
2016 സെപ്റ്റംബറിൽ സുഹൃത്തുക്കളായ രാജേഷ് പരമേശ്വരൻ, രാകേഷ് കോന്നി എന്നിവരെ ഞാൻ എന്റെ ഒരു ചെറുകഥ കാണിച്ചു – മോണോലോഗുകളിലൂടെ, പലരുടെ വീക്ഷണകോണുകളിലൂടെ ഒരു നാട്ടിൽ നടന്ന ചില സംഗതികളുടെ സത്യാവസ്ഥ തിരയുന്ന ഒരു ആഖ്യാനമായിരുന്നു അതിന്റെ (Book 1-ന്റെ ആദ്യ ഭാഗം). ആദ്യ ഫീഡ്ബാക്കിൽ രാജേഷ് എന്നോട് പറഞ്ഞു – ഇത് ഒരു നോവലായി എഴുതുന്നതാണ് അതിന്റെ ആശയത്തോട് ചെയ്യാവുന്ന നീതി. പത്തൊമ്പതു ദിവസം കൊണ്ട് ഞാൻ നോവൽ എഴുതി മുഴുവനാക്കി, ഇടയിൽ മൂന്നുദിവസം ഒരു ബ്ലോക്ക് വന്നു – എന്നാൽ അത് പെട്ടെന്ന് പരിഹരിയ്ക്കപ്പെട്ടു. അതാണ് പൊറ്റാളിലെ ഇടവഴികൾ Book 1. 2011 തൊട്ടു മനസ്സിലുണ്ടായിരുന്ന ആശയമായിരുന്നു മോണോലോഗിലൂടെ കഥ പറയുക എന്നത് (അന്ന് ഇംഗ്ളീഷിയിലായിരുന്നു എഴുതിയിരുന്നത്). അതിലെ ചലഞ്ച് തീർച്ചയായും എങ്ങനെ ഓരോ കഥാപാത്രത്തിനും അവരുടെ വോയ്സ് കൊടുക്കുമെന്നതായിരുന്നു. നോവലിന്റെ ഡ്രാഫ്റ്റ് വായിച്ച നന്ദകുമാർ മേലേതിൽ എന്നോട് നോവൽ മലയാളത്തിൽ സാധാരണ കാണാറുള്ള നരേറ്റീവ് ഫോമിലേക്ക് മാറ്റാൻ പറഞ്ഞു – എനിയ്ക്ക് പരീക്ഷണമായിരുന്നു മുഖ്യം – നന്ദൻ രണ്ടാം നോവൽ ഡ്രാഫ്റ്റ് വായിച്ചപ്പോഴും നമുക്കെങ്ങനെ ചെയ്യാമായിരുന്നു എന്ന് പറഞ്ഞിരുന്നു. ഞാനതു ചെയ്തില്ല. അന്നും ഇന്നും അതിനെച്ചൊല്ലി ഒരു പരാതിയോ ദുഖമോ ഒന്നും എനിയ്ക്കില്ല. Book 1 ഞാൻ തന്നെ അച്ചടിയ്ക്കാൻ തീരുമാനിച്ചപ്പോൾ ഞാനും സുഹൃത്തുക്കളും പ്രിന്റ് ഒരു 150 കോപ്പി വിൽക്കുമെന്നാണ് കരുതിയത്, അതിന്റെ നാലിരട്ടി കോപ്പികൾ, ഒന്നാം പുസ്തകത്തിന്റേതായി മാത്രം, കിൻഡിലിൽ ഇത്രയും കാലം കൊണ്ട് വിറ്റു. പ്രിന്റ് തേർഡ് എഡിഷൻ എഡിഷൻ ഇറക്കിയില്ല എന്നേയുള്ളൂ, രണ്ടാം എഡിഷൻ വിറ്റു തീർന്ന് ഏകദേശം ഒരു വർഷത്തോളമായി. ഒരു പേർസണൽ പ്രൊജക്റ്റ് എന്നതിനപ്പുറം ചിന്തിയ്ക്കായ്ക തന്നെ കാരണം – ജോലിത്തിരക്കുകൾക്കിടയിൽ പിന്നാലെ വന്ന രണ്ടാം പുസ്തകത്തിന്റെയും ഇതിന്റെയും വിൽപ്പന ഇപ്പോൾ കിൻഡിലിൽ മാത്രമായി ഒതുങ്ങി – 2020 ഫെബ്രുവരിയ്ക്കു ശേഷം ആമസോണിൽ പ്രിന്റ് വിൽപ്പന നിർത്തിവച്ചത് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്ന് വച്ച് അയ്യായിരം കോപ്പിയും മറ്റും ഇറങ്ങി എന്നൊന്നുമില്ല. ഒരാൾക്ക് മറ്റുതിരക്കുകൾക്കിടയിൽ ഒറ്റയ്ക്ക് ചെയ്യാവുന്നതിന്റെ പരിധിവിട്ട് ഞാൻ ഒന്നിനും മുതിർന്നിട്ടില്ല. ഒരു വർഷമായി സോഷ്യൽ മീഡിയ ഉപേക്ഷിച്ചിട്ടും – പ്രൊമോഷന് അവിടെ തിരികെ ചെല്ലാൻ താൽപ്പര്യമില്ലായ്മ കാര്യമായുണ്ട് (2007-ലെ ബ്ലോഗുകാലം തൊട്ടുള്ള സുഹൃത്തുക്കളും ഫെയ്സ്ബുക്ക് സൗഹൃദങ്ങളും തന്ന വേർഡ് ഓഫ് മൗത് മാത്രമായിരുന്നു എന്റെ പ്രൊമോഷൻ ടൂൾ).
ഈ പറഞ്ഞതിൽ രണ്ടു കാര്യങ്ങളുണ്ട് – ഒന്ന് ഒരു പരീക്ഷണമായിരുന്നു ഈ നോവലെഴുത്ത്. സുഹൃത്തുക്കളായ ദേവദാസ് വി എം, രാജേഷ് വർമ്മ, രാജേഷ് പരമേശ്വരൻ തുടങ്ങിയവർ അതിനു നൽകിയ പല നിലയിൽ പിന്തുണയും, എന്റെ തന്നെ കൗതുകവും, ജോലിയുടെ ഭാഗമായ ഡോക്യൂമെന്റേഷൻ പോലെയുള്ള പണികളിലെ താൽപ്പര്യവും സർവ്വോപരി ഒരു പസിൽ പോലെ ഒരു കഥ നാലഞ്ച് പുസ്തകങ്ങളിൽ പൂർത്തിയാവുന്ന വിധത്തിൽ എഴുതാമെന്നതിന്റെ ഹരവും എല്ലാം ചേര്ന്നുള്ള ഒരു excitement ആയിരുന്നത്. രണ്ടാമതായി, മലയാളത്തിൽ ഹൈ എൻഡ് സാഹിത്യത്തിന്റെയും പോപ്പുലർ സാഹിത്യത്തിന്റെയും ഇടയിലെ വിശാലമായ ഒരു സ്പെയ്സ് ഒഴിഞ്ഞു കിടക്കുന്നു എന്ന എന്റെ നിരീക്ഷണമായിരുന്നു – വല്ലപ്പോഴുമാണ് ഒരു പരീക്ഷണ നോവൽ മലയാളത്തിലിറങ്ങുന്നത് – ഇറങ്ങിയാൽ തന്നെ വിജയിയ്ക്കുന്നത്. മധുരം ഗായതി (വിജയൻ), ഡിൽഡോ (ദേവദാസ് വി എം), അടുത്ത് വന്ന സൂസന്ന (അജയ് മാങ്ങാട്ട്) – ഇങ്ങനെ വിരലിലെണ്ണാവുന്ന നോവലുകളാണ് ഈ കാറ്റഗറിയിൽ മലയാളത്തിലുള്ളത്. അഥവാ, എന്റെ നോവൽ ജനപ്രീതിയുള്ള നോവൽ ആകാനിടയില്ല എന്നത് അതിന്റെ തുടക്കത്തിലേ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. അതാണ് മിനിമം കോപ്പികൾ കരുതിയാൽ മതി എന്ന് വിചാരിയ്ക്കാനും കാരണം. കിൻഡിലിൽ ആകട്ടെ അഖിൽ പി ധർമ്മജൻ (ഓജോബോർഡ്) അല്ലാതെ പോപ്പുലർ ആയി ഉണ്ടായിരുന്നത് പമ്മനും ബെന്യാമിനും ആയിരുന്നു, അക്കാലത്ത്.
മറ്റൊന്ന്, ആദ്യകാലത്ത് പുസ്തകം പരിചയമുള്ള ഒന്ന് രണ്ടു പുസ്തകശാലകൾ വഴി മാത്രമാണ്, ഞാൻ നേരിട്ടല്ലാതെ അത് വിറ്റിട്ടുള്ളത് – രണ്ടാം എഡിഷൻ പെൻഡുലം ബുക്സ് എടുത്തതോടെയാണ് സത്യത്തിൽ പുസ്തകം മറ്റിടങ്ങളിൽ ലഭ്യമായത് – മാർക്കറ്റിനെ ഇളക്കിമറിയ്ക്കാൻ പോന്ന ഒന്നും എന്റെ കണ്ടന്റിൽ ഇല്ലാത്തതുകൊണ്ട് വിൽപ്പന അതിന്റേതായ തിടുക്കത്തിൽ മുന്നോട്ടു പോയി എന്ന് പറയാം. പല വാരികകൾക്കും വ്യക്തികൾക്കും പുസ്തകം അയച്ചുകൊടുക്കാൻ പലരും പറഞ്ഞെങ്കിലും അതൊന്നും ഞാൻ ചെയ്യുകയുണ്ടായില്ല. രണ്ടു പ്രസിദ്ധീകരണശാലകൾ ആദ്യ പുസ്തകം റിജെക്റ്റ് ചെയ്തതാണ് (രണ്ടാമത്തെ ടീമിന്റെ അടുത്ത് സുഹൃത്തിന്റെ സമ്മർദ്ദം കാരണം മാത്രം പോയതാണ്, പക്ഷെ അവസാനനിമിഷം അതിൽ ചില സംഗതികൾ നടന്നെന്നു ഞാൻ ഇപ്പോഴും കരുതുന്നു, അങ്ങനെയായിരുന്നില്ല ആദ്യമുണ്ടായിരുന്ന റെസ്പോൺസ് ) – എന്നാൽ പ്രമുഖനായ പബ്ലിഷർ കഴിഞ്ഞ വർഷമാദ്യം നോവൽ സീരീസ് വേണം എന്ന് പറഞ്ഞു വിളിച്ചിരുന്നു – എന്റെ terms അവർക്കും അവരുടേത് എനിയ്ക്കും ബോധ്യമായില്ല എന്ന് കരുതിയാൽ മതി. പിന്നെയുള്ള പ്രസാധകരെ ഞാൻ കാര്യമാക്കിയിട്ടില്ല (ഈ പറഞ്ഞ പ്രസാധകനിൽ എനിയ്ക്കുണ്ടായ താൽപ്പര്യം അവരുടെ വിശാലമായ വില്പന നെറ്റ്വർക്ക് ആയിരുന്നു. ആ സമയത്ത് പലതും ആലോചിയ്ക്കുന്ന കൂട്ടത്തിൽ ഞാനും ആ ഫീൽഡിലുള്ള ഒരു ബന്ധുവും ചേർന്ന് അതുപോലെ ഒരു നെറ്റ്വർക് ഇൻഡിപെൻഡന്റ് എഴുത്തുകാർക്കായി ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു – അതിന്റെ കോസ്റ്റ് കൊണ്ട് മാത്രമാണ് പിൻവാങ്ങിയത്), എന്തിന്, ഞാനല്ലാത്ത ഒരു പ്രസാധകനെ ഞാനൊരിയ്ക്കലും ഈ പുസ്തകത്തിനുവേണ്ടി വിചാരിച്ചിട്ടില്ല. പെൻഡുലം ഒരു ഇൻഡിപെൻഡന്റ്, അപ്പ് കമിംഗ് സ്ഥാപനം എന്ന പേരിലാണ് വന്നതും ഞങ്ങൾ അഗ്രീമെൻറ് ഉണ്ടാക്കിയതും (നോവലിന്റെ രാഷ്ട്രീയം പ്രസാധകനുവേണ്ടി മാറ്റില്ല എന്നത് അതിലൊരു സംഗതിയായിരുന്നു) – കേരളത്തിൽ കിട്ടുന്നതിൽ ഉയർന്ന ഒരു ശതമാനം എനിയ്ക്കു അവർ റോയൽറ്റി തരുന്നുണ്ട്. അല്ലെങ്കിലും കിൻഡിൽ പബ്ലിഷിംഗ് ഒക്കെ ചെയ്യാൻ (റൈറ്റ്സ് എനിയ്ക്കു മാത്രമായി തരാനും) ആ കാലത്ത് ഒരു പ്രസാധകനും ഒരുക്കമായിരുന്നില്ല – അങ്ങനെ എല്ലാം സ്വയം ചെയ്തുനോക്കാനും കൂടിയാണ് ഞാൻ ഇതിനിറങ്ങിയത്. ആദ്യപുസ്തകവും രണ്ടാമത്തേതും ഡിസൈനിലും പ്രിന്റിങ്ങിലും യാതൊരു വിട്ടുവീഴ്ചയും ഞാൻ ചെയ്തിട്ടില്ല – രണ്ടാമത്തെ നോവൽ ലേഔട്ട് ചെയ്തത് തന്നെ കാര്യമായ പ്ലാനിങ്ങോടെയായിരുന്നു – ഫോണ്ട്, പഴയ ലിപി, ലൈൻ സ്പെയ്സിങ് അങ്ങനെ കുറെ സംഗതികൾക്കു വേണ്ടി കണ്ടമാനം സമയം ചിലവഴിച്ചിട്ടുണ്ട് (അമീർ ഫൈസലിനെ നന്ദിയോടെ സ്മരിയ്ക്കുന്നു, കവർ എന്റെ ആശയത്തിനൊപ്പിച്ചു ഭംഗിയായി ചെയ്ത മുഹമ്മദ് സുഹ്റാബിയെയും) – അതൊന്നും കേരളത്തിലെ ഒരു പബ്ലിഷറും ചെയ്യാൻ അനുവദിയ്ക്കാത്ത കാര്യങ്ങളാണ് (പ്രിമിറ്റീവ് ആണ് ഇവിടത്തെ സാഹചര്യം). ചുരുക്കത്തിൽ, പബ്ലിഷിങ് ഇൻഡസ്ട്രിയെപ്പറ്റി ഞാൻ പഠിച്ചു. അതാണ് എന്നെ നയിച്ചിരുന്ന മറ്റൊരു പ്രധാന സംഗതി. ആമസോണിൽ പ്രിന്റ് വില്പനയെപ്പറ്റി, അവരുടെ പ്രൈസിങ് അൽഗൊരിതം തുടങ്ങി കുറെ സംഗതികളെപ്പറ്റി വായിച്ചും നേരിട്ടും ട്രെയിനിങ് വീഡിയോസ് വഴിയും പഠിച്ചതും എല്ലാം ഇതിൽ പെടും. അതായത്, എന്റെ റിയൽ ലൈഫ് ജോലിയിൽ ഒരു പ്രൊജക്റ്റ് ആദ്യാവസാനം എങ്ങനെ നടത്തുന്നോ അത് പോലെയാണ് ഇതുമൊത്തം ഞാൻ ചെയ്തത്. അങ്ങനെ ഒരു സംഗതി ഒറ്റയ്ക്ക് ചെയ്താലേ അതിന്റെ ഒരു രസം മനസ്സിലാക്കാൻ കഴിയൂ. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള drive വേണമല്ലോ, ഒരു മനുഷ്യനായാൽ.
അഥവാ, എന്റെ പുസ്തകത്തിന്റെ അവതാരികയ്ക്കോ, അതിന്റെ പ്രൊമോഷനോ, റീഡേഴ്സ് സർക്കിൾ പോലുള്ള സ്ഥലങ്ങളിൽ ഓളമുണ്ടാക്കാനോ, ഒന്നും മറ്റൊരു എഴുത്തുകാരന്റെയോ, നിരൂപകന്റെയോ, പ്രസാധകന്റെയോ, പുസ്തകവില്പനക്കാരന്റെയോ തിണ്ണ നിരങ്ങാനോ കാല് പിടിയ്ക്കാനോ ഞാൻ പോയിട്ടില്ല – എനിയ്ക്ക് അതിൽ താൽപ്പര്യമില്ലെന്ന് മാത്രമല്ല, പ്രൊമോഷന് എന്റെ സമയം ആവശ്യപ്പെടുന്ന ഒരു പ്രസാധകനെ എനിയ്ക്കാവശ്യവുമില്ല. എന്റെ നോവലിന്റെ നെഗറ്റീവ് റിവ്യൂ ഇടുന്നവനെ ബ്ലോക്ക് ചെയ്യാനും തെറിവിളിയ്ക്കാൻ ഓൺലൈൻ ഗുണ്ടകളെ ഇറക്കാനും ഒന്നും ഞാൻ മിനക്കെട്ടിട്ടില്ല – എന്റെ എന്നല്ല, ഒരുത്തന്റെയും പുസ്തകത്തിനെ മറ്റൊരാൾ ഡിഫൻഡ് ചെയ്യേണ്ട ആവശ്യമില്ല – അതിനുള്ള സംഗതി അതാതു പുസ്തകങ്ങളിൽ തന്നെ കാണും എന്നാണെന്റെ തിയറി. ഞാൻ വായിയ്ക്കുന്ന പോലെ ആകില്ല മറ്റൊരാൾ വായിയ്ക്കുന്നത് – പണ്ട് പ്രദീപ് ഭാസ്കർ എന്ന എഴുത്തുകാരൻ എന്നോട് പറഞ്ഞിട്ടുണ്ട് – പുനർവായനയിൽ അതേ ആളുതന്നെ അഭിപ്രായം മാറ്റാൻ സാധ്യതയുണ്ടെന്നതിനാൽ ഒരാളുടെ വായനയെപ്പറ്റി അയാൾ ആവശ്യത്തിലധികം വേവലാതി കാണിയ്ക്കാറില്ല എന്ന്. അതാണ് അതിന്റെ ശരി. ഞാൻ പിഎഫ് മാത്യൂസിനോട് എന്റെ ആദ്യനോവൽ ഡ്രാഫ്റ്റ് വായിച്ച സമയത്ത് ആവശ്യപ്പെട്ടത് നെഗറ്റീവ്സ് മാത്രം പറയാനാണ് – അയാൾ പറഞ്ഞത്, ആദ്യമായാണ് തന്നോട് ഒരെഴുത്തുകാരൻ ഇങ്ങനെ ആവശ്യപ്പെടുന്നത് എന്നാണ് – ഈമയൗ എഴുതുന്നതിന്റെ തിരക്കായ കാരണം ഇപ്പോൾ വായിയ്ക്കാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും എന്നെ രണ്ടാം ദിവസം തിരികെ വിളിച്ചു ഡ്രാഫ്റ്റ് അയച്ചു തരാനാണ് പിഎഫ് പറഞ്ഞത്. അയാൾ എനിയ്ക്കുവേണ്ടി ചെയ്തത് പ്രൊഫഷണൽ കർട്ടസി എന്ന് പറയുന്ന സംഗതിയാണ് (ആ പ്രൊഫെഷണൽ ടച്ച് അയാളുടെ എല്ലാ പുസ്തകത്തിലുമുണ്ട് എന്നത് വായനക്കാർക്കറിയാം). പ്രമുഖ വില്പനശാലക്കാരൻ എന്നോട് പറഞ്ഞത് ആദ്യമായാണ് ഒരെഴുത്തുകാരൻ ഇങ്ങോട്ടു കണ്ടിഷൻസ് വയ്ക്കുന്നത് എന്നാണ് – അഥവാ, അവരുടെ വിളി കാത്തു നിൽക്കുന്ന എഴുത്തുകാരെയെ അവർ കണ്ടിട്ടുള്ളൂ. എനിയ്ക്കു പ്രശസ്തിയിൽ താൽപ്പര്യമില്ല – കഴിവതും അനോണിമസ് ആയി ജീവിയ്ക്കുന്ന ആളാണ് ഞാൻ. ഒരു ശരാശരി മലയാളിയ്ക്ക് അത് മനസ്സിലാക്കാൻ പ്രയാസം കാണും – അതെന്റെ കുറ്റമല്ല. എന്റെ ജീവിതശൈലിയ്ക്ക് ചേർന്ന വരുമാനമൊന്നും മലയാളത്തിൽ എഴുതിയാൽ കിട്ടില്ല എന്നതുമുണ്ട് – അതുകൊണ്ട് അങ്ങനെ ഒരാകർഷണവും എനിയ്ക്കില്ല. ഉള്ളത് ഒരു പ്രൊജക്റ്റ് ചെയ്യാനുള്ള അഭിനിവേശവും, experiment ചെയ്യാനുള്ള ആഗ്രഹവുമാണ്. അതിനിയും തുടരും. ലിറ്റ് ഫെസ്റ്റിലും, പൊന്നാട അണിയിയ്ക്കൽ വേദിയിലും ഒക്കെ പല്ലിളിയ്ക്കാനും സെൽഫി എടുക്കാനും പൈങ്കിളി വിളമ്പാനും മദ്യസദസ്സുകളിൽ ഗോസിപ്പ് നടത്താനും കാൽക്കാശിനു വിവരമില്ലാത്തവനെയും അപൊളിറ്റിക്കൽ പിമ്പുകളെയും ജീവിതത്തിൽ പുസ്തകം വായിയ്ക്കാത്തവനെയും പ്രസിദ്ധീകരണശാലകളുടെ സീനിയർ എഡിറ്റർമാരെയും എല്ലാം അതിനൊക്കെ വേണ്ടി കാലുകഴുകി മുത്താനും അവരുടെ ചപ്പടാച്ചി സഹിയ്ക്കാനും താൽപ്പര്യമുള്ളവർ കാണും – അവരുടെ ഗതികേട് എന്നേ ഞാൻ കരുതൂ, എനിയ്ക്കതില്ല. ചിന്തയിലും പ്രവർത്തിയിലും സ്വതന്ത്രമായി ജീവിച്ചു ശീലമുള്ളവർക്കേ നിലപാടുകൾക്ക് കഴിയൂ എന്ന് എന്റെ ജീവിതം കൊണ്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
