സ്ഥാനം തെറ്റിയ വസ്തു

ആനന്ദിന്റെ “സ്ഥാനം തെറ്റിയ വസ്തു” അടിവരയിടുന്ന കാര്യം, മലയാള സാഹിത്യത്തിൽ എത്ര യുനീക് (unique) ആയ സ്ഥാനത്താണ് അയാൾ എത്തിച്ചേർന്നിരിയ്ക്കുന്നത് എന്നതാണ്. ഇതുപോലൊരു എഴുത്തുകാരൻ നമ്മുടെ ഭാഷയിൽ വേറെയില്ലതന്നെ. അടുത്തിടെ ഞാൻ അയാളുടെ “കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും” എന്ന പുസ്തകം വായിയ്ക്കുകയുണ്ടായി. സങ്കീർണമായ ആശയങ്ങളെ ലളിതമായി അവതരിപ്പിയ്ക്കുന്നതിൽ ആനന്ദിന് നല്ല മിടുക്കുണ്ട്. ഹോക്കിങ്ങ് പറഞ്ഞതുപോലെസങ്കീർണ്ണതയെ അത്തരത്തിൽ, എല്ലാവർക്കും വേണ്ടി അവതരിപ്പയ്ക്കുന്നതാണ് യാഥാർത്ഥ അറിവിന്റെ ലക്ഷണം. നമ്മുടെ അല്പജ്ഞാനികളായ പല എഴുത്തുകാരും തങ്ങളുടെ പൊള്ളയായ എഴുത്തിനെ സംസ്കൃത ഭാഷയുടെ കട്ടിത്തൊങ്ങലിട്ടു വലിയ സംഗതിപോലെ ആനയിയ്ക്കുന്നത് പരിഹസിച്ചു മടുത്തിട്ടുള്ളതുകൊണ്ടു തന്നെ, ഇതൊരു സന്തോഷമുണ്ടാക്കുന്ന കാര്യമാണ് – അല്ലെങ്കിലും എഴുത്തിൽ ഇന്റലിജൻസ് fake ചെയ്യാൻ കഴിയുന്ന കാര്യമല്ല. എഴുത്തുകാരനെക്കാളും ഇന്റലിജന്റ് ആയ ഒരു കൂട്ടം വായനക്കാർ എപ്പോഴുമുണ്ടാകും എന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. ജനാധിപത്യത്തിന്റെ കാലത്ത് അവർക്കു വിയോജിപ്പ് പ്രകടിപ്പിയ്ക്കാൻ പല വേദികളുണ്ട് എന്നതുമുണ്ട്.

ഈ പുസ്തകത്തിൽ ആനന്ദ് സ്ഥാനം തെറ്റിയ വസ്തു എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്, ലളിതമായി, വസ്തുതകളുടെ, യുക്തിയുടെ അസ്ഥാനത്തുള്ള പ്രയോഗം എന്നതാണ്. മനുഷ്യൻ പലപ്പോഴും യുക്തി പ്രയോഗിക്കുമ്പോൾ കാണിയ്ക്കുന്ന ഔചിത്യബോധമില്ലായ്മ ഉണ്ടാക്കുന്ന ദുരന്തങ്ങളാണ് ഈ പുസ്തകത്തിന്റെ കാതൽ. മനുഷ്യൻ സ്വയം വിചാരിയ്ക്കുന്നത് ലോകം സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത് തനിയ്ക്ക് വേണ്ടിയെന്നാണ്. അവനുണ്ടാക്കിയ മതങ്ങളുടെ കാര്യമെടുത്താലും മനുഷ്യന് വേണ്ടി എല്ലാമെന്നാണ് അവയും പറയുന്നത്. ഇന്നും യുക്തിയെ നിയന്ത്രിയ്ക്കുന്നതിൽ മതത്തിനു പങ്കുണ്ട്, അതിൽ കാര്യമായ യുക്തിരാഹിത്യമുണ്ടെങ്കിൽ കൂടി. മതമെന്നാൽ ഒരു സംഘടിത ശക്തിയാണ്. ഏതു നിസ്വനായ മനുഷ്യനും ഏറ്റവും ക്രൂരമായ പ്രവർത്തി മതത്തിന്റെയോ പ്രത്യശാസ്ത്രത്തിന്റെയോ പേരിൽ ചെയ്യും – അതിനു പ്രേരകമാകുന്നത് ഒരു സംഘത്തിന്റെ ഭാഗമാണ് താൻ, താനൊറ്റയ്ക്കല്ല എന്ന് തോന്നുന്നതാണ്. ശാസ്ത്ര പുരോഗതിയ്‌ക്കൊപ്പം കൈ വന്നിട്ടുള്ള, എന്തിനെയും “നിയന്ത്രിയ്ക്കാനുള്ള ശക്തി”യെ മനുഷ്യൻ അതിരില്ലാത്ത, എതിരില്ലാത്ത ഒന്നായി കാണുന്നതാണ് ആനന്ദ് പുസ്തകത്തിൽ വിവരിയ്ക്കുന്ന മിയ്ക്കവാറും എല്ലാ സംഗതികളുടെയും കാരണമായി വർത്തിയ്ക്കുന്നത്. ആനന്ദിന്റെ അഭിപ്രായത്തിൽ ഏറ്റവും വലിയ സാമ്രാജ്യം സ്ഥാപിച്ചത് പശ്ചിമേഷ്യയിൽ എവിടെയോ വളർന്നിരുന്ന ഒരു തരം പുല്ലാണ് – അത് മനുഷ്യർ പോയിടത്തൊക്കെ ഒപ്പം യാത്ര ചെയ്ത്, തന്നോട് കൂറുള്ള നൂറുകണക്കിന് അനുയായികളെ സൃഷ്ടിച്ചു – ഗോതമ്പ് എന്ന ധാന്യമാണ് അത്. മനുഷ്യന്റെ തന്നെ അനവധി തലമുറകളെയും അതിജീവിച്ച് അത് ശക്തി തെളിയിച്ചിട്ടുമുണ്ട്.

“വസ്തുക്കളി”ലാദ്യം വരുന്നത് അമേരിക്കയിലെ വെള്ളക്കാരായ കുടിയേറ്റക്കാർ ആദിവാസികളെ ഓടിച്ച്, പുൽമേടുകളെ അനിയന്ത്രിതമായി നശിപ്പിച്ചതിന്റെ ഫലമായുണ്ടായ പൊടിക്കാറ്റാണ് – 350 മില്യൺ ടൺ പൊടിയാണ് ഇങ്ങനെ പറന്നു പൊങ്ങിയത്, അതിൽ നിന്നുള്ള സ്റ്റാറ്റിക് എനർജി മാത്രം അളവറ്റ അപകടങ്ങളുണ്ടാക്കി. ഈ നഷ്ടം പിന്നീട് നികത്താനുമായില്ല. മുപ്പതുകളിലെ സാമ്പത്തികമാന്ദ്യത്തിൽ വരെ എത്തിച്ചേർന്ന മനുഷ്യനിർമ്മിത ദുരന്തമായിരുന്നു അത്. എന്നാൽ അമേരിക്കക്കാർ തുടർന്നുണ്ടായ യുദ്ധകാലത്ത് വ്യവസായങ്ങളെ വളർത്തി നഷ്ടം നികത്തുകയും (എഡ്വാർഡോ ഗലീനോ എഴുതിയ പോലെ ഐ എം എഫ്, ലോകബാങ്ക് തുടങ്ങിയവ തട്ടിക്കൂട്ടി ലോകത്തെ മുഴുവൻ കയ്യിലൊതുക്കുകയും) ചെയ്തു. ഗ്രെയ്‌പ്സ് ഓഫ് റാത്ത് എന്ന നോവലിൽ സ്റ്റെയിൻബെക്ക് പുൽമേടുകളിൽ നിന്ന് സ്ഥാനം തെറ്റിയ ആളുകളെപ്പറ്റി എഴുതിയത് ആനന്ദ് ഉദ്ധരിച്ചിട്ടുണ്ട്. അതിൽ ബാങ്കുകളുടെ തട്ടിപ്പിനെക്കുറിച്ചൊക്കെ കഥാപാത്രങ്ങൾ പറയുന്നുണ്ട്.

