എഴുത്തുകാരനും ഞാനും.

ചില എഴുത്തുകാര്ക്ക് സെൻസ് ഓഫ് അകംപ്ലിഷ്മെന്റ് (എഴുതിയ പുസ്തകംകൊണ്ട് എന്തെങ്കിലും നേടി എന്ന ചിന്ത) എഴുത്തിൽ സർവ്വപ്രധാനമാണ് എന്നെനിയ്ക്ക് തോന്നുന്നു. ക്നോസ്‌ഗാർഡിന്റെ “മൈ സ്ട്രഗിൾ : ബുക്ക് 5 (“Some Rain Must Fall”)” എന്ന പുസ്തകം അയാൾ യാൻ ഫൊസെയുടെ (Jon Fosse) കീഴിൽ ക്രീയേറ്റീവ് റൈറ്റിംഗ് പഠിച്ചതും അയാളുടെ പ്രേമബന്ധങ്ങളും ആദ്യ രണ്ടു പുസ്തകങ്ങളുടെ എഴുത്തും എല്ലാം തൊട്ടു പോവുന്ന ഒന്നാണ്. ഈ നോവൽ ഇക്കൊല്ലം രണ്ടാമതും വായിയ്ക്കാനെടുത്തപ്പോൾ അതെന്തിനാണ് ശരിയ്ക്കും വായിയ്ക്കുന്നതെന്നു ഞാൻ ആലോചിച്ചിരുന്നു (അനവധി പുസ്തകങ്ങൾ വായിയ്ക്കാൻ കിടക്കുന്നു). ഒന്നാമതായി ഫോസെയുടെ പുസ്തകങ്ങൾ ഞാനിപ്പോൾ വായിയ്ക്കുന്നതു കൊണ്ട് തന്നെ. ക്നോസ്‌ഗാർഡ് ഫോസെയെപ്പറ്റി എന്താണ് വിചാരിയ്ക്കുന്നത് എന്ന് വീണ്ടും വായിയ്ക്കാനുള്ള താൽപര്യം ഉണ്ടായിരുന്നു. ക്നോസ്‌ഗാർഡിന്റെ ഭാഷയുടെ ശക്തി തെളിയുക അയാൾ ഇത്തരം സംഗതികൾ കൈകാര്യം ചെയ്യുമ്പോഴാണ് (എഴുത്തുകാരെ/പുസ്തകങ്ങളെപ്പറ്റി പറയുമ്പോഴാണ്) അഥവാ, അയാളുടെ ഗദ്യഭാഷ ശക്തമാണ് (ക്‌നോസ്ഗാർഡിനോട് ആദ്യകാലത്തു എല്ലാവരും പറയുന്നതും ഗദ്യത്തിൽ ശ്രദ്ധിയ്ക്കാനാണ്, Munch-നേപ്പറ്റിയുള്ള അയാളുടെ പുസ്തകം ഉജ്ജ്വലമാണ്). എംടി പോലുള്ള നമ്മുടെ ബിഗ് ടൈം എഴുത്തുകാർ ഗദ്യത്തിൽ ശോഭിച്ചവരാണ്. ഗദ്യഭാഷ നന്നാക്കണം എന്നെന്നോട് ഒരു സുഹൃത്ത് എപ്പോഴും പറയാറുണ്ട്. എന്നാൽ ഏതു തരം എഴുത്തിനും വായനയും ചിന്തയും മാത്രം പോരാ, ഭാഷയും തെളിയണം, അതും എഴുതിത്തന്നെ. അതൊരു ലോങ്ങ് പ്രോസസ്സ് ആണ്. ക്ഷമയാണ് മുഖ്യം. ആനന്ദും വിജയനും എല്ലാം ഭാഷ ഡെവലപ്പ് ചെയ്യാൻ എത്രകാലം എടുത്തു എന്ന് കൃത്യമായി നമുക്ക് പറയുക വയ്യ. എന്നാൽ രണ്ടാളുടെയും ഭാഷയ്ക്ക് മലയാളത്തിൽ unique ആയ ഇടമുണ്ട്. ക്നോസ്‌ഗാർഡിന്റെ ഭാഷ ലളിതമാണ്. യാതൊരു തടസ്സവുമില്ലാതെ മനസ്സിൽവരുന്നത് ഒരാളെഴുതുന്നു എന്ന് അയാളെ വായിയ്ക്കുമ്പോൾ നമുക്ക് തോന്നും. എന്നാൽ അയാൾ സ്വന്തം എഴുത്തിനെ സദാ താഴ്ത്തിക്കെട്ടുന്നത് ഈ നോവൽ സീരീസിൽ എപ്പോഴും കാണാം. പക്ഷെ അയാൾ തന്റെ ആദ്യനോവലിന്റെയോ രണ്ടാം നോവലിന്റെയോ ഭാഗങ്ങൾ എടുത്തെഴുതിയതു വായിയ്ക്കുമ്പോൾ വായനക്കാർക്കങ്ങനെയല്ല തോന്നുക. ഇതാണ് ഞാൻ പറഞ്ഞ പോയിന്റ്. അയാൾ സദാ താൻ മറ്റൊരു ലെവലിൽ എഴുതേണ്ട ആളാണെന്നാണ് കരുതുന്നത് – എഴുതിക്കഴിഞ്ഞത് പോരാ, അതിൽ എന്തെങ്കിലും ഒരു തൃപ്തി കണ്ടെത്താൻ അയാൾക്ക് കഴിയുന്നില്ല. അതാണ് അയാളുടെ സ്വയം വിമർശനത്തിന്റെ കാതൽ. സത്യത്തിൽ എഴുത്തിൽ മറ്റുള്ളവരുടെ അംഗീകാരമല്ല, തന്റെ തന്നെ അംഗീകാരമാണ് വലുതെന്ന് എനിയ്ക്കു തോന്നുന്നു അഥവാ, നിങ്ങൾ അങ്ങനെ കടുത്ത വിമർശനം സ്വയം നടത്തുന്ന ആളാണെങ്കിൽ (അല്ലാതെയുള്ളവരാണ് കൂടുതൽ, നമ്മുടെ ചുറ്റും). ഇതാണ് പറഞ്ഞു വന്ന കാര്യം – എന്താണ് ഞാൻ ഈ പുസ്തകം വായിയ്ക്കാനുള്ള കാരണം? എനിയ്ക്ക് എഴുത്തിൽ സെൻസ് ഓഫ് അകംപ്ലിഷ്മെന്റ് ഇല്ല എന്നത് തന്നെ.

ക്‌നോസ്ഗാർഡ് ചെറുകഥകളെഴുതുന്നു പരാജയപ്പെടുന്നു. അയാൾക്ക് ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സിൽ കവിതകൾ വഴങ്ങുന്നില്ല. അധ്യാപകനായ, മുപ്പതുകളിൽ മാത്രം പ്രായമുള്ള, ഫൊസെയ്ക്കു അത് വഴങ്ങുന്നു, കൂടെ പഠിയ്ക്കുന്ന ആർക്കും ഈ പ്രശ്നമില്ല (ഒന്ന് രണ്ടു പേർ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരാണ് താനും). ക്‌നോസ്ഗാർഡ് കോഴ്സ് ചെയ്യുമ്പോൾ കേവലം 19-കാരനാണ് എന്നതുണ്ട്(അത് ആ കോഴ്‌സിന് ചെറുപ്രായമാണ് എന്ന് ആളുകൾ അയാളോട് പറയുന്നുമുണ്ട്), അതൊരു എസ്ക്യൂസ്‌ ആയിപ്പോലും അയാൾക്ക്‌ തോന്നുന്നില്ല. ഫൊസ്സേ കവിതയിൽ നിന്നാണ് നോവലുകളിലേയ്ക്ക് വരുന്നത്. ക്‌നോസ്ഗാർഡ് കവിതകൾ വായിച്ചു മനസ്സിലാക്കുന്നതിലും കവിതാ അസൈന്മെന്റുകൾ എഴുതുന്നതിലും അമ്പേ പരാജയമായിരുന്നു. ഒരു