ഇനി എഴുത്തിന്റെ കാര്യം. പഠിയ്ക്കുന്ന കാലത്ത് ക്രിക്കറ്റ് ജ്വരവുമായി ഒരു സുഹൃത്തിന്റെ ഒപ്പം ഉൾനാട്ടിലെ ഒരിടത്ത് കളിയ്ക്കാൻ പോയതാണ് ഈ നോവലിന്റെ പ്രചോദനം (അന്നൊക്കെ നാടുമൊത്തം നടന്നു കളിയ്ക്കുമായിരുന്നു) – നോവലിൽ ആദ്യമായി റിയാസ് പൊറ്റാളിൽ കളിയ്ക്കാൻ വരുന്നത്, പൊറ്റാളിലെ വിശാലമായ പാടങ്ങളുടെ മേലെ വീണിരുന്ന വെളിച്ചം അവൻ പിന്നീടും ഓർക്കുന്നത്, അതെന്റെ തന്നെ അനുഭവമായിരുന്നു. ഏതോ ഒരു സ്ഥലത്ത് എന്തോ ഒരു അസാധാരണമായ excitement-ഓടെ എത്തുമ്പോൾ പെട്ടെന്ന് ആ സ്ഥലം തന്നെ ഒരു ആവേശം പോലെ, ഒരു അത്ഭുതം പോലെ നമ്മുടെ മുന്നിൽ ജീവൻ വച്ചുണരുന്ന ഒരു സന്ദർഭം. അപ്പോൾ നമ്മൾ വന്ന കാര്യം വിട്ട് ആ നിമിഷത്തിന്റെ ഇന്ദ്രജാലത്തിൽ നിശ്ശബ്ദരാകുന്നത് – അങ്ങനെയൊന്ന് ഓർമ്മയിൽ പതിഞ്ഞുപോയിട്ടുണ്ട്. സ്ഥലങ്ങളുടെ വിശദാംശങ്ങളും ആളുകളുടെ പേരുകളും മുഖങ്ങളും എല്ലാം മറവിയിൽ പോകും. എന്നാൽ നമുക്കന്ന് തോന്നിയ ആ വികാരം, അത് നിലനിൽക്കും. പിന്നീട് അതെന്തായിരുന്നു എന്നാലോചിച്ചു നമ്മൾ വശം കെടും. അതാണ് ഈ നോവൽ. അന്ന് പരിചയപ്പെട്ട ആളുകൾ എനിയ്ക്കു നൽകിയത് ക്രിക്കറ്റ് പോലെ തുച്ഛമായ ഒരു കളിയുടെ പാഠങ്ങളല്ല – വർഷങ്ങൾക്കിപ്പുറവും അവർ തന്ന പൊളിറ്റിക്കൽ വിദ്യാഭ്യാസമാണ് എന്നെ നയിയ്ക്കുന്നത് – അവർ എന്നെ ഇരുത്തി പഠിപ്പിച്ചെന്നല്ല, നിശ്ശബ്ദമായ അധ്യാപനമായിരുന്നു അവരുടേത് – അതിൽ നിന്നാണ് സാദിഖും, പ്രദീപും രാജേഷും ഷിഹാബും ഷാനവാസും എല്ലാം ഉണ്ടായി വന്നത്. എനിയ്ക്കറിയാവുന്ന ഏതൊക്കെ മനുഷ്യരുടെ കോമ്പിനേഷൻസാണ് അവരൊക്കെ എന്നത് എനിയ്ക്കു മാത്രമറിയാവുന്ന രഹസ്യമാണ് – ഹരികൃഷ്ണൻ തച്ചാടൻ എന്നൊരാൾ ഫെയ്സ്ബുക്കിൽ ഇങ്ങനെ എഴുതിയിരുന്നു – “നിതിനും സനലും ഷാനവാസും സംസാരിയ്ക്കുമ്പോൾ ചിലയിടങ്ങളില് അവരിലാരാണ് കഥ പറയുന്നതെന്ന് വേര്തിരിച്ചറിയാന് പറ്റാത്ത രീതിയിലായി. അതെന്റെ മാത്രം പ്രശ്നമാണോ എന്നൊരു തോന്നലുണ്ടായി. എന്നാല് ഈ മൂന്നു സുഹൃത്തുക്കള്ക്കും പൊതുവായി ചില സ്വഭാവങ്ങളുള്ളതായി തോന്നി. മൂന്നുപേരും സൗഹൃദങ്ങളെ ബാധ്യതയായി നോക്കി കണ്ടിരുന്നില്ല. എന്നാല് അകമേ.. നല്ല അടുപ്പമുള്ളവരായിരുന്നു. എന്തോ ഒന്ന് അവരെ ഒരൊറ്റ നൂലില് കെട്ടി നിര്ത്തിയ പോലെ.ആ ഒരു സമാനത അവരുടെ പറച്ചിലുകളിലും ചിന്തകളിലും വികാരങ്ങളിലും പ്രകടമായിരുന്നു. ആദ്യ പുസ്തകത്തിലെ ഷിഹാബിന്റെ ചിന്തയും ഏതാണ്ടിതുപോലെ തന്നെ ആയിരുന്നെന്ന് എനിക്ക് തോന്നി. അപ്പോള് ആ സാമ്യം ഒരു ന്യൂനത അല്ല എന്ന് പിന്നീട് തോന്നി.” – എന്നെ അത്ഭുതപ്പെടുത്തിയ വായനകളിലൊന്നായിരുന്നു അത്. എന്റെ രഹസ്യങ്ങളിലൊന്ന് അയാൾ കണ്ടുപിടിച്ചു എന്ന് (ഇതുപോലെ പലത് ഫെയ്സ്ബുക്കിൽ ഉണ്ട്, കൈവശമില്ല). സത്യത്തിൽ എഴുത്തിലെ ഏകരസം ഇതുപോലെയുള്ള വായനക്കാരുടെ പ്രതികരണങ്ങളാണ്. അതേ സമയം പി എഫ് മാത്യൂസ് എന്നോട് പറഞ്ഞത് നോവലിന്റെ ആത്മാവിനെ തനിയ്ക്കു തൊടാനായില്ല എന്നാണ്. സീനിയർ എഴുത്തുകാരനായ പി എം ദിവാകരൻ പറഞ്ഞത് പൊറ്റാൾ ഒരു രൂപകമെന്ന നിലയിൽ ഒരിയ്ക്കലുമുയരുന്നില്ല എന്നാണ്. അഥവാ, ഒരു പരീക്ഷണ നോവലിന് കിട്ടാവുന്ന എല്ലാ തരം ഫീഡ്ബാക്കുകളും എനിയ്ക്ക് ആവശ്യത്തിലേറെ കിട്ടിയിട്ടുണ്ട്. നോവൽ ആസ്വദിച്ചവരും അല്ലാത്തവരുമുണ്ട്. വായിയ്ക്കാത്തവരും ഉപേക്ഷിച്ചവരും വലിച്ചെറിഞ്ഞവരും ഉണ്ട് – അതെനിയ്ക്കു മനസ്സിലാകും, കാരണം, പൊന്നുംവില കൊടുത്ത പുസ്തകങ്ങൾ ഞാനും എടുത്തെത്തറിഞ്ഞിട്ടുണ്ട്.
