Paul Kalanithi എഴുതിയ “When Breath Becomes Air” അധികപക്ഷം വായനക്കാർക്കും പരിചയപ്പെടുത്തേണ്ടതില്ലാത്ത പുസ്തകമാണ്. ഇത്തരത്തിലൊരു പുസ്തകത്തെപ്പറ്റി അഭിപ്രായം പറയുന്നത് തന്നെ സത്യത്തിൽ വെറുതെയാണ്. ആടുജീവിതം, സുഗന്ധി എന്ന ആണ്ടാൾനായകി, ആരാച്ചാർ തുടങ്ങിയ പുസ്തകങ്ങൾക്ക് അധികം വസ്തുനിഷ്ഠമായ പഠനങ്ങൾ വരാത്തതിന് കാരണങ്ങളിലൊന്ന് അവയുടെ അതിപ്രശസ്തിയാണെന്ന് കാണാം. ആടുജീവിതം പുറത്തുവന്നപ്പോൾ ഉണ്ടായ വിമർശനങ്ങൾ ആരവങ്ങൾക്കിടയിൽ മുങ്ങിപ്പോവുകയായിരുന്നു, അതിനുശേഷം പുസ്തകം നൂറിലധികം പതിപ്പുകളിറങ്ങി എന്ന് മാത്രമല്ല, അതേ ലളിത ഭാഷയിൽ നിരവധി പുസ്തകങ്ങളിറക്കി തുടർച്ചയായ ബെസ്ററ് സെല്ലറുകൾ സൃഷ്ടിയ്ക്കാൻ എഴുത്തുകാരന് കഴിയുകയും ചെയ്തു. പൗലോ കൊയ്ലോയും, ഡാൻ ബ്രൗണും ഒക്കെ പരീക്ഷിച്ചു ജയിച്ച അതേ തന്ത്രം തന്നെ. മലയാളത്തിലെ പോസ്റ്റ് മില്ലേനിയൽ വായനക്കാരുടെ പെട്ടെന്നുണ്ടായ വളർച്ചയും ഈ എഴുത്തുകാരെ തുണച്ചിട്ടുണ്ട്. ഇപ്പോഴും പുസ്തക മേളകകളിൽ ഈ പുസ്തകങ്ങൾക്കുള്ള ആവശ്യക്കാരേറെയാണ്. സ്വതേ പൾപ്പ് സാഹിത്യത്തോട് പ്രിയമില്ലാത്ത മലയാളത്തിൽ, റ്റിഡി രാമകൃഷ്ണനെപ്പോലുള്ളവർ എഴുതുന്നത് പൾപ്പ് സാഹിത്യമാണെന്നു പോലും മനസ്സിലാക്കാത്ത വായനക്കാരും നിരൂപകരുമുണ്ട് എന്നത് വലിയ തമാശയാണ്. ജോൺറെ എന്ന ഒന്ന് മലയാളത്തിലില്ല, അഥവാ അങ്ങനെയൊരു വേർതിരിവ് പബ്ലിഷേഴ്സിനുമില്ല എന്ന് വന്നിരിയ്ക്കുന്നു.
