പൊറ്റാളിലെ ഇടവഴികള്‍
ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
Oct 9th
പുഴ..
മണല്‍തിട്ടകള്‍ക്കിപ്പുറം കുറച്ചു വീതികൂടിയ ഒരു തോട് പോലെ ഒഴുകുന്ന ഒരു പുഴ.കൈയില്‍ ഇലയുമായി പടവുകളിറങ്ങുമ്പോള്‍ ഇളയിടത്തിന്റെ സഹായികള്‍ അടുത്ത ബാച്ചിനുള്ള പാത്രങ്ങളും എള്ളും പൂവുമൊക്കെ ഒരുക്കുന്നു.
ഭാരതപ്പുഴ.ആദ്യമാണിവിടെ.കുറ്റിപ്പുറം പാലത്തില്‍നിന്നു കാണുന്ന മെലിഞ്ഞുണങ്ങിയ ആ പുഴ തന്നെ.മണല്‍തിട്ടകള്‍പ്പുറം പച്ചപ്പുകള്‍.അല്‍പ്പം അകലത്തില്‍ രണ്ടു ദൈവസ്സന്നിധികള്‍.ബ്രഹ്മാവും ശിവനും.
ഇന്നെന്ത് സൃഷ്ടിയും സംഹാരവുമാണ് നടക്കുവാന്‍ പോകുന്നത്
എത്ര കാലം കൂടിയാണ്,ദൈവങ്ങളുമായോക്കെ ഒരു കൊടുക്കല്‍ വാങ്ങല്‍.നിത്യ പറഞ്ഞിരുന്നു.ഇന്നെങ്കിലും പ്ലീസ് യു സ്റ്റോപ്പ് തിങ്കിങ്ങ് ലൈക് ദാറ്റ്.അത് കഴിയുന്ന വരെയെങ്കിലും.ശരി.ആയിക്കോട്ടെ.ആത്മാവുകള്‍ സന്തോഷിക്കട്ടെ.ആളുകള്‍ തിരക്ക് കൂട്ടുന്നു.ബാധ്യതകള്‍ തീര്‍ക്കാനുള്ള തിരക്ക്.
എത്ര കാലമായിക്കാണും പുഴയിലൊക്കെ കുളിച്ചിട്ട്?
കാല്‍ തൊട്ടപ്പോഴാണ് വെള്ളത്തിന്റെ തണുപ്പറിഞ്ഞത്.പല്ലുകള്‍ കൂട്ടിയിടിച്ചു പോയി.ഇറങ്ങി.മണല്‍ച്ചാക്കുകള്‍ ഇട്ടിട്ടുണ്ട്.അവയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ കാലില്‍ ഒഴുക്കറിയുന്നു.തണുപ്പ്.ഇലയിലേയ്ക്ക് നോക്കി.പ്രാര്‍ത്ഥിയ്ക്കണോ.സന്ധ്യക്ക് നാമം ചൊല്ലാന്‍ പോലും പഠിപ്പിചിട്ടില്ലാത്ത അമ്മയാണ്.രാജേട്ടനും,അച്ചുമാമയുമൊക്കെ തിരിച്ചു കയറിത്തുടങ്ങി.ഇല പിന്നോട്ടെറിഞ്ഞ് മുങ്ങി.
വെള്ളത്തിനടിയില്‍ അതേ നിശ്ശബ്ദത.അതിനു മാത്രം മാറ്റമില്ല.ചെറിയ കലക്കമുണ്ട് വെള്ളത്തിന്.അമ്മേ,മനസ്സില്‍ വിളിച്ചു.കഴിഞ്ഞു.കാണിച്ചു കൂട്ടലുകള്‍ കഴിഞ്ഞു.
മുട്ടറ്റം വെള്ളത്തിലും ഒന്ന് നീന്താന്‍ തോന്നി.മലര്‍ന്ന്,തെളിഞ്ഞു കഴിഞ്ഞ മാനം നോക്കി നീന്തുകയും ചെയ്തു.കൊടുവായൂരില്‍ പുറത്തെ അമ്പലക്കുളത്തില്‍ നീന്തിയിരുന്നതോര്‍ത്തു.പടവുകളിലിരുന്നു നോക്കുന്ന അമ്മ.
അമ്മ്വോ ദീപാരാധന കഴിഞ്ഞിട്ട് പോയാല്‍ പോരെ?വാരരു ചോദിയ്ക്കും.
അവടെ തെച്ചിം കൂവളും ഒക്കെണ്ടല്ലോ,ഒന്ന് വന്നൂടെ വാരര്‍ക്ക്?മറുചോദ്യം കൊണ്ടൊരു ഉത്തരം.അതിനു മറുപടി കാക്കാതെ നടക്കും അമ്മ.
ആ വഴി തന്നാല്‍ വഴിപാടെന്തെങ്കിലും കഴിക്കാന്‍ പൈസ തരാരുന്നു.
അമ്പലമുറ്റത്താണു ഈ വര്‍ത്തമാനം.മുളച്ചീള് കൊണ്ട് ഉണ്ടാക്കിയ പടി കടക്കാന്‍ കൈ പിടിച്ചു തരുന്നു അമ്മ.
അച്ചുമാമ കൈ പിടിച്ചു തന്നു കയറാന്‍.തിരിച്ചാണ് വേണ്ടത്.
ന്നാ രാജാ വേഗായ്ക്കോട്ടേ..
അച്ചു മാമയ്ക്കെന്താ തിരക്ക്.മെയിലിനു പോവണം.സദ്യ കഴിഞ്ഞയുടന്‍.പറഞ്ഞിരുന്നു.നീതുവും കുട്ടിയും തനിയെയാണ്.അമ്മയെ അവസാനമായി കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞു കരഞ്ഞു അച്ചുമാമ വന്നപ്പോള്‍.അമ്മ മരിച്ചതിന്റെ രണ്ടു ദിവസം മുന്നെയാണ് അച്ചുമാമ തിരിച്ചു പോകാന്‍ തുടങ്ങിയത്.അമ്മയുടെ കണ്ടീഷന്‍ മനസ്സിലായില്ലെന്ന് വിചാരിച്ചു പിന്നാലെ ചെന്ന് ഒന്ന് കൂടി പറഞ്ഞു നോക്കി.
അതൊന്നും നിനക്കറിയില്ല എന്ന സ്ഥിരം മറുപടി.
വണ്ടിയിലേയ്ക്ക് നടക്കുമ്പോള്‍ ലതീഷ് പറഞ്ഞു.”ഒന്ന് തൊഴാരുന്നു..”പാടുമോ ആവോ?നൂറ് ആചാരങ്ങള്‍!എങ്ങനെയാണ് ഈ ആളുകളൊക്കെ മാനേജ് ചെയ്യുന്നതാവോ?അച്ചുമാമയുടെയൊക്കെ കാലശേഷം ഇതൊക്കെ അറിയുന്ന ആരെങ്കിലും കാണുമോ എന്തോ? നനഞ്ഞ തുണിയുടെ അസ്വസ്ഥത.പതുക്കെ ആരെയും നോക്കാതെ നടന്നു.ആല്‍മരം.വര്‍ഷങ്ങളുടെ മന്ത്രോച്ചാരണങ്ങള്‍ കേട്ട് പൂതലിച്ച ശരീരം.ആത്മാവുകള്‍ വവ്വാലുകളായി വന്നു ഞാന്നു കിടക്കുന്ന മരങ്ങള്‍.അത്ഭുതഭാവന തന്നെ.ചെളിയില്‍ കാലു പുതഞ്ഞു.ഇപ്പോള്‍ ശരീരം മടങ്ങിയിരിയ്ക്കുന്നു,ആ പഴയ നാട്ടിന്‍പുറ രീതികളിലേയ്ക്ക്.എന്തും സഹ്യം.വന്നപ്പോള്‍ എരിവു വയ്യ,പുളി വയ്യ.പൈപ്പ് വെള്ളത്തില്‍ കുളിച്ചപ്പോള്‍ ചൊറിച്ചില്‍.എല്ലാം മാറി.ഇരുപതു ദിവസങ്ങള്‍.
