
അജയ് മങ്ങാട്ടിന്റെ “സൂസന്ന” വായിയ്ക്കുമ്പോൾ അതിലെ ഭാഷയാണ് എന്റെ ശ്രദ്ധയിൽ ആദ്യം വന്നത് – നടപ്പുഭാഷയെ മറ്റൊരു വഴിയിലേയ്ക്ക് തീരിച്ചു വിടാനുള്ള ശ്രമം ആ നോവലിലുണ്ടായിരുന്നു(അതയാളുടെ നോൺ ഫിക്ഷൻ വായിച്ചതുകൊണ്ട് പരിചിതവുമായിരുന്നു). ബൊലാഞ്ഞോയുടെ കവിത ഉദ്ധരിച്ചുകൊണ്ടുള്ള നോവലിന്റെ തുടക്കം പോലും ആ കുതറലിന്റെ തയ്യാറെടുപ്പായിരുന്നു. അജയിന്റെ പുതിയ നോവലായ “മൂന്നു കല്ലുകൾ” ആ ശ്രമം എഴുത്തുകാരൻ തുടരുന്നതിന്റെ അടയാളമാണ്. ആറോ ഏഴോ കഥാപാത്രങ്ങളെ വച്ച് പല അടരുകളുള്ള കഥയാണ് ഈ നോവലിൽ. കവിതാമയം എന്നൊരു പ്രയോഗം ഭാഷയെ സംബന്ധിച്ചു പറയുമ്പോൾ കാണാറുണ്ടല്ലോ – അതൊരു ക്ളീഷേ ആയി മാത്രമേ എനിയ്ക്കു തോന്നാറുള്ളൂ. കവിത എനിയ്ക്ക് പറയാതെ പറയുന്ന ഒരു സംഗതിയാണ്. അഥവാ, വാക്കുകൾ കൊണ്ടുള്ള അഭ്യാസങ്ങൾ കണ്ടാൽ അതിനെ കടന്നുപോവാനുള്ള അറിവ് വായനയിൽ തികഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ വിചാരിയ്ക്കുന്നത്, അതല്ല ഞാൻ പറയുന്ന സംഗതിയും. ലോറൻസ് ഡ്യൂറലിന്റെ “ജസ്റ്റിൻ” ഇന്നലെയാണ് വായിച്ചു തീർത്തത്. അതിൽ മേൽപ്പറഞ്ഞ poetic ആയുള്ള എഴുത്തുശകലങ്ങൾ അനവധിയാണ്. എന്നാൽ അത് ടെക്സ്റ്റ്-നെ “കവിതാ”മയമാക്കുകയല്ല ചെയ്യുന്നത്, ഇറ്റ് കംസ് ഫ്രം ഡീപ് തോട്ട് എന്ന് തോന്നിയ്ക്കുകയാണ്, അത് എഴുതിവച്ചതിന്റെ കനം കൂട്ടുന്നു. അത് എന്നെ വികാരത്താൽ കുഴക്കുന്നു. അത്തരം എഴുത്തിൽ ഒരുതരം exaggeration തീർച്ചയായും ഉണ്ട്, അത് ഏച്ചുകെട്ടല്ല, ഭാഷയുടെ സാധ്യതയാണ്, ഭാവനയുടെയും. സൂസന്നയിലെ “ഞാൻ എന്റെ കൂട്ടുകാരെ സ്നേഹിച്ചു. അവർക്കൊപ്പം വാക്കുകളും എന്റെ കൂടെവന്നു. ഞാൻ വാക്കുകൾക്കകം സമാധാനമാകുന്നു.” എന്ന വാചകം അത്തരത്തിലുള്ളതാണ്. ആദ്യമായി വായിച്ചപ്പോൾ അതെന്നെ വികാരാധീനനാക്കി. അത് വാക്കുകളിലെ “കവിത” കൊണ്ടല്ല – മറിച്ച് നമ്മൾ വാക്കുകൾ കണ്ടെത്താതെ മൗനമായിരുന്ന സംഗതിയെപ്പറ്റി മറ്റൊരാൾ ലളിതപദങ്ങൾ ഉപയോഗിച്ചു ആവിഷ്കരിയ്ക്കുന്നത് വായിച്ചുള്ള സന്തോഷവും