“ഫാസിസവും യുദ്ധവുമില്ലാത്ത ലോകത്തും ഓരോ കൊല്ലവും ലക്ഷക്കണക്കിനു ആളുകൾ തങ്ങളുടെ ശോകമൂകമായ അന്ത്യത്തിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്, അതാരുടെയും ശ്രദ്ധയിൽപ്പെടുന്നുപോലുമില്ല. ദുരിതക്കയങ്ങളിൽ ജീവിതം തുടരേണ്ടി വരുന്ന ലക്ഷക്കണക്കിനു പേർ സാമാന്യവൽക്കരിയ്ക്കപ്പെട്ട ചില യാദൃച്ഛികപരാമർശങ്ങളിൽ വന്നുപോയേയ്ക്കാമെന്നല്ലാതെ മേലേക്കിടയിലുള്ളവർക്ക് അജ്ഞരായി നിലകൊള്ളുന്നു” – Willem Frederik Hermans -ന്റെ “An Untouched House” എന്ന ചെറുനോവലിന്റെ പിൻകുറിപ്പിൽ Cees Nooteboom ഹെർമൻസിന്റെ തന്റെ ലേഖനത്തിൽ നിന്ന് ഉദ്ധരിച്ച ഭാഗമാണിത്. യുദ്ധാനന്തര ഹോളണ്ടിൽ, ദേശഭക്തി അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്ന സമയത്ത് ഇത്തരം എഴുത്തുകളും തന്റെ പൊതുവെയുള്ള യുദ്ധവിരുദ്ധതയും കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ച എഴുത്തുകാരനാണ് ഹെർമൻസ്. “An Untouched House” എന്ന ചെറുനോവൽ ഈ മനോഭാവത്തിന്റെ ഒരുദാഹരണവും ഹോളണ്ടിലെ മഹാന്മാരായ എഴുത്തുകാരിൽ ഒരാളുടെ ലോകത്തേയ്ക്കുള്ള നല്ലൊരു entry point-മാണ്.
നോവലിൽ റെഡ് ആർമിയ്ക്കൊപ്പം നാസികൾക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു സൈനികൻ ഒരു ഗ്രാമത്തിലെത്തിച്ചേരുന്നു. അയാൾ ഒറ്റയ്ക്കായിപ്പോയതാണ്. ജർമ്മൻകാർ ഒഴിഞ്ഞു പോയ ഒരു ഗ്രാമമാണത്. സത്യത്തിൽ അതിന്റെ ഉടമസ്ഥത നാസികൾക്കും എതിരാളികൾക്കുമിടയിൽ മാറിമറിഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു. ക്ഷീണിതനായ സൈനികൻ തന്നെ ആരും ശ്രദ്ധിയ്ക്കാനിടയില്ല എന്ന് കരുതി ഒരു ഒഴിഞ്ഞ വീട്ടിൽ കയറിപ്പറ്റുന്നു. അവിടെ ഭക്ഷണവും വീഞ്ഞും എല്ലാം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കുളിച്ചു ഗൃഹനാഥന്റെ അലമാരയിൽ നിന്ന് വസ്ത്രങ്ങൾ എടുത്തണിഞ്ഞ് അയാൾ വിശ്രമിയ്ക്കുകയാണ്. അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത് – വാതിൽ തുറന്നു നോക്കിയപ്പോൾ അതൊരു ജർമ്മൻ സൈനികനാണ്. ജർമ്മൻ അറിയുന്ന അയാൾ വീട്ടുകാരനെപ്പോലെ അഭിനയിയ്ക്കാൻ തുടങ്ങുന്നു. ജർമ്മൻകാരൻ പോയി മറ്റു സൈനികരെയും മേലുദ്യോഗസ്ഥരെയും ഭക്ഷണവും താമസസൗകര്യവുമുള്ള ആ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുവരുന്നു. തന്റെ രഹസ്യം അവർ അറിയാതിരിയ്ക്കാൻ പാടുപെടുകയാണ് സൈനികൻ. ആ വീട്ടിൽ അടച്ചിട്ട ഒരു മുറിയുണ്ട് – അതിലെന്താണ് എന്നറിയാനുള്ള ജിജ്ഞാസയുമുണ്ട് അയാൾക്ക്. ചുറ്റിലും