
Olga Tokarczuk-ന്റെ “Drive Your Plow Over the Bones of the Dead”-ലെ കഥ നടക്കുന്നത് പോളിഷ്-ചെക്ക് അതിർത്തിയിൽ വർഷത്തിൽ ഭൂരിഭാഗവും മഞ്ഞു പെയ്തുകൊണ്ടിയിരിയ്ക്കുന്ന ഒരു ഗ്രാമപ്രദേശത്താണ്. Janina Duszejko എന്ന വാർദ്ധക്യത്തിലെത്തിയ കേന്ദ്രകഥാപാത്രത്തെ പരിചയപ്പെടുത്താൻ ഉതകുന്ന ഒരു രംഗം നോവലിന്റെ മധ്യഭാഗത്തുണ്ട് – കടുത്ത മഞ്ഞുകാലത്ത് അന്നാട്ടിലെ, ആളൊഴിയുന്ന വീടുകൾ അവരാണ് കാത്തുസൂക്ഷിയ്ക്കുന്നത്. ആ സീസൺ കഴിയുമ്പോൾ ആളുകൾ തിരികെ വീടുകളിൽ വരുന്നു, അപ്പോൾ വീടുകൾക്ക് ജീവൻ വയ്ക്കുന്നതായും അവ സന്തോഷം കൊള്ളുന്നതായും Janina-യ്ക്ക് തോന്നുന്നു. ആ ദൃശ്യം അവർ ദൂരെ നിന്ന് ബൈനോക്കുലറിലൂടെ നോക്കിക്കാണുകയാണ്. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അവർ പക്ഷേ, ഏകാകിയല്ല. ആൾപ്പാർപ്പ് അധികമില്ലാത്ത ആ സ്ഥലത്തും അവർ സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. അവർ സൂക്ഷിപ്പുകാരിയായ വീടുകളുടെ ഉടമസ്ഥരും അവരുമായി അടുപ്പമുള്ളവരാണ്. Janina അവരെയെല്ലാം ഇരട്ടപ്പേരിട്ടു വിളിയ്ക്കുന്നതാണ് കഥയിലെ ഒരു കൗതുകം (മനുഷ്യരോട് അവർക്കത്ര താൽപ്പര്യമേയുള്ളൂ). ആ വനപ്രദേശത്ത് വേട്ടയാടാൻ വരുന്നവരോട് അപകടം നോക്കാതെ നേരിട്ട് ഏറ്റുമുട്ടാൻ പോലും അവർ ഒരുങ്ങുന്നുണ്ട്. എന്നാൽ അവർക്ക് ഏറ്റവും സന്തോഷം നിറഞ്ഞ പ്രവർത്തി നക്ഷത്രഫലം ഗണിയ്ക്കുന്നതാണ്. ആർക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞെന്നു കേൾക്കുമ്പോൾ അവർ ഉടനെ അവരുടെ ഗ്രഹനില ഗണിയ്ക്കാൻ തുടങ്ങുന്നു. അവരുടെ ജീവിതത്തെ നിയന്ത്രിയ്ക്കുന്നത് തന്നെ ഇതാണ്. സാധാരണ നിലയിൽ ഒരു പുസ്തകത്തിൽ ദീർഘമായ ആസ്‌ട്രോളജി വിവരണങ്ങൾ കണ്ടാൽ മടുപ്പു തോന്നേണ്ടതാണ് – എന്നാൽ കഥയുമായി Olga അത് ഇഴ ചേർത്തിരിയ്ക്കുന്നത് വിദഗ്ദമായാണ്.
എന്നാൽ നോവലിന്റെ കേന്ദ്ര ആഖ്യാനം ഇതല്ല. നോവൽ ക്രൈം ജോൺറെയിലുള്ളതാണ്. എന്നാൽ eccentric എന്ന് പറയാവുന്ന നായികയുടെ വീക്ഷണകോണിലൂടെ കഥ വരുമ്പോൾ അതിനു ഒരു uniqueness ഉണ്ട്. നോവലിന്റെ തുടക്കം തന്നെ ഒരു നായാട്ടുകാരൻ, നായികയുടെ അയൽക്കാരൻ – ലോങ്ങ് ഫൂട് എന്നാണ് അവർ അയാളെ വിളിയ്ക്കുന്നത് – മരിച്ചു കിടക്കുന്നതു കണ്ട് മറ്റൊരു അയൽക്കാരൻ – ഓഡ് ബോൾ- Janina -യെ വിളിയ്ക്കാൻ വരികയാണ്. മാനിന്റെ ഇറച്ചി കഴിയ്ക്കുമ്പോൾ എല്ലു തൊണ്ടയിൽ കൊടുങ്ങിയാണ് അയാൾ മരിയ്ക്കുന്നത് എന്ന നിഗമനത്തിൽ അവരെത്തിച്ചേരുന്നു. ജനീന വിചാരിയ്ക്കുന്നത് അവർ വഴിയ്ക്കു കണ്ട മാനുകൾ അയാളെ കൊന്നതാകാം എന്നാണ്. അതിനെ തുടർന്ന് നടക്കുന്ന മൂന്ന് കൊലപാതകങ്ങളിലും മൃഗങ്ങളുടെ സാന്നിധ്യമുണ്ട്. മൂന്നാമത്തേതിൽ ഒരു പ്രത്യേക തരം കീടങ്ങളാണ് പ്രതിസ്ഥാനത്ത്. ജനീന ഈ കണ്ടെത്തലുകൾ സുഹൃത്തുക്കളോട് മാത്രമല്ല പോലീസിനോടും നിരന്തരം പറയുന്നുണ്ട്. അന്നാട്ടിൽ വന്നു താമസിയ്ക്കുന്ന എഴുത്തുകാരിയോടും ഇത് പറയുന്നു – അവർ ഹൊറർ നോവലുകൾ എഴുതുന്ന ആളാണ്. അവരാരും തന്നെ ഈ കഥ വിശ്വസിയ്ക്കുന്നില്ല. ജനീന മരിച്ചവരുടെ ഗ്രഹനില നോക്കുമ്പോൾ അതിൽ അവർക്കു എവ്വിധമാണ് മരണം സംഭവിയ്ക്കുക എന്നതുവരെ കൃത്യമായുണ്ട്. അതും അവർ പോലീസിനോട് പറയുന്നു.
അവർ ഒരു സിവിൽ എഞ്ചിനീയർ ആയിരുന്നു, കോളേജിൽ ഒരു ഹാമ്മർ ത്രോചാമ്പ്യനുമായിരുന്നു. സിറിയ പോലുള്ള രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇതെല്ലാം ആസ്ട്രോളജിയിലുള്ള അവരുടെ വിശ്വാസവുമായി എങ്ങനെ ചേർന്ന് പോകുന്നുവെന്നതാണ്. അമ്മയുടെയും അമ്മൂമ്മയുടെയും പ്രേതങ്ങളെ അവർ ഇടയ്ക്കിടെ കാണുന്നുമുണ്ട്. നോവലിന്റെ അന്ത്യത്തോടടുക്കുമ്പോഴാണ് നായാട്ടുകാരും നായികയും തമ്മിലുള്ള സംഘർഷത്തിന്റെ വിശദമായ ഒരു ചിത്രം നമുക്ക് കിട്ടുന്നത്. പോളണ്ടിലെ കാത്തലിക് ചർച്ചിന്റെ ട്രഡീഷനുകളിൽ ഒന്നാണ് വർഷാവർഷമുള്ള നായാട്ട്. പുരോഹിതർ തന്നെ അതിൽ പങ്കെടുക്കുന്നുണ്ട്, സംഗതി ടൂറിസവുമായി ബന്ധപ്പെടുത്തി, പുറത്തു നിന്നുള്ളവർക്ക് വേട്ടയാടാനുള്ള അവസരമൊരുക്കാനുള്ള ചർച്ചയിലാണ് പാതിരിയുൾപ്പെടുന്ന നായാട്ടുകാരുടെ സംഘടന. നോവൽ പുറത്തിറങ്ങിയപ്പോൾ പോളണ്ടിൽ ഒച്ചപ്പാടുണ്ടായി എന്ന് പറയുന്നതിന്റെ കാര്യമിതാണ്. അവിടത്തെ വലതുപക്ഷക്കാർ എഴുത്തുകാരിയെ വിമർശിയ്ക്കുകയും അവരുടെ പുസ്തകങ്ങളെ ബഹിഷ്ക്കരിയ്ക്കാൻ ആഹ്വാനം നടത്തുകയും ചെയ്തിട്ടുണ്ട്, അവർക്ക് നൊബേൽ കിട്ടുന്ന വരെ. വേഷം കെട്ടലിന് വലതുപക്ഷക്കാർ എല്ലാ നാട്ടിലും ഒരുപോലെയാണ് എന്ന് ചുരുക്കം. വേട്ടക്കാരുടെ വിശുദ്ധൻ Hubert ആണ്. അയാളാകട്ടെ വേട്ടക്കാരനായിരുന്നു. ഒരിയ്ക്കൽ വേട്ടയ്ക്കിടെ ഒരു മാനിന്റെ നെറ്റിയിൽ ജ്വലിയ്ക്കുന്ന കുരിശുകണ്ട് അയാൾ പശ്ചാത്താപവിവശനായി വേട്ട നിറുത്തി. എന്നാൽ പോളിഷ് കത്തോലിക്കർ Hubert-നോട് പ്രാർത്ഥിയ്ക്കുകയും, അയാളുടെ ദിനം കൊണ്ടാടുകയും, അതിനുശേഷം മാനുകളെയും മറ്റു മൃഗങ്ങളെയും വേട്ടയാടുകയും ചെയ്യുന്നു. ഈ വിരോധാഭാസത്തെയാണ് ജനീന (എഴുത്തുകാരിയും) പരിഹസിയ്ക്കുന്നത്. കുട്ടികളെ ഈ ആഘോഷത്തിന് മൃഗങ്ങളുടെ വേഷം കെട്ടിച്ചു എഴുന്നള്ളിയ്ക്കുന്നതിനും അവരെതിരാണ് – കുട്ടികളെ “ചെറുപ്പത്തിലേ പിടികൂടുക” എന്നതാണ് ചർച്ചിന്റെ ലക്‌ഷ്യം. പണ്ട് കമ്മ്യുണിസ്റ്റുകാർ ഭരിച്ചിരുന്നപ്പോഴും മെയ് ഡേ പരേഡുകൾക്കു ഇത് തന്നെയായിരുന്നു സ്ഥിതി. 2016-17-ൽ Spoor (https://www.youtube.com/watch?v=O96ZznajP5s) എന്ന സിനിമ നോവലിനെ അടിസ്ഥാനമാക്കി പുറത്തു വന്നിരുന്നു. അവാർഡുകൾ ഏറെ നേടിയെങ്കിലും സിനിമയും പള്ളിയുടെ കടുത്ത വിമർശനത്തിന് വിധേയമായിരുന്നുവത്രെ.
കൊലകൾ ചെയ്തത് ആരെന്നു വെളിപ്പെടുന്ന അവസാന ഭാഗം എഴുത്തുകാരിയുടെ കയ്യിൽ ഭദ്രമാണ്. ഷി ഈസ് എ ക്ലെവർ റൈറ്റർ. ആ ഭാഗത്തെപ്പറ്റി എനിയ്ക്ക് ആകാംഷയുണ്ടായിരുന്നു.
