The Last Reader | David Toscana

bk_7219

David Toscana-യുടെ “The Last Reader” : – മാർകേസിന്റെയും അമാദോയുടെയും ഒക്കെ നിലവാരത്തിലുള്ള എന്നാണ് ഈ പുസ്തകത്തിന്റെ പുറം ചട്ടയിൽ. അതാണ് വായിക്കാന് ഉണ്ടായ ആദ്യകാരണവും. ഇക്കാമോൾ എന്ന മെക്സിക്കൻ ഗ്രാമത്തിൽ കടുത്ത ജല ദൗർലഭ്യമുണ്ട്. റെമിഗിയോയുടെ കിണറ്റിൽ അയാൾക്കുപയോഗിക്കാനും അയാളുടെ അവക്കാഡോ മരം നനക്കാനും വെള്ളമുണ്ടെന്നുള്ളത് രഹസ്യമാണ്. അങ്ങനെ പോകുന്പോൾ ആ കിണറ്റിൽ ഒരു പെൺകുട്ടിയുടെ ശവം കാണപ്പെടുകയാണ്. അയാൾ പരിഭ്രാന്തനായി അച്ഛനായ ലൂഷ്യോയുടെ അടുത്തെത്തുകയാണ് – ല്യൂഷ്യോ ആ ഗ്രാമത്തിലെ ലൈബ്രറിയനാണ് (അയാളാണ് “ലാസ്‌റ് റീഡർ”), നോവലിലെ പ്രധാന കഥാപാത്രവും. അസാധാരണ വായനക്കാരനാണ് അയാൾ. പട്ടിണിയാണ്, വെള്ളമില്ല – പക്ഷെ അയാൾക്ക്‌ പുസ്തകമുണ്ടല്ലോ. ഭക്ഷണ സാധനങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളോട് ഒരാഭിമുഖ്യം പോലും അയാൾക്കുണ്ട്. അയാൾ വായിച്ചു തള്ളുകയാണ്. ഇഷ്ടപ്പെടാത്ത പുസ്തകങ്ങളെഴുതിയവരെ അയാൾ ഉടനീളം ചീത്ത വിളിക്കുന്നു. അത്തരം പുസ്തകങ്ങളെ നിലവറയിൽ കൂറകൾക്കു തിന്നാൻ കൊടുക്കുന്നു. എന്നിട്ടു അടുത്ത പുസ്തകമെടുത്തു വായന തുടങ്ങുന്നു. എന്ത് കൊണ്ട് പുസ്തകം ഇഷ്ടമായി, എന്ത് കൊണ്ടിഷ്ടപ്പെട്ടില്ല എന്നൊക്കെ കൃത്യമായി വിവരിക്കുന്നുണ്ട് (നോവലിസ്റ്റ് സാങ്കൽപ്പിക നോവലുകൾ അനവധി ഇതിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്). മകൻ വന്നതുതൊട്ട് പിന്നെയങ്ങോട്ട് അയാൾ വായിച്ച നോവലുകൾ വച്ച് ഇനിയെന്ത് സംഭവിക്കും എന്ന് പ്രവചിക്കുകയാണ്. അച്ഛന് അവക്കാഡോ പഴങ്ങൾ ‘കൈക്കൂലി’യായി മകൻ കൊണ്ട് വന്നിട്ടുണ്ട് – അതിന്റെ തൊലി കാണുന്പോൾ അയാൾക്ക്‌ മരിച്ചുപോയ ഭാര്യയെ, അവരുടെ മിനുസമാർന്ന തൊലിയെ ഒക്കെ ഓർമ്മവരുന്നു, അവരുണ്ടാക്കാറുള്ള ഉപ്പു കൂടുതലുള്ള സൂപ്പ് ഓർമ്മ വരുന്നു (ഇതുമാത്രമാണ് പുസ്തകമല്ലാതെയുള്ള അയാളുടെ ഒബ്‌സെഷൻ, ഭാര്യ പള്ളിയിൽ പ്രഭാഷണം കേൾക്കാൻ വാച്ചുപോന്ന കസേര പോലും അയാൾ ഒരു സമയത്തു എടുത്തുകൊണ്ടുവരുന്നുണ്ട് ). ഏതായാലും മകൻ അയാളുടെ നിർദ്ദേശമനുസരിച്ച് ശവം അവക്കാഡോയുടെ കീഴെ അടക്കുന്നു. തുടർന്നങ്ങോട്ട് പോലീസിനോടും പെൺകുട്ടിയുടെ അമ്മയോടും ഒക്കെ അയാൾ ഓരോന്ന് പറയുന്നു – എല്ലാം ഓരോ പുസ്തകത്തിൽ നിന്നെടുത്തത്. പോലീസ് അതുവച്ചു വേറൊരാളെ പിടിക്കുകപോലും ചെയ്യുന്നു. പെൺകുട്ടിയുടെ അമ്മയും അയാളും ഒരേ നോവലുകൾ വായിച്ചിട്ടുണ്ട്. അങ്ങനെ അവർ തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു. ഇങ്ങനെയൊക്കെയാണ് കഥ പോകുന്നത്.

ഏതായാലും പുറം ചട്ടയിൽ പറഞ്ഞവരുടെ നോവലുകളിലെ ഭ്രമമാത്മകത ഇതിലുണ്ടെന്ന് തോന്നുന്നില്ല. നേരത്തെ ഇവിടെ ഒരു പോസ്റ്റിൽ പറഞ്ഞപോലെ ഹ്യൂമറിന്റെ ഒരു നേർത്ത നൂൽ ഇതിലുടനീളം ഓടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു – ഒറിജിനലിൽ. അത് ഈ പരിഭാഷയിലും, ഒരു പക്ഷെ ഇതിന്റെ ഇംഗ്ലീഷിലും ദൗർഭാഗ്യവശാൽ ഇല്ല, അത് നമുക്ക് മനസിലാകും. പ്രസാധകരും അതിന് (പലപ്പോഴും നിർഭാഗ്യം കൊണ്ട് ) സൈൻ അപ്പ് ചെയ്യുന്ന തർജ്ജമക്കാരും ഓർക്കേണ്ടത് ഇതാണ്. പുസ്തകം എഴുതുന്ന അത്ര എഫേർട്ട് പരിഭാഷയിലുമുണ്ട്. കുറച്ചു കഷ്ടപ്പെട്ടാണ് ഇത് വായിച്ചു തീർത്തത്. ഇംഗ്ലീഷ് കിട്ടിയതുമില്ല, കിട്ടിയാലും മെച്ചമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയൊക്കെയാണ് അമാദോയും മാർകേസും ഒക്കെ എന്തുകൊണ്ട് ഇത്ര ഉന്നതിയിൽ നിൽക്കുന്നത് മനസിലാകുന്നത് അവരുടെ കണ്ടെന്റ് മാത്രമല്ല അവർക്കു കിട്ടിയ പരിഭാഷകരും അത്ര നല്ലതായിരുന്നു. മാർകേസിനോളം പ്രശസ്തനാണല്ലോ ഏറെക്കുറെ അയാളുടെ പരിഭാഷകനായ ഗ്രിഗറി റബാസ. ചുരുക്കത്തിൽ മലയാളത്തിലല്ലാതെ വായിക്കാൻ പറ്റിയ ഒരു പുസ്തകം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top