സാവേജ് ഡിറ്റക്റ്റീവ്സ്

ബൊലാഞ്ഞോയുടെ ചെറുനോവലുകൾ പലതും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ വരാൻ സാധ്യതയില്ലാത്തതായി ഞാൻ കാണുന്ന നോവലുകളാണ് സാവെജും, 2666-ഉം (സെബാൾഡ്, ക്‌നോസ്ഗാർഡ് തുടങ്ങിയവർ പിന്നാലെയുണ്ട്). അവയുടെ ഘടന വലിയൊരു കൂട്ടം മലയാളി വായനക്കാർക്ക് താൽപ്പര്യമുണർത്തുന്നവയല്ല എന്നത് തന്നെ പ്രധാന കാരണം. പരിഭാഷയാണെങ്കിൽ പ്രയാസം. ഈ പുസ്തകങ്ങൾ വായിച്ചവരും കുറവായിരിയ്ക്കും. എക്സ്‌പെരിമെന്റൽ ചെറുകഥകളൊക്കെ മലയാളികൾ അംഗീകരിയ്ക്കുമെങ്കിലും അത്തരത്തിലുള്ള നോവലുകളെ മാനിയ്ക്കുന്നത് അപൂർവ്വം(സൂസന്ന ഒഴികെ അത്തരമൊരു നോവൽ വിജയിച്ചിട്ടില്ല, അടുത്തൊന്നും). വായന ഉപരിപ്ലവമാവുകയും നിരൂപകർ എഴുത്തുകാരുടെ കൂലിവേലക്കാരാവുകയും ചെയ്യുമ്പോൾ ബൊലാഞ്ഞോ പോലുള്ളവർ അധികപ്പറ്റാവുകയും ചെയ്യും.

സാവെജിന്റെ ഘടന തന്നെയാണ് നോവലിന്റെ ഏറ്റവും വലിയ കൗതുകം, വിശേഷിച്ചു നോവലിന്റെ പേര് വരുന്ന രണ്ടാം ഭാഗം – അമ്പതിലധികം കഥാപാത്രങ്ങളുള്ള നോവലിലെ മിയ്ക്കവാറും എല്ലാ കഥാപാത്രങ്ങളും മോണോലോഗുകൾ, തങ്ങളുടെ സർക്കിളുകളിലെ കവികളെപ്പറ്റിയും, പൂർവ്വകാല കവികളെയും അവരുടെ കവിതകളെപ്പറ്റിയും, മിയ്ക്കപ്പോഴും പരസ്പരം തിരുത്തുന്ന വിധത്തിൽ, പറഞ്ഞുപോവുന്നതാണ് ഈ ഭാഗത്തിന്റെ പ്രത്യേകത. വിസേരൽ റിയലിസ്റ്റുകൾ എന്ന കവിസംഘമാണ് അവയിൽ ഏറ്റവും പ്രധാനം – ബൊലാഞ്ഞോയുടെ alter ego എന്ന് പറയാവുന്ന Arturo Belano (ബൊലാഞ്ഞോയുടെ പല വർക്കുകളിലും എഴുത്തുകാരന്റെ പ്രതിനിധി/അപരൻ ആണീ കഥാപാത്രം) ആണ് സംഘത്തിന്റെ നേതാക്കളിൽ ഒരാൾ – അയാൾ ഈ കൂട്ടത്തിൽ നിന്ന് ആരെയൊക്കെ പുറത്താക്കി എന്നതൊക്കെ കവിസർക്കിളുകളിലെ ഒരു പ്രധാന സംസാരവിഷയമാണ്. വളരെ loose ആയ ഘടനയുള്ള നോവലിൽ ഈ കവിസംഘത്തിൽ വന്നും പോയുമിരിയ്ക്കുന്ന കവികളും, മാഗസിൻ നടത്തുന്നവരും, പബ്ലിഷർമാരും, എഡിറ്റർമാരും, പിമ്പുകളും, ലൈംഗിക തൊഴിലാളികളും എല്ലാം ചേർന്നുള്ള സംഭാഷണങ്ങളും യുട്ടോപ്പിയൻ ജീവിതവും നർമ്മവും