പൊറ്റാളിലെ ഇടവഴികള്‍
ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
ഇടവഴികള്‍ നീലഞരമ്പുകളേപ്പോലെ പൊറ്റാളിനെപ്പിണഞ്ഞു കിടന്നു
Jul 30th
പുഴയില്‍ വീണു ഒരുവളാഴുന്നു,വീര്‍പ്പു മുട്ടുന്നു. ചുഴികളിലേയ്ക്ക് ഇടറുന്നു. തണുപ്പിലുറയുന്നു. എല്ലാം കുറച്ചു നിമിഷങ്ങള്‍ മാത്രം. പിന്നെ ശാന്തത. അത്ഭുതം തോന്നുന്നു.ഇത് താനല്ലേ എന്ന് ഒരുവള്‍ സംശയിയ്ക്കുന്നു. തന്റെ മനസ്സും തന്നെ കൈവിട്ടോ എന്ന് തുടിയ്ക്കുന്നു.ഇപ്പോള്‍ പേടിയ്ക്കെണ്ടതാണ്. നിലവിളിയ്ക്കെണ്ടതാണ്.ചുറ്റിലും നിശബ്ദത മാത്രം.ഇപ്പോള്‍ ഇതാ ശ്വസിയ്ക്കാനും തുടങ്ങുന്നു. ഒരു പക്ഷെ ഏതോ ഒരു സ്വപ്നത്തില്‍ നിന്നുണരാനുള്ള ശ്രമത്തിലായിരിയ്ക്കണം. വെള്ള പുതപ്പുകളുടെ പാളികള്‍ വകഞ്ഞു മാറ്റി പകലിന്റെ വെള്ളിവെളിച്ചങ്ങളിലേയ്ക്ക് കണ്തുറക്കുമായിരിയ്ക്കും, ഇപ്പോള്‍. പുതച്ചിട്ടുണ്ടെങ്കില് ഈ തണുപ്പ്, ഈ നനവ്? അതോ വിയര്‍ക്കുകയാണോ?
ഞാന്‍ മഴയില്‍ നില്ക്കുകയായിരിയ്ക്കണം. മഴ എന്നെ ഉമ്മ വയ്ക്കുന്നുണ്ടാകും. ഞാന്‍ ഇത്ര നിര്വികാരയോ എന്ന് അത് അത്ഭുതപ്പെടുകയായിരിയ്ക്കും. എന്റെ ദേഹം അനങ്ങാത്തത് എന്നെത്തന്നെ ദേഷ്യം പിടിപ്പിയ്ക്കുന്നുണ്ടാകും.
ഇരുട്ടില്‍ പെട്ടെന്നേതൊ ശബ്ദം കേട്ടുണര്‍ന്ന ഒരു കിളിയായിരിയ്ക്കണം, ദിക്കറിയാതെ ..
അമ്മ ചായ കൊണ്ട് വന്നു മേശയില്‍ വയ്ക്കും. അമ്മ എന്നെ നോക്കും, നോക്കി നില്ക്കും.ശ്രദ്ധിയ്ക്കില്ല ഞാന്‍.ഇങ്ങനത്തെ മഴക്കാലത്ത് ചെയ്യാറുള്ളതുപോലെ അമ്മ വൈകുന്നേരം കുളിച്ചുകാണും. വെള്ള തോര്‍ത്തുകൊണ്ട് തല പൊതിഞ്ഞു കെട്ടിക്കാണും. അമ്മയെ സോപ്പ് മണമുണ്ടാകും, ചന്ദന സോപ്പിന്റെ. ഉവ്വ്,ചായയ്ക്കും മണമുണ്ട്.ചൂടുണ്ട്,നനുത്ത ചൂട്,ചുണ്ടോടടുക്കുമ്പോള്‍..ആവി മുഖത്ത് കൊള്ളുന്നു.മുഖം മാത്രം,അല്ല ചുണ്ടുകള്‍ മാത്രം ചൂടായിരിയ്ക്കുകയും ബാക്കി ശരീരം മുഴുവന്‍ മരച്ചിരിയ്ക്കുന്നതും എന്താണാവോ. കണ്ണുകള്‍ അടഞ്ഞു പോകുന്നു. പശിമയുള്ള ചുണ്ടുകള്‍. കപ്പിന്റെ വക്കിന്റെ നനുത്ത പരുപരുപ്പ്. ഇളം ചൂട്. പിന്നെയും. ഓരോ അണുവിലേയ്ക്കും കുതിയ്ക്കുന്ന ഒരു ചെറിയ ചൂടന്‍ അരുവി. ശ്വാസം നിലയ്ക്കുന്നു, കവിളുകള്‍ തുടുക്കുന്നു, മൂക്കിന് തുമ്പു വിയര്‍ക്കുന്നു. പിന്നെയും ഒരു ചുഴിയില്‍ ഒരുവള്‍..
ചാടി എണീയ്ക്കണം എന്നുണ്ട്. ആരോ തോളില്‍ അമര്‍ത്തുന്നു.ചിന്തകളിലേയ്ക്ക് താഴ്ത്തുന്നു.
സബോക്കുകളില് മഴ പെയ്യുന്നുണ്ടാകും ഇപ്പോഴും.വരാന്തയില്‍ രണ്ടേ രണ്ടു പുസ്തകങ്ങള്‍ കയ്യില്‍ പിടിച്ചു ആരോ ഒരു നിഴല്‍ പോലെ നില്ക്കുന്നുണ്ടാകും, പണ്ടത്തേപ്പോലെതന്നെ. മഴയിലും വിയര്‍ക്കുന്നുണ്ടാകും. വെള്ളക്കടലാസില്‍ വരികള്‍ എഴുതിമായ്ക്കുകയായിരിയ്ക്കണം. വരാന്തയില്‍ ആരുമുണ്ടാകില്ല. മഴയുടെ ശബ്ദം മാത്രം. ഏകാന്തത. ഒരു പുതപ്പു വലിച്ചിട്ട പോലെ. അനേകം മടക്കുകള്‍. നിവര്‍ത്തി നിവര്‍ത്തി മടുക്കുന്നു. മടുക്കുമ്പോള്‍ പിന്നെയും ആഴുന്നു. വഴുതുന്നു, തെന്നി തെന്നി..ആദ്യം ഒരു തുള്ളി കവിളില്‍..പിന്നെ തോളില്‍.ഒരു കാറ്റു മഴയെ വേട്ടയാടുന്നു. പിച്ചിക്കീറുന്നു. കാറ്റാടികള്‍ തലയാട്ടുന്നു.വിയര്‍പ്പാറിയ ചാലുകളിലൂടെ ഇപ്പോള്‍ തണുപ്പ്. മടിച്ചു മടിച്ചു വെളിച്ചം,കാറ്റ് തെളിച്ച വഴിയെ..മഴയുടെ കരച്ചില്.നേര്‍ത്ത ഇരുട്ടില്‍ വഴിയറിയാതെ അങ്ങിങ്ങ് പാറുന്ന മഴ.
ചില നേരം വെയില്. തെങ്ങോലപ്പഴുതുകളിലൂടെ എളുപ്പത്തില്‍ ചരിഞ്ഞിറങ്ങുന്നവ. ഉച്ചകളെ വിയര്‍പ്പിയ്ക്കുന്ന, പഴുത്ത വെയില്. ചീനികളുടെ തലപ്പുകളുടെ മുകളില്‍ മഞ്ഞയില്‍ ഒരു മീനാരം. വിജനമായ കളിസ്ഥലം നോക്കി ഒരുവന് ഇരിപ്പുണ്ടാകും. വെയിലില്‍ നിന്നകന്ന്, അല്‍പ്പം, പടവുകളില്‍. പ്രാര്‍ത്ഥന കഴിഞ്ഞെങ്കിലും വേദന മുഖത്തുണ്ടാകും. എരിയുന്ന പൊടി മണല്‍ നോക്കി ഒരുവന്. ആവിയായി പൊങ്ങുന്നുണ്ടാകും ഒരുക്കൂടിയ നനവെല്ലാം. ഹോസ്റ്റല്‍ ഗേറ്റ് കടക്കുന്ന വരെ തിരിഞ്ഞു നോക്കും. ഒരിയ്ക്കല്‍ പോലും കണ്ണുകള്‍ മുട്ടിയിട്ടില്ല. എന്നാലും നേര്‍ത്ത ഒരു വിരല്‍ തിരഞ്ഞു തിരഞ്ഞു വരുന്നുണ്ട്. ഓരോ മുടിയിഴയിലും തൊടുന്നുണ്ട്.പ്രാര്‍ത്ഥയുടെ ഇടര്ച്ചയുണ്ട്, മൌനഭാഷണത്തില്.എന്നെ അനുഗ്രഹിയ്ക്കൂ എന്ന് കരച്ചിലുണ്ട്. ഇപ്പോള്‍ ഒരുവന് ആകാശത്തെ നോക്കുന്നു. നീലിച്ച ആകാശം. ഇരുണ്ടു നീലിച്ചത്. വിഷം തീണ്ടിയ പോലെ. ഏതു വിഷമുള്ളാണ് കൊണ്ടത് ? ഇപ്പോള്‍ ഒരുവന് നടന്നകലുന്നു. ക്ലാസ് തുടങ്ങാന്‍ നേരമുണ്ട്. എന്നാലും ഞാന്‍ ഹോസ്റ്റല്‍ വരാന്തയില്‍ നിന്ന് നോക്കുമ്പോള്‍, കാണാം. ഒര്ഫനെജിന്റെ ഗേറ്റ് കടന്നു ഒരാള്‍ കോളേജ് മൈതാനത്ത് കൂടി നടന്നു പോകുന്നു. ഇപ്പോഴും പ്രാര്‍ത്ഥനയുണ്ടാകണം .അതിന്റെ വിറയല്‍.
are u bothered?
abt?
