റാബിയ: ജംഷാദ് വന്ന് എന്നെ വിളിയ്ക്കുമ്പോൾ ഞാൻ ടി കെ ഹമീദിന്റെ ക്ലാസ്സിലായിരുന്നു. അല്ലെങ്കിലും വരാന്തയിൽ ആളനക്കം കൂടുമ്പോൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങും. ഞാൻ അനുവാദം ചോദിയ്ക്കാൻ എണീറ്റുനിന്നപ്പോഴേ ഹമീദ് സാർ തലയാട്ടിക്കൊണ്ടു പൊക്കോളാൻ പറഞ്ഞു. വരാന്തയിലിറങ്ങിയപ്പോൾ കാര്യങ്ങൾക്കു വ്യക്തതയായി. പോലീസ് പുറത്തുണ്ട്. വേങ്ങരയിൽ നിന്ന് വരുന്ന മൻസൂർ, പഴയ എം എൽ എ അഹമ്മദ് കുട്ടിയുടെ മരുമകൻ, അവനെ അറസ്റ്റു ചെയ്യാനാണ് അവർ വന്നിരിക്കുന്നത്. ഇതും പറഞ്ഞുകേട്ടതാണ്, ഉറപ്പൊന്നുമില്ല. പുതിയ എസ് ഐ കുട്ടികളെ ഞെട്ടിയ്ക്കാൻ കിണഞ്ഞു നോക്കുകയാണ്. ചുവപ്പു കണ്ടാൽ ഇളക്കമുള്ളയാളാണ്. അയ്യപ്പൻ പറഞ്ഞത് അവന്റെ പിന്നാലെ തിരൂരങ്ങാടി തൊട്ടു കോളേജ് ഗേറ്റ് വരെ ഓടിയെന്നാണ്. അവൻ അയാള് ഇപ്പൊ നിക്കും ഇപ്പൊ നിക്കും എന്ന് വിചാരിച്ചു, അയാള് നിന്നില്ല. പറയുമ്പോൾ അവനും ചിരി നിറുത്താൻ പറ്റിയില്ല. ജയിൽ നിറയ്ക്കൽ സമരത്തിന് അഭിവാദ്യമർപ്പിച്ചു പ്രകടനം കോളേജിൽനിന്ന് തിരൂരങ്ങാടിവരെ പോയതാണ്. അയാൾക്ക് ആരൊക്കെയോ നല്ല കൈമടക്ക് കൊടുക്കുന്നുണ്ട്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ലാത്തിച്ചാർജ്. നാട്ടുകാരും ഒപ്പം കൂടി. പെൺകുട്ടികളെ വരെ വളഞ്ഞിട്ടു തള്ളി. വേറെ ഏതു നാട്ടിലും തൊപ്പി പറക്കാനുള്ള നേരമായി, ഏമാന്റെ. ഇവിടെ പൂച്ചയ്ക്കാര് മണികെട്ടും എന്നുള്ളതാണ്. ഞങ്ങൾക്കു സേഫ് പറയാവുന്ന ഒരേ ഒരു സ്ഥലം ക്യാമ്പസ് ആണ്. രണ്ടു പ്രാവശ്യം അയാൾ കേറാൻ നോക്കി. രണ്ടു പ്രാവശ്യവും ഞങ്ങൾ ഗേറ്റ് അടച്ചു തടഞ്ഞു. അപ്പോൾ അയാളത് അഭിമാന പ്രശ്നമായി എടുത്തു. സത്യത്തിൽ മാനേജ് മെന്റിന് ഞങ്ങൾക്ക് രണ്ടെണ്ണം കിട്ടുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ പണ്ടത്തെ അനുഭവം ഓർത്താകും പോലീസിനെ കയറാൻ വിട്ടില്ല. പണ്ട് കയറ്റി അവസാനം അവര് മൊത്തം കാള പിഞ്ഞാണക്കടയിൽ കയറിയ പോലാക്കിക്കളഞ്ഞു. പ്രിൻസിപ്പാള് ഓർത്തില്ലെങ്കിലും മാനേജ് മെന്റ് നന്നായി ഓർക്കുന്നുണ്ടാകും. പിന്നെ, ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഭയങ്കര തമാശക്കാരനാണ്. ക്യാന്റീനിലെ മീനിൽ പുഴുവാണെന്നു പറഞ്ഞപ്പോൾ അയാളെന്നോട് ചോദിച്ചത് മീനിൽ എങ്ങനെയാ പുഴുവരുന്നത് എന്നായിരുന്നു. സൂവോളജി പഠിപ്പിച്ചിരുന്ന മനുഷ്യനാണ്, എല്ലാം മറന്നു പോയി, പാവം. അല്ലെങ്കിൽ വീട്ടിൽ അടുക്കള കണ്ടു കാണില്ല. ഏതായാലും മീൻ വാങ്ങാൻ അയാളായിരിയ്ക്കില്ല പോകുന്നത്. എന്നാൽ മീൻ കാണാത്ത ആളല്ല. ഇതൊക്കെ ഒരു ഷോ. അത് കൊണ്ടെന്തു കാര്യമെന്ന് ചോദിയ്ക്കരുത്. നടപടിയൊന്നുമുണ്ടാകില്ല. അയാളുടെ അപ്പുറത്തെ വീട്ടുകാരനായിരിയ്ക്കും ചിലപ്പോൾ കാന്റീൻ നടത്തുന്നത്. അല്ലെങ്കിൽ മാനേജ് മെന്റിലെ ഏതെങ്കിലും മുതലാളിയുടെ വകയിലെ ആരെങ്കിലും. അപ്പോൾ പിന്നെ..
ഞാൻ ചെന്ന് നോക്കിയപ്പോൾ എസ് ഐ, ഗേറ്റ് മലർക്കെ തുറന്നു നടുവിലേയ്ക്ക് ജീപ്പ് കയറ്റി നിറുത്തി അതിന്റെ മുന്നിൽ നെഞ്ചൊക്കെ വിരിച്ചു നിൽപ്പാണ്. വരാന്തയിൽ സഖാക്കളും കുറച്ചു അവരുമിവരും ഒക്കെ കൂടിനിൽപ്പുണ്ട്. പി കെ മൻസിലിലെ സമീറ പറഞ്ഞു – നോക്കെടീ, അയാളൊരു നിപ്പ്.
ജംഷാദ് പറഞ്ഞു – ഗുണ്ട!
ഞാൻ പറഞ്ഞു – പേടിയ്ക്കണ്ട കാര്യൊന്നുല്ല. അയാളെ ഇങ്ങട്ടു കേറ്റര്ത് ന്നേള്ളൂ. പ്രിൻസിയെന്താ പറഞ്ഞത്?
പ്രിൻസി എടപെടൂല. ങ്ങള് ണ്ടാക്കീത് ങ്ങളെന്നെ തീർത്തോളീ ന്ന് – സമീറ ചിറി കോട്ടി.
ഞാൻ പോയി എസ് ഐനോട് പറയാ, അയാളെന്താക്കാനാ? ഇത്രിം കുട്ട്യോള് നോക്കി നിക്കുമ്പളോ? മൻസൂർ എവ്ടെള്ളത്?
ജ്ജ് അയാളെ അട്ത്തിയ് ക്കൊന്നും പോണ്ട ബളെ, ഒരു ചെയ്ത്താനാ, അല്ലന്നാലും ന്ത് പറയാനാ?- സമീറ അതിനിടയ്ക്ക് പറഞ്ഞു. ഞാനതു ശ്രദ്ധിച്ചില്ല.
ഞാൻ നോക്കുമ്പോൾ മൊയ്തീൻ കുട്ടി ഒരു വശത്തു നിൽക്കുന്നുണ്ട്. അവനോടു പിന്നെയും മൻസൂറിനെപ്പറ്റി ചോദിച്ചു.
കൊമേഴ് സ് ബ്ലോക്കില്. അവൻ പറഞ്ഞു. പറയാനെന്താ അനക്ക് ഒരു മടി മുത്തേ എന്ന് എന്റെ മനസ്സില് വന്നു.
ഓനെ അവടന്ന് എറക്കര്ത് – ഞാൻ പറഞ്ഞു.
യ്യ് വരോ ന്റെ കൂടെ, ഞാൻ പിന്നെയും മൊയ്തീന്റെ നേരെ നോക്കി.
ഞാനോ? അവന് ഒരത്ഭുതം.
ആ, സർവ്വകക്ഷി ദൗത്യ സംഘം. പിന്നെ അന്റെ മൊഞ്ച് കണ്ടാ എസ് ഐ ഒന്ന് തണുത്താലോ – അവനൊരു ഇളിഞ്ഞ ചിരി. പേടിണ്ടെങ്കി വേണ്ട ട്ടാ. അവന്റെ മുഖം ഇളിഞ്ഞോണ്ടുതന്നെ. പക്ഷെ ചെറുക്കൻ പിന്നാലെ വന്നു. പണ്ട് കാറ്റാടിയും പൂന്തോട്ടവും ഒക്കെയുണ്ടായിരുന്ന വട്ടം കടന്ന്, കൊടിമരവും കടന്നു ഞാൻ മുന്നോട്ടു നടന്നു. മൊയ്തീന് അവിടെയെത്തിയപ്പോളൊരു മടി പോലെ. ചെറിയ പേടിയൊക്കെയുണ്ടെങ്കിലും ഞാൻ നേരെ ചെന്നു. ഇടയ്ക്കൊന്നു നോക്കിയപ്പോൾ എല്ലാ ബിൽഡിങ്ങിൽ നിന്നും വരാന്തയിലിറങ്ങി കുട്ടികൾ നോക്കുകയാണ്.