അസാധാണമാം വിധത്തിൽ ബൊലാഞ്ഞോ മിക്സ് ചെയ്യുന്ന യാഥാർഥ്യവും ഭാവനയും എല്ലാം ചേർന്ന് അതിശയിപ്പിയ്ക്കുന്ന ഒരു ലോകം സൃഷ്ടിയ്ക്കപ്പെടുന്നു. ആദ്യഭാഗത്തെ വിവരണം മൊത്തം Juan Garcia Madero എന്ന പതിനേഴുകാരൻ കവിയുടെ കാഴ്ചയിലാണ് – അയാൾ തന്നെ വീണ്ടും അവസാനഭാഗത്തിലും വരുന്നു. യഥാർത്ഥ ജീവിതത്തിലെ ഒരു നിരൂപകനെ അടിസ്ഥാനമാക്കിയുള്ള ഈ കഥാപാത്രം ലാറ്റിനമേരിക്കൻ കവിതയുടെ സഞ്ചരിയ്ക്കുന്ന ഒരു എൻസൈക്ലോപീഡിയ പോലെയാണ് (നോവലിന്റെ മൂന്നാം ഭാഗത്തിന്റെ ആദ്യത്തിൽ അയാൾ ചോദിയ്ക്കുന്ന ഭാഷാസംബന്ധിയായ ചോദ്യങ്ങൾ വായിയ്ക്കുക അല്ലെങ്കിൽ ജനുവരി 9 എന്ന ഭാഗത്തെ അയാളുടെ പസിലുകൾ കാണുക). അത്രയധികം കവികളെയും (ശരിയ്ക്കുള്ളതും അല്ലാത്തതും, ഒരാളുടെ പേര് Luscious Skin – എന്തൊരു പേരാണ്!) അവരുടെ കവിതകളെയും ഇവിടെ തൊട്ടുപോകുന്നുണ്ട്. എന്നാൽ അതിനോടൊപ്പം മെക്സിക്കൻ അരാജകജീവിതവും വിവരിയ്ക്കപ്പെടുന്നു – ഇവിടെയാണ് ഞാൻ മുൻകുറിപ്പുകളിൽ സൂചിപ്പിച്ചിട്ടുള്ള പോണോഗ്രഫിയെ വെല്ലുന്ന ലൈംഗിക രംഗങ്ങളുള്ളത്. വിസേരൽ റിയലിസ്റ്റ് സംഘത്തിന്റെ കൂട്ടുസ്ഥാപകരായാണ് ഉലീസിസ് ലിമയും ബെലാനോയും അവതരിപ്പിയ്ക്കപ്പെടുന്നത് (ബെലാനോയെ കാണുന്ന ഒരു പബ്ലിഷർ അയാളെ പട്ടിണിപ്പാവമായ ഒരു vagabond പോലെ വിവരിയ്ക്കുന്നത് വേറെ ഭാഗത്തുണ്ട്). ആദ്യഭാഗത്തിന്റെ അവസാനത്തിൽ ഒരു പിമ്പിനെ – ആൽബർട്ടോ – നേരിടേണ്ടി വരുന്ന സമയത്ത് പതിനേഴുകാരനായ Madero ആണ് അയാളെ അക്രമിയ്ക്കുന്നത് – അപ്പോഴും അവന്റെ ശ്രദ്ധ മറ്റേ കയ്യിൽ താൻ പിടിച്ചിട്ടുള്ള പുസ്തകങ്ങൾ വീഴാതിയിരിയ്ക്കുന്നതിലാണ്. ലിമയും ബെലാനോയും വണ്ടിയിൽ തന്നെയിരിയ്ക്കുന്നു(നോവലിന്റെ അവസാന ഭാഗങ്ങളിൽ ഇരുവരും വേറൊരു രീതിയിൽ പെരുമാറുന്നുണ്ട്). ഓടി വണ്ടിയിൽ കയറുന്ന മദേറോ “ഇമ്പാല കാറിന്റെ ചില്ലിന്റെ ചതുരവെളിച്ചത്തിൽ ലോകത്തെ എല്ലാ സങ്കടങ്ങളും ഘനീഭവിച്ചുണ്ടായ നിഴലുപോലെ” ആൽബർട്ടോ റോഡിൽ നിൽക്കുന്നത് ഓടിയകലുന്ന വണ്ടിയുടെ പിൻസീറ്റിലിരുന്നു കാണുകയാണ്.

