ലോക്ക്ഡൗൺ കാലത്ത് ക്രൈം വായന കൂടുന്നു എന്ന് ഞാൻ ഒരിടത്തു വായിയ്ക്കുകയുണ്ടായി. ഡാർക്ക് സ്റ്റോറികളോട് ആപൽക്കാലത്ത് മനുഷ്യന് താൽപ്പര്യം കൂടുമത്രേ (ലേഖനത്തിന്റെ ലിങ്ക് ഇപ്പോൾ കൈവശമില്ല). അപ്പോൾ ഞാൻ Keigo Higashino-യുടെ “Malice” വായിച്ചു തീർത്ത് അയാളുടെ “Salvation of the Saint” വായിയ്ക്കാനെടുക്കുകയായിരുന്നു – ലേഖനത്തിന്റെ coincidence വലിയ കൗതുകമായിത്തോന്നി. സത്യത്തിൽ മറ്റു രണ്ടു നോവലുകൾ കൂടി ഞാൻ വായിയ്ക്കാൻ ലിസ്റ്റ് ചെയ്തിരുന്നു(മുൻ പോസ്റ്റുകൾ നോക്കുക). Soren Sveistrup -ന്റെ “The Chestnut Man”-ഉം, JK Rowling അപരനാമത്തിൽ (Robert Galbraith) എഴുതുന്ന “Career of Evil” എന്ന നോവലും. ഈ നോവലുകളിലെ നായകന്മാർക്ക് Jo Nesbo (യു നെസ്‌ബോ) -യുടെ നായകനായ ഹാരി ഹോളിനോട് വളരെയധികം സാമ്യമുണ്ട് – പലപ്പോഴും ഈ നോവലുകളിലെ അന്തരീക്ഷവും Trope-കളും വരെ നെസ്‌ബോയുടെ ശൈലിയുമായി സാമ്യമുള്ളതാണ്. പോരാത്തതിന് Chestnut സ്വീഡിഷ് നോവലാണ്. നെസ്‌ബോയുടെ വയലൻസിനെ, അയാളുടെ കഥകളിലെ ഡാർക്ക് അന്തരീക്ഷത്തിനെ അനുകരിയ്ക്കാനുള്ള ശ്രമവും ഈ നോവലുകളിലുണ്ട്. സ്ത്രീ എഴുതുന്നതുകൊണ്ട് സ്ത്രീയുടെ നോട്ടത്തിന്റെ ഒരു ശാന്തത ഇടയ്ക്ക് Career of Evil-ൽ വന്നുപോകുന്നുണ്ട് എന്ന് മാത്രം.
എന്നെ തീർച്ചയായും കൂടുതൽ പിടിച്ചിരുത്തിയത് ജാപ്പനീസ് നോവലുകളാണ്. ഹിഗാഷിനോയിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിയ്ക്കുന്ന ജാപ്പനീസ് നോവലുകളിലൂടെ എന്നെ കൊണ്ട് പോയി. ഇപ്പോഴും നമ്മുടെ ആളുകൾ മുറകാമിയിലും കവാബത്തയിലും അഭിരമിയ്ക്കുമ്പോൾ ജപ്പാനിൽ നിന്ന് നിരവധി യുവ എഴുത്തുകാർ ഉയർന്നുവരികയും ലോകസാഹിത്യത്തെ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്യുന്നതായാണ് കാണാൻ കഴിയുന്നത്. ലാറ്റിൻ അമേരിക്കയിലും, വിശിഷ്യാ മെക്സിക്കോ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇതുപോലൊരു കുത്തൊഴുക്കുണ്ട്. ഇതൊന്നുമറിയാതെ ചർവ്വിതചർവ്വണം രുചിച്ചുകൊണ്ടിരിയ്ക്കുന്ന ഏകസാഹിത്യലോകം നമ്മുടേത് മാത്രമായിരിയ്ക്കും(ഈ സംഗതി ആവർത്തിയ്ക്കേണ്ടി വരുന്നതിന്റെ ചെടിപ്പ് എനിയ്ക്കുമുണ്ട്). ജപ്പാനിൽ നിന്ന് വന്ന സമീപകാല നോവലുകൾ നോക്കൂ – ക്‌ളാസ്സിക് കൃതിയായ Yuko