രാജേട്ടന്‍ കരയുകയായിരുന്നു,വിളിച്ചപ്പോള്‍.ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.എന്താണ് പെട്ടെന്ന് എന്തായിരുന്നു ചിന്ത.ഫോണ്‍ നന്ദേട്ടനു കൊടുത്തപ്പോള്‍ ആണ് മനസ്സിലായത് കാര്യങ്ങള്‍.എന്തോ യാത്ര തുടങ്ങി,ഇവിടെ എത്തുന്ന വരെ,ഇവിടെ എത്തിക്കഴിഞ്ഞിട്ടും നല്ല കോണ്ഫിഡന്സ് ഉണ്ടായിരുന്നു.വേറാര്‍ക്കും ഒരുറപ്പുമില്ലായിരുന്നു.പുറമേ എന്ത് കാണിച്ചാലും ഉള്ളില്‍ എവിടെയോ നമ്മുടെയൊക്കെ യഥാര്‍ത്ഥ ചിന്തകള്‍,വ്യാകുലതകള്‍ ഒളിഞ്ഞിരിയ്ക്കും.എങ്ങനെയൊക്കെയാണ് അവ പുറത്തു വരുന്നത് എന്നറിയാനേ പറ്റില്ല.രാജിയെടത്തിയുടെ അടുത്ത് വര്‍ത്തമാനം പറയുമ്പോള്‍ പെട്ടെന്നാണ് കരച്ചില്‍ പൊട്ടിയത്.നിത്യ പോലും അമ്പരന്നു പോയി.ഓര്‍ത്തിരിയ്ക്കണം.എന്തൊക്കെയോ.തല ചെരിച്ചുള്ള നടത്തം.ഏത് പാതിരയ്ക്ക് കയറിച്ചെല്ലുംപോഴും കാത്തിരിയ്ക്കുന്ന വേവലാതി.എത്ര രാവിലെ പുറപ്പെട്ടു പോകുമ്പോഴും ചൂട് ചായയും പലഹാരവും ഒരുക്കി വെയ്ക്കുന്ന കരുതല്‍.ഇനിയാരുണ്ട്.വിളിയ്ക്കാന്‍ ആഴ്ച്ചകളായാലും പരാതിയില്ലാതെ സംസാരിച്ചു തുടങ്ങുന്ന മധുരം.ഇനിയാരുണ്ട് അങ്ങനെയൊക്കെ ചെയ്യാന്‍.അതാവും കരഞ്ഞത്.നന്ദി കേടോര്‍ത്ത്.അല്ലെങ്കില്‍ ഇനിയുണ്ടാകുന്ന ശൂന്യത,അതോര്‍ത്ത്.
ആശുപത്രിയിലെയ്ക്ക് പോവുമ്പോള്‍ അമ്മ പറഞ്ഞത്രേ ഞാന്‍ നടന്ന പോണേ.ഇനി കിടന്നാവും വരവ്.അമ്മയുടെ ബോധം രണ്ടാം ദിവസം തന്നെ പോയി.ഒറ്റക്കായപ്പോള്‍ രാജിയേട്ടത്തിയോടു ചോദിച്ചു.
അമ്മ ചോദിച്ച്വോ എന്ന്യൊക്കെ?
രാജി ഏട്ടത്തി ഒന്ന് നോക്കി,സന്തോഷിപ്പിയ്ക്കാന്‍ ഒന്നും പറയുക പതിവില്ല.
ല്ല്യ കുട്ടി,ഒരേ കരച്ചിലായിരുന്നു.വേദന്യോണ്ടേ…അച്ഛനെ ചോയ്‌ച്ച് രണ്ടു മൂന്നു പ്രാവശ്യം.പിന്നെ ബോധം പോയീലെ?
അവര്‍ തുണികള്‍ മടക്കാന്‍ തുടങ്ങി.
എന്ത് ധൈര്യള്ള ആളാ അമ്മ.മൂന്നോ നാലോ പ്രാവശ്യം അവര് ചോര എടുത്തില്ലേ,ഒരു കൂസലുല്ലാതെയല്ലേ അമ്മ നിന്ന് കൊടുത്തത്?
നിരാശ തോന്നി.ഒരൊറ്റ പ്രാവശ്യം ഒന്ന് മിണ്ടാന്‍,എന്തെങ്കിലും പറയാന്‍…
നിയന്ത്രണമില്ലാതെ കരച്ചില്‍ വന്നത് അമ്മയുടെ അലമാര തുറന്നപ്പോഴായിരുന്നു.അമ്മയുടെ ഹാന്റ്ബാഗില്‍ എന്റെയും രാജേട്ടന്റെയും,അമ്മുവിന്റെയും ഫോട്ടോകള്‍.പല പ്രായത്തിലുള്ളവ.ആല്‍ബത്തില്‍ നിന്നും,പഴയ ഐ ഡി കാര്‍ഡുകളില്‍ നിന്നും ഒക്കെ എടുത്തത്.കരഞ്ഞപ്പോള്‍ പിടിച്ചു നിന്ന അലമാരയുടെ വാതിലുകള്‍ ഇളകിക്കൊണ്ടിരുന്നു.നിത്യ ചേര്‍ന്നു നിന്നു.അടിച്ചു വാരുന്നയിടത്തു നിന്ന് രാജിയേടത്തി വേഗം പോയി.അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.മതിയാവോളം കരഞ്ഞു.ഓര്‍ക്കുന്തോറും ഭാരം കൂടിക്കൂടി വരുന്നു.മുറിയില്‍ പോവണം.എല്ലാവരും ഇരിപ്പുണ്ട് ഹാളില്‍.കാണാതെ എങ്ങനെ പോവും.നിത്യയും കരയുന്നു.കുറെ നേരം അവിടെത്തന്നെ നിന്നു.
ഭക്ഷണം വിളമ്പുന്ന തിരക്കാണിനി.ഹാളില്‍ തന്നെ മേശയിടാം എന്നത് രാജേട്ടന്റെ ഐഡിയ ആയിരുന്നു.മെല്ലെ മുറിയിലേയ്ക്ക് പോയി.
നിത്യ വന്നു വിളിച്ചു,ഊണ് കഴിയ്ക്കാന്‍.വിശപ്പില്ല,പിന്നെക്കഴിയ്ക്കാം എന്നൊക്കെ പറഞ്ഞുനോക്കി.എല്ലാവരുമില്ലേ,ഒരുമിച്ചിരിയ്ക്കാനാണ്.ചിരിച്ചു.താഴെ നിന്നും ചിരി കേള്‍ക്കാം.കൊള്ളാം.ഇതും ആഘോഷം.മരിച്ചവരെപ്പറ്റി എന്തോര്‍ക്കാന്‍?എല്ലാവര്ക്കും ഒന്ന് കൂടണം.രാജേട്ടന്റെ മുറിയില്‍ തിരക്കായിരിയ്ക്കും.അവിടെ പോയാല്‍ കുറച്ചു കഴിയ്ക്കാം.ഒരു രണ്ടു പെഗ്.നിത്യ സമ്മതിച്ചില്ല.
