ഒരു സമയത്ത് പ്രിന്റ് പുസ്തകങ്ങൾ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിൽ തോന്നിച്ചിരുന്നു. ജ്യേഷ്ഠസഹോദരന്റെ, ബന്ധുക്കളുടെ, പിൽക്കാലത്ത് പരിചയത്തിലായ വലിയ വായനക്കാരുടെ എല്ലാം പുസ്തകസഞ്ചയങ്ങൾ കണ്ടായിരിയ്ക്കണം അതുപോലൊരു തോന്നൽ മനസ്സിലുറച്ചുപോയത്. എന്നാൽ, കാലക്രമേണ, ജോലിസ്ഥലങ്ങളും താമസവും മാറുന്നതിനനുസരിച്ച് വലിയൊരു കൂട്ടം പുസ്തകങ്ങൾ പോകുന്നിടത്തെല്ലാം കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായി മാറി. കൂടാതെ വായനാരീതികളിൽ വന്ന മാറ്റവും ഒരു പ്രധാന പരിഗണനയായി – ഇ റീഡർ (കിൻഡിൽ), ഓഡിയോ രൂപത്തിലുള്ള പുസ്തകങ്ങൾ – മാറുന്ന ജീവിത ശൈലിയ്ക്കനുസരിച്ചു വന്ന ഈ മാറ്റങ്ങൾ പ്രിന്റിൽ എല്ലാ പുസ്തകങ്ങളും ഉണ്ടാവുക എന്ന ആവശ്യത്തെ മാറ്റിമറിച്ചു. പ്രിന്റ് പുസ്തകങ്ങളുടെ സൂക്ഷിപ്പ് വലിയൊരു തലവേദനയാണ്. ഏറ്റവും വലിയ ശേഖരമുള്ളവന്റെ ഏറ്റവും വലിയ വ്യാധി എപ്പോഴും ആ പുസ്തകക്കൂട്ടമായിരിയ്ക്കും – അത് പലരും പൊതുവിടത്തിൽ സമ്മതിയ്ക്കുക പോലുമില്ല എന്നതാണ് രസം. പാൻഡെമിക് കാലത്താണ് പ്രധാനമായും ഈയുള്ളവൻ ഓഡിയോയിലേയ്ക്ക് തിരിഞ്ഞത്. പല ക്ളാസിക്കുകളും വീണ്ടും വായിച്ചത് ഓഡിയോയിലാണ്. വാർ ആൻഡ് പീസ്, ഡോൻകീഹോട്ടെ തുടങ്ങിയ നോവലുകൾ ഓഡിയോ ഉള്ളതുകൊണ്ട് മാത്രം വായിച്ച ആളുകളെ ഞാനറിയും. അടുത്ത കാലത്ത് കയർ ഓഡിയോയിൽ വന്നത് വൻ വിജയമായിരുന്നു. മറവിയിലാണ്ടു പോയിരുന്ന ഏണിപ്പടികൾ ഇടയ്ക്ക് പ്രശസ്തിയിലേക്കുയർന്നത്, ഈ ഫോർമാറ്റിൽ അത് പുനരവതരിച്ചപ്പോഴാണ്. അഥവാ, പുത്തൻ സാങ്കേതികത പുതിയ വായനക്കാരെ സൃഷ്ടിയ്ക്കുന്നുണ്ട്, ചെറിയ അളവിലെങ്കിലും (അവരിൽ പലരും സീരിയസ് വായനയിലേയ്ക്ക് മാറുന്നുമുണ്ട്). എന്നാൽ പ്രിന്റിന്റെ ഉടമസ്ഥത പോലെ ഒരു സംഗതി ഇതിലിലില്ല. പല ഇബുക്ക് സർവ്വീസുകളും ഓഡിയോ പുസ്തകങ്ങളും ഒരു നിശ്ചിത കാലത്തേയ്ക്കാണ് പലപ്പോഴും പുസ്തകങ്ങളുടെ അവകാശം വായനക്കാർക്ക് കൊടുക്കുന്നത്. ഒരു ദിവസം ആ സർവീസ് ഇല്ലാതായാൽ പുസ്തകങ്ങൾ പ്രവർത്തിയ്ക്കാതെയാകും. അതുപോലെ ഓഡിബിൾ പോലെയുള്ള സർവീസുകളിൽ അവരുടെ ആപ്പ് രെജിസ്റ്റർ ചെയ്ത കമ്പ്യൂട്ടറുകളിൽ മാത്രമേ പ്രവർത്തിയ്ക്കൂ എന്നതുണ്ട് (പുതിയൊരു മാക് ലാപ്ടോപ്പ് വാങ്ങിയപ്പോൾ എന്റെ പഴയ ഓഡിയോകൾ വർക്ക് ചെയ്യാതെയായി). ഓഡിബിളിൽ മാത്രമേ ഓഡിയോ ബുക്ക് ഡൌൺലോഡ് ചെയ്യാൻ സമ്മതിയ്ക്കുകയുള്ളു, സ്ക്രിബ്ഡ്, സ്റ്റോറിടെൽ തുടങ്ങിവ അതനുവദിയ്ക്കില്ല. ഈ സർവീസുകളിൽ ഇബുക്കുകളും ഡൗണ്ലോഡ് ചെയ്യുക വയ്യ. കിൻഡിലിൽ DRM ഉള്ള ഇബുക്കുകളാണ് ലഭിയ്ക്കുക. ഇവയിൽ പലതിനും മറ്റു പ്രതിവിധികളുണ്ട് – എന്നാൽ നമ്മൾ കൊടുക്കുന്ന പണത്തിനു ഉടമസ്ഥതയുമായി ബന്ധമില്ലെന്നത് പരിമിതി തന്നെയാണല്ലോ. എന്നാൽ മേൽപ്പറഞ്ഞ സ്റ്റോറേജ് ഒരു പ്രശ്നം തന്നെയാണ് – ഇപ്പോൾ പലരും ചെയ്യുന്നത് ആവശ്യമുള്ള പുസ്തകങ്ങൾ മാത്രം പ്രിന്റിൽ വാങ്ങുക എന്നതാണ്. ഓഡിയോയിൽ കേൾക്കുക, അല്ലെങ്കിൽ ഇബുക്ക് വായിയ്ക്കുക, എന്നാൽ സൂക്ഷിയ്ക്കേണ്ടത് പ്രിന്റിൽ വാങ്ങുക. അതൊരു നല്ല രീതിയാണ് എന്നാണ് അനുഭവം.
ഏറെക്കുറെ കുത്തകപോലെ തുടരുന്ന പെൻഗ്വിൻ ഉള്ളപ്പോഴും ഇന്ന് ലോകത്ത് ഏറ്റവും സുന്ദരമായ പുസ്തകങ്ങൾ ഇറക്കുന്നത് ചാർക്കോ പ്രെസ്, ഫിറ്റ്സ്കരാൾഡോ, കൊൽക്കൊത്തക്കാരായ സീഗൾ ബുക്ക്സ് തുടങ്ങിയ ഇൻഡി പബ്ലിഷേഴ്സാണ് എന്നാണ് ഞാൻ കരുതുന്നത്. ഫിറ്റ്സ്കരാൾഡോ ഉള്ളടക്കത്തിന്റെ കാര്യത്തിലും അദ്വിതീയരാണ്, ബുക്കറുകളും, നൊബേലുകളും അവരുടെ പുസ്തകങ്ങളെ സ്ഥിരമായി തിരഞ്ഞു വരുന്നു (അത്രയും മിടുക്കരായ എഡിറ്റോറിയൽ ടീം അവർക്കുണ്ടെന്നു സാരം). ചാർക്കോയും സീഗളും അസാധാരണ പുസ്തകങ്ങൾ പുറത്തെത്തിച്ചിട്ടുണ്ട് (സെലാനും ഇങ്ങെബോർഗ് ബാക്മാനും തമ്മിലുള്ള കത്തുകളുടെ പുസ്തകം സീഗൾ ഇറക്കിയത് അവരുടെ എഡിറ്റോറിയൽ ടീമിന്റെ മികവിന് ഉദാഹരണമാണ്). നോവെല്ല രൂപത്തിലുള്ള ചെറിയ പുസ്തകങ്ങളാണ് ചാർക്കോ ഇറക്കുന്നത് – കഴിഞ്ഞ വർഷം ഇന്റർനാഷണൽ ബുക്കറിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട Elena Knows ഓർക്കുക. ഫിറ്റ്സ്കരാൾഡോ കവറുകളിലെ ലാളിത്യം കൊണ്ടു കൂടിയാണ് ശ്രദ്ധ നേടുന്നത് – ഫിക്ഷൻ പുസ്തകങ്ങൾക്ക് നീലയും, നോൺ ഫിക്ഷൻ വർക്കുകൾക്ക് വെള്ളയും കവറുകൾ, ചിത്രങ്ങളോ മറ്റോ ഇല്ലാതെ. ഇവ അധികവും സൂക്ഷിച്ചു വയ്ക്കാനായി അച്ചടിച്ചതാണ് എന്നെനിയ്ക്കു തോന്നാറുണ്ട്. പെൻഗ്വിനും അടുത്തകാലത്തായി ക്ളാസിക്കുകൾ നല്ല ഡിസൈനോടെ റീപ്രിന്റ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ പെൻഗ്വിൻ ഇപ്പോഴും ഇന്ത്യയിൽ ഇറക്കുന്ന പുസ്തകങ്ങൾ വില കുറഞ്ഞ പേജുകളിലും ചെറിയ പ്രിന്റിലും മറ്റും വരുന്നത് പലപ്പോഴും അരോചകമായി അനുഭവപ്പെടാറുണ്ട്. അലമാരയിൽ വയ്ക്കാനല്ലാതെ വായിയ്ക്കാനായി അവ ഉപയോഗിയ്ക്കുക വയ്യ. ഹാർഡ് കവറുകളുടെയും പേപ്പർ ബാക്കുകളുടെയും അസാധാരണമായ വിലവർദ്ധനവും പ്രിന്റ് വാങ്ങുന്നതിൽ നിന്ന് ആളുകളെ തടയുന്നുണ്ട്. അത് ഈ റീഡറുകളിലേയ്ക്കും ഓഡിയോ സർവീസുകളിലേയ്ക്കും ആളുകളെ തിരിച്ചുവിടാൻ കൂടിയാണ് എന്ന് ചിന്തിയ്ക്കാറുണ്ട്. എന്നാൽ അത് ഫലത്തിൽ സ്വകാര്യ പുസ്തകസഞ്ചയങ്ങളുടെ വലിപ്പം കുറയാനാണു സഹായിയ്ക്കുക എന്നും തോന്നുന്നു. സൂക്ഷിയ്ക്കാനുദ്ദേശിയ്ക്കാത്ത പുസ്തകങ്ങൾ കൈമാറുന്നതും സെക്കന്റ് ഹാൻഡ് കടകളിൽ കൊടുക്കുന്നതും തീർച്ചയായും മറ്റു വായനക്കാരെ സഹായിയ്ക്കുമല്ലോ.
ഓഡിയോ കേൾക്കുവാൻ ഏറ്റവും നല്ല സൈറ്റുകളും applications ഉം ഏതാണ് ..? ഒന്ന് പറഞ്ഞു തരാമോ
Youtube has many free audiobooks, Spotify has many too, they recently launched some audiobooks in partnership with Seagull books – this, if you want free stuff. Otherwise I suggest you sign up for Storytel or Scribd, will cost around 2800/-, audible is also there but very expensive, in comaprison.
Thanks a lot brother