Tsushima യുടെ “Territory of Light”, Yoko Tawada യുടെ കഴിഞ്ഞ ബുക്കറിൽ ലിസ്റ്റ് ചെയ്ത ഡിസ്റ്റോപ്പിയൻ നോവൽ “The Emissary”, ഞാൻ ആവർത്തിച്ച് എഴുതാറുള്ള Yoko Ogawa യുടെ “The Memory Police”, Hiromi Kawakamiയുടെ “The Ten Loves of Nishino”, പുതിയ തലമുറയിലെ Sayaka Murata-യുടെ “Convenience Store Woman” (ഈ നോവലിനെക്കുറിച്ചുള്ള എന്റെ കുറിപ്പ് ഇവിടെ), Yukiko Motoya -യുടെ “The Lonesome Bodybuilder”, Mieko Kawakami യുടെ ഇപ്പോൾ പുറത്തുവന്ന “Breasts and Eggs” (ഇതിൽ കുറിപ്പെഴുതാൻ വിട്ടുപോയ പുസ്തകങ്ങളെപ്പറ്റി ഉടനെ). സ്ത്രീ എഴുത്തുകാരുടെ ആധിക്യവും ശ്രദ്ധിയ്ക്കുക.
മുറകാമിയുടെ നോവലുകൾ സ്ത്രീകളെ ചരക്കുപോലെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും മറ്റും Mieko Kawakami അവരുടെ ഗുരുസ്ഥാനത്ത് കാണുന്ന എഴുത്തുകാരനെ ഒരു ലിറ്റററി ഫെസ്റ്റിവലിൽ അഭിമുഖം ചെയ്തു “കൊന്നത്” അടുത്തു വാർത്തയായിരുന്നു. മലയാളത്തിൽ അങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടാകാൻ സാധ്യതയില്ല എന്ന് നമുക്കറിയാമല്ലോ. അത്തരമൊരു ചോദ്യത്തിന് മറുപടി പറയാൻ ബൗദ്ധിക സത്യസന്ധത ഉള്ള ഒരു എഴുത്തുകാരൻ പോലും മലയാളത്തിലുണ്ടെന്നു എനിയ്ക്കു തോന്നുന്നില്ല. പകരം നമുക്കുള്ളത് ഇപ്രാവശ്യത്തെ മാതൃഭൂമിയിൽ എംടിയുമായുള്ള അഭിമുഖം പോലെയുള്ള ഗിമ്മിക്കുകളാണ്. എംടി പറഞ്ഞു മടുത്ത്, നമുക്ക് ഹൃദിസ്ഥമായ കാര്യങ്ങൾ അയാളെക്കൊണ്ട് പിന്നെയും ഛർദ്ധിപ്പിയ്ക്കുകയാണ് എൻപി ജയകൃഷ്ണൻ, അതിനിടയിൽ എംടിയ്ക്കു ഒരു പുസ്തകപ്പാക്കറ്റ് വന്നു അതിൽ നിന്ന് ഗൃഹലക്ഷ്മിയും മാതൃഭൂമിയും എംടി എടുത്ത് നോക്കിയത്രേ. ഗൃഹലക്ഷ്മിയിൽ ഏതോ ഇക്കിളി പംക്തി കൈകാര്യം ചെയ്തിരുന്ന ഒരുത്തനാണ് ഇന്റർവ്യൂ എടുത്തത് എന്ന് മനസ്സിലായല്ലോ, പോരാത്തതിന് മലയാള സാഹിത്യത്തിലെ ബില്ല്യൺ ഡോളർ ചോദ്യവും ടിയാൻ ചോദിയ്ക്കുന്നുണ്ട് – സോഷ്യൽ മീഡിയയിലെ അതിരുകടന്ന സ്വാതന്ത്ര്യത്തിന്റെ അപകടത്തെ എങ്ങനെ കാണുന്നു? ഇതുപോലെയുള്ള മൂഢസ്വർഗ്ഗവാസികളാണ് മലയാളസാഹിത്യത്തിൽ ഒഴുക്കിനെ തടഞ്ഞു നിർത്തുന്ന വിഴുപ്പുകൾ. സുഭാഷ് ചന്ദ്രൻ നോവലെഴുതിയാലും വേണ്ടില്ല എഡിറ്റർ പണി നിറുത്തണം എന്ന് വായനക്കാർ കരുതിയാൽ കുറ്റമില്ല.