എന്നാൽ ഇന്നും ലോകത്തെ ഏറ്റവും വലിയ കാർബൺ എമിറ്റർ രാജ്യമായി അമേരിക്ക തുടരുന്നു. അവിടത്തെ രാഷ്ട്രീയക്കാരാകട്ടെ, വലതുപക്ഷക്കാരാകട്ടെ ഗ്ലോബൽ വാമിംഗ്‌ ഇല്ലെന്നു സമർത്ഥിയ്ക്കുന്നവരാണ്. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ വരെ വെള്ളം കയറിയിട്ടും, ഇൻഡോനേഷ്യയിലെ ജക്കാർത്ത നഗരം വാസയോഗ്യമല്ലാതായിട്ടും ഇപ്പോഴും ശാസ്ത്രയുക്തിയെ തള്ളിപ്പറയുന്നവരാണ് ലോകമെങ്ങും ശക്തിയാർജ്ജിച്ചുകൊണ്ടിരിയ്ക്കുന്ന ഇക്കൂട്ടർ എന്നതാണ് വർത്തമാനകാലത്തെ തമാശകളിൽ ഒന്ന് (വൃദ്ധരാണ് ഗ്ലോബൽ വാമിങ്ങിനെപ്പറ്റി പരാതി പറയുന്നത് എന്ന് പറഞ്ഞ ഒരാൾ ഇന്നാട്ടിലുമുണ്ട്).

സിന്ധുഗംഗാ തടത്തിലെ ചൂഷണമാണ് പിന്നെ ആനന്ദ് വിവരിയ്ക്കുന്നത് – ഥാർ മരുഭൂമി വനവൽക്കരണം നടത്തി തിരിച്ചെടുക്കാവുന്ന തരം (Reversible) ഇടമാണ് – അഞ്ഞൂറിലധികം സസ്യവർഗ്ഗങ്ങൾ വളരുന്ന ഒരു പ്രദേശമാണ് അത്. ഇത് മുൻകൂട്ടിക്കണ്ട് അതിനു വേണ്ടി നദികളിൽ നിന്ന് കനാലുകളൊരുക്കിയിട്ടുണ്ട് നമ്മുടെ ശാസ്ത്രജ്ഞർ. എന്നാൽ ലാഭക്കൊതിയന്മാരായ സർക്കാരുകൾ ഈ കനാലിനു ചുറ്റും അതേ ജലമുപയോഗിച്ചു കൃഷി പ്രോത്സാഹിപ്പിയ്ക്കുകയാണ് ഉണ്ടായത്. മരുഭൂമി ഒരിയ്ക്കൽ വളർച്ചയാരംഭിച്ചാൽ അത് തടയുക എളുപ്പമല്ല. ആസ്‌ത്രേലിയയിൽ മരുഭൂമിയിൽ നിന്ന് മോചിപ്പിച്ചെടുത്ത ഇടങ്ങളിലേക്ക് മരുഭൂമി വീണ്ടും തള്ളിക്കയറുന്നതിനെപ്പറ്റി കുറച്ചു വർഷങ്ങൾക്കുമുന്നെ വായിച്ചത് ഇവിടെ ഓർമ്മ വന്നു. വീണ്ടും യുക്തിയ്ക്കല്ല സ്ഥാനം എന്നുള്ളതാണ്. കൊളോണിയൽ കാലത്ത് ഇന്ത്യയിൽ, 1890 -കളിലും 1900 ആദ്യത്തിലും, രണ്ടു ക്ഷാമങ്ങളുണ്ടായി, എൽനിനോ പ്രതിഭാസത്തിന്റെ ഫലമായി. ഈ കാലത്ത് ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി 3 മില്യൺ ടണ്ണിൽ നിന്ന് 10 മില്യണാക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്, പോരാത്തതിന് ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വില കൂട്ടി