എസ് ഐ കൂളിംഗ് ഗ്ലാസ്സൊക്കെ വച്ചിട്ട്ണ്ട്. ഹായ് നല്ല കോലം. അപ്പൊ അയാള മൊകത്ത് ഒരു തൊലിഞ്ഞ ചിരി. പുച്ഛം.
അയാളുടെ വലത്തേ കയ്യ് തോക്കിൽ. സത്യത്തിൽ എനിയ്ക്ക് കുറച്ചും കൂടി പേടിയ്ക്കലും വിയർക്കലും ഒക്കെയുണ്ടായി. വല്ലിമ്മ പറയുന്ന പോലെ, കൊലച്ച വാഴമായിരി ങ്ങനെ ഗേറ്റിന്റെ നടൂല് കുത്തി വച്ചിയ്ക്കാണ്. ഞാൻ ഒന്ന് തട്ടം നേരെയാക്കി തലപ്പ് കഴുത്തു വഴി പിന്നിലേയ്ക്കിട്ടു
സാറെ, ഞാൻ യുയുസിയാണ്
അതിന് ?
അതിനൊന്നുമില്ല. സാറ് ബുദ്ധിമുട്ടുണ്ടാക്കരുത്
ചെക്കനെ വിട്ടു തരുക, അപ്പോൾ ഒരു പ്രശ്നവുമുണ്ടാകില്ല
അയിന് സാറേ ഓനിന്നു വന്നിട്ടില്ല.
മോളെ പേരെന്താ?
റാബിയ
അതേയ് എനിയ്ക്കു പോലീസിന്റെ പണിയാ മോളെ. ഈ പരിപ്പൊന്നും ഇവിടെ വേവിയ്ക്കല്ലേ. നീയെവിടുത്തെയാ?
പൊറ്റാൾ
പൊറ്റാളിൽ ആരുടെ മകളാ
മണ്ണിൽ മുഹമ്മദ്
ഓ ആള് അപ്പൊ വിപ്ലവമാണ്. അയാൾക്ക് ഒരു ആക്കൽ.
അതൊന്നൂല്ല സാർ.
ആളൊന്നയഞ്ഞു. ഞാനത് മിസ്സാക്കിയില്ല. സംസാരം നിറുത്തിയതേയില്ല. അയാളിങ്ങനെ നിൽക്കുമ്പോൾ ഉള്ളിലെ കുട്ടികളുടെ മാനസികാവസ്ഥ, അവരുടെ പേടി, കഴിഞ്ഞ ദിവസം അവർക്കു നേരെയുണ്ടായ കയ്യേറ്റം, നാട്ടുകാർ പലരും പെൺകുട്ടികളെ അപമാനിയ്ക്കാൻ ശ്രമിച്ചത്, ഒന്ന് രണ്ടു പേരുടെ വസ്ത്രം കീറിയത്, ഒരുത്തൻ ചുംബിയ്ക്കാൻ ശ്രമിച്ചത് (അതിനവനെ എസ് ഐ തന്നെയാണ് തല്ലിയത്, എജ്ജാതി മൊതലുകളാണെന്നോർക്കണം, ലീഗിന്റെ ആളുകൾ ഞങ്ങളെ ടാർഗറ്റ് ചെയ്യുന്നതാണ്) – അങ്ങനെ കൂട്ടിയും കുറച്ചും, ഒരേ സമയം കുറച്ചു തഞ്ചത്തിൽ ഭീഷണിയും, പരാതിയും, പരിഭവവും, നുണയും സത്യവും ഒക്കെ കലർത്തി, ഞാൻ അയാൾക്ക് ഗ്യാപ്പ് കിട്ടാത്ത വിധത്തിൽ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. പിന്നെ മൊയ്തീനും എന്റൊപ്പം ചേർന്നു. ഞങ്ങൾ സംസാരിച്ച് അയാളെ ഒന്ന് മയപ്പെടുത്തി. അയാൾ പതുക്കെ വണ്ടിയൊക്കെ തിരിച്ച് മടങ്ങി. പോകുന്നവഴി കുറെ ഭീഷണിയും വിരട്ടലും ഒക്കയുണ്ടായി. ഞാനെല്ലാം ഒരു ചെവിയിൽക്കൂടി കേട്ട് മറ്റേതിലൂടെ വിട്ടു, വിനയത്തിൽ നിന്നു. നോക്കുമ്പോൾ മൊയ്തീൻ അതിനേക്കാൾ ഭവ്യത. ഭയങ്കരം.
ഉച്ചയായപ്പോഴേയ്ക്കും മൻസൂറിന്റെ വീട്ടിൽ നിന്ന് ആള് വന്നു. അവരെല്ലാവരും കൂടി ചെമ്മാട് സ്റ്റേഷനിൽ പോയി. വേണ്ട ആളുകൾ ചെന്ന് കണ്ടപ്പോൾ എസ് ഐയും ഒന്ന് മയപ്പെട്ടു. പക്ഷേ അയാൾ ഒതുങ്ങിപ്പോയെന്നൊന്നും കരുതരുത്. പല സമയങ്ങളിൽ അയാളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്, അതിനുശേഷവും. എവിടേയ്ക്ക് സ്ഥലം മാറ്റിയാലും അവസാനം അയാൾ തിരിച്ചു ഇവിടേയ്ക്ക് വരുന്ന രീതിയിൽ വളർത്തച്ഛന്മാർ അയാൾക്കുണ്ടായിരുന്നു എക്കാലവും. പരപ്പനങ്ങാടിയിൽ ഉണ്ടായിരുന്ന കാലത്തു ചെട്ടിപ്പടിയിലെ ഗുണ്ടകളായിരുന്നു അയാൾക്ക് കൂട്ട്. ജിമ്മിലൊക്കെ പോയി അയാൾ ശരീരം ഇരട്ടിയാക്കിയിരുന്നു, പോയിരുന്നത് ഇപ്പറഞ്ഞ കൂലിത്തല്ലുകാരുടെ ഒപ്പവും. എന്നെ അയാൾ മറന്നില്ല. ചിലപ്പോൾ നടന്നുപോകുമ്പോഴൊക്കെ അയാൾ ജീപ്പിൽ നിന്ന് ഒരു സല്യൂട്ടൊക്കെ തരും. ഫ്ലയിങ് കിസ്സ് തരാത്തത് ഭാഗ്യം എന്ന് സമീറ പറയും.
