Vivek Shanbhag എഴുതിയ കന്നഡ നോവെല്ലയാണ് “Ghachar Ghochar”(ഇംഗ്ലീഷിൽ അതേ പേരുതന്നെയാണ്, വിവർത്തനം : Srinath Perur) – കച്ചറ, അലമ്പ് എന്നൊക്കെ നമ്മൾ പറയുന്ന അതേ അർത്ഥത്തിലാണ് ഇതിലെ ഒരു കഥാപാത്രം ഈ വാക്കുകളുപയോഗിയ്ക്കുന്നത്. ബാംഗ്ലൂരിൽ ജീവിച്ചവർക്കു പരിചിതമായിട്ടുള്ള തരം, നിന്ന് തിരിയാൻ സ്ഥലമില്ലാത്ത, ഒരു കൊച്ചുവീട്ടിൽ കഴിയുന്ന, ഒരു സെയിൽസ്മാന്റെ കുടുംബം പെട്ടെന്ന് ധനികരാകുന്നതും അവർ ഒരു വലിയ വീട്ടിലെ ആഡംബര ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിയ്ക്കുന്നതും, അപ്പോഴും ഒരു ഗ്രൂപ്പായി, ഒറ്റ യൂണിറ്റായി തന്നെ തുടരാൻ നോക്കുന്നതുമാണ് നോവെല്ലയിലെ കഥ. വളരെ ലളിതമായ, ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ആഖ്യാനമാണ് ഇവിടെ. എന്നാൽ കഥയിലെ കണ്ണികൾ ചേർക്കുന്നത് അത്രയെളുപ്പവുമല്ല.
കഥ തുടങ്ങുമ്പോൾ, അത് നമ്മളോട് പറയുന്ന കഥാപാത്രം ഒരു കോഫി ഷോപ്പിൽ ഇരിയ്ക്കുകയാണ്. ദിവസവും രാവിലെയും വൈകുന്നേരവും അയാൾ അവിടെ വന്നുപോകുന്നുണ്ട്. അവിടത്തെ ജോലിക്കാരനായ ഒരുത്തൻ അയാൾക്ക് ഒരു ഗുരുവിനെപ്പോലെയാണ്. എന്തിനാണ് നായകൻ അവിടെ വന്നിരിയ്ക്കുന്നത്? അയാൾ പറയുന്നുണ്ട് മുപ്പതു മണിക്കൂറെങ്കിലുമായി തന്റെ കുടുംബവുമായി എന്തെങ്കിലും കമ്മ്യുണിക്കേഷൻ നടന്നിട്ട് എന്ന്, എന്താണ് സംഭവിയ്ക്കുന്നത്? കഥ അയാളുടെ കുടുംബത്തിന്റെ ഭൂതകാലത്തേയ്ക്കു പോകുന്നു. ഒരു സെയിൽസ്മാനായിരുന്ന അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ കഴിയുന്ന ആളുകളായിരുന്നു അവർ. അച്ഛനെ കമ്പനി വി ആർ എസ് എടുപ്പിയ്ക്കുന്നു. അപ്പോൾ ചെറിയച്ഛൻ പറയുന്നു – പി എഫ് പണം കൊണ്ട് നമുക്ക് ഒരു ബിസിനസ് തുടങ്ങാം, അയാൾക്ക് ചില ബന്ധങ്ങളുണ്ട്, ചേട്ടൻ 50% പാർട്ണർ ആയിരിയ്ക്കും. എല്ലാവരും കൂടിയിരിയ്ക്കുമ്പോഴാണ് ഈ ചർച്ച നടക്കുന്നത്. ആഖ്യാതാവ് പറയുന്നത്, മറ്റൊരു സമയത്തായിരുന്നെകിൽ അച്ഛൻ ഇതിനു സമ്മതിയ്ക്കില്ലായിരുന്നു എന്നാണ്. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളാണ് ഈ നോവലിന്റെ കൗതുകം – ഈ ഒരുമിച്ചിരിയ്ക്കുന്നതിന്റെ കാര്യം കഥയിലുടനീളം ആവർത്തിയ്ക്കുന്നുണ്ട്. അവരുടെ ബിസിനസ് പച്ച പിടിയ്ക്കുന്നു, അവർ വലിയൊരു വീട്ടിലേയ്ക്കു മാറുന്നു. അവസാനത്തെ ദിവസം ആദ്യമായി പഴയ വീട്ടിലെ ജനാലകളും മറ്റും തുറന്നിടുന്നതിന്റെ വിവരണം, ഇത്തരം നഗരങ്ങളിൽ ജീവിച്ചിട്ടുള്ളവർക്കു നൊസ്റ്റാൾജിക് ആയിത്തോന്നും. പുതിയ വീട്ടിൽ എന്തൊക്കെ ഫർണിച്ചർ വാങ്ങണം എന്നൊക്കെയാണ് പിന്നെ അവരുടെ ചിന്ത, അവർ ഏറെ പണം അനാവശ്യമായി ആഡംബരങ്ങൾക്കു വേണ്ടി