I am a Mulsim..
…..
നിശബ്ദത. ശബ്ദങ്ങളെ ഇല്ലായിരുന്നെങ്കില്‍.യുസുഫ് അലിയുടെ നോട്സ് വായിയ്ക്കുന്ന ഒരാള്‍. അവനെ നോക്കി നോക്കി ഇരുന്നു മറ്റൊരാള്‍.ഇപ്പോള്‍ കണ്ണുകള്‍ ഉയരും. കൂട്ടിമുട്ടും. നിശബ്ദത. ഇതിനെ നിശബ്ദത എന്നെങ്ങിനെ പറയും. വാക്കുകള്‍ ഒഴുകി വന്നടിഞ്ഞു , വീര്‍പ്പുമുട്ടുന്നു. മനസ്സ് സംസാരിയ്ക്കുന്നു. തലേന്നു കണ്ട സ്വപനം, ഇന്ന് രാവിലെ എഴുതിയ ഒരു വരി. മനസ്സ് സംസാരിയ്ക്കുന്നു. സാധ്യതകള്‍ വരഞ്ഞിടുന്നു. അവന് അത് പറയും, അപ്പോള്‍ ഇതാണ് മറുപടി, അങ്ങനെയങ്ങനെ. കാര്‍ഡുകളില്‍ എഴുതിക്കാണിയ്ക്കും പോലെ . ഒരു വാക്ക് പോലും പറയാതെ എണീറ്റ് നടന്നു മറയുന്നു ഒരുവന്. ഓരോ തൂണിന്റെ നിഴലിലും അവന് നിറം മാറുന്നു. അവന്റെ പകുതി നിഴല്‍ തറയിലും പകുതി ചുവരിലും. സാധ്യതകള്‍.
ഒരു പകുതി നിഴലെങ്കിലും?
why this question.?
u know y..
…….
നനുത്ത ചിരി.ഇളം മഞ്ഞ പല്ലുകള്‍. കൂര്‍ത്ത ഒരു പല്ലുണ്ട്. പതുക്കെ തെളിയുന്നത്.ചുരുളന്‍ മുടിയില്‍ ഒന്ന് തൊടണം.ആ പല്ലുകള്‍ കഴുത്തില്‍ അമര്‍ത്താന്‍ അപേക്ഷിയ്ക്കണം. മഴയുണ്ട്. ഉയരങ്ങളില്‍ നിന്ന് ഓരോ തുള്ളികള്‍ താഴേയ്ക്ക് വീഴുന്നു. അപ്രത്യക്ഷരാകുന്നു. ഒരുവന് വെള്ളച്ചുമരില്‍ ചാരിയുറങ്ങുന്നു. തണുപ്പില്‍ കൈ കെട്ടി നെഞ്ചില്‍ ചേര്‍ത്തു വച്ച്. ഉറക്കം അഭിനയിയ്ക്കുന്നോ. അല്ല. ശരിയ്ക്കും! സ്വപ്നാടനം. കണ്ണുകള്‍ വലത്തും ഇടത്തും ഓടുന്നു. നേരിയ ശ്വാസഗതി. ഒന്ന് തൊട്ടാല്‍..തള്ളി താഴെയിട്ടാല്‍? ഒരു വിറയല്‍ കയ്യിന്. ചിരിയ്ക്കണം എന്നുണ്ട്. എന്നാലും സാധ്യതകള്‍. താഴെ പുല്‍പ്പരപ്പില്‍ ഒരാള്‍ മലര്‍ന്നു കിടക്കുന്നു. മഴയില്‍ നനഞ്ഞ്..ഉറക്കം. സാധ്യതകള്‍.മെല്ലെ തിരിഞ്ഞു നടക്കുന്നു. നോക്കുമ്പോഴെല്ലാം അവിടെ അതേ ഇടത്തില്‍ സബോക്കുകളുടെ തലപ്പുകളുടെ പശ്ചാത്തലത്തില്‍ ഒരുവന് സ്വപ്നങ്ങള്‍ കാണുന്നു. സ്വപനത്തില്‍ എന്റെ കൂടെ നടക്കുന്നു. എന്തോ പറയുന്നു. മഴയുടെ സ്വരത്തില്‍ അത് മുങ്ങിപ്പോകുന്നു. മഴയില്‍ അല്‍പ്പം നടന്നതിനു ശേഷം കുടയെപ്പറ്റി ഓര്‍മ്മ വരുന്നു. കുട തുറന്നെങ്ങിലും അടയ്ക്കുന്നു. മഴയില്‍ അലിയുന്നു.
നനഞ്ഞ കരിയിലകളില്‍ ചവിട്ടി ബസ് സ്റ്റോപ്പില്‍ വന്നു നില്ക്കുന്നു. നനഞ്ഞ തുണികള്‍ ദേഹത്തിഴയുന്ന പോലെ. ഓടിനിടയിലൂടെ ചോര്‍ച്ചയുണ്ട്. പല്ലുകള്‍ കൂട്ടിയിടിയ്ക്കുന്നു. ഞാന്‍ ഒഴുകാന്‍ തുടങ്ങുന്നു.പാറകള്‍ക്ക് മേലെ നിന്നൊരുവന് നോക്കുന്നു. ഒന്നും മിണ്ടാതെ നില്ക്കുന്നു. ഞാന്‍ നിലവിളിക്കുന്നു.അവനനക്കമില്ല.ഞാന്‍ മുങ്ങിത്താഴുന്നത് അവന് നോക്കി നില്ക്കുന്നു. ആഴത്തിലെ ഇരുട്ടിലെയ്ക്ക് ഞാന്‍ ആഴുന്നു. മുകളില്‍ അനക്കമില്ലാത്ത വെള്ളം ഇപ്പോള്‍. ഒരു നിഴല്‍ പോലെ അവന് കരയില്‍ നില്‍ക്കുന്നത് എനിയ്ക്ക് കാണാം. ഞാന്‍ പതിയെ അടിത്തട്ടില്‍ ചെന്ന് തട്ടുന്നു, മലര്‍ന്നു കിടക്കുന്നു. വെള്ളത്തിന്റെ കണ്ണാടി പാളികള്‍ എന്റെ മുകളില്‍, അനക്കമില്ലാതെ. അവയെ നെടുകെപ്പിളര്‍ന്നു ഒരു ചുവന്ന ചുണ്ട് ഇപ്പോള്‍ എനെറെ നേരെ വരുന്നുണ്ട്. കറുത്ത കണ്ണുകള്‍ അടഞ്ഞ്..ആ ചുണ്ടുകള്‍ ഇപ്പോഴും ഏതോ പ്രാര്‍ത്ഥന ഉരുവിടുന്നുണ്ട്. കുമിളകളായി കിതപ്പുമുണ്ട്. ചുംബനം. ആദ്യം നനുത്ത്, ഒന്ന് തൊടുന്ന പോലെ. പിന്നെ ഇളം ചൂട്. പശിമ. ഒരു നാവു എന്റേതിനെ തിരഞ്ഞു വരുന്നു. നാവുകള്‍ തമ്മില്‍ രഹസ്യഭാഷയില്‍…ചുരുളന്‍ മുടികള്‍ക്കിടയില്‍ നീന്തുന്നു കുഞ്ഞു മീനുകള്‍.അവന്റെ കണ്ണുകള്‍ തുറക്കുന്നെയില്ല. സ്വപ്നം കാണുന്ന പോലെ. കരച്ചില് വരുന്നു. ഇതും സ്വപ്നമോ എന്ന് തുടിയ്ക്കുന്നു.കൈകള്‍ അനക്കാനാവാതെ..അവനെ തൊടണം.ഈ തണുപ്പില്‍ ആ ഇളം ചൂട്… അവന്റെ സ്വപ്നങ്ങളിലേയ്ക്ക് എനിയ്ക്കും കടക്കണം. ഞാന്‍ കാണുന്നത് തന്നെയാവുമോ അവനും കാണുന്നത്? അവനും ഞാനും ഒരു പക്ഷെ കരയില്ത്തന്നെയാവുമോ. ഞങ്ങള്‍ കൈ കോര്‍ത്തു പിടിച്ചു മഴ നോക്കി നില്ല്ക്കുകയാവുമോ? വണ്ടി വൈകുന്നതോര്ത്തു ഞാന്‍ തിടുക്കപ്പെടുകയാവുമോ?മഴ മുത്തശ്ശി മാവുകളെ കുലുക്കുന്നുണ്ടാവുമോ. അല്ല. അവന്റെ ശ്വാസം എനിയ്ക്കറിയാമല്ലോ. ആ മണം എനിയ്ക്കറിയുന്നുണ്ടല്ലോ. തണുപ്പില്‍ ഇളം ചൂടുള്ള ഒരു കനല്. ഒടുവില്‍ കണ്ണ് തുറക്കുമ്പോള്‍ ഒരുവന് ശര വേഗത്തില്‍ കൈകള്‍ വിടുവിച്ചു മഴയില്‍ നടന്നകലുന്നു. നേര്‍ത്ത മഴക്കാലയിരുളില് അവന് നനഞ്ഞു നനഞ്ഞു നടക്കുന്നു. ഒഴുകുന്നു. വെള്ളത്തിനു മേലെ ഒരുവന് നടക്കുന്നു. ഞാന്‍ ചുണ്ടുകള്‍ തൊടുന്നു. നനവ്, എരിവ്..മേലാകെ ചുടുന്നു. തണുപ്പിലും ഞാന്‍ വിയര്‍ക്കുന്നു.
