Tim Winton – A Small Introduction

IMG_6631.JPG

ഓസ്‌ട്രേലിയൻ എഴുത്തുകാരനായ ടിം വിന്റൺ മനോഹരമായ ഭാഷ കൈവശമുള്ളയാളാണ്, ആസ്‌ത്രേലിയയയുടെ ആവേശമുണർത്തുന്ന പ്രകൃതിയാണ് അയാളുടെ എഴുത്തിലെ നിത്യസാന്നിധ്യം. ബ്രെത്ത് (Breath) എന്ന നോവൽ കഴിഞ്ഞ വർഷം സിനിമയാവുകയും നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു(എനിയ്ക്കു അത്രയ്ക്ക് സുഖിച്ചില്ല). സർഫിംഗ് നമുക്ക് പൊതുവെ  ധാരണയുമില്ലാത്ത കായിക വിനോദമാണല്ലോ (പോയിന്റ് ബ്രേക്ക് എന്ന സിനിമ കണ്ടവരുണ്ടോ, അതിന്റെ എൻഡിങ് ഓർമ്മയുള്ളവർ ?) – സ്വാഭാവികമായും ഈ നോവൽ വായിയ്ക്കാനെടുക്കുമ്പോൾ അത്തരമൊരു കഥ ബോറിംഗ് ആയിരിയ്ക്കുമോ എന്ന ഒരു സംശയമുണ്ടായിരുന്നു. വിന്റൺ അതിവിദഗ്ധമായാണ് സർഫിങ്ങിന്റെ സാങ്കേതിക വശം കഥയിൽ ചേർത്തിരിയ്ക്കുന്നത്. കഥയ്ക്ക് പശ്ചാത്തലമായി വരുന്ന, സദാ കാറ്റും മഴയുമുള്ള ഒരു കടൽത്തീരനഗരത്തിൽ വളർന്നയാളാണ് വിന്റൺ. ആത്മകഥാംശം എത്രയുണ്ടെന്ന് പറയുക വയ്യെങ്കിലും നോവലിലെ കൗമാരക്കാരന്റെ ലോകം പിടിച്ചെടുക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട് – അവസാനത്തെ ചെറിയ ട്വിസ്റ്റൊഴികെ ഈ നോവൽ ഈസ് ആൻ എക്സൈറ്റിങ് റീഡ്. 

