മഞ്ഞുനഗരത്തിലെ ഇടവഴികൾ

22310142_496588890734079_5979095686722205246_n.jpg

2007-ലാണ് ഓർഹൻ പാമുക്കിന്റെ “Snow” വായിക്കുന്നത്. അന്ന് വരെയുള്ള വായനയിൽ നിന്നുള്ള ഒരു വഴി തിരിയലായിരുന്നു അത്. മധ്യ-പൗരസ്ത്യ ദേശത്തെ എഴുത്തുകാരെ തിരയാനുള്ള പ്രേരണയും. യാദൃശ്ചികമായി, പാമുക്കിന് തന്നെയും അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു എന്നത് പിന്നീട് അയാളുടെ മുൻ-പിൻകാലങ്ങളിലെ പുസ്തകങ്ങളിലൂടെ പോകുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ബൊലാഞ്ഞോയുടെ “സാവേജ് ഡിറ്റക്റ്റീവ്സ്” വായിക്കുമ്പോൾ അയാളുടെ പിൽക്കാല നോവലുകളുടെ പല സൂചനകളും, കഥാശകലങ്ങളും അതിൽ കണ്ടെടുക്കാൻ കഴിയുമെന്ന് പറയുന്നതുപോലെ Snow-യിൽ Museam of Innocence (ആ പേര് തന്നെ ഒരിടത്തു ആഖ്യാതാവ് പറയുന്നുണ്ട്) കൈകാര്യം ചെയുന്ന happiest moment എന്ന അടിസ്ഥാന ആശയത്തിന്റെ പൊട്ടും പൊടിയും, Strangeness In My Mind -ലെ ആത്മീയആചാര്യന്റെ ആദിരൂപം, പാമുക്കിന്റെ പുതിയ നോവലായ “Red-Haired Woman-ന്റെ ആധാരമായ ഈഡിപ്പസ് / സൊഹ്‌റാബ് കഥകളും (My Name is Red എന്ന നോവലിലും ഇതുണ്ട്), ഇതിലുണ്ട്. അത് മോശമെന്നോ ഈ നോവലുകൾ ആവർത്തനമെന്നോ അതിനർത്ഥമില്ല, മറിച്ച്, പാമുക് എന്ന എഴുത്തുകാരന്റെ എത്ര സൂക്ഷ്മതയോടെയാണ് അയാളുടെ കഥാലോകം നിർമ്മിച്ചെടുത്തിരിക്കുന്നത് എന്നത് പത്തുവർഷത്തെ വായനക്ക് ശേഷം മനസ്സിലാകുന്നുണ്ട് എന്ന് പറഞ്ഞതാണ്. പരിഭാഷകളിൽ പലപ്പോഴും ഈ നോവലുകളിലെ ടർക്കിഷ് ഭാഷയുടെ സ്വാഭാവികമായ banter നഷ്ടപ്പെട്ടു പോകുന്നത് പല നിരൂപകരും വായനക്കാരും എടുത്തു പറയാറുണ്ട്, ആ ഒരു സവിശേഷത ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുന്ന ഒരു കൃതി കൂടിയാണിത്. തുർക്കിയിലെ (അതുപോലുള്ള മറ്റു രാജ്യങ്ങളിലെയും) രാഷ്ട്രീയ ജീവിതത്തിന്റെ ഏറെക്കുറെ കൃത്യമായ ചിത്രം കൂടി ഇതിൽ നിന്ന് ലഭിക്കും. കൂട്ടത്തിൽ പാമുക്കിനെതിരെ ഭരണകൂടവും ജനങ്ങളും തിരിഞ്ഞതും ഈ നോവൽ വന്നതോടുകൂടിയാണ് – എന്നാൽ പാമുക് നിശ്ശബ്ദനായിരുന്നിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും തന്റെ ആശയങ്ങളും അഭിപ്രായങ്ങളുമായി തുർക്കിയിൽ (അമേരിക്കയിൽ കഴിയുന്നെന്ന് വിമർശകർ) തന്നെ കഴിയുന്നു.