അച്ഛനെവിടെയെന്നു ചോദിച്ചു.അങ്ങനെയും ഒരാളുണ്ടല്ലോ.താഴെ ഹാളിലും,ഉമ്മറത്തും കണ്ടില്ല.ഉണ്ട്,മതിലരികില്‍ സിഗരറ്റ് പുക ഊതിവിടുന്നു.ഈ എരിച്ചിലില്ലാതെ അച്ഛനെ കണ്ടിട്ടുണ്ടോ.ഓര്‍മ്മയിലില്ല.അടുത്ത് ചെന്ന് നിന്നു.
ഊണ് കഴിയ്ക്കെണ്ടേ?
അവരൊക്കെ കഴിക്കട്ടെ.
തെങ്ങിന്‍ തോപ്പുകളിലൂടെ ശരവേഗത്തില്‍ പോകുന്ന രണ്ടാളുകള്,കാണാന്‍ കഴിയുന്നുണ്ട്‍.അവരില്‍ ഇനി ഒരാളെയുള്ളു.നിലയ്ക്കാത്ത ചര്‍ച്ചകള്‍,മല്‍സരിച്ചുള്ള വായന.ഒഴിഞ്ഞ ചായക്കപ്പുകള്‍.സമരപ്പന്തലുകള്‍.അച്ഛനെന്താ ജോലി എന്ന് ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ അമ്മു പറഞ്ഞത്രേ,പണ്ട്,”സമരം ചെയ്യല്‍”.സമരം എല്ലാറ്റിനൊടും.ആ ഒരു കാര്യത്തില്‍ രണ്ടാളും തമ്മില്‍ എന്തൊരു ഐക്യം.അതിലെന്നല്ല എന്തിലും.
ഇനിയെന്ത് ചോദിയ്ക്കും.അവിടെത്തന്നെ നിന്നു.അടുത്ത് ചേര്‍ന്ന് നില്‍ക്കണോ?തോളില്‍ ഒന്ന് കയ്യിടണോ?വല്ലാത്ത നിസ്സഹായത തോന്നി.എന്താണ് ആ മുഖത്ത്?ദുഃഖം?
നീ നടന്നോ,ഞാന്‍ വരാം.
അച്ഛന്‍ തന്നെ വഴി പറഞ്ഞു തന്നു,രക്ഷപ്പെടാന്‍.മനസ്സ് വായിച്ചിരിയ്ക്കുന്നു.
അച്ഛന്‍ വരൂ.നിര്‍ബന്ധിച്ചു നോക്കി.
ഞാന്‍ വന്നോളാം.അപേക്ഷ പോലെ തോന്നി.തിരികെ പോന്നു.
നിത്യ കാണിച്ചു തന്ന സീറ്റിലിരുന്നു.വേഗം എണീയ്ക്കണം.ലതീഷും,രാജേട്ടനും രഘുവും ഒരു പായസം കുടി മത്സരത്തിനുള്ള പുറപ്പാടാണ്.പ്രോല്സാഹിപ്പിയ്കാന്‍ എത്ര ആളുകള്‍.കൊള്ളാം.ആഘോഷിയ്ക്കിന്‍.ഇങ്ങോട്ടാരും ശ്രദ്ധിയ്ക്കാതിരുന്നാല്‍ മതി.മെയിലിനു പോകേണ്ട ആള്‍,ഇരിപ്പുണ്ട്..,സാമ്പാര്‍ അന്വേഷിയ്ക്കുകയാണ്.
മുറിയിലെത്തി കിടന്നു.
ആശുപത്രിയിലെ ദിവസങ്ങള്‍ പല രീതിയിലും ദുസ്സഹമായിരുന്നു.നമ്മുടെ ദുഃഖങ്ങള്‍ പോരാത്തതിന് ഇടതും വലതും ഇരുന്നു പരാതിയും സങ്കടവും പങ്കുവയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍.മനുഷ്യന്‍ അത്ര നിസ്സഹായന്‍ എന്ന് തോന്നി.വരാന്തയിലോ,ഗ്ലാസ്സ് ഡോറുകള്‍ക്ക്,ഇളം നീല തിരശ്ശീലകള്‍ക്ക് പിന്നിലോ അറിയാം,ഒരുദൃശ്യ സാന്നിധ്യം.ഒരു ചെറിയ കാറ്റടിയ്ക്കുമ്പോള്‍ നിറയുന്ന ഒരു അപരിചിത മണം.ഉറക്കമില്ലാതെ രാത്രികള്‍.ഉറങ്ങിയപ്പോള്‍ സ്വപ്നങ്ങള്‍.സ്വപ്നത്തില്‍ അമ്മ അരികില്‍ വന്നിരിയ്ക്കുന്നു.ഒരിയ്ക്കലും പറയാത്ത പരാതികള്‍ പറയുന്നു.കാലില്‍ നിന്ന് അരിച്ചു കയറുന്ന തണുപ്പിനെപ്പറ്റി പറയുന്നു.ഞാന്‍ കരഞ്ഞുകൊണ്ടേയിരുന്നു.ഞെട്ടിയുണര്‍ന്നപ്പോള്‍ നിത്യ മുന്നില്‍.അവളില്ലെങ്കില്‍ എന്ത് ചെയ്യും.അവളുടെ തോളില്‍ ചാഞ്ഞിരുന്നു കരഞ്ഞു.അവള്‍ കരഞ്ഞപ്പോള്‍ നീയെന്തിനു കരയണം പെണ്ണേ എന്നാണോര്‍ത്തത്.അത്ഭുതം തോന്നി.എത്ര ദിവസത്തെ പരിചയമുണ്ട് നിനക്ക്,കല്യാണം കഴിഞ്ഞ് കഷ്ടി രണ്ടാഴ്ചയാണ് വീട്ടിലുണ്ടായത്.അപ്പോഴേയ്ക്കും തിരിച്ചു പറക്കേണ്ടി വന്നു.എപ്പോഴെങ്കിലും നടക്കാന്‍ പോവുമ്പോഴോ,ഉറങ്ങാന്‍ കിടക്കുമ്പോഴോ അവള്‍ അമ്മയുടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങും.അമ്മ വിളിച്ചു,ഇത് പറഞ്ഞു അത് പറഞ്ഞു..സ്ഥിരപരിചയക്കാരെപ്പറ്റി പറയുന്ന പോലെ.
ഉറങ്ങിപ്പോയി.സ്വപ്നങ്ങള്‍ക്കവസാനമുണ്ടോ?എന്തോ കണ്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്തു.ഉണര്‍ന്നപ്പോള്‍ താഴെ പൊട്ടിച്ചിരികള്‍.ബഹളം.
ഇറങ്ങിപ്പോയിനെടാ പട്ടികളെ.
വല്ലാത്ത ദേഷ്യം,സങ്കടം.
നിത്യ വന്നു.ആഘോഷസംഘം പിരിയുന്നു.സന്തോഷം.ഇനി യാത്രയയയ്ക്കണം.ചെന്ന് നിന്ന് കൊടുത്തു.ലതീഷിന്റെ വക ഫോട്ടോ എടുപ്പും ഉണ്ടോ?പലരും അച്ഛനെ തൊടുന്നു, തലോടുന്നു.നല്ല വാക്കുകള്‍ പറയുന്നു.അച്ഛനെ കെട്ടിപ്പിടിച്ചു കരയുന്നു.അച്ഛന്‍ കരയാത്തതിന്റെ നിരാശയില്ലേ പലര്‍ക്കും.അച്ഛന്‍ ചിലപ്പോഴൊക്കെ വിതുമ്പി.ശരിയ്ക്കും കരഞ്ഞത് അവസാനം.അത് ആദ്യവസാനം സഹായത്തിനു നിന്ന അയ്യപ്പേട്ടന്‍ വിങ്ങുന്നത് കണ്ടപ്പോള്‍.അമ്മയുടെ വലംകയ്യായിരുന്നു.അമ്മ നടന്ന വഴികളിലൊക്കെ നടന്ന ഒരാള്‍.പോസ്റ്ററെഴുതാനും,മുദ്രാവാക്യം എറ്റുചൊല്ലാനും ഒപ്പം പോയ ആള്‍.അയാള്‍ മാറിനില്‍ക്കുകയായിരുന്നു അത്രയും സമയം.യാത്ര പറയാന്‍ അടുത്ത് വന്നു.
മോന്‍ അധികണ്ടോ
ഇല്ല
കുറെ നേരം രണ്ടു പേരും മൌനം.
നല്ലോരോക്കെ പോയി,അയാള്‍ ഇരുള്‍ പരക്കുന്ന ഇടവഴിയിലേയ്ക്ക് നോക്കി.
ഞ്ഞിപ്പോ എപ്പളാ
അടുത്ത് വരും,അച്ഛനെ കൊണ്ടോവണം
നന്നായി
അയാള്‍ കരയുന്നുണ്ടോ,ഇപ്പോഴും?ഇല്ല,പക്ഷെ കനത്ത മുഖം.ഇനി യാത്രയില്ല എന്ന് പറഞ്ഞു അയാള്‍ നടന്നു.പടിയിറങ്ങുമ്പോള്‍ ഒരു വട്ടം തിരിഞ്ഞ് അച്ഛനെ നോക്കി.
ബഹളമൊതുങ്ങി.ഞങ്ങള്‍ വീട്ടുകാര്‍ മാത്രമായി.അമ്മയുടെ ഫോട്ടോയുടെ മുന്നില്‍ നിന്ന് കുറെ നേരം.എന്തൊരു നിശ്ശബ്ദത.അച്ഛന്‍ കിടക്കുകയാണ്.അമ്മു അടുത്ത് വന്നു നിന്നു.
ഫോട്ടോ നന്നായി ഇല്ലെടാ?
ഉം..
ഫോട്ടോയ്ക്ക് പോസ് ചെയ്യാത്ത അമ്മയാണ്.ഏതോ കല്യാണ ഫോട്ടോയില്‍ നിന്നാണ് ഇത് അറേഞ്ച് ചെയ്തത്.നന്നായിരിയ്ക്കുന്നു.അമ്മയുടെ ചിരി,ഇനി ഇതില്‍ മാത്രം.
പകല്‍ അവസാനിയ്ക്കുന്നു.പലതും അവസാനിയ്ക്കുന്നു.ഓര്‍മ്മകള്‍..അവയ്ക്ക് മരണമില്ലെന്ന് നന്നായറിയാം.
രാത്രി അമ്മു പുറപ്പെടാനൊരുങ്ങി.അവള്‍ക്കു മറ്റന്നാള്‍ പറക്കണം.അച്ചന്‍ ഇത്തവണയും കരഞ്ഞു.നിയന്ത്രണമില്ല്ലാതെ.സ്വതവേ ധൈര്യം കാണിയ്ക്കുന്ന അവളും.
ഞാന്‍ വരും അച്ഛാ.കരച്ചിലിനിടയിലും അവള്‍ പറയുന്നുണ്ടായിരുന്നു.
അവള്‍ കെട്ടിപ്പിടിച്ചു.ഞാനും കരഞ്ഞു.അവള്‍ അടുത്ത ഒരു സിറ്റിയിലായിരുന്നു താമസിച്ചിരുന്നത്,രമേഷുമായി പിരിഞ്ഞതിനു ശേഷം.ഒന്നു രണ്ടു മണിക്കൂര്‍ നേരത്തെ ഡ്രൈവ്.അവളെ ചെന്ന് കാണണം ഇപ്പ്രാവശ്യം.അത് പറയുകയും ചെയ്തു.അപ്പോള്‍ മാത്രം അവള്‍ പഴയ പോലെ കുസൃതിച്ചിരി ചിരിച്ചു.
നിയ്യ് വര്വോ?
വരും
അമ്മു പോയി.അച്ഛന്‍ ചാരുകസേരയില്‍ കിടക്കുന്നു.രാജേട്ടന്‍ ചെമ്പകത്തിന്റെ അടുത്തേയ്ക്ക് മാറി നിന്നു ഒരു സിഗരട്ട് കത്തിച്ചു.വഴിയില്‍ നിലാവ് നിറഞ്ഞു.എന്തോ ഓര്‍ത്ത് ഞാന്‍ കുറച്ചുനേരം അവിടെത്തന്നെ നിന്നു.തെങ്ങിന്‍തോട്ടങ്ങള്‍ക്ക് നടുവിലെ വീടിനു മേലേയ്ക്കു നിലാവ് ആരോ കോരിയൊഴിയ്ക്കുന്നപോലെ തോന്നി.
Sep 23rd
….ല്‍ വച്ച് ഷൌക്കത്തിനെ കണ്ടപ്പോഴാണ് സരിത മരിച്ചതായയറിഞ്ഞത്.
ഞാനൊന്നുലഞ്ഞു.റാഫിയെക്കുറിച്ചോര്‍ത്തു.മറ്റു പലതുമോര്‍ത്തു.അതെനിയ്ക്കു വെറുമൊരു വാര്‍ത്തയായിരുന്നില്ല.മുഖം മാറുന്നത് ഷൌക്കത്ത് കാണാതിരിയ്ക്കാന്‍ ശ്രമിച്ചു,തിരക്കെന്ന് പറഞ്ഞു അവന്‍ വേഗം നടന്നു പോയി.ഞാന്‍ അവിടെത്തന്നെ നിന്നു.ആരുമൊരു വിവരവും തന്നില്ലല്ലോ എന്നാലോചിച്ചു. അമ്മയോടുള്ള ദീര്‍ഘ കാലത്തെ സമരം കാരണം വീട്ടിലേയ്ക്കുള്ള വിളികള്‍ വളരെ അപൂര്‍വമായിരുന്നു.പിന്നെ അമ്മയ്ക്കും തോന്നിക്കാണണം,കൂട്ടുകാര്‍ ആരെങ്കിലും അറിയിച്ചുകാണുമെന്ന്.
പാര്‍ക്കിലെ മരങ്ങളുടെ നിഴലില്‍ ഒരു കുട്ടി കളിച്ചുകൊണ്ടിരുന്നു.ഒറ്റയ്ക്കു്.അത് നോക്കി നിന്നു.
വൈകുന്നേരം തന്നെ നാട്ടിലേയ്ക്ക് തിരിച്ചു.യാത്രയിലുടനീളം പല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു,മനസ്സില്‍,തെല്ലുനേരം കണ്ണടച്ചപ്പോഴും.ഒരു സൈക്കിളിന്റെ ബെല്‍ കേള്‍ക്കാം,ഇടവഴികള്‍,മലര്‍ന്നു കിടന്നു നോക്കുമ്പോള്‍ കുട പോലെ തുറന്നു നിവരുന്ന നീലാകാശം,സ്വപ്നങ്ങള്‍ മുറിഞ്ഞു മുറിഞ്ഞു കണ്ടു.വല്ലാത്ത ഒരു അസ്വസ്ഥത.വണ്ടിയ്ക്ക് വേഗം പോരെന്ന തോന്നല്‍.സരിത, അവളുടെ നിര്‍ത്താതെയുള്ള ചിരി.അവള്‍ നിന്ന നില്‍പ്പില്‍ എന്നപോലെ പെട്ടെന്ന് മാഞ്ഞുപോയെന്നത് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല.