പൊതുവെ പുരുഷ കേന്ദ്രീകൃതകഥകളാണ് വിന്റൺ പറയുന്നത് (broken men) – അത് വച്ച് ഫെമിനിസ്റ്റുകൾ അയാളെ കടുത്ത രീതിയിൽ വിമർശിയ്ക്കാറുണ്ട്. വിന്റൺ പറയുന്നത് ടോക്സിക് മസ്‌ക്യൂലിനിറ്റി അല്ല തന്റെ വിഷയം എന്നതാണ്. പുതിയ നോവലായ The Shepherd’s Hut -ൽ മാസ്കുനിലിറ്റിയാണ് പ്രതിസ്ഥാനത്ത് (ഞാൻ വായിച്ചു തീരാനായി, ഇംഗ്ളീഷിന്റെ പ്രാദേശിക വകഭേദങ്ങൾ കാരണം നോവലിന്റെ ഓഡിയോ കേട്ട് കാര്യങ്ങൾ ഗ്രഹിയ്ക്കുക പ്രയാസമാണ്, പ്രിന്റ് തന്നെ ശരണം. പൊതുവെ ഈ എഴുത്തുകാരന്റെ പുസ്തകങ്ങളിൽ ഭാഷയൊരു പ്രശ്നമാണ്), ഇത് ഒരു പക്ഷേ എഴുത്തുകാരന്റെ ഏറ്റവും മികച്ച വർക്ക് ആയിരിയ്ക്കുമെന്നാണ് നിരൂപകമതം. Breath-ൽ ഹീറോ പരിവേഷമുള്ള ഒരുവനെ പിന്തുടർന്ന് രണ്ടു കൗമാരക്കാർ കൂടുതൽ അപകടങ്ങളിലെയ്ക്ക് (സർഫിങ്ങിൽ) പോകുന്നതാണ്. എന്നാൽ കഥയുടെ മർമ്മം അതല്ല. വിന്റന്റെ കഥാസമാഹാരങ്ങൾ എവിടെയും കണ്ടില്ലെങ്കിലും Granta Australia -യിൽ വന്ന Aquifer എന്ന കഥയിൽ ആദ്യം താമസിച്ചിരുന്ന നഗര പ്രാന്തത്തിലെ വീടിനടുത്തെ ചതുപ്പാണ് കേന്ദ്രസ്ഥാനത്ത്. അതിനെ ചുറ്റി വളരുന്ന കാടും അതിനെ ചൂഴുന്ന നിഗൂഢതയും കഥാനായകന്റെ ചെറുപ്പകാലത്തെ ആവേശമുണർത്തുന്ന കാര്യങ്ങളായിരുന്നു. എന്നാൽ അയാൾക്കൊരു രഹസ്യവുമുണ്ട് അതിനെ ചുറ്റിപ്പറ്റി. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയായ വിന്റൺ ചതുപ്പ് മാഞ്ഞുപോവുന്നതും അതിനുചുറ്റുമുള്ള ആ പ്രദേശം തന്നെ മനുഷ്യവാസം കൊണ്ട് മാറിപ്പോവുന്നതും ഒക്കെ ഇവിടെ വരച്ചിടുന്നു. Dirt Music -ൽ ഒരു poacher, കഥാനായികയെ കണ്ടുമുട്ടുകയാണ്, അതും തികച്ചും അസാധാരണമായ സാഹചര്യത്തിൽ. അസാധാരണമായ വിവരണങ്ങളാണ് ഈ നോവലിന്റെ highlight – അതുപോലെ പ്രധാന കഥാപാത്രങ്ങളുടെ ബന്ധം, അതെന്തെന്ന് നിർവ്വചിയ്ക്കാൻ നോവലിസ്റ്റ് ശ്രമിയ്ക്കുന്നില്ല – അത്രയ്ക്കും വ്യത്യസ്ത പശ്ചാത്തലങ്ങളാണ് അവർക്ക് (ഈ പുസ്തകവും സിനിമയാകുന്നുണ്ട്). Cloudstreet എന്ന മൂന്നാം നോവലാണ് വിന്റണെ പ്രശസ്തനാക്കിയത്. ഇപ്പോഴും ഒരു പക്ഷെ അയാളുടെ ഏറ്റവും കൂടുതൽ വായിയ്ക്കപ്പെട്ട നോവലും അതായിരിയ്ക്കണം. പഴയ പെർത്തിലെ ഒരു വീട്ടിൽ താമസിയ്ക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥയിൽ മുഴുവൻ twists and turns ആണ് – ഒരു പ്രേതകഥാപാത്രം പോലുണ്ട്, ഇതിൽ. ലോകത്തെ മികച്ച എഴുത്തുകാരുടെ നിരയിലേയ്ക്ക് വിന്റണെ കുടിയിരുത്തിയ ഒന്നാണ് 2002-ലെ ഈ നോവൽ (ഇത് വിന്റൺ തന്നെ നാടകമായി അവതരിപ്പിച്ചിട്ടുണ്ട്).    

പല ഓസ്‌ട്രേലിയൻ പുസ്തകങ്ങളും ഇന്ത്യയിൽ ലഭ്യമല്ല എന്നതാണ് വായനക്കാരെ അലട്ടിയേയ്ക്കാവുന്ന വിഷയം. വിന്റൺ തന്നെ അധികമായില്ല ഇവിടെ ലഭിയ്ക്കാൻ തുടങ്ങിയിട്ട്. മർനെയ്ൻ(Murnane) ഇപ്പോഴും തീപിടിച്ച വിലയാണ്. വിന്റണ്ന്റെ നോവലുകൾ, പുതുത് ഒഴികെ, ഞാൻ സംഘടിപ്പിച്ചത് ബുക്ക് ചോർ എന്ന സെക്കന്റ് ഹാൻഡ് സ്റ്റോറിൽ നിന്നാണ്. മലയാളത്തിലെ ചർവ്വിതചർവ്വണവും വാക്ക് കസർത്തും  വായിച്ചു മടുത്തവർക്ക് ഈ നോവലുകൾ വലിയ ആശ്വാസമായിരിയ്ക്കും.   

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top