
സേതുവിന്റെ “പാണ്ഡവപുരം” വർഷങ്ങൾക്കുശേഷം ഒന്ന് കൂടി വായിച്ചു. ഡിസിയുടെ 2004 എഡിഷനിൽ കെപി അപ്പനും, വി രാജകൃഷ്ണനും, കെ എം നരേന്ദ്രനും, സുധീഷും, ആഷാമേനോനും എല്ലാം എഴുതിയ പഠനങ്ങൾ നോവലിനൊപ്പം ചേർത്തിട്ടുണ്ട്. കൗതുകമാണ് അവരുടെയൊക്കെ വായനകൾ. ഈ നോവൽ മലയാളത്തിൽ എന്തുമാത്രം ഓളമുണ്ടാക്കി എന്നതും ഇത്തരം ലേഖങ്ങളുടെ ആധിക്യത്തിൽ നിന്നു മനസ്സിലാകും. നോവലിലെ പാഞ്ചാലി റഫറൻസ് ആണ് ഇവരെല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം. കെപി അപ്പൻ, അഞ്ചു പേരോടൊപ്പം രമിക്കണം എന്നാഗ്രഹിക്കുന്ന പാഞ്ചാലിയോടാണ് ദേവി എന്ന കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത് (ഒരു മുനിപത്നി പൂർവജന്മത്തിൽ ആ ആഗ്രഹം സാധിക്കാതെ വരുമ്പോൾ പാഞ്ചാലിയായി പുനരവതരിക്കുകയാണ്), എന്നാൽ ലൈംഗിക രാഷ്ട്രീയമാണ് നോവൽ മുന്നോട്ടു വെക്കുന്നത് എന്നാണ് കെ എം നരേന്ദ്രൻ പറയുന്നത്, അപ്പൻ അഭിപ്രായപ്പെടുന്നപോലെ ലൈംഗികതയല്ല (നരേന്ദ്രന്റെ വിമർശനം പാതി നോവലിനും മറുപാതി അപ്പന്റെ വിമർശനത്തോടുമാണ്). വി രാജകൃഷ്ണൻ നോവലിനെ, സ്വാഭാവികമായും അയാൾക്കിഷ്ടമുള്ള മീഡിയവുമായി ബന്ധപ്പെടുത്തി, Last Night at Marienbad എന്ന സിനിമയിലെ സാമ്യമുള്ള തീമുമായി ബന്ധിപ്പിക്കുന്നു.
പാണ്ഡവപുരവും നിയോഗവുമായിരുന്നു സേതു എഴുതിയതിൽ പ്രിയപ്പെട്ടവ. പിന്നീടുള്ള നോവലുകൾ ചിലതു വായിക്കാൻ നോക്കി ഉപേക്ഷിക്കുകയാണുണ്ടായത്. നിയോഗത്തോട് ഒരു കാലത്തു വലിയ ഒബ്സെഷൻ ഉണ്ടായിരുന്നു. അതിലെ മക്കളുടെ കഥാപാത്രങ്ങൾക്ക് സമരായ രണ്ടുപേരെ അറിയാമെന്നതായിരുന്നു ഒരു കാരണം – എന്നാൽ അത് മാത്രമല്ല, ഇപ്പോൾ ഓർക്കുമ്പോൾ ഒരു പക്ഷെ വിജയൻറെ ഭാഷയോട് സാമ്യം തോന്നിക്കുന്ന, മിത്തുകളോടാഭിമുഖ്യമുള്ള (സ്‌കൂൾ കാലത്തു വായിച്ചതാണ്) വിവരണങ്ങളും ഭാവനയും അതിലുണ്ടായിരുന്നു – മലഞ്ചെരുവിൽ പൊട്ടിവീഴുന്ന തെക്കൻ കാറ്റു കുതിരപ്പുറത്തേറി വരുന്നത്, ബഞ്ചിന്റെ മുകളിൽ കയറ്റി നിർത്തിയ കുട്ടി കാണെക്കാണെ വലുതായി നഖം കടിച്ചു ക്‌ളാസ്സിലാകെ തുപ്പുന്നത്, പാണ്ഡവപുരത്തേപ്പോലെയുള്ള ജാര സങ്കല്പം (ഇതിൽ കാറ്റാണ് വിത്തെറിയുന്നത് ) അങ്ങനെ പലത് – അന്നത് അസാധാരണമായ അനുഭവമായിരുന്നു(ഖസാക്ക് വായിച്ചത് നാലഞ്ചു വർഷം മുന്നെയാണ്). കൂടെ എ എസിന്റെ ചിത്രങ്ങളും (ബന്ധുവായ സ്ത്രീ കുട്ടിയോട് പുറം തേച്ചുകൊടുക്കാൻ പറയുന്ന രംഗം, അന്ന് കട്ടെടുത്തുവായിച്ച കാവാബാത്തയുടെ നോവലിലും സമാനമായ ഒന്നുണ്ടായിരുന്നു). വർഷങ്ങൾക്കുശേഷം വായിക്കുമ്പോൾ ഭാഷ പഴഞ്ചനായി തോന്നുന്നുവെങ്കിലും കേവലം നൂറുപേജിൽ വെട്ടിയൊതുക്കിയതിന്റെ ബലം ഇതിനുണ്ട് (മാറ്റിയെഴുതണം എന്ന് തോന്നിയെന്ന് സേതു തന്നെ പറയുന്നുണ്ട്).
