അടിയാളപ്രേതം

IMG_7571

പി എഫ് മാത്യൂസിന്റെ എഡിറ്റിംഗ് പ്രോസസ്സ് നല്ലതാണ് എന്നെനിയ്ക്കു “ചാവുനിലം” വായിച്ച സമയത്തേ ബോധ്യമുള്ളതാണ്. മറ്റൊരു മലയാളി എഴുത്തുകാരന്റെ കയ്യിൽ മുന്നൂറു-നാനൂറു പേജ് എത്തിയേയ്ക്കാവുന്ന നോവലാണ് മാത്യൂസ് ഇരുനൂറിൽ താഴെ പേജുകളിൽ, എന്നാൽ effective ആയി എഴുതിയിരിയ്ക്കുന്നത്. ആ നോവൽ മലയാളത്തിലെ ഒരു ലാൻഡ് മാർക്ക് നോവലായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു. “ഇരുട്ടിന്റെ പുണ്യാളനി”ലും ഈ മികവ് കാണാമെങ്കിലും ശൈലിയിൽ വലിയ പുരോഗതി കാണിയ്ക്കാത്ത നോവലാണ് അത്. അതിനുശേഷം വന്ന ചെറുകഥകളിൽ മറ്റു രീതികൾ കാണുന്നെങ്കിലും “അടിയാള പ്രേതം” എന്ന കഥയിൽ ശൈലി മാത്രമല്ല, “പുണ്യാളന്റെ” hangover മാറാത്ത പോലെയാണ് എനിയ്ക്കനുഭവപ്പെട്ടത്. പിന്നാലെ വന്ന നോവൽ ഈ കഥയുമായി ബന്ധപ്പെട്ടാണ് എന്ന് കണ്ടപ്പോൾ എനിയ്ക്കു കൗതുകമായി. എന്നാൽ ഈ നോവലിൽ തന്റെ ഡാർക്ക് ശൈലിയിൽ മാറ്റം വരുത്താൻ ശ്രമിയ്ക്കുന്ന ഒരെഴുത്തുകാരനെയാണ് കാണാൻ കഴിഞ്ഞത്. ആഖ്യാനമാകട്ടെ മുന്നോട്ടും പിന്നോട്ടും മാറിമാറി സഞ്ചരിയ്ക്കുന്നു.

“പുണ്യാളനി”ലെ കഥാതന്തുവിനെ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ചേർത്ത് extend ചെയ്യാൻ നോക്കുന്നതാണ് ഈ നോവലിലെ കഥ. സേവ്യറുടെ മുറിയിലെത്തുന്ന ഒരാൾ ജനലിലൂടെ പുറത്തേയ്ക്കു വീഴുന്നതും അയാളെ വണ്ടിയിടിയ്ക്കുന്നതുമായി നമ്മൾ ആ നോവലിലും പിന്നെ മേൽപ്പറഞ്ഞ കഥയിലും വായിച്ച സംഗതികൾ എല്ലാം ഒരു ഗൂഢപദ്ധതിയുടെ ഭാഗമെന്ന നിലയിൽ വികസിയ്ക്കുകയാണ് ഇവിടെ. അച്ചമ്പി എന്ന കഥാപാത്രത്തിന്റെ ആഭിചാരക്രിയകളും അത് ചെയ്യാൻ അയാൾ കൂട്ടുപിടിയ്ക്കുന്ന അടിയാളനായ കുഞ്ഞുമാക്കോത എന്നയാളുമാണ് നോവലിൽ ഒരുവശത്ത്. മാക്കോതയുടെ തിരോധാനം അന്വേഷിച്ചെത്തുന്ന ഉണ്ണിച്ചെക്കൻ എന്ന പോലീസുകാരനും അയാളെ ചുറ്റിയുള്ള ദുരൂഹതയും മറുവശത്തും. കഥ പല പാത്രങ്ങളിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിയ്ക്കുന്നതും രഹസ്യത്തിന്റെ ചുരുളഴിയുന്നതും ആണ് ബാക്കി.

മാത്യൂസിന്റെ എഴുത്തു കൃത്യമാണ്. അനാവശ്യ വിവരണങ്ങളോ, സംഭാഷങ്ങളോ ഇല്ലാതെ ഒരു നോവെല്ലയുടെ ദൈർഘ്യം മാത്രമുള്ള പുസ്തകത്തിലെ എഴുത്തിൽ സിനിമയുടെ ദൃശ്യപരമായ സ്വാധീനം അല്പമുണ്ടെന്ന് വായനക്കാരൻ സംശയിച്ചാൽ അത്ഭുതപ്പെടണ്ട, എന്നാൽ ചാവുനിലത്തെപ്പോലെ ഭ്രമിപ്പിയ്ക്കുന്ന രംഗങ്ങൾ നോവലിലില്ല. ഒരു കുറ്റാന്വേഷണ കഥയാണ് ഇവിടെ. ആഖ്യാനത്തിലെ ജമ്പ് കട്ടുകൾ അവസാനമായപ്പോഴേയ്ക്കും ആവർത്തനങ്ങളായി മടുപ്പുളവാക്കുവാൻ തുടങ്ങി – എന്ന് മാത്രമല്ല, അതുമൂലം നോവലിന്റെ ക്ലൈമാക്സ് (തകിട് പുറത്തെടുക്കുന്നത്) ഒരു impact-ഉം ഇല്ലാതെ കടന്നുപോവുകയും ചെയ്തു. നോവലിലെ രാഷ്ട്രീയവും ഉദ്ദേശിയ്ക്കുന്ന ഫലം ചെയ്യുന്നോ എന്നെനിയ്ക്കു സംശയമുണ്ട്. എന്നാലും പറയട്ടെ, ഒരു മോശം നോവലല്ല ഇത്. ഒരു മാത്യൂസിയൻ നോവലിൽ നിന്ന് നിങ്ങൾ പ്രതീക്ഷിയ്ക്കുന്ന എല്ലാം ഈ നോവലിലുണ്ട്. എന്നാൽ മേൽപ്പറഞ്ഞപോലെ എഴുത്തുകാരന്റെ ശൈലി മാറിവരുന്നതാണ് എന്നെ കൂടുതൽ കൗതുകപ്പെടുത്തുന്ന കാര്യം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top