എന്റെ നോവൽ സീരീസിനെപ്പറ്റി അടുത്ത കാലത്തായി ലഭിച്ചിട്ടുള്ള ഫീഡ്ബാക്കുകളിൽ ആളുകൾ ഏറ്റവും കൂടുതൽ എടുത്തു പറഞ്ഞിട്ടുള്ള ഭാഗമാണ് താഴെ. ആദ്യനോവലിൽ, നയന എന്ന കഥാപാത്രത്തിന്റെ, രണ്ടു അധ്യായങ്ങളായുള്ള മോണോലോഗ്. പുസ്തകം കിൻഡിലിൽ ലഭ്യമാണ് – ലിങ്ക് ഈ പേജിന്റെ ഇടതു വശത്തുണ്ട് (താല്പര്യമുള്ളവർക്കായി)
(പുനഃപ്രസിദ്ധീകരണം അനുവദനീയമല്ല, കോപ്പി റൈറ്റ് അവകാശങ്ങൾ മാനിയ്ക്കുക)
പൊറ്റാളിലെ ഇടവഴികൾ
Book 1
അഭിലാഷ് മേലേതിൽ
1.
നയന : മണ്ണിൽ മൂസ്സയുടെ മകൻ അബു രാത്രി ദർസ് കഴിഞ്ഞ്, ചൂട്ടും മിന്നി വരുന്ന നേരത്ത് ചാലിയിലെ കുളത്തിന്റെ വക്കിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. അവൻ ഒന്നമ്പരന്നു, രാത്രി ഈ സമയത്ത് ഒരു മണ്ണെണ്ണ വിളക്കുമായി, കുളിക്കാൻ വന്നതായിരിക്കുമോ? ഉമ്മറാക്കയുടെ വീടിന്റെ ഇപ്പുറത്ത് കണക്കന്മാർ വീട് വച്ചിട്ടുണ്ട്, അവിടത്തെയായിരിക്കുമോ? നല്ല കറുപ്പ് , പക്ഷെ നനുത്ത ചിരി.
ത്താ ചെർക്കാ, ജ്ജ് പെണ്ണ്ങ്ങളെ കണ്ട്ട്ടില്ലേ ? കണക്കി ചോദിച്ചു.
അബുവിനൊന്നും പറയാനുണ്ടായിരുന്നില്ല. പറയാൻ കിട്ടിയില്ല എന്നതാണ് നേര്, അവന് വിക്കിപ്പോയി. അപ്പോൾ ആ പെണ്ണ് മുറുക്കിക്കൊണ്ടിരുന്നത് പാടത്തേക്കു തുപ്പി. തുപ്പലംകൊത്തികൾ വെള്ളത്തിൽ പിടക്കുന്നത് അബു കണ്ടു. അവക്ക് വലിയ ബ്രാലുകളോളം വലിപ്പമുണ്ടായിരുന്നു. അവൻ കൗതുകത്തോടെ നോക്കി നിന്നു. ചെർക്കാ പോ, ഞ്ഞി ഞാൻ കുളിക്കട്ടെ. അബുവിന് നാണം തോന്നി. അപ്പോഴാണ് പെണ്ണിന്റെ കയ്യിൽ ഒരു മടലുപോലെ എന്തോ കണ്ടത്, അതോ ഒരു മരക്കഷണമോ? മറ്റേ കയ്യിൽ ചെറിയ ഒരു ഉളി പോലെ ഒരുപകരണം. അത് വച്ച് മരക്കഷണത്തിൽ എന്തോ പണിയുകയായിരുന്നോ അവൾ? താൻ വന്നപ്പോൾ അത് കണ്ടതായി അവന് പെട്ടെന്ന് ഓർമ്മ വന്നില്ല. അവൻ മുന്നോട്ടു നടക്കാനൊരുങ്ങി അപ്പൊ പെണ്ണ് പറഞ്ഞു – ന്നാ തും കൊണ്ടോയ്ക്കോ. അവൻ ചൂട്ടിന്റെ വെളിച്ചത്തിൽ അത് വാങ്ങി നോക്കി. ഒരു പെണ്ണിന്റെ രൂപം എല്ലാ വടിവോടെയും ഒരു ചെറിയ ഓലമടലിന്റെ കഷണത്തിൽ കൊത്തിയിരിക്കുന്നു. അവൻ എന്തോ ചോദിക്കാനാഞ്ഞു, അപ്പോഴേക്കും വലിയ ശബ്ദത്തോടെ പെണ്ണ് വെള്ളത്തിലേക്ക് ചാടിക്കഴിഞ്ഞു. അവൻ മടൽക്കഷ്ണം പുസ്തകങ്ങളുടെ ഇടയിലേക്ക് വച്ച് ചൂട്ടും മിന്നിച്ചു വീട്ടിലേക്കു പോയി.
കിടക്കയുടെ അടിയിലാണ് അബു അതൊളിപ്പിച്ചു വച്ചത്. കിടക്കുന്നതിനുമുന്നെ അതെടുത്ത് അതിന്റെ ഓരോ വടിവിലൂടെയും അവൻ വിരലോടിച്ചു. അവന്റെ ഉള്ളിൽ പുറത്തേക്കു വഴിയറിയാതെ എന്തോ ഒരു വിമ്മിഷ്ടം ഉഴറിക്കൊണ്ടിരുന്നു, ഉറങ്ങുന്നതു വരെ. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അതിനു ശമനമുണ്ടായില്ല. അന്ന് രാത്രി അവന് പനിക്കാൻ തുടങ്ങി. രാവിലെയായപ്പോൾ പിച്ചും പേയും പറഞ്ഞു. മൂന്നുദിവസം അവൻ പനിച്ചു തുള്ളി. ഇമ്പിച്ചുണ്ണി വൈദ്യരുടെ മരുന്നിൽ അത് നിന്നില്ല. നാലാം ദിവസം മൂസ്സാക്ക കിടക്കയുടെ അടിയിലെ രൂപം കണ്ടു. ബദരീങ്ങളെ – അയാൾ വിളിച്ചു പോയി. അതെങ്ങനെ അവിടെ വന്നെന്ന് ഒരു രൂപവും ഇല്ലല്ലോ. കുറച്ചാലോചിച്ച് ഇരുന്ന ശേഷം അയാൾ കുണ്ടാരു ആശാനെ ചെന്ന് കണ്ടു. ങ്ങളൊന്ന് ബന്നോക്കി. ആശാൻ വന്നു. രൂപം എടുത്തു നോക്കി. ഭക്ത്യാദരപൂർവ്വം നെറ്റിയിൽ ചേർത്തു. പിന്നെ അബുവിന്റെ നെറ്റിയിൽ കൈ ചേർത്തു വച്ച് പ്രാർത്ഥിച്ചു. ചാലിയമ്മേ! അബുവിന്റെ ശരീരം വിറകൊണ്ടു. മൂസാക്കയും കണ്ണടച്ച് നിൽപ്പായിരുന്നു. ഒടി മറയാനും, പിശാചുക്കളെ ഓടിക്കാനും കഴിവുള്ള ആളായിരുന്നു അയാളും. എന്നാൽ ഇത് ശക്തി വേറെയാണ്. അവർ രണ്ടു പേരും കൂടി പിന്നെ ആശാന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ആശാന്റെ വീട്ടിലെ തറയിൽ ചാലിയമ്മ കുടിയിരുത്തപ്പെട്ടു. വർഷാവർഷം അവിടെ ഉത്സവം നടന്നു. ഉത്സവത്തിന് ആശാനും മക്കളും വെളിച്ചപ്പെട്ടു. സമാപനത്തിന്റെ അന്ന് വൈകുന്നേരം ആശാൻ വാളും ചിലങ്കയും എടുത്ത് പൊറ്റാൾപ്പാടം വരെ ഓട്ടമുണ്ട്, ഒപ്പം ഓടാൻ ആളുകളുണ്ടാകും. അവിടത്തെ പാലയിൽ മൂന്നു വെട്ടു വെട്ടും. പിന്നെ സ്വന്തം നെറ്റിയിൽ രണ്ടു പ്രാവശ്യം വെട്ടും. പിന്നെ വയറ്റത്തും. ചോര കിനിഞ്ഞാൽ മഞ്ഞള് പൂശാൻ ആളുണ്ടാകും. ചിലപ്പോൾ പിടിച്ചു വെക്കാനും. അതിനു ശേഷം അമ്പലത്തിലും പരിസരത്തുമായി വെളിച്ചപ്പാട് അലഞ്ഞു നടക്കും. വിചിത്ര ഭാഷയിൽ ചിലരോട് മാത്രം കൽപ്പിക്കും – ദേവിയുടെ ഹിതമറിയിക്കുകയാണ്. അതിൽ മൂസാക്കയുടെ കുടുംബത്തിലെ അംഗവും കാണും. ആദ്യം അയാൾ തന്നെയായിരുന്നു. പിന്നെ മകനായി, കുഞ്ഞാമുട്ടി . പിന്നെ മകന്റെ മകൻ മുഹമ്മദ്. അയാൾ അവിശ്വാസിയായിരുന്നു. എന്നാലും കൽപ്പന കേട്ടു. അയാളുടെ മകൻ റിയാസ് ഇതുവച്ച് അയാളെ പരിഹസിക്കുമായിരുന്നു.
ഒരു ദിവസം മമ്പറം പള്ളിയിലെ മുക്രി ഫജറിന്റെ മുന്നേ പനമ്പുഴയിൽ ഒളുവെടുക്കുകയായിരുന്നു. പുഴയിൽ വെള്ളം കുറവായിരുന്നു. വെള്ളത്തിൽ ദൂരെ എന്തോ ഉയർന്നു നിൽക്കുന്നത് കണ്ട് അയാൾ, ഉടനെ വെള്ളത്തിലിറങ്ങി അടുത്തു ചെന്നു. കരിപോലെ കറുത്ത കല്ലിൽ ചെയ്ത, ഒരു വിഗ്രഹമായിരുന്നു അത്. അതൊഴുക്കിനെതിരെ നീന്തുന്ന പോലെ തോന്നി, അതിന്റെ പാദം വരെ വെള്ളത്തിന് മുകളിൽ ഉണ്ടായിരുന്നു, എന്നാൽ വെള്ളത്തിനിടയിൽ അതിനെ താങ്ങുന്ന ഒന്നുമുണ്ടായിരുന്നില്ല. മുക്രി പേടിച്ചു പോയി. അത്തരത്തിലൊന്ന് അത് വരെ കണ്ടിട്ടില്ല. അയാൾ ഓടി തങ്ങളെ ചെന്ന് കണ്ടു. തങ്ങൾ വന്ന് നോക്കി – ആദ്യം കരയിൽനിന്ന്, പിന്നെ വെള്ളത്തിലിറങ്ങി. കരക്ക് കയറിയ തങ്ങൾ ഉടനെ പൊറ്റാളിൽ ചെന്ന് ആശാനെ കൂട്ടിവരാൻ ഒരാളെ വിട്ടു. ആശാനും വെള്ളത്തിൽ ഇറങ്ങി നോക്കി – ദേവിയേ! അയാൾ വിളിച്ചു. പിന്നെ കുറെ നേരം കണ്ണടച്ചു നിന്നു. അതിനു ശേഷം വിഗ്രഹം തോളിലെ ചുവന്ന മുണ്ടിൽ പൊതിഞ്ഞ് തങ്ങളുടെ നേരെ തിരിഞ്ഞു പറഞ്ഞു. കൽപ്പനയുണ്ട്. പറയിൻ – തങ്ങൾ ഗൗരവത്തോടെ പ്രതിവചിച്ചു. പ്രതിഷ്ഠ കഴിഞ്ഞാൽ ഉൽസവത്തിന് തീയതി കുറിക്കാൻ ഇവിടുന്നു വേണം എന്നാണ്. തങ്ങൾ കണ്ണടച്ചു നിന്നു, തെല്ലുനേരം. ആയിക്കോട്ടെ, ആളെ അയച്ചാൽ മതി. ആശാന്റെ ഉത്സവം വിളംബരം ചെയ്യുമ്പോൾ നാടു മുഴുവൻ നടന്ന് അരിയെറിയുമായിരുന്നു – ഇവിടെ പള്ളിയിലും അരിയെറിയാൻ വരും. തങ്ങൾ തല കുലുക്കി. പിൽക്കാലത്ത് അതും ആചാരമായി. ആശാൻ ആ വിഗ്രഹവും പ്രതിഷ്ഠിച്ചു. അന്ന് രാത്രിയിൽ പേമാരിയുണ്ടായി. അത് മൂന്നു ദിവസം തുടർന്നു. പനമ്പുഴയിൽ വെള്ളം കയറിക്കൊണ്ടിരുന്നു. മമ്പറം പള്ളിയുടെ മതിൽക്കെട്ടുവരെ അത് കയറി. സഹായികൾ ചെന്ന് പറഞ്ഞപ്പോൾ തങ്ങൾ പുറത്തിറങ്ങി. പുഴ ഒരു മുഴക്കത്തോടെ ഒഴുകുകയാണ്. തങ്ങൾ ഒരു കസാലയിട്ടു പുറത്തിരുന്നു. മഴ എത്ര നേരം പെയ്തിട്ടും പുഴവെള്ളം പിന്നെ പൊങ്ങിയില്ല. ഓളൊതുങ്ങും. അയാൾ പേടിച്ചു നിൽക്കുന്ന മറ്റുള്ളവരോട് പറഞ്ഞു.
പനമ്പുഴ കൂരിയാട് കടന്നു, കൊളപ്പുറം കടന്നു, അത്താണിയും ഇരുമ്പുചോലയും കടന്നു, പാടങ്ങളും തോടുകളും ഒന്നായി, പിന്നെ ചാലിയിലേക്കു കടന്നു. ചാലിയിലെ വലിയ കുളം നിറഞ്ഞു കവിഞ്ഞു. അപ്പോൾ ഉമ്മറത്ത് മഴയിലേക്ക് നോക്കിയിരുന്ന ആശാൻ മുറ്റത്തുകൂടി ആരോ ഓടുന്നത് കണ്ടു. ആരത് ? അയാൾ ഉറക്കെ ചോദിച്ചു. മറുപടിയുണ്ടായില്ല. അയാൾ ഇറങ്ങി അമ്പലത്തിലേക്ക് ചെന്നു. അവിടെ കെടാതെ കത്തിച്ചിരുന്ന നിലവിളക്കിന്റെ വെളിച്ചത്തിൽ മൂന്നു സ്ത്രീകൾ കളിപറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ആശാൻ തിരിഞ്ഞു നടന്നു. അപ്പോൾ ഒരു സ്ത്രീ ശബ്ദം പിന്നിൽ നിന്ന് കേട്ടു – മക്കളെ കണ്ടു, ഇനി ഞാൻ പൊയ്‌ക്കോളാം. മഴ ആ നിമിഷം നിന്നു. അതിനുശേഷം ചാലിയിലെ വലിയ കുളം ഒരിക്കലും വറ്റിയിട്ടില്ല.
ഷിഹാബിന്റെ നോട്ട്ബുക്കുകളിൽ പൊറ്റാളിനെക്കുറിച്ചുള്ള കഥകൾ അങ്ങനെയാണ് തുടങ്ങുന്നത്. ഇതേ മൂസാക്ക “ആറരയടിയുടെ ഉയരം കൊണ്ട് പൊറ്റാളിനെ അളന്നു, രാവും പകലും” എന്നവൻ കവിതയിലും എഴുതുന്നു. കവിതയുടെ അവസാനത്തിൽ മൂസാക്കയുടെ കുട്ടികളില്ലാത്ത ഭാര്യ മയ്യത്ത് കാണാൻ വന്ന ചാലി ഭഗവതിയെ കാണുന്നുണ്ട്, മുറ്റത്തിന്റെ ഒരറ്റത്ത്. “വെയിലിലങ്ങനെ തിളങ്ങി നിക്ക്ണ് ഓള് മുട്ടുവരെ മുടി, ചുവന്നപട്ട്, ചൂണ്ടുവിരലില്‍ പിടിച്ചൊരു നക്ഷത്രക്കുഞ്ഞ്”. പൊറ്റാളിന്റെ ഐതിഹ്യങ്ങളിൽ ജാതിയും മതവും ആണും പെണ്ണും ഇഴപിരിഞ്ഞു കിടന്നു.
പൊറ്റാളിലെ ഇടവഴികളെപ്പറ്റിയും ഷിഹാബ് എഴുതിയിട്ടുണ്ട്. കേരളത്തിൽ റോഡുണ്ടാക്കാൻ തുടങ്ങിയ കാലത്ത് സാധാരണക്കാർ ആരുമത് കണക്കിലെടുത്തില്ല എന്ന് കേട്ടിട്ടുണ്ട്. ആളുകൾ പറമ്പുകളിലൂടെയും പാടങ്ങളിലൂടെയും ഇടവഴികളിലൂടെയും ഒക്കെ നടന്നു പോകുവാനും, കുറുക്കുവഴികൾ ഉപയോഗിക്കാനുമൊക്കെയാണെത്രെ കൂടുതലിഷ്ടപ്പെട്ടത്. അത് നമ്മുടെ നാടിൻറെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് കൂടിയാണോ എന്നറിയില്ല. ഇടവഴികൾ സർവസാധാരണമായിരുന്നു. പല പ്രദേശങ്ങളിലും ഇടവഴികളാണ് പിൽക്കാലത്തു റോഡുകളായി മാറിയതും. ഇതത്ര പഴയ തലമുറയുടെ കാര്യമല്ല. അമ്മയുടെ വീട്ടിൽ പോകുമ്പോൾ ഞാൻ തന്നെ ഇതുപോലെ ചെറു ഇടവഴികളിലൂടെ, പറമ്പുകളിലൂടെ, വീട്ടുമുറ്റങ്ങളിലൂടെ ഒക്കെ പോയിട്ടുണ്ട്. അമ്മയുടെ പരിചയക്കാരുടെയും കൂട്ടുകാരികളുടെയും ഒക്കെ വീടുകളായിരിക്കും അധികവും. പലയിടത്തുനിന്നും ചായക്ക് ക്ഷണം കിട്ടും. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ തമ്മിൽ പറയാൻ കാണും. ഇത്തരം ബന്ധങ്ങൾ കൂടിയാകാം ഈ ശീലങ്ങൾക്കു പിറകിൽ. പൊറ്റാളിൽ നിന്ന് എല്ലായിടത്തേക്കും ഇടവഴികളായിരുന്നു ഒരു കാലത്ത്. ഷിഹാബിന്റെ വീടിനുമുന്നിലൂടെ ഇപ്പോഴും ഒരിടവഴിയാണ്, അത് വന്ന് കയറുന്നത് എന്റെയും നിതിന്റെയും സമീറിന്റെയും ഒക്കെ വീടിനുമുന്നിലൂടെ പോകുന്ന റോഡിൽ. രണ്ടുവശത്തും കൈതകൾ കാടുപിടിച്ചു കിടക്കുന്ന ഇടവഴിയായിരുന്നു പണ്ട്. റിയാസിന്റെ വീടുമുതൽ മേലെ എന്റെ വീട് വരെ പാറവെട്ടിയുണ്ടാക്കിയ പടവുകൾ. ഷിഹാബ് റോഡ് പണി നടക്കുന്നത് കണ്ടിട്ടുണ്ട്. കൈതകൾ വെട്ടിക്കളഞ്ഞപ്പോൾ അവൻ പണ്ട് ഒരു ശീലം പോലെ അവക്കിടയിൽ എറിഞ്ഞു കളഞ്ഞിരുന്ന ചെറുപാത്രങ്ങളും കയ്യിലുകളും ഒക്കെ തിരികെ കിട്ടി. അവന്റെ വീട്ടിലെ മാത്രമല്ല അവൻ ചെന്നിരിക്കാറുണ്ടായിരുന്ന അയൽപ്പക്കങ്ങളിലെയും പലതുമുണ്ടായിരുന്നുവത്രെ അക്കൂട്ടത്തിൽ. അയല്പക്കത്തെ ഉമ്മമാരുടെ തമാശച്ചോദ്യങ്ങൾക്കും കളിയാക്കലിനുമിടക്ക് അവൻ നാണിച്ചു നിന്നത്രേ.
പൊറ്റാളിലെ വലിയ സ്‌കൂളിൽ കോമ്പൗണ്ടിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് വെള്ളം മുഴുവൻ ഈ ഇടവഴിയിലൂടെ ഒഴുകി വരും. റോഡായപ്പോഴും അത് തന്നെയായിരുന്നു സ്ഥിതി. നിതിന്റെ മുറ്റത്തേക്കും റിയാസിന്റെ പറമ്പിലേക്കും വെള്ളമൊഴുകും. ബാക്കി മുഴുവനൊഴുകി ചാലിയിലെ പാടത്തേക്ക് വരും. ഷിഹാബിന്റെ വീടിനുമുന്നിലെ ഇടവഴി മുഴുവൻ വെള്ളം കൊണ്ട് മൂടും. സ്‌കൂളിന്റെ കിഴക്കുവശത്തേക്കൊഴുകുന്ന വെള്ളം മറ്റൊരിടവഴി വഴി കൊടുവായൂർ പാടത്തേക്കൊഴുകും. ആ ഇടവഴി അവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. കുറുക്കനിടവഴി. കുറുക്കന്മാർ പേരുള്ള ഒരു മുസ്ലിം കുടുംബമായിരുന്നു. ഷിഹാബിന്റെ ഉപ്പാക്ക് എന്തോ ഒരു ബന്ധവുമുണ്ടായിരുന്നു അവരുമായി. കുറുക്കനിടവഴി വഴി വെള്ളം നാട്ടിലെ ഏറ്റവും വലുതെന്നു പറയാവുന്ന മുന്നൂറാം കുളത്തിലേക്കും, വെള്ളം തേവാൻ ഏത്തം പിടിപ്പിച്ച എണ്ണമറ്റ ചെറിയ കുളങ്ങളിലേക്കും ഒഴുകും. പിന്നെയത് തോട്ടിലൂടെ ഒഴുകി രണ്ടു മൂന്നു തെങ്ങിൻ തോട്ടങ്ങൾക്കും നെച്ചിക്കാട്ടെ മനയുടെ പറമ്പിനും ശേഷം തിരികെ ചാലിയിലെ പാടത്തും തോട്ടിലും തന്നെ വന്നു ചേരും. ചെറുപ്പത്തിൽ ഒരിക്കൽ എന്തോ വലുത് കണ്ടുപിടിച്ചതുപോലെ വെള്ളത്തിന്റെ ഈ യാത്രകളെപ്പറ്റി ഷിഹാബ് ഉപ്പയോടും ഉമ്മയോടും പറഞ്ഞിരുന്നുവത്രെ. സ്‌കൂളിന്റെ വടക്കുഭാഗത്തു റോട്ടിലേക്കൊഴുകുന്ന വെള്ളം കുറേനേരം മുന്നോട്ടൊഴുകി, രാജേഷിന്റെയും പ്രദീപിൻറെയും കടകൾ കടന്ന്, ആശാന്റെ അമ്പലം കടന്ന്, അജിത്തിന്റെയും ദിലീപിന്റെയും വീട് കടന്ന്, സാദിഖിന്റെയും മഹ്‌റൂഫിന്റെയും വീടും കടന്ന്, രാജേഷിന്റെ വീട് എത്തുന്നതിനുമുന്നെ വലത്തോട്ടു തിരിഞ്ഞു, പൊറ്റാൾ പാടത്തേക്കുള്ള ഇടവഴിയിലൂടെ ഒഴുകും. പറമ്പുകളിലെ കൃഷിയൊക്കെ വെള്ളത്തിൽ മുങ്ങും, ഏതൊരു മഴക്കും. ഇടവഴിയിലൂടെ മഴ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടുകൊണ്ട് ആളുകൾ രാത്രിയിൽ ഉറങ്ങും. മഴക്കാലമാണെങ്കിൽ പൊറ്റാളിലെ അറ്റമില്ലാത്ത പാടങ്ങൾ മുഴുവൻ പനമ്പുഴയിലെ വെള്ളം കൊണ്ട് മൂടും. മഴയില്ലാത്ത ദിവസങ്ങളിൽ അനക്കമില്ലാത്ത ഒരു തടാകംപോലെ വെള്ളം പരന്നുകിടക്കുന്ന പാടത്ത് ആകാശം പ്രതിഫലിക്കും. വെള്ളം കയറുന്ന ദിവസങ്ങളിൽ ഇടവഴികളും നിറയും. പാമ്പുകളും നീർക്കോലികളും അതിൽ പുളക്കും – ഹമീദിനെ വിളിക്കാൻ ആരെങ്കിലുമൊക്കെ ചെല്ലും. ഹമീദ് ആയിരുന്നു പൊറ്റാളിന്റെ പാമ്പ് വേലായുധൻ. ഒരിക്കൽ കൊളപ്പുറത്ത് സിനിമ കണ്ടു മടങ്ങുന്നവഴി ഷിഹാബിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ ഒരു പാമ്പിനെ കണ്ടു. ചുരുങ്ങിയ സാധനമൊന്നുമായിരുന്നില്ല – അണലിയായിരുന്നു. ടോർച്ച് ഉള്ളത് മണി എന്ന് വിളിക്കുന്ന പ്രശാന്തിന്റെ കയ്യിൽ മാത്രം. അതാണെങ്കിൽ ഇടക്കിടക്ക് കത്തുകയും കെടുകയും ചെയ്യുന്ന ഒന്നും. ഹമീദ് സാധാരണ ചെയ്യുന്നപോലെ പോലെ പാമ്പിനെ ചുഴറ്റിയടിച്ചു, രണ്ടു തവണ. ടോർച്ചാണെങ്കിൽ അന്നേരം നോക്കി കത്തുന്നുമില്ല. ഹമീദ് പാമ്പിന്റെ വാല് പിടിക്കാൻ വീണ്ടും നീട്ടുകയാണ്. അപ്പോൾ ടോർച്ച് തെളിഞ്ഞു. ഹമീദിന്റെ കൈ ചെന്നത് വാലിലേക്കായിരുന്നില്ല, വായിലേക്കായിരുന്നു. അവനു കുലുക്കമൊന്നുമുണ്ടായില്ല – അവിടെയിരുന്ന് ചെരുപ്പ് കൊണ്ട് അവനതിന്റെ തല അടിച്ചു ചതച്ചു.
ഇടവഴികളിൽ ഇഴജന്തുക്കൾ മാത്രമായിരുന്നില്ല – ഒടിയന്മാരും, ചാത്തന്മാരും, എതിർപോക്കുകളും, ചീട്ടുകളിക്കാരും, കിലുക്കിക്കുത്തുകാരും, സൈക്കിൾ റ്റ്യൂബിൽ ചാരായം വിൽക്കുന്ന കോളനിക്കാരും, കുണ്ടന്മാരെ കാത്ത് ഹാജിയാൻമാരും, തിരക്കിട്ടു കാര്യസാധ്യം നടത്തുന്ന മധ്യവയസ്കരെക്കാത്ത് ഇത്താത്തമാരും ഒക്കെ ഇരുളിൽ പതുങ്ങി. ഒച്ച കൊണ്ട് പലതും ആളുകൾക്കറിയാൻ കഴിഞ്ഞിരുന്നു എന്നതുകൊണ്ട് വേറൊരു വഴിയിലേക്ക് തിരിയേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ ഒരു മനസുഖത്തിന് രണ്ടു ചീത്ത വിളി, ഒരു നീട്ടിത്തുപ്പ്.
മുജീബിന്റെ വലിയുപ്പ കുഞ്ഞാലി ഒരിക്കൽ അതിരാവിലെ, വാങ്ക് കൊടുക്കുന്നതിനും മുന്നേ ഇടവഴിയിലൂടെ, പാടത്ത് വാഴക്കു വെള്ളം തേവാൻ പോകുമ്പോൾ എതിരിൽ പോത്തിനെപ്പോലെ തോന്നിച്ച ഒരു കരിരൂപം പാഞ്ഞു വന്നു. ശരിക്ക് അത് പോത്തല്ലായിരുന്നു, അയാൾ തിരിഞ്ഞോടി. പിറകെ ഓടിവന്നത് അയാളുടെ അടുത്തെത്തിയപ്പോൾ രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് അയാളുടെ പുറത്ത് ആഞ്ഞടിച്ചു. അന്ന് മയങ്ങി വീണ വലിയുപ്പ പിന്നെ എണീറ്റില്ല, മരിക്കുന്ന വരെ. ശാപം കിട്ടിയ കുടുംബമായിരുന്നു. മൂസാക്ക തൊട്ടു ആശാൻ വരെ പലതും ചെയ്തു നോക്കി. ഒന്നും ഫലിച്ചില്ല. അവന്റെ വലിയുമ്മ ഒരു മഴക്കാലത്ത് വെള്ളം കയറിയ ഇടവഴിയിൽ ചീങ്കണ്ണി കടിച്ചാണ് മരിച്ചത് – അതിനു മുന്നെയോ പിന്നെയോ അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ല. അങ്ങനെയൊരു ജീവിയെ അന്നാട്ടിലോ പരിസരത്തോ ആരും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. എന്നിട്ടും ഇതൊക്കെ സംഭവിച്ചു കൊണ്ടിരുന്നു. മുജീബിന്റെ പെങ്ങൾ മരിച്ചത് കിണറ്റിൽ വീണായിരുന്നു. പലപ്പോഴും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ജുമായ കഴിഞ്ഞു വരുന്ന വഴിക്ക് ഇടവഴിയിൽനിന്നു തന്നെ ഉമ്മയും മകളും വർത്തമാനം പറയുന്നത് അവൻ കേട്ടിട്ടുണ്ട്. ഉള്ളുരുകി അവൻ കരഞ്ഞിട്ടുണ്ട് – കുഞ്ഞോളെ ഒരിക്കല് ഇനിക്കും അന്നെ ഒന്ന് കാണണം. മുജീബിന് ആ ഭാഗ്യമുണ്ടായി. വെളുത്ത കാച്ചിയും വെള്ളത്തട്ടവുമിട്ട് ഒരു ദിവസം അവൾ കഞ്ഞിയുമായി ഇറയത്തു വന്ന് “കുഞ്ഞോനെ ബെയിച്ചോളി” എന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ നാളിൽ പുതുക്കപ്പെണ്ണിനെ ഒന്ന് കാണിച്ചു തരീ എന്ന് പറഞ്ഞു അവൾ ജനാലക്കൽ വന്നു. കോഴിക്കോട് കൊണ്ട് പോയി ഷോക്കടിപ്പിച്ചു കൊണ്ട് വരുന്നതിനുശേഷമുള്ള നാളുകളിൽ മുജീബ് കുളിച്ചു സുന്ദരനായി അങ്ങാടിയിൽ വരികയും കൂട്ടുകാരൊത്ത് ചേളാരിചന്തക്ക് പോകുകയും കന്നുകളെ വാങ്ങുകയും വിൽക്കുകയും മഴക്കാലം ഉറയ്ക്കുന്ന സമയത്തു ആരും കയറാത്തത്ര ഉയരമുള്ള മരങ്ങളിൽ കയറി തെങ്ങിൻതടം മൂടാനുള്ള തോല് വെട്ടുകയും ചെയ്തു.
അട്ടത്തു നിന്ന് വിറകെടുക്കുമ്പോഴാണ് പോസ്റ്റ്മാൻ സെയ്തലവിയുടെ ഭാര്യ റഹ്മത്തിന് പാമ്പ് കടി കൊള്ളുന്നത്. പല പ്രായത്തിലുള്ള നാലു മക്കളുണ്ടായിരുന്നു അവർക്ക്. അവർ ഗർഭിണിയായിരുന്നു താനും. കടി കിട്ടിയപ്പോൾ തന്നെ അവർ നിലത്തിറങ്ങി. ശബ്ദം പൊങ്ങിയില്ല, എന്നാൽ അവർ കരഞ്ഞു കൊണ്ടിരുന്നു, വയറുഴിയുകയും ചെയ്തു. അവർ പതുക്കെ ചെന്ന് ജോലിക്കു പോവാൻ തയ്യാറാവുന്ന ഭർത്താവിനോട് കാര്യം പറഞ്ഞു. വല്ല കൽക്കുഞ്ഞനും ആവും. ജ്ജ് പോയി കൊറച്ച് വെള്ളം കൊണ്ടാ. അവർ ഒന്നും മിണ്ടാതെ വെള്ളം എടുക്കാൻ പോയി, അടുക്കളയിൽ തളർന്നിരുന്നു. മദ്രസയിൽ നിന്നു തിരികെ വന്ന ഇളയമകന്റെ കരച്ചിൽ കേട്ട് അയൽക്കാർ ആരൊക്കെയോ വരികയും അവരെ ആശുപത്രിയിൽ കൊണ്ടുപോവാൻ സെയ്തലവിയെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അയാൾ അവരെ കടിച്ചത് പാമ്പല്ല, ജോലിക്കു പോവാൻ വൈകുന്നു എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. അവസാനം മൂത്തമകൻ അഷറഫ് ഇഷ്ടികക്കളത്തിൽ നിന്ന് വന്ന് ഉമ്മയെയും എടുത്തു ഇടവഴിയിലൂടെ വണ്ടി പിടിക്കാൻ ഓടി. കൂടെ കുറേ സ്ത്രീകളും. വണ്ടിയൊക്കെ കിട്ടി ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഉമ്മ മരിച്ചിരുന്നു. അതേ ഇടവഴിയിലൂടെ അവരെല്ലാം തിരികെ വന്നു. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന ഉമ്മ മൂത്തമകനോട് പറഞ്ഞിരുന്നു വയറ്റിലുള്ളത് പെൺകുട്ടിയായിരിക്കും എന്ന്. ബാക്കിയെല്ലാം ആൺകുട്ടികളായിരുന്നല്ലോ. അവനോ, അനിയന്മാർക്കോ പിൽക്കാലത്തു പെൺകുട്ടികൾ ഉണ്ടായില്ല. മരണശേഷം രണ്ടു ദിവസം കഴിഞ്ഞ് സെയ്തലവി വൈകുന്നേരത്ത് ചാറ്റൽ മഴ വകവെക്കാതെ ഇടവഴി കേറുമ്പോൾ എതിരെ അഷറഫ് വരുന്നത് കണ്ടു. പതിനേഴുവയസ്സുള്ള മകനെ പുറത്തു വച്ച് ഒരിടുങ്ങിയ വഴിയിൽ അഭിമുഖീകരിക്കുമ്പോൾ അയാൾ ആദ്യമായി ഭാര്യയുടെ കനമില്ലാത്ത മറ അവർക്കിടയിൽ ഇല്ലാത്തതിന്റെ വെപ്രാളം അനുഭവിച്ചു. പിന്നെ മുമ്പൊക്കെ ഒരു ചെറുവടിയിലോ നോട്ടത്തിലോ ഒതുങ്ങിപ്പോവുമായിരുന്ന അവന്റെ പേശികൾ വികസിക്കുന്നതും കണ്ടു കൊണ്ട് അയാൾ ഇടവഴിയിലെ ചെളിയിലും വെള്ളത്തിലും കിടന്നുരുണ്ടു. അത്രയ്ക്ക് നിസഹായത അയാൾ മുന്നേ അനുഭവിച്ചിട്ടില്ലായിരുന്നു. പിന്നീടൊരിക്കലും അവർ തമ്മിൽ കണ്ടില്ല.
മണ്ണിൽ റിയാസിനേയും അവന്റെ ഉപ്പ മണ്ണിൽ മുഹമ്മദിനെയും ഷിഹാബ് അടയാളപ്പെടുത്തിയിട്ടുണ്ട്. തൂവാല കുടയുമ്പോഴും ഉടുപ്പ് നീർത്തുമ്പോഴും നിറയുന്ന മണ്ണു മണമാണ് അവന്റെ ഉപ്പ. ചാണക്കത്തിയിലെ കാട് മുഴുവൻ വെട്ടി പുര വച്ച് മണ്ണിൽ പൊന്നു വിളയിച്ച ഉപ്പ ഓരോ ശ്വാസത്തിലും എന്റെ മണ്ണേ എന്ന് വിളിക്കുന്നു. മണ്ണിന്റെ വ്യാകരണമൊന്നും അറിയാത്ത മകൻ എന്തേ ഉപ്പ എന്തേ ഉപ്പ എന്ന് വിളികേള്‍ക്കുന്നു. “ഞാന്‍ മണ്ണുമുഹമ്മദിന്റെ മകന്‍, മണ്ണുണ്ണി, കൂട്ടുകാര്‍ക്കിടയില്‍” എന്നാ കവിത അവസാനിക്കുന്നു. റിയാസിന്റെ ഇരട്ടപ്പേരായിരുന്നു മണ്ണുണ്ണി.
തങ്കപ്പൻ നായർ പഴയ പേരുകേട്ട തറവാട്ടിലെയായിരുന്നു. അച്ഛൻ നേരത്തെ മരിച്ചു. അയാളും അനിയന്മാരും അമ്മയെ ആവോളം കഷ്ടപ്പെടുത്തി. കുടിയും ചീട്ടുകളിയുമായുമായിരുന്നു അവരുടെ വിനോദം. അമ്മ അവസാനം ഒരു വശം തളർന്നു കിടപ്പായി. എന്നിട്ടും ഒന്നും മാറിയില്ല. ഇരിക്കുന്ന പുരയിടം വരെ പണയത്തിലായി. ഒരു ദിവസം ഇളയ മകൻ വേലായുധൻ നാട് വിട്ടുപോയി. കുറെ ദിവസം കഴിഞ്ഞപ്പോഴാണ് അവൻ വീട്ടിൽ വരവില്ലെന്ന് എല്ലാവരുമറിയുന്നതു തന്നെ. അന്വേഷിച്ച് ആരും പോയതൊന്നുമില്ല. തങ്കപ്പൻ നായർ ഒരു ദിവസം ലഹരിയിൽ രാത്രി മഴയത്ത് പഞ്ചായത്തു റോട്ടിലൂടെ വരുമ്പോൾ വണ്ടിയിടിച്ചു ചാവാൻ കിടക്കുന്ന ഒരു പട്ടിയെക്കണ്ടു. അയാൾ അതിനെ തടവിയും തലോടിയും കൂടെയിരുന്നു. ഇടപ്പക്കെപ്പോഴോ അയാൾ അതിന്റെ തല മടിയിലേക്കു വെക്കാൻ ശ്രമിച്ചപ്പോൾ പാതിജീവനുള്ള ആ ജന്തു അയാളെ കടിച്ചു പറിച്ചു. കുറേക്കാലം ചികിത്സയും മറ്റുമായി അയാൾ ഒതുങ്ങിക്കഴിഞ്ഞു. കുടിപോലും നിയന്ത്രണത്തിലായി. ആയിടക്കാണ് പുതിയൊരു കള്ളുഷാപ്പ് മഠത്തിൽ വീട്ടുകാർ തുറക്കുന്നത്. അന്ന് അയാളെ അവർ ഇരുത്തിക്കുടിപ്പിച്ചു. തിരിച്ചു വരുന്ന വഴി വെള്ളത്തിൽ വീണാണ് അയാൾ മരിച്ചത്. എങ്ങനെയാണ് അത് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. കുളത്തിൽ വീണു തല ചെളിയിലോ പായലിലോ കുടുങ്ങിയാണ് മരിച്ചത്. കാലുകൾ മാത്രം പുറത്തു കാണുന്ന രീതിയിൽ അയാളുടെ ശവം കാണപ്പെട്ടത് വളരെക്കാലം ഒരു കൗതുകമായിരുന്നു. അയാളുടെ അനിയൻ കൃഷ്ണൻ നായർക്ക് പോകെപ്പോകെ ഭ്രാന്തായി. അയാൾക്കു വെളിവുള്ളപ്പോൾ തെങ്ങിന്റെ തടം തുറക്കാനും, പെയിന്റ് പണിക്കും ഒക്കെ പോകും. അല്ലാത്തപ്പോൾ വീട്ടിലേക്കുള്ള മുള കൊണ്ടുള്ള പടിക്കു താഴെ പാടത്തിന്റെ അങ്ങേക്കരയിലേക്കു നോക്കി അയാൾ ഇരിക്കുന്നത് കാണാം. അയാൾ കുടി മാത്രമല്ല നിറുത്തിയത്, അയാൾ സംസാരിക്കുന്നതും പതിവില്ലാതെയായി.
എടനാടൻ ഹംസ എന്ന ചെറുപ്പക്കാരൻ ഒരു ദിവസം മുന്നൂറാം കുളത്തിൽ കുളിക്കുകയായിരുന്നു. മൂന്നൂറാം കുളം പൊറ്റാളിലെ ഏറ്റവും വലിയ കുളമാണ്. കൊടുവായൂരങ്ങാടിയിലേക്ക് പോകുന്ന വഴിയിലെ പാടങ്ങളുടെ അതിരിൽ നീളത്തിൽ കിടക്കുന്ന, എല്ലാ കാലത്തും വെള്ളമുള്ള കുളം. അതിൽ നിന്ന് ചാലിയിലെ കുളത്തിലേക്ക് ഒരു തുരങ്കമുണ്ട് എന്നൊക്കെയാണ് കേൾവി. കുളത്തിന്റെ വടക്കുവശത്തു ഉയരത്തിലാണ് പറമ്പുകൾ. പാറകൾ വെള്ളത്തിലേക്ക് തള്ളിനിൽക്കുന്ന കാരണം ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കടവുകൾക്കിടക്ക് ഒരു മറയുണ്ട്. കുട്ടികൾ പറമ്പിൽ നിന്നും ആ വശത്തെ പാറക്കെട്ടിൽ നിന്നുമൊക്കെ വെള്ളത്തിലേക്ക് ചാടുകയും മറിയുകയും ഒക്കെ ചെയ്യും. അന്ന് ഹംസ ഒരു സ്ത്രീ ശബ്ദം കേട്ടു. അപ്പുറത്താരോ കുളിക്കുന്നുണ്ട് എന്നവന് മനസ്സിലായിരുന്നു. പള്ളിയാളിയിലെ സാവിത്രിയമ്മ മേലെ പറമ്പിൽ നിന്നുകൊണ്ട് താഴെ തുണികഴുകുന്ന മകളോട് അങ്ങാടിയിൽ പോകുന്നു, മാല അടുക്കളയിലെ മേശപ്പുറത്ത് വച്ചിട്ടുണ്ട്, വാതിൽ ചാരിയിട്ടേ ഉള്ളൂ എന്ന് പറയുന്നു. ഹംസ വെള്ളത്തിലേക്ക് മുങ്ങിക്കിടന്നു. കുറച്ചുസമയത്തിനുശേഷം അവൻ നേരെ ചെന്ന് മാലയുമെടുത്ത് സ്ഥലം വിട്ടു. ഹംസയുടെ ആദ്യമോഷണമായിരുന്നു അത്. അതുവരെ അടുത്ത പറമ്പിൽ വീണുകിടക്കുന്ന തേങ്ങപോലും എടുക്കാത്ത ആളാണ്. അതിനുശേഷം നാട്ടിലെ എല്ലാ മോഷണക്കുറ്റവും അവന്റെ പേരിലായി. ഓരോ തവണ ജയിലിൽ പോയി വരുമ്പോഴും അവൻ കൂടുതൽക്കൂടുതൽ കള്ളനായിക്കൊണ്ടിരുന്നു. ഹംസക്ക് ചില നിയമങ്ങളൊക്കെ ഉണ്ടായിരുന്നു. പൊറ്റാളിലെ ഒരു വീട്ടിലും അയാൾ കേറില്ലായിരുന്നു. ഒരിടത്തൊഴിച്ച്. കലന്തൻ ഹാജിയുടെ വീട്ടിൽ അയാൾ പലതവണ മോഷണം നടത്തിയിട്ടുണ്ട്. പലപ്പോഴും സാഹസികമായി. അയാളുടെ വീട്ടിൽ നിറയെ പൂവുകളുള്ള ഒരു വലിയ പൂന്തോട്ടമുണ്ടായിരുന്നു. പല തരം റോസുകളും മണമുള്ള മറ്റു പൂക്കളും. പിന്നെ റൈഹാനത്തും. റൈഹാനത്തിനോട് വീട്ടിനുമുന്നിലെ ഇടവഴിയിൽ വച്ച് എന്തോ കിന്നാരം പറഞ്ഞതിന് ഹാജി അവനെ ബെൽറ്റുകൊണ്ടടിച്ചു. പിറ്റേന്ന് രാവിലെ ഹാജി നോക്കുമ്പോൾ തോട്ടത്തിൽ ഒരു പൂവുപോലുമുണ്ടായിരുന്നില്ല. അതാണ് പിന്നെ പതിവായത്. റൈഹാനത്തിന്റെ വിവാഹം വരെ അത് തുടർന്നു. അതിനുശേഷം അയാൾ മുഴുക്കള്ളനായി.