ഏതായാലും ബാപ്പാന്റെ മോള് തന്നെ എന്ന് പലരും പറയാൻ തുടങ്ങി, ഇതിന്റെ ശേഷം. അയാള് തോക്ക് ഊരിപ്പിടച്ചിരിയ്ക്കുകയായിരുന്നു, ഞാൻ ചെന്നപ്പോൾ എന്നപോലത്തെ കഥകൾ ആരൊക്കെയോ പറഞ്ഞിരുന്നു. ഞാൻ ശ്രദ്ധിയ്ക്കാൻ പോയില്ല. ഉപ്പയ്ക്ക് സുഖമില്ലാത്ത കാലമായിരുന്നു. ഇക്കാക്കയുടെ പല കഥകൾ ഓരോരുത്തർ വന്നു പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ ഞാൻ പുറത്തു പറഞ്ഞിരുന്നില്ല, വീട്ടിലും ചർച്ച ചെയ്തിരുന്നില്ല. ഉപ്പ അല്ലെങ്കിലും പുറത്തിറങ്ങുന്നത് ഇല്ലാതായിരിയ്ക്കുകയായിരുന്നല്ലോ, അതുകൊണ്ടു ആളുകൾ ഒന്നും ശ്രദ്ധിക്കൂല എന്ന് ഞാൻ വിചാരിച്ചു. ബാങ്കിലെ കാര്യങ്ങൾക്കും, തൊടിയിൽ കിളയ്ക്കാനും, തേങ്ങാ ഇടീയ്ക്കാനും ഒക്കെ ആളെ തിരഞ്ഞു ഞാൻ തന്നെ പോയി. തേങ്ങാ ഇടീയ്ക്കുന്നത് വല്യ പ്രശ് നമായിരുന്നു. അടുക്കളയിലേയ്ക്കുള്ളത് സുരേട്ടനോ, അങ്ങനെ ആരെങ്കിലുമൊക്കെ ഇട്ടു തരുമായിരുന്നു, ഇതിപ്പോ പത്തു നൂറു തെങ്ങുണ്ട്. അമ്മോൻമാരും എളാപ്പമാരുമൊക്കെ ഫോൺ വിളിയ്ക്കുമ്പോൾ ഞാൻ പറയും – വേറൊന്നും വേണ്ട ഇങ്ങളൊരു തേങ്ങാക്കാരനെ കൊണന്ന് തരണം. അവരാരും അപ്പോഴും ഇങ്ങോട്ടു വരവില്ല. വന്നാലും ഉപ്പ മിണ്ടൂല. അന്ന് ഇന്നത്തെപ്പോലെ ഒരു സാഹചര്യം ആയിട്ടില്ല എന്നോർക്കണം, യന്ത്രങ്ങൾ പോലെയൊന്നുമില്ല. വലിയുമ്മ പറയും – കറവള്ള പൈക്കളെ കറക്കാഞ്ഞാ അയിറ്റക്ക് ഒര് പൊർതികേട് ണ്ടാകൂലെ, അതേ മായിര്യാണ് തെങ്ങോൾക്കും, തേങ്ങാക്കായി ഇടാഞ്ഞാലേ. ഒരു ദിവസം അയ്യപ്പനോട് എന്തോ പറയുമ്പോൾ ഈ വിഷയം പറഞ്ഞു. മറ്റേ റെക്കോർഡിന്റെ കാര്യത്തിന്റെ ശേഷം ചെക്കന് ഞമ്മളോട് ഒരു ചായ് വ് ഉണ്ട്. അവൻ പറഞ്ഞു – ഞങ്ങള് വരാലോ. ആര്? ഞങ്ങള് കുറച്ചു ആൾക്കാര് വരാ, ശനിയായാഴ്ച ആയാലോ? അവന്റെ കോളനിയിലെ ചെറുക്കന്മാരുടെ കാര്യമാണ്. അതെങ്കി അത്. ഞാൻ ഓക്കേ പറഞ്ഞു. അവൻ വരുമെന്ന് എനിയ്ക്കു ഉറപ്പൊന്നുമില്ലായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയായപ്പോൾ എല്ലാം കൂടെ എത്തി. നാലഞ്ച് ചെറുക്കന്മാർ. വന്ന ഉടനെ തെങ്ങിലൊക്കെ പാഞ്ഞുകേറാനും തുടങ്ങി. ഞാൻ തൊടിയിലേയ്ക്കിറങ്ങിയപ്പോൾ ഒന്നുരണ്ടെണ്ണത്തിന് തമ്മിൽ തമ്മിൽ നോക്കി ഒരു ചിരിയൊക്കെ. ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു. ഒന്ന് രണ്ടു പേരു ഷർട്ട് ഊരിയിട്ടുണ്ട്. അയ്യപ്പൻ രണ്ടെണ്ണമായപ്പോഴേയ്ക്കും വിയർത്തൊട്ടി. പക്ഷെ അഭിമാനി ഷർട്ടൂരിയില്ല. പിന്നെ അവർ തേങ്ങ മുറ്റത്തേയ്ക്ക് കൂട്ടിയിടാൻ തുടങ്ങി. ഒരുത്തൻ ചോദിച്ചു – അടയ് ക്കോ? പറച്ചോ – ഞാൻ പറഞ്ഞു. അവൻ ഒന്നിൽ നിന്ന് പറിച്ച് അടുത്ത കവുങ്ങിലേയ്ക്ക് പകർന്നു കയറി. ഡാ വല്യ കാട്ടത്തം കാട്ടി ഓൻ വീണാ ഇന്നെക്കൊണ്ടു കയ്യൂല ട്ടാ. അയ്യപ്പൻ ഇളിഞ്ഞ ഇളി. ഓനിതൊക്കെ പ്രാക്ടീസല്ലേ? ഏത് നോളത്തരം കാട്ട്ണതാ? ഞാൻ ചോദിച്ചു. ചെക്കൻ പിന്നിം ചിരിയന്നെ. യ്യ് കൊറച്ച് വെള്ളം കൊണ്ടാ. വെള്ളം എടുക്കാൻ ഞാൻ അടുക്കളയിൽ കേറിയപ്പോൾ അയ്യപ്പൻ പിന്നാലെ വന്നു. ഞാൻ നോക്കായ്കയല്ല, കാര്യമാക്കിയില്ല എന്ന് മാത്രം. ഈ ഇളക്കം ഇപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്. ഇക്കണ്ട കാലത്തിന്റെടയ്ക്ക്…. പക്ഷെ അവൻ വാതിലിൽ നിന്നു. അവിടന്ന് അടുക്കള മൊത്തം നോക്കിക്കാണുകയാണ്. സ്ഥാനം നോക്കണ പോലെ.
ന്തേ? ഞാൻ ചോദിച്ചു.
ഒന്നൂല്ല.
ന്നാലും. അവൻ മിണ്ടിയില്ല. വെള്ളം വാങ്ങിക്കുടിയ്ക്കുമ്പോൾ അവന്റെ കഴുത്തിലെ മുഴ അനങ്ങിക്കൊണ്ടിരുന്നു. പാവമാണ്. എനിയ്ക്കറിയാം. വിയർത്തൊട്ടിയ ഷർട്ടിന്റെ താഴെ ശരീരത്തിന്റെ വടിവുകൾ. എണ്ണമെഴുക്കുള്ള കറുപ്പ്. കഴുത്തിലൊരു നരച്ച ചരട്.
നോക്ക്, ഇങ്ങക്കെല്ലാം കൂടി കൂലി എങ്ങനേ തര്ണത്, തേങ്ങ തന്നാ ഇയ്ക്ക് മൊതലാവൂലല്ലോ.
കൂലിയൊന്നും വേണ്ട. ഞങ്ങളെല്ലാം കൂടി ഒരു രസത്തിന് പോന്നതാണ്.
അത് ശരിയാവൂല മോനെ.
എന്നാ ഒരാള കൂലി തന്നാൽ മതി. തേങ്ങേ, കാശോ, ന്തേങ്കിലും.
അതും ശരിയാവില്ല. ഞാൻ പറഞ്ഞു. അവസാനം തെങ്ങൊന്നിന് ഒരു തേങ്ങയും കുറച്ചെന്തോ പൈസയും കൊടുത്തു. എന്നിട്ടെല്ലാവരും കൂടി പോകാൻ തുടങ്ങി. അകത്തിയ്ക്കു തേങ്ങാ പൊളിച്ചു തരണോ? അയ്യപ്പൻ ചോദിച്ചു.വേണ്ടടാ. ഞാൻ ചെയ്തോളാ. എന്നിട്ടും അവൻ വെട്ടുകത്തിയെടുത്തു മൂന്നു തേങ്ങാ പൊളിച്ചു തന്നു. അപ്പോഴേയ്ക്കും ഉപ്പ എണീറ്റുവന്നു അടുക്കളപ്പുറത്തിരിപ്പായി. അവനു പിന്നെ മിണ്ടാൻ തന്നെ ചമ്മൽ. എല്ലാവരും വേഗം സ്ഥലം വിട്ടു. ഉപ്പ ഒച്ച കേട്ട് വന്നതാണെന്ന് മൂന്നുതരം. പക്ഷെ മിണ്ടൂല. അതാണ്. ഞാൻ കുറച്ചു കഞ്ഞി വിളമ്പിക്കൊടുത്തു. എത്ര തേങ്ങാ കിട്ടി, ഇട്ടതാരാണ്, അവർക്കെന്തു കൊടുത്തു എന്നൊക്കെ പറഞ്ഞുകൊടുത്തു. ഓലയും കൊതുമ്പും വിറകുപെരയിൽ കയറ്റി. ഉപ്പയ്ക്ക് കുറച്ചു നേരം പുറത്തിരിയ്ക്കണമെന്നു പറഞ്ഞു. ഞാൻ കൈപിടിച്ചപ്പോൾ എതിർത്തില്ല. പിന്നിലെ മുറ്റത്തുനിന്ന് നോക്കിയാൽ നാടൻ മാവുകളും ഞങ്ങൾ പണ്ട് ഊഞ്ഞാല് കെട്ടിയിരുന്ന പഴഞ്ചക്ക പ്ലാവുമൊക്കെയുണ്ട്. നല്ല തണലാണ്. ഒരിരുട്ടു മാതിരി തോന്നും. പകുതി ഉപ്പയും ബാക്കി ഉപ്പാപ്പയും നട്ടുവളർത്തിയത്. അതിന്റെ മേലത്തെ തൊടിയിൽ എന്റെയും റിയാസാക്കയുടെയും സ്വന്തം മാവുകൾ – അവന്റേത് ആപ്പിൾ പോലെയാണ് കണ്ടാൽ. പഴുത്താലും പുളി. എന്റെ മാങ്ങ പഴുത്തുകിട്ടിയാൽ നല്ല മധുരം. പക്ഷെ മിക്കവാറും പുഴുവുണ്ടാകും. ഇപ്പോൾ രണ്ടും കായിയ്ക്കുന്നില്ല. ഉയരമില്ലെങ്കിലും വട്ടത്തിൽ കാട് പിടിച്ചു വളർന്നിട്ടുണ്ട്. ഉപ്പ അതൊക്കെ നോക്കി ഇരുന്നു. ഞാൻ അപ്പുറത്ത് ഓരോ പണിയ്ക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ പടി തിരിച്ചു കേറാൻ സഹായിയ്ക്കാൻ വിളിച്ചു. പിന്നെ കഞ്ഞി റെഡിയാകുന്നവരെ ഉപ്പ പുസ്തകം വായിച്ചു കിടന്നു. ടർഗനേവിന്റെ നോവൽ. സൈനാത്തയ്ക്കും വല്യ ഇഷ്ടമായിരുന്നു. ഒരു ദിവസം ഞാനതിന്റെ പേര് നോക്കി. ഫാദേഴ്സ് ആൻഡ് സൺസ്. ഞാൻ പുസ്തകം അവിടെ വച്ച് എന്റെ പണിയ്ക്കു പോയി.