വിറ്റഴിയ്ക്കുകയും ചെയ്തു. മുപ്പതു മില്യൺ ആളുകളെങ്കിലും മരിച്ച ഈ ദുരന്തങ്ങളോടെയാണത്രെ യഥാർത്ഥത്തിൽ മൂന്നാം ലോകം എന്ന ആശയം പോലുമുണ്ടായത് – നമ്മുടെ പോലുള്ള നാടുകളുടെ നടുവൊടിഞ്ഞു എന്നർത്ഥം. ബംഗാൾ പോലെയുള്ള സ്ഥലങ്ങളെ പിന്നോക്കാവസ്ഥയുടെ പേരിൽ പരിഹസിയ്ക്കുന്ന ആളുകൾ ഇതും, 1940-കളിലെ ക്ഷാമവും (അത് തീവ്രമാകാൻ കാരണം ബ്രിട്ടീഷുകാരുടെ ആർത്തിയാണെന്നതും – ചർച്ചിൽ പലർക്കും വീരനായകനാണ്) വിഭജനത്തിന്റെ പ്രത്യാഘാതങ്ങളും എല്ലാം മറക്കും.

ആനന്ദിന്റെ ശ്രദ്ധ പിന്നീട് തിരിയുന്നത് ചൈനയിൽ ചെയർമാൻ മാവോ അവതരിപ്പിച്ച കാർഷികവിപ്ലവത്തിലേയ്ക്കാണ് – യാതൊരു യുക്തിയുമില്ലാതെ (പക്ഷികളെ മുച്ചൂടും കൊന്നൊടുക്കാനുള്ള ആഹ്വാനം, തല്ഫലമായി കീടങ്ങൾ പെരുകി) നടപ്പിലാക്കപ്പെട്ട ഈ സൈദ്ധാന്തിക പരീക്ഷണം പാരിസ്ഥിതിക ദുരന്തത്തിലാണ് കലാശിച്ചത്. ഇന്ത്യയെ പാഠം പഠിയ്ക്കാൻ നടത്തിയ യുദ്ധമാണ് മറ്റൊന്ന്. കമ്മ്യുണിസ്റ്റ് റഷ്യയിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളക്ടീവ് ഫാമുകൾ ആരംഭിച്ച കമ്മ്യുണിസ്റ്റുകൾക്ക് കർഷകർ വളരെ പെട്ടെന്ന് വർഗ്ഗശത്രുക്കളായി മാറി. എന്നും ക്രെംലിനുമായി ഇടഞ്ഞുനിന്ന യുക്രെയിനെ അക്ഷരാർത്ഥത്തിൽ പട്ടിണിയ്ക്കിട്ടാണ് സ്റ്റാലിൻ “പാഠം” പഠിപ്പിച്ചത്. ക്രൂഷ്ചേവ് പോലുള്ളവരുടെ എതിർപ്പോ, സ്റ്റാലിൻ അനുകൂലിയായിരുന്ന പാസ്റ്റർനാക് പോലുള്ള എഴുത്തുകാരുടെ ഇടപെടലുകളോ ഒന്നും സർക്കാർ നയങ്ങളെ സ്വാധീനിയ്ക്കാൻ ഉതകിയില്ല (ദുരന്തരംഗങ്ങളും പട്ടിണിയും രോഗവും തന്റെ യാത്രകളിൽ നേരിട്ടുകണ്ട പാസ്റ്റർനാക് ഒരു വർഷത്തോളം ഡിപ്രഷനിലായിപ്പോയി എന്നാണ് പറയുന്നത്) .ക്യൂലക് ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന ഈ ദുരന്തത്തിൽ പതിനഞ്ചു മില്യനോളം ആളുകൾ തുടച്ചു നീക്കപ്പെട്ടു. നോസ്‌ഗാർഡ് തന്റെ റഷ്യൻ യാത്രയെപ്പറ്റി എഴുതിയ ലേഖനത്തിൽ ത്സാറിന്റെ കാലത്തും, കമ്മ്യുണിസ്‌റ്റ് കാലത്തും, ഇപ്പോൾ പുട്ടിന്റെ കാലത്തും കർഷകർ ചൂഷണത്തിൽ തന്നെ കഴിയേണ്ടി വരുന്നതിനെപ്പറ്റി പറയുന്നുണ്ട്. അലക്സീവിച്ചിന്റെ “സെക്കൻഡ് ഹാൻഡ് ടൈമിലും” ഇതുണ്ട്. കരേറെയുടെ “ലിമോനോവി”ലാകട്ടെ ഗുലാഗ് എഴുതിയ സോൾഷെനിറ്റ്സിന് തിരികെ മോസ്കോയിലെത്തുമ്പോൾ തുറിച്ചുനോട്ടങ്ങളെയാണ് നേരിടേണ്ടി വരുന്നത് – അവിടെ അയാൾ തന്നെ സ്ഥാനം തെറ്റിയ വസ്‌തുവായെന്നു ചുരുക്കം (മൂന്നും പലപ്പോഴായി ഞാൻ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്).

കാപിറ്റലിസം, കമ്മ്യുണിസം, നാസിസം, ഗാന്ധിസം തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടിലെ എല്ലാ ഇസങ്ങളെയും ആനന്ദ് സ്പർശിയ്ക്കുന്നുണ്ട്. അവയിൽ കമ്മ്യൂണിസത്തെപ്പറ്റി (അതിന്റെ ദുഷ്ഫലങ്ങളെപ്പറ്റി) വാചാലനാകുന്നുമുണ്ട്. ഇന്ത്യയിലെ കോൺഗ്രസിന്റെ നിരുത്തരവാദിത്തപരമായ രാഷ്‌ടീയ കളികൾ, അവർ എങ്ങനെയാണു ബാബ്‌റി മസ്ജിദ് തകർക്കുക എന്ന, നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന് വഴിയൊരുക്കിയത് എന്നതെല്ലാം അയാൾ വിശദമാക്കുന്നു. ഷാബാനു കേസിന്റെ നാൾവഴികൾ, അതിൽ തുടങ്ങി ഫെമിനിസത്തിന്റെ ചരിത്രം എല്ലാം ആനന്ദ് തൊട്ടുപോകുന്നു. ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള, തുടർന്നുകൊണ്ടിരിയ്ക്കുന്ന,അകൽച്ചയെപ്പറ്റിയും സൂചനയുണ്ട് – എല്ലാ സർക്കാരുകളും നഗരങ്ങളിലാണ് ശ്രദ്ധ വയ്ക്കുന്നതെന്ന കാര്യവും എഴുത്തുകാരൻ ശ്രദ്ധിയ്ക്കുന്നു (കുടിവെള്ളത്തിന്റെ ലഭ്യത ഒരു വലിയ പ്രഹേളികയായി വളരുമ്പോൾ ഇത് പ്രധാനപ്പെട്ട decider ആകുമെന്ന് ഞാൻ കരുതുന്നു). എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ആനന്ദിനും, നമ്മുടെ എഴുത്തുകാരെ ബാധിയ്ക്കുന്ന സ്ഥിരം അരാഷ്ട്രീയ തിമിരം അശേഷമുണ്ട് എന്നത് വായനക്കാർക്കു കാണാം – ഇവിടത്തെ സമരങ്ങളും, ഹർത്താലുകളുമാണ് ആനന്ദിന്റെ വിഷയം. അടിസ്ഥാന വിഭവങ്ങളുടെ ലഭ്യതയിൽ അരിഷ്ടത ധാരാളമുള്ള ഒരു പ്രദേശത്തെ ജനങ്ങൾ അധികാര