പന്ത്രണ്ടു വർഷത്തെ വിദേശവാസത്തിനുശേഷം Kars എന്ന കിഴക്കൻ തുർക്കിയിലെ നഗരത്തിൽ എത്തുന്ന Ka എന്ന കവിയുടെ കഥയാണ് ഒറ്റ നോട്ടത്തിൽ Snow – അവിടെ തുടർച്ചയായി നടന്നു വരുന്ന പെൺകുട്ടികളുടെ ആത്മഹത്യകളെപ്പറ്റി ലേഖനമെഴുത്താണ് അയാളുടെ പ്രഖ്യാപിത ലക്‌ഷ്യം. എന്നാൽ അയാൾ കണ്ടുമുട്ടുന്നവരെ നോക്കിയാൽ – ഇസ്ലാമിസ്റ്റുകൾ, റിപ്പബ്ലിക്കൻസ്, പഴയകാല കമ്മ്യൂണിസ്റ്റുകൾ, ഫാസിസ്റ്റുകൾ, മോഡറേറ്റ് ഇസ്ലാമിസ്റ്റുകൾ, പോലീസ്, പട്ടാളം – തുർക്കിയുടെ തന്നെ ഒരു പരിച്‌ഛേദമാണ് Kars എന്ന് കാണാനാകും. അയാളുടെ ഉള്ളിലിരിപ്പ് ഒരു മോഡറേറ്റ് ഇസ്ലാമിസ്റ്റായ Muhtar-നോട് വിവാഹ ബന്ധം വേർപ്പെടുത്തിയ തന്റെ പഴയ കാമുകിയായ Ipek -നെ വീണ്ടെടുക്കുക എന്നതുകൂടിയാണ്. കനത്ത മഞ്ഞു‌വീഴ്ചയിൽ ആ സ്ഥലം കുറച്ചു ദിവസങ്ങൾ ഒറ്റപ്പെട്ടുപോകുന്നു (സൈബീരിയയുടെ അയൽപ്രദേശമാണിത്). പെൺകുട്ടികളുടെ ആത്മഹത്യകൾ പർദ്ദ നിരോധനത്തിനോടുള്ള എതിർപ്പാണെന്നാണ് ഇസ്ലാമിസ്റ്റുകളുടെ പ്രചാരണം. അധികാരികളും പൊതുബോധവും എല്ലാം പർദ്ദക്കെതിരാണ്. എന്നാൽ ഇസ്ലാമിസ്റ്റുകൾ അത് പെൺകുട്ടികളുടെ സ്വാഭിമാനവുമായാണ് ബന്ധപ്പെടുത്തുന്നത്. പെൺകുട്ടികളോട് പർദ്ദ അഴിക്കാൻ ആവശ്യപ്പെട്ട വിദ്യഭ്യാസ ഡയറക്ടർ Ka-യുടെ സാമീപ്യത്തിൽ തന്നെ  കൊലചെയ്യപ്പെടുന്നു. അവിടന്നങ്ങോട്ട് അയാൾ പ്രശ്നങ്ങളുടെ നടുവിലേക്ക് എടുത്തെറിയപ്പെടുകയാണ്. ആദ്യം Muhtar-നെ (സഹപാഠിയും, കവിയുമാണ് അയാൾ) കാണുന്ന അയാൾ അവിടെ നിന്ന് പോലീസ്, പ്രാദേശിക പത്ര ഓഫിസ്, ഇസ്ലാമിക ഭീകരൻ എന്ന് മുദ്ര കുത്തപ്പെട്ട Blue, ആത്മീയാചാര്യനായ Saadettin Cevhe, പ്രധാന കഥാപത്രമായ actor-revolutionary, Sunay തുടങ്ങി ഒരു പറ്റം ആളുകളുടെ വലയത്തിൽ പെട്ടുപോകുന്നു. മഞ്ഞിലും സംഘർഷത്തിലും ഉണ്ടാകുന്ന ഏക സന്തോഷം വർഷങ്ങളായി അയാളെ കയ്യൊഴിഞ്ഞിരുന്ന കാവ്യദേവതയുടെ കടാക്ഷമാണ് – കാമുകിയുടെ അടുത്തിരുന്നും, പോലീസ് സ്റ്റേഷനിലിരുന്നും, ഒരു ടോയ്‌ലെറ്റിൽ വച്ചുമൊക്കെയായി പത്തൊമ്പതു കവിതകൾ അയാൾ എഴുതുന്നു. അതിനിടയിൽ നോവലിസ്റ്റ് തന്നെ ആഖ്യാതാവായി രംഗപ്രവേശം ചെയ്യുന്നുണ്ട്. Sunay-യുടെ നാടകക്കമ്പനിയുടെ സ്റ്റേജിൽ വച്ച് Ka അവതരിപ്പിക്കുന്ന, നഷ്ടപ്പെട്ടുപോയ ഒരു കവിത പരിപാടിയുടെ വീഡിയോകളിൽ നിന്ന് ആഖ്യാതാവ് പകർത്തിയെടുക്കുന്നു. എന്നാൽ അയാളുടെ കവിതകളുള്ള നോട്ട്ബുക് നോവലിസ്റ്റിന് കണ്ടെടുക്കാനാവുന്നില്ല – അതിനായി അയാൾ Kars-ലും ജർമനിയിലും ഒക്കെ പോകുന്നുണ്ടെങ്കിലും.