രണ്ടാം ഭാഗത്തിൽ നേരത്തെപറഞ്ഞതുപോലെ മോണോലോഗുകളാണ് – അത്യസാധാരണ കഥാപാത്രങ്ങളാണ് ഈ ഭാഗത്ത്. അതിൽ എനിയ്ക്കു ഏറ്റവും ഓർമ്മയിൽ നിൽക്കുന്നത് നാലാം അധ്യായമായി വരുന്ന Auxilio Lacouture എന്ന അധ്യാപികയുടെ മോണോലോഗാണ് (ഈ അധ്യായത്തിൽ ഇവർ മാത്രമേയുള്ളൂ) – ഞാൻ മെക്സിക്കൻ പോയട്രിയുടെ മാതാവാണ് എന്ന് പറഞ്ഞാണ് അവർ തുടങ്ങുന്നത്(“I’m the mother of Mexican poetry. I know all the poets and all the poets know me. I met Arturo Belano when he was sixteen years old and he was a shy boy who didn’t know how to drink. I’m Uruguayan, from Montevideo, but one day I came to Mexico without knowing exactly why, or what for, or how, or when. I came to Mexico City, Distrito Federal, in 1967, or maybe it was 1965 or 1962. I can’t keep track of the dates or my travels anymore; all I know is that I came to Mexico and I never left again”). Tlatelolco Massacre (ഗൂഗിളിൽ നോക്കുക) എന്ന കുപ്രസിദ്ധ കൂട്ടക്കൊലയിൽ അവസാനിച്ച വിദ്യാർത്ഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ വരുന്നത് – വായിച്ചവർക്കു മനസ്സിലാകും, ഇതാണ് ബൊലാഞ്ഞോയുടെ Amulet എന്ന നോവലിന്റെ കഥ(“And that song is our amulet.”). പിന്നെ ഒന്നുള്ളത് അതിദീർഘമായ മേരി വാട്സൺ എന്ന കഥാപാത്രത്തിന്റെ മോണോലോഗാണ് – ഒരു ജർമൻകാരന്റെ ഒപ്പം പോക്കറ്റ് മണിയ്ക്കായി മുന്തിരി പറിയ്ക്കാൻ സ്പെയിനിലേയ്ക്ക് പോകുന്ന അവർ അനേകം ആളുകളെ കണ്ടുമുട്ടുകയും പലയിടങ്ങളിൽ കറങ്ങുകയും പ്രേമത്തിലാവുകയും ഏറെക്കുറെ കൊലപാതകത്തിലെത്തുന്ന ഒരു സംഘർഷത്തിന് ദൃക്‌സാക്ഷിയാവുകയും എല്ലാം ചെയ്യുന്നു. ഈ ഭാഗങ്ങളിൽ ഉലീസിസ് ലിമ ഷവറിൽ കുളിയ്ക്കുമ്പോഴും കവിതാ പുസ്തകം വായിയ്ക്കുന്ന ശീലത്തെപ്പറ്റിയും പുസ്‌തകങ്ങളുടെ മാർജിനിൽ എഴുതുന്നതിനെപ്പറ്റിയും വിവരണങ്ങളുണ്ട് – വെള്ളം വീണു മഷികലങ്ങിയ വരികളും നനഞ്ഞ പുസ്തകങ്ങളും കൂട്ടുകാരി കാണുകയാണ്. ബെലാനോ ഒരു സീനിയർ കവിയെ കാണാൻ പോകുമ്പോൾ അയാളെ കവി തിരിച്ചറിയുന്നത് അയാളുടെ കയ്യിലുള്ള കവിതാ പുസ്തകങ്ങൾ കണ്ടാണ്. തലങ്ങും