ചിലവഴിയ്ക്കുന്നു. താമസിയാതെ നായകന്റെ പെങ്ങളുടെ കല്യാണം ആർഭാടത്തോടെ നടക്കുന്നു – അവളാകട്ടെ യാതൊരു കാരണവുമില്ലാതെ ഭർത്താവിന്റെ വീട്ടുകാരുമായി വഴക്കിട്ടു തിരികെപ്പോരുന്നു. എല്ലാ ചിലവും വഹിച്ച ചെറിയച്ഛനു പക്ഷേ കുലുക്കമൊന്നുമില്ല – അവൾ ‘കൂട്ടത്തിലേയ്ക്ക്’ മടങ്ങുകയാണല്ലോ. പിന്നെ നായകൻ തന്നെ കല്യാണം കഴിയ്ക്കുന്നു, അതോടെ കുടുംബത്തിലെ സമാധാനം തകരുന്നു. വരുന്ന പെൺകുട്ടി ആദ്യം നായകന്റേത് ഒന്നും ചെയ്യാനില്ലാത്ത ഒരു ജോലിയാണെന്ന് കണ്ടുപിടിയ്ക്കുന്നു – പത്രം വായിയ്ക്കുക, ഉറങ്ങുക, പറയുന്നിടത്തു ഒപ്പിടുക എന്നതാണ് അയാൾക്കുള്ള ഉത്തരവാദിത്തങ്ങൾ, സ്പൈസ് കമ്പനിയുടെ ഡയറക്ടർ എന്നാണ് വയ്പ്പ് (കൃത്യമായ ശമ്പളമുണ്ട്, വിവാഹം കഴിഞ്ഞപ്പോൾ അത് ചോദിയ്ക്കാതെ തന്നെ കൂടുകയും ചെയ്തു). ഓഫിസിലും കൃത്യമായി പോകാറില്ല അയാൾ. ഭാര്യയ്ക്ക് അത് സഹിയ്ക്കുന്നില്ല, പതുക്കെ അവൾ ഒരു വഴക്കാളിയാകുന്നു – അമ്മായിയമ്മയും മരുമകളും നാത്തൂനും തമ്മിലുള്ള വാക്ക്തർക്കങ്ങളൊക്കെ നിത്യസംഭവമാകുന്നു. വീട്ടിൽ എല്ലാവരും ഒരുമിച്ചു കൂടുക എന്ന കാര്യം തന്നെ നായകന് പേടിയാകുന്നു. കഥയിലെ ആണുങ്ങളൊക്കെ മിതഭാഷികളാണ് എന്നതാണ് ഒരു സംഗതി. സ്ത്രീകളാകട്ടെ വളരെയധികം പരിഹാസപ്രിയരും കൃത്യമായ കണക്കുകൂട്ടലുകളുള്ളവരുമാണ്. പിന്നീട് മരുമകൾ ഇല്ലാത്ത സമയത്ത് വീട്ടിലെ എല്ലാവരും ഒത്തുചേരുകയും, പഴങ്കഥകൾ ഓർത്താസ്വദിയ്ക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സ്വൈരക്കേടും പുറത്തുനിന്നുള്ളവർ വരുമ്പോഴാണ്. ആദ്യത്തിൽ ഒരിടത്ത് ഒരു സ്ത്രീ ചെറിയച്ഛനെ തേടിവരുന്നുണ്ട്. ഇങ്ങനെ എന്തെങ്കിലുമൊക്കെ ഓരോ ഇരുപതുപേജിലും നടക്കുന്നു. എന്നാൽ എന്താണ് നായകൻ ആദ്യത്തിൽ വിവരിയ്ക്കുന്ന ആ ദുരൂഹത? അയാളുടെ ഭാര്യ എവിടെയാണ്? അവസാന അധ്യായത്തിൽ നിന്ന് ആഖ്യാനം തിരികെ ആദ്യത്തിലേയ്ക്ക് കണ്ണിചേർന്നു വരുന്നുണ്ട് – അപ്പോഴും കഥയുടെ ചുരുൾ മുഴുവൻ മുഴുവനായി നിവരുന്നില്ല. ഇതാണ് ഈ നോവല്ലയുടെ വായനയിലെ രസം. കഥയിലെ എല്ലാ കുത്തുകളും ഞാനും യോജിപ്പിച്ചിട്ടില്ല, അതുകൊണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ കൗതുകം പോയിട്ടുമില്ല.
യൂ ആർ അനന്തമൂർത്തിയുടെ മരുമകനാണ് വിവേക്. കന്നഡയിൽ എഴുതിയ നോവെല്ല ആദ്യം ഇന്ത്യൻ ഇംഗ്ലീഷിലേയ്ക്കും, പിന്നെ “പ്രോപ്പർ” ഇംഗ്ളീഷിലേയ്ക്കും പരിഭാഷപ്പെടുത്തിയെന്നാണ് പറയുന്നത് (എന്തിനെന്ന് അറിയില്ല, ഇതറിഞ്ഞപ്പോൾ വെറുതെ ടുട്ടുവോളയെ ഓർത്തു). വായനക്കാർക്ക്, വിശിഷ്യാ ഇന്ത്യൻ സാഹിത്യത്തിൽ എന്ത് സംഭവിയ്ക്കുന്നു എന്ന് ആകാംക്ഷയുള്ളവർക്ക്, റെക്കമെന്റ് ചെയ്യുന്നു
