
വിനോയ് തോമസിന്റെ “പുറ്റ്” മലയാളത്തിൽ സാധാരണ കാണാത്ത തരം നോവലാണ്. തെറികൾ, കമ്പിക്കഥകൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന തരം സംഗതികൾ, ഹാസ്യം (എല്ലാം കേട്ടുപഴകിയവ തന്നെ) എന്നിവയുടെ ഒരു ക്രേസി മിക്സ് ആണ് ഈ നോവൽ. എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തം. മലയാളിയ്ക്ക് പൊതുസ്ഥലത്ത് പറയാൻ മടിയുള്ള സംഗതികൾ ഒരു പുസ്തകത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ ഷോക്ക് വാല്യൂ. അതുവച്ച് ദേശകഥകൾ, ചരിത്രം എന്നിവയൊക്കെ പറയുമ്പോഴുള്ള ഭാഷാപരമായ സാദ്ധ്യതകൾ. വിനോയ് മിടുക്കൻ എഴുത്തുകാരനാണ്, അതാണ് നോവലിന്റെ ആദ്യഭാഗങ്ങളിലെ “കൾച്ചറൽ ഷോക്കിനു” വേണ്ടി അയാൾ ഒരുക്കിയ സന്ദർഭങ്ങൾ കടന്നുകഴിയുമ്പോഴും എന്നിലെ വായനക്കാരൻ പ്രതീക്ഷ കൈവിടാതിരുന്നതിനു കാരണം. അടുത്തകാലത്തു വായിച്ച “കിളിമജ്ഞാരോ” എന്ന പുസ്തകത്തിലും ഇതുപോലെ റാൻഡം ആയുള്ള കഥകൾ, അതിലും സെക്സ് ഘടകമാണ്, തുന്നിക്കൂട്ടി നോവലാക്കാനുള്ള ശ്രമമുണ്ടായിരുന്നു, അതത്ര വിജയിച്ചിരുന്നില്ല. ഇവിടെ ആദ്യഭാഗങ്ങളിൽ നോവലിസ്റ്റിന്റെ ഉദ്ദേശ്യം വ്യക്തമല്ല – കൗതുകമുണർത്തുന്ന കഥാപാത്രങ്ങളും ഉപകഥകളും ഉണ്ടെങ്കിലും സെക്സ് അല്ലെങ്കിൽ അങ്ങനെ ഒരു “സദാചാര” സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതിലുപരി ഇവയുടെ അവശ്യകത വായനക്കാരന് ബോധ്യമാവുകയില്ല. അഥവാ, നോവൽ അടുത്ത താളിലേയ്ക്ക് നീങ്ങാനുള്ള ഒരു സംഗതി മാത്രമാണ് ഈ കഥകൾ. അതിന്റെ പശ്ചാത്തലത്തിൽ അനിയത്തിയേയും മകനെയും ഒരുത്തൻ അന്യനാട്ടിൽ ഒറ്റയ്ക്കുപേക്ഷിച്ചു പോകുന്ന ആരംഭത്തിൽ നിന്ന് പാമ്പാടി എന്ന നാട് സമീപകാലത്തെ വെള്ളപ്പൊക്കക്കെടുതികളിലേയ്ക്ക് വരെയെത്തുന്ന സുദീർഘമായ കാലയളവ് നോവലിലുണ്ട്. എന്നാൽ ദേശചരിത്രമല്ല അന്നാട്ടിലെ ആളുകളുടെ ജീവിതത്തിൽ സെക്സിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ദീർഘ ഉപന്യാസമാണ് നോവലിസ്റ്റ് നടത്തുന്നത്.