അസൈൻമെന്റ് ക്‌നോസ്ഗാർഡ് പൂർത്തിയാക്കുന്നത് തൊട്ടടുത്തിരിയ്ക്കുന്ന വിദ്യാർത്ഥിയുടെ എഴുത്തു കോപ്പിയടിച്ചാണ്. പിൽക്കാലത്ത് തന്നെക്കാളും നാലു വയസ്സുകുറവുള്ള (20) ഒരു എഴുത്തുകാരൻ നോവൽ പബ്ലിഷ് ചെയ്തതു കണ്ട് അയാളുടെ ആത്‌മനിന്ദ പരകോടിയിലെത്തുന്നുണ്ട് (Tore Renberg എന്ന എഴുത്തുകാരനാണ് ഇത്, അയാളുടെ See You Tomorrow എന്ന പുസ്തകമേ ഇംഗ്ലീഷിൽ വന്നിട്ടുള്ളൂ, കയ്യിലുണ്ട്, വായിച്ചിട്ടില്ല ). ആദ്യനോവൽ വന്ന് ആറുകൊല്ലത്തിനുശേഷവും അയാൾക്ക് മറ്റൊന്ന് എഴുതാനാകുന്നില്ല. അതിനിടയിൽ അയാൾ ഒരു ഓയിൽ റിഗിൽ, മാനസികാരോഗ്യകേന്ദ്രത്തിൽ, ഒരു കൃഷിയിടത്തിൽ എല്ലാം ജോലി ചെയ്യുന്നുണ്ട്, ഇടവേളകളിൽ എഴുതാനായി ഇംഗ്ലണ്ടിലും ഒരൊറ്റപ്പെട്ട ദ്വീപിലും എല്ലാം പോകുന്നു. രണ്ടു സ്ത്രീകളുമായുള്ള ബന്ധം ഉപേക്ഷിയ്ക്കുന്നു (രണ്ടിലും അവിഹിതത്തിന്റെ guilt ആണ് കാരണം, പലപ്പോഴും ഇത്തരം ചെയ്തികളിലേയ്ക്ക് അയാളെ നയിയ്ക്കുന്ന മദ്യലഹരിയിലാണ് അയാളുടെ ഏറിയ പങ്കു ജീവിതവും – “എന്റെയുള്ളിൽ ഒരു അഗാധ ഗർത്തം രൂപം കൊണ്ടു” എന്ന് ആദ്യപുസ്തകത്തിലെ അയാൾ പറയുന്നതോർക്കുക). എഴുത്തുമാത്രം വരുന്നില്ല. എഴുതിയതിൽ തൃപ്തിയുമില്ല. അയാളുടെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല (അടുത്ത മാർച്ചിൽ വരുമെന്ന് കേൾക്കുന്നു) – അതുവരുമ്പോൾ വായിയ്ക്കണം എന്നുണ്ട്, ഗുണത്തേക്കാൾ ദോഷമറിയാനാണെന്നു മാത്രം. നമ്മുടെ പല നല്ല നോവലിസ്റ്റുകളും, വിജയനടക്കം (സേതു, കുഞ്ഞബ്ദുള്ള ഒക്കെ തൊട്ടു സിവി ബാലകൃഷ്ണൻ വരെ), തങ്ങളുടെ ആദ്യ നോവലുകൾക്കു കിടപിടിയ്ക്കുന്ന ഒന്നും പിന്നെ എഴുതിയിട്ടില്ല എന്നോർക്കുക. വിദേശികൾ പൊതുവെ നേരെ തിരിച്ചാണ്. ഇപ്പോൾ അരുന്ധതി റോയിയുടെ തന്നെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്-ൽ വേർഡ് പ്ലേ കൂടുതൽ ആണെന്ന് തോന്നുന്നുണ്ട്. അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് ആദ്യപുസ്തകത്തെക്കാളും