ന്യൂറോ സർജനായ, ന്യൂറോ സയന്റിസ്റ്റ് ആകണം എന്നാഗ്രഹിച്ച ഒരു ചെറുപ്പക്കാരനായ ഡോക്ടർ പെട്ടെന്നൊരുദിവസം തനിയ്ക്ക് ശ്വാസകോശ ക്യാൻസർ ഉണ്ടെന്നറിയുന്നതും അതോടെ അയാളുടെ ജീവിതവും ജീവിതലക്ഷ്യവും മാറിമറിയുന്നതുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സാഹിത്യ തൽപ്പരനായ പോൾ കലാനിധിയുടെ ആത്മകഥയാണിത്. സ്വാഭാവികമായും ഒരു ഡോക്ടറുടെ, ന്യൂറോ സർജന്റെ, നമുക്കത്ര പരിചിതമല്ലാത്ത, തിരക്കിട്ട ജീവിതത്തിലേയ്ക്കുള്ള ഒരു കിളിവാതിൽ പോലെയും ഇതിനെക്കാണാവുന്നതാണ്. തന്റെ വായനയുടെ ബലത്തിൽ ഫിലോസഫി, ദൈവവിശ്വാസം, എത്തിക്സ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനും തീരെ ചെറിയ ഈ പുസ്തകത്തിൽ കലാനിധി സമയം കണ്ടെത്തുന്നുണ്ട്. തന്റെ രോഗം മൂർച്ഛിച്ചതിനുശേഷമാണ് എഴുതുന്നത് എന്നതുകൊണ്ട് ഇവയിലൊന്നിലും ആഴത്തിൽ ഇറങ്ങാനും അവയെക്കുറിച്ചു ദീർഘമായി ചിന്തിയ്ക്കാനും എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നത് പുസ്തകത്തിൽ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ട്. എന്നാൽ ഒരു മനുഷ്യജീവി തന്റെ മരണം മുന്നിൽ വരുമ്പോൾ, അതിന്റെ വരവിനെക്കുറിച്ചും, അതിന്റെ കാരണത്തെക്കുറിച്ചും, താൻ ഏതുവിധേന മരിയ്ക്കും എന്നുവരെയുള്ള കൃത്യമായ അറിവിലും പതറാതെ അതിനെ അഭിമുഖീകരിയ്ക്കുന്ന, ഹൃദയ ദ്രവീകരണ ശേഷിയുള്ള ഒരു ചിത്രം ഇതിലുണ്ട്. ആ ഒരംശമാണ് ഒരു നല്ല വായനക്കാരനിലെ സന്ദേഹിയെ ഇവിടെ അടക്കി നിറുത്തുന്നത്. ശരിയാണ്, ഒരു അതിസമ്പന്ന രാജ്യത്തിലെ സമ്പന്ന കുടുംബത്തിൽ, ഏറ്റവും മികച്ച ചികിത്സ കിട്ടാവുന്ന സാഹചര്യം ഈ കഥയിലെ നായകനുണ്ട്. എന്നാലും അതൊന്നും അയാളുടെ വിധിയെ തടുക്കുന്നില്ല. മരണം എന്നത് “ഗ്രെയ്റ്റസ്റ്റ് ലെവലർ” – മഹാമേരുവിനെയും, പുൽക്കൊടിയെയെയും ഒര തലത്തിലെത്തിയ്ക്കാൻ ശേഷിയുള്ള – ആണെന്ന വാചകം ഇവിടെ സത്യമായിത്തീരുന്നു.
എന്നിരുന്നാലും വേറെയൊരു സാഹചര്യത്തിൽ, ഉദാഹരണത്തിന് നമ്മുടെ രാജ്യത്തെ ഒരു ഡോക്ടർ, കണ്ടേയ്ക്കാവുന്ന ജീവിതസാഹചര്യമോ, അയാൾ മുഖാമുഖം വന്നേയ്ക്കാവുന്ന സത്യത്തിന്റെ ഭീതിയോ, ദുരന്തത്തിന്റെ ആഴമോ എന്നിലെ വായനക്കാരന് ഈ പുസ്തകത്തിൽ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞില്ല. വളരെ വ്യക്തിപരമായ ഒരു ദുഃഖാനുഭവമാണ് കലാനിധി വിവരിയ്ക്കുന്നത്. അതിനോട് താദാത്മ്യം