെ വെള്ളിവെട്ടത്തില്‍ മെല്ലെ മെല്ലെ ഒഴുകി,ഒരു പക്ഷെ തോട്ടുവരമ്പുകളില്‍ പിറ്റേ ദിവസത്തേയ്ക്ക് പൂത്തു നില്‍ക്കുന്ന പൂവുകളുടെ ഇടയിലൂടെ അത് വരുന്നു. ജനല്‍വിരികളിളകുന്നു.ചന്ദനമണം, ചെമ്പകവുമാവാം. ആശുപത്രി വരാന്തയില്‍ തൂണ്‌ ചാരിയിരിയ്ക്കുന്ന അമ്മയെ കുട്ടി കാണുന്നു. ഇപ്പോള്‍ നിലാവ് തിരിച്ചോഴുകുകയാണ്.കുട്ടി അച്ഛനെ വിളിയ്ക്കുന്നു.”അമ്മ അമ്മ” അവന്‍ കരയുന്നു.അച്ഛന്റെ കൈകള്‍ ഒരു പുതപ്പുപോലെ അവനെ പൊതിയുന്നു. “

സൂക്കേട് മാറി അമ്മയെ അമ്മമ്മ ആശുപത്രിയില്‍ നിന്ന്‍ കൊണ്ട്പോയി അമ്മമ്മയുടെ വീട്ടിലേയ്ക്ക്.അവിടെയായിരുന്ന കാരണം എനിയ്ക്ക് വലിയ മടിയായിരുന്നു അമ്മയെ കാണാന്‍ പോവാന്‍.എന്നിട്ടവസാനം ഒരു ദിവസം ഏട്ടന്റെയൊപ്പം പോയി.അമ്മ എത്ര മെലിഞ്ഞുപോയിരുന്നു. സാരിയ്ക്ക് പകരം ഒരു നരച്ച ലുങ്കിയായിരുന്നു അമ്മയുടുത്തിരുന്നത്.ഒന്നും പറഞ്ഞില്ലെങ്കിലും എന്നെ അടുത്തിരുത്തി അമ്മ കഞ്ഞികുടിപ്പിച്ചു.അമ്മ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ ഇടംകണ്ണിട്ടു കണ്ടു.അമ്മമ്മ അന്നും എന്നെ ചീത്തപറഞ്ഞു.”ഇത്രോസായിട്ട് ചെക്കന് തള്ളേനെ കാണണം ന്നു തോന്നിയോ..?” അച്ഛനെയും കുറെ ചീത്തപറഞ്ഞു. ഏട്ടന്‍ ദേഷ്യപ്പെട്ട് എണീറ്റ്‌ പോയി. അമ്മമ്മ എനിയ്ക്ക് അമ്മയുടെ പഴയ ഫോട്ടൊക്കെ കാണിച്ചുതരുമായിരുന്നു.”ന്ത് ഭംഗ്യുള്ള കുട്ട്യായിരുന്നു..ദുഷ്ടന്‍ കൊണ്ടോയി കേടു വരുത്തി.. ” അച്ഛന്‍ ദുഷ്ടനായിരുന്നില്ല.അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛന്‍ രാത്രി കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അച്ഛന്‍ സിഗരട്ട് കുറെ വലിയ്ക്കും.രാത്രി ഉറങ്ങുമില്ല.

“പൂമുഖത്ത് തൂണ്‌ ചാരിയിരിയ്ക്കുന്ന അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുന്നു കുട്ടി.അപ്പോള്‍ വെയിലുണ്ട് കമുകിന്‍ തോട്ടത്തിലൂടെ പിറകോട്ടു നടക്കുന്നു.ഒരു നീരുറവ വലിഞ്ഞുവറ്റിത്തീരുന്നതുപോലെ.ഇരുളുകൊണ്ട് ഭൂമിയെ ആരോ പൊതിയുകയാണ്, സാവധാനം.അമ്മയുടെ മുഖത്ത് കുട്ടി നോക്കുന്നു. ഇരുളില്‍ പതിയെ അത് മറയുന്നു.കുട്ടിയ്ക്കറിയാം അതാ അവിടെയാണ് അമ്മയുടെ കണ്ണ്,അവിടെ മൂക്ക്, അവിടെ ചുണ്ടുകള്‍..എന്നാലും ഇരുട്ട് തന്നെ.അമ്മേ കുട്ടി വിളിയ്ക്കുന്നു.മിന്നാമിന്നികളെക്കൊണ്ട് തൊടി നിറയുന്നു.ഇടവഴികളില്‍ നിഴലുകളനങ്ങുന്നു.അമ്മയുടെ മേത്ത് നിന്ന് മണം, കത്തുന്ന കരിയുന്ന മണം. കുട്ടി പേടിച്ചു കരഞ്ഞു, ശബ്ദമില്ലാതെ.”