വിലങ്ങും കവികളാണ് ഈ പുസ്തകത്തിൽ. Amadeo Salvatierra തന്റെ സുഹൃത്തിനോടൊപ്പം അച്ഛന്റെ കൃഷിയിടത്തിൽ പോയതും സുഹൃത്ത് കുതിരയോടിയ്ക്കുന്നതും എല്ലാം വിവരിയ്ക്കുന്നു – മടങ്ങുമ്പോൾ സുഹൃത്ത് പറയുന്നു – ഈ മണ്ണിനടിയിൽ പിരമിഡുകളുണ്ട്. (“He said that there was probably some pyramid lying buried under our land . . . deep underground there must be lots of pyramids. My father didn’t say anything. From the darkness of the backseat, I asked him why he thought that. He didn’t answer. Then we started to talk of other things but I kept wondering why he’d say that about the pyramids.”). Teotihuacan എന്ന Columbian Mesoamerican പട്ടണത്തിൽ ശരിയ്ക്കും പിരമിഡുകളുണ്ടായിരുന്നു (ഗൂഗിളിൽ നോക്കുക). അഥവാ, നോവലിൽ ഫാക്റ്റും ഫിക്ഷനും ബൊലാഞ്ഞോ ആവതു കലർത്തുന്നുണ്ട് – വരികൾക്കിടയിൽ വായിയ്ക്കുന്നവർക്ക് ഏറെ സമയം ഈ പുസ്തകത്തോട് കൂടെ ചിലവഴിയ്ക്കാം. ബെലാനോയും ലിമയും ഒരു പൈറേറ്റിനെയും സുഹൃത്തിനെയും കാണുന്ന കഥയാണ് മറ്റൊന്ന്. പൈറേറ്റും സുഹൃത്തും ഗുഹകളിലാണ് അക്കാലത്ത് അന്തിയുറങ്ങുന്നത്. ബെലാനോയും പിന്നെ സുഹൃത്തും അവരുടെ കൂടെ കൂടുന്നു, അതുപോലെയുള്ള ഗുഹകളിൽ ഉറങ്ങുന്നു. അവർ ഒരുമിച്ചു ഒരു മീൻപിടുത്തബോട്ടിൽ ജോലിയ്ക്കു പോവുകയും പത്തുവര്ഷത്തിലെ ഏറ്റവും വലിയ കോളവർക്ക് കിട്ടുകയും ചെയ്യുന്നു. ആ പണം കിട്ടിയ കവികൾ രണ്ടുപേരും അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുന്നു. ഇങ്ങനെ പലരുടെ കണ്ണിലൂടെ കഥാപാത്രങ്ങൾ പല ഡൈമെൻഷനിൽ വലുതായിക്കൊണ്ടേയിരിയ്ക്കുന്നു.

ബെലാനോ ഒരു പബ്ലിഷറെ കാണാൻ പോകുമ്പോൾ 45-ലധികം അപ്രശസ്തരായ കവികളുടെ കവിതകൾ കളക്റ്റ് ചെയ്ത പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയാണ് അയാളുടെ കൈവശം. ഇതിന്റെ ഒരു സംഗതി, സാവേജ് എന്ന ഈ നോവലിന്റെ തന്നെ context, മനസ്സിലാകണമെങ്കിൽ മലയാളത്തിൽ ഓൺലൈൻ കവിതാ കൂട്ടായ്മകളെപ്പോലെ എന്തെങ്കിലും പരിചയമുണ്ടാകണം എന്നതാണ്(എന്റെ ആസ്വാദനത്തിന് അതൊരു കാരണമായിരുന്നിരിയ്ക്കണം എന്നെനിയ്ക്കു തോന്നുന്നു). 