നാല് മണിയുടെ ‘പ്രശംസ’ വരുന്നു. കണ്ടക്ടരുടെ വഷളന്‍ നോട്ടത്തിന് മറുപടിയായി ഞാനവനെ നോക്കി നില്ക്കുന്നു. അവന് പതറുന്നു. പേടിയ്ക്കുന്നു. അവന് മുന്‍ വശത്തേയ്ക്ക് പോകുന്നു.എന്നാലും തിരിഞ്ഞു നോക്കുന്നു.അവന്റെ ചിരി മാഞ്ഞു ഇപ്പോള്‍. ഒഴിഞ്ഞ സീറ്റിലിരുന്നു ഞാന്‍ പുറത്തേയ്ക്ക് നോക്കുന്നു. കാണാനിഷ്ടള്ളതെല്ലാം ഓടി മറയുന്നു. കക്കാട്ടെ പള്ളിയുടെ മീനാരം കാണുന്നു. പടവുകള്‍. വിളക്കുകള്‍ കത്തുന്നുണ്ട്.വിജനം.അല്ല. അവന്. അല്ല മറ്റൊരോ. അല്ല. അവന് തന്നെ. കറുത്ത കണ്ണുകള്‍ കൊണ്ടവന് ചൂഴ്ന്നു നോക്കുന്നു. എന്നെ കണ്ടിട്ടില്ല. ഞാന്‍ അല്‍പ്പനേരം തിരിഞ്ഞു നോക്കിയില്ല. പിന്നെ നോക്കുമ്പോള്‍ ഒരുവന് അവിടെത്തന്നെ നിന്ന് നോക്കികൊണ്ടിരിയ്ക്കുന്നു. ഇനി പ്രാര്‍ത്ഥന. നിശബ്ദ പ്രാര്‍ത്ഥന. മീനാരങ്ങള്‍ വിറകൊള്ളും. വേദന മുഴുവന്‍ ഒരു നേര്‍ത്ത നിലവിളി പോലെ ഒഴുന്നു. തെങ്ങിന് തലപ്പുകള്‍ക്ക് മീതെ. മുളംകൂട്ടങ്ങള്‍ക്ക് മീതെ..നനഞ്ഞു വിറയാര്‍ന്ന കിളിക്കരച്ചിലുകള്ക്ക് മേലെ.. കാറ്റില്‍ മുടിയിഴകളില്‍ ഒരു തലോടല്‍. ഒരു നെടുവീര്‍പ്പ്. ഒരു പിന്തിരിയല്.മഴക്കരച്ചില്‍. ആരോ ധൃതിയില്‍ ഷട്ടര്‍ ഇടുന്നു. വണ്ടിയിലെ വിളക്കുകള്‍ തെളിയുന്നു. ഇരുളില്‍ അനേകര്‍ തനിച്ചിരുന്നു ചിന്തിയ്ക്കുന്നു. ചിലര്‍ ഉറങ്ങുന്നു. ചിലര്‍ വേവലാതിയില്‍ ഷട്ടര്‍ പൊക്കി ഇറങ്ങാനുള്ള ഇടമായോ എന്ന് നോക്കുന്നു. ഒരാള്‍ മാത്രം ശൂന്യമായ മനസ്സുമായി ഇരിയ്ക്കുന്നു. ആരോ ബസ്സിന്റെ ചില്ലുകള്‍ തുടയ്ക്കുന്നു. നീരാവി..ഇളം ചൂട്. അടഞ്ഞ കണ്ണുകള്‍.അടഞ്ഞ കണ്ണുകള്‍. ഒരു കാപ്പി കുടിയ്ക്കാന്‍ തോന്നുന്നു.
ബസ് ഇപ്പോള്‍ പാലത്തില്‍. പനമ്പുഴ നിറഞ്ഞോഴുകുന്നു. നിശ്ചലമെന്നു തോന്നുന്ന പരപ്പ്. അടിയിലെത്ര ഒഴുക്കെന്നാരറിയുന്നു. എത്ര ചുഴി, ഇരുട്ട്.പ്രലോഭനങ്ങള്‍.എന്നിട്ടും ഏകാകിയായി ഒഴുകുന്നു പുഴ.
ജിത്തുവിന്റെ കഫെയിലിരുന്നു കാപ്പി കുടിയ്ക്കുന്നു.പുറത്തേയ്ക്ക് നോക്കുമ്പോള്‍ മഴ തകര്‍ക്കുന്നു. ബസ്സുകള്‍ വരുന്നു, പോവുന്നു.കയറാന്‍ ആരുമില്ല.ഇറങ്ങുന്നവര്‍ മഴയില്‍ നിന്ന് രക്ഷപ്പെടാനോടുന്നു.വലിയ ചീനി മരങ്ങള്‍ കുതിര്‍ന്നു നില്ക്കുന്നു.ബസ് സ്റ്റോപ്പില്‍ ആരുമില്ല.പണ്ട് ഒരു രാത്രി ഇതേ ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് ഒരു മിന്നലുണ്ടായത്, മിന്നലില്‍ ചീനിയുടെ ഒരു കൊമ്പ് ചിതറിയത്, ഇലകള്‍ , കുഞ്ഞു കുഞ്ഞു കമ്പുകള്‍ എല്ലാം കാലടിയോളം തെറിച്ചു വീണത്… അവ ശബ്ദമില്ലാതെ കരയുന്നുണ്ടായിരുന്നു. അന്ന് ഞാനും കരഞ്ഞു. അത്രയും ചിതറിയ മനസ്സുമായി അന്ന് ഒരുവള്‍ ദൂരെ ഒരു നഗരത്തില്‍ നിന്നും വന്നിറങ്ങിയതായിരുന്നു.മിന്നല്‍ കൊണ്ട ഒരു കുഞ്ഞു മരം. ചിതറിയ കഷണങ്ങള്‍ പെറുക്കിയെടുത്തു ഓര്‍ത്തോര്‍ത്തു കരഞ്ഞു,മഴയില്‍ നിന്നു. മൊബൈല്‍ റിംഗ് ചെയ്തു കൊണ്ടിരുന്നു. എടുത്തില്ല.അമ്മ തന്നെ അവസാനം അന്വേഷിച്ചു വന്നു. ഒരു വാക്കു പോലും പറയാതെ സ്കൂട്ടറിന് പിന്നില്‍ ഭാരമില്ലാതെ ഇരുന്നു മഴ നനഞ്ഞ് ഒരുവള്‍ പോയി. ഇരുളില്‍ നിന്നും ഇരുളിലെയ്ക്ക്. ദൂരെ എവിടെയൊക്കെയോ വെളിച്ചങ്ങളുടെ തുരുത്തുകള്‍.കരഞ്ഞു കൊണ്ടേയിരുന്നു.അമ്മയറിയാതെ.
നോക്കുമ്പോള്‍ ആരോ ഇപ്പുറത്തെ ബസ് സ്റ്റോപ്പില്‍ ഉണ്ട്. അതേ നീല ഷെര്റ്റ്. വ്യക്തമല്ല എന്നാലും മനസ്സ് ചാഞ്ചാടുന്നു. ഭാരമില്ലാതെ പാറുന്നു.അല്‍പ്പനേരം അവന് അവിടെത്തന്നെ നില്ക്കുന്നു.ചിന്ത, ചിന്തയുടെ ചിത. നോക്കി നില്‍ക്കുന്നവളും എരിയുന്നു.പ്രാര്‍ഥിയ്ക്കുന്നു.ഓടിച്ചെന്നാലോ എന്ന് തുടിയ്ക്കുന്നു.എന്നാല്‍ എന്നത്തെയും പോലെ മടിച്ചു നില്ക്കുന്നു.വേവലാതികളില്‍, ഓര്‍മ്മകളില്‍ കുടുങ്ങി നില്ക്കുന്നു.അവന് മഴയില്‍ നനഞ്ഞ് തിടുക്കത്തില്‍ റോഡ് ക്രോസ് ചെയ്യുന്നു.അപ്പുറത്തെ ബസ് സ്റ്റോപ്പില്‍ അവനുണ്ട്. മുഖം ഇപ്പോഴും കാണാന്‍ വയ്യ. അവന് ഒരു നിമിഷം കഫെയിലെയ്ക്ക് നോക്കിയിരിയ്ക്കണം. ഒരുവള്‍ വാതിലിലേയ്ക്കോടുന്നു. നോക്കുമ്പോള്‍ ബസ് നീങ്ങിക്കഴിഞ്ഞു.ഭ്രാന്ത് പിടിച്ചു പെയ്യുന്ന മഴയില്‍ അത് ഒഴുകിയൊഴുകിപ്പോകുന്നു. ഒരുവള്‍ തൂവലാകുന്നു.ദിശയറിയാതെ പാറുന്നു.