വീടെത്തിയപ്പോള്‍ മഴ കനത്തു നില്ക്കുന്നു.കുറെ ദിവസമായി മഴതന്നെയാണ്,വഴിയില്‍ അങ്ങിങ്ങു ചെറിയ കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നു.തൊടികളില്‍ ചുള്ളിക്കമ്പുകളും,ഇലകളും ചിതറിക്കിടക്കുന്നു.ചെന്നുകയറിയപ്പോള്‍ അമ്മയും ഒന്നമ്പരന്നു.എന്താടാ പെട്ടെന്ന് എന്നൊന്ന് ചോദിയ്ക്കുകയും ചെയ്തു.മറുപടി പറയാതെ സ്ഥിരമുള്ള നോട്ടം നോക്കി ഞാന്‍ മുറിയിലേയ്ക്ക് പോയി. കണ്ണാടിയില്‍ ഷേവ് ചെയ്യാത്ത മുഖം നോക്കിനിന്നു.മഴ പെയ്തുതുടങ്ങി.ജനലിലൂടെ മുറ്റം കാണാം.എവിടെ നിന്നോ വെള്ളമൊഴുക്കി കൊണ്ടു വന്ന പൂവുകള്‍ മുറ്റത്തെ ഓവിന്റെ വക്കില്‍ തങ്ങി നിന്നു.കലപില കൂടുന്ന മഴപോലെ ഉള്ളില്‍ എന്തൊക്കെയോ,അടുക്കും ചിട്ടയുമില്ലാതെ.
“മെയില്‍
നിന്റെ മന്ത്രധ്വനിയില്‍
എന്റെ ഇടവഴികളിലെ
പുല്‍ക്കൊടികള്‍പോലും
ധ്യാനത്തിലാവുന്നു
ഒടുവില്‍
ജൂണില്‍ നീയെത്തുന്നു
എന്നിലെ ഒളിഞ്ഞുതെളിയുന്ന
പച്ചപ്പുകളുടെ തോഴി”
സരിത,മഴ പോലെ അവള്‍ പെയ്തു കൊണ്ടേയിരുന്നു.
മഴ പുഴയായി.കരയില്ലാത്ത പുഴ.നൂറു മണങ്ങളുമായി ആര്‍ത്തലച്ചു വരുന്ന ഒരു പുഴ.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ ആ കാര്യം തന്നെ എടുത്തിട്ടു,അമ്മയ്ക്ക് എവിടെയെങ്കിലും തുടങ്ങണമല്ലോ.
“ആ കുട്ടി,പാവം..”
എല്ലാരും പാവങ്ങള്‍,വിഷജന്തു ഞാനാണ്.
പുറത്ത് മഴ തകര്‍ക്കുകയാണ്,നേരത്തെത്തന്നെ ഇരുട്ടായപോലെ.ക്ലോക്കില്‍ അഞ്ചുമണിയായതെയുള്ളൂ.മഴ മാറാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങി നടന്നു.അമ്മ എന്തോ ചോദിയ്ക്കുന്നുണ്ടായിരുന്നു,കേട്ടില്ല.റോഡിലാകെ വെള്ളം ഒഴുകാനിടമില്ലാതെ നിറഞ്ഞു നില്ക്കുന്നു. വേലികള്‍ക്കപ്പുറത്ത് തഴച്ച പച്ചപ്പുകള്‍.കാലങ്ങള്‍ക്കുശേഷം അതെ വഴിയ്ക്ക് തന്നെയാണല്ലോ നടക്കുന്നത് എന്നോര്‍ത്തു.
മഴയൊന്നുനിന്ന് പിന്നെയും തുടങ്ങി.ദൂരെ മൈതാനത്തിനപ്പുറത്തുനിന്ന് അത് പെയ്തുപെയ്തു വരുന്നു.ശക്തികൂടിയപ്പോള്‍ ഒരു പീടികവരാന്തയില്‍ കേറിനിന്നു.പുതിയ കെട്ടിടമാണ്.
മൈതാനങ്ങളില്‍ ചാട്ടുളി പോലെ പായുന്ന റാഫി.നൂറു തൊണ്ടകളുടെ ആരവം.അവനു പന്തെത്തിച്ചു കൊടുക്കേണ്ട പണിയെയുള്ളൂ എനിക്ക്.പിന്നെ പൊറ്റാളിന്റെ മറഡോണയുടെ കുതിപ്പാണ്.കണ്ണുകള്‍ മുഴുവന്‍ അവനില്‍.ഓരോ ഗോളിനും അവനെ മുത്താന്‍ നൂറു പേര്‍.തിരികെ വന്നു അവന്റെ വക കെട്ടിപ്പിടുത്തം.അവന്റെ ചിരി,നെഞ്ചിന്റെ മിടിപ്പ്.
സൈക്കിളില്‍ അവന്റെ വീട്ടു പടിയ്ക്കല്‍ ഇറക്കിവിടും.അതൊരു കാഴ്ചയാണ്.എന്നും അസൂയ ഉണര്‍ത്തുന്ന കാഴ്ച.ഉമ്മ,പെങ്ങന്മാര്‍,അനിയന്‍,എളാപ്പ,എല്ലാവരും വിടര്‍ന്ന കണ്ണുകളോടെ,നിറഞ്ഞ ചിരിയോടെ,ആരാധനയോടെ അവന്‍ നടന്നെത്തുന്നത് നോക്കി നില്‍ക്കുന്ന കാഴ്ച!
ഇക്കാക്ക ഗോളടിച്ചത് ഞാന്‍ കണ്ട്,മോനു വിളിച്ചു കൂവും.
ഓരോന്നോര്‍ത്തു നില്‍ക്കുമ്പോള്‍ അരികില്‍ റാഫി വന്നു നിന്നത് അറിഞ്ഞില്ല.കരുതിക്കൊണ്ട് വന്ന വാക്കുകള്‍ വെള്ളത്തില്‍ ഒലിച്ചു പോയി.അവന്റെ മുഖത്ത് ഒരു ചിരി മിന്നിമറഞ്ഞപോലെ.
കുറ്റിത്താടി വളര്‍ന്ന മുഖം.തോളത്ത് തലവച്ചു കിടക്കുന്നു മോള്‍.”എപ്പൊ വന്നു ?”
“രാവിലെ..” മോളെ നോക്കിക്കൊണ്ട് പറഞ്ഞു.പറഞ്ഞതും നുണയാണല്ലൊ എന്നോര്‍ത്തു.എത്ര എളുപ്പത്തില്‍!
പാര്‍ക്കില്‍ തന്നോടുതന്നെ സംസാരിച്ച്,ഇലകള്‍ പെറുക്കി കളിച്ചിരുന്ന ആ കുട്ടിയെ പിന്നെയും ഓര്‍ത്തു.ഇവളെ ഓര്‍ത്താണിന്നലെ ഞാന്‍ കരഞ്ഞത്.
“മോള്‍ക്ക് സുഖമില്ല. പനിയാണ്.. ”
മഴയുടെ ശബ്ദം മാത്രം.