Sunay-യുടെ നേതൃത്വത്തിൽ “My Fatherland or My Head Scarf” എന്ന വിപ്ലവ നാടകം അരങ്ങേറുന്നു – ഒരു പെൺകുട്ടി സ്കാർഫ് ഊരിയെറിയുന്നതാണ് നാടകത്തിന്റെ ആശയം. സ്വാഭാവികമായും ഇസ്ലാമിസ്റ്റുകൾ പ്രശ്നമുണ്ടാക്കുന്നു – അത് അവസാനിക്കുന്നത് പട്ടാളത്തിന്റെ വെടിവെപ്പിലാണ്. അവർ നാടകത്തിലെ അഭിനേതാക്കളായാണ് സ്റ്റേജിൽ വരുന്നതും ഇസ്ലാമിസ്റ്റുകൾക്കുനേരെ വെടിയുതിർക്കുന്നതും – പരിപാടി കാണുന്നവർ വിചാരിക്കുന്നത് എല്ലാം നാടകത്തിന്റെ ഭാഗമാണെന്നാണ് – മതപഠനശാലയിലെ കുട്ടികൾ വെടികൊണ്ടുവീഴുമ്പോൾ കാണികൾ എണീറ്റ് നിന്ന് കയ്യടിക്കുന്നു. എന്നാൽ Sunay രഹസ്യമായി നടപ്പാക്കിയ പട്ടാള അട്ടിമറിയായിരുന്നു അത്. തുടർന്ന് കുർദ്ദുകൾ വേട്ടയാടപ്പെടുന്നു. മഞ്ഞിൽ ഒറ്റപ്പെട്ടുപോയ ആ സ്ഥലത്തു അങ്കാറയിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ ഇടപെടലുകൾ സാധ്യവുമല്ല. നാടകത്തിനു മുന്നേ അതേ വേദിയിൽ കൊട്ടിഘോഷിക്കപ്പെട്ടു കവിത അവതരിപ്പിക്കുന്ന Ka ഇതിനുശേഷം എല്ലാവരുടെയും ശത്രുവായി മാറുന്നുമുണ്ട് – ആ തെറ്റിദ്ധാരണപോലും ആരോ പ്ലാന്റ് ചെയ്യുന്നതാണ്. വർഷങ്ങൾക്കു ശേഷം അയാളുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലേക്കു ആ സംഭവങ്ങൾ വളർന്നു (പാമുക് തന്റെ തന്നെ അവസ്ഥ വ്യംഗ്യത്തിൽ സൂചിപ്പിക്കുകയായിരിക്കാം).

ഈ സംഭവങ്ങൾ അൽപ്പം അലിഗറിപോലെയും കുറച്ചു അബ്സേഡിറ്റിയായും ഒക്കെയായാണ് അവതരിപ്പിക്കുന്നത് – മെലോഡ്രാമയിൽ നിന്ന് അത് കഥയെ രക്ഷിച്ചെടുക്കുന്നു. അവസാന ഭാഗങ്ങളിൽ കഥാപാത്രങ്ങളുടെ വികാരങ്ങളെ വായനക്കാരന് അനുഭവപ്പെടുന്നതിനായി ശൈലി സൂക്ഷ്മതലത്തിൽ മാറ്റി ഉപയോഗിക്കുന്നുമുണ്ട് പാമുക്. വെടിവെപ്പിൽ മരിക്കുന്ന Necip, Ka യുടെ ഒപ്പം കൂടുന്നു, അവനും സുഹൃത്തായ Fazil-ഉം Ka- യുടെ കാമുകിയുടെ അനിയത്തിയായ Kadife-യുമായി പ്രണയത്തിലാണ്, അവൻ ആദ്യത്തെ ഇസ്ലാമിസ്റ്റ് സയൻസ് ഫിക്ഷൻ എഴുത്തുകാരനാവാൻ ശ്രമിക്കുകയാണ് – അതിനു Ka സഹായിക്കണം. കമ്മ്യൂണിസ്റ്റുകാരന്റെ മകളായ Kadife ആണെങ്കിൽ പർദ്ദ അനുകൂലിയാണ്. അവൾ Blue-വിനെയാണ് പ്രേമിക്കുന്നത്, അവളുടെ ചേച്ചിയും ഒരു കാലത്തു അയാളെ സ്നേഹിച്ചിരുന്നു, അവളുമായി വിവാഹമോചനം നേടിയ Muhtar, Blue -വിനെ ഗുരുസ്ഥാനത്താണ് കണ്ടിരുന്നത് – ഇങ്ങനെ കഥ മുഴുവൻ ഒരു പ്രഹേളിക പോലെ ചെയ്തുവച്ചിരിക്കുകയാണ് പാമുക്. എന്നാൽ അയാളുടെ ഒളിഞ്ഞു നിന്നുള്ള ചിരിയാണ് നമുക്ക് കാണാൻ കഴിയുക. കവിയായ Muhtar ആത്മീയാചാര്യനോട് Rene, Mallarme തുടങ്ങിയവരെപ്പറ്റി