അടുത്ത മാസവും അയ്യപ്പനും വേറൊരു ചെറുക്കനും കൂടി വന്നു. ഇപ്രാവശ്യം പറമ്പിൽ പണിക്കാരും ഉണ്ടായിരുന്നു. അതുകൊണ്ട് എനിയ്ക്ക് അധികസമയം അവരുടെയൊപ്പം നില്ക്കാൻ പറ്റിയില്ല. അവർക്കുള്ള ചായയും കഞ്ഞിയും പിന്നെ ചോറും ഒക്കെ ഉണ്ടാക്കണമായിരുന്നു. റെക്കോർഡ് വരപ്പും കാര്യങ്ങളും വേറെ. അയ്യപ്പൻ തന്നെ തേങ്ങ കൂട്ടിയിട്ട് വന്നു പറഞ്ഞു – നീ വന്നു നിൽക്ക്, എണ്ണാൻ പോവാണ്. അതിന്റെ ആവശ്യമൊന്നുമില്ല – ഞാൻ പറഞ്ഞു. കരിക്ക് രണ്ടെണ്ണം ഇട്ടു തരണം, തെക്കേപ്പുറത്തെ ചെന്തെങ്ങിൽ നിന്ന്. ഉപ്പയ്ക്ക് കൊടുക്കാൻ. കുറച്ചു കഴിഞ്ഞപ്പോ അവൻ കരിക്ക് രണ്ടെണ്ണം മൂടുചെത്തി അടുക്കളപ്പുറത്ത് അമ്മിക്കല്ലിൽ കൊണ്ടുവച്ചു തന്നു. തേങ്ങയുടെ എണ്ണവും പറഞ്ഞു. അൽപ്പം ഗൗരവത്തിൽ. എന്തോ പിടിച്ചിട്ടില്ല എന്നെനിയ്ക്കു മനസ്സിലായി. ഞാൻ ഒന്നും മിണ്ടാനൊന്നും പോയില്ല. ചിരിച്ചു കൊണ്ട് തന്നെ കാശു കൊടുത്തു. കുടിയ്ക്കാൻ ചായയും എടുത്തു വച്ചു. രണ്ടുപേരും കുടിച്ചു. മുഖം നോക്കാതെ പോവുകയും ചെയ്തു. സത്യത്തിൽ എനിയ്ക്ക് പാവം തോന്നി. കൂട്ടില്ള്ള കോഴിയല്ലേ, എന്ത് പേടിയ്ക്കാൻ? ഞാനാ ചിന്ത അപ്പോൾ തന്നെ മനസ്സിൽനിന്ന് കളഞ്ഞു.
അവിടുന്നൊരു ആഴ്ചയോ ഒക്കെ കഴിഞ്ഞപ്പോൾ ചെറിയ അമ്മോനും അമ്മായിയും കൂടി വീട്ടിൽ വന്നു. അമ്മോൻ കുറച്ചു ഗൗരവത്തിലായിരുന്നു. അമ്മായി കൊല്ലങ്ങൾക്ക് ശേഷം എന്നെ കാണുകയാണ്. അവരെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ ഉപ്പയുടെ അടുത്തിരുന്നു കരഞ്ഞു. അമ്മോനും ഉപ്പയോട് അവിടെയും ഇവിടെയും തൊടാതെ ചിലതു പറഞ്ഞെന്നു വരുത്തി. ഈ സന്ദർശനം എന്നെ ഒന്ന് ഞെട്ടിച്ചു എന്നുള്ളത് ശരിയാണ്. ഞാനതു പുറത്തു കാണിച്ചില്ല. പക്ഷെ എന്താണ് ഇവരുടെ ഉദ്ദേശം എന്നറിയണമെന്നു തോന്നി. അപ്പോൾ തന്നെ അങ്ങനെ കരുതേണ്ട ആവശ്യമില്ലെന്നും തോന്നി. ഉപ്പ നല്ല ക്ഷീണത്തിലാണ്. ഇക്കാക്കയും ഇല്ല. ഉപ്പയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുവന്നാൽ ആരുമില്ല സഹായത്തിന്. അപ്പോൾ എനിയ്ക്ക് അഭിമാനം നോക്കിനിൽക്കാൻ പറ്റില്ല. ഇത്രയും കാലം കൊണ്ട് എനിയ്ക്ക് മനസ്സിലായ കാര്യം എന്ത് വിഷയത്തിലും ഒറ്റയ്ക്ക് നിൽക്കുന്നതിന്റെ ബുദ്ധിമുട്ടാണ്. അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നെങ്കിൽ എന്ന ആലോചന കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഏതായാലും വിരുന്നുകാരുടെ വരവിന്റെ തുടക്കമായിരുന്നു അത്. അവരെല്ലാംകൂടി വന്നുകയറി ഞാൻ പുറത്തായി എന്നൊന്നുമല്ല പറയുന്നത്. അവർ വന്നു, കണ്ടു, പോയി. ബന്ധങ്ങളൊക്കെ സാധാരണ രീതിയിലായി എന്നും അതിനർത്ഥമില്ല. ഒരു ദിവസം രാത്രി കിടക്കുമ്പോൾ പെട്ടെന്ന് എനിയ്ക്കൊരു തോന്നലുണ്ടായി. ഉപ്പ മരിയ്ക്കാനായി എന്നുവച്ചാണ് ആളുകൾ വന്നു കാണുന്നത്. ഉള്ളിൽ എന്തോ ഒന്ന് കിടുങ്ങി. ഞാൻ ഒരിയ്ക്കലും ആ തരത്തിൽ ചിന്തിച്ചിട്ടില്ല. എന്നാലും അങ്ങനെ ആലോചിയ്ക്കുന്നതുപോലും ഇത്ര കഷ്ടപ്പാടാണെങ്കിൽ എങ്ങനെയാണ് അങ്ങനെയൊരു കാലത്ത് ഞാൻ ജീവിയ്ക്കുക? ഈ വീട്ടിൽ ഒറ്റയ്ക്ക്? അപ്പോഴേയ്ക്കും ഇക്കാക്ക വരുമോ? ഇക്കാക്കയെ തിരഞ്ഞുപോകേണ്ടതല്ലേ? അവനോ ചിന്തയില്ല, ഞാനെങ്കിലും അവനെ തിരഞ്ഞുപിടിച്ചു പറയണ്ടേ, ഉപ്പ ഇതാണവസ്ഥ, ഇനിയെങ്കിലും ഇക്കാക്ക വരണം.വാശി വിടണം. ഉപ്പയ്ക്ക് വാശി പോയിട്ട് ഒന്ന് എണീറ്റ് നിൽക്കാൻ തന്നെ വയ്യ. ഇക്കാക്ക വന്നാൽ തന്നെ പകുതി ആശ്വാസമാകും. അങ്ങനെ പറഞ്ഞാൽ അവൻ വരുമോ? എന്തോ എനിയ്ക്കുറപ്പുതോന്നിയില്ല. അവൻ ഉപ്പ തന്നെയാണ് ഒരർത്ഥത്തിൽ. അത് ഭുതപ്പെടേണ്ട കാര്യമില്ല. ഒരു ദിവസം കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ ചെറിയ അമ്മാവൻ പിന്നെയും വന്നു. ജീപ്പിനു പിന്നിൽ ഏണിയും കയറുമൊക്കെയായി രണ്ടുമൂന്നു തമിഴന്മാരും. കുഞ്ഞോളെ, ഈ കോളേജിക്ക് പോകാനായാ? ഇബറ്റിങ്ങളെ കെണറ്റിത്തെ കാടും പൊന്തിം ഒക്കെ ഒന്ന് വെട്ടാൻ കൊണന്നതാ. അനക്ക് തേങ്ങ ഇടണ്ടേ? ഇബനാണ് ഞമ്മളെ തൊടൂല് പ്പോ ഇടല്. കായിയൊക്കെ ഞാന്തന്നെ കൊടുത്തോളാ. ഞാൻ ഒന്നും മിണ്ടിയില്ല. എനിയ്ക്കു ലാബുള്ള ദിവസമായിരുന്നു. ഞാൻ വണ്ടി പിടിയ്ക്കാനോടി. ക് ളാസ്സു കഴിഞ്ഞു വന്നപ്പോൾ എല്ലാ പണിയും തീർത്തിട്ടുണ്ട്. തേങ്ങയൊക്കെ എണ്ണിയടുക്കി നെറ്റിട്ടു വച്ചിരിയ്ക്കുന്നു. ഇളനീരൊന്നു ചെത്തി, വെട്ടാതെ മേശപ്പുറത്ത് – എനിയ്ക്കു കുടിയ്ക്കാൻ. ഉപ്പയ്ക്ക് പൂണ്ടു കൊടുത്തതിന്റെ ബാക്കി മുറിയിലെ കട്ടിലിന്റെ അടുത്ത് ടീപ്പോയിൽ. ഹായ്. മനോഹരം. ഉപ്പ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും. കിണറ്റിലെ പൊന്തയും കാടുമൊക്കെ അപ്പുറത്തെ തെങ്ങിൻ തയ്യിന്റെ ചുവട്ടിൽ. കിണറിന്റെ മുന്നിലെ രണ്ടു കമുകിന്റെയും ഇടയ്ക്കു ഒരു അലക് വച്ചുകെട്ടി ഓലകൾ പഴുത്തതും ഉണങ്ങിയതും ഒക്കെ ചാരിവച്ച് ഒരു മറപോലെ ഉണ്ടാക്കിയിരിയ്ക്കുന്നു. ഇപ്പോൾ റോട്ടിൽനിന്ന് ഇങ്ങോട്ടുകാണില്ല. പച്ച ഓലയൊക്കെ വെയിൽ കൊണ്ട് ഉണങ്ങിക്കോളും. ഹ്മ്മ്.