തിരിച്ചു നോവലിലേക്ക് വരാം. ദേവി എന്ന, ഭർത്താവുപേക്ഷിച്ച സ്ത്രീ തന്റെ ലൈംഗിക ഭാവനക്ക് നിറം പകരാനായി പാണ്ഡവപുരം എന്ന ഒരു ജാരന്മാരെ ഉൽപ്പാദിപ്പിക്കുന്ന ഒരു നാടിനെ സ്വപ്നം കാണുകയും അവിടെ നിന്നൊരുവൻ തന്നോടൊത്തു കഴിയാനായി വരുന്നതായി സങ്കല്പിക്കുകയും ചെയ്യുന്നു. ബന്ധുക്കൾക്കും അയൽക്കാർക്കും ഇത് രസിക്കുന്നില്ല – എന്നാൽ ജാരൻ അത്തരം വെല്ലുവിളികളിൽ കുലുങ്ങുന്ന ആളല്ല, അവളും. ഭാവനാലോകത്തിലെ അവൾക്കും അവനും പൂർവകഥകളുണ്ട്. അവൾ പാഞ്ചാലിയെപ്പോലെ പങ്കു വെക്കപ്പെടുന്ന ഒരുവളാണ്, അവസാനം ദേവതയായി പ്രതിഷ്ഠിക്കപ്പെടുന്നവൾ. അവനാകട്ടെ ജാരനെന്നു തെറ്റിദ്ധരിച്ചു ഒരാൾ കൊലചെയ്യുന്ന ആളും, അവന്റെ പ്രതികാരമാണ് ഈ ജാര പരമ്പര മുഴുവൻ. വന്നു കയറിയ ജാരൻ കടന്നുകളയുമ്പോൾ, അവരുടെ കുലത്തിൽ നിന്ന് പകരം മറ്റൊരുവൻ വരുന്നതായി അവൾ സങ്കൽപ്പിക്കുന്നുണ്ട്. ഒടുവിൽ എല്ലാം മിഥ്യയാണെന്നു വരുന്നിടത്താണ് കഥയവസാനിക്കുന്നത്.
ദേവി, സത്യത്തിൽ ഈ സങ്കൽപ്പലോകവും യാഥാർഥ്യവും തമ്മിൽ വേർതിരിക്കാൻ ബുദ്ധിമുട്ടുകയാണ് എന്ന് കാണാം. നിത്യജീവിതത്തിൽ അവരുടെ ജീവിതത്തിലേക്ക് പതിയെ സമൂഹം ഉപദേശങ്ങളും നിർദ്ദേശങ്ങളും ആയി കടന്നു കയറിക്കൊണ്ടിരിക്കുകയാണ്. മറുലോകത്തിനു പ്രാധാന്യം കൂടുന്നതു ഇതുമൂലവുമാകാം. ഒരു പുരുഷനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞാൽ അവനെ ഉപേക്ഷിക്കാനുള്ള അധികാരമുള്ളവളാണ് അവൾ ആ ലോകത്തിൽ. സ്വാഭാവികമായും സമൂഹത്തിന് അവിടേക്കുള്ള പ്രവേശനവും അവൾ നിഷേധിക്കുന്നു. താൻ ഒരു സ്വർണ്ണവിഗ്രഹമാണെന്നും തന്റെ പുരുഷന്മാർ തന്നെ ആരാധിക്കണമെന്നും ആഗ്രഹിക്കുന്നു. ജാരനോട് വേറൊരു കെട്ടുപാടുകളുമില്ല അവൾക്ക് – അവൻ ഒരുപകരണം മാത്രമാണ്. തന്റെയും ജാരന്റെയും പുരാവൃത്തം സങ്കൽപ്പിക്കുക വഴി ഇവക്കെല്ലാം ന്യായീകരണവും കണ്ടെത്തുന്നു.