മികച്ചതായി തോന്നുന്നു. അനീസ് സലിം എഴുതിയ സ്മാൾ ടൌൺ സീ അയാളുടെ മുന്നേയുള്ള നോവലുകളെക്കാൾ മികച്ചതായാണ് എനിയ്ക്കു തോന്നിയത്. ക്‌നോസ്ഗാർഡിന്റെ പുതിയ നോവൽ “Morgenstjernen” (“മോർണിംഗ് സ്റ്റാർ”, അവിടത്തെ പ്രധാന പത്രത്തിന്റെയും പേരാണ്, അതിൽ എഴുത്തുകാരനും സുഹൃത്തുക്കളും റിവ്യൂകളും മറ്റും എഴുതുന്നതായി “മൈ സ്ട്രഗിൾ ബുക്ക് 5”-ൽ ഉണ്ട് ) ശക്തമായ പ്രതികരണമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത് – ഒരു കൂട്ടം അതിനെ ഹാഫ് ബെയ്ക്ക്ഡ് എന്ന് വിളിയ്ക്കുമ്പോൾ ബാക്കിയുള്ളവർ ഫൈവ് സ്റ്റാർ റിവ്യൂകളാണ് എഴുതുന്നത്. അയാളുടെ സീസൺ സീരീസ് വായിച്ചിട്ടുള്ളവർക്കു ഇതിൽ അത്ഭുതം തോന്നാനിടയില്ല. നല്ല ആശയങ്ങളെ അവതരിപ്പിയ്ക്കാനും ചിലപ്പോൾ അവതരിപ്പിച്ചു നശിപ്പിയ്ക്കാനും അയാൾക്ക്‌ കഴിയും (Time for Everything നോക്കുക). എന്നാൽ എഴുത്തുകാരൻ അയാളുടെ പീക്ക് എത്തിയിട്ടില്ല എന്നാണ് ഞാൻ കണക്കാക്കുന്നത്. അതുകൊണ്ട് ഇപ്പോഴും ഞാൻ പ്രതീക്ഷയോടെ ഇരിയ്ക്കുന്നു.

മറ്റൊരു കാരണം അയാൾ എഴുത്തുകാരുടെ എഴുത്തുകാരൻ ആണെന്നതാണ്. അയാളുടെ ആദ്യ നോവലിന്റെ ഭാഗങ്ങൾ ഈ പുസ്തകത്തിൽ വായിയ്ക്കുമ്പോൾ അയാളുടെ ഉജ്ജ്വലമായ നിരീക്ഷണപാടവം, ലളിതമായ ഭാഷയിൽ, ആഖ്യാനത്തിൽ ഏച്ചുകെട്ടലില്ലാതെ കടന്നു പോകുന്നു. പുസ്തകം വായിയ്ക്കുമ്പോൾ പലപ്പോഴും ഞാൻ വികാരാധീനനായി. ഒരിയ്ക്കലും എന്റെ രണ്ടു നോവലുകളെപ്പറ്റിയും ഞാനോർക്കാറില്ല. പണ്ടെങ്ങോ നടന്ന ഒരു സംഗതിയായാണ് അവയെനിയ്ക്കനുഭവപ്പെടുന്നത്. അതിനെപ്പറ്റിയാണ് ഞാൻ മേലെ പറഞ്ഞത്. അങ്ങനെയൊരു തോന്നൽ വന്നാൽ നമ്മുടെ ബുദ്ധി വികാരത്തെ മറികടന്നു നിൽക്കും. അതുകൊണ്ടുള്ള ഗുണം മറ്റുള്ളവർ പറയുന്നത് നമ്മൾ പിന്നെ കാര്യമായെടുക്കില്ല എന്നതാണ്. എന്നാൽ അപ്പോഴും ഉള്ളിൽ എവിടെയോ അതിനെപ്പറ്റിയുള്ള വികാരങ്ങൾ ഉണ്ട് താനും.

“അപ്പോഴും ഞാൻ ഒരു നാട്യക്കാരൻ ആണെന്ന് എനിയ്ക്കു തോന്നിയിരുന്നു, മറ്റാർക്കും ഉണ്ടാവാത്ത, മറ്റാരുമറിയാൻ പാടില്ലാത്ത ചിന്തകൾ കൊണ്ട് നടക്കുന്ന ഒരാളായി. അവയിൽ തെളിഞ്ഞുവരുന്നതും ഞാൻ തന്നെ. അതായിരുന്നു ശരിയ്ക്കും ഞാൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മറ്റുള്ളവർക്ക് അറിയാത്ത, മറ്റുള്ളവരോട് പങ്കുവയ്ക്കാനരുതാത്ത ആ സംഗതി. അപ്പോഴനുഭവപ്പെടുന്ന ഏകാന്തതയോ, അതെന്നും ഞാൻ പിടിവിട്ടുപോവാതെ കൊണ്ടുനടക്കേണ്ട ഒന്നായിരുന്നു, അതുമാത്രമായിരുന്നു എന്റെതായുണ്ടായിരുന്നത്. അത് എന്റെയൊപ്പം ഉണ്ടായിരുന്ന കാലമത്രയും ആർക്കും എന്നെ ഒന്നും ചെയ്യാനാകുമായിരുന്നില്ല, അവരുടെ അക്രമമൊക്കെ അനുഭവിച്ചത് മറ്റൊരുവനായിരുന്നു. എന്റെയാ ഏകാന്തതയെ മറ്റാർക്കും എന്നിൽ നിന്നും എടുത്തുമാറ്റാനാകുമായിരുന്നില്ല. ലോകം ഞാൻ കടന്നുകൂടിയ ഒരിടമായിരുന്നു, അവിടെ എന്തും സംഭവിയ്ക്കുമായിരുന്നു, പക്ഷെ എന്റെയുള്ളിലെ ആ ഇടത്തിൽ, എന്റെ ഉണ്മയിൽ, എല്ലാം എല്ലായ്പ്പോഴും മാറ്റമില്ലാതെ തുടർന്നു. അവിടെയായിരുന്നു എന്റെ എല്ലാ ശക്തിയും.”

ഈ വാചകങ്ങളോളം ഒരു എഴുത്തുകാരനെ അടയാളപ്പെടുത്താവുന്ന ഒന്നും ഞാൻ മുന്നെ വായിച്ചിട്ടില്ല. ദാറ്റ് മൂവ്‌സ് മി. ഇറ്റ് ഫീൽസ് പേഴ്സണൽ. ഒന്നും നേടിയിട്ടില്ല എന്ന് തോന്നുമ്പോഴും, എഴുത്തിൽ ഭൂതകാലമുണ്ടായിരുന്നു എന്നും അതിന്റെ പിടിയിൽ നിന്നു, വഴങ്ങില്ലെന്ന് വാശി പിടിയ്ക്കുമ്പോഴും, വഴുതാനാവാതെ ഇരിയ്ക്കുന്ന ഒരാൾക്കും അത് വൈകാരികമായി അനുഭവപ്പെടും എന്ന്. ആ അനുഭവത്തിനായാണ്, പൂർണ്ണബോധ്യത്തോടെയല്ലെങ്കിൽപ്പോലും, ഈ പുസ്തകം ഞാൻ രണ്ടാമതും വായിച്ചത്, വർഷങ്ങൾക്കു ശേഷം. ആദ്യം വായിയ്ക്കുമ്പോൾ ഞാൻ നോവൽ എഴുതിയിരുന്നില്ല. അപ്പോൾ ഇന്നത് കുറേക്കൂടി ശക്തമായി അനുഭവപ്പെടും, മൂന്നാമത്തെ നോവൽ എഴുതി കാൽഭാഗം പിന്നിട്ട ഈ സമയത്ത്, അതുമുറപ്പാണ്.