മഴക്കാലത്തെ മഴയില്ലാത്ത ദിവസം. തിളങ്ങുന്ന വെയില് എല്ലാ പച്ചപ്പുകള്‍ക്കും മേലെ തിമിര്‍ക്കുന്നു. മണ്ണില്‍ നിന്നും ആവി പൊങ്ങുന്നത് പോലും കാണാം. വരാന്തയില്‍ നിന്ന് നോക്കുമ്പോള്‍ പള്ളിയുടെ മീനാരം മഞ്ഞ നിറം നനവ് കലര്‍ന്ന് തിളങ്ങുന്നു. പ്രാവുകള്‍. ഒരുവള്‍ ചിന്തയില്‍ മുങ്ങിപ്പോകുന്നു. പിന്നെയും പിന്നെയും. പ്രാവുകള്‍. വെള്ളിത്തുണ്ടുകള്‍. ഓരോ പ്രാര്‍ഥനകളും ലോലമായ ചിറകുകളെ വിടര്‍ത്തുന്നു. അവ പറക്കുന്നു. നിശ്ചിന്തരായി ഒരു കൂട്ടം ആത്മാവുകള്‍ പ്രാര്‍ഥനയുടെ ലോലമായ അലകളില്‍ ഒഴുകുന്നു. ഉയരങ്ങളിലേയ്ക്ക് തുഴയുന്നു.പിന്നെ പിന്നെ അതിന്റെ അലയൊലികള്‍ അലിഞ്ഞലിഞ്ഞ് മരത്തലപ്പുകളില്‍ കുന്നിന് ചെരിവുകളില്‍ മാത്രമായി തങ്ങി നില്ക്കുന്നു.ആ അല്‍പ്പനേരം നിഷ്കളങ്കരായ ഹൃദയങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു കാറ്റ് വീശുന്നു. ഒരുവള്‍ നോക്കി നില്ക്കുന്നു. നോക്കി നില്‍ക്കെ ഒരുവനെ തിരയുന്നു. പടവുകള്‍ ശൂന്യമല്ല എന്ന് ശഠിയ്ക്കുന്നു. എന്നാല്‍ കണ്ണുകള്‍ ഇല്ല, നോട്ടങ്ങള്‍ ഇല്ല. നിശബ്ദമായ അഭ്യര്‍ത്ഥനയില്ല.ഒരുവള്‍ വരാന്തയിലലയുന്നു. സബോക്കുകള് വെയിലില്‍ തിളങ്ങി നില്ക്കുന്നു, അവളെ അറിയാത്ത പോലെ നടിയ്ക്കുന്നു.എത്ര അപരിചിതമായ ലോകം.വെയിലിനു കട്ടി കൂടുന്നു. മരങ്ങള്‍ വെറും മരങ്ങളായും, കാറ്റ് വെറും കാറ്റായും മാറുന്നു.ഒരുവള്‍ തിരികെ പോകുന്നു.തിരഞ്ഞു തിരഞ്ഞു മടുത്തു വഴിയാകെ അലയുന്നു.
പുഴക്കരയില്‍ അവനുണ്ടെന്നു കരുതി അവിടെയുമെത്തുന്നു. നിറഞ്ഞ പനമ്പുഴയുടെ കരയില്‍ നിറവില്ലാതെ ഒരുവള്‍. അരികില്‍ ചെരിഞ്ഞ തെങ്ങില്‍ ചാരി അവന് നില്‍പ്പുണ്ടെന്നു കരുതി ഒരു സംഭാഷണം തുടങ്ങുവാന്‍ ശ്രമിയ്ക്കുന്നു.
ഇന്നലെ രാത്രി നീയെരിയിച്ച മെഴുതിരി ഞാനായിരുന്നു. എന്റെ ചുവന്ന വെട്ടം കണ്ടു നീ ആനന്ദിച്ചു.
ഞാന്‍ നിന്നെ തൊട്ടു നോക്കിയല്ലോ
……
നിനക്ക് ഇളം ചൂടുണ്ടായിരുന്നു
ഞാനുരുകിയുരുകി തീര്‍ന്നുപോയി.നീ ഉറങ്ങിപ്പോയിരുന്നു
നീയടുത്തിരുന്നുവല്ലോ,എനിയ്ക്ക് എന്തോ ഇന്നലെ രാത്രിയെ പേടിയെ ഇല്ലായിരുന്നു.
അവസാനമായി ഞാന്‍ നിന്നെ നോക്കി. നീ ഉറങ്ങിപ്പോയിരുന്നു.
നിന്നെ ഞാന്‍ തൊട്ടിരുന്നവല്ലോ
എന്റെ കണ്ണില്‍ ഇരുട്ടായിരുന്നു
തപാലില്‍ ഒരു കത്ത് വന്നു. ഇത്രമാത്രം എഴുതിയിരുന്നു.
“ഇന്നലെ രാത്രി നീയെരിയിച്ച മെഴുതിരി ഞാനായിരുന്നു”
ഞാന്‍ ഭാരമില്ലാതെ അലഞ്ഞു. മുറികളില്‍ നിന്ന് മുറികളിലെയ്ക്ക് നടന്നു കൊണ്ടിരുന്നു. ജനാലച്ചില്ലില്‍ കവിള് ചേര്‍ത്ത് വച്ച് തണുപ്പറിഞ്ഞു.വരാന്തയിലിരുന്ന് ബോഗന്‍ വില്ലകളില്‍ മഴ വീഴുന്നത് നോക്കി നിന്നു.അമ്മയറിയായ്കയല്ല. പക്ഷെ ഞാന്‍ അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം പറഞ്ഞില്ല.എന്നാലും പതിഞ്ഞ രീതിയില്‍ രണ്ടു കണ്ണുകള്‍ എന്നെ പിന്തുടര്ന്ന് കൊണ്ടിരുന്നു. എന്റെ ഡയറികള്‍, നോട്ട് ബുക്കുകള്‍ എല്ലാം ആരോ വായിച്ചു കൊണ്ടിരുന്നു.
ആദ്യം ഉറങ്ങാന്‍ നോക്കി.സ്വപ്നങ്ങള്‍. കുട പോലെ തുറന്നു വരുന്ന മാനം. ഒരരികില്‍ വെളിച്ചം. വെളിച്ചത്തിലേയ്ക്കു ഒരു പട്ടം. മരത്തലപ്പുകളിലെയ്ക്ക് പതിയെ വീഴുന്ന പട്ടം. ഉണരാന്‍ നോക്കുമ്പോള്‍ പുതപ്പിനുള്ളില്‍ ശ്വാസം മുട്ടുന്നു. ഒരു വള്ളിപ്പടര്പ്പില്നിന്നും പുറത്തെത്താനുള്ള ആയാസം.
ഉറക്കം മടുത്തപ്പോള്‍ വായന. വാക്കുകളുടെ പാലങ്ങള്‍. വാക്കുകളുടെ പുഴകള്‍. വാക്കുകളുടെ കുന്നുകള്‍. അവയുടെ ചെരിവുകള്‍. ചുരുളിച്ചകള്.ഗന്ധം. പശിമ. ഇളം ചൂട്.
കുളിയ്ക്കുമ്പോള്‍ ഷവര്‍ അടയ്ക്കാതെ നില്ക്കുന്നു. ഓരോ അണുവിലും ജലനിശ്വാസങ്ങള്.പ്രാര്‍ഥനകള്‍.അര്‍ത്ഥനകള്‍. അവയില്‍ വെള്ളം ആവിയാകുന്നു.മേല്‍ക്കൂരയില്‍ തട്ടി വീണ്ടും വീഴുന്നു. ഒഴുകുന്നു. ഒഴുകിയൊഴുകിത്തീരുന്നു. ഒടുവില്‍ എല്ലാ ശബ്ദങ്ങളും നിലച്ച് ഒറ്റയ്ക്കാകുന്നു.
പത്രവാര്‍ത്തകള്‍ കാണുമ്പോള്‍, ടി വി കാണുമ്പോള്‍ കരച്ചില് വന്നു. ഏകാന്തത. ഒരാളെ തന്നെ പലരായി സ്വപ്നം കണ്ടു. വെറുത്തു. മാപ്പ് പറഞ്ഞു വീണ്ടും സ്നേഹിച്ചു. ഫോണ്‍ നമ്പരുകളില്‍ പിന്നെയും പിന്നെയും വിളിച്ചു.അലഞ്ഞു.സ്വയം മടുത്തു.അമ്മ അനിയത്തിമാരെ ഫോണില്‍ വിളിയ്ക്കാന്‍ തുടങ്ങി.
