മെസ്സിയുടെ ലോകക്കപ്പ്

എഡ്വാർഡോ ഗലീനോ ഫുട്ബോളിനെപ്പറ്റി (കൂടി) എഴുതാൻ ജനിച്ച ആളായിരുന്നല്ലോ. “(പണ്ട്) വലതുപക്ഷക്കാർക്ക് ദരിദ്രരായ ആളുകൾ കാലുകൊണ്ടാണ് ചിന്തിയ്ക്കുന്നത് എന്നതിന്റെ തെളിവായിരുന്നു ഫുട്‍ബോളെങ്കിൽ, ലെഫ്റ്റിന് ആളുകൾ ചിന്തിയ്ക്കാത്തതിന്റെ ദൃഷ്ടാന്തമായിരുന്നു, അത്” – അയാളുടെ ഈ നിരീക്ഷണം വളരെ സ്‌ട്രൈക്കിങ് ആയിതോന്നിയിട്ടുണ്ട്. പിന്നീട് ഗ്രാംഷി തന്നെ “open-air kingdom of human loyalty” എന്ന് ആ കളിയുടെ സ്പിരിറ്റിനെ വിശേഷിപ്പിച്ചു. ഗലീനോ മെസ്സിയെപ്പറ്റി അവസാന കാലങ്ങളിൽ പല സംഗതികൾ പറഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തം “മെസ്സി ഒരിയ്ക്കലും താൻ മെസ്സി ആണെന്ന് വിചാരിയ്ക്കുന്നില്ല” എന്നതാണ്. അടുത്ത കാലം വരെ ഞാൻ മെസ്സിയെയും റൊണാൾഡോയേയുമൊന്നും പറ്റി യാന്ത്രിക മനുഷ്യർ എന്നതിലുപരി വിചാരിച്ചിരുന്നില്ല. കാരണം ലോകക്കപ്പുകളിൽ, അല്ലെങ്കിൽ ഇറ്റലിയിൽ മറഡോണ ചെയ്തപോലെ ഒന്നും ഇരുവരും ചെയ്തിട്ടില്ല എന്നത് തന്നെയാണ്. ഞാൻ ക്ളബ് ഫുടബോൾ വർഷങ്ങളായി ഫോളോ ചെയ്യാറില്ല. എന്നാൽ ഇപ്പോൾ കഴിഞ്ഞുപോയ വർഷങ്ങളുടെ കരവിരുത് തന്നെ ആയിരിയ്ക്കണം, മെസ്സിയോട് പൊരുത്തപ്പെടാൻ എനിയ്ക്കായിട്ടുണ്ട്. കഴിഞ്ഞ ദിവസം അയാളിലെ കുട്ടിയെപ്പറ്റി എഴുതിയത് അതുകൊണ്ടാണ്. എനിയ്ക്ക് കുഞ്ഞുന്നാളിൽ കേട്ടുവളർന്ന മറഡോണയാണ് എന്നത്തേയും താരം. പിന്നീട് അയാളെ ഫിഫയും മീഡിയയും മറ്റു സംഘടനകളും എന്തിനു വേട്ടയാടി എന്ന് മനസ്സിലാക്കിയപ്പോൾ ആ ബഹുമാനം കൂടി. എല്ലായിടത്തും തൊഴിൽ നിയമങ്ങളുണ്ടെങ്കിൽ ഫുട്‍ബോളിലും എന്തുകൊണ്ട് അതായിക്കൂടാ എന്നയാൾ ചോദിച്ചു. ഫിഫയുടെ കണക്കുപുസ്തകങ്ങൾ എന്തുകൊണ്ട് അതിന്റെ കളിക്കാർക്കുമുന്നിൽ തുറക്കപ്പെടുന്നില്ല എന്നയാൾ ആരാഞ്ഞു. ഉടനെ അയാൾ കൊക്കെയിൻ കേസിൽ അകത്തായി. പിന്നെ ഡ്രഗ് ടെസ്റ്റിൽ. കൊക്കെയ്ൻ കളികളോ കണികളോ തരുന്ന സമ്മർദ്ദം കൊണ്ടല്ല താനുപയോഗിയ്ക്കുന്നത് എന്നും മറഡോണ പറഞ്ഞിട്ടുണ്ട്. ആളുകൾ തന്നെ ആരാധിയ്ക്കണമെന്ന് ഉള്ളാലെ തനിയ്ക്കും ആഗ്രഹമുണ്ടായിരുന്നെന്നു മറഡോണ തന്നെ പറഞ്ഞിട്ടുണ്ട്. ഇറ്റലിയിൽ Napoli (Naples)-യുടെ കൂടെ ആയിരുന്നപ്പോൾ “കറുത്ത” തെക്കിന്റെ ആളായിരുന്നു അയാൾ. അത് “വെളുത്ത” വടക്കിനെ ചൊടിപ്പിച്ചു. ഗലീനോ എഴുതുന്നത് അടുത്ത ലോകകപ്പിൽ അർജന്റീന തോറ്റപ്പോൾ ഇറ്റാലിക്കാർക്കായിരുന്നു കൂടുതൽ സന്തോഷം എന്നാണ്. Napoli-യെ യുവേഫ ചാമ്പ്യന്മാരാക്കിയ ആളാണ് മറഡോണ, അയാളോടുള്ള വിചിത്രമായ വിരോധമായിരുന്നു അതിനുപിന്നിൽ. ഇതിനെപ്പറ്റി മറഡോണ ഇങ്ങനെ പറഞ്ഞു – I don’t like the fact that now everybody is asking Neapolitans to be Italian and to support their national team. Naples has always been marginalised by the rest of Italy. It is a city that suffers the most unfair racism — Diego Maradona, July 1990 (ഫിറന്തേയുടെ നിയപോളിറ്റൻ സീരീസ് നോവലുകൾ ഓർക്കുക, ഈ ആശയം ആ നോവലുകളുടെ, ആ എഴുത്തുകാരിയുടെ എഴുത്തുലകത്തിന്റെ തന്റെ കേന്ദ്രമാണ് – https://melethilwrites.com/2020/11/09/നിയപോളിറ്റൻ-നോവൽ-സീരീസ്/). എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ മിണ്ടുന്ന സ്പോർട്സ് താരങ്ങൾ അപൂർവ്വമാണ്. അതാണ് കമ്മോഡിഫൈ ചെയ്യപ്പെട്ട എല്ലാ സ്പോർട്സുകളുടെയും അവസ്ഥ. ക്രിക്കറ്റിൽ ഡ്രഗ് ടെസ്റ്റ് നടത്തിയാൽ ഇന്ത്യൻ താരങ്ങൾ പലരും തൂങ്ങും എന്നതുകൊണ്ടാണ് ക്രിക്കറ്റ് പല ബിഗ് സ്പോർട്സ് ഇവന്റുകളിലും വരാത്തത് എന്ന് ഞാൻ കരുതുന്നു. ടെന്നീസിലെ മരുന്നടി പുതുമയല്ലല്ലോ. എന്നാൽ അതെല്ലാം മറച്ചുവയ്ക്കപ്പെടുന്ന സംഗതികളാണ്. അവിടെയാണ് മറഡോണ പോലെയുള്ള റിബലുകളുടെ പ്രാധാന്യം.