അയ്യപ്പനോട് ഞാൻ പറഞ്ഞു. പുതിയ ഭരണപരിഷ്കാരമൊക്കെയുണ്ട്. അവന് നിരാശ അത്ര ഒളിപ്പിയ്ക്കാൻ പറ്റിയില്ല. എന്നാലും പറഞ്ഞു – ഓ അപ്പൊ ഞ്ഞി ഞമ്മളെന്നും വേണ്ടല്ലോ. ഞാൻ തലയാട്ടി. ശരിയാ. അവന് ഭാവമാറ്റമൊന്നുമില്ല. ഞാൻ വിഷയം മാറ്റാൻ ചോദിച്ചു. ഞമ്മക്കേ ചോറ് തിന്നാൻ പോയാലോ? പ്രിൻസിയുടെ ഓഫിസിന്റെ മുന്നിലെ കോണി കയറിയാൽ ഇടത്തും വലത്തും ഓരോ കോണികളുണ്ട്. അത് രണ്ടും ചെല്ലുന്നതു ലൈബ്രറിയുടെ രണ്ടാം നിലയിലേയ്ക്കാണ്. പണ്ടത്തെ ഡിസൈൻ ആണ്. ഉപ്പോ അവ തുറക്കാറില്ല. ഞങ്ങളാ ഭാഗം വായിയ്ക്കാനും ചർച്ചകൾക്കും ഭക്ഷണം കഴിയ്ക്കാനുമൊക്കെ ഉപയോഗിയ്ക്കും. അധികം ബഹളം പറ്റില്ല. പ്രിൻസിയുടെ ഓഫിസിന്റെ ഇടതും വലതും ഡിപ്പാർട്മെൻറുകളും ഓഫിസും ഒക്കെയാണ്. ഞാനും സമീറയും അയ്യപ്പനും അവിടെ ചെന്നിരുന്നു. സമീറ വായടയ്ക്കാതെ ഓരോന്നു പറയുകയാണ്. ഞങ്ങൾ തിന്നു കഴിഞ്ഞിട്ടും അവളുടെ ചോറ് പകുതിയായിട്ടില്ലായിരുന്നു. ഞാൻ അയ്യപ്പനെ നോക്കുകയായിരുന്നു. ആളധികം മിണ്ടിയിട്ടില്ല. എന്റെ നേരെ നോക്കുന്നതുപോലുമില്ല, അല്ലെങ്കിൽ നോക്കുന്നത് ഞാൻ കാണുന്നില്ല. ന്താ യ്യീ ആലോയിക്കണത്? ഞാൻ ചോദിച്ചു. ഒന്നൂല്യ. അവൻ ചിരിച്ചു. ഒരു ടേസ്റ്റ് ഇല്ല. സമീറ അവനെ നോക്കി. ന്താ അനക്കു പനീണ്ടാ? അവൾ ഇടത്തെ കൈപ്പടം അവന്റെ നെറ്റിയിലും കഴുത്തിലും വച്ച് നോക്കി. ചെറിയ ഒരു ചൂട് ണ്ടാ? അവള് ചോദിച്ചു, യ്യൊന്നു നോക്ക്യാ ബളേ. ഞാൻ പറഞ്ഞു – കണ്ടാ തോന്നൂല്ലല്ലോ. യ്യൊന്നു കയ്യ് വച്ച് നോക്ക് – അവൾ വീണ്ടും പറഞ്ഞു. അപ്പോൾ എന്റെയും അയ്യപ്പന്റെയും കണ്ണുകൾ ഒന്നുടക്കി. നമ്മക്ക് ഒരു പാരസെറ്റാമോള് മെഡിക്കഷോപ്പ് ന്ന് വാങ്ങാ. ഞാൻ പറഞ്ഞു. ഇപ്പൊ എല്ലോടത്തും ഒരു പനി ണ്ട്. ഞ്ഞി പ്പോ നമ്മക്കൊക്കെ കിട്ടുമല്ലോ – അതും പറഞ്ഞു സമീറ ചിരിച്ചു. അയ്യപ്പന്റെ നോട്ടം പിന്നെയും എന്റെ മുഖത്തു വീഴുന്നത് ഞാനറിഞ്ഞു, എന്നിട്ടും ഞാനവനെ നോക്കിയില്ല. ഞാൻ പൊട്ടത്തിയൊന്നുമല്ല. പക്ഷെ ഈയൊരു വിഷയം എന്ത് ചെയ്യണം എന്ന് എനിയ്ക്കൊരു പിടുത്തവും കിട്ടിയില്ല.
ഒരു ദിവസം വൈകുന്നേരം ഞാൻ മേലെത്തെ മുറിയിലിരുന്ന് വായിയ്ക്കുമ്പോൾ മൂന്നുപേർ വിജയന്റെ വീട്ടിലേയ്ക്കു കയറിപ്പോവുന്നതു കണ്ടു. അതിലൊരാൾ അയ്യപ്പനായിരുന്നു. ഞങ്ങളുടെ പടിയ്ക്കലേയ്ക്ക് തുറക്കുന്ന ജനാലകളുണ്ടായിരുന്നു ആ മുറിയ്ക്ക്. റിയാസാക്ക ഉണ്ടായിരുന്നപ്പോൾ ഇവിടെയാണ് കിടന്നിരുന്നത്. എന്നോട് പറയും നീ പിന്നിലെ മുറിയിൽ കിടന്നോ. ഞാൻ സമ്മതിയ്ക്കില്ല. ഉമ്മയുടെ മുറിയായിരുന്നു എന്റെ സാമ്രാജ്യം. ഉപ്പയുടെ മുറിപോലെ ആയിരുന്നില്ല, ജനാലയ്ക്കൊക്കെ ഗ്ലാസ് പിടിപ്പിച്ചിരുന്നു , അതും വലിയ ജനാല. ഉപ്പയുടെ മുറിയ്ക്ക് മരത്തിന്റെ പൊളികളായിരുന്നു. അതല്ലെങ്കിലും വീട്ടിൽ ഓരോ ജനാലകളും ഓരോ തരമായിരുന്നു. അതുപോട്ടെ. ഞാനവരെ നോക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്തിന്റെ അരികിലെ വേപ്പിന്റെ ചോട്ടിലേയ്ക്ക് അയ്യപ്പൻ വന്നു. ആദ്യമൊക്കെ ചുറ്റും നോക്കി. പിന്നെ നോട്ടം ഇങ്ങോട്ടായി. മുകളിലെ നിലയിലേയ്ക്കല്ല. ഉമ്മറത്തേയ് ക്ക് . ഞാൻ ഒരടി പിറകോട്ടിരുന്നു. അവിടന്ന് നോക്കിയാൽ കാണുകയൊന്നുമില്ല. അപ്പൊഴാരോ ഇറങ്ങി വന്ന് അവനോടു സംസാരിയ്ക്കാൻ തുടങ്ങി. പിന്നെ വന്ന ആളും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കി നിന്നു. അവന്റെ കണ്ണിൽപ്പെടാതെയാണ് അയ്യപ്പന്റെ നോട്ടം. പിന്നെ മറ്റവനെന്തോ ചോദിച്ചു. പിന്നെ രണ്ടുപേരും കൂടിയായി നോട്ടം. മറ്റേ ചെറുക്കനെന്തോ പറഞ്ഞു. പിന്നെ രണ്ടുപേരും ചിരിച്ചു. അപ്പോൾ വിജയന്റെ അമ്മ വന്ന് അവരെ അകത്തേയ്ക്കു വിളിച്ചു. ചായ കുടിയ്ക്കാനായിരിയ്ക്കണം. അൽപ്പം കഴിഞ്ഞു അവർ മൂന്നാളും പോവുകയും ചെയ്തു. അയ്യപ്പൻ ഗേറ്റിൽ വച്ച് ഒന്നിങ്ങോട്ടു നോക്കി. അത്ര തന്നെ. ഞാൻ വായന തുടർന്നു.