എന്നാല്‍ ഒരു നിമിഷം പോലും നില്‍ക്കാതെ ചലിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാം ഒരു ഞൊടിയില്‍ നിലയ്ക്കുന്നു. ആവര്‍ത്തനമുള്ള എല്ലാം നിന്നുപോവുന്നു. മഴയും, പകലുകളും, വിചാരങ്ങളും എല്ലാം.. ഏതോ വൈകുന്നേരത്തെ വെയിലിനു മേലെ പൊങ്ങിയ ഒരു കിളി ശബ്ദം പോലെ, ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ഒരുവന് കടന്നു പോകുന്നു.അടക്കിയ കരച്ചിലുകള്‍ക്കിടയില്‍ വിറയാര്‍ന്ന പ്രാര്‍ഥനകള്‍ക്കിടയില്‍ ഒരുവന് അലച്ചില്‍ മതിയാക്കി വിശ്രമിയ്ക്കുന്നു.മിന്നലില്‍ ചിതറിയ ഹൃദയം കൈകളില്‍ വാരിയെടുത്ത്, പലവട്ടം മുമ്പും ചെയ്തപോലെ ഒരുവള്‍ ഒരുവന്റെ കിടത്തം കാണാന്‍ പോകുന്നു.ഒരാളും അവളെ തിരിച്ചറിയുന്നില്ല. തിരിച്ചറിയുന്നവന് ഉറങ്ങുന്നു. മോഹനിദ്ര.പണ്ട് ഏതോ പുഴക്കരയില്‍ ഉറങ്ങിക്കിടന്നപോലെ.അങ്ങനെ ആയിരുന്നെങ്കില്‍ എന്നൊരുവള്‍ തുടിയ്ക്കുന്നു. ചുവരില്‍ ചാരിയിരുന്ന് അവനെ നോക്കിയിരിയ്ക്കുന്നു. പുതപ്പില്‍ നിന്ന് പുറത്തുവരുവാനുള്ള അവന്റെ വെപ്രാളം കണ്ടു കൊണ്ട്, നിശബ്ദമായ മനസ്സോടെ, ഒരുവള്‍ തണുത്ത തറയിലിരിയ്ക്കുന്നു.
ആരോ എരിച്ച മെഴുതിരി പോലെ കത്തുന്നു
മീനാരങ്ങളുണ്ടായിരിയ്ക്കും. വെയിലില്‍, മഴയില്‍ അവ കൈകളുയര്‍ത്തി നില്ക്കും. നിലയ്ക്കാത്ത അപേക്ഷകളോടെ. കാലമുള്ളിടത്തോളം. ഒരുവന് പടവുകളിലിരിയ്ക്കും.നേര്‍ത്ത വിറയലോടെ. എന്നുമെന്നും. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് വഴി കടന്നു പോവുമ്പോഴൊക്കെ ഒരുവള്‍ ഇടനാഴികളില്‍, വരാന്തകളില്‍ കാറ്റായി പരതും.എരിയും. പഞ്ഞിക്കെട്ടുപോലെ ചിതറും. പിന്നെ ദിക്കറിയാതെ ഒഴുകും.
അറിയാതെ എരിച്ചു കളഞ്ഞ ഒരു മെഴുതിരി..
Mar 7th
നില്ക്കൂ ഒന്ന് ഓര്‍ക്കട്ടെ,അമ്മ നടന്നു പോകുന്നത്..ഇടവഴികളിലൂടെ,പാടവരമ്പുകളിലൂടെ..
തല അല്പമൊന്നു ചെരിച്ച്,ഒരു കയ്യില്‍ ശീലക്കുട പിടിച്ച്..മറ്റെക്കൈകൊണ്ട് സാരിത്തലപ്പ് കുറച്ചൊന്നുയര്ത്തിപ്പിടിച്ച്..അമ്മ നടക്കുന്നത് എത്ര മെല്ലെയാണ്..അമ്മ വിളിയ്ക്കില്ലെങ്കിലും ഞാനും പോവുമായിരുന്നല്ലോ പിന്നാലെ.അമ്മ തിരിഞ്ഞേ നോക്കില്ല.ഞാന്‍ വേലികളിലെ പൂവുകളെയും,തോട്ടിലെ മീനുകളെയും നോക്കി,കിനാകണ്ട് അങ്ങനെ നടക്കും.മുന്നൂറാം കുളത്തിന്റെയടുത്തു പാലയുണ്ട്.പാലക്കൊമ്പത്ത് വിശറി വീശി ഇരിപ്പുണ്ടായിരിയ്ക്കും, ആരെങ്കിലും. പേടിയുണ്ട്. എന്നാലും ഞാന്‍ നിറുത്താതെ നടക്കും.
അമ്മയുടെ വിണ്ടുകീറിയ കാല്‍മടമ്പ് കാണാം,നരച്ച സാരി,തേഞ്ഞ ചെരിപ്പ്.അമ്മയ്ക്ക് പൂവുമ്പോ നല്ല സാരി ഉടുത്തൂടെ?ഇടയ്ക്ക് ഏട്ടന് ചോദിയ്ക്കാറുണ്ട്.ഓണപ്പൂക്കളുടെ നിറമുള്ള ഒരു സാരിയുണ്ടമ്മയ്ക്ക്,എന്ത് ഭംഗിയാണ് അത് കാണാന്‍.അമ്മ പോയാല്‍ അടുക്കളയില്‍ കേറണല്ലോ എന്ന് അവന് നിരാശപ്പെടും.ഞാന്‍ വെറുതെ നോക്കി നില്ക്കുകയെയുള്ളൂ.ഓരോലക്കൊടിയെങ്കിലും എടുത്ത് താടാന്ന് അവന് ദേഷ്യം പിടിയ്ക്കും.എനിയ്ക്ക് ചോറ് തന്ന് കഴിഞ്ഞ്,അവന് അച്ഛന് ചോറും കൊണ്ട് പോവുകയും വേണം.
“ഉത്സവങ്ങള്‍ക്ക് പോവുമായിരുന്നു ഒരമ്മയും കുട്ടിയും. ആളുകള്‍, നിറയെ ആളുകള്‍, പല ദേശക്കാര്‍. ഭാഷക്കാര്‍. അവരുടെ വര്‍ത്തമാനങ്ങളുടെ ഈണങ്ങള്‍, നീട്ടിക്കുറുക്കലുകള്‍,കുട്ടി അത്ഭുതപ്പെടും. അവരുടെ കടകളില്‍ പല നിറങ്ങളില്‍ വളകള്‍,മാലകള്‍. അമ്മയുടെ വെളുത്ത കൈകളില്‍ വളയിട്ട് കൊടുക്കും, മുറുക്കി ചുവന്ന ചുണ്ടുകളുള്ള തമിഴത്തികള്. അവരുടെ കയ്യില്‍ നിന്ന് വാങ്ങി അമ്മയും മുറുക്കും. ചിരി. പുഞ്ചിരി. പെട്രോമാക്സുകളുടെ വെളിച്ചത്തില്‍ ചാലിയിലെ ഭഗവതിയെപ്പോലെ അമ്മ..”
വഴിനീളെ ആളുകള്‍ അമ്മയോട് കുശലം പറയുന്നുണ്ടാകും.അമ്മ ഒന്നിനും മറുപടി പറയുന്നത് കാണാറില്ല.ചിരിയ്ക്കാറുണ്ട്,അത്ര തന്നെ.ആളുകളെന്നോടും ചോദിയ്ക്കുമല്ലോ,ഓരോന്ന്.”അമ്മന്റെ കുട്ട്യാ ?”.ഞാന്‍ അച്ഛന്റെയും കുട്ടിയായിരുന്നു.തെങ്ങിന്തോട്ടങ്ങളിലൂടെ കൈയ്യാഞ്ഞു വീശിയാണ് അച്ഛന് നടക്കുക.ഞാന്‍ കിതച്ചു പോകും.ഒപ്പമെത്താന്‍ ചിലപ്പോള്‍ ഓടെണ്ടി വരും.”ങ്ങക്ക് കുട്ടിനെ മാണ്ടേ ?” അപ്പോള്‍ വഴിവക്കില്‍ നിന്നാരെങ്കിലുമൊക്കെ ചോദിയ്ക്കും.അച്ഛന് ഒന്ന് തിരിഞ്ഞു നോക്കും. വെള്ള ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞിട്ടുണ്ടാകും.കോളറില്‍ തിരുകി വച്ചിരിയ്ക്കുന്ന തൂവാല വരെ നനഞ്ഞിട്ടുണ്ടാകും.പിന്നെ കൈമാടി വിളിയാണ്,അച്ഛന്.ഒക്കത്തിരുന്നാണ് ഇനി യാത്ര.തെങ്ങോലകള്‍ക്കിടയിലൂടെ വെയില് ഊര്ന്നുവരുന്നുണ്ടാകും.കാറ്റില്‍ അപ്പൂപ്പന്താടികള് പാറി നടക്കും.മനയ്ക്കലെ പറമ്പില്‍ വെള്ളപ്പൈക്കള് പുല്ലു തിന്നുന്നുണ്ടാകും.അച്ഛന് ഇതൊന്നും കാണാത്തപോലെയാണ് നടപ്പ്.ചിലപ്പോള്‍ അച്ഛന് വേറെന്തെങ്കിലും കാണുന്നുണ്ടാകും എന്നു വിചാരിയ്ക്കും ഞാന്‍.