പ്രാപിയ്ക്കാൻ നമ്മുടെ വായനക്കാർക്ക് കഴിയില്ലെന്നൊന്നും ഞാൻ കരുതുന്നില്ല. എന്നാൽ നല്ലൊരു വായനക്കാരനെ പിടിച്ചു കുലുക്കാൻ പോന്ന സാഹിത്യഗുണം ഈ പുസ്തകത്തിനില്ല. പലപ്പോഴും എഴുത്തുകാരൻ ഉദ്ധരിയ്ക്കുന്ന വാചകങ്ങളും എഴുത്തുകളും ഉപരിപ്ലവമായ ഒരു വായനയുടെ സാക്ഷ്യമായാണ് അനുഭവപ്പെടുക. അഥവാ പുസ്തകത്തിലെ വ്യക്തിദുഃഖം അതിന്റെ സാഹിത്യപരമായ ഗുണങ്ങളെ കടന്നു നിൽക്കുന്നു. ആ ദുഖവുമായി വായനക്കാർ ലോകമെമ്പാടും ഐക്യപ്പെട്ടതിന്റെ തെളിവാണ് ഈ പുസ്തകത്തിന്റെ അസാധാരണമായ ജനപ്രിയത. ജീവിച്ചിരുന്നെങ്കിൽ കലാനിധി നല്ല എഴുത്തുകാരനാകുമായിരുന്നിരിയ്ക്കും. പ്രത്യേകിച്ചും അയാൾ അവസാന ഇരുപതുവർഷം എഴുത്തുകാരനായി ജീവിയ്ക്കാൻ പദ്ധതിയിട്ടിരുന്നതുകൊണ്ട്. അയാളുടെ ആദ്യ പുസ്തകം, അവസാനത്തേതും, അയാളുടെ എല്ലാ പരിമിതികൾക്കിടയിൽ എഴുതപ്പെട്ടതാണെങ്കിലും, നിർഭാഗ്യവശാൽ ആ ഒരു തലത്തിലേയ്ക്ക് ഉയരുന്നില്ല. പാമുക്കിന്റെ “ചുവപ്പു തലമുടിക്കാരിയിലെ” പോലെ, അവസാനത്തിൽ കലാനിധിയുടെ ഭാര്യ ലൂസി എഴുതിയ, കുറേക്കൂടി ഫോക്കസും, കണിശതയുമുള്ള കുറിപ്പാണ് സത്യത്തിൽ ഈ പുസ്തകത്തിന്റെ രക്ഷ. അവർ കലാനിധിയുടെ എഴുത്തിൽ വരാതിരുന്ന അയാളുടെ സ്വഭാവ വിശേഷങ്ങളും അയാളുടെ മരണവും വിവരിയ്ക്കുന്നത് എഴുത്തുകാരനെക്കാളും തഴക്കത്തോടെയാണ് (അതിനവർ എഡിറ്ററോട് നന്ദി പറയുന്നുണ്ട്). അതുളവാക്കുന്ന ആഘാതവും ശക്തമാണ്. സ്ത്രീയെന്ന നിലയിലെ നോട്ടത്തിന്റെ കൂടെ ബലം അതിനുണ്ട്.
ആദ്യമേ പറഞ്ഞതുപോലെ ജനപ്രിയതയേറിയ ഒരു പുസ്തകത്തെ വിമർശനപരമായി സമീപിയ്ക്കുക എന്നത് പ്രയാസമാണ്. പ്രത്യേകിച്ചും അത് ഒരേസമയം വശ്യഭീകരവും അനന്തനിഗൂഢവുമായ മരണമെന്ന പ്രതിഭാസത്തെ പ്രതിപാദിയ്ക്കുന്ന, ഏതൊരു വായനക്കാരനും പെട്ടെന്ന് അടുപ്പം തോന്നിയ്ക്കാവുന്ന, വ്യക്തിപരമായ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനമാകുമ്പോൾ. എന്നാൽ ഒരു പുസ്തകക്കുറിപ്പെഴുതുമ്പോൾ അത് വസ്തുതാപരമാകുന്നതാണ് അതിന്റെ ഭംഗി എന്നാണ് എന്റെ പക്ഷം. എന്നാൽ അതേസമയം ഒരു മനുഷ്യന്റെ ദുഖത്തിന്, മരണത്തിന്, സാഹിത്യത്തെക്കാൾ ഔന്നത്യമുണ്ടെന്നതിന് രണ്ടു പക്ഷമില്ല. അതുകൊണ്ടാണല്ലോ അവയെ വിവരിയ്ക്കുന്ന സാഹിത്യം എന്ന ശാഖ ഇപ്പോഴും നിലനിൽക്കുന്നതും, അതിന്റെ മാനദണ്ഡങ്ങൾ ഇത്ര ഉയർന്നിരിയ്ക്കുന്നതും.