2011-12 കാലത്താണ് നെയ്‌പോളിന്റെ “എനിഗ്മ ഓഫ് അറൈവൽ” വായിയ്ക്കുന്നത്(പല തവണ ഈ സംഗതി ഞാനെഴുതിയിട്ടുണ്ട്). അതുപോലെയുള്ള പുസ്തകങ്ങൾ ഗൂഗിളിൽ തിരഞ്ഞ് സെബാൾഡിലും പിന്നെ റ്റേജു കോളിലും എത്തി. പിന്നെ ക്‌നോസ്ഗാർഡിൽ, അയാളുടെ സീരീസിലെ ആദ്യ പുസ്തകത്തിൽ – ഒന്നോ രണ്ടോ വർഷത്തിന് ശേഷം. അതിനും വർഷങ്ങൾക്കു ശേഷം “മൈ സ്ട്രഗിൾ : ബുക്ക് 5” വായിച്ചപ്പോൾ എഴുത്തുകാരൻ “എനിഗ്മ ഓഫ് അറൈവൽ” വായിച്ചിരിയ്ക്കുന്നതായി കണ്ടു. അത്ഭുതം തോന്നി. ഇംഗ്ളണ്ടിലെ ഒരു ഗ്രാമപ്രദേശത്തു താമസിയ്ക്കാനെത്തുന്ന ഒരാൾ ചുറ്റും കാണുന്ന കാഴ്ചകൾ വിവരിയ്ക്കുന്നതാണ് അതിന്റെ ഇതിവൃത്തം (ഇപ്പോൾ ഞാൻ സ്റ്റോറിടെല്ലിൽ ആ നോവൽ രണ്ടാമതും വായിയ്ക്കാൻ തുടങ്ങി). പ്ലോട്ടില്ലാത്ത ഈ നോവലിനെപ്പറ്റി എഴുത്തുകാരൻ പറയുകയാണ് – “അച്ഛനെ വിവരിയ്ക്കുന്നതും പുൽപ്രദേശത്തെ ഒരു മരത്തെ വിവരിയ്ക്കുന്നതും തമ്മിലെന്ത് വ്യത്യാസം? കുട്ടിക്കാലത്തെ വിവരിയ്ക്കുന്നതും മേലെനിന്നും നോക്കിക്കാണാവുന്ന വിധത്തിൽ ഒരു കാടിനെ വിവരിയ്ക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?”. ഓർക്കുക – മൈ സ്ട്രഗിളിന്റെ ആദ്യ പുസ്തകവും, നോവലിന്റെ റണ്ണിങ് തീം തന്നെയും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്. “പക്ഷെ എന്റെയുള്ളിലെ ആ ഇടത്തിൽ, എന്റെ ഉണ്മയിൽ, എല്ലാം എല്ലായ്പ്പോഴും മാറ്റമില്ലാതെ തുടർന്നു. അവിടെയായിരുന്നു എന്റെ എല്ലാ ശക്തിയും.” എന്ന് പറയുന്ന എഴുത്തുകാരൻ, അച്ഛന് മാത്രമാണ് ആ ഇടത്തേയ്ക്കു പ്രവേശനമുണ്ടായിരുന്നത് എന്ന് അടുത്ത വാചകത്തിൽ പറയുന്നുണ്ട്. സീരീസിലെ മൂന്നാം നോവൽ ബാല്യകാലത്തെപ്പറ്റിയാണ് (Boyhood Island). അതിനുള്ള വിത്തുകൾ അന്നേ അയാൾക്കുള്ളിൽ വിതയ്ക്കപ്പെട്ടിരുന്നു. എങ്ങനെയോ ഞാനീ എഴുത്തുകാരനിൽ എത്തിപ്പെട്ടു. എല്ലാ ഇഷ്ടാനിഷ്ടങ്ങൾക്കുമിടയിൽ ഞാൻ അയാളുമായുള്ള ബന്ധം തുടരുന്നു. ഈ വായനയോടെ അതൊന്നുകൂടി മുറുകി.

2 thoughts on “എഴുത്തുകാരനും ഞാനും.”

  1. ക്‌നോസ്ഗാർഡ് വെറുതെയല്ല കന്യൂട് ഹാംസ്ന്റെ വിശപ്പ് ഇഷ്ടപ്പെടുന്നത്, അതിലെ എഴുത്തുകാരന്റെ ഒരേ മാനസികാവസ്ഥ.

    1. നോർഡിക്കിലെ എഴുത്തുകാർക്കൊക്കെ ഇപ്പോഴും ഹാംസൻ തന്നെയാണ് ഗോഡ്ഫാദർ, അതിൽ പുതുമയില്ല. ബുക്ക് അഞ്ചിന്റെ തുടക്കത്തിൽ ഹാംസൻ എങ്ങനെയാണ് Tense ഉപയോഗിയ്ക്കുന്നത് എന്നൊരു നിരീക്ഷണം ക്‌നോസ്ഗാർഡ് നടത്തുന്നുണ്ട് – അതൊക്കെയാണ് അയാളെ വായിയ്ക്കുമ്പോഴുള്ള രസം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top