കൂടെയായിരുന്നു. അത്, പറഞ്ഞപോലെ, ആഴത്തിലുള്ള ഏതോ ഒരു ചിന്തയെ ഉയർത്തിവിടുന്ന ഒന്നായിരുന്നു. അത്തരം ഉജ്ജ്വലമായ പാസേജുകൾ അനവധിയുള്ള നോവലാണ് “മൂന്നു കല്ലുകൾ”. “ഇതിഹാസത്തിന്റെ ഇതിഹാസം” വായിയ്ക്കുമ്പോൾ അതിൽ നോവലിന്റെ പബ്ലിഷിങ്ങിനെപ്പറ്റി സംശയിച്ചു കഴിയുന്ന വിജയന്റെ അടുത്തെത്തുന്ന ഒരു സുഹൃത്ത് അയാളോട് നോവൽ വായിയ്ക്കാൻ പറയുകയും, അതിന്റെ ആദ്യഭാഗം കേട്ട് “ഇതൊരു സിംഫണി പോലെയിരിയ്ക്കുന്നു” എന്ന് പറയുന്നതുമായ ഭാഗം കണ്ടു. ഒരു വാക്കുപോലും എടുത്തു മാറ്റാനില്ലാത്ത പുസ്തകമായാണ് ഖസാക്ക് ഇന്നും കരുതപ്പെടുന്നത് എന്നാണ് എന്റെ വിചാരം. മലയാളത്തിലെ പെർഫെക്റ്റ് നോവലുകളിലൊന്ന്. “മൂന്നു കല്ലുകൾ” തികവുറ്റ സിംഫണിയാണെന്നു ഞാൻ കരുതുന്നില്ലെങ്കിലും വായനക്കാരെ വൈകാരികമായി പിടിച്ചുയർത്തുന്ന ഒരു effect ഈ നോവലിലെ പല ഭാഗങ്ങൾക്കുണ്ട്.
നോവലിൽ കറുപ്പൻ എന്ന പ്രൂഫ് റീഡർ തന്റെ പ്രസാധകൻ ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട് ചെന്ന് ഒരു മുൻകാല നടന്റെ ആത്മകഥ ഗോസ്റ്റ് റൈറ്റ് ചെയ്യുകയാണ്. അയാൾ മുന്നെയും അതുപോലൊരു പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്. നടന്റെ വീട്ടിൽ വച്ച് അയാൾ കബീറിനെ കണ്ടുമുട്ടുന്നു – അപ്പോൾ തന്നെ അയാൾക്ക് പൊടുന്നനെ അവനോട് ആഴത്തിലുള്ള ഒരു ബന്ധം രൂപപ്പെടുന്നു. കബീർ അയാളോട് മാധവന്റെ കഥ പറയുന്നു. മാധവൻ മുന്നെ കബീറിനോട് പറഞ്ഞ കഥയാണ് ഇത് (മാധവൻ കബീറിനെ കാണുന്നതും അടുപ്പമാകുന്നതും ഇതുപോലെ പെട്ടെന്നാണ്). മാധവൻ ഏക എന്ന പെൺകുട്ടിയെ സ്നേഹിയ്ക്കുന്നു, എന്നാൽ റഷീദ എന്ന സ്ത്രീയെ വിവാഹം കഴിയ്ക്കുന്നു. റഷീദയുടെ ഉപ്പ, ഊറായി മാധവനെ അവന്റെ കൗമാരകാലത്ത് കണ്ടിട്ടുണ്ട്. അയാൾ മാധവന്റെ വീട്ടിൽ വരികയും കുട്ടിക്കാലത്ത് അവനെ തന്റെ വീട്ടിൽ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. അവിടെ വച്ച് റഷീദയുടെ ഗർഭിണിയായ ഉമ്മ മിനായെ മാധവൻ കാണുന്നു, റഷീദയെ പ്രസവശേഷവും കാണുന്നു. മാധവന്റെ ഓരോ അനുഭവവും വളരെ ആഴമുളളതാണ്. മിനാ തന്റെ കയ്യിൽ നനവുള്ള കൈ കൊണ്ട് തൊട്ടത് വർഷങ്ങൾക്കുശേഷവും അയാൾക്ക് അതേ തണുപ്പോടെ ഓർക്കാനാവുന്നുണ്ട്. ഈ ഭാഗങ്ങളിൽ മലയാള നോവലുകളിൽ നമുക്ക് പരിചിതമല്ലാത്ത ഹൈറേഞ്ച് ജീവിതം അതിന്റെ നിശബ്ദതയും, ഈർപ്പവും, നിഴലും, വെളിച്ചവുമായി നിറഞ്ഞു നിൽക്കുന്നു. മരങ്ങളും പാറക്കെട്ടുകളും അതിനു പശ്ചാത്തലമൊരുക്കുന്നു. മിനായെ മാധവൻ കാണുന്നപോലെയുള്ള ഭാഗങ്ങളിൽ ഭാഷ തന്നെയും മറ്റൊരു വിതാനത്തിൽ നിലകൊള്ളുന്നതായി എനിയ്ക്കനുഭവപ്പെട്ടു. മാധവന്റെ അച്ഛന്റെ പേരും എങ്ങനെയോ കറുപ്പൻ എന്നായിരുന്നു. അയാൾ മലവെള്ളം നീന്തിക്കയറി പ്രസവിച്ചുകിടക്കുന്ന മകനെ കാണാൻ വരുന്ന രംഗമുണ്ട് നോവലിൽ – അയാൾ തന്റെ തണുത്തുറഞ്ഞ വിരലുകൾ കൊണ്ട് ഭാര്യയുടെ പാദങ്ങൾ തൊടുന്നതിന്റെ സ്മരണ ആ അമ്മയ്ക്കുമുണ്ട്. അഥവാ, ഭൂതകാലത്തെ നാനാജാതി സമ്പർക്കങ്ങളിലൂടെ സദാ അനുഭവിച്ചുകൊണ്ടേയിരിയ്ക്കുന്ന പാത്രങ്ങളാണ് ഈ നോവലിന്റെ കേന്ദ്രത്തിൽ, കഥാപാത്രങ്ങളുടെ തൊടൽ (സ് നേഹം) നോവലിലെ ഒരു പ്രധാന സംഗതിയാണ്. ഇതിലും മേൽപ്പറഞ്ഞപോലെയുള്ള ഒരു exaggeration ഉണ്ട്. എന്നാൽ ഇത് അധികപ്പറ്റല്ല. അത്തരം കഥാപാത്രങ്ങളെ വച്ച് മാത്രം പറയാവുന്ന കഥയാണിത് – അവരുടെ സ് നേഹവും സംഭാഷണവും വികാരവായ്പ്പും എല്ലാം അന്നേരങ്ങളിൽ നോവലിന്റെ ഭാഷയിൽ ഉണ്ടാകുന്നതുപോലെ ഒരു elevation-നു വിധേയമാകുന്നു. അവസാന ഭാഗങ്ങളിൽ ഒരാൾ ആഖ്യാതാവായ കറുപ്പനോട് ചോദിയ്ക്കുന്നുണ്ട് – നിങ്ങൾ ഈ ആളുകളെ ഒന്നും കണ്ടിട്ടില്ല, ഈ കഥകളൊക്കെ സത്യമെന്നു നിങ്ങളെങ്ങനെ അറിയും? കബീർ പറഞ്ഞ അറിവേ അയാൾക്കുള്ളൂ. കബീറിന് മാധവൻ പറഞ്ഞതും. പിന്നെയുള്ളവരും പലതും പറയുന്നുണ്ട്. ചില വായനക്കാർ ഈ ത്രെഡുകൾക്കിടയിൽ കുടുങ്ങിപ്പോകാനിടയുണ്ട്. എന്നാൽ പുസ്തകം എന്താണോ അതായി മാത്രമേ വായന നമ്മൾ വായനക്കാർക്ക് കഴിയൂ എന്നതാണല്ലോ അതിന്റെ സംഗതി. അഥവാ, സാധാരണ വായനക്കാർ നോവലിനുവേണ്ടി ചെറിയ മാനസിക മുന്നൊരുക്കം നടത്തേണ്ടതുണ്ട് എന്ന് ചുരുക്കം.