രാത്രി ഉപ്പ നേരത്തേ കിടന്നു. വായന പതിവുണ്ട്. പിന്നെ മരുന്ന് കഴിച്ചു ഉറങ്ങും. ഒരു തരത്തിൽ ഉപ്പ എല്ലാറ്റിനോടും പൊരുത്തപ്പെട്ട് ഒരു പക്ഷേ, കുറച്ചു സന്തോഷത്തോടെ തന്നെയാണ് ദിവസങ്ങൾ കഴിയ്ക്കുന്നത് എന്നെനിയ്ക്ക് തോന്നി. ജീവിതത്തിൽ ഉപ്പ ഇത്ര സ്വസ്ഥമായിരുന്ന സമയമുണ്ടാകില്ല. അസുഖമൊഴിച്ചാൽ. ഞാൻ പാത്രമൊക്കെ കഴുകി ലൈറ്റ് ഒക്കെ കെടുത്തി കിടക്കാൻ പോയി. മുറിയിലെയും ലൈറ്റ് കെടുത്തിയാൽ പിന്നെ ജനാലയുടെ താഴത്തെ രണ്ടു പാളികൾ എന്നും അടയ്ക്കും. ഒരു ശീലം. ചെറിയ മുറ്റം കഴിഞ്ഞാൽ വലിയ ഒരു മുരിങ്ങാമരവും അതിന്റെയടുത്തുതന്നെ ഒരു കൂവളവും ഒക്കെയുണ്ട്. പിന്നെ താഴേയ്ക്ക് ഇറങ്ങിയിറങ്ങിപ്പോകുന്ന പറമ്പാണ്. ഒരു പാളിയടച്ച് രണ്ടാമത്തേതിന് കൈനീട്ടിയപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. ഇരുട്ടിൽ മുരിങ്ങയുടെ കടയ്ക്കൽ ആരോ നിൽക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. തോന്നലാണോ. അല്ല. ഒരാൾ. അയാൾ പതുക്കെ മുന്നോട്ടു വന്നു. എന്റെ പേടി പോയിരുന്നു, പകരം ഒരു വെപ്രാളം. ഞാൻ ജനൽ അടയ്ക്കാതെ പിന്നോട്ട് മാറി. അവൻ മുറ്റത്തേയ്ക്ക് കടന്നു. പിന്നെ ജനലിനടുത്തേയ്ക്കു വന്നു. ഞാൻ ഒന്നും മിണ്ടാതെ നോക്കുകയാണ്. കുറച്ചൊക്കെ ദേഷ്യവും വരുന്നുണ്ട്. എന്താണിത്, തോന്നിവാസം. അവൻ എന്നെത്തന്നെ നോക്കുകയാണ്. പിന്നെ ചുണ്ടിൽ വിരൽവച്ച് മിണ്ടരുത് എന്ന് ആംഗ്യം കാട്ടി. അല്ലെങ്കി ഇപ്പൊ ഞാൻ മിണ്ടും. കൊരങ്ങൻ. എനിയ്ക്കു കുറച്ചു തമാശയും തോന്നി. ഉപ്പ ഉറങ്ങിയിട്ടില്ലെങ്കിൽ. ഞാൻ തിരിഞ്ഞു വാതിൽക്കലേയ്ക്ക് നോക്കി. പിന്നെ ചെവിയോർത്തു നോക്കി. വീടിനുള്ളിൽ ഒരനക്കവുമില്ല. അവൻ ജനൽക്കമ്പിയിൽ പിടിച്ച് അകത്തേയ്ക്കു നോക്കുകയാണ്. ഞാൻ അടുത്തേയ്ക്കു ചെന്നു. അവൻ കയ്യിട്ട് എന്റെ വലത്തേക്കയ്യിൽ പിടിച്ചു.അത്ര തന്നെ. പിന്നെ അനക്കമില്ല. ആളൊന്നും മിണ്ടുന്നുമില്ല. എന്റെ മുഖത്തുനിന്ന് കണ്ണെടുക്കുന്നുമില്ല. പിന്നെ അവനെന്റെ കൈ പുറത്തേയ് ക്കെടുത്തു, അവനതിൽ ഉമ്മവയ്ക്കാൻ പോകുന്നെന്ന് ഞാൻ വിചാരിച്ചു. രണ്ടു കൈകൊണ്ടും പിടിച്ച് അവനതിൽ നെറ്റി ചേർത്തു. പ്രാന്ത് തന്നെ. രണ്ടു മൂന്നു മിനിറ്റ് അത് തന്നെ. ഞാനും അനങ്ങിയില്ല. അതിനു ശേഷം അവനെന്റെ കൈ വിട്ട്, ഒന്ന് ചെവിയോർത്ത്, രണ്ടു വശത്തേക്കും നോക്കി, ഒരു ശബ്ദവുമുണ്ടാക്കാതെ തിരികെപ്പോയി. മുരിങ്ങയുടെ ചോട് വരെ ഞാനവനെക്കണ്ടു. പിന്നെ എന്തായെന്നറിയില്ല. അൽപ്പസമയം കഴിഞ്ഞു ഞാനും ചെന്ന് കിടന്നു. ഒന്നും ആലോചിയ്ക്കാൻ ഞാൻ മിനക്കെട്ടില്ല. കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാനുറങ്ങിപ്പോയി.
പിന്നത്തെ ആഴ്ച കോളേജിൽ വച്ച് കണ്ടപ്പോഴൊന്നും അവനീ സംഭവമേ ഉണ്ടായിട്ടില്ല എന്ന കണക്കിലാണ് പെരുമാറിയത്. അതെന്നുവച്ചുള്ള ഒരടുപ്പവും കാണിയ്ക്കുന്നില്ല. എന്നെ സംഗതി അറിയിയ്ക്കുകയായിരുന്നു അവന്റെ ലക് ഷ്യം എന്നെനിയ്ക്കു തോന്നി. രാത്രിയിലൊക്കെ ഞാൻ ജനലും വാതിലുമൊക്കെ അടച്ചെന്ന് ഉറപ്പുവരുത്തി. ജനൽ എല്ലാ പൊളിയും അടച്ചു. ഇനിയൊരിയ്ക്കൽ അവൻ ഈ പണി ചെയ്യരുതെന്ന് ഞാൻ കരുതി. അത് തന്നെയാണോ അന്നെന്റെ ശരിയ്ക്കുമുള്ള വിചാരമെന്ന് എനിയ്ക്കോർമ്മിയ്ക്കാൻ കഴിയുന്നില്ല. അങ്ങനെയുള്ള സമയങ്ങളിൽ എന്താണ് മനസ്സിലുണ്ടായിരുന്നതെന്നു പിന്നെയൊരിയ്ക്കൽ ഓർമ്മിയ്ക്കുക സത്യത്തിൽ പ്രയാസവുമാണ്. പ്രത്യേകിച്ചും പിന്നെ മറ്റു പലതും ഉണ്ടാകുമ്പോൾ. ഏതായാലും ഞാൻ ഇതെന്നെ ബാധിയ്ക്കാതിരിയ്ക്കാൻ മാനസികമായി അദ്ധ്വാനിച്ചിരുന്നു. അതെനിയ്ക്കു ഉറപ്പുണ്ട്.