2007-10 കാലത്താണ് ഞാൻ മലയാളം ബ്ലോഗിൽ എത്തിപ്പെടുന്നത് – അന്ന് അച്ചടിമലയാളം നാട് കടത്തിയ കവിതകൾ എന്ന ബ്ലോഗ് നടത്തിയിരുന്ന കവി കുഴൂർ വിൽസനാണ് ചുള്ളിക്കാടോടെ മലയാളകവിത അവസാനിച്ചു എന്ന് പറയുന്ന വിവരക്കേടിൽ നിന്ന് നമ്മുടെ കവിതയെ രക്ഷപ്പെടുത്തുന്നത് (അയാളുടെ വൃത്തിയായി എഡിറ്റ് ചെയ്ത കവിതാസമാഹാരം ലോഗോസ് വഴി ഇപ്പോൾ വരുന്നുണ്ട്) – വിഷ്ണുപ്രസാദ്, ടിപി വിനോദ് തുടങ്ങിയവരുടെ കവിതയും ഇതോടൊപ്പം ഓർമ്മിയ്ക്ൿണം. ഇവർ മൂവരുമാണ് ഇപ്പോൾ ആക്റ്റീവ് ആയുള്ളതും. അന്നുണ്ടായിരുന്ന അനേകം പേർ കവിതെയെഴുത്തു നിറുത്തി. മലയാളത്തിൽ എഴുതുന്നതിന്റെ ആവേശത്തിൽ പലരും ബ്ലോഗിൽ എളുപ്പമെന്നു തോന്നുന്ന കവിത എഴുതാൻ തുടങ്ങിയപ്പോൾ അവർത്തനങ്ങളും ഗ്രൂപ്പുകളും പാരഫ്രേയ്‌സിങ്ങും എല്ലാമായി കവിതയും മലയാളം ബ്ലോഗിങ്ങും വികസിച്ചു. അവരെല്ലാം ഫെയ്‌സ്ബുക്കിൽ എത്തിയപ്പോൾ മലയാളം എഫ്ബിയും. പറഞ്ഞുവന്നത്, ഇതുപോലുള്ള കവിക്കൂട്ടങ്ങളെയാണ് സാവേജ് ഡിറ്റക്റ്റീവ്സ് അവതരിപ്പിയ്ക്കുന്നത്. ബ്ലോഗ് കാലത്ത് ആ ഗ്രൂപ്പുകൾ എത്ര സജീവമായിരുന്നെന്നും, എത്ര എഴുത്തുകാരെ ആ കാലത്ത് കണ്ടെടുത്തെന്നും പറയുക വയ്യ. പിന്നീട് ഫെയ്‌സ്ബുക്കിലെത്തിയ ഇതേ കൂട്ടങ്ങൾ നടത്തിയ വായനയിലെയും പരിഭാഷയിലെയും ഇടപെടലുകളും ഓർക്കേണ്ടതാണ്. സുജീഷും അരുൺപ്രസാദും എല്ലാമായി പുതുകവികളുടെ ഒരു ചർച്ച ഫോളോ ചെയ്തകാലത്തെ തമാശകളും ഓർക്കുന്നു. അങ്ങനെയൊക്കെയുള്ള പലതിൽനിന്നാണ് ഇന്നത്തെ ഓൺലൈൻ കവിതയും കവികളും പുതിയൊരു തരം വായനാ/എഴുത്തുജനാധിപത്യവും എല്ലാം ഉണ്ടായത്. കവികളെ ചുറ്റിപ്പറ്റി കവിമാഷന്മാർ എന്ന പ്രത്യേക ജനുസ്സും ഉണ്ടായി വന്നു. ഞാൻ പ്രിന്റിൽ ഉണ്ടായിരുന്നു അവിടെ നിന്നാണ് ബ്ലോഗിൽ വന്നത് അതിനാൽ ഞാൻ വ്യത്യസ്തനാണ് കേട്ടോ എന്ന് പറയുന്ന ഒരു കവിയെയും അടുത്ത് കണ്ടു, lol. അടിമുടി കവിതയിൽ, അതിന്റെ കമ്മ്യൂണിറ്റി/കളക്റ്റീവ് സ്വഭാവത്തിൽ മുങ്ങിനിൽക്കുന്ന പുസ്തകമാണ്, സാവേജ് ഡിറ്റക്റ്റീവ്സ്, ചുരുക്കത്തിൽ. പുസ്തകത്തെപ്പറ്റി ഞാൻ ആവർത്തിച്ചു പറയുന്നതും അതുകൊണ്ടുതന്നെയാണ് (പണ്ട് ബൂലോകകവിത ഒരു ബ്ലോഗ് ഗ്രൂപ്പിന് വേണ്ടി വെബ്സൈറ്റ് ഉണ്ടാക്കിയതും അത് സംബന്ധിയായ തർക്കങ്ങളും എല്ലാം ഓർക്കുന്നു).

