Patrick Radden Keefe -നെപ്പറ്റി മുന്നേ എഴുതിയിട്ടുണ്ട് – അയാളുടെ Empire of Pain ഒരു മരുന്നു കമ്പനി എങ്ങനെയാണ് ഓപ്യോയിഡ് ക്രൈസിസ് അമേരിക്കയിൽ ഉണ്ടാക്കിയെടുത്തത് എന്നും ഇങ്ങനെ അമേരിക്കൻ കാപിറ്റൽ സിസ്റ്റം ആ കമ്പനിയെ സംരക്ഷിച്ചു എന്നും വിവരിയ്ക്കുന്നു. Say Nothing എന്ന പുസ്തകത്തിൽ ഐ ആർ എയും ബ്രിട്ടീഷുകാരും തമ്മിലുള്ള സംഘര്ഷമാണ് വിഷയം – സാധാരണക്കാരുടെ ജീവിതം എങ്ങനെയാണ് അതുമൂലം ബാധിയ്ക്കപ്പെട്ടതെന്നും ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരതകളും എല്ലാം ഇവിടെ വിവരിയ്ക്കപ്പെടുന്നു – ആഴത്തിലുള്ള ജേര്ണലിസമാണ് ഈ പുസ്തകത്തിൽ – ഫിക്ഷനും ജേര്ണലിസവും സമ്മേളിയ്ക്കുന്ന തരം പുസ്തകങ്ങളുടെ കുത്തൊഴുക്കും ഇപ്പോഴുണ്ടല്ലോ. Say Nothing ഇപ്പോഴും വായനയിലാണ്. എന്നാൽ ഞാൻ അയാളുടെ പുതിയ പുസ്തകമായ London Falling ഈയിടെ വായിച്ചുതീർത്തു. പുട്ടിൻ അധികാരം പിടിച്ച സമയത്ത് ധാരാളം സമ്പത്ത് കമ്മ്യൂണിസ്റ്റ് കാലത്തും ശേഷമുണ്ടായ വാക്വത്തിലും കൈക്കലാക്കിയിരുന്ന റഷ്യൻ സമ്പന്നർ ലണ്ടനിലേയ്ക്കും മറ്റും രക്ഷപെടാൻ തുടങ്ങി. ലണ്ടൻ കോളനിക്കാലത്തെ ഉന്നതിയിൽ നിന്ന് നിലംപതിച്ച സമയമായതുകൊണ്ട് (അക്കാലത്ത് ലണ്ടനിലെ വായുവും തേംസ് നദിയിലെ ജലവും ശുദ്ധീകരിയ്ക്കപ്പെട്ടത്രെ) ബ്രിട്ടീഷ് അതോറിറ്റികൾ അവരെ ധാരാളമായി സ്വീകരിയ്ക്കാനും തുടങ്ങി. ഇങ്ങനെയാണ് റഷ്യൻ ഒളിഗാർക്കി ആഴ്സനലിനെ വാങ്ങുന്നവരെയുള്ള വിധത്തിൽ ശക്തി പ്രാപിയ്ക്കുന്നത്. പുസ്തകത്തിന്റെ ആദ്യത്തിൽ ഒരു കൗമാരക്കാരൻ MI6 ആസ്ഥാനത്തിന്റെ എതിർവശത്തെ കരയിലുള്ള അതിസമ്പന്നരുടെ ഒരു കോളനിയിലെ ഒരു പുത്തൻകൂറ്റ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയാണ്. ഒരു അപ്പർ മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് വന്ന മാക്സ് എങ്ങനെയാണ് റഷ്യൻ സമ്പന്നരുടെയും ലണ്ടൻ അധോലോകത്തിന്റെയും ഇടയിൽ എത്തിപ്പെടുന്നതും മരിയ്ക്കുന്നതും (അതോ കൊന്നതോ) എന്ന് വിവരിയ്ക്കുകയാണ് കീഫ്. പയ്യന്റെ മരണശേഷമാണ് അവനെ നുണക്കഥകളുടെ ആഴം