യുദ്ധം തുടരുന്നു. ഒരു ദിവസം സൈനികൻ നോക്കുമ്പോൾ മുറ്റത്ത് ഒരാൾ – അയാൾ ശരിയ്ക്കുള്ള ഉടമസ്ഥനാണോ, കലർപ്പില്ലാത്ത ജർമ്മനാണ് അയാൾ പറയുന്നത്? മുകളിലെ നിലയിൽ അടച്ചിട്ട മുറി തുറന്നിരിയ്ക്കുന്നു, അതിൽ അക്വേറിയങ്ങളും, അവയിലെ മീനുകൾക്ക് തീറ്റ കൊടുത്തുകൊണ്ട് അവയെ സംരക്ഷിയ്ക്കുന്ന ബധിരനായ ഒരു വൃദ്ധനുമാണ്, അയാളാരാണ്, അയാളെവിടന്ന് വന്നു? കൂടാതെ ആഗതനൊപ്പമാണെന്ന് തോന്നുന്നു ഒരു സ്ത്രീയും അവിടെയെത്തിയിട്ടുണ്ട്. ഇങ്ങനെ ഏറെക്കുറെ സരസമായി പോയിക്കൊണ്ടിരിയ്ക്കുന്ന നോവൽ ഈ സംഭവങ്ങളോടെ വേറൊരുവഴിയ്ക്കു പോകുന്നു – യുദ്ധത്തിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും രക്തദാഹവും അനാവൃതമാകുകയാണ്( “sadistic universe that offers no room for escape.” എന്നാണ് Nooteboom തന്റെ കുറിപ്പിൽ നോവലിനെ വിശേഷിപ്പിയ്ക്കുന്നത്). ഈ ട്വിസ്റ്റിലാണ് നൂറ്റിരുപതു പേജുമാത്രമുള്ള നോവലിന്റെ ആത്മാവിരിയ്ക്കുന്നത്. യുദ്ധത്തിൽ ഹീറോകളില്ല എന്നതാണ് നോവലിസ്റ്റ് അടിവരയിടുന്ന സംഗതി. യുദ്ധം എന്ന് കേൾക്കുമ്പോൾ ആവേശം കൊള്ളുന്ന നമ്മുടെ നാട്ടുകാർക്കും ഇടയ്ക്കിടെ ഓർക്കാവുന്ന ഒരു കാര്യമാണിത്.
ഹോളണ്ട് നാസിഭരണത്തിലായിരിയ്ക്കുമ്പോൾ യൂണിവേഴ്സിറ്റികൾ അടച്ചിട്ടിരുന്നതിനാൽ ഹെർമൻസിന് യുദ്ധം കഴിയുന്നത് വരെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. യുദ്ധം കഴിഞ്ഞു അയാൾ എഴുതിയ നോവലുകൾ പൊതുബോധത്തിനെതിരുമായിരുന്നു. തന്റെ എഴുത്തു ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഹെർമൻ ഇൻഡോനേഷ്യയിലെ ഡച്ച് കോളനികളിലെ ക്രൂരതകളെപ്പറ്റി എഴുതി. അവസാനം രാജ്യം വിട്ടുപോകേണ്ടി വന്ന അദ്ദേഹം വിദേശത്തിരിന്നും വിമർശം തുടർന്നു – “Creative nihilism, aggressive pity, total misanthropy” എന്നാണ് തന്റെ എഴുത്തിനെ ഹെർമൻ വിശേഷിപ്പിച്ചത്. പക്ഷേ പിൽക്കാലത്ത് ഹെർമന്റെ എഴുത്തിനോടുള്ള ഈ മനോഭാവം മാറുകയും അദ്ദേഹം ഡച്ച് സാഹിത്യത്തിലെ അതികായകനായിത്തീരുകയും ചെയ്തു. വായനക്കാരെ അദ്ദേഹം “സത്യത്തിന്റെ ചാട്ടവാറിനടിയ്ക്കുന്നു” എന്നാണ് ഒരു സമാഹാരത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിയ്ക്കുന്നതത്രെ (Nooteboom – ന്റെ ആമുഖത്തിൽ നിന്നും ഉദ്ധരിച്ചത്). ഇപ്പോൾ പുതിയ പരിഭാഷകളിലൂടെ ഹെർമന്റെ നോവലുകൾ വീണ്ടും ഇംഗ്ളീഷിലെത്തിയിരിയ്ക്കുകയാണ് (ചിലവയൊന്നും ഇപ്പോഴും ഇന്ത്യയിൽ ലഭ്യമായിട്ടില്ല, ഉള്ളതിന് വിലയും കൂടുതലാണ്).