മോണോലോഗ് ഇല്ലാത്ത Cesárea Tinajero ആണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം – അവരാണ് വിസേരൽ റിയലിസ്റ്റുകളുടെ “മാതാവ്” എന്നറിയപ്പെടുന്നത് – തന്റെ വായിൽ നിന്ന് ഭക്ഷണം സുഹൃത്തുക്കൾക്കായി എടുത്തു കൊടുക്കുന്ന തരം സുഹൃത്താണ് അവർ എന്നാണ് അവരെ ഒരാൾ പരിചയപ്പെടുത്തുന്നത്. അവരെ തിരഞ്ഞാണ് കവികൾ നോവലിന്റെ രണ്ടാം ഭാഗത്തിൽ Salvatierra-യെ കാണാനെത്തുന്നത്. ഈ ഭാഗത്തുതന്നെ Ernesto García Grajales എന്ന പ്രൊഫസർ കാലങ്ങൾക്കുശേഷം വിസേരൽ റിയലിസ്റ്റുകൾ പറയുന്ന പലതും നിഷേധിച്ചു കൊണ്ട് സംസാരിയ്ക്കുന്നത് പിന്നീടുണ്ട്. അയാൾ Juan Garcia Madero എന്ന കഥാപാത്രത്തെപ്പറ്റി നമ്മൾ കേട്ടത്‌ മുഴുവൻ നിഷേധിയ്ക്കുകയാണ്, അത് മറ്റൊരാളാണെന്നാണ് അയാൾ പറയുന്നത് – പ്രൊഫസർക്ക് ബെലാനോയെ അറിയുകയുമില്ല. എന്നാൽ പിന്നാലെ വരുന്ന മൂന്നാം ഭാഗത്ത് Madero-യും ലിമയും ബെലാനോയും കാറിൽ രക്ഷപ്പെടുന്ന കഥയിലേയ്ക്ക് നമ്മൾ മടങ്ങുന്നു(ഇവിടെയാണ് പ്രശ്നോത്തരിയും പസിലുകളും ഉള്ളത്). Cesárea Tinajero-യെ അന്വേഷിയ്ക്കുകയാണ് അവർ. അതിദീർഘമായ അന്വേഷണം ആണിത് – നോവലിന്റെ മൂന്നാം ഭാഗം മുഴുവൻ ഈയൊരു സംഗതിയേയുള്ളൂ. ഈ ഭാഗത്തു നിന്നാണ് നോവലിന്റെ പേര് വരുന്നത് എന്ന് കരുതാം. കൗതുകകരമായ ഒരു കാര്യം Tinajero-യുടെ സുഹൃത്തിനോട് അവർ പറയുന്ന ഒരു “വിധിദിവസ”തീയതിയാണ് – 2600-കളിൽ ഒരു വർഷമാണ് അത് (2666 പിന്നാലെ പബ്ലിഷ് ചെയ്തത് ഓർക്കുക). അന്വേഷണത്തിന്റെ ഒടുവിൽ എന്ത് സംഭവിച്ചു എന്നത് ചെറിയൊരു സസ്പെൻസായി ഞാൻ വായനക്കാർക്കായി വിടുന്നു.

ബൊലാഞ്ഞോയുടെ ജീവിതത്തിലെ കവികളാണ്/എഴുത്തുകാരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ എന്ന് നമുക്ക് ഊഹിയ്ക്കാവുന്നതേയുള്ളൂ. മറ്റൊരു ഫോർമാറ്റിൽ ഈ നോവൽ ഇത്ര impact ഉണ്ടാക്കുമോ എന്നുപോലും നമുക്ക് സംശയം തോന്നും. അമ്പതിലധികമുള്ള കഥാപാത്രങ്ങളിൽ ഓരോരുത്തർക്കും വ്യക്തിത്വമുണ്ട്. “Youth is a scam” എന്നൊരുസ്ഥലത്ത് ഒരു കഥാപാത്രം പറയുന്നെങ്കിലും അസാധാരണമായ drive ഉള്ള, passion ഉള്ള യുവാക്കളാണ് ഈ നോവലിൽ. അവർ തങ്ങളുടെ “അമ്മയായ” Tinajero-യെ അന്വേഷിയ്ക്കുന്നതും പിന്നീട് തന്റെ “മക്കളായ” കവികൾക്ക് വേണ്ടി Tinajero അവസാനം വരെ പോരടിയ്ക്കുന്നതും എല്ലാം ബൊലാഞ്ഞോ സമർത്ഥമായാണ് അവതരിപ്പിയ്ക്കുന്നത്. ഈ നോവൽ എളുപ്പത്തിൽ വായിയ്ക്കാവുന്നതല്ല, എന്നാൽ വായിയ്ക്കേണ്ട നോവലാണ്. വർഷങ്ങൾക്കു ശേഷം, ഇപ്പോൾ രണ്ടാം വായന പൂർത്തിയാക്കുമ്പോൾ, ഈ നോവലിനു പിന്നിലെ എഴുത്തുബുദ്ധിയോടുള്ള ആദരവ് എനിയ്ക്കു കൂടുന്നതേയുള്ളൂ.