“ഡോക്ടറുടെ അടുത്ത് പോവ്വാണ് ” കുഞ്ഞ് ക്ഷീണിച്ച മുഖത്തോടെ അവന്റെ തോളില്‍ ചാഞ്ഞു കിടക്കുന്നു.ചുരുണ്ട മുടി.അതേ കണ്ണുകള്‍.” ഇപ്രാവശ്യം മഴ കുറച്ചു കടുപ്പാണ് …” അവന്‍ ചെളികളയാന്‍ ഇറയത്തുനിന്നു വീഴുന്ന വെള്ളത്തില്‍ ചെരിപ്പുമുക്കി. “എല്ലാടത്തും പനിയാ.. ”
സുഖമല്ലേ റാഫി?മനസ്സില്‍ ചോദിച്ചു.
“വരുന്നോ..” ഞാന്‍ ഒന്നും മിണ്ടാതെ അവന്റെയൊപ്പം നടന്നു.
“സരിതയുടെ കാര്യം അറിയിയ്ക്കാന്‍ മെയില്‍ ചെയ്തിരുന്നു, ഒന്ന് രണ്ടു വട്ടം.സനീജാ തന്നത്,ഐഡി ….ല്‍ ആണെന്ന് പറഞ്ഞിരുന്നു,വീട്ടീന്ന്.അവിടുന്ന് എന്നെ മടങ്ങി?”
സ്പാം ഫില്‍റ്റര്‍,അതോ ഡിലീറ്റ് ചെയ്തോ?
“ഒക്കെ കഴിഞ്ഞിട്ട് ഒന്നു വിളിയ്ക്കണം എന്ന് വച്ചതാ, ഒന്നിനും നേരല്ല്യ.. ” അവന്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്നില്ലായിരുന്നു.മഴ കനക്കുന്നു. “ആശുപത്രിയില്‍ വച്ചു നിങ്ങളുടെ കാര്യം ചോദിയ്ക്കുമായിരുന്നു” വല്ലായ്മയോടെയാണെങ്കിലും കേട്ടു.എളുപ്പമുണ്ട് എല്ലാവരും പറഞ്ഞുപറഞ്ഞു അവിടെത്തന്നെ എത്തുമ്പോള്‍.
പിന്നെ അവനൊന്നും പറഞ്ഞില്ല.കുഞ്ഞിപ്പോള്‍ ഉറങ്ങുകയാണ്.എന്തായിരിയ്ക്കും ഇവളുടെ പേര്‍?അവന്‍ പണ്ടു പറയാറുള്ളപോലെ ഉപ്പയുടെയും ഉമ്മയുടെയും പേരിന്റെ അക്ഷരങ്ങള്‍ കൊണ്ടൊരു കോമ്പിനേഷന്‍?
നെരൂദ!നെരൂദയായിരുന്നു അവളുടെ ഇഷ്ടകവി.നല്ല ഒരു കളക്ഷനും ഉണ്ടായിരുന്നു അവളുടെ കയ്യില്‍.അവധി ദിവസങ്ങളില്‍ ഞങ്ങള്‍ കവിതകള്‍ വായിച്ചിരിയ്ക്കും.യുനിവേഴ്സിറ്റി ലൈബ്രറിയില്‍ പോകും.ബസ്സിലും വഴിയിലും ആളുകള്‍ തിരിഞ്ഞു നോക്കിക്കൊണ്ടിരിയ്ക്കും ,ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയും കേട്ട്.അവള്‍ക്കു കൂസലൊന്നുമില്ലായിരുന്നു.കുറെ കാമ്പസ്സില്‍ അലഞ്ഞു നടക്കും.പിന്നെ തിരികെയുള്ള യാത്ര.ഈ ദിവസങ്ങള്‍ക്കായുള്ള കാത്തിരിപ്പായി പിന്നെ.
ഡോക്ടറുടെ ക്ലിനിക് സെറ്റപ്പ് ചെയ്തിരുന്നത് പണ്ടു സുബൈര്‍ താമസിച്ചിരുന്നിടത്താണ്.അവരൊക്കെ ഇപ്പോള്‍ എവിടെയാണാവോ? തിരക്കുണ്ടായിരുന്നു.ടോക്കനെടുത്തു ഞങ്ങള്‍ പുറത്തെ വരാന്തയില്‍ മഴ നോക്കിയിരുന്നു.മഴ നിന്നിട്ടില്ല.ബോഗന്‍വില്ലകളെ മഴ കുലുക്കി കൊണ്ടിരുന്നു.
മഴയിലെവിടെയോ ഒരു കിളിയൊച്ച.കിളിയെത്തിരഞ്ഞു കണ്ണുകള്‍ അലഞ്ഞു.വാഴക്കിളികള്‍ മരിച്ചവരുടെ ആത്മാക്കളെന്നു ആരാണ് പറഞ്ഞത്?ആ കരച്ചില്‍ വീണ്ടും കേള്‍ക്കുന്നു.നേരെ നോക്കിയത് കുഞ്ഞിന്റെ മുഖത്തെയ്ക്കാണ്.ഉണര്‍ന്ന്,അവള്‍ എന്നെ നോക്കുന്നു. ചുരുണ്ട മുടിയിഴകള്‍,മഷിയെഴുതിയ പോലെ കറുത്ത കണ്ണുകള്‍.
റാഫി എന്തോ ചോദിച്ചു.അത് മഴയുടെ ശബ്ദത്തില്‍ മുങ്ങിപ്പോയി.
നഴ്സ് ഊഴമായെന്നു പറഞ്ഞപ്പോള്‍ കുഞ്ഞിനെയുമെടുത്ത് അവനുള്ളിലെയ്ക്ക് പോയി.ഞാന്‍ നടന്നു വരാന്തയുടെ മറ്റെ അറ്റത്തു പോയി നിന്നു.
പണ്ടെഴുതിയ ഭ്രാന്തന്‍ വരികളോര്‍ത്തു.
“സരിതാ
ഉയരങ്ങളിലേയ്ക്ക്
ഉയരങ്ങളിലേയ്ക്ക്
കയറി
ഇനിയും
ആഴങ്ങളിലേയ്ക്ക്
ആഴങ്ങളിലേയ്ക്ക്
ഊളിയിടാന്‍
നിന്നിലെയ്ക്ക്
ഞാന്‍ കൂപ്പുകുത്തുന്നു
നിന്റെ
വഴുവഴുത്ത
കല്‍ക്കെട്ടുകളിലൂടെ
ഞാന്‍ തെന്നിത്തെന്നി
വീഴുന്നു ”
അവന്‍,റാഫി എപ്പോഴാണ് കടന്നു വന്നത്?ഫുട്ബാള്‍ ഭ്രാന്തും ഗസലുകളും!മദ്യത്തില്‍ മുങ്ങി നിവര്‍ന്ന അവന്‍ പാടും,പ്രണയിനിയുടെ കണ്ണുകളെക്കുറിച്ച്,നിലാവില്‍ തിളങ്ങുന്ന താഴ്വരകളെക്കുറിച്ച്..കേട്ടിരിക്കുന്നവര്‍ക്ക് ഹരം.അവനു ലഹരി,പിന്നെയും.കത്തുന്ന മനസ്സോടെ നോക്കിയിരിയ്ക്കും,ഞാന്‍.
മഷിയെഴുതിയ കണ്ണുകള്‍.അവയ്ക്കുമുണ്ട് ലഹരി.ലഹരിയാളുന്നു.പരസ്പരം നായാടാനൊരുങ്ങുന്നു.മലകള്‍ കയറിയിറങ്ങുന്നു,കീഴടക്കലിന്റെ ആഘോഷം.താഴ്വരകള്‍ക്ക് മേലെ,നിഗൂഢ വനങ്ങള്‍ക്ക് മേലെ കാറ്റായി,മേഘമായി അലിഞ്ഞലിഞ്ഞ്.
