പെരുമാൾ മുരുഗന്റെ “Poonachi: Or the Story of a Black Goat” ഒറ്റവാക്കിൽ ഒരു മിനി മാസ്റ്റർപീസ് ആണ്. അയാളുടെ “One Part Woman”, അതിനെത്തുടർന്നെഴുതിയ രണ്ടു പുസ്തകങ്ങൾ എല്ലാം കയ്യിലുണ്ടെങ്കിലും ഞാൻ വായിച്ചിട്ടില്ല – അവ വായിയ്ക്കാനുള്ള പ്രേരണ തരുംവിധമാണ് ഈ നോവലിന്റെ ആഖ്യാനവും ഇംഗ്ലീഷ് പരിഭാഷയും. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഒരു വൃദ്ധനും വൃദ്ധയ്ക്കും ഒരാടിനെ ലഭിയ്ക്കുന്നു. ആടിനെ വൃദ്ധന് നൽകുന്നത് ഒരു ആജാനുബാഹുവായ മനുഷ്യനാണ് – അത് ബകാസുരനാണ് എന്നവർ കരുതുന്നു. ആട് ഒറ്റത്തവണ ഏഴു കുട്ടികളെ പ്രസവിയ്ക്കും എന്നാണ് അപരിചിതൻ അയാളോട് പറഞ്ഞിരിയ്ക്കുന്നത് – അങ്ങനെയൊന്ന് അന്നാട്ടിലോ അവരുടെ അനുഭവത്തിലോ കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണ്. ഈ ആട്ടിൻകുട്ടിയാകട്ടെ ഒരു പുഴുവിനെപ്പോലെ ദുർബ്ബലയുമാണ്. എന്നാലും ദമ്പതികൾ അതിനെ നന്നായി നോക്കിവളർത്തുന്നു. ഇത്തരത്തിൽ ഒരു നാടോടിക്കഥ പോലെയാണ് നോവൽ ആരംഭിയ്ക്കുന്നത്, എന്നാൽ ആദ്യഭാഗത്തെ ഫാബുലിസത്തിന്റെ (A form of magic realism in which fantastical elements are placed into an everyday setting) ഒരു ചെറിയ അംശമൊഴിച്ചാൽ നോവൽ ഗ്രാമീണ ജീവിതത്തിന്റെ വിശദാംശങ്ങളിലും, ദൈനംദിന വ്യവഹാരങ്ങളിലുമാണ് ഊന്നുന്നത്. ആടിന്റെ ജീവിതം, അതിന്റെ ചിന്താലോകം, അതിന്റെ കൂട്ടുകാർ, ആട് പ്രായപൂർത്തിയാകുന്നത്, അതിനെ ഒരു വൃദ്ധനായ ആടിനെക്കൊണ്ട് ഇണചേർക്കുന്നത്, അവരുടെ കൂട്ടത്തിലെ കുസൃതികളായ ആടുകളെ വരിയുടയ്ക്കുന്നത്, ആടിനെ ആക്രമിയ്ക്കുന്ന വന്യജീവികൾ, വൃദ്ധരുടെ ആധികൾ, മകളുടെ വീട്ടിലേയ്ക്കു അവരുടെ യാത്രകൾ, ആടുകളെയും മറ്റു മാടുകളെയും ചുറ്റിപ്പറ്റിയുള്ള ഗ്രാമീണ ഇക്കോണമി, ഇവയ്ക്കൊക്കെ പശ്ചാത്തലമായി വരുന്ന ദമ്പതികളുടെയും നാട്ടുകാരുടെയും സംസാരങ്ങൾ (banter ) – ഇങ്ങനെ വളരെ വിശദവും സജീവവുമായ ഒരു ലോകമാണ് ക്ലാസ്സിക്കുകളെ ഓർമ്മിപ്പിയ്ക്കുന്ന രീതിയിൽ മുരുഗൻ വരച്ചിടുന്നത്.
