വാർ ആൻഡ് പീസ് ഈയിടെ രണ്ടാം തവണ വായിക്കുമ്പോഴാണ് ഫ്രഞ്ച് ആക്രമണം അന്നാട്ടിൽ നടക്കുന്ന അതേ രീതിയിലാണ് അടുത്ത നൂറ്റാണ്ടിൽ നാസികൾ അവരെ കീഴടക്കാൻ നോക്കുന്നത് എന്ന കാര്യം ശ്രദ്ധിയ്ക്കുന്നത്. നോവലിൽ നെപ്പോളിയന്റെ സൈന്യം സ്മോളൻസ്ക് വഴി പ്രവേശിയ്ക്കുന്നു, മുന്നോട്ട് നീങ്ങി, മോസ്കോയിലെത്തുന്നു – വഴി നീളെ ആളുകൾ അങ്കലാപ്പിലാകുന്നു. പല സ്ഥലത്തും ഫ്രഞ്ചുകാർ കർഷകരോട് അവരോട് കൂടെ ചേരാൻ പറയുന്നു – പിൻവാങ്ങുന്ന റഷ്യൻ ആർമി കെട്ടിടങ്ങളും വയലുകളും കത്തിയ്ക്കുന്നു(ജനങ്ങൾ പലരും ഫ്രഞ്ച് പക്ഷം ചേരുന്നു – പലയിടത്തും ജന്മിമാർക്കെതിരെ കലാപങ്ങളുണ്ടാകുന്നു ). മോസ്കോയിലെത്തിയ നെപ്പോളിയൻ വിചാരിച്ചത് റഷ്യൻ ചക്രവർത്തി നെഗോഷ്യേറ്റ് ചെയ്യുമെന്നാണ്, അതുണ്ടായില്ല, മോസ്കോയും കത്തുന്നു – തിരിഞ്ഞോടുന്ന ഫ്രഞ്ചുകാർ റഷ്യയിലെ അതിശൈത്യത്തിലും, റഷ്യൻ സൈന്യത്തിന്റെ നിരന്തര ആക്രമണത്തിലും, തകർന്നടിയുന്നു – ആറുലക്ഷം പേരുമായി പോയ നെപ്പോളിയൻ വളരെ കുറച്ച് സൈനികരുമായി ഒരുവിധത്തിൽ രക്ഷപ്പെടുന്നു. തുടർന്ന് യൂറോപ്പിയൻ രാജ്യങ്ങൾ ഒരുമിച്ച് നെപ്പോളിയനെ തോൽപ്പിയ്ക്കുന്നു, എന്നാൽ നെപ്പോളിയൻ ഒരു തിരിച്ചു വരവ് കൂടി നടത്തും – അതിനെ തുടർന്നാണ് അടുത്ത വർഷം (1815) വാട്ടർലൂ സംഭവിയ്ക്കുന്നത്. നാസികളോ, നെപ്പോളിയനെപ്പോലെ അമിത ആത്മവിശ്വാസവുമായി സ്മോളൻസ്ക് വഴി റഷ്യയിൽ കടക്കുന്നു, യുക്രെയിൻ വഴി സ്റ്റാലിൻഗ്രാഡിൽ വരുന്ന – വഴി നീളെ റഷ്യ പോരാടുന്ന ചിത്രമാണ് ഗ്രോസ്മാന്റെ സ്റ്റാലിൻഗ്രാഡ് എന്ന പുസ്തകത്തിൽ നമ്മൾ കാണുന്നത് – ദേശഭക്തി വഴിഞ്ഞൊഴുകുന്ന ഈ പുസ്തകം ചില കഥാപാത്രങ്ങളുടെ പേരിലാണ് സ്റ്റാലിന്റെ ഗുണ്ടകൾ നിരോധിക്കുന്നത് – സത്യത്തിൽ ടോൾസ്റ്റോയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടപോലെയാണ് ഗ്രോസ്മാന്റെ വിവരണങ്ങളും – സാധാരണക്കാരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും എല്ലാം ചേർന്നാണ് റഷ്യൻ റെസിസ്റ്റൻസിന് നേതൃത്വം കൊടുക്കുന്നത് – സ്റ്റാലിന് ഫാദർ ഓഫ് ദ നേഷൻ ടൈറ്റിൽ നേടിക്കൊടുത്ത ഉജ്ജ്വല യുദ്ധമാണ് പിന്നെ. നാസികൾ തോറ്റോടിയെന്നു മാത്രമല്ല, അവരെ തുരത്തി റഷ്യ ജർമ്മനിയിലെത്തി ക്യാമ്പുകൾ വരെ സ്വതന്ത്രമാക്കി (റഷ്യക്കാർ വരുന്നത് കണ്ട് ഭയന്ന് ജർമ്മൻസ് ആത്മഹത്യ ചെയ്യാൻ തുടങ്ങിയപ്പോൾ സ്റ്റാലിന് അത് തടയാൻ സ്വന്തം സൈന്യത്തോട് പറയേണ്ടി വന്നു). ആദ്യത്തേത് നോവലിലും പാഠപുസ്തകങ്ങളിലും വായിച്ച സംഗതിയായിരുന്നെങ്കിൽ രണ്ടാമത്തേത് മനസ്സിലാക്കാൻ പിൽക്കാലത്തെ വിപുലമായ വായന വേണ്ടി വന്നു – ഹോളിവുഡ് ആയിരുന്നല്ലോ രണ്ടാം ലോകയുദ്ധത്തിന്റെ പോപ്പുലർ ചരിത്രം എഴുതിയത്. ടോൾസ്റ്റോയി രേഖപ്പെടുത്തിയ മട്ടിൽ തന്നെ മറ്റൊരു യുദ്ധം കൂടി അന്നാട്ടിൽ നടന്നെന്നതാണ് കൗതുകകരമായ കാര്യം. നെപ്പോളിയന്റെയും നാസികളുടെയും പതനം ഈ യുദ്ധങ്ങളെത്തുടർന്നാണ് എന്നത് മറ്റൊരു സാമ്യം. നോവലിൽ മുന്നേ എഴുതിയിട്ടുള്ള പോലെ ഉജ്ജ്വലമായ ചെറിയ നിമിഷങ്ങളും, വളരെ വലിയ സ്കോപിലുള്ള വലിയ മുഹൂർത്തങ്ങളും ധാരാളം – നോവലിന്റെ മദ്ധ്യത്തിലെ വേട്ട അത്തരത്തിലൊന്നാണ് – എന്തിന് എന്ന് തോന്നിയ്ക്കുന്ന ഈ രംഗത്തിന് ശേഷമാണ് അതേ മട്ടിലുള്ള ഒരു യുദ്ധരംഗം അരങ്ങേറുന്നത് – ഇതുപോലെയുള്ള സംഗതികൾ കണക്റ്റ് ചെയ്തു വായിയ്ക്കാൻ വായനയിൽ ഒരു പ്രായമുണ്ട്. കൂടുതൽ വായിക്കുന്തോറും ഇതുപോലെയുള്ള പല വായനകൾ തമ്മിൽ കണ്ണി ചേരുന്നതും കാണാം. അടുത്തിടെ ബാബുപോളിന്റെ ആത്മകഥ (നിരവധി അനക്ഡോട്സ് ഉള്ള പുസ്തകമാണ് – ഒളപ്പമണ്ണയുടെ ഒരു ജാതിവെറി കമന്റ് വായിച്ചപ്പോൾ വേറെ ചില സംഗതികൾ ഓർമ്മ വന്നു) വായിച്ചതിന് ശേഷം അതിലെ കലാമണ്ഡലത്തിന്റെ ഉത്ഭവവും മറ്റും വായിച്ചതിന് പിറകെ വി എം ഗിരിജയുടെ ഷൊർണ്ണൂർ (പലപ്പോഴും മോശം ഗദ്യഭാഷയുള്ള) പുസ്തകത്തിൽ ഇതേ സംഗതി വേറൊരു രീതിയിൽ വന്നത് ശ്രദ്ധേയമായി തോന്നിയിരുന്നു. ഇന്നിത്രയും.