എഴുത്തിലേയ്ക്ക് മടങ്ങിയാൽ, മോണോലോഗുകളെ മാത്രം ആശ്രയിച്ചാലുണ്ടാകുന്ന പ്രയാസത്തിനെപ്പറ്റി എനിയ്ക്കാദ്യമേ അറിവുള്ളതായിരുന്നു – അതാണ് ആദ്യ പുസ്തകം ചെറുതാക്കിയത്, അത് ആദ്യമെഴുതിയപ്പോൾ മുപ്പതോളം പേജുകൾ കുറവായിരുന്നു – പിന്നെ arc മുഴുവനാക്കാനായി, എനിയ്ക്കു കിട്ടിയ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ, റിയാസിന്റെ കഥയുടെ തുടർച്ച അവസാനം ചേർക്കുകയായിരുന്നു. എന്റെ ഇഷ്യൂ ഇതായിരുന്നു – ഒന്ന് മോണോലോഗുകളിൽ ആളുകളുടെ ഏകാഗ്രത പെട്ടെന്ന് നഷ്ടപ്പെടും – അത് comprehension-ന് തടസ്സമാകും. രണ്ട് മോണോലോഗുകളിൽ പലപ്പോഴും ചെറിയ സെന്റെൻസുകൾ ഉപയോഗിയ്ക്കേണ്ടി വരും – ചെറിയ സെന്റെൻസുകളിൽ ആഖ്യാനത്തിന്റെ വേഗത കൂടുകയും, കൃത്യമായ ഇമോഷൻസ് വായനക്കാരിൽ ഉണ്ടാകാതെയും (രജിസ്റ്റർ ചെയ്യാതെയും) വരും. ഇതുകൊണ്ടാണ് നന്ദകുമാർ മേലേതിലും പ്രദീപ് ഭാസ്കറുമെല്ലാം എന്നോട് സാധാരണ തരം നരേറ്റിവിലേയ്ക്ക് മടങ്ങാൻ പറഞ്ഞത്. എന്റെ കഥാപാത്രങ്ങൾ ചിലരുടെ മോണോലോഗ്സ് തിടുക്കത്തിലുള്ളവയാണ്, കാരണം അതാ പാത്രങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. എന്നാൽ രണ്ടാം നോവലിൽ പട്ടികളെ കൊല്ലുന്നപോലെയുള്ള രംഗങ്ങൾ അതിന്റെ വേഗതയിലും, വായനക്കാരെ ബാധിച്ചു എന്ന ഫീഡ്ബാക്ക് എനിയ്ക്കു കിട്ടിയിട്ടുണ്ട് – അഥവാ, എന്റെ പോലെയുള്ള പ്രദേശങ്ങളിൽ നിന്ന് വന്നവർക്ക്/അത്തരത്തിലുള്ള സംഭവങ്ങളെപ്പറ്റി അറിവോ അനുഭവമോ ഉള്ളവർക്ക്, എഴുത്തിലെ കയറ്റയിറക്കങ്ങൾ പ്രശ്നമുണ്ടാക്കിയിട്ടില്ല. അതാണ് എഴുത്തിൽ ഞാൻ കണ്ടുപിടിച്ച മറ്റൊരു സംഗതി. വായനയിൽ നിങ്ങൾ എന്ന വ്യക്തിയെ ഒഴിവാക്കാവുന്നതല്ല(നിങ്ങൾ കൂടെ പസിലിന്റെ ഭാഗമാകുന്നു). ലോജിക്കൽ ആയ ഒരു സംഗതി കൂടിയാണത്.
ഇനി, ലോജിക് ഇതുപോലൊരു നോവലിൽ പ്രധാനമാണ് – ഓരോ ത്രെഡും മോണോലോഗുകളും പസിലിലെ ഓരോ പീസുകളാണ്, അവ തമ്മിൽ ചേർച്ച വേണം – ഒരു പ്രാവശ്യം പുസ്തകം പ്രിന്റിലെത്തിയാൽ പിന്നെ ഈ കഥാപാത്രങ്ങളുടെ ചെയ്തികളോ ലോജിക്കോ മാറ്റുക ഏറെക്കുറെ അസാധ്യമാണ് (അല്ലെങ്കിൽ ഞാൻ അമ്മാതിരി ജീനിയസ്സാകണം, അത് ഞാനല്ല താനും). ആദ്യം നോവലിന് നാല് ഭാഗങ്ങൾ എന്ന് വിചാരിച്ചെങ്കിലും ഇപ്പോൾ അഞ്ചെണ്ണം ചെയ്താലോ എന്നൊരു ആലോചനയുമുണ്ട്, അത് ഈ ലോജിക്കിന്റെ പഴുതില്ലാത്ത closure മുന്നിൽക്കണ്ടാണ്. ഈ പുസ്തകത്തിന്റെ പ്ലോട്ട് പോയ്ന്റ്സ് ഒരു വരിപോലും ഞാൻ എവിടെയും എഴുതിവച്ചിട്ടില്ല – 1970കളിൽ തുടങ്ങി 2008 വരെയുള്ള നോവലിന്റെ ആഖ്യാനത്തിലെ എല്ലാ കണക്ഷൻസും എന്റെ തലച്ചോറിലാണിരിയ്ക്കുന്നത് – ഇപ്പോൾ മൂന്നാം പുസ്തകം എഴുതുമ്പോൾ ഒന്നാം പുസ്തകത്തിലെ ഒന്നോ രണ്ടോ കാര്യങ്ങൾ വായിച്ചു നോക്കേണ്ടി വന്നു എന്നല്ലാതെ ഞാനിപ്പോഴും ഒരു ഓഫ്ലൈൻ മാപ്പിങ്ങിനു മുതിർന്നിട്ടില്ല – ഇതിന്റെ പുറമെയാണ്, ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്യാതെ, എഴുതിത്തന്നെ ഒരു ത്രെഡിന്റെ അവസാനം കണ്ടുപിടിയ്ക്കുന്ന എന്റെ എഴുത്തുരീതി – ഇതുകാരണം രണ്ടാമത്തെ പുസ്തകത്തിൽ റിയാസിന്റെ കഥ ഒരു ചാപ്റ്റർ അധികം എഴുതേണ്ടി വന്നു. അതാണ് ഞാൻ പറഞ്ഞ ലോജിക്കൽ കാര്യം – ഇതുപോലൊരു കഥ കൃത്യമായി കണ്ണിചേരുമ്പോൾ കഥാപാത്രത്തിന്റെ അതുവരെയുള്ള ഇന്റെലിജൻസിനെ, ആ പാത്രത്തിന്റെ സ്വഭാവത്തിനെ, ലോജിക്കിനെ നശിപ്പിയ്ക്കുന്ന ഒന്നും എഴുതാനെനിയ്ക്കു വയ്യ. എന്തിന് ഇത്ര കഷ്ടപ്പെടുന്നു എന്ന് ചോദിച്ചാൽ അതാണ് എന്റെ എഴുത്തിൽ എനിയ്ക്കുള്ള രസം എന്നാണുത്തരം – എഴുത്തിൽ ചിന്തകളെ അടുക്കുന്നതിനെപ്പറ്റിയും അതിൽ നിന്ന് പുതിയ ഡിസ്കവറികൾ ഉണ്ടാകുന്നതിനെപ്പറ്റിയും ഞാൻ ഈ ബ്ലോഗിൽ അനേകം തവണ എഴുതിയിട്ടുണ്ട്. പല കഥാപാത്രങ്ങളും വളരുന്നത് കാണുമ്പോൾ എനിയ്ക്കത് തോന്നാറുണ്ട്- എന്നു മാത്രമല്ല സമാന അനുഭവങ്ങളുള്ള അനേകം എഴുത്തുകാർ പറയുന്നത് ഞാൻ വായിച്ചിട്ടുണ്ട്. നടക്കുമ്പോഴും ഉറങ്ങുമ്പോഴും തെരുവിലായിരിക്കുമ്പോഴും എല്ലാം കഥാപാത്രങ്ങൾ എന്റെ കൂടെയുണ്ടെന്ന് അരുന്ധതി റോയി പറയുന്നുണ്ടല്ലോ. How to tell a shattered story? By slowly becoming everybody. No. By slowly becoming everything – എന്ന അവരുടെ Utmost Happiness -ലെ വരികൾ സീരീസിലെ ആദ്യപുസ്തകത്തിന്റെ തുടക്കത്തിലുണ്ട് – ഉദ്ധരണികളായി. അതാണ് എന്റെ നോവലിന്റെ DNA. സാവേജ് ഡിറ്റക്റ്റീവ്സ് എന്ന ബൊലാഞ്ഞോയുടെ നോവലിന്റെ രണ്ടാം ഭാഗത്തിന്റെ ഘടനയാണ് എന്റെ നോവലിന്. പാമുക്കും ഫോക്നറും ഈ രീതി മറ്റുവിധത്തിൽ പരീക്ഷിച്ചിട്ടുണ്ട്(ഇതൊക്കെ ഞാൻ മുന്നേ എഴുതിയതാണ്).
ഒരു ദിവസം എസ് ഹരീഷ് എന്നെ വിളിച്ചു (ഞങ്ങൾ ഒരു ഇന്റർവ്യൂ തട്ടിക്കൂട്ടാൻ ശ്രമിച്ചിരുന്നു) – നോവൽ ഇഷ്ടമായി എന്നുമാത്രമല്ല, സീരീസ് പൂർത്തിയാവുമ്പോൾ അതൊരു significant വർക്ക് ആവാൻ സാധ്യതയുണ്ടെന്ന് പറയാനും കൂടിയാണ് വിളിച്ചത് – ഞാൻ രണ്ടാമത്തെ നോവൽ എഴുതിക്കഴിഞ്ഞിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. ഞാൻ പറഞ്ഞു, ആദ്യനോവൽ വായിയ്ക്കുമ്പോൾ അതിലെ എഴുത്തുസംബന്ധമായ പലതും കണ്ടു എനിയ്ക്കു ചമ്മൽ തോന്നുന്നു എന്ന് – ഉടനെ ഹരീഷ് പറഞ്ഞത് അതൊരു നല്ല കാര്യമാണ് എന്നാണ് – അഥവാ എഴുത്തു മുന്നോട്ടുപോവാൻ ആഗ്രഹമുള്ള എഴുത്തുകാരനാണ് അങ്ങനെ ചിന്തിയ്ക്കുക – അയാൾക്കുതന്നെ അയാളുടെ മുൻകാല വർക്കുകളിൽ അങ്ങനെ തോന്നിയിട്ടുണ്ട് എന്ന് – അതുകൊണ്ടാണ് ഹരീഷ് മലയാളത്തിൽ ടോപ് അഞ്ചിൽപ്പെടുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നതും. ഹരീഷിനോട് ഞാൻ നേരിട്ട് പറഞ്ഞത് മീശ ഇരുനൂറു പേജെങ്കിലും നീളക്കുറവാണെന്നാണ്. ഹരീഷ് ചിരിച്ചു. മറ്റൊരു കാര്യം ഹരീഷ് പറഞ്ഞത്, ഞാൻ കരുതുന്ന പോലെ ഇമോഷൻസ് രെജിസ്റ്റർ ആവുന്നതിലല്ല മോണോലോഗുകളുടെ പ്രശ്നം, മറിച്ച് ഏതു കഥാപാത്രമാണ് ഒരു സംഗതി പറയുന്നത് എന്നതിലാണ് എന്നാണ് (എഴുതി തഴക്കം ചെന്നവർക്കും അക്കാര്യം പ്രയാസമായിരിയ്ക്കും എന്നും). എന്റെ എഴുത്തുമേശയിൽ ഈ നോവൽ സീരീസ് എഴുതി തീരുന്നവരെ ഇരിയ്ക്കാൻ പോകുന്ന പുസ്തകങ്ങളിലൊന്നാണ് മീശ (സാവേജ് ഡിറ്റക്റ്റീവ്സ് തുടങ്ങിയ എലീറ്റ് company കൂട്ടിനുണ്ട്) – അതിൽ നാട്ടുവഴിനടന്ന ഒരാൾക്ക് മനസ്സിലാവുന്ന ചില സംഗതികളുണ്ട്. അത് റൂം ഫ്രഷ്നർ പോലെയാണെനിയ്ക്ക് – അല്ലെങ്കിൽ മൈതാനത്ത് ഒരു കളികഴിഞ്ഞു വരുമ്പോഴുള്ള സംതൃപ്തിയുടെ വിയർപ്പുമണം പോലെ.