അമ്മ ചിലപ്പോള്‍ കുറുക്കുവഴികളിലൂടെയും പോകാറുണ്ടായിരുന്നല്ലോ.അമ്മയറിയാത്ത വഴികളില്ലായിരിയ്കണം, പൊറ്റാളില്‍.വീട്ടുമുറ്റങ്ങളിലൂടെയും,തൊടികളിലൂടെയും ഒക്കെ അമ്മ നടക്കും.അബുവിന്റെ വീട്ടുമുറ്റത്ത് അടുപ്പുകൂട്ടി ആമിനുമ്മ മധുരക്കിഴങ്ങ് പുഴുങ്ങുന്നുണ്ടാകും,ചിലപ്പോള്‍.അബുവിന് മൂന്നുമ്മമാരായിരുന്നു.പിഞ്ഞാണിയില്‍ ആവിപറക്കുന്ന കിഴങ്ങ് തരും കദിയുമ്മ.”കുട്ടിക്ക് മാണ്ടേ..?”അമ്മ നടന്നു കഴിഞ്ഞിട്ടുണ്ടാകും അപ്പോഴേയ്ക്കും.ഞാന്‍ ഒപ്പമെത്താന്‍ പിന്നാലെ ഓടേണ്ടി വരും.ചിലപ്പോള്‍ ക്ലാസ്സിലിരിയ്ക്കുമ്പോള് അമ്മ പോകുന്നത് കാണാം.ഉയരമില്ലാത്ത സ്കൂള്മതിലിന്റെ അരികിലൂടെ, കൊന്നകളുടെ നിഴലിലൂടെ..”അമ്മയതാ പോണു ..” രാഗിണി ടീച്ചര്‍ ചൂണ്ടികാണിയ്ക്കും.നോക്കുമ്പോള്‍ ശരിയാണ്. അബുവിന്റെ വീട്ടുമുറ്റത്ത് കൂടി…അമ്മയുടെ കൂടെ പോവാന്‍ ഞാന്‍ കരയും.
“കാവുകള്‍ കടന്നു ഇടവഴി കടന്നാല്‍ അങ്ങാടി. ഇരമ്പത്തോടെ വരുന്ന ബസ്സ്. അമ്മ കുട്ടിയുമായി പോവുകയാണ്. ചെറിയമ്മയുടെ വീട്ടില്‍. വണ്ടിയിറങ്ങി എത്ര നേരം നടക്കണം. പൊടി മണ്ണുള്ള റോട്ടില്. അമ്മ ചേര്‍ത്ത് പിടിച്ചു നടക്കും.ചന്ദനത്തിന്റെ മണം അമ്മയ്ക്ക്. തണലുള്ള ഇടം മാത്രം നോക്കി നടക്കും അവര്‍.വാഴത്തോട്ടങ്ങള്‍ നനയ്ക്കാന്‍ കറുത്തു നീണ്ട ആളുകള്‍ വെള്ളം തേവുന്നുണ്ടാകും. എരിവെയിലില്‍ അവരുടെ ശരീരങ്ങള്‍ തിളങ്ങും. ഇടയ്ക്ക് കാണുന്ന ചെറിയ പറമ്പുകളില്‍ തട്ടമിട്ട പെണ്‍കുട്ടികള്‍ ആടുകളെ തീറ്റുന്നുണ്ടാകും.
ചെറിയമ്മ നിറഞ്ഞു ചിരിയ്ക്കും, കുട്ടിയുടെ കവിളില്‍ തലോടും. കുട്ടി കറുത്തുപോയി എന്ന് സ്നേഹം കാണിയ്ക്കും. ഉണ്ണിയപ്പം ഉണ്ടാക്കുന്നുണ്ടാകും ലക്ഷ്മി ചേച്ചി. ചുരുണ്ടമുടിയുള്ള ഒരേട്ടന് നോക്കും കുട്ടിയെ, അടുക്കള പ്പുറത്തെ അരമതിലിരുന്ന്..”
കാവിലെ മരങ്ങളുടെ കുറുകല്‍,സപ്പോട്ടകളുടെ തണല്‍,മുറ്റത്തിന്റെ അതിരിലെ മുല്ലവള്ളികള്‍..ഞാന്‍ അമ്മമ്മയുടെ വീടിപ്പറ്റി ആലോചിച്ചു നോക്കുകയാണ്…
അമ്മമ്മയുടെ വീട്ടിനു കുഞ്ഞുപുല്ലുകള്‍ മൂടിക്കിടക്കുന്ന ഒരു വലിയ മുറ്റമുണ്ടായിരുന്നു. ചിരുതമ്മ ചിലപ്പോള്‍ അതിരുന്നു പറിച്ചു കളയുന്നുണ്ടാകും. അവയ്ക്കിടയില്‍ കട്ടുറുമ്പുകളെ കാണാം.അവറ്റയുടെ കടികൊണ്ടാല്‍ നന്നായി നീറും.ഞാന്‍ സപ്പോട്ടമരങ്ങളുടെ ഇടയില്‍,കാവിന്റെയടുത്തൊക്കെ ചുറ്റിനടക്കും.തെയ്യന്കുട്ടി തേങ്ങ ഇടുന്നത്,പശുവിനെ കുളിപ്പിയ്ക്കുന്നത് ഒക്കെ നോക്കിയങ്ങനെ നില്‍ക്കാമല്ലോ..
അമ്മമ്മയും അമ്മയും പാടത്തിന്റെയും പറമ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു വഴക്കടിയ്ക്കുന്നുണ്ടാകും.ചിലപ്പോള്‍ ചെറിയമ്മമാരും കൂടും.ശബ്ദം കേള്‍പ്പിയ്ക്കാതെ വര്‍ത്തമാനം പറയുന്ന സുമ ചെറിയമ്മ വരെ പടിയ്ക്കല്‍ കേള്‍ക്കാന്‍ പാകത്തിന് ഒച്ചയിടും.അമ്മയുടെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചെവി കൂര്‍പ്പിയ്ക്കും.അപ്പോള്‍ കേള്‍ക്കാം റേഡിയോ ഉച്ചത്തില്‍ പാട്ടു പാട്ടുപാടുന്നത്.എല്ലാം കഴിഞ്ഞാല്‍ പരാതി പറയുന്ന അമ്മ തന്നെ പാത്രമൊക്കെ കഴുകിവയ്ക്കുന്നുണ്ടാകും.അല്ലെങ്കില്‍ അമ്മമ്മയ്ക്ക് ചായയിടുന്നുണ്ടാകും.
അമ്മമ്മയ്ക്ക് ചെറിയമ്മമാരുടെ ഏട്ടന്മാരോടൊക്കെ എന്തിഷ്ടം.ചിരിച്ചേ വര്‍ത്തമാനം പറയു.പത്തുമണി ക്കഞ്ഞി കുടിച്ചില്ലെങ്കില്‍ പരാതി പറയും. കുട്ട്യോളെ നോക്കാത്തതിന് ചെറിയമ്മമാരെ ചീത്ത പറയുന്ന പോലെ കാണിയ്ക്കും.എന്നെ പീടികയിലെയ്ക്കയക്കും ചിലപ്പോള്‍.ചില ദിവസം പണിക്കാരികളുടെ കൂടെ പള്ളിയാളിയില്‍ പോവണം.അവര്‍ക്കാര്‍ക്കും പോവേണ്ട.കടയുടെ മുന്നിലൂടെ അച്ഛന് കാണാതെ വേണം പോവാന്‍.കണ്ടാല്‍ അച്ഛന് കൈവീശി വിളിയ്ക്കും. ഞാന്‍ നന്നായി വിയര്ത്തിട്ടുണ്ടാകും.അച്ഛന് തൂവാല എടുത്തു എന്റെ വിയര്‍പ്പ് തുടയ്ക്കും.ഇവ്വിടിരിയ്ക്ക് എന്ന് പറഞ്ഞു കസേരയിലിരുത്തും. ചിലപ്പോള്‍ വേറെ ആരെങ്കിലും അയയ്ക്കും പള്ളിയാളിയിലേയ്ക്ക്.എന്നെ ചീത്തയൊന്നും പറയില്ല.ഉസ്സൈനാജിയുടെ പെട്ടിക്കടയില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ചിത്രകഥകള്‍ എടുത്ത് കൊണ്ട് വന്നു വായിയ്ക്കാന്‍ തരും. ഉസ്സൈനാജി എന്നെ നോക്കി പതിയനെ ചിരിയ്ക്കുന്നുണ്ടാകും.