ഏതൊരു നോവലിനും അതിന്റെ കഥാപാത്രങ്ങളുടെ വലിപ്പമേ സത്യത്തിൽ കാണൂ എന്നത് നോവലിസ്റ്റ് മറന്നുപോവുന്നു. തെറിപറയുന്ന കന്യാസ്ത്രീ വായനയിൽ കൗതുകമായിരിയ്ക്കും – എന്നാൽ നോവലിൽ അവർ (അവരുടെ രഹസ്യം അവസാനം വെളിപ്പെടുന്നുണ്ട്), അധികപ്പറ്റാണ്. വലിയ മുതലാളിയായ ഒരാൾ വാർദ്ധക്യത്തിൽ തന്റെ ആദ്യഭാര്യയുടെ അടുത്തേയ്ക്കു മടങ്ങുന്നത് പോരാഞ്ഞു ആ വൃദ്ധർ തമ്മിലുള്ള രതി കൂടി കാണിച്ചേ നോവലിസ്റ്റ് നമ്മളെ പോകാൻ വിടൂ എന്നതാണ് സംഗതി. ഈ രണ്ടു എപ്പിസോഡുകൾക്കും മേലെ പറഞ്ഞപോലെ ഒരു നാട്ടു കഥ കേൾക്കുന്ന കൗതുകം എന്നല്ലാതെ ഒന്നും ഇല്ല താനും. നോവലിലെ ഏറെക്കുറെ ത്രിമാന സ്വഭാവമുളള കഥാപാത്രമായ ജെർമിയാസ് ആകട്ടെ നോവലിനെ അവസാന ഭാഗങ്ങളിൽ കാട്ടികൂട്ടുന്ന കാര്യങ്ങൾക്ക് നോവലിൽ അത് വരെ അയാൾ ചെയ്ത സംഗതികളെ ഓർക്കുമ്പോൾ ഒരു കൺസിസ്റ്റൻസി വായനക്കാരന് തോന്നില്ല. അതും കഴിഞ്ഞു അയാൾക്ക് മറ്റൊരു ജീവിതവും നോവലിസ്റ്റ് കാണിച്ചു തരുന്നുണ്ട്, എന്നിട്ടോ, അയാൾ തിരികെ നാട്ടിലേയ്ക്ക് വരികയും ചെയ്യുന്നു. എന്താണ് അയാൾക്കുണ്ടായ transformation, അത് നോവലിൽ വ്യക്തമല്ല. ഈ കഥാപാത്രമേ ഈ നിലയാണെങ്കിൽ ബാക്കിയുള്ളവരെപ്പറ്റി പറയേണ്ടതില്ലല്ലോ (കുറച്ചു കഥകൾ കൂടി ചേർക്കാനുണ്ട്, അതിനുവേണ്ടി ഈ കഥാപാത്രത്തെ twist ചെയ്യാം എന്ന് എഴുത്തുകാരൻ തീരുമാനിച്ചാൽ എന്ത് ചെയ്യും?). ലൂയിസ് എന്നയാൾ സദാ കപടവിനയം അഭിനയിയ്ക്കുകയും, അതിന്റെ ചൊരുക്ക് തീർക്കാൻ മറ്റൊരു നാട്ടിൽ ആളുകളെ അയാൾക്ക് തെറിപറയാനും അപമാനിയ്ക്കാനും ലൈംഗിക വൈകൃതങ്ങൾക്കും വാടകയ്‌ക്കെടുക്കുകയും ചെയ്യുന്നു. തമാശയോ, exaggeration-ഓ ഒക്കെ നോവലുകളിലാവാം – മാജിക്കൽ റിയലിസവും ഓട്ടോ ഫിക്ഷൻ തരംഗവും ഒക്കെ കഴിഞ്ഞു നിൽക്കുന്ന കാലത്താണ് ഇപ്പോൾ ലോക സാഹിത്യമുള്ളത് – എന്നാലും അടിസ്ഥാനപരമായ, കഥയുടെ context-ൽ പാത്രങ്ങളുടെ വിശ്വാസ്യത, പ്രധാനമാണ്. മകൻ ഗേ ആണെന്ന് മനസ്സിലാകാത്ത പൊതുകാര്യപ്രസക്തനായ അച്ഛൻ മകനെ വിവാഹം കഴിപ്പിയ്ക്കുന്നു, അവന്റെ സത്യം വെളിപ്പെട്ടു കഴിഞ്ഞപ്പോൾ അയാൾ അതുമായി പൊരുത്തപ്പെടുവാൻ ശ്രമിയ്ക്കുന്നു, എന്നിട്ടോ, അയാൾ മരുമകളുമായി സ്ഥിരമായി വേഴ്ച നടത്തുന്ന അവസ്ഥയിലേയ്ക്ക് എത്തുന്നു, പിന്നെ പെട്ടെന്ന് ആ ബന്ധം അവസാനിപ്പിയ്ക്കുന്നു, അതിനെച്ചൊല്ലി പശ്ചാത്തപിയ്ക്കുന്നു. വീടുവിട്ടു പോകുന്ന അവൾ കന്യാസ്ത്രീ മഠത്തിൽ ചേരുന്നു, അവിടെ കന്യാസ്ത്രീയ്ക്ക് ലൈംഗിക സുഖം നൽകാനായി നിറുത്തിയ ഒരുത്തനുമായി (she-male/ transvestite/transsexual ആണ്) ലൈംഗിക ബന്ധം പുലർത്തുന്നു. ഇമ്മാതിരി വിചിത്ര arc ഉള്ള മനുഷ്യരാണ് ഈ നോവലിൽ. എനിയ്ക്കതു ദഹിയ്ക്കാൻ പ്രയാസമുണ്ട്.
മലയാളിയുടെ കപട സദാചാരത്തെ പരിഹസിയ്ക്കുക എന്നതാണ് നോവലിസ്റ്റിന്റെ ലക്‌ഷ്യം. എന്നാൽ അതിനു വേണ്ടി ഇതിലെ exaggeration ന്യായീകരിയ്ക്കാൻ വായനയിൽ കഴിഞ്ഞില്ല എന്നതാണ് എനിയ്ക്കുണ്ടായ പ്രശ്നം. ക്രാഫ്റ്റ് ഉള്ള എഴുത്തുകാരനാണ് വിനോയ് എന്നതുകൊണ്ടാണ് ആദ്യ ഭാഗത്തെ കുത്തഴിഞ്ഞു കിടക്കുന്ന ആഖ്യാനം അവസാനഭാഗങ്ങളിൽ ഒന്ന് മുറുക്കം വരുത്തി നോവൽ പാരായണക്ഷമാക്കാൻ അയാൾക്ക് കഴിഞ്ഞത്, lesser writers അത് നശിപ്പിയ്ക്കുമായിരുന്നു. എന്നാൽ അതും നോവലിനെ രക്ഷിച്ചെടുക്കുന്നില്ല എന്നതാണ് ഞാൻ കാണുന്നത്. ലൈംഗിക കഥകളും തെറികളും പച്ചയ്ക്ക് ഉപയോഗിയ്ക്കുന്ന നിലയിലേയ്ക്ക് പ്രസിദ്ധീകരണശാലകളും മുഖ്യധാരാ എഴുത്തുകാരും പിന്നാലെ വായനക്കാരും മാനസികമായി വളർന്നു എന്നത് നല്ലൊരു കാര്യമായി ഞാൻ കാണുന്നു. എന്നെ അതൊന്നും ഷോക്ക് ചെയ്തില്ല എന്നു മാത്രം.
എൻ ബി : സ്റ്റോറി ടെല്ലിൽ ഈ കഥ വായിച്ച രാജേഷ് കെ പുതുമന സ്ലാങ്ങുകളും സ്ത്രീപുരുഷന്മാരുടെ ശബ്ദവും ചെയ്തത് (2x സ്പീഡിൽ വായിച്ചിട്ടും) നന്നായി തോന്നി. ഇംഗ്ളീഷ് ഓഡിയോ ബുക്സിലെപ്പോലെ വോയ്‌സ് മോഡുലേഷൻ ചെയ്യുന്നത് നല്ല ഒരു സംഗതിയാണ്, കൂടുതൽ പുസ്‌തകങ്ങൾ അത്തരത്തിൽ വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.