തിരിച്ച് ക്രൈം സാഹിത്യത്തിലേയ്ക്ക് – ജാപ്പനീസ് പുസ്തകങ്ങളിലേയ്ക്ക് തന്നെ തിരിയാനുള്ള കാരണം വ്യക്തമാക്കാം. അതിനുമുന്നെ എന്റെ കൈകളിലെത്തിയ നോവലുകളെപ്പറ്റി പറയാം – ക്‌ളാസിക് ക്രൈം നോവലിസ്റ്റുകളായി കാണുന്ന Seishi Yokomizo യുടെ The Honjin Murders(1972), അയാളുടെ തന്നെ The Inugami Curse(1973) – രണ്ടും മേൽപ്പറഞ്ഞ റീപ്രിന്റ് തരംഗത്തിൽ പുതുപതിപ്പുകൾ ഇറങ്ങിയിട്ടുണ്ട് – മറ്റൊരു ക്‌ളാസിക് നോവലിസ്റ്റായ Sōji Shimada-യുടെ Murder in the Crooked House(1982), അയാളുടെ തന്നെ The Tokyo Zodiac Murders (1981) പിന്നെ, 2005-ൽ പുറത്തുവന്ന പുതുമുറക്കാരി Riku Onda-യുടെ The Aosawa Murdersഎന്നിവയാണവ. ഇവയിലൊന്നിലും നെസ്‌ബോയുടെ, അല്ലെങ്കിൽ മറ്റു പുത്തൻകൂറ്റുകാരെപ്പോലെയുള്ള വയലൻസോ അന്തരീക്ഷമോ ഇല്ല. Riku Onda-യുടെ നോവലാകട്ടെ Simenon-ന്റെ Mahe Circle, Blue Room (ഈ നോവലുകളെക്കുറിച്ചുള്ള എന്റെ കുറിപ്പ് ഇവിടെ))എന്നിവയെ ഓർമ്മിപ്പിയ്ക്കുന്ന, എക്സിസ്റ്റെൻഷ്യൽ എന്നുപോലും വിളിയ്ക്കാവുന്ന തലത്തിലാണ് നിൽക്കുന്നത്, ഭാഷയുമതെ. ആദ്യം സൂചിപ്പിച്ച കെയ്‌ഗോ ഹിഗാഷിനോ തികച്ചും ക്‌ളാസിക് ശൈലിയിലാണ് എഴുതുന്നത്. മുൻഗാമികളെ പിൻപറ്റുകയാണ് അയാൾ എന്ന് ചുരുക്കം. പതിഞ്ഞ വേഗത, ദീർഘസംഭാഷണങ്ങൾ – പലപ്പോഴും ടെക്നിക്കൽ വശങ്ങളെപ്പറ്റിയുള്ളത്, സോൾവ് ചെയ്യാൻ കഴിയില്ല എന്ന് തോന്നിയ്ക്കുന്ന കുറ്റകൃത്യങ്ങൾ, വിശടാംശങ്ങളിലെ ശ്രദ്ധ, അതിനായി നോവൽ ദീർഘിപ്പിയ്ക്കുന്നതിനു മടിയില്ലാതിരിക്കുന്നത് – അങ്ങനെ അനവധി കാര്യങ്ങൾ ഇയാളുടെ നോവലുകളിൽ കണ്ടെടുക്കാൻ കഴിയും. Devotion of Suspect X ഞാൻ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. Malice-ൽ നോവലിന്റെ ഘടനയാണ് ആഖ്യാനത്തിലെ കൗതുകം വളർത്തുന്നത് എങ്കിൽ Salvation of the Saint-ൽ അസാധാരണമായൊരു ക്രൈം ആണ് ആകർഷണം. ക്ഷമയോടെ വായിയ്ക്കുന്ന ഒരാളെ പിടിച്ചിരുത്താനും അതിശയിപ്പിയ്ക്കാനുമുള്ള കഴിവ് ഈ കഥയ്ക്കുണ്ട് – Its almost a perfect novel for a perfect crime. ഈ നോവലുകളെപ്പറ്റി കുറിപ്പുകൾ പിന്നീടെഴുതാം.
