
“The Tobacconist” എന്ന നോവലിലൂടെ പ്രശസ്തനായ ഓസ്ട്രിയക്കാരൻ, Robert Seethaler-റുടെ ജർമൻ ഭാഷയിൽ എഴുതപ്പെട്ട ചെറുനോവലാണ് “A Whole Life”. ഒരു വ്യക്തിയുടെ കഥയിലൂടെ ഒരു തലമുറയുടെ, രാജ്യ ചരിത്രത്തിന്റെ കഥകൾ പറയുന്ന നോവലുകൾ നമുക്കന്യമല്ല. പെട്ടെന്നു മനസ്സിൽ വരുന്നത് Halldór Laxness -ന്റെ “Independent People” എന്ന നോവലാണ്. നോവൽ ചരിത്രത്തിലെ പ്രധാനപെട്ട ഒന്നാണ് ഈ നോവൽ എന്നാണ് എന്റെ വിചാരം. മനുഷ്യന്റെ അദ്ധ്വാനത്തെയും അതിജീവിക്കാനുള്ള ആഗ്രഹത്തെയും വാഴ്ത്തുന്ന കൃതിയാണ് ഇതെങ്കിലും സ്വാതന്ത്ര്യമെന്ന ആശയത്തിനാണ് പ്രാമുഖ്യം. Seethaler ലളിതമായ ആശയങ്ങളിലാണ് ഊന്നുന്നത്. ഒരു നാട് യുദ്ധത്തിന്റെയും ഫാസിസത്തിന്റെയും കെടുതികളിലൂടെ കടന്നുപോകുന്നു. ഗ്രാമീണ, കാർഷിക സമൂഹങ്ങൾ സാവധാനം ആധുനികവൽക്കരിക്കപ്പെടുന്നു. അന്നാട്ടുകാർക്ക് ചിരപരിചിതമായ മലനിരകളും താഴ്വരകളും ഒക്കെ കാണാനായി ടൂറിസ്റ്റുകൾ എന്ന പേരിൽ ആളുകൾ വന്നുകൂടുന്നു (എന്തിനിവർ വരുന്നു എന്ന് തദ്ദേശവാസികൾക്ക് കൗതുകം). Andreas Egger എന്ന നായകനും ഈ പരിവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അയാൾ രണ്ടു തരം കാലങ്ങളിലും ജീവിച്ച ഒരു തലമുറയുടെ പ്രതിനിധിയാണ്. അയാളുടെ ജീവിതകഥ ഒറ്റനോട്ടത്തിൽ ലളിതമായിരിക്കുമ്പോഴും അത്തരമൊരു കാലയളവിലെ സങ്കീർണ്ണതകളെയും ഉൾക്കൊള്ളുന്നു. നോവൽ തുടങ്ങുമ്പോൾ നായകൻ Hannes എന്ന മരണമടുത്തെന്നു തോന്നിക്കുന്ന ഒരു സുഹൃത്തിനെ തോളിലെടുത്തു മലയിറങ്ങുകയാണ് – അയാൾ Egger-നോട് പറയുന്നു.”Death is the Cold Lady,” അല്പനേരത്തിനുശേഷം അയാൾ തോളിൽ നിന്ന് ചാടിയിറങ്ങി മഞ്ഞിലൂടെ ഓടിമറയുകയാണ്. മുടന്തനായ Egger-ന് ഒപ്പമെത്താൻ കഴിയുന്നില്ല എന്നാലും അയാൾ ഇത്രയും പറയുന്നു -” No one has ever outrun death.”. നോവലിൽ ഉടനീളം Egger മരണവുമായി മുഖാമുഖം കണ്ടുകൊണ്ടിരിക്കുകയാണ്. മരണമാണ് ഏറ്റവും സ്വാഭാവികമായി സംഭവിക്കുന്ന കാര്യമെന്ന് അയാൾക്ക് കഥയിലുടനീളം തോന്നുന്നുണ്ട്. പരുക്കനായ ഒരു കർഷകന്റെ വീട്ടിൽ കൊടിയ പീഡനമേറ്റു വളരുന്ന (കലപ്പ തോളിൽവെച്ചു നിലമുഴുവിക്കുമ്പോൾ വളർത്തച്ഛൻ അടിച്ച അടിയിൽ ഒടിഞ്ഞ കാലിലാണ് ഇപ്പോൾ മുടന്ത്) അയാൾ സ്നേഹമറിയുന്നത് ഗൃഹനാഥയുടെ അമ്മയുടെ വല്ലപ്പോഴുമുള്ള ഒരു ചിരിയിലോ നോട്ടത്തിലോ ആണ്. ആ സ്ത്രീ പെട്ടെന്ന് മരിക്കുമ്പോൾ അയാൾ മലമുകളിലേക്ക് നടന്നുകയറി ഒരൊഴിഞ്ഞ സ്ഥലത്തുപോയിരുന്നു കരയുന്നു. മുടന്തുണ്ടെങ്കിലും നല്ല ജോലിക്കാരനായി അയാൾ വളരുന്നു. മുതിർന്നപ്പോൾ ആ വീട്ടിൽ നിന്നിറങ്ങിപ്പോയി സ്വന്തമായി അദ്ധ്വാനിച്ചു വീട് വെക്കുന്നു, കന്നുകാലികളെ വളർത്തുന്നു. ഒരു ദിവസം കണ്ടുമുട്ടുന്ന മാരി എന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് മലഞ്ചെരിവിലെ വീട്ടിലേക്കു കൊണ്ടുവരുന്നു. മാരിയെക്കരുതി അയാൾ പുതുതായി വന്ന കേബിൾ കാർ കമ്പനിയിൽ ജോലി നേടുന്നു. എന്നാൽ ജീവിതത്തിൽ ഒരിക്കലും നീണ്ടു നിൽക്കുന്ന സന്തോഷമോ സമാധാനമോ അയാൾക്ക് വിധിച്ചിട്ടില്ല. ഒരു രാത്രി ഹിമപാതത്തിൽ അയാളുടെ ഭാര്യയും, വീടും, കാലികളും എല്ലാം നഷ്ടമാകുന്നു. പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ച Egger കേബിൾ കമ്പനിക്കുവേണ്ടി മലമുകളിലെ പാറകളിൽ ഒറ്റയ്ക്ക് പിടിച്ചുകയറി വെടിമരുന്നുവച്ചു ദ്വാരങ്ങളിടുക, കേബിളുകൾ ക്ലീൻ ചെയ്യുക തുടങ്ങിയ അപകടം കൂടിയ ജോലികൾ ചെയ്യുന്നു – ഉയരങ്ങളിലെ ആ ഏകാന്തതയാണ് അയാൾക്കു പ്രിയവും. അപ്പോഴേക്കും ലോകമഹായുദ്ധം എത്തുന്നു. Egger-നെ ആദ്യം മുടന്തുകാരണം പട്ടാളം നിരസിക്കുന്നെകിലും യുദ്ധം മൂർദ്ധന്യത്തിലെത്തുമ്പോൾ തിരികെ വിളിക്കുന്നു. യുദ്ധത്തിനിടെ വെടിമരുന്നുമായി മലമുകളിൽ ഒറ്റക്ക് കാമ്പുചെയുന്ന അയാൾ റഷ്യൻ പട്ടാളക്കാരുടെ പിടിയിലാകുന്നു. ആറുവർഷം കഴിഞ്ഞാണ് പിന്നെ മോചിതനാകുന്നത്. തിരിച്ചെത്തിയ Egger മാറിയ ജീവിത സാഹചര്യങ്ങളിൽ മലനിരകളിലെ ഒരു ടൂറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്യുന്നു. വാർധക്യത്തിൽ അയാൾ ഒരു അധ്യാപികയുമായി പ്രണയത്തിലാവുന്നുണ്ട്. എന്നാൽ ജീവിതം തട്ടും തടയുമായി പിന്നെയും മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുന്നു. തന്നെ കണക്കിന് ദ്രോഹിച്ച കർഷകനെ ആരോരുമില്ലാത്ത അവസ്ഥയിൽ മരണം കാത്തിരിക്കുന്നവനായി അയാൾ പിന്നീട് കാണുന്നുണ്ട്. അയാളുടെ മക്കൾ യുദ്ധത്തിൽ മരിച്ചുപോയിരുന്നു. Egger ആരാണെന്നു മനസ്സിലായതോടെ അയാൾ തന്നെ കൊന്നുതരാൻ പറയുകയാണ്. വേറൊരിടത്തു പണ്ട് തന്റെ തോളിൽ നിന്നിറങ്ങിയോടിപ്പോയ Hannes-ന്റെ മഞ്ഞിലുറഞ്ഞ ശരീരം വീണ്ടെടുക്കപ്പെട്ടത് കാണുകയാണ് അയാൾ. അയാളെ അവസാനം കണ്ടതിനുശേഷം ഒരു ജീവിതകാലം മുഴുവൻ തന്റെ മുന്നിലൂടെ കടന്നുപോയിക്കഴിഞ്ഞല്ലോ എന്നാണയാൾ ഓർക്കുന്നത്. പീഡനം, സ്വാതന്ത്ര്യം, യുദ്ധം, സമാധാനം, സൗഹൃദം, ഏകാന്തത തുടങ്ങി ഒരു സാധാരണക്കാരന്റെ ലളിതമായ ജീവിത സമവാക്യങ്ങളെ, അവസ്ഥകളെ വരച്ചുകാണിക്കുകയാണ് എഴുത്തുകാരൻ. ഇതിലെന്താണ് പ്രത്യേകത എന്ന് ചോദിക്കുമ്പോൾ മിക്ക ആളുകളും ഈ രീതിയിലാണ് ജീവിച്ചത് എന്ന് നമ്മൾ മറക്കുകയാണ്. കഥാനായകൻ ഒരിടത്തു പറയുന്നതുപോലെ നമ്മൾ ഒറ്റക്കാണ് ജീവിതം മുഴുവൻ മുടന്തിമുടന്തി തള്ളിനീക്കുന്നത്. ഏകാന്തയാണ് ജീവിതത്തിന്റെ അടിസ്ഥാന ഭാവം. അതിനെ ഇല്ലായ്മ ചെയ്യാനുള്ള തത്രപ്പാടാണ് ബാക്കി എല്ലാം – ഒരു പുസ്തകം വായിക്കുന്നതുപോലും. മരണം നിത്യേന കാണുകയും അതിജീവിക്കുകയും ചെയ്യുന്ന Egger ജീവിച്ചിരിക്കുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത് എന്ന വസ്തുത നോവൽ അടിവരയിടുന്നു.