“Flights”-നും അടുത്ത വർഷം ഇംഗ്ളീഷിൽ വരാൻ പോകുന്ന Book of Jacob -നും ഇടയിൽ ഒരു പുസ്തക ഡീലിന്റെ ഭാഗമായി Olga എഴുതിയ പുസ്തകമാണ് “Drive Your Plow…”(എഴുത്തുകാരി അഭിമുഖത്തിൽ പറഞ്ഞത്). അത് കേൾക്കുമ്പോൾത്തന്നെ വായനക്കാരന് തോന്നിയേയ്ക്കാവുന്ന ചില പ്രശ്നങ്ങൾ, നോവലിനുണ്ട്. നായികയുടെ വിചിത്ര ചിന്തകളും പ്രകൃതി സ്‌നേഹവും വീഗനിസവും (Veganism) അതിനെ മറികടക്കാൻ വേണ്ടി എഴുത്തുകാരി ഉപയോഗിച്ചിരിയ്ക്കുകയാണ്. ഈ ഭാഗങ്ങൾ നിങ്ങളെ എത്ര കണ്ടു രസിപ്പിയ്ക്കുന്നുവോ അത്രയും നിങ്ങൾ ഈ നോവൽ ആസ്വദിയ്ക്കും. നോവലിലെ നായികയ്ക്കും (എഴുത്തുകാരിയ്ക്കും) ഇക്കാര്യത്തിൽ ഏകപക്ഷീയമായ കാഴ്ചപ്പാടാണുള്ളത്, ഒരു പക്ഷെ പള്ളിയുടെയും അന്നാട്ടിലെ കമ്മ്യൂണിസ്റ്റുകളുടെയും കാര്യമൊഴിച്ചാൽ (നോവലിൽ നായികയും സുഹൃത്തും Blake-ന്റെ കവിതകൾ വിവർത്തനം ചെയ്യുന്നുണ്ട് – Blake ഒരു കടുത്ത പരിസ്ഥിതിവാദിയായിരുന്നു എന്നോർക്കുക. ഈ പരിഭാഷകൾ പക്ഷെ ഉജ്ജ്വലമാണ്. നോവലിന്റെ പേര് Blake-ന്റെ ഒരു കവിതയിൽ നിന്നാണ്). വ്യക്തിപരമായ വായനയിൽ Flights, House of Night തുടങ്ങിയവയ്ക്കു താഴെയാണ് എനിയ്ക്കീ നോവൽ. നൊബേൽ കിട്ടേണ്ട എഴുത്തുകാരിയാണ് Olga എന്നെനിയ്ക്ക് ഇനിയും വിശ്വാസമായിട്ടില്ല. Book of Jacob എന്റെ അഭിപ്രായം തിരുത്തുമെന്ന വിശ്വാസത്തോടെ അതിനു വേണ്ടി കാത്തിരിയ്ക്കുന്നു.
Good review, ഇപ്പോൾ നൊബേൽ കിട്ടിയ എഴുത്തുകാരിൽ യോഗ്യതയുളള എന്ന് തോന്നിയവർ പറയാമോ, അതുപോലെ can we expect a books of the decade post from you.
എന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പറഞ്ഞെന്നു മാത്രം. ഓർഹൻ പാമുക്, റ്റോമസ് ട്രാൻസ്ട്രോമെർ, പൊളിറ്റിക്സ് ഇഷ്ടമല്ലെങ്കിലും പീറ്റർ ഹാൻഡ്‌കെ, സ്വെറ്റ്ലാന അലെക്സിവിച്, പാട്രിക് മോദിയാനോ, ആലിസ് മൺറോ, യോസ തുടങ്ങിയ സമീപകാല ജേതാക്കളെ ഇഷ്ടമാണ്. കഴിഞ്ഞ മൂന്ന് വർഷത്തെ വായന ഈ ബ്ലോഗിലുണ്ട്. ബൊലാനോ, പാമുക്, സെബാൾഡ്, ഇമ്മാനുവൽ കരേറെ, കാൾ ഊവ് ക്നോസ്‌ഗാർഡ് തുടങ്ങിയവരാണ് എന്റെ സമീപകാലത്തെ ചാമ്പ്യൻ എഴുത്തുകാർ.
നന്ദി, ഇമ്മാനുവൽ കരേറെ കുറിച്ച് ആദ്യം കേൾക്കുകയാണ്, പീറ്റർ ഹാൻഡ്‌കെ വായിക്കേണ്ട കൃതികൾ ഏതൊക്കെയാണ് (ഗോളി അല്ലാതെ ). മോദിയാണോടെ ഡോറ ഭ്രൂഡർ വിവർത്തനം വായിച്ചു ഇഷ്ടപ്പെട്ടു.
https://melethilwrites.wordpress.com/2017/12/
Pingback: പോപ്പുലർ സാഹിത്യകാരന്മാരും ബുജികളും തമ്മിലെന്ത്? – Bookmark