പാണ്ഡവപുരത്തിന്റെ ആഖ്യാനം അത്ര ഭ്രമാത്മകമല്ല. എന്നുമാത്രമല്ല കഥയിലെ രണ്ടു ലോകങ്ങളും തമ്മിൽ വളരെ നേർത്ത വേർതിരിവേയുള്ളൂ – ദേവി തന്റെ യഥാർത്ഥ ലോകത്തെത്തന്നെ ഭാവനയിലേക്ക് പറിച്ചുനട്ടിരിക്കുകയാണ്, പാണ്ഡവപുരം എന്ന സങ്കൽപ്പം മാത്രമാണ് അതിൽ പുറം ലോകത്തില്ലാത്ത ഒരു ചേരുവ. ഒരെഴുത്തുകാരൻ തന്റെ പരിസരങ്ങളെത്തന്നെയാണ് ആധാരമാക്കുക എന്ന് പറയുന്ന പോലുള്ള പ്രവർത്തി – ദേവി ഒരിക്കലും നാട് വിട്ടു പോയിട്ടില്ല എന്ന് കഥയിൽ ആവർത്തിക്കുന്നുണ്ട്, അപ്പോൾ ഇത് സ്വാഭാവികവുമാണ്. പാണ്ഡവപുരത്തിന്റെയും അവിടത്തെ ജീവിതത്തിന്റെയും വർണ്ണനകളിൽ സൂക്ഷ്മതയുണ്ട്, അവിടെ മാത്രമാണ് യഥാർത്ഥത്തിൽ ദേവിക്ക് ഭാവന ഉപയോഗിക്കേണ്ടിവരുന്നത്. എന്താണ് അവരുടെ ഉദ്ദേശ്യം? ലൈംഗികത എന്ന ലളിതമായ ഉത്തരം കൊണ്ട് ഒരു വായനക്കാരന് തൃപ്തി വരില്ല – തന്നെ ഉപേക്ഷിച്ചുപോയ ഭർത്താവിനോടുള്ള പ്രതികാരമാവാം, ഏകാന്തതയോടുള്ള പ്രതിരോധമാകാം, എന്നാൽ ജാരന്റെ വശത്തുനിന്നും അവർ ആലോചിക്കുന്നുണ്ട്, ദേവിയുടെ ആദ്യത്തെ നിഷേധഭാവവും പിന്നെ കാണിക്കുന്ന അധികാരഭാവവും എല്ലാം കണ്ട് അയാൾ കുഴങ്ങുന്നു – എന്നാൽ അതും അവളുടെ ഭാവനാലോകത്താണ് നടക്കുന്നത് എന്നോർക്കുക – എന്തൊരു സങ്കീർണ്ണ പാത്രസൃഷ്ടിയാണവർ. ആലോചിക്കുംതോറും, വായനക്കാരന്റെ താല്പര്യത്തിനനുസരിച്ചു വികസിക്കുന്ന ഒരു ലോകമാണ് ഈ ചെറുനോവലിലുള്ളത്. ഇതുകൊണ്ടുതന്നെ മേലെ സൂചിപ്പിച്ചതുപോലെ അസംഖ്യം പഠനങ്ങൾ ഇതിനെക്കുറിച്ചുണ്ടായിട്ടുണ്ട്. മാജിക്കൽ റിയലിസവും, ഓട്ടോ ഫിക്ഷനും ഒക്കെ വായിച്ചു കഴിഞ്ഞുള്ള തലമുറ പുതിയ ടൂളുകൾ കൊണ്ട് ഈ നോവലിനെ വിലയിരുത്തുന്നത് കൗതുകമായിരിക്കും. മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളിൽ ഒന്നായി പാണ്ഡവപുരം തുടരുമെന്നാണ് എന്റെ വിചാരം.