തിരികെ മെസ്സിയിലേയ്ക്ക് വരാം. ഇന്നലെ അയാൾ കളിയ്ക്കുന്നതു കണ്ടപ്പോൾ എനിയ്ക്കാദ്യമായി മറഡോണയെ ഓർമ്മവന്നു. കഴിഞ്ഞ കളിയോടെ അയാൾ മറ്റൊരാളായ പോലെ. ഇതായിരിയ്ക്കുമോ ആ മില്യൺ ഡോളർ മൊമെന്റ് എന്നാണ് എന്റെ നോട്ടം, ഇപ്പോൾ. ഞാൻ ഒരു ബ്രസീൽ ഫാൻ ആയിരുന്നു. ഇപ്പോൾ വ്യക്തിഗത ഫാൻഡാം എന്നെ കൊതിപ്പിയ്ക്കുന്നില്ല. സത്യത്തിൽ, ബ്രസീൽ ഈ ലോകക്കപ്പിൽ എന്തെങ്കിലും നേടുമെന്ന് എനിയ്ക്കു തോന്നുന്നില്ല. എന്നാൽ പുതിയ മെസ്സിയോടുകൂടിയ അർജന്റീന ഇപ്പോൾ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാണെന്നു എനിയ്ക്കു തോന്നുന്നു. ഗലീനോ അവസാന ഇന്റർവ്യൂകളിലൊന്നിൽ പറഞ്ഞത് ഇതാണ് – “തികച്ചും അശാസ്ത്രീയമായ ഒരു തിയറിയുണ്ട് എന്റെ കയ്യിൽ – അതിതാണ്, മെസ്സി ഒരു അപൂർവ്വ സംഗതിയാണ് മനുഷ്യ ചരിത്രത്തിൽ, കാരണം, അയാൾക്ക് തന്റെ കാലിനുള്ളിൽ പന്ത് കൊണ്ട് നടക്കാൻ കഴിയും. മറഡോണയുടെ കാലിൽ പന്ത് കെട്ടിയിട്ടിരിയ്ക്കുകയാണ് എന്ന് പറയുമല്ലോ, എന്നാൽ മെസ്സിയുടെ കാലിന്റെയുള്ളിലാണ് പന്ത്, 7, 11, 22 എതിരാളികളൊക്കെ ചേർന്ന് അതെടുക്കാൻ നോക്കിയിട്ടും പറ്റാത്തത് അതാണ്. എന്തുകൊണ്ട്? കാരണം അവർ അവർ പുറത്താണ് നോക്കുന്നത്, അകത്തല്ല, അങ്ങനെ ചെയ്യാൻ കഴിയുമോ? ആ പ്രതിഭാസം ആർക്കും മനസ്സിലായിട്ടില്ല, പക്ഷെ അതാണ് സത്യം. അയാളുടെ പന്ത് ഉള്ളിലാണ്, പുറത്തല്ല.”

ഗാർഡിയനിൽ Sid Lowe പണ്ടെഴുതിയത് “ഒരു മൃദുസ്പർശമുണ്ട്, പന്തിനെ മാന്യമായി പരിചരിയ്ക്കുന്നത്. ഉൾക്കാഴ്ചയുണ്ട്, മറ്റാരും കാണാത്ത ഒരു പാസ്സ് കാണുന്നത്, മറ്റാർക്കും ചെയ്യാവുന്ന ഒരു പാസ് ചെയ്യുന്നത്, എന്നാൽ അതിനെ ആർക്കും തടയാനാവാത്ത വിധത്തിൽ അതത്രത്തോളം നന്നായി ചെയ്യുന്നത്. അയാൾ ബോളിനെ തട്ടുന്നില്ല, തന്റെയൊപ്പം സന്തോഷോത്സഹങ്ങളോടെ ഓടുന്ന ഒരു പട്ടിക്കുഞ്ഞിനെയെന്നപോലെ അയാളതിനെ നോക്കുക മാത്രം ചെയ്യുന്നു” എന്നാണ്.