ഇതിനിടയിൽ മലയാളത്തിലെ രണ്ടു സമാനനോവലുകൾ വായിയ്ക്കുകയുണ്ടായി സ്റ്റോറി ടെൽ ആപ്പിൽ. ഇന്ദുഗോപന്റെ “കാളിഘണ്ഡകി”, ലാജോ ജോസിന്റെ “റൂത്തിന്റെ ലോകം“. “കാളി” ആ എഴുത്തുകാരന്റെ ഏറ്റവും മോശം വർക്കാണ്, ഒറ്റവാക്കിൽ പറഞ്ഞാൽ. നോവെല്ലയുടെ മധ്യഭാഗത്തെ ഉപകഥകളാണ് ഈ നോവലിനെ താങ്ങി നിറുത്തുന്നത് – മന്ത്രവിദ്യ പഠിയ്ക്കാൻ പോകുന്ന ഒരു കഥാപാത്രത്തിനുണ്ടാകുന്ന അതീന്ദ്രീയ അനുഭവങ്ങളും, അയാളുടെ നേപ്പാൾ യാത്രയും (ഇവിടെ എഴുത്തുകാരന്റെ ജേർണലിസ്റ്റിക് പശ്ചാത്തലം സഹായിയ്ക്കുന്നുണ്ട്) എല്ലാം വായനക്കാർ ഓർമ്മിയ്ക്കും. പക്ഷെ ബാക്കി നോവൽ വെറുതെ വായിയ്ക്കാമെന്നേയുള്ളൂ. ലാജോയുടെ മുൻ നോവലുകളുടെ പ്രധാന പരാധീനത അയാളുടെ ഭാഷയായിരുന്നു. വളരെ താഴ്ന്ന IQ ആണ് അയാളുടെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും വിവരണങ്ങളിലും ഉപയോഗിച്ചിരുന്നത്. ഇവിടെ അതിനെ improve ചെയ്യാൻ അയാൾക്കായിട്ടുണ്ട്. എന്നാലും cringeworthy, male gaze സംഭാഷണങ്ങളും, വിവരണങ്ങളും (പ്രത്യേകിച്ച് നോവലിന്റെ ക്ലൈമാക്സിലെ ഫ്ലാഷ്ബാക്കിൽ) ഒക്കെയുള്ള നോവലിൽ അവസാനഭാഗങ്ങളിൽ, മലയാളത്തിൽ കാണാത്ത വിധത്തിൽ വയലൻസ് മറയില്ലാതെ പ്രകടിപ്പിയ്ക്കുന്ന എഴുത്താണ് ഞാനീ നോവൽ പൂർത്തിയാക്കാനുള്ള കാരണം. സ്റ്റോറി ടെൽ ആപ്പിലെ വഷളൻ ആഖ്യാനം അസഹനീയമായിരുന്നു, പ്രത്യേകിച്ചും സ്ത്രീ ശബ്ദം, 2x സ്പീഡിൽ കേട്ടാണ് നോവൽ തീർത്തത്. എന്നാലും ഈ ജോൺറേയുടെ, നമ്മുടെ ഭാഷയിലെ ദാരിദ്ര്യം ആലോചിയ്ക്കുമ്പോൾ ലാജോയുടെ ഉദ്യമം ക്രെഡിറ്റബിൾ ആണ്. ഇതിനോടൊപ്പം വന്നിരുന്ന ചില പുസ്തകങ്ങളെ പ്രമോട്ട് ചെയ്യാൻ വേണ്ടി എഴുത്തുകാരും പ്രസാധകരും കോട്ടയം പുഷ്പനാഥ് പോലുള്ള ചവറുകളെ വാഴ്ത്തിയിരുന്നത് മാത്രമാണ് എനിയ്ക്കു യോജിയ്ക്കാൻ കഴിയാതെ പോയ കാര്യം. ക്രൈം/മിസ്റ്ററി നോവലുകൾ മനുഷ്യന്റെ ഉയർന്ന ഭാവനയുടെയും ബുദ്ധിയുടെയും അടയാളങ്ങളാണ് – വായനക്കാരെ, പ്രത്യേകിച്ച് പുതുമുറക്കാരെ മറിച്ചു തെറ്റിദ്ധരിപ്പിയ്ക്കരുത്.