തിരികെ വീട്ടില്‍ വന്നപ്പോഴും വന്നു പലരും. അമ്മ വിളറിചിരിച്ചു കൊണ്ട് അവരോടൊക്കെ വര്‍ത്തമാനം പറഞ്ഞു.ഉറങ്ങി എണീറ്റപോലെയായിരുന്നു അമ്മ.ആര്‍ക്കും ഇഷ്ടമില്ലാത്ത വല്ല്യമാമയുടെ അമ്മായിയും വന്നു.മംഗലാപുരത്തുനിന്ന്. അവര്‍ കുറെ കരഞ്ഞു,അമ്മയെ കെട്ടിപ്പിടിച്ച്. ഇവരൊക്കെ കരയുന്നതെന്തെന്ന്‍ എനിയ്ക്കറിയില്ലായിരുന്നു. അമ്മ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി.അമ്മയുടെ യാത്രകള്‍ നിന്നു. അമ്മമ്മയും വന്നു ഒരു ദിവസം,കാറില്‍.മുറ്റത്ത് നിന്ന്‍ തൊടിയിലേയ്ക്കൊക്കെ ഒക്കെ നോക്കി അച്ഛനോട് പറഞ്ഞു “ന്നാലും ന്റെ ബാലാ..” അമ്മയെ കൊണ്ട് പോവാന്‍ വന്നതായിരുന്നു അമ്മമ്മ.അമ്മ പോയില്ല. “എടി നിനക്ക് ശരീരം നോക്കണം , അതിവിടെ പറ്റ്വോ ?” എന്നിട്ടും അമ്മ പോയില്ല. “ബാലാ പണിക്കാരികളെ ആരെങ്കിലും വിടണോടാ.. ?” അമ്മമ്മ പോവാന്‍ നേരത്ത് പിന്നെയും ചോദിച്ചു.അച്ഛന്‍ വേണ്ടെന്നു തലയാട്ടി.കാറ് പോയ വഴിയിലെ പൊടിയടങ്ങാന്‍ കുറെ നേരം വേണ്ടി വന്നു .

അമ്മ ക്ഷീണിച്ചു. എന്നിട്ടും ഇടയ്ക്കിടയ്ക്ക് മുറ്റം അടിച്ചുവാരാനും,വിറകുപെറുക്കാനും തുടങ്ങും. ഏട്ടനും അച്ഛനും കണ്ടാല്‍ ചീത്ത പറയും അമ്മയെ.പിന്നെപ്പിന്നെ അമ്മ തീരെ പുറത്തിറങ്ങാതായി.മരുന്നുകുപ്പികളെക്കൊണ്ട് ചെറിയ മേശപ്പുറം നിറഞ്ഞു.പലരും വരുന്നുണ്ടായിരുന്നു അപ്പോഴും അമ്മയെക്കാണാന്‍.

എന്നിട്ടും അമ്മ ഒരുദിവസം അമ്മമ്മയുടെ വീട്ടില്‍ പോയി.ആരും അറിയതെയാണ് അമ്മ പോയത്,ഞാനുമറിഞ്ഞില്ല.അബുവിന്റെ വീടിനുമുന്നിലുള്ള കുറെ കല്ലുവെട്ടിയ പടവുകള്‍ കയറണമായിരുന്നു ആ വഴി പോകുമ്പോള്‍..

പടവുകള്ക്ക് കീഴെ അമ്മ അനക്കമറ്റു കിടന്നു. എനിയ്ക്ക് പേരറിയാത്ത പൂവുകള്‍ എനിയ്ക്ക് പേരറിയാത്ത നിറങ്ങളില്‍ പൂത്തുനിന്നു,അവയ്ക്ക് നടുവില്‍ ഓണപ്പൂക്കളുള്ള നരച്ച സാരിയുടുത്തു അമ്മ കിടന്നു.

ഉറക്കെക്കരഞ്ഞുകൊണ്ട് ഏട്ടന്‍ ഓടി വന്നു.അവന്‍ കിതച്ചു,ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടി.അമ്മയെ കെട്ടിപ്പിടിച്ചു,അമ്മെ അമ്മെ എന്ന് നിലവിളിച്ചു.ആരൊക്കെയോകൂടി അമ്മയെ എടുത്ത്‌ കൊണ്ട് പോയി.ഞാന്‍ വെയിലില്‍,കൊന്നകളുടെ കീഴെ അവിടെത്തന്നെ നിന്നു.ഏറെനേരം.അവസാനം എന്നെ കൂട്ടിക്കൊണ്ടുപോവാന്‍ കദിയുമ്മ വന്നു.ആളുകളേക്കൊണ്ട് മുറ്റം നിറഞ്ഞിരുന്നു.പെണ്ണുങ്ങളില്‍ പലരും ഉറക്കെത്തന്നെ നിലവിളിയ്ക്കുന്നു.അച്ഛന്‍ കര്യാത്തന്റെ തോളില്‍ ചാരിനിന്നു കരയുന്നുണ്ടായിരുന്നു.ഞാനും കരഞ്ഞു.കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോയി.

അമ്മ പണ്ട് അച്ഛന്റെ ജോലിസ്ഥലത്ത് നിന്നുവരുമ്പോള്‍ ഞാനുമായി ഏതോ സ്റ്റേഷനില്‍ സ്ഥലംമാറി ഇറങ്ങിപോലും.അത് ഞാന്‍ സ്വപ്നം കണ്ടു.അച്ഛന്‍ എന്നെ കണ്ടുപിടിച്ചു.പക്ഷെ അമ്മയെ ഞങ്ങള്‍ എത്രതിരഞ്ഞിട്ടും കണ്ടില്ല..

പിന്നെയും ഞാനും ഏട്ടനും അച്ഛനും എങ്ങോട്ടൊക്കെ യാത്ര പോയി..!ഓരോ പ്രാവശ്യം യാത്ര തുടങ്ങുമ്പോഴും ഞാന്‍ വഴിയിലേയ്ക്കു നോക്കും..അല്‍പ്പം മുന്നില്‍ തലയല്‍പ്പം ചെരിച്ച് ആരെങ്കിലും നടപ്പുണ്ടോ..?പതുക്കെ,ഒരു പുല്‍ക്കൊടിയ്ക്ക് പോലും നോവാതെ..

VN:F [1.9.3_1094]
Rating: 4.7/5 (3 votes cast)
VN:F [1.9.3_1094]
Rating: 0 (from 0 votes)