ഉന്മാദം,പൂവുകളെ ഇതളായടര്‍ത്തുന്ന ഉന്മാദം.
കിളിയെ എനിക്ക് കാണാം ഇപ്പോള്‍,തൊടിയിലെ വാഴയില്‍ മഴയില്‍ നനഞ്ഞിരിപ്പുണ്ട്.ദയനീയമായി അത് കരയുന്നു.കടുംപച്ച നിറം.വാഴക്കിളി.പോകാന്‍ കൂടില്ലാതെ,തുണയില്ലാതെ ഈ തണുത്ത മഴയില്‍..
അവളുടെ കവിതകള്‍ മാതൃഭൂമിയില്‍ വായിച്ചതോര്‍ക്കുന്നു.റാഫി തന്നെയാണ് കാണിച്ചു തന്നതും.അവന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.ആഘോഷം.ലഹരി കയറിയപ്പോള്‍ ആദ്യ ചുംബനത്തെക്കുറിച്ചും,അവളോടുള്ള ഭ്രാന്തമായ ആരാധനയെക്കുറിച്ചും അവന്‍ വാചാലനാകുന്നു.ചെറുചിരിയോടെ അവനെ നോക്കിയിരുന്നു.പൊറ്റാളിലെ പാടങ്ങളില്‍ പന്തിനുപിറകെ മിന്നല്‍പോലെ കുതിക്കുന്ന റാഫി!ആരാധനയോടെ നൂറുകണ്ണുകള്‍.ഓരോ ഗോളിനും അവന്‍ വന്നെന്നെ കെട്ടിപ്പിടിയ്ക്കുന്നു.ഇപ്പോള്‍ നോട്ടം മുഴുവന്‍ ഇങ്ങോട്ട്..കയ്യടിയുടെ ഒരു പങ്കും..
റാഫി തിരികെ വന്നു.ഞങ്ങള്‍ ഇറങ്ങിനടന്നു.മഴ നിന്നിരിയ്ക്കുന്നു.അവന്‍ ജോലിയെക്കുറിച്ചും മറ്റും തിരക്കുന്നുണ്ടായിരുന്നു. യാന്ത്രികമായി മറുപടി പറഞ്ഞു കൊണ്ടിരുന്നു.
“ഇവളെ നോക്കാനാണ് ബുദ്ധിമുട്ട്,ഉമ്മയും സൈനയും ഉള്ളത് കൊണ്ട് ..”കുഞ്ഞ് സിറപ്പിന്റെ പായ്ക്കറ്റ് കൈയില്‍ പിടിച്ചിട്ടുണ്ട്. മനസ്സിലെന്തോ ഉടക്കി നിന്നു.
“പാടത്താണെങ്കില്‍ നൂറു പണിയുണ്ട്..മുഴുവന്‍ വെള്ളം കയറി കിടക്കുന്നു..”
“നീ ….യിലേയ്ക്കു തിരിച്ചു പോകുന്നില്ലേ ?”ചോദിച്ചു,വെറുതെ.അവന്‍ ഒന്നു നിറുത്തി”എങ്ങനെയാ പോവാ..” അവന്‍ കുട്ടിയെ മറ്റേ കയ്യിലേയ്ക്ക് മാറ്റി പിടിച്ചു.”ഉമ്മയ്ക്കും ഒരു വെഷമം, ഇവളെ ഇവിടെയാക്കി ഞാന്‍ എങ്ങനെ..” ചോദിയ്ക്കെണ്ടാത്ത ചോദ്യ മായിരുന്നു അത്.അവന്‍ ഒരു മങ്ങിയ ചിരിചിരിച്ചു.നീ ചിരിച്ചു കണ്ടല്ലോ റാഫി!
മറ്റൊരു മഴ തുടങ്ങി.
“കുറച്ചു ദിവസം ഉണ്ടാവുമോ ഇവിടെ ?” വന്നത് തെറ്റായെന്നു തോന്നി.ക്യുബിക്കുകളുടെ ലോകത്ത് ഞാന്‍ എത്ര സുരക്ഷിതന്‍. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത ജീവിതം.
“പോണം..”മാസങ്ങള്‍ക്ക് ശേഷമുള്ള വരവാണ്.പത്തു ദിവസം വെക്കേഷന്‍ എടുത്തതാണ്.എന്തോ അങ്ങനെ പറയാന്‍ തോന്നി.നാളെ തിരിച്ചു പോകണം എന്നൊരു ചിന്ത.നാളെത്തന്നെ!
“വീട്ടിലേയ്ക്ക് വരുന്നോ..”അവന്റെ ചോദ്യം.
“ഇല്ല.. “അവന്റെ മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.
“ഉമ്മ എപ്പോഴും ചോദിയ്ക്കാറുണ്ട്…എന്താ ആ വഴി കാണാത്തത് എന്ന്..”
“പിന്നെയാക്കാം.. “എന്ന് പറഞ്ഞു ഞാന്‍ നടന്നു.ഇനി നില്‍ക്കാന്‍ വയ്യ.
മഴ കനത്തു.കുടയുണ്ടായിരുന്നിട്ടും ആകെ നനഞ്ഞു.
വീട്ടിലെത്തിയപാട് കട്ടിലില്‍ കയറിക്കിടന്നു.അമ്മ വാതില്‍ക്കല്‍ നിന്നു വിളിച്ചു നോക്കി.ഉറക്കം നടിച്ചു കിടന്നു.അമ്മ തിരിച്ചു പോയി.കുറെ നേരം പാത്രങ്ങളുടെ കലപില.മഴ നേര്‍ത്തു നേര്‍ത്തു വന്നു.ഉറക്കം പലവട്ടമുണര്‍ന്നു.പല സ്വപ്നങ്ങള്‍.പാതി ഉറക്കത്തിലെ ചിന്തകള്‍, അങ്ങനെ പലതും.ഉണര്‍ന്നിട്ടും എണീയ്ക്കാതെ അവിടെത്തന്നെ കിടന്നു.അമ്മ വന്നു നോക്കി.
“എന്താടാ നിനക്കു സുഖമില്ലേ”
അമ്മ അടുത്ത് വന്നിരുന്നു.നെറ്റിയിലൊക്കെ ഒന്നു തൊട്ടു നോക്കി.പതിവുപോലെ എതിര്‍ക്കാനോന്നും പോയില്ല.അമ്മ പരാതിക്കെട്ടഴിയ്ക്കും എന്ന് കരുതി.പക്ഷെ അമ്മ തറവാട്ടിലെ കാര്യങ്ങള്‍,വല്യമാമയുടെ തമാശകള്‍ എല്ലാം പറഞ്ഞു തുടങ്ങി. കേട്ടിരുന്നു.കഴിഞ്ഞ ഒരു വര്‍ഷം രണ്ടു പ്രാവശ്യം ഞാന്‍ ….ല്‍ പോയി,പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കായി,അമ്മയെ ഒന്നു ജാനുവമ്മായിയുടെ അടുത്ത് കൊണ്ടുപോവാന്‍ കഴിഞ്ഞിട്ടില്ല,ഇതുവരെ.അമ്മ ചായയുണ്ടാക്കണോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി. അടുക്കളയില്‍ തന്നെ ഇരുന്നു ഞാന്‍ ചായ കുടിച്ചു.
