
പ്രൂസ്തിന്റെ “Swan’s Way” -യിൽ തുടങ്ങി “Time Regained” -ൽ അവസാനിക്കുന്ന സീരീസ്, മ്യുസിലിന്റെ “Man Without Qualities” ജോയ്സിന്റെ “Ulysses” തുടങ്ങിയ കൃതികൾ വായിക്കുന്നത് എപ്പോഴും വളരെ ചെറിയ ഒരു വായനാക്കൂട്ടമാണ്. ഇവ പ്രയാസമേറ്റുന്നത് വിസ്താരം കൊണ്ടാണെങ്കിൽ ചില എഴുത്തുകാരുടെ ചെറു പുസ്തകങ്ങൾ തന്നെ മതി വായനക്കാരെ വലയ്ക്കാൻ – അതിലൊന്നാണ് Peter Handke -യുടെ പ്രശസ്തമായ “The Goalie’s Anxiety at the Penalty Kick”. എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെ ആയിരിക്കണം ഈ കൃതിക്ക് മലയാളികളുടെ ഇടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റാനായത് എന്ന് തോന്നുന്നു. എന്നാൽ ഈ ചെറുകഥ നോവലിന്റെ പേരിലെ കൗതുകം മാത്രമാണ് കടം കൊണ്ടിരിക്കുന്നത് എന്ന് അതിലേക്ക് കടക്കുമ്പോഴേ മനസ്സിലാകും (നോവലിൽ anxiety എന്ന വാക്കിനാണ് പ്രാധാന്യം, ‘ഏകാന്തത’ക്കല്ല).
വളരെയധികം സങ്കീർണ്ണതയുള്ള, ഏകാകിയായ, വിവാഹമോചനം നേടിയ Bloch എന്ന മുൻകാല ഗോൾകീപ്പറാണ് ഇതിലെ പ്രധാന കഥാപാത്രം. ഒരു ദിവസം ജോലിസ്ഥലത്തെത്തിയ അയാൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുന്നു എന്ന് കരുതി അവിടെ നിന്നിറങ്ങിപ്പോകുന്നു. പിന്നെയങ്ങോട്ട് അയാളുടെ ഇതുപോലുള്ള ചിന്തകളും, തോന്നലുകളും, അയാൾ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളുടെ സാമാന്യത്തിലധികം വിശദമായ വിവരണങ്ങളും മറ്റുമാണ്, നൂറ്റിമുപ്പതു പേജുള്ള നോവലിൽ. ഉപേക്ഷ (indifference) ആണയാളുടെ അടിസ്ഥാന സ്വഭാവം. അയാൾ എന്തിനെപ്പറ്റിയൊക്കെയോ ആകാംക്ഷപ്പെടുന്നുണ്ട് എന്ന് നമുക്ക് തോന്നും (ഒരു സ്ഥലത്തു ഫർണിച്ചറിന്റെ വില തിരക്കുന്നുണ്ട് അയാൾ), എന്നാൽ ഉടനെത്തന്നെ അയാളുടെ ശ്രദ്ധ മറ്റൊരു വിഷയത്തിലേക്കു മാറും. കഥയിലുടനീളം ഇത്തരം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഒരു സിനിമാശാലയിലെ ജോലിക്കാരിയായ പെൺകുട്ടിയെ രാത്രി ഒപ്പം കഴിഞ്ഞതിനുശേഷം പ്രകോപനമേതുമില്ലാതെ അയാൾ കഴുത്തു ഞെരിച്ചു കൊല്ലുന്നു, അതുപോലും വേറെയെന്തോ ചെയ്യുന്നതിനിടക്ക് എന്ന രീതിയിലാണ് നോവലിൽ വിവരിക്കുന്നത് – കഴുത്തൊടിയുന്ന ശബ്ദം അയാൾ കേൾക്കുന്നുണ്ട്, അതയാളെ അലോസരപ്പെടുത്തുന്നില്ല (“It sounded like a stone on a dirt road slamming against the bottom of a car.”). പിന്നെയൊരവസരത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞിനെപ്പറ്റി അയാൾ കേട്ടുകൊണ്ടിരിക്കുന്നു. ഒരു പാലത്തിൽ നിന്ന് നോക്കുമ്പോൾ കുഞ്ഞിന്റെ ശവം കണ്ടതുപോലെ അയാൾക്ക് തോന്നുന്നു, അയാൾക്കതു തീർച്ചയില്ല. എന്നാൽ അയാൾ ഒന്നും ചെയ്യുന്നുമില്ല. അവസാന ഭാഗത്തു ഒരു ഫുട്ബാൾ മത്സരം നടക്കുന്നിടത്തു ഒരാളുമായി സംസാരിക്കുമ്പോൾ അയാളുടെ ഗോളിയുടെ അനുഭവത്തെക്കുറിച്ചു പറയുന്നുണ്ട്. പെനാൽറ്റി എടുക്കുമ്പോൾ ഗോളി നോക്കുന്നത് പന്തിനെയല്ല മറിച്ചു അടിക്കുന്നവന്റെ ചലനങ്ങളെയാണ് – അതാകട്ടെ “It was like seeing somebody walk toward the door and instead of looking at the man you looked at the doorknob.” എന്നത് പോലെയും. ഇവിടെ എഴുത്തുകാരൻ വായനക്കാരന് ഒരു സൂചന കൊടുക്കുകയാണ് – പടിപടിയായി ഉന്മാദത്തിലേക്കു(schizophrenia) വീണുകൊണ്ടിരിക്കുന്ന ഒരാളാണ് Bloch, അയാളുടെ ചിതറിയ ചിന്തകൾ സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല, എന്താണ് reality, നിങ്ങൾ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നതാണ് ഇവിടത്തെ ചോദ്യം. മനസ്സ് പതറിക്കൊണ്ടിരിക്കുന്ന നായകൻ ചുറ്റുപാടുകൾ തനിക്ക് എന്തെന്തു സന്ദേശങ്ങളാണ് അയക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ട് ഒരിടത്ത്. മറ്റൊരു സമയത്ത് അയാൾ തന്റെ കാഴ്ചയെക്കുറിച്ചുള്ള വിവരണങ്ങൾ മനസ്സിലാവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നു. ഇത് മേൽപ്പറഞ്ഞ പതറിച്ചെക്കെതിരെയുള്ള അയാളുടെ പ്രതിരോധമായി വേണം വായിക്കാൻ.
തീർച്ചയായും കുറച്ചു പ്രയാസമേറിയ വായനയാണ് ഈ നോവൽ – വായനക്കാരൻ അക്ഷമനാകുകയും അസ്വസ്ഥനാകുകയും ഒക്കെ ചെയ്യും. എന്നാലിതിലെ കഥാപാത്രത്തിന്റെ ആന്തരിക രൂപപരിണാമത്തിന്റ scale കാഫ്കയുടെ metamorphosis-ലേതിന് സമമാണ് എന്നാണ് എന്റെ അഭിപ്രായം. നോവലിന്റെ ശൈലിയും ഘടനയും Handke – യുടെ ക്രാഫ്റ്റ് എത്രത്തോളം accomplished ആണെന്നതിന് തെളിവാണ്. (Wim Wenders 1972 -ൽ ചലച്ചിത്രമാക്കിയിട്ടുണ്ട്)