തമിഴിൽ നിന്ന് ഇംഗ്ളീഷിലേയ്ക്ക് വന്നതിൽ ഞാൻ ഈ വർഷം വായിച്ച രണ്ടാമത്തെ പുസ്തകമാണ് ഇത് – Ambai എഴുതിയ “A Kitchen in the Corner of the House” ആണ് മറ്റേത് – രണ്ടും പരിഭാഷയിൽ നല്ല നിലവാരം പുലർത്തിയെന്നതാണ് കാര്യം. ഇവിടെ ഓർക്കാവുന്നത് “മനുഷ്യന് ഒരാമുഖം”, “ആസിഡ്” തുടങ്ങിയ പുസ്തകങ്ങളുടെ പരിഭാഷയാണ് – ആദ്യത്തേത് പദാനുപദമാണെകിൽ, രണ്ടാമത്തേത് ബാലിശമായ ഉള്ളടക്കം. ആരാച്ചാർ ഇംഗ്ലീഷിൽ കുഴപ്പമില്ലായിരുന്നു, പക്ഷെ അപ്പോഴും പൊതുവെ നിലവാരമുള്ള ഒന്നിനും പരിഭാഷ വരുന്നില്ല എന്നതും, അവയുടെ മാർക്കെറ്റിങ്ങും, റൈറ്റ്സ് മാനേജ് ചെയ്യുന്നതിലെ പോരായ്മകളും എല്ലാമായി ദിനേന പുസ്തകമിറങ്ങുന്ന മലയാളത്തിന്റെ അവസ്ഥ ദയനീയമാണ്. മറ്റു ഭാഷകളിൽ നിന്ന് വരുന്ന ലൈറ്റ് റീഡുകൾ പോലും അതിശക്തമാണ് എന്ന് ഇക്കൊല്ലത്തെ മാത്രം വായനകൊണ്ട് എനിയ്ക്കു പറയാൻ കഴിയും – ജപ്പാനിൽ നിന്നും കൊറിയയിൽ, അറബിയിൽ നിന്നുമൊക്കെ വരുന്ന നോവെല്ലകൾ പുസ്തകലിസ്റ്റുകളിലും അവാർഡ് ഫൈനലുകളിലും എത്തുന്നത് നമ്മൾ കാണുന്നുണ്ടല്ലോ, ഇവ വളരെ വൈവിധ്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയുമാണ്. അവയുമായി മത്സരം പ്രയാസമാണ് എന്ന് സാരം. മികച്ച എഴുത്തുകാരെ മികച്ച രീതിയിൽ പരിഭാഷപ്പെടുത്തുക എന്നതൊരു വെല്ലുവിളിയാണ്.
മുരുഗനിലേയ്ക്ക് തിരിച്ചു വരുമ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എഴുത്തുകാരൻ ഈ നോവലിൽ രാഷ്ട്രീയം പറയുന്ന വിധമാണ്. ഒരു തരം ഡിസ്റ്റോപ്പിയൻ സർക്കാരാണ് ഇതിൽ – ആടുകളുടെ ജനനമരണ രെജിസ്ട്രേഷൻ, ആടുകൾക്ക് നമ്പറിടുന്നത്, അതിലെ ചുവപ്പുനാടകൾ – നമ്മുടെ എഴുത്തുകാർ കൂവുന്ന കോഴിയേയും മറ്റു മൃഗങ്ങളെയും ഒക്കെ വച്ച് രാഷ്ട്രീയം പറയാൻ ശ്രമിയ്ക്കുന്ന ബാലിശതയുടെ മറ്റൊരു, കുറച്ചു കൂടി നിലവാരമുള്ള പതിപ്പ് (ഈ കല്ലുകടി മുരുകന്റെ നോവലുകൾക്ക് പൊതുവേയുണ്ടെന്ന് ഒരാൾ പറയുകയുണ്ടായി, അതില്ലെങ്കിൽ ഫൈവ് സ്റ്റാർ റീഡാണ് പൂനാച്ചി). എന്നാൽ സത്യത്തിൽ മുരുഗൻ പറയുന്നത് ഒരു തമിഴ് നാടോടിക്കഥയുടെ വ്യാഖ്യാനവുമാണ് (കഥനടക്കുന്ന കാലം നോവലിൽ കൃത്യമല്ലെങ്കിലും) – പെൺകുട്ടി ദേവതയാകുന്ന കഥ. ഈ ഒരു കഥ ഓർക്കാൻ കഴിയുന്ന വായനക്കാരന് ആടും അതിന്റെ ദൈനംദിന ജീവിതവും, പ്രേമവും, കാമവും, അതിന്റെ ഉടമസ്ഥരും എല്ലാം ചേർന്ന് ഒരു പെൺകുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങളും ജീവിതഗതിവിഗതികളും എല്ലാമായി കാണാവുന്നതാണ്. നാടോടിക്കഥയെ അനുസ്മരിപ്പിയ്ക്കുന്ന അന്ത്യവുമാണ് ഈ നോവലിന്.

Interesting.
Interesting.