“കുട്ടിയ്ക്ക് അമ്മ തോട്ടത്തിലിരുന്നു കഥകള്‍ വായിച്ചു കൊടുക്കുകയാണ്. വാഴത്തേനിറ്റിയ കരിയിലകള്‍. വാഴത്തടങ്ങള്‍ നനയ്ക്കാനുള്ള നീര്‍ച്ചാലുകള്‍ കാണാം.അവയില്‍ തെളിവെള്ളം.വെള്ളത്തില്‍ സ്വര്‍ണ്ണ മീനുകള്‍.മീനുകളെ തോര്‍ത്തില്‍ കോരി കുപ്പിയിലാക്കിക്കൊടുക്കുന്നു അമ്മ.അവ വിടര്‍ന്ന കണ്ണുകളോടെ കുപ്പിയില്‍ നീന്തുന്നു.വാക്കുകളില്‍ വന്നിടിയ്ക്കുന്നു.അവ കാണുന്ന ലോകത്തിപ്പോള്‍ അമ്മയും കുട്ടിയും മാത്രം. വെള്ളി നിറമുള്ള വെയിലില്‍ അമ്മ തിളങ്ങുന്നു.ചപ്പട്ടക്കിളികള് നിറുത്താതെ ചിലയ്ക്കുന്നു…”
ചിലപ്പോള്‍ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങിവരും.എന്നെ വിളിയ്ക്കാതെ ഒറ്റ നടത്തമാണ്.ഞാനും സങ്കടത്തോടെ തലതാഴ്ത്തി പിന്നാലെ പോവും.അമ്മമ്മ എന്നെ വിളിയ്ക്കും ” എടാ യ്യെന്തിനാടാ ഓളെ പിന്നാലെ പോണ്?” ഞാന്‍ മിണ്ടാതെ ഓടും.ചരലില്‍ കാലുവേദനിയ്ക്കും.”ഇന്നാടാ,ഇത് തിന്നിട്ടു പൊയ്ക്കോ” അമ്മമ്മ വിളിയ്ക്കുന്നുണ്ടാകും പൂമുഖത്ത് നിന്നും.ചിരുതമ്മ വേലിയ്ക്കല്‍ വന്നു നില്ക്കും.അമ്മയെ കണ്ണുനിറച്ചു നോക്കി പറയും “ഇന്റെ അമ്രാള് കരയല്ലി..”അവരും കരയും.അമ്മ എങ്ങനെയാണ് ആളുകളെ ഇങ്ങനെ കരയിയ്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.ഇന്നാള് അമ്മയെ കാണാന്‍ വന്നപ്പോള്‍,നാണുമാമയും കുറെ കരഞ്ഞു.നുണ പറഞ്ഞാല്‍ കരയേണ്ടി വരും എന്നച്ഛന്‍ പറയാറുണ്ടായിരുന്നു.എനിയ്ക്കും ഏട്ടനും ചോറുരുട്ടി തരുമ്പോള്‍, “അച്ഛന് നൊണ പറയ്യോ?” ഞാന്‍ ചോദിയ്ക്കും. “ഇല്ല” ഞാനും ഏട്ടനും ഏറെ നുണ പറയാറുണ്ടായിരുന്നു. ഞാന്‍ അതോണ്ടെന്നെയായിരിയ്ക്കും ഇങ്ങനെ കരയുന്നത്, എന്നോര്‍ക്കും ഞാന്‍.
ചിലപ്പോള്‍ വീട്ടിലെത്തുന്നവരെ അമ്മയൊന്നും മിണ്ടില്ല. ഞാന്‍ നടന്നുനടന്ന് അമ്മയുടെ ഒപ്പമെത്തും. അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയാല്‍,ഒന്നും മനസ്സിലാവില്ല.മൂക്ക് പിഴിയും അമ്മ. പക്ഷേ ഒന്ന് നോക്കുക കൂടിയില്ല. വീട്ടില്‍ എത്തിയാലുടനെ കട്ടിലില്‍ കേറിക്കിടക്കും.അച്ഛന് ചെന്ന് കുറെ വിളിച്ചാല്‍ കുറച്ചു ചോറുണ്ണും,അല്ലെങ്കില്‍ കാപ്പി കുടിയ്ക്കും.ഞാന്‍ അമ്മയുടെ അടുത്ത് ചുറ്റിപ്പറ്റിനടക്കും.അമ്മയുടെ കെട്ടിവച്ച മുടിയുടെ ചുഴി കാണാന്‍ എന്ത് ഭംഗി.പുറത്തു ഒരു കാക്കാപ്പുള്ളിയുണ്ടല്ലോ അമ്മയ്ക്ക്. അമ്മയുടെ മടമ്പ് വിണ്ടിരിയ്ക്കന്നു.കാലടിയില്‍ കരിയുണ്ട് .അങ്ങനെ കിടക്കുമ്പോള്‍ അമ്മ ചിലപ്പോള്‍ എന്നെ വിളിയ്ക്കും.അപ്പോള്‍ മാത്രം അമ്മ എന്നെ അടുത്തിരുത്തി മുടി തലോടും,ചായ കുടിച്ചോ എന്നൊക്കെ ചോദിയ്ക്കും.
“അമ്മ കുളിപ്പിയ്ക്കുകയാണ് കുട്ടിയെ. സോപ്പ് പതപ്പിച്ച് കൈക്കുമ്പിളിലാക്കി അമ്മ ഊതുമ്പോള്‍ കുമിളകള്‍, പുഴക്കരയിലൊരു മഴവില്‍. മീനുകള്‍ ഇക്കിളിയിടുന്നു കുട്ടിയെ. അമ്മയുടെ ചിരി. കുട്ടി അന്നുറങ്ങുമ്പോഴും മഴവില്ലുകള്‍ പൂത്തു നിന്നു. കുട്ടി മഴവില്ലിന്റെ അറ്റം എവിടെയെന്നു നോക്കി ഓടുകയാണ്. ഓടി ഓടി അങ്ങെത്തുമ്പോള്‍ അമ്മയുടെ ചിരി. മഴവില്ലുകള്‍ ഇങ്ങനെയാണല്ലോ ഉണ്ടാകുന്നതെന്ന് കുട്ടി അത്ഭുതത്തോടെ ഓര്‍ക്കുകയാണ് .. ”
ഒരു ദിവസം അമ്മ പാത്രം കഴുകുമ്പോള്‍ തല കറങ്ങി വീണു.പറമ്പില്‍ ആടിനെ തീറ്റുന്ന കദിയുമ്മയാണു സ്കൂളിലേയ്ക്ക് ഓടി വന്നത്. ഏട്ടനെ തിരഞ്ഞ്,അവര്‍ക്ക് ശ്വാസം കഴിയ്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഏട്ടന് ചെന്ന് നോക്കുമ്പോള്‍ വീട്ടില്‍ ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. ആമിനുമ്മയും, കൌസാത്തയും എല്ലാം. സുരേട്ടന് ഇട്ടു കൊടുത്ത കരിക്കും കുടിച്ച് അമ്മ ചിരിച്ചു കൊണ്ടിരിയ്ക്കുന്നു.അടുക്കളപ്പുറത്ത്. അവന് എന്നെ കൂട്ടാന്‍ വന്നു. “കുട്ടി മോനെ, അമ്മേനെ ആശ്വത്രിയില് കൊണ്ടോവ്വാടാ,യ്യ് വാ” അവന് കരയുന്നുണ്ടായിരുന്നു. അമ്മ മരിച്ചിരിയ്ക്കുമോ എന്ന് ഞാന്‍ പേടിച്ചു. ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ പോവുമ്പോള്‍ എന്റെ നെഞ്ഞിടിപ്പ് കൂടിക്കൊണ്ടിരുന്നു. അമ്മ തളര്‍ന്നു കിടപ്പായിരുന്നു. ജാന്വമ്മയും തിത്തിയുമ്മയും ഒക്കെ താങ്ങിപ്പിടിച്ച് അമ്മയെ കാറില്‍ കയറ്റി. ഞാന്‍ അടുക്കളപ്പുറത്ത് ഒളിച്ചു നിന്നു. കദിയുമ്മ എന്നെ കുറെ വിളിച്ചു നോക്കി. ഞാന്‍ പോയില്ല. തൊടി മുഴുവന്‍ വെയിലുണ്ടായിരുന്നു അന്ന്. അമ്മയെ ഇമ്പിച്ചുണി വൈദ്യര് സൂചി വയ്ക്കുന്നത് ഓര്‍ത്തപ്പോള്‍ എനിയ്ക്ക് കരച്ചില് വന്നു. വെയിലില്‍ വിയര്‍ത്ത് ഞാന്‍ നിന്നു.
“രാത്രികളില്‍ നിലാവുണ്ടായിരുന്നു. തെക്കേ കുന്നില്‍നിന്ന് അതിറങ്ങിവരും. രാത്രി ഏറെയാവണം.അച്ഛനുറങ്ങണം. തുറന്നു വച്ച ജനാലയിലൂടെ പുറത്തെയ്ക്ക് നോക്കികിടക്കണം. നക്ഷത്രങ്ങളെ എണ്ണി മടുക്കണം.അപ്പോള്‍ അമ്മയെ ഓര്‍മ്മ വരും കുട്ടിയ്ക്ക്. അന്നേരം നിലവിറങ്ങിവരും.പാടങ്ങള്‍ക്ക് മേലെ വെള്ളിവെട്ടത്തില്‍ മെല്ലെ മെല്ലെ ഒഴുകി,ഒരു പക്ഷെ തോട്ടുവരമ്പുകളില്‍ പിറ്റേ ദിവസത്തേയ്ക്ക് പൂത്തു നില്ക്കുന്ന പൂവുകളുടെ ഇടയിലൂടെ അത് വരുന്നു. ജനല്വിരികളിളകുന്നു.ചന്ദനമണം, ചെമ്പകവുമാവാം. ആശുപത്രി വരാന്തയില്‍ തൂണ് ചാരിയിരിയ്ക്കുന്ന അമ്മയെ കുട്ടി കാണുന്നു. ഇപ്പോള്‍ നിലാവ് തിരിച്ചോഴുകുകയാണ്.കുട്ടി അച്ഛനെ വിളിയ്ക്കുന്നു.”അമ്മ അമ്മ” അവന് കരയുന്നു.അച്ഛന്റെ കൈകള്‍ ഒരു പുതപ്പുപോലെ അവനെ പൊതിയുന്നു. “
സൂക്കേട് മാറി അമ്മയെ അമ്മമ്മ ആശുപത്രിയില്‍ നിന്ന് കൊണ്ട്പോയി അമ്മമ്മയുടെ വീട്ടിലേയ്ക്ക്.അവിടെയായിരുന്ന കാരണം എനിയ്ക്ക് വലിയ മടിയായിരുന്നു അമ്മയെ കാണാന്‍ പോവാന്‍.എന്നിട്ടവസാനം ഒരു ദിവസം ഏട്ടന്റെയൊപ്പം പോയി.അമ്മ എത്ര മെലിഞ്ഞുപോയിരുന്നു. സാരിയ്ക്ക് പകരം ഒരു നരച്ച ലുങ്കിയായിരുന്നു അമ്മയുടുത്തിരുന്നത്.ഒന്നും പറഞ്ഞില്ലെങ്കിലും എന്നെ അടുത്തിരുത്തി അമ്മ കഞ്ഞികുടിപ്പിച്ചു.അമ്മ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ ഇടംകണ്ണിട്ടു കണ്ടു.അമ്മമ്മ അന്നും എന്നെ ചീത്തപറഞ്ഞു.”ഇത്രോസായിട്ട് ചെക്കന് തള്ളേനെ കാണണം ന്നു തോന്നിയോ..?” അച്ഛനെയും കുറെ ചീത്തപറഞ്ഞു. ഏട്ടന് ദേഷ്യപ്പെട്ട് എണീറ്റ് പോയി. അമ്മമ്മ എനിയ്ക്ക് അമ്മയുടെ പഴയ ഫോട്ടൊക്കെ കാണിച്ചുതരുമായിരുന്നു.”ന്ത് ഭംഗ്യുള്ള കുട്ട്യായിരുന്നു..ദുഷ്ടന് കൊണ്ടോയി കേടു വരുത്തി.. ” അച്ഛന് ദുഷ്ടനായിരുന്നില്ല.അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛന് രാത്രി കരയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അച്ഛന് സിഗരട്ട് കുറെ വലിയ്ക്കും.രാത്രി ഉറങ്ങുമില്ല.