മെസ്സിയുടെ അവസാന ലോകക്കപ്പ് അയാളുടെ പേരിൽ തന്നെ ചരിത്രം രേഖപ്പെടുത്തുന്ന ലോകക്കപ്പ് ആവണം എന്നാണ് ഞാൻ ആഗഹിയ്ക്കുന്നത്, അത് അയാളുടെ കടുത്ത ഫാൻ ആയതുകൊണ്ടല്ല. ഞാൻ ഫുട്‍ബോളിന്റെ ഫാൻ ആയതുകൊണ്ടാണ്. ഫെഡറർ 30 സ്ലാമുകൾ നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് അയാളോടുള്ള അഭിനിവേശമായിരുന്നില്ല, അതെന്നും ടെന്നീസിനോടായിരുന്നു. ഫുട്‍ബോൾ ടെന്നീസല്ല. ക്രിക്കറ്റുമല്ല. ഫുട്‍ബോൾ “കാലുകൊണ്ട് ചിന്തിയ്ക്കുന്ന ദരിദ്രരുടേ”താണ്, ആ നിർവ്വചനത്തിൽ പന്തുകളി ആരാധകർക്ക് ഒരു വല്ലായ്കയുമുണ്ടാകില്ല (കാപ്പിറ്റലിസ്റ്റ് മെക്കയായ അമേരിക്കയിൽ “ഇതാണ് ഫുട്‍ബോൾ” എന്നെഴുതിപ്പഠിപ്പിയ്ക്കേണ്ട ഗതികേടാണല്ലോ). ഹിഗ്വിറ്റമാരുടെയും മെസ്സിമാരുടെയും അവകാശം കുബുദ്ധികൾക്കു നേടിയെടുക്കാൻ കഴിയും. എന്നാൽ ഫുട്ബോൾ ഒരാൾക്ക് ഒറ്റയ്ക്ക് സ്വന്തമാവില്ല, ഒരിയ്ക്കലും. അതൊരു കമ്മ്യൂൺ ആണ്. മനുഷ്യനായിപ്പിറന്ന ഏവർക്കും പ്രവേശനമുള്ളത്, മനുഷ്യൻ തന്നെ സ്ഥാപിച്ച ഏറ്റവും വലിയ മതം. ആരൊക്കെയോ ആർക്കൊക്കെയോ വേണ്ടി എഴുതുന്ന ഏതു നിയമത്തെയും വെട്ടിച്ചു പായുന്ന ഒരുത്തൻ, ഒരു റിബൽ, എപ്പോഴും കാണുമെന്ന വിശ്വാസമാണത്. തൊലികൊണ്ടും ഭാഷകൊണ്ടും മറ്റുപലതുകൊണ്ടും മാറ്റിനിറുത്തപ്പെടുന്നവരുടെ പ്രതിനിധിയായി ഒരുത്തനെന്നും കാണുമെന്ന അറ്റമില്ലാത്ത പ്രതീക്ഷ, പ്രാർത്ഥന. അയാൾ ലോകത്തെ ഏറ്റവും വലിയ കോട്ടകൊത്തളങ്ങളെ കടന്ന് ഏറ്റവും മികച്ച കൂട്ടർക്കെതിരെ ഗോളടിയ്ക്കും, ചുവപ്പു വാങ്ങി അഭിമാനത്തോടെ പുറത്തു പോവുക വരെ ചെയ്യും. അയാളുടെ മുഖം അപ്പോൾ ഭൂമുഖത്തെ എല്ലാ സ്‌ക്രീനുകളിലും കാണപ്പെടും. അങ്ങനെയാണ് ഫുട്‍ബോൾ എന്ന മതം “ആളെ പിടിയ്ക്കുന്നത്”. ആ മതത്തിലേയ്ക്ക് മനുഷ്യരെ പരിഭാഷ ചെയ്യാൻ വന്നവനാണ് അവൻ. നാളെ മറ്റൊരാൾ വരും. ഇന്നത് അവനാണ്. അതുകൊണ്ട് അവന്റെ ലോകക്കപ്പ് ആകട്ടെ ഇത്.

3 thoughts on “മെസ്സിയുടെ ലോകക്കപ്പ്”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top