ഒരു രാത്രി ഞാൻ അടുക്കളപ്പുറത്ത് മുറ്റത്തിന്റെ അരമതിലിൽ വച്ച് വലിയ പാത്രങ്ങൾ കഴുകുകയായിരുന്നു. ഉപ്പ കിടന്നിരുന്നു. ആ പണി കഴിഞ്ഞു കിടക്കാനായിരുന്നു എന്റെയും പരിപാടി. അന്ന് മുഴുവൻ റെക്കോർഡ് എഴുത്തായിരുന്നു, അതിന്റെ ഒരു മടുപ്പുമുണ്ടായിരുന്നു. ഓരോ ആലോചനയുമായി പണി തീർത്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കറന്റ് പോയി. നാശം എന്ന് പറഞ്ഞു ഞാൻ അടുക്കളഭാഗത്തേയ്ക്കു നോക്കിയപ്പോൾ, ഇടനാഴികയിൽ നിന്ന് വെളിച്ചം അടുക്കളയിൽ വീഴുന്നുണ്ട്. ഞാൻ പുറത്തെ ലൈറ്റ് ഇട്ടിരുന്നില്ല. ഉള്ളവെളിച്ചത്തിൽ പെട്ടെന്നു പണി തീർത്തുപോകാം എന്ന് വിചാരിച്ചതാണ്. ഞാൻ വേഗം പാത്രം അവിടെ വച്ച് അടുക്കളയിലേയ്ക്ക് ചെന്നു -ബൾബ് അടിച്ചുപോയിക്കാണും. അടുക്കളയിലേയ്ക്കു കയറിയപ്പോൾ വാതിലിനു പിന്നിൽ ഒരനക്കം. ഞാൻ നിലവിളിച്ചില്ലെന്നേയുള്ളൂ, രണ്ടടി പിന്നോട്ടു ചാടി. ഇവനെങ്ങനെ ഇതിനുള്ളിൽക്കയറി. എനിയ്ക്കു ദേഷ്യവും സങ്കടവും വന്നു. എന്താണിവന്റെ ഉദ്ദേശ്യം? അവൻ ചുണ്ടിൽ വിരൽ ചേർത്തു മിണ്ടരുതെന്നു ആംഗ്യം കാണിച്ചു. എന്നിട്ടു പതുക്കെ അടുത്തേയ്ക്കു വന്നു. ഞാൻ പിന്നോട്ടും നീങ്ങി. നീങ്ങി നീങ്ങി ചുമരിൽ തട്ടി. അപ്പോൾ അവൻ നിന്നു. ഞാൻ അവനെത്തന്നെ നോക്കുകയാണ്. ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും. ഉപ്പ എണീറ്റെങ്ങാനും വന്നാൽ! നിലവിളിയ്ക്കാനും ആളെക്കൂട്ടാനുമൊന്നും എനിയ്ക്കു പ്ലാനില്ല. പക്ഷെ ആദ്യമായാണ് ഇങ്ങനെയൊരു കുരുക്കിൽ പെടുന്നത്. എന്ത് ചെയ്യുമെന്നുള്ളതാണ്. അവൻ പുറത്തേയ്ക്ക് വിരൽ ചൂണ്ടി വരാൻ ആംഗ്യം കാണിച്ചു. ഞാൻ അനങ്ങിയില്ല. അവൻ വീണ്ടും കൈകൊണ്ട് കാണിച്ചു. എന്നിട്ട് ശബ്ദമില്ലാതെ പുറത്തേയ്ക്കിറങ്ങി. എന്നിട്ടെന്നെ തിരിഞ്ഞു നോക്കി. എന്താ ഇവൻ പറയുന്നത്? ഒളിച്ചോടാൻ ചെല്ലാനോ. ഒരു തൊഴിവച്ചുകൊടുത്തു വാതിലടച്ചാൽ തീരും ശല്യം. ഞാൻ വാതിൽക്കലേയ്ക്ക് ചെന്നപ്പോൾ അവനെ കാണുന്നില്ല. പോയോ കോന്തൻ? അവൻ പുറത്തേയ്ക്കിറങ്ങുന്ന പടവിന്റെ അറ്റത്തു മാറി നിൽക്കുകയായിരുന്നു. അവനെന്റെ കയ്യിൽ പിടിച്ചുവലിച്ചു. പെട്ടെന്നായ കാരണം എന്റെ ബാലൻസുപോയി. പക്ഷെ അവനെന്നെ പിടിച്ചു. എന്നിട്ട് പതുക്കെ ചുമരിലേയ്ക്കു ചാരി നിറുത്തി. എന്താ, ഞാൻ സ്വരം താഴ്ത്തി ചോദിച്ചു. എന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞിരുന്നു. ഒന്നനങ്ങാതെ നിന്ന ശേഷം അവനെന്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെയ്ക്കാൻ ശ്രമിച്ചു. ഞാൻ കൈപ്പത്തി കൊണ്ട് ചുണ്ട് മറച്ചു. കയ്യിലെ വെണ്ണീറായിരിയ്ക്കും അവന്റെ ചുണ്ടിലായി. അവൻ മുഖം പിന്നോട്ട് വലിച്ചു ചിറി തുടയ്ക്കാനും തുപ്പാനും ഒക്കെ തുടങ്ങി. ശബ്ദമുണ്ടാക്കാതെ ഞാൻ ചിരിച്ചു. മുണ്ടിന്റെ അറ്റം കൊണ്ട് അവൻ ചുണ്ടൊന്നുകൂടി അമർത്തിത്തുടച്ച് അവൻ മുന്നോട്ടു വന്നു. ഞാൻ വീണ്ടും കൈ ചുണ്ടത്തുവച്ചു. അവൻ ഉമ്മ വയ്ക്കാതെ മുഖം അടുത്തുകൊണ്ടുവന്ന് അങ്ങനെ നിന്നു. ഞാനവന്റെ കണ്ണിലേയ്ക്ക് നോക്കി. അങ്ങനെ ഒന്നുരണ്ടു നിമിഷം പോയി. അവനെന്റെ കൈത്തണ്ടയിൽ പിടിച്ച് ഞെക്കിക്കൊണ്ടിരുന്നു. വേദനിച്ചപ്പോൾ ഞാൻ കൈകുടഞ്ഞു. ആള് അതേ നിൽപ്പ് തുടർന്നു. ഞാൻ പാത്രങ്ങൾ ചൂണ്ടിക്കാണിച്ചു. സമയം വൈകുന്നെന്നു ആംഗ്യം കാണിച്ചു. ഒന്നാലോചിച്ച ശേഷം അവൻ ഒന്ന് പിന്നോട്ട് മാറി. ആ തക്കത്തിന് ഞാൻ അമ്മിക്കല്ലിന്റെ അടുത്തുള്ള ലൈറ്റ് ഇട്ടു.പെട്ടെന്ന് വെളിച്ചം പരന്നപ്പോൾ അവൻ ഓടി പിന്നാമ്പുറത്തെ കുളിമുറിയ്ക്കും അടുക്കളയ്ക്കുമിടയിലെ ഗ്യാപ്പിൽ ഇരുട്ടത്തു ചെന്ന് നിന്നു. ഞാൻ പാത്രം കഴുകാൻ തുടങ്ങിയപ്പോൾ അവൻ കുളിമുറിയുടെ അപ്പുറത്തുകൂടി വന്ന് നിഴലിൽ നിന്നു. അവൻ വെളിച്ചത്തിലിറങ്ങില്ല എന്നെനിയ്ക്കുറപ്പായിരുന്നു. ഞാൻ സ്വസ്ഥമായി പാത്രം കഴുകി. എന്നിട്ട് ചെമ്പട്ടിയിലെ വെള്ളം അവന്റെ നേരെ ഒഴിച്ചു. അവന് മാറാൻ സമയം കിട്ടിയില്ല പാവം. പക്ഷെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ, പാവം പല്ലും കടിച്ച് നനഞ്ഞു അവിടെ നിന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല. ഓടി അകത്തു കയറി. പുറത്തെ ലൈറ്റും ഓഫ് ചെയ്തു. വാതിൽ കുറ്റിയിട്ടു. പിന്നെ പാത്രങ്ങൾ അടുക്കിക്കൊണ്ടിരിയ്ക്കുമ്പോൾ അവന്റെ മുഖം ജനാലയ്ക്കൽ. ഞാൻ ചെന്ന് ജനാല അടയ്ക്കാൻ തുടങ്ങിയപ്പോൾ അവൻ കൈ പിടിയ്ക്കാൻ പിന്നെയും നോക്കി. ഞാൻ നല്ലൊരു നുള്ളു വച്ച് കൊടുത്തു. പിന്നെ ഞാനൊന്നും ശ്രദ്ധിയ്ക്കാൻ പോയില്ല. ഒന്നുരണ്ടുപ്രാവശ്യം ചെറിയ ഒരു മുട്ടുകേട്ടു, ജനാലപ്പൊളിയിൽ. അത്ര തന്നെ. അന്ന് കിടന്നപ്പോൾ എനിയ്ക്കു നിയന്ത്രണമില്ലാതെ ചിരി വന്നു. ഞാനുറക്കത്തിലും ചിരിച്ചെന്നു തോന്നുന്നു. ഉപ്പ പിറ്റന്നത് ചോദിച്ചിരുന്നു. എന്നാൽ, കോളേജിൽ കണ്ടാൽ അവനീ ആളാണെന്നേ പറയില്ല, അതായിരുന്നു കളി.
അവിടന്നൊരു പത്തുദിവസം കഴിഞ്ഞപ്പോൾ സമീറ ഇക്കാക്കാന്റെ കുട്ടിയുടെ മുടികളച്ചിലിന് എന്നെ വിളിച്ചു. കൂരിയാട് പാലം കടന്ന ഉടനെ ഹൈവേയുടെ ഇടതു വശത്ത് ഉള്ളോട്ടു മാറി കാണുന്ന വീതിയുള്ള വഴിയിലൂടെ താഴത്തേയ്ക്കിറങ്ങിയാൽ കാണാവുന്ന പഴയ ഒരു മനയാണ് അവളുടെ വീട്. അവളുടെ ഉപ്പ വാങ്ങിയതിനുശേഷം ആകെയുള്ള മാറ്റം വീടിനുചുറ്റുമുള്ള തേക്കും മഹാഗണിയും ഒക്കെയാണ്. വീട് ഒരു മാറ്റവുമില്ലാതെ നിന്നു. എപ്പോഴും പെയിന്റും വാർണിഷുമൊക്കെ അടിച്ചു പുത്തനായിട്ട്. പേരാണു കേമം. പി കെ മൻസിൽ. ഞങ്ങൾ സമീറയെ ഇടയ്ക്കു കളിയാക്കും. എന്നാൽ പികെ മന എന്നാക്കാടി – അവൾ പറയും. ഞങ്ങൾ പിന്നെയും ചിരിയ്ക്കും. പിന്നെ? പിലാവുള്ള കണ്ടിയിൽ മന എന്ന് വിളിയ്ക്കാൻ പറ്റുമോ? അവൾ ചോദിയ്ക്കും. പിന്നെയും ചിരി. കണ്ടിയിൽ മന എന്നാക്കടീ – ഞങ്ങളും പറയും. കോളേജിലെ കൂട്ടുകാരൊക്കെ വന്നിരുന്നു. അയ്യപ്പനും. ഞാൻ സാധാരണപോലെ പെരുമാറി. അവനും. ആണുങ്ങൾക്ക് പുറത്തും ഞങ്ങൾക്ക് ഉള്ളിലുമായിരുന്നു ഭക്ഷണം. അതിനു മുന്നേ സമീറ അവളുടെ മുറി കാണിയ്ക്കാൻ ഞങ്ങളെ കൊണ്ടുപോയി. രണ്ടാം നിലയിൽ. അവിടന്ന് നോക്കിയാൽ പനമ്പുഴയുടെ ഭാഗം കാണാമായിരുന്നു. ഒരു കൈവഴി വന്ന് പുഴയിൽ ചേരുന്നതും. ചെത്തല്ലേ? അവൾ അന്നത്തെ ലേറ്റസ്റ്റ് ഭാഷയിൽ ചോദിച്ചു. അപ്പോൾ അയ്യപ്പനും മുറിയിലേയ്ക്കു വന്നു. സമീറ എന്നെ നോക്കി ഒന്നാക്കിച്ചിരിച്ചു. എന്താടി? ഞാൻ ചോദിച്ചു. ഒന്നുല്ലേയ്. അവൾ ചിറികോട്ടി. ഇന്നെ ഉമ്മ വിളിക്കിൺണ്ട്. അതും പറഞ്ഞു അവൾ ഓടിപ്പോയി. ഞാൻ പിന്നാലെ പോകാൻ തുടങ്ങിയപ്പോൾ അയ്യപ്പൻ പറഞ്ഞു. നിക്ക് റാബിയാ. എന്താ? യ്യ് ബടെ നിക്ക്. നോക്ക്, ഇതൊരു വീടാണ്, കോളേജല്ല. ഇന്റെ വീട്ടില് കേറി വരണമായിരി ഇബടങ്ങനെ കറങ്ങി നടക്കര്ത് ഓൾക്കാണ് മോശം. പറഞ്ഞത് കുറച്ചു ഊക്ക് കൂടിപ്പോയി എന്നെനിയ്ക്ക് തോന്നി, ചെക്കൻ കയ്യൊക്കെ വലിച്ച് ഒരടി പിന്നോട്ട് മാറി. ഞാൻ പുറത്തേയ്ക്കിറങ്ങി. എന്നിട്ട് തിരികെ വാതിലിന്റെ അടുത്തു ചെന്ന് പതുങ്ങി ഉള്ളിലേയ്ക്ക് നോക്കി. അണ്ടി പോയ പോലെ നിൽപ്പാണ് പൊട്ടൻഷ്യൽ കാമുകൻ. ഞാൻ നോക്കിനിന്നു.ആളൊന്നു തലയൊക്കെ ചൊറിഞ്ഞ്, എളിയ്ക്കു കയ്യുംകൊടുത്ത് ജനാലയ് ക്കടുത്തുപോയി പുറത്തേയ്ക്കു നോക്കി നിൽപ്പായി. അവന്റെ വട്ടപ്പേരായിരുന്നു കോമരം. ഞാനതു വിളിച്ചു – ഡാ കോമരം. അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി. ഞാനവനെ നോക്കി ചിരിച്ചു, എന്നിട്ട് കോണിയുടെയടുത്തേയ്ക്കോടി. അവനും പിന്നാലെ വന്നു. കോണി ഞാൻ പതുക്കെയാണ് ഇറങ്ങിയത്, ആരും ശ്രദ്ധിയ്ക്കരുതല്ലോ. ഞാൻ അടുക്കളയുടെ വാതിൽക്കൽ നിന്ന് നോക്കി. അവനും പതുക്കെ ഇറങ്ങി വരികയാണ്. കോണിയുടെ കടയ്ക്കൽ, കൈവരിപിടിച്ചുനിന്ന് അവൻ ചുറ്റും നോക്കാൻ തുടങ്ങി. ഞങ്ങളുടെ കണ്ണുടക്കി. അവൻ മുന്നോട്ട് വന്നു. ഞാൻ പറഞ്ഞു – നോക്ക്, പിന്നാമ്പുറത്ത് പെണ്ണുങ്ങളെ ള്ളൂ, യ്യ് ബടെ കെടന്ന് തിരിയല്ല, അപ്പറത്തിക്ക് ചെല്ല്. ഞാൻ സമീറെനെ നോക്കിയതാ – അവനും ഗൗരവത്തിൽ പറഞ്ഞു. ഓ. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി. നീ പോടീ ചക്കപ്പോത്തേ – അവൻ വാതിലിന്റെ അടുത്ത് വന്നു വിളിച്ചു പറഞ്ഞു. എന്റെ വട്ടപ്പേര്. ഞാൻ ചിരിച്ചും, കോപം അഭിനയിച്ചും തിരിഞ്ഞു നോക്കിയപ്പോഴേയ്ക്കും അവൻ മുറ്റത്തെത്തിയിരുന്നു. തിരിഞ്ഞു നോക്കുമ്പോഴൊക്കെ അവൻ ചിരിയ്ക്കുന്നുമുണ്ടായിരുന്നു. അവനാരെയോ ഒന്ന് മുട്ടി. ഒന്ന് ചമ്മിയെങ്കിലും അയാളുടെ തലയുടെ മീതെ അവന്റെ നോട്ടം, നിറഞ്ഞ സന്തോഷമുള്ള ചിരിയും. ഞാൻ ശരിയാക്കിത്തരാം എന്നാംഗ്യം കാട്ടി. അപ്പോൾ ഇടതുവശത്തെ മുറിയുടെ വാതിലിൽ എന്നെ ചിരിച്ചുകൊണ്ട് നോക്കുന്ന സമീറയുടെ മുഖം കണ്ണിൽപ്പെട്ടു. ആക്കിയ ചിരി. ബാ, അവൾ കൈമാടി വിളിച്ചു. മുറിയിൽ രണ്ടു മൂന്ന് സ്ത്രീകളുണ്ടായിരുന്നു. ഒരു വയസ്സി കിടക്കയിൽ ചെരിഞ്ഞു കിടക്കുന്നുമുണ്ടായിരുന്നു. അവൾ എന്നെ ബാത്റൂമിലേയ്ക്ക് കയറ്റി. എന്നിട്ടു ഡോർ അടച്ചു. ഞാൻ എന്താ നീ കാണിയ്ക്കുന്നത് എന്ന് ആംഗ്യത്തിൽ ചോദിച്ചു. അവൾ ഒച്ചയുയർത്താതെ തിരിച്ചു ചോദിച്ചു – ഓൻ അന്നെ കിസ്സ് ചെയ്താ? കിസ്സോ, പിന്നെ! പോടീ! ഞാൻ അവളെ പതുക്കെ തള്ളി. പിന്നെ മൊലയ്ക്കു പിടിച്ചാ. ച്ഛേ, യ്യെന്തൊക്കേ പറീണത്? പിന്നെ എന്ത് ഒലക്കേ? ഞാൻ പറഞ്ഞു – ഒന്നുമുണ്ടായില്ല. അവനെന്നെ തൊട്ടതുപോലുമില്ല. ച്ഛേ, ഞാൻ പണിട്ത്തതൊക്കെ വെർതേ ആയാ? എന്ത് പണി, ഇനിയ്ക്കു തോന്നി, യ്യും ഓനും കൂടി പ്ലാൻ ചെയ്തതാണെന്ന് – ഞാൻ അത്ര ദേഷ്യമൊന്നും കാട്ടാതെ പറഞ്ഞു. ചെയർമാൻ പൊരുത്തപ്പെടണം. അവളെന്നെ കെട്ടിപിടിച്ചു എന്നിട്ടു കവിളിൽ മുത്തി. യ്യെന്താ ഈ കാട്ട്ണ്? ഞാനല്ലെടീ ചുംബിച്ചത്, അയ്യപ്പനാ, സാക്ഷാൽ അയ്യപ്പൻ. അവൾ പൊട്ടിച്ചിരിച്ചു.
Buy the book : – https://www.amazon.in/പൊറ്റാളിലെ-ഇടവഴികൾ-Pottalile-Itavazhikal-Malayalam/dp/B07TLW8L6Y/