*

എൻ ബി : 1) മലയാളി പുത്തൻ നിരൂപകർ വായിയ്ക്കുകയോ എഴുതുകയോ ചെയ്ത് നിങ്ങളൊരിയ്ക്കലും ഒന്നും അറിയുകയില്ല, വിക്കിപീഡിയയിൽ ഇല്ലെങ്കിൽ അവരിൽ മുക്കാലും ഈ നോവലിന്റെ ഉള്ളടക്കവും തൊടുകയില്ല – ഈ നോവലിനെപ്പറ്റി രണ്ടു പാരഗ്രാഫ് അവിടെയുള്ളത്, lol.

നോവലിൽ Inaki Exhevarne എന്ന കഥാപാത്രം ഇങ്ങനെ പറയുന്നു :- “For a while, Criticism travels side by side with the Work, then Criticism vanishes and it’s the Readers who keep pace. The journey may be long or short. Then the Readers die one by one and the Work continues on alone, although a new Criticism and new Readers gradually fall into step with it along its path. Then Criticism dies again and the Readers die again and the Work passes over a trail of bones on its journey toward solitude. To come near the work, to sail in her wake, is a sign of certain death, but new Criticism and new Readers approach her tirelessly and relentlessly and are devoured by time and speed. Finally the Work journeys irremediably alone in the Great Vastness. And one day the Work dies, as all things must die and come to an end: the Sun and the Earth and the Solar System and the Galaxy and the farthest reaches of man’s memory. Everything that begins as comedy ends in tragedy.”

2) പലരും ആവർത്തിയ്ക്കാറുള്ള ബൊലാഞ്ഞോയുടെ ആത്മകഥാംശം ഞാൻ കുറിപ്പിൽ ഉൾപ്പെടുത്താഞ്ഞതാണ്. നോവലിൽ പറയുന്ന exile അനുഭവങ്ങൾ, അലച്ചിലുകൾ, ദാരിദ്ര്യം എല്ലാം ബൊലാഞ്ഞോയുടെ തന്നെ ജീവിതത്തിൽ നിന്നെടുത്തതാണ് – അതിന്റെയൊക്കെ ഫലമായി കരൾരോഗം മൂലം വലഞ്ഞാണ് തന്റെ പ്രൈം സമയത്ത് അയാൾ ലോകം വെടിഞ്ഞത്. അങ്ങനെയോർക്കുമ്പോൾ നോവലിൽ, പല കഥാപാത്രങ്ങളിലൂടെ, ഒരു desparation-ഉം കൂടി നമുക്ക് വായിച്ചെടുക്കാനാകും. Lost a country, won a dream എന്ന് ബൊലാഞ്ഞോ കവിതയിൽ പറയുമ്പോൾ കയ്പുനീരാണ് കിനിയുന്നത്. അയാളുടെ സ്വപ്നം ചിലി എന്ന രാജ്യം തന്നെയായിരുന്നു, കവിതയും. കവിത വിട്ടു ഫിക്ഷൻ എഴുതേണ്ടി വന്നു അയാൾക്ക്‌ ജീവിയ്ക്കാൻ. അത്, അയാൾക്ക് ഒരാശ്വാസവും കൊടുത്തുകാണില്ല എന്ന് എനിയ്ക്ക്, സ്വന്തം അനുഭവത്തിൽ നിന്ന്, ഉറപ്പായും പറയാൻ കഴിയും.

2 thoughts on “സാവേജ് ഡിറ്റക്റ്റീവ്സ്”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top