
“വിക്റ്റർ ലീനസിന്റെ കഥകൾ” എന്ന സമാഹാരം അടുത്തിടെ വീണ്ടും വായിയ്ക്കുകയുണ്ടായി. അതിലെ “വിട” എന്ന കഥ പണ്ട് വായിയ്ക്കുകയും എന്നെ കാര്യമായി സ്പർശിയ്ക്കുകയും ചെയ്ത കഥയായിരുന്നു – ലീനസിന്റെ മികച്ച കഥയായി അതെപ്പോഴും ആലോചനയിൽ വരാറുണ്ട് താനും. മലയാളത്തിലെ unique എന്ന് പറയാവുന്ന ഒരു സംഗതി ഈ സമാഹാരത്തിലുണ്ട് (അതിനെക്കുറിച്ചാണ് ഈ കുറിപ്പ്). അതിലെ ആറുകഥകൾ ഒന്നിന്റെ തുടർച്ച മറ്റൊന്ന് എന്ന നിലയിലാണ് – പരിദാനം (1973), ഒരു ധീരോദാത്തനായകൻ (1973), ഒരു സമുദ്രപരിണാമം(1974), വിരുന്ന് (1975), വിട(1991), യാത്രാമൊഴി(1992). പരിദാനത്തിൽ അലഞ്ഞു നഗരത്തിൽ നടക്കുന്ന ഒരാൾ, ലീനസിന്റെ alter ego എന്ന് കരുതാം, ലീല എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു – അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. അയാളവളെ കയ്യിലുള്ള അവസാനതുട്ടുകൾക്ക് ചായകുടിയ്ക്കാനാണു ക്ഷണിയ്ക്കുന്നത്. ചായയ്ക്ക് കാശുകൊടുക്കാമെന്നു പറയുന്ന പെൺകുട്ടിയോട് അയാൾ പറയുന്നു – എന്നെ ഒരു പ്രഭുവായിക്കരുതൂ. പിന്നെ അയാൾ വായിച്ചുകൊണ്ടിരിയ്ക്കുന്ന വിദേശ കഥാപുസ്തകത്തിൽ വച്ച നോട്ടുകൾ പുറത്തെടുത്ത് ബില്ല് പേ ചെയ്യുന്നു. പുറത്തിറങ്ങുമ്പോൾ രാത്രി അവൾക്ക് കൂട്ടിനു നല്ലൊരു പ്രഭുവിനെ ആശംസിയ്ക്കുകയും ചെയ്യുന്നു. യവനകഥയിലെ പാരിസിനെയും മെനലാസിനെയും എല്ലാം അയാൾ പിന്നെ ഓർക്കുന്നു. ