സയൻസ് ഫിക്ഷൻ കമ്പം

പണ്ട് പൂമ്പാറ്റയിലോ ബാലരമയിലോ ഒരു കഥ വന്നിരുന്നു. അലസനായ മരുമകനെ കാണാൻ വരുന്ന അമ്മാവൻ, അവന്റെ പഠിത്തത്തെപ്പറ്റിയുള്ള പെങ്ങളുടെ പരാതികൾ കേൾക്കുകയാണ്. അമ്മാവൻ സ്നേഹത്തോടെ പറയുന്നു. മോനെ ഈ ഗുളിക കഴിയ്ക്ക് (എനർജി കിട്ടാനോ മറ്റോ എന്ന് പറയുന്നു), പയ്യൻ അത് ചെയ്യുന്നു. പിന്നെ പയ്യൻ നേരെ പോയി കുളിയ്ക്കുന്നു. മുടി ചീകുന്നു. അമ്മ ചോദിയ്ക്കുകയാണ്, നിന്നോട് ആരുപറഞ്ഞു ഇപ്പോൾ കുളിയ്ക്കാൻ? മകൻ ഒന്നും പറയാതെ ഇരുന്നു പഠിയ്ക്കാൻ തുടങ്ങുന്നു. ഇങ്ങനെ അൽപ്പനേരം കൊണ്ട് പയ്യൻ മൊത്തം ഡിസിപ്ലിൻഡ് ആകുന്നു. അവസാനം അമ്മാവൻ തന്റെ “കമ്പ്യൂട്ടറിൽ” (?) ഒരു ബട്ടൺ പ്രസ് ചെയ്യുമ്പോഴാണ് ചെറുക്കൻ ഈ ഒരു നിലയിൽ നിന്ന് പുറത്തു വരുന്നത്. അതുപോലെ യുറീക്കയിൽ വന്ന ഒരു ചിത്രകഥയിൽ, ഒരു പയ്യന് കാണാൻ അവന്റെ പോലെ തന്നെയുള്ള ഒരു റോബോട്ടിനെ കിട്ടുന്നു. അവനു പകരം അത് സ് കൂളിൽ അവനു പ്രയാസമേറിയ മാത്‍സ് ക് ളാസ്സിലിരിയ്ക്കുന്നു, പൂന്തോട്ടത്തിൽ പരാതിയില്ലാതെ പണി ചെയ്യുന്നു (കൊച്ചന് അച്ഛനുമമ്മയും ഇല്ലാത്തതുകൊണ്ട് അവരെ കാണണം എന്ന് വാശിയൊന്നും കാണിയ്ക്കില്ലെന്ന് അമ്മൂമ്മ). ഒരു പ്രാവശ്യം ഒരു വണ്ടി ഇടിച്ചപ്പോൾ തവിടുപൊടിയായ പയ്യൻ നൊടിയിടയിൽ റീ അസംബിൾ ആവുന്നു. ടെർമിനേറ്റർ പടം വരുന്നതിനും മുന്നെയാണ് ഈ കഥ (എന്ന് തോന്നുന്നു). ചെറിയ കുട്ടി ആയപ്പോൾ ഭയങ്കര ത്രില്ലായിരുന്നു എന്ന് പറയേണ്ടല്ലോ. മറ്റൊരു ചിത്രകഥയിൽ, കുട്ടികളില്ലാത്ത ഒരു അമ്മയ്ക്കും അച്ഛനും ഒരു കുഞ്ഞിനെ കിട്ടുന്നു. അവന്റെ കഴുത്തിൽ ഒരു മാലയുണ്ട്. അതിന്റെ ലോക്കറ്റ് രാത്രികളിൽ തിളങ്ങും. ചില രാത്രികളിൽ കുഞ്ഞ് ആകാശത്തേയ്ക്ക് നോക്കിയിരിയ്ക്കും. അവൻ ഏതോ പ്ലാനെറ്റിൽ നിന്ന് വന്നതായിരിയ്ക്കണം. കുഞ്ഞു കാണുന്നവരോടൊക്കെ ചോദിയ്ക്കുന്നു. എന്താണ് സ്നേഹം? നാട്ടിൻപുറത്തുകാർ അവരവരുടെ വിശദീകരണം അവന് കൊടുക്കുന്നു. അവൻ അവന്റേതായ ഒരു ഉത്തരം കണ്ടെത്തുന്നു. പരിഷത്തിന്റെ ശാസ്ത്രഗതി എന്നൊരു മാസിക കൂടെയുണ്ടായിരുന്നു, മുതിർന്ന കുട്ടികൾക്കായി. എന്നാൽ അത് പഠിയ്ക്കുന്ന കാലത്ത് ദുർഗ്രഹമായിരുന്നു. പിന്നീട് വായിയ്ക്കുകയുണ്ടായിട്ടില്ല. അത്ഭുതവാനരന്മാർ, അത്ഭുതനീരാളി തുടങ്ങിയ നോവലുകൾ എല്ലാം വേറെയുമുണ്ടായിരുന്നു. ഇതൊക്കെ വായിച്ചു വളർന്ന തലമുറ ഇവിടെ സയൻസ് ഫിക്ഷൻ തരംഗം ഉണ്ടാക്കിയോ എന്നൊരു ചോദ്യം ഇപ്പോഴും എന്നിൽ ബാക്കിയാണ് (ഈ ചോദ്യത്തിലേയ്ക്ക് മടങ്ങിവരാം). ദൂരദർശനിൽ സിഗ്മ എന്നൊരു പരമ്പര ഉണ്ടായിരുന്നു(സ്റ്റാർട്രക്/സ്റ്റാർവാർസ് അനുകരണം എന്നൊക്കെ പറയാം). പിന്നീട് ഇംഗ്ളീഷ് സിനിമകളിലും അതിനുശേഷം ജോലിസ്ഥലത്ത് ഞാനെത്തി ചേർന്ന വെള്ളക്കാരടക്കമുള്ള കൂട്ടത്തിലും വച്ചാണ് അഡൽറ്റ് sci-fi ലോകത്തേയ്ക്ക് എനിയ്ക്ക് പ്രവേശനം കിട്ടുന്നത്. അതിനുമുന്നെ എന്റെ കുഗ്രാമത്തിലോ പരിസരത്തോ അതിനൊരു സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നും മേൽപ്പറഞ്ഞ കഥകൾ എനിയ്ക്കോർമ്മയുണ്ട്. എന്റെ നൊസ്റ്റാൾജിയ ഇമ്മാതിരി സംഗതികളാണ്.

sci-fi-യിലെ ചൈനീസ് തരംഗത്തെപ്പറ്റി ഞാൻ മുന്നെ റീഡേഴ്സ് സർക്കിളിൽ എഴുതിയിരുന്നു (https://melethilwrites.com/2018/10/11/സയൻസ്-ഫിക്ഷനിൽ-ചൈനാതരംഗം/). അന്നത്തെപ്പോലെ തന്നെയാണ് ഇന്നും. പുരാണങ്ങളെ ചുറ്റിപ്പറ്റി എളുപ്പത്തിൽ കഥയെഴുതുക എന്ന ഒരു ട്രിക്കാണ് നമ്മുടെ മെയിൻ സ്ട്രീം എഴുത്തുകാരൊക്കെ ഇന്നും ചെയ്യുന്നത്. റൈറ്റ് വിങ് കുത്തകയുമാണ് ഈ മേഖലയിൽ. എന്റെ കുറിപ്പിൽ പറയുന്ന പോലെ, സിക്സിൻ ലിയു, കെൻ ലിയു, റ്റെഡ് ചിയാങ് പോലെയുള്ള എഴുത്തുകാർ ചൈനീസ് sci-fi-യെ ഒരു സൂപ്പർപവർ ആക്കി മാറ്റി. സിക്സിൻ പറയുന്ന ഒരു കാര്യം കൂടിയുണ്ട് – ചൈനക്കാർ പാസ്റ്റിനെപ്പറ്റി ചിന്തിയ്ക്കുന്ന ആളുകളായിരുന്നു. പാരമ്പര്യം പോലെയുള്ള സംഗതികൾ. തൊണ്ണൂറ് -രണ്ടായിരങ്ങളിൽ അവർ ഭാവിയെപ്പറ്റി ചിന്തിയ്ക്കാൻ തുടങ്ങി, സ്വയം അങ്ങനെ ഒരു ജനതയായി അവർ മാറി (നമുക്ക് ഇപ്പോഴും കഴിയാത്ത സംഗതി). സർക്കാരും ഇത് പ്രോത്സാഹിപ്പിയ്ക്കാൻ തുടങ്ങി. ചൈന അയൽക്കാരോട് കാണിയ്ക്കുന്ന വല്യേട്ടൻ മനോഭാവം ഈ മേഖലയിലേക്കും കടന്നുവന്നു എന്നും പറയാം. എന്നാൽ ഇംഗ്ളീഷിൽ അത്യുജ്ജ്വലമായ sci-fi, ഫാന്റസി പുസ്തകങ്ങളുണ്ട്. ചൈനക്കാരുടെ ഏതെങ്കിലും പുസ്തകങ്ങൾ ടോപ് പത്തിൽ ഇപ്പോഴുമുണ്ടെന്നു ഞാൻ കരുതുന്നില്ല. Dune (Chalamet അഭിനയിച്ച) സിനിമയായി വന്നതുകൊണ്ട് പലരും കണ്ടുകാണും. ഇന്നും ഏതു ടോപ് scifi ലിസ്റ്റ് എടുത്താലും ഈ പുസ്തകം ആദ്യ അഞ്ചിൽ കാണും. ഒരു തലമുറയുടെ മൊത്തം ഭാവനയെ ഉണർത്തിയ പുസ്തകമാണ് അത് (അതിനു ശേഷം വന്ന ആ സീരീസിലെ പുസ്തകങ്ങളും). എൻഡേർസ് ഗെയിം ആണ് ഞാൻ ബാംഗ്ളൂർ എത്തിയ കാലത്ത് ഒരു വിദേശി സുഹൃത്ത് പരിചയപ്പെടുത്തിയത് കൊണ്ട് ഞാൻ വായിച്ച ആദ്യ scifi സീരീസ് (Asa Butterfield അഭിനയിച്ച സിനിമ മൂന്നാം ബുക്കിലെ എൻഡിങ് ആണ് അതിന്റെ എൻഡിങ് ആയി കാണിയ്ക്കുന്നത്, ദാറ്റ് കിൽഡ് ദ ഫൺ). അതും ടോപ് അഞ്ചിൽ ഇപ്പോഴും കാണാവുന്ന പുസ്തകമാണ്. ഫിലിപ്പ് കെ ഡിക്ക്, അസിമൊവ് തുടങ്ങിയ പ്രഗത്ഭരൊക്കെയുള്ള ലിസ്റ്റിൽ ക്രൈം എഴുതിയതിന്റെ പേരിൽ അറിയപ്പെടുന്ന Iain Banks (whit, crow road, dead air തുടങ്ങി ബുക്ക് ചോറിൽ ഒരു കാലത്ത് ഇയാളുടെ പുസ്തകങ്ങളുടെ ചാകരയായിരുന്നു) ടോപ് പത്തിൽ പല ലിസ്റ്റിലും കണ്ടു എന്നതാണ് ഞാൻ അത്ഭുതപ്പെട്ട ഒരു കാര്യം ( Iain M Banks എന്ന് പേര് മാറ്റിയിട്ടുണ്ട്). Arrival എന്ന സിനിമ കണ്ടവരുണ്ടാകും. ആ കഥ വായിച്ചു ആദ്യം ഒന്നും മനസ്സിലായിരുന്നില്ല. എന്നാൽ നായികയ്ക്ക് ഭാവി കാണാൻ കഴിയുന്നു എന്നതാണ് ആ കഥയുടെ സാരം എന്ന് പിന്നീടറിഞ്ഞു. സിനിമ ഉജ്ജലമാണ്. റ്റെഡ് ചിയാങ്ങിന്റെ കഥയും. നെറ്റ്ഫ്ലിക്സിൽ സിക്സിൻ ലിയുവിന്റെ വാൻഡറിങ് എർത് എന്ന നോവലിന്റെ സിനിമാരൂപം ഉണ്ട്, അതേപേരിൽ തന്നെ. നോവലിൽ സൂര്യൻ അണഞ്ഞുപോവുമ്പോൾ ഭൂമിയെ പ്രൊപ്പല്ലറുകളുടെ സഹായത്തോടെ മറ്റൊരു ഗാലക്സിയിലേയ്ക്ക് മനുഷ്യർ കൊണ്ട് പോവുന്നതാണ് കഥ. അതിൽ ശനിയുടെ വലയങ്ങൾ കടന്ന് മനുഷ്യർ പോവുന്ന രംഗം വിവരിയ്ക്കുന്നതിന്റെ ഭംഗിയെപ്പറ്റി അന്ന് ഫെയ് സ്ബുക്കിൽ എഴുതിയിരുന്നു. സിക്സിൻ സയൻസ് എഴുതാൻ മിടുക്കനാണ്. പക്ഷെ characters കാർഡ്ബോർഡ് പരുവമായിരിക്കും. റ്റെഡ് ചിയാങ്, കെൻ ലിയു എന്നിവർക്ക് ഫാന്റസിയിലാണ് കമ്പം. ആ മേഖലയിലെങ്കിലും നമ്മുടെ ഇതിഹാസങ്ങൾ ഒക്കെ ആലോചിയ്ക്കുമ്പോൾ ഇന്ത്യൻസിനും ഒരു കൈ നോക്കാൻ കഴിയേണ്ടതാണ്.

എന്നാൽ പുരാണം സ്പിൻ ഓഫ് ചെയ്യുക എന്ന ട്രിക്കാണ് ഇപ്പോഴും ഇവിടെ. ഫിലോസഫിക്കൽ ആയി ചമഞ്ഞാലേ ഇവിടെ വിലയുള്ളൂ എന്ന് നാട്യക്കാരായ മലയാളികൾക്ക് വരെ അറിയാം. ഹാർഡ് കോർ സയൻസ് ഫിക്ഷൻ ഒക്കെ എഴുതാൻ ആ മേഖലയിൽ കലശലായ അറിവ് വേണം, അദ്ധ്വാനവും ഏറെ. എന്നാൽ, ക്രൈം ഫിക്ഷൻ ദിനേന ഇറങ്ങുന്ന മലയാളത്തിൽ, ഏറ്റവും അഭ്യസ്തവിദ്യരുണ്ടെന്നു പറയുന്ന കേരളത്തിൽ എന്താണ് ആളുകൾ ഈ മേഖലയിൽ കൈ വയ്ക്കാൻ മടിയ്ക്കുന്നത്? കെവി പ്രവീൺ ഒക്കെ കുറച്ചു കാലം ശ്രമിച്ചിരുന്നു. പക്ഷെ അയാളുടെ പല കഥകളും അമേരിക്കൻ കഥകളുടെയും സീരീസുകളുടെയും ചുവടുപിടിച്ചായിരുന്നു. അതിലെ മലയാളി ട്രോപ്പുകൾ കഥകളെ പിന്നോട്ടടിച്ചു(ഇതാണ് ഞാൻ പറഞ്ഞ പ്രശ്നം, ഈ ട്രോപുകൾ ഇല്ലാതെ ഇവിടെ എഴുതാൻ പറ്റില്ല എന്നൊരു അവസ്ഥ ഉണ്ടോ?). അടുത്ത കാലത്ത് ഒരു സയൻസ് ഫിക്ഷൻ നോവൽ എടുത്തപ്പോൾ അതിന്റെ ആദ്യത്തിൽ മൃതുഞ്ജയ മന്ത്രം എഴുതിയിരിയ്ക്കുന്നു. കാർലോ റോവല്ലി നാഗരാജുനനെ മെൻഷൻ ചെയ്തത് കൊണ്ട് ഇന്ത്യൻ റൈറ്റ് വിംഗ് അയാളെ ട്വിറ്ററിൽ സെലിബ്രേറ്റ് ചെയ്യുകയും, അത് മനസ്സിലാവാതെ റോവല്ലി റീട്വീറ്റ് ചെയ്യുകയും ചെയ്തത് ഓർമ്മ വന്നു. ചാണകത്തിൽ പ്ലൂട്ടോണിയം എന്നൊക്കെ കണ്ടാൽ റോവല്ലി സയൻസ് തന്നെ വേണ്ടെന്നു വയ്ക്കാനും സാധ്യതയുണ്ടായിരുന്നു. ഏതായാലും കഴിഞ്ഞ വർഷം മക്കാർത്തിയുടെ സ്റ്റെല്ല മാരിസ് വായിച്ചപ്പോൾ തുടങ്ങിയ സയൻസ് കമ്പം ഇപ്പോഴും തുടരുകയാണ്. ലിറ്റററി ഫിക്ഷൻ നോക്കാതെ ആയി എന്ന് തന്നെ പറയാം. വായന എങ്ങോട്ടൊക്കെയാണ് പോകുന്നത് എന്നൊരു അത്ഭുതം ഇപ്പോഴുണ്ട്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top