ഇതൊന്നും, തീർച്ചയായും, നോവലിന്റെ എഴുത്തിന്റെ നിലവാരത്തെയോ ഗുണത്തെയോ സൂചിപ്പിയ്ക്കുന്ന സംഗതികളല്ല, അതെനിയ്ക്കു മറ്റാരേക്കാളും ബോധ്യമുള്ള കാര്യമാണ്. എന്നാൽ യാതൊരു ബാക്ക് സ്റ്റോറിയുമില്ലാതെ ഒരു സുപ്രഭാതത്തിൽ ഉണ്ടായിവന്നതുമല്ല ഈ നോവൽ. അപ്പോഴും, എന്റെ എഴുത്തിനെപ്പറ്റി യാതൊരു അബദ്ധധാരണയും, വ്യാമോഹവും എനിയ്ക്കില്ല. കൃത്യം നാലുവര്ഷങ്ങൾക്കു ശേഷം ഇപ്പോൾ ഞാനെഴുതിയിരുന്നെങ്കിൽ നോവലിൽ വരുമായിരുന്ന മാറ്റങ്ങളെപ്പറ്റി എനിയ്ക്കു സാമാന്യം നല്ല ധാരണ ഇപ്പോഴുണ്ട്. എന്നാൽ മേലേ പറഞ്ഞപോലെ നോവലിന്റെ ഘടനയിൽ എടുത്ത തീരുമാനത്തെപ്പറ്റി എനിയ്ക്കിപ്പോഴും ഒരു ചാഞ്ചല്യവുമില്ലെന്നുമാത്രമല്ല, അതിന്റെ പൊട്ടൻഷ്യൽ ഓർത്ത് സന്തോഷം പോലും തോന്നാറുണ്ട്. എന്നെക്കാളും ടാലന്റ് ഉള്ള ഒരുത്തന്റെ കയ്യിൽ അസാധ്യ പോസ്സിബിലിറ്റീസ് ഉള്ള ഒന്നാണത്. ഒരു പക്ഷെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന ഘടകം ഏറ്റവും നന്നായി പ്രവർത്തിച്ച സംഗതിയുമാണത്. മലപ്പുറത്തെ ഒരു കുഗ്രാമത്തിലെ ആളുകൾ മോണോലോഗ് രീതിയിലും ചിലപ്പോൾ സംഭാഷണ രീതിയിലും പറയുന്ന വാചകങ്ങളിൽ ആനന്ദിനെയും സുഭാഷിനെയും തിരയുന്നവർ നിരാശരാകും. ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തലത്തിനനുസരിച്ച് അയാളുടെ ഭാഷയിലും, ഉപയോഗിയ്ക്കുന്ന വാക്കുകളിലും, tone-ലും, മോണോലോഗിന്റെ വേഗതയിലും (pace) മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട് – അത് ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണ് പൊതുവെ എനിയ്ക്കുള്ള ഫീഡ്ബാക്ക് (ഷിനോദ് എൻകെ, സെബിൻ ജേക്കബ്, ആദ്യകാലത്തു രാജേഷ് വർമ്മ തുടങ്ങിയ അനവധി സുഹൃത്തുക്കൾ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കുകയും (ഉദാ:- ഇംഗ്ളീഷ് ചുവ) രണ്ടാമത്തെ പുസ്തകത്തിൽ ആ കുറവുകൾ എന്റെ കഴിവിനനുസരിച്ച് നികത്തുകയും ചെയ്തിട്ടുണ്ട്). എന്റെ നോവലിനെ പരിഹസിയ്ക്കുന്നവരൊക്കെ പുസ്തകം എഴുതി പബ്ലിഷ് ചെയ്തിട്ടുള്ള ഓൺലൈൻ എഴുത്തുകാരാണ് എന്നതാണ് ഞാൻ ശ്രദ്ധിച്ചിട്ടുള്ള സംഗതി(വിമർശനമൊന്നുമല്ല, പരിഹാസം തന്നെയാണ്, പക്ഷെ, അതിൽ എനിയ്ക്കു പരാതിയില്ല, തിരിച്ച് ഞാൻ ചെയ്യുമ്പോൾ എനിയ്ക്കു കളക്റ്റീവ് എന്ന ബോധമൊന്നുമുണ്ടാകില്ല എന്നേയുള്ളൂ). അതിൽ പലരും ഞാനെന്ന വായനക്കാരൻ ഉയർത്തുന്ന വിമർശനങ്ങളെ ഞാനെന്ന എഴുത്തുകാരന്റെ പ്രവർത്തിയുമായി താരതമ്യപ്പെടുത്തിയാണ് പരിഹസിയ്ക്കാറുള്ളത് – എന്റെ വായനയ്ക്ക് ഒരു വിയോജനക്കുറിപ്പെഴുതുകയാണ് അവർ ശരിയ്ക്ക് ചെയ്യേണ്ടത്, അതിനുപകരം എന്റെ എഴുത്തിനെ പരിഹാസിച്ചുകൊണ്ട് എന്റെ വായ്മൂടാനാണ് ശ്രമം. പണ്ടൊരു എഴുത്തുകാരിയെ വിമര്ശിച്ചപ്പോൾ ഞാൻ സ്ത്രീവിരുദ്ധനാണെന്ന് പോസ്റ്റിടുകയാണ് അവർ ചെയ്തത്. അടുത്ത കാലത്ത് ഒരു മുതിർന്ന എഴുത്തുകാരനും ഇതുപോലെ അയാളുടെ ശിഷ്യയെ ആരോ വിമര്ശിച്ചപ്പോൾ യാതൊരു ലോജിക്കുമില്ലാതെ ജനാധിപത്യ വിരുദ്ധതയും സ്ത്രീവിരുദ്ധതയും ആരോപിച്ചിരുന്നു. എല്ലാം മലയാള സാഹിത്യലോകത്തെ ചാപ്പയടി എന്ന സൗകര്യം എന്നതിൽ കവിഞ്ഞൊന്നുമല്ല. ദേവദാസ് വി എം പണ്ട് ഒരെഴുത്തുകാരൻ ഒരേസമയത്ത് വായനക്കാരനും കൂടി ആയിരിയ്ക്കുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഞാൻ അത് പല തവണ ആവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് അതിലേയ്ക്ക് കടക്കുന്നില്ല. എന്നെ തിരുത്താൻ കഴിയാത്ത വിർശനത്തിന് എന്ത് പ്രസക്തി? എന്റെ രീതികൾ അതുകൊണ്ടു മാറാൻ പോകുന്നില്ല.
ശരിയ്ക്കു പറഞ്ഞാൽ സത്യം പറയുക എന്നതാണ് വിമർശനത്തിന്റെ ആത്യന്തിക ലക്ഷ്യം – അതിന്റെ വിശദാംശങ്ങൾ ആളുകൾക്കനുസരിച്ചു മാറുമെന്ന് മാത്രം. നമ്മൾ ഏർപ്പെടുന്ന സംഗതി എന്തോ ആവട്ടെ, നമ്മൾ ചിലവഴിയ്ക്കുന്ന സമയത്തിനും ഊർജ്ജത്തിനും പണത്തിനുമൊന്നും തത്തുല്യമായ ഫലം നമുക്ക് ലഭിയ്ക്കുന്നില്ലെങ്കിൽ നമ്മൾ എന്താണ് ചെയ്യുക? അതാണ് എന്റെ വായനയിൽ സംഭവിയ്ക്കുന്നത് – ഞാൻ വായിച്ചു ഇഷ്ടപ്പെടാത്ത പുസ്തകം ഞാൻ റെക്കമെന്റ് ചെയ്യില്ല (എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനാണെങ്കിൽ പോലും, ഞാൻ ഓരോ പുസ്തകത്തെയും വെവ്വേറെയാണ് കാണുന്നത്). അതുകൂടിയാണല്ലോ എന്റെ ബ്ലോഗ് പോസ്റ്റ് എന്ന് പറയുന്ന സാധനം – ഐ റെക്കമെന്റ് ബുക്ക്സ്, ഒരു മോശം പുസ്തകം എന്തിനെന്റെ വായനക്കാർ വായിയ്ക്കണം? ലൈഫ് ഈസ് ടൂ ഷോർട്ട് ഫോർ ദാറ്റ്. സത്യം പറയുന്ന രീതി, അഥവാ ജോലിസ്ഥലത്തും സാഹിത്യത്തിലും കലയിലും ഒക്കെ ഫീഡ്ബാക്ക് എന്നുപറയുന്ന രീതി, അതാണ് ഞാൻ മേലെ സൂചിപ്പിച്ച എഴുത്തുകാരൊക്കെ എന്നെ സഹായിച്ച വിധം. അവരൊന്നും എന്നെ സുഖിപ്പിയ്ക്കാൻ എന്തെങ്കിലും പറഞ്ഞതാണെന്ന് കരുതാനുള്ള മൗഢ്യം എനിയ്ക്കില്ല. സായിപ്പിന്റെ ഒപ്പം വർഷങ്ങൾ ജോലിചെയ്ത് ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യമാണ് ഒബ്ജെക്റ്റിവിറ്റി എന്നത്. എന്നോടുള്ള സൗഹൃദമോ പരിചയമോ എന്റെ അഭിപ്രായത്തെ സ്വാധീനിയ്ക്കും എന്ന് ആളുകൾ തെറ്റിദ്ധരിയ്ക്കുന്നതിനെ ഞാനെന്തു പറയാനാണ്? ഞാനാരെയും ലജ്ജയില്ലാതെ പ്രൊമോട്ട് ചെയ്യാനായി എന്റെ വര്ഷങ്ങളുടെ വായനയേയും എന്റെ ഇന്റെലിജെൻസിനെയും തള്ളിപ്പറയുമെന്നു കരുതരുത്. എന്നെ ഫീഡ്ബാക്കിലും മറ്റും സഹായിച്ച മേലെ സൂചിപ്പിച്ചിട്ടുള്ള ഒരെഴുത്തുകാരൻപോലും ഞാനയാളെ സദാ പുകഴ്ത്തിക്കൊണ്ടിരിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല – മറിച്ചൊരു സംഗതിയാണ് പൊതുവെ ആളുകളുടെ ചിന്തയിലുള്ളത്, അതും എനിയ്ക്കനുഭവമുണ്ട്. സത്യത്തിൽ കഴിഞ്ഞ വർഷമാണ് ഒരു പ്രധാന എഴുത്തുകാരൻ പിൽക്കാലത്ത് പ്രശസ്തമായ അയാളുടെ നോവൽ ഡ്രാഫ്റ്റ് അയച്ചു തന്നത് – അതിലെ ഒരു ഫാക്ച്വൽ എറർ ചൂണ്ടിക്കാണിച്ചപ്പോൾ അയാളത് ഉടനെ തിരുത്തി – നോവലിലെ ഒരു മനോഹര രംഗം അതുമൂലം നഷ്ടപ്പെട്ടു. എന്നാൽ ആ രംഗം മുറിച്ചുകളയാൻ അയാൾ തയ്യാറായി എന്നതാണ് ഞാൻ കാണുന്ന സംഗതി (അത് സാധാരണ വായനക്കാർ കണ്ടുപിടിയ്ക്കാൻ സാധ്യത കുറവായിരുന്നു, ഞാൻ ആ സംഗതിയെക്കുറിച്ചു യാദൃച്ഛികമായി വായിച്ചിരുന്നു എന്ന് കരുതിയാൽ മതി) – സത്യം പറഞ്ഞപ്പോൾ ആ സത്യത്തെ മടികൂടാതെ സ്വീകരിയ്ക്കുന്നത് എത്ര ബുദ്ധിമുട്ടുണ്ടാക്കിയേയ്ക്കാം എഴുത്തിൽ എന്ന് നോക്കൂ. മലയാളത്തിലെ 99% എഴുത്തുകാരും അത്തരത്തിലൊരു ഫീഡ്ബാക്ക് എടുക്കാൻ തയ്യാറാവില്ല (എന്നോട് പിഎഫ് പറഞ്ഞതിന്റെ പൊരുൾ ഇതാണ്). അതിന് ഉദാഹരണങ്ങളാണ് പല പ്രമുഖരുടെയും ഇംഗ്ളീഷ് പരിഭാഷകൾ – പദാനുപദ തര്ജ്ജമയാണ് പലതിലും – എന്നാൽ അതേ ട്രാൻസ്ലേറ്റർ ചെയ്ത മറ്റു പരിഭാഷകളിൽ അങ്ങനെ കാണുന്നില്ല താനും. എന്നെ തിരുത്താൻ താനാര് എന്നാണ് പുസ്തകം അധ്വാനിച്ച പണം കൊണ്ട് വാങ്ങുന്ന വായനക്കാരനോട് എഴുത്തുകാരൻ ചോദിയ്ക്കുന്നത്. ജനാധിപത്യം ഇപ്പോഴും ഇന്നാട്ടിലുണ്ട് എന്നാണ് അതിനുള്ള മറുപടി.
എന്തിനെഴുതി എന്ന ചോദ്യമാണ് ഇനിയുള്ളത് – മലപ്പുറത്തെ സാഹിത്യകാരന്മാർ പൊതുവെ മിത്തുകളെപ്പറ്റിയാണ് കഥകളെഴുതിയിട്ടുള്ളത് – പലതും മതസൗഹാർദ്ദവും മറ്റുമായുള്ള ഫീൽ ഗുഡ് കഥകൾ. മലയാളസാഹിത്യത്തിൽ തന്നെ മിയ്ക്കവാറും രാഷ്ട്രീയ നോവലുകൾ കമ്മ്യുണിസ്റ്റ്/നക്സൽ നൊസ്റ്റാൾജിയയാണ് അഡ്രസ്സ് ചെയ്തിട്ടുള്ളത്. 80-കളിലെ ദാരിദ്ര്യത്തിൽ നിന്ന് ഗൾഫ് പണത്തിന്റെ ബലത്തിലും രണ്ടായിരങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ബലത്തിലും ഏറെക്കുറെ സ്വയം കൈപിടിച്ചുയർത്തിയ ഒരു സമൂഹം, അതിൽ ജാതിമത തിരിവ് അധികമൊന്നുമില്ല, എന്നാലും പൊതുവെ മുസ്ലീങ്ങൾ, അങ്ങനെ കയറിവരുന്ന കാലത്താണ് 92-വിലെ സംഗതികളുണ്ടാകുന്നത് – അത് കൊണ്ടുവന്ന മാറ്റങ്ങൾ മറ്റു മാറ്റങ്ങളുമായി ചേർന്ന്, ഇടതല്ലാത്ത, എന്നാൽ ഇടതുകൂടി ഉൾപ്പെട്ട ഒരു സവിശേഷ രാഷ്ട്രീയ സാമൂഹ്യ സാഹചര്യം അന്നാട്ടിലുണ്ടാക്കിയിട്ടുണ്ട് – അതിനെപ്പറ്റി ആരും എഴുതാത്തതുകൊണ്ട് എന്റെ പരിമിതമായ കഴിവുപയോഗിച്ചു ഒന്ന് ശ്രമിയ്ക്കണം എന്ന ആഗ്രഹമാണ് എന്നെ ഈ എഴുത്തിലേയ്ക്ക് നയിച്ചത്. ആ ശ്രമത്തിൽ എനിയ്ക്ക് സന്തോഷമേയുള്ളൂ. ഒരു റിസർച്ചും അനുഭവവും ഒന്നുമില്ലാതെ ഒരാൾ അതെഴുതാൻ തുനിയുമോ എന്ന ചോദ്യം ഉണ്ട്. അതിനുള്ള മറുപടി എവിടെയാണുള്ളത് എന്ന് ഞാൻ പറയേണ്ടല്ലോ.
Comprehensive 🙂
Comprehensive 🙂