വികേന്ദ്രീകരണവും, സാക്ഷരതയും, ബാംഗ്ലൂരൊക്കെപ്പോലെ പരിസ്ഥിതിയെ നശിപ്പിയ്ക്കാത്ത ഐടി പാർക്കുകളും എല്ലാം സാധ്യമാക്കി, വിദേശനാണ്യം നേടിയും മറ്റും, സാമൂഹ്യമായ തുല്യത, കുറഞ്ഞപക്ഷം, ഇന്ത്യയിലെ കൂടുതൽ സമ്പന്നമായ ഇടങ്ങളെ അപേക്ഷിച്ചെങ്കിലും നേടിയെടുത്തു എന്നതും, ഇതിൽ പലതും സാധ്യമാക്കിയത് ഇവിടത്തെ കമ്മ്യുണിസ്റ്റ് സർക്കാരുകളാണെന്നതും തുറന്നു സമ്മതിയ്ക്കാൻ എഴുത്തുകാരനു മടിയുണ്ട് (എൽഡിഎഫ് യുഡിഎഫ് ഒത്തുകളിയെന്നാണ് കേരളരാഷ്ട്രീയത്തെ ആനന്ദ് വിശേഷിപ്പിയ്ക്കുന്നത്, ലീഗ് നിർണ്ണായക ശക്തിയായതിൽ അയാൾക്ക്‌ വിയോജിപ്പുണ്ട് – അതിന്റെ ലോജിക് misinterpret ചെയ്യപ്പെടാം എന്നത് ആനന്ദ് കണക്കിലെടുക്കുന്നില്ല, ഏതൊക്കെ പറഞ്ഞാലും അത്ര ലളിതമൊന്നുമല്ലതാനും കേരളരാഷ്ട്രീയം). ആനന്ദ് സ്റ്റാലിന്റെ പേര് താരതമ്യങ്ങൾക്കു ചുമന്നുകൊണ്ടുവരുന്നില്ല എന്നത് സന്തോഷം. ഓരോ നാട്ടിലെയും പ്രാദേശിക സമവാക്യങ്ങൾക്കനുസരിച്ചാണ് കമ്മ്യൂണിസം ലോകത്തെങ്ങും വളർന്നുവന്നിട്ടുള്ളത് എന്നത് ഇവരൊക്കെ എങ്ങനെ മറന്നുപോകുന്നുവെന്നതാണ്. സെക്കുലർ ഹ്യൂമനിസ്റ്റുകളുടെ ഇത്തരത്തിലെ പല അഴകൊഴമ്പൻ കാഴ്ചപ്പാടുകളോടും വിയോജിയ്ക്കാതെ വയ്യതന്നെ.

ഈ ചെറിയ പരാതി നിൽക്കെത്തന്നെ, ഈ പുസ്തകത്തിന്റെ സ്കോപ്പ്, അതിന്റെ ആഖ്യാനത്തിലെ ലാളിത്യം, അതിലെ വിഷയാനുയോജ്യമായ ഉൾപ്പിരിവുകൾ, പുസ്തകങ്ങളും സിനിമകളും വരെ അതിൽ കടന്നുവരുന്നത്, വിപുലമായ റെഫറൻസുകൾ – എന്നിവ അനന്യമാണ്‌, വിശേഷിച്ചും നമ്മുടെ ഭാഷയിൽ. ഇത്തരത്തിൽ intellectual ആയുള്ള ഫിക്ഷൻ എഴുത്തുകാർ അധികമില്ല എന്നതാണ് മലയാള സാഹിത്യം നേരിടുന്ന പ്രധാന ഹാൻഡികാപ്. ഗിമ്മിക്കുകളിൽ എല്ലാവരും മിടുക്കരാണ് താനും. സ്ഥാനം തെറ്റിയ വസ്തുക്കൾ എന്നും പറയാം, ഒരർത്ഥത്തിൽ. ഈ പുസ്തകം മലയാളത്തിൽ ഞാനീ വർഷം വായിച്ച മികച്ച ഒന്നായി, എല്ലാ സുഹൃത്തുക്കൾക്കും റെക്കമെന്റ് ചെയ്യുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top