ഞാന്‍ പഴയ പുസ്തകങ്ങളും മറ്റും അടുക്കി വെയ്ക്കാനായി തുടങ്ങി.മഴ വീണ്ടും ആരംഭിച്ചു.പണ്ട് എഴുതിയ പലതും കണ്ടു കൂട്ടത്തില്‍. എല്ലാം കൊണ്ടു പോവണം.ഡയറികളും നോട്ട് ബുക്കുകളും എല്ലാം.
കുറെ മഴ നോക്കി നിന്നു.രാത്രി കനത്തു.വേഗം ഊണ് കഴിച്ചു കിടന്നു.എന്തോ നല്ല ഉറക്കം കിട്ടുകയും ചെയ്തു.രാവിലെ എപ്പോഴോ ഒരു കുട്ടിയെക്കണ്ടു സ്വപ്നത്തില്‍,ചുരുണ്ട മുടിയിഴകള്‍,മഷിയെഴുതിയ പോലെ കറുത്ത കണ്ണുകള്‍.ഒരു പരാതിയുമില്ലാതെ അതങ്ങനെ കളിയ്ക്കുകയാണ്.ഒറ്റയ്ക്കു്.
രാവിലെത്തന്നെ നേരെ റാഫിയുടെ വീട്ടിലേയ്ക്ക് നടന്നു.രാത്രി നല്ല മഴ പെയ്തിട്ടുണ്ട്.
ഗേറ്റ് കടക്കുമ്പോള്‍ തോട്ടത്തില്‍ നിറയെ വെളുത്ത റോസ് പൂക്കള്‍.അവളുടെ പ്രിയപ്പെട്ട പൂക്കള്‍.അവളുടെ സാന്നിധ്യം ആ വീടിനെ പൊതിഞ്ഞു നില്‍ക്കുന്നതായി തോന്നി.ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല.ഉമ്മ അടുക്കളയില്‍ നിന്നുതന്നെ എന്നെക്കണ്ടു.അവര്‍ കണ്ണ് നിറച്ച്,കീഴ്ചുണ്ട് കടിച്ചുപിടിച്ച് ഉമ്മറത്തെയ്ക്ക് വന്നു.
“മോന്‍ എപ്പളെ വന്നു?”
“ഇന്നലെ…”
“ക്ഷീണിച്ചിക്ക്ണു കുട്ടി..” സൈനയും അടുത്തേയ്ക്ക് വന്നു.
“ഓളെ കാര്യം ഒന്ന്‍ വിളിച്ച് അറിയിയ്ക്കാന്‍ പറ്റീല.ഓനും ഓരോ തെരക്കായിപ്പോയി.പിന്നെ മോന്‍ ഇബടെ ഇല്ല്യ പുറത്തെവിടെയോ ആണെന്ന് പറഞ്ഞിനി അമ്മ വന്നപ്പോ …”കുട്ടി കരഞ്ഞപ്പോള്‍ സൈന അകത്തേയ്ക്ക് പോയി.
“കുട്ടിനെ നോക്കാനാ മോനേ വെഷമം..അത് എപ്പളും ഉമ്മാനെ ചോദിച്ച് കരയും..”ഞാന്‍ അവരെ നോക്കി നിന്നു.സരിത സ്റ്റിച്ച് ചെയ്ത കര്‍ട്ടന്‍നുകള്‍,അവ കാറ്റിലിളകി.
അവര്‍ കരഞ്ഞു.”ന്റെ മോന്റെ മുഖത്തിയ്ക്ക് നോക്കുമ്പളാ നിയ്ക്ക് കൂടുതല്‍ വെഷമം…”
ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.വെയില്‍ ഇല്ലെങ്കിലും മങ്ങിയ വെളിച്ചമുണ്ടായിരുന്നു തൊടിയിലും മുറ്റത്തും.
“ഓന്‍ പാടത്തിയ്ക്ക് ഒന്നു പോയതാ..”ഉമ്മ പറഞ്ഞു,അവര്‍ കണ്ണ് തുടച്ചു.”ഇന്നലെ മഴേല് കൊറേ വാഴ്യൊക്കെ വീണുക്ക്ണ്…”
“മോന്‍ ഇരിക്ക് “അവര്‍ സമനില വീണ്ടെടുത്തു.” ഞാന്‍ ചായ എടുക്കട്ടെ”
ഗേറ്റ് കടന്ന്‍ റാഫി വന്നു.അവന്റെ മുഖത്ത് ഒരു ഉറക്കച്ചടവ്.കുറ്റിത്താടി.എന്നെ കണ്ടപ്പോള്‍ അവന്‍ അവിടെത്തന്നെ നിന്നു.
ഞാന്‍ ഓടിയോ നടന്നോ അവന്റെ അടുത്തെത്തി.അവന്റെ തോളിലേയ്ക്ക് ചാഞ്ഞു.
“സോറി…”
ഞാന്‍ കരയുകയാണെന്ന് അമ്പരപ്പോടെ,ആശ്വാസത്തോടെ അറിഞ്ഞു.അവന്‍ അനങ്ങാതെ നിന്നു.ഒന്നും പറഞ്ഞുമില്ല.അവന്റെ തോളിനു മുകളിലൂടെ എനിയ്ക്ക് ആകാശം കാണാം.മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. അവനെക്കടന്ന്‍ നടന്നു.
അവന്‍ ഗേറ്റില്‍ വന്നു നോക്കി നില്‍ക്കുന്നെന്ന് തോന്നി.അരികില്‍ അവള്‍.കൈകളില്‍ ആ നക്ഷത്രക്കുഞ്ഞ്.തിരിഞ്ഞു നോക്കാതെ നടന്നു.
പിന്നാലെ പെയ്തു വന്ന മഴയില്‍ ഞാന്‍ നനഞ്ഞു.തിരക്കിട്ടു നടന്നു.കണ്ണീരും മഴത്തുള്ളികളും കലര്‍ന്നു.കിളിയൊച്ചകള്‍ അകന്നകന്ന്‍ പോയി.വഴിയില്‍ ഞാന്‍ മാത്രമായി,മഴയും.
Sep 15th
ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു
നേര്‍ത്ത് തെളിഞ്ഞു നില്‍ക്കുന്ന
മാനത്തെ വെള്ളിവര പോലെ
ഒരു ചിരിയുണ്ടെന്നു തോന്നും ചുണ്ടില്‍
ഒരൊട്ടകദൂരവും എത്താത്ത
മരുപ്പച്ചകളിലേയ്ക്കവന്റെ നോട്ടം
കുതിയ്ക്കുന്നെന്നു തോന്നും
എന്നാല്‍
ഓരോ ചുടുകല്‍ച്ചീളുകളും
തുളയ്ക്കുന്നത് നിങ്ങളുടെ തന്നെ
നെഞ്ചിന്‍കൂടെന്നറിയുമ്പോള്‍
ചങ്ങാതി,ഉരുകിപ്പോവും
പൊള്ളിച്ചകള്‍ അവനിലേയ്ക്കൂതിയത്
മണലിന്റെ ഏകാന്തതയിലെ
തീക്കാറ്റാണ്
അതാളിയ്ക്കുന്നതാവട്ടെ
ഈന്തപ്പഴങ്ങള്‍
തിരഞ്ഞു വന്നവരുടെ
ചങ്കിലെ ചൂടും.
മനുഷ്യനലയാനെന്തേ
എന്നും മരുഭൂമികള്‍?
ഈന്തപ്പനകള്‍ക്കു കീഴെ
ഒരുവന്‍ മണലിലെഴുതുന്നു