ചോദിക്കുമ്പോൾ അയാൾക്ക്‌ അവരെപ്പറ്റി ഒരു ചുക്കുമറിയില്ലെന്നു കണ്ട് നിരാശനാകുന്നു – “I don’t want to be unfair, he is not a simple man; it’s just that he had a simple education” എന്നാണ് അയാളുടെ വിലയിരുത്തൽ. അവിശ്വാസി ആയിരുന്ന Ka മഞ്ഞു പെയ്യുന്നത് കണ്ട്, മറ്റു വികാരങ്ങളുടെ കുത്തൊഴുക്കിലും, മഞ്ഞിനെ ദൈവത്തോടാണ് ഉപമിക്കുന്നത്. എന്നാൽ അയാൾക്കപ്പോഴും ദൈവമുണ്ട് എന്നതിൽ ഉറപ്പൊന്നുമില്ല. Necip- ന്റെ മരണത്തിനുശേഷം കഥയിലെ അവന്റെ സ്ഥാനം ഏറ്റെടുക്കുന്നത് Fazil ആണ്.  ആഖ്യാതാവായി നോവലിസ്റ്റ് പ്രത്യക്ഷപ്പെടുന്നതോടെ ka-യുടെ സ്ഥാനം അയാളും. ഈയൊരു transition വളരെ സൂക്ഷ്മമാണ് നോവലിൽ – അന്വേഷണങ്ങൾക്കൊടുവിൽ Kars -ലെത്തുന്ന അയാൾ Ipek -നെക്കണ്ട് പരവശനാകുന്നുണ്ട് (“What if I died here, what if I declared my love to Ïpek, what if I just stayed here to look out the window?”). കൗതുകകരമായ ഒരു നിമിഷമാണ് അത്.

പത്തുവർഷത്തിനുശേഷം എന്റെ വായനയെ ഏറെ സ്വാധീനിച്ച എഴുത്തുകാരനെ വായിക്കുമ്പോൾ വായനക്കാരൻ എന്ന നിലയിൽ ഞാനേറെ മാറിയിട്ടുണ്ട് എന്നെനിക്കറിയാം. രണ്ടാം വായനയിൽ ആദ്യ വായനയിലെ വികാര വിചാരങ്ങൾ തോന്നാൻ വഴിയില്ലെങ്കിലും, മറ്റുനോവലുകളിൽ വിരസതയിലേക്കോ മെലോഡ്രാമയിലേക്കോ വഴുതിയേക്കാവുന്ന ഒരു കഥയെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്ന എഴുത്തുകാരനെ ഇതിലെനിക്ക് കാണാനാകുന്നുണ്ട്. എന്ന് മാത്രമല്ല അയാളുടെ തന്നെ കഥാലോകത്തെ അനവധി നോവലുകളിലൂടെ ഞാൻ പിന്നീട് വായിച്ചെടുത്തിട്ടുമുണ്ട്. അപ്പോൾ അവയിലോടുന്ന പൊതുവായ ആശയങ്ങളും അവയെ കൂട്ടിയിണക്കുന്ന നൂലും എനിക്ക് കാണാനാകുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലെ ആധുനികത/പാരമ്പര്യം, മതപരത/മതനിരപേക്ഷത തുടങ്ങിയ സംഘർഷങ്ങളേയും മറ്റു യൂണിവേഴ്സൽ ആശയങ്ങളെയും കൈകാര്യം ചെയ്യുന്ന, കൃത്യമായി മനുഷ്യപക്ഷത്തു നിലയുറപ്പിച്ചിരിക്കുന്ന, വ്യക്തമായ രാഷ്ട്രീയമുള്ള എഴുത്തുകാരനായാണ് പാമുക് എന്റെ മുന്നിൽ നിൽക്കുന്നത്. തുർക്കി എന്ന, യൂറോപ്പിന്റെ പടിവാതിലിൽ നിന്നിരുന്ന ഒരു രാജ്യത്തെ മേൽപ്പറഞ്ഞ ദ്വന്ദങ്ങൾ എവിടെയെത്തിച്ചു എന്നത് ഇന്ന് നമുക്കറിയാം. Sunay പോലെയോ, Erdogan പോലെയോ ഉള്ള സ്വാർത്ഥരുടെ കൈകളിൽ എത്തുന്ന ഒരു നാടിന്റെ ഭാവി പ്രവചിക്കുക കൂടിയാണ് ഈ നോവൽ. വ്യക്തിപരമായി പാമുക്കിന്റെ ഏറ്റവും മികച്ച നോവലായും ഞാനിതിനെ കാണുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top