“പൂമുഖത്ത് തൂണ് ചാരിയിരിയ്ക്കുന്ന അമ്മയുടെ മടിയില്‍ തല വച്ച് കിടക്കുന്നു കുട്ടി.അപ്പോള്‍ വെയിലുണ്ട് കമുകിന് തോട്ടത്തിലൂടെ പിറകോട്ടു നടക്കുന്നു.ഒരു നീരുറവ വലിഞ്ഞുവറ്റിത്തീരുന്നതുപോലെ.ഇരുളുകൊണ്ട് ഭൂമിയെ ആരോ പൊതിയുകയാണ്, സാവധാനം.അമ്മയുടെ മുഖത്ത് കുട്ടി നോക്കുന്നു. ഇരുളില്‍ പതിയെ അത് മറയുന്നു.കുട്ടിയ്ക്കറിയാം അതാ അവിടെയാണ് അമ്മയുടെ കണ്ണ്,അവിടെ മൂക്ക്, അവിടെ ചുണ്ടുകള്‍..എന്നാലും ഇരുട്ട് തന്നെ.അമ്മേ കുട്ടി വിളിയ്ക്കുന്നു.മിന്നാമിന്നികളെക്കൊണ്ട് തൊടി നിറയുന്നു.ഇടവഴികളില്‍ നിഴലുകളനങ്ങുന്നു.അമ്മയുടെ മേത്ത് നിന്ന് മണം, കത്തുന്ന കരിയുന്ന മണം. കുട്ടി പേടിച്ചു കരഞ്ഞു, ശബ്ദമില്ലാതെ.”
തിരികെ വീട്ടില്‍ വന്നപ്പോഴും വന്നു പലരും. അമ്മ വിളറിചിരിച്ചു കൊണ്ട് അവരോടൊക്കെ വര്‍ത്തമാനം പറഞ്ഞു.ഉറങ്ങി എണീറ്റപോലെയായിരുന്നു അമ്മ.ആര്‍ക്കും ഇഷ്ടമില്ലാത്ത വല്ല്യമാമയുടെ അമ്മായിയും വന്നു.മംഗലാപുരത്തുനിന്ന്. അവര്‍ കുറെ കരഞ്ഞു,അമ്മയെ കെട്ടിപ്പിടിച്ച്. ഇവരൊക്കെ കരയുന്നതെന്തെന്ന് എനിയ്ക്കറിയില്ലായിരുന്നു. അമ്മ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി.അമ്മയുടെ യാത്രകള്‍ നിന്നു. അമ്മമ്മയും വന്നു ഒരു ദിവസം,കാറില്‍.മുറ്റത്ത് നിന്ന് തൊടിയിലേയ്ക്കൊക്കെ ഒക്കെ നോക്കി അച്ഛനോട് പറഞ്ഞു “ന്നാലും ന്റെ ബാലാ..” അമ്മയെ കൊണ്ട് പോവാന്‍ വന്നതായിരുന്നു അമ്മമ്മ.അമ്മ പോയില്ല. “എടി നിനക്ക് ശരീരം നോക്കണം , അതിവിടെ പറ്റ്വോ ?” എന്നിട്ടും അമ്മ പോയില്ല. “ബാലാ പണിക്കാരികളെ ആരെങ്കിലും വിടണോടാ.. ?” അമ്മമ്മ പോവാന്‍ നേരത്ത് പിന്നെയും ചോദിച്ചു.അച്ഛന് വേണ്ടെന്നു തലയാട്ടി.കാറ് പോയ വഴിയിലെ പൊടിയടങ്ങാന്‍ കുറെ നേരം വേണ്ടി വന്നു .
അമ്മ ക്ഷീണിച്ചു. എന്നിട്ടും ഇടയ്ക്കിടയ്ക്ക് മുറ്റം അടിച്ചുവാരാനും,വിറകുപെറുക്കാനും തുടങ്ങും. ഏട്ടനും അച്ഛനും കണ്ടാല്‍ ചീത്ത പറയും അമ്മയെ.പിന്നെപ്പിന്നെ അമ്മ തീരെ പുറത്തിറങ്ങാതായി.മരുന്നുകുപ്പികളെക്കൊണ്ട് ചെറിയ മേശപ്പുറം നിറഞ്ഞു.പലരും വരുന്നുണ്ടായിരുന്നു അപ്പോഴും അമ്മയെക്കാണാന്‍.
എന്നിട്ടും അമ്മ ഒരുദിവസം അമ്മമ്മയുടെ വീട്ടില്‍ പോയി.ആരും അറിയതെയാണ് അമ്മ പോയത്,ഞാനുമറിഞ്ഞില്ല.അബുവിന്റെ വീടിനുമുന്നിലുള്ള കുറെ കല്ലുവെട്ടിയ പടവുകള്‍ കയറണമായിരുന്നു ആ വഴി പോകുമ്പോള്‍..
പടവുകള്‍ക്ക് കീഴെ അമ്മ അനക്കമറ്റു കിടന്നു. എനിയ്ക്ക് പേരറിയാത്ത പൂവുകള്‍ എനിയ്ക്ക് പേരറിയാത്ത നിറങ്ങളില്‍ പൂത്തുനിന്നു,അവയ്ക്ക് നടുവില്‍ ഓണപ്പൂക്കളുള്ള നരച്ച സാരിയുടുത്തു അമ്മ കിടന്നു.
ഉറക്കെക്കരഞ്ഞുകൊണ്ട് ഏട്ടന് ഓടി വന്നു.അവന് കിതച്ചു,ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടി.അമ്മയെ കെട്ടിപ്പിടിച്ചു,അമ്മെ അമ്മെ എന്ന് നിലവിളിച്ചു.ആരൊക്കെയോകൂടി അമ്മയെ എടുത്ത് കൊണ്ട് പോയി.ഞാന്‍ വെയിലില്‍,കൊന്നകളുടെ കീഴെ അവിടെത്തന്നെ നിന്നു.ഏറെനേരം.അവസാനം എന്നെ കൂട്ടിക്കൊണ്ടുപോവാന്‍ കദിയുമ്മ വന്നു.ആളുകളേക്കൊണ്ട് മുറ്റം നിറഞ്ഞിരുന്നു.പെണ്ണുങ്ങളില്‍ പലരും ഉറക്കെത്തന്നെ നിലവിളിയ്ക്കുന്നു.അച്ഛന് കര്യാത്തന്റെ തോളില്‍ ചാരിനിന്നു കരയുന്നുണ്ടായിരുന്നു.ഞാനും കരഞ്ഞു.കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോയി.
അമ്മ പണ്ട് അച്ഛന്റെ ജോലിസ്ഥലത്ത് നിന്നുവരുമ്പോള്‍ ഞാനുമായി ഏതോ സ്റ്റേഷനില്‍ സ്ഥലംമാറി ഇറങ്ങിപോലും.അത് ഞാന്‍ സ്വപ്നം കണ്ടു.അച്ഛന് എന്നെ കണ്ടുപിടിച്ചു.പക്ഷെ അമ്മയെ ഞങ്ങള്‍ എത്രതിരഞ്ഞിട്ടും കണ്ടില്ല..
പിന്നെയും ഞാനും ഏട്ടനും അച്ഛനും എങ്ങോട്ടൊക്കെ യാത്ര പോയി..!ഓരോ പ്രാവശ്യം യാത്ര തുടങ്ങുമ്പോഴും ഞാന്‍ വഴിയിലേയ്ക്കു നോക്കും..അല്‍പ്പം മുന്നില്‍ തലയല്‍പ്പം ചെരിച്ച് ആരെങ്കിലും നടപ്പുണ്ടോ..?പതുക്കെ,ഒരു പുല്‍ക്കൊടിയ്ക്ക് പോലും നോവാതെ..