നോവലിന്റെ മറ്റൊരു പശ്ചാത്തലം 1992, 2002 വർഷങ്ങളാണ്. ബാബരി മസ്ജിദും ഗോധ്രയും ഉണ്ടായ വർഷങ്ങൾ. അവയ്ക്ക് നോവലിന്റെ ഗതിയിൽ പങ്കുണ്ട്. പൊളിറ്റിക്സ് പറയുമ്പോൾ എഴുത്തുകാരന്റെ അവധാനത ശ്രദ്ധേയമായിത്തോന്നി. പ്രത്യേകിച്ചും അടുത്ത കാലത്ത്, ചില “പൊളിറ്റിക്കൽ” നോവലുകൾ മലയാളത്തിൽ വായിയ്ക്കാൻ ശ്രമിച്ച ഓർമ്മയിൽ. നോവലിലെ സൂപ്പർ നാച്ചുറൽ എലിമെൻറ് അവതരിപ്പിച്ച രീതിയും ഒതുക്കമുള്ളതാണ്. മാധവന്റെയും അയാളുടെ അച്ഛന്റെയും കഥയിൽ സവിശേഷ സ്ഥാനം അതിനുണ്ട്. ഉരുൾപൊട്ടലിൽ തുറന്നു വരുന്ന ഗുഹാമുഖം നോവലിലെ ഒരു രംഗത്തിലുണ്ട്. അവിടെവച്ചാണ് മാധവൻ ആദ്യമായി ഊറായിയെ കാണുന്നത്. ഉരുൾപ്പൊട്ടലിനു മുന്നേ അയാൾ കണ്ട ചോര എന്ന കഥാപത്രവും ഇതേ സ്ഥലത്താണ് പ്രത്യക്ഷപെടുന്നത്. ഇങ്ങനെ സ്ഥലങ്ങളും ആളുകളും സംഭവങ്ങളും തലങ്ങും വിലങ്ങും ബന്ധനത്തിൽ കഴിയുന്ന ഒരു ലോകം.
തെറ്റുകുറ്റങ്ങൾ ഇല്ലാത്ത നോവലെന്ന് നാട്യമൊന്നുമില്ല എനിയ്ക്കിവിടെ. ഈ ലോകസൃഷ്ടി ഒന്നുകൂടി മുറുക്കാമായിരുന്നു എന്നൊരു തോന്നൽ എനിയ്ക്കുണ്ടായി. എന്നാൽ നോവൽ അതിന്റെ ഹൈ പോയിന്റുകളിൽ തൊടുമ്പോൾ ഇങ്ങനെയൊരു എഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായല്ലോ എന്നൊരു സന്തോഷവും ഉണ്ടായി. അയാളുടെ അടുത്ത പുസ്തകം എന്തായിരിയ്ക്കും എന്നൊരു ആകാംക്ഷയും. ഉടനെ നോവൽ ഞാൻ രണ്ടാം തവണയും വായിച്ചു. ഈ കുറിപ്പ് ആ വായനയും കഴിഞ്ഞ, ഉച്ചനേരത്തുള്ള ആദ്യചിന്തകൾ എന്ന രീതിയിൽ കണ്ടാൽ മതിയാകും. ബാക്കി വഴിയേ ആകാമല്ലോ.
നനവുള്ള കുറിപ്പ്.