കുടുംബം അറിയുന്നത് – എന്നാൽ ലണ്ടൻ പോലീസിലേയും രാഷ്ട്രീയത്തിലെയും അഴിമതി അന്വേഷണത്തിനെ വഴിമുട്ടിയ്ക്കുന്നു – ഇവിടെയാണ് കീഫിന്റെ സഹകരണം ഉണ്ടാകുന്നത്. കീഫിന്റെ അന്വേഷണബുദ്ധിയിൽ പല കുരുക്കുകളും അഴിയുന്നു. കൗമാരക്കാരനായ മാക്സ് എങ്ങനെയാണു ആഴ്സണലിന്റെ ഉടമസ്ഥന്റെ വിശ്വസ്തസഹായിയെ തന്റെ റഷ്യൻ ബന്ധങ്ങളെപ്പറ്റി പറഞ്ഞു വിശ്വസിപ്പിയ്ക്കുന്നത്? പയ്യൻ എങ്ങനെയാണു ഇന്ത്യൻ വംശജരായ രണ്ടു ക്രിമിനലുകളുടെ വിശ്വാസം നേടിയെടുക്കുന്നത് – അവരിലൊരാൾ അണ്ടർകവർ പോലീസുകാരനായിരുന്നോ? ഈ ഇന്ത്യൻ വംശജരിൽ ഒരുവനായ അക്ബർ, ഇദി അമീൻ അധികാരം പിടിച്ച സമയത്ത്, ഉഗാണ്ടയിലെ അതിസമ്പന്നരിൽ ഒരാളായിരുന്ന അബ്ദുളിന്റെ മകനായിരുന്നു – അയാളോടും മറ്റ് ഇന്ത്യക്കാരോടും ഉടനടി നാടുവിടാനാണ് അമീൻ കൽപ്പിച്ചത് – ഉഗാണ്ടൻ എക്കോണമി പോലും അതോടെ തകർന്നടിഞ്ഞു. എന്നാൽ അബ്ദുൾ ലണ്ടനിലെ ബന്ധങ്ങൾ വഴി തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം രഹസ്യമായി അവിടെയെത്തിച്ചിരുന്നു. പിന്നെ കുതന്ത്രങ്ങൾ ഉപയോഗിച്ചു അയാൾ വളർന്നു. മകനും പിറകിലല്ലായിരുന്നു. പിന്നെങ്ങനെയാണ് അയാളും അയാളുടെ ദുരൂഹ പശ്ചാത്തലമുള്ള സുഹൃത്തും ഒരു പത്തൊമ്പതുകാരനുമായി ബിസിനസ്സ് ചെയ്യുന്ന സാഹചര്യം വന്നത്? ലണ്ടൻ പോലീസിന്റെയും നീതിവ്യവസ്ഥയുടെയും കറപ്ഷൻറെ ആഴമാണ് കീഫ് കാണിച്ചു തരുന്നത്. മറ്റു രണ്ടു പുസ്തകങ്ങളുമായി തുലനം ചെയ്യുമ്പോൾ താരതമ്യന ലളിതമാണ് ഈ പുസ്തകം. എന്നാൽ വളരെയധികം താല്പര്യമുണർത്തുന്ന വിഷയങ്ങളാണ് ഈ എഴുത്തുകാരൻ കൈകാര്യം ചെയ്യുന്നത് – പുട്ടിനും സംഘവും റഷ്യൻ മാഫിയയും എങ്ങനെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഈ ലോകത്ത് വിഹരിയ്ക്കുന്നത് എന്നതും ഈ പുസ്തകത്തിൽ പറഞ്ഞുപോവുന്നുണ്ട് – കീഫിന്റെ സുഹൃത്താണ് ഫ്രം റഷ്യ വിത്ത് ബ്ളഡ് എഴുതിയത് – സാധാരണ വെസ്റ്റേൺ ശക്തികൾക്ക് എതിരിൽ നിൽക്കുന്നവരെ മുഴുവൻ ബാഡ് ലൈറ്റിൽ കാണിയ്ക്കുന്ന വെള്ളക്കാരൻ എഴുത്താളരുടെ അച്ചിലല്ല കീഫ് വന്നത് എന്നത് തന്നെ വായനാസുഖം തരുന്ന സംഗതിയാണ്.