Children of Time

എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്കാണ് ഇത്. സയൻസ് ഫിക്ഷനിൽ കുറെ കാലമായി ട്രെൻഡുകൾ നോക്കാത്തതുകൊണ്ട് എന്താണ് സംഭവിയ്ക്കുന്നത് എന്നൊരു ധാരണക്കുറവുണ്ടായിരുന്നു. ഫാന്റസിയാകട്ടെ സയൻസ് ഫിക്ഷനോടാണ് ഇപ്പോൾ വേഴ്ച. മാർത്ത വെൽസിന്റെ Bad Medicine എന്ന കഥ വായിച്ചപ്പോഴാണ് ഫാന്റസി ഹരം പെട്ടെന്ന് തലയ്ക്കു പിടിച്ചത് – അവരുടെ ഭാവനയുടെ ഉന്നതിയാണ് ഈ കഥ. അങ്ങനെ അത്യസാധാരണമായ പുസ്തകങ്ങൾ പലതും ഈയിടയ്ക്ക് കയ്യിൽ വന്നു ചേർന്നു, രണ്ടു വിഭാഗങ്ങളിലെയും ക്ലാസിക്കുകൾ വാങ്ങാനും തുടങ്ങി. പണ്ടേ ഈ genre-കളിൽ എഴുതണം എന്ന ആഗ്രഹവുമുണ്ട്. എന്നാൽ genre-കളിലെ അസാധാരമായ പുസ്തകങ്ങൾ എന്നെ അധീരനാക്കുന്നു എന്ന് പറയാം. അത്തരത്തിലൊന്നാണ് Adrian Tchaikovsky-യുടെ ചിൽഡ്രൻ ഓഫ് ടൈം സീരീസ്. സീരീസിലെ ആദ്യ പുസ്തകത്തിന്റെ കഥയിൽ നിന്ന് ഈ അസാധാരണ എഴുത്തുകാരന്റെ (കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി തുരുതുരാ ഹൈ ക്വളിറ്റി പുസ്തകങ്ങൾ (മാത്രം) എഴുതിത്തള്ളുകയാണ് ഇയാൾ, ഇതുവരെ ഒരു ഫ്ലോപ്പില്ല എന്നതുമാത്രമല്ല അയാളുടെ ഫാന്റസി പുസ്തകങ്ങൾ sci-fi-കളെ കടത്തിവെട്ടുന്നു എന്നതാണ്) റേഞ്ച് നിങ്ങൾക്ക് മനസ്സിലാകും. അതിഗൗരവക്കാരിയായ, ഒറ്റബുദ്ധിക്കാരിയായ കാൻ എന്ന ശാസ്ത്രജ്ഞ മനുഷ്യർക്ക് പകരം കുരങ്ങന്മാരെ വച്ച് ഒരു വിദൂരഗ്രഹത്തിൽ terraform (മനുഷ്യന് താമസിയ്ക്കാനായി മറ്റു ഗ്രഹങ്ങളെ ഒരുക്കുന്ന പ്രോസസ്) ചെയ്യാൻ ശ്രമിയ്ക്കുകയാണ് – സ്വാഭാവികമായും യാഥാസ്ഥിതികരായ ആളുകൾ അവർക്കെതിരെയാണ്. അവർ ആ ഗ്രഹത്തെയും അവരുടെ പ്രോട്ടോടൈപ്പുകളെയും ആക്രമിച്ചു നശിപ്പിയ്ക്കുന്നു. കാൻ രക്ഷപ്പെട്ട്, എഐ നിയന്ത്രിയ്ക്കുന്ന ഒരു പോഡിൽ ഫ്രോസൺ അവസ്ഥയിൽ യൂണിവേഴ്സിലൂടെ അലയുന്നു. എന്നാൽ അവർ വെറുതെ ഇരിയ്ക്കുന്നില്ല. അവർ ഒരു പ്ലാനറ്റ് കണ്ടു പിടിയ്ക്കുകയും അവിടെ ഈ എഐ വഴി തന്റെ പരീക്ഷണങ്ങൾ തുടരുകയും ചെയ്യുന്നു. ഭൂമിപോലെ മറ്റൊരു ഗ്രഹം. കാലക്രമേണ (നൂറ്റാണ്ടുകൾ) അവിടെ മനുഷ്യർ എത്തിച്ചേരുന്നു. എന്നാൽ ഗ്രഹത്തെ ചുറ്റുന്ന ഒരു ഷിപ്പ് അവരെ തടയുന്നു. എന്താണ് ഗ്രഹത്തിൽ വളരുന്ന ജീവികൾ? മനുഷ്യർ അയയ്ക്കുന്ന ഡ്രോണുകൾ ഒന്നും വെളിവാക്കുന്നില്ല (അവർ എങ്ങനെ അവിടെയെത്തുന്നു എന്നതുതന്നെ നല്ലൊരു ത്രെഡ് ആണ് – ഒരു വിദൂരഗ്രഹത്തിൽ നിന്ന് sos സിഗ്നലുകൾ വരുന്നു, സയന്റിസ്റ്റുകൾ അവ അനലൈസ് ചെയ്യുമ്പോൾ അത് മാത്തമറ്റിക്കൽ പ്രോബ്ലങ്ങളാണ് – സാധാരണ അഡിഷൻസ് തൊട്ടു ആൾജിബ്ര വരെയുള്ളത്, വൗ വാട്ട് എ സീൻ ഇറ്റ് വാസ്!). കാൻ ജീവനോടെയുണ്ടോ? അവർ മനുഷ്യരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിയ്ക്കാൻ നോക്കുന്നു, എന്നാൽ അവർ മനുഷ്യ രൂപത്തിലാണോ? ഇങ്ങനെയുള്ള സമസ്യകളാണ് ബാക്കി നോവലിൽ. കുരങ്ങന്മാരുടെ ബൗദ്ധിക വളർച്ച ത്വരിതഗതിയിലാകാൻ കാൻ ഒരു നാനോ വൈറസ് കൂടി ഉണ്ടാക്കിയിരുന്നു. എന്നാൽ ഇവല്യൂഷൻ നമ്മൾ കരുതുന്നപോലെയല്ലല്ലോ. കാൻ പോലുമറിയാതെ ആ ഗ്രഹത്തിൽ ഈ വൈറസ് കുടിയേറുന്നത് എട്ടുകാലികളിലാണ്. അവ തലമുറകളിലൂടെ അവയുടെ സ്വാഭാവികമായ കഴിവുകൾക്കൊപ്പം നാനോവൈറസ് കൊടുത്ത അത്യസാധാരണ കഴിവു‌കളും ചേർന്ന് തികച്ചും ഇന്റലിജന്റ് ആയ ഒരു സ്പീഷിസ് ആയിമാറുന്നു. ഉറുമ്പുകളാണ് ഈ ഗുണങ്ങൾ കിട്ടിയ മറ്റൊരു സ്പീഷിസ്. അവയും സ്പൈഡറ്റുകളും തമ്മിലാണ് പ്രധാന സംഘർഷം. അപ്പോഴാണ് മനുഷ്യരുടെ കടന്നു വരവ്. കാൻ അതിശക്തമായി ആഗതരെ എതിർക്കുന്നു. അവരുടെ തന്നെ വിചാരം ഗ്രഹത്തിലെ ജീവികൾ കുരങ്ങുകളാണ് എന്നാണ്, സത്യമറിയുമ്പോൾ അവർ പോലും അമ്പരന്നുപോകുന്നു. എട്ടുകാലികൾ അവർ വിചാരിയ്ക്കുന്ന നിലയിലേയ്ക്ക് വളരുമോ? അതാണ് നോവലിന്റെ ക്രക്സ്. അവരുടെ പരിണാമത്തിന്റെ കഥ അതിന്റെ എല്ലാ സങ്കീര്ണതകളോടും കൂടി വിശദമായി അവതരിപ്പിയ്ക്കുന്നതാണ് അത്യസാധാരണ insight/intelligence -ഓടുകൂടെ എഴുതപ്പെട്ട നോവലിന്റെ ഹൈലൈറ്റ്. പിന്നെ ഡോമിനേഷനുവേണ്ടിയുള്ള സംഘർഷം. exciting ആണ് ഈ പുസ്തകം. രണ്ടാമത്തെ പുസ്തകത്തിൽ മറ്റൊരു ക്രീച്ചറാണ് കേന്ദ്രത്തിൽ. അതെന്തെന്നു ഞാൻ പറയുന്നില്ല. എന്നാൽ സീരീസിലെ ഏറ്റവും ഉജ്ജ്വല പുസ്തകം മൂന്നാമത്തെയാണ് (സീരീസിലെ ട്വിസ്റ്റുകൾ ആണ് മറ്റൊരു ഹൈലൈറ്റ് – നമ്മൾ ഒരിയ്ക്കലും വിചാരിയ്ക്കാത്തവയാണ് അവ, മൈ ജോ ഡ്രോപ്പ്ഡ് മൾട്ടിപ്പിൾ ടൈംസ്). ഇവയെപ്പറ്റി ഒരു പോഡ്‌കാസ്റ് ചെയ്യണം എന്ന് കരുതുന്നു. ചയ്ക്കോവ്‌സ്‌ക്കി ഈ ജോണ്റയിലെ സിമനാണ് എന്നാണ് എന്റെ ഒരു വിചാരം. അയാളുടെ ഫാന്റസി സീരീസുകളെപ്പറ്റി ഞാൻ പിന്നെ എഴുതാം. ഇനി സുവോളജി, സൈക്കോളജിയും പഠിച്ച വക്കീലാണ് എഴുത്തുകാരൻ, അല്ലെങ്കിലും ലീഡിങ് സയൻസ് ഫിക്ഷൻ എഴുത്തുകാരോ അല്ലെങ്കിൽ പുതിയ ഫാന്റസി എഴുത്തകാരോ ഒന്നും തിയററ്റിക്കൽ ബാക് ഗ്രൗണ്ട് ഇല്ലാത്തവരല്ല. ഈ മേഖലയിൽ എഴുതണമെങ്കിൽ അത് വേണം. മലയാളത്തിൽ ക്രൈം എഴുതുന്നപോലെ എഴുതിയാൽ നടപ്പില്ലെന്നു ചുരുക്കം, മുന്നേ ഞാൻ വിഷയത്തിൽ എഴുതിയിരുന്നു. മനുഷ്യബുദ്ധിയുടെ വളർച്ചയുടെ അടയാളമാണ് ഈ ജോൺറകൾ (എഴുത്തുകാരന്റെ ബുദ്ധി എത്രയുണ്ടെന്ന് അയാളുടെ പുസ്തകത്തിൽ കാണാൻ കഴിയും). ഭാവി എവ്വിധമായിരിക്കും എന്ന് മനുഷ്യൻ തിങ്ക് ചെയ്യുമ്പോഴാണ് അവനു വളർച്ചയുണ്ടാകുന്നത്. അല്ലാതെ ഭൂതകാലത്തെ മനോരാജ്യതുല്യമായ ഭോഷ്ക്കുകളിൽ കൂടുകെട്ടിയിരിക്കുമ്പോഴല്ല. നമ്മുടെ നാട്ടിൽ ഈ മേഖലയിൽ ഇപ്പോഴും അനക്കമില്ലാതെ ഇരിയ്ക്കുന്നതിന് മറ്റൊരു കരണമില്ല.

2 thoughts on “Children of Time”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top