ഈ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിയ്ക്കുമ്പോൾ കയ്യിലെത്തിയ രണ്ടു മിസ്റ്ററി ചോദ്യങ്ങളോടെ പോസ്റ്റ് അവസാനിപ്പിയ്ക്കാം.
ചോദ്യം ഒന്ന് : “In the gold-panning region of Mexico, right by the US border, there was a young boy who piled up bags of sand on his bicycle and crossed the border from Mexico into the United States every single day. The US customs officials assumed that he was a smuggler and would open and search the suspicious sandbags. However, all they ever found inside was plain old sand, and not a single nugget of gold. So what was the boy up to? Here is your quiz: What was he smuggling, and how was he doing it? ”
ചോദ്യം രണ്ട് : “One winter, maybe 1955, Tokyo had a very heavy snowfall. Fifty centimetres fell in one night. Of course, all the private and public railway companies were forced to suspend operations. In Tokyo where they weren’t used to so much snow, they didn’t have snow ploughs. Back then, all the railway company employees used to be put to work shovelling the snow by hand. It was a terrible task and took hours. It was impossible to get the tracks clear by the morning rush hour. However, Hamakyu Railways managed to get their trains running after only the shortest of delays. And by rush hour, all their trains were running on time. The president of the company back then was in no position to mobilize a whole army of employees to help deal with the snow. Nor did he have access to any specialized equipment. He had to rely on his own brilliance. So how do you think they did it? “
ഉത്തരങ്ങൾ കമന്റായി എഴുതുക.
ഒന്നാമത്തെ ചോദ്യത്തിനുത്തരം ആ പയ്യൻകടത്തികൊണ്ടിരുന്നത് സൈക്കിൾ ആണ് .രണ്ടാമത്തെ എനിക്കു തോന്നുന്നു ട്രയിൻ്റെ എഞ്ചിനു മുന്നിൽ അതിനുള്ള എന്തെങ്കിലും പദ്ധതി മഞ്ഞ്കോരി മാറ്റാൻ പാകത്തിൽ ഉള്ളത് ഫിറ്റ് ചെയ്തിട്ടുണ്ടാകും ?
1. Right. 2. you are very close.
ഒന്നാമത്തെ ചോദ്യത്തിനുത്തരം ആ പയ്യൻകടത്തികൊണ്ടിരുന്നത് സൈക്കിൾ ആണ് .രണ്ടാമത്തെ എനിക്കു തോന്നുന്നു ട്രയിൻ്റെ എഞ്ചിനു മുന്നിൽ അതിനുള്ള എന്തെങ്കിലും പദ്ധതി മഞ്ഞ്കോരി മാറ്റാൻ പാകത്തിൽ ഉള്ളത് ഫിറ്റ് ചെയ്തിട്ടുണ്ടാകും ?
1. Right. 2. you are very close.
(2)എന്നാ എംപ്ലോയീസ് ഒരു ഷവൽ പിടിച്ച് ട്രെയിനിന് മുമ്പിൽ നിൽക്കും, ട്രെയിൻ പതിയെ മൂവ് ചെയ്യും എന്നാവുമോ?
This is not a practical solution. But you are almost there 🙂
(2)എന്നാ എംപ്ലോയീസ് ഒരു ഷവൽ പിടിച്ച് ട്രെയിനിന് മുമ്പിൽ നിൽക്കും, ട്രെയിൻ പതിയെ മൂവ് ചെയ്യും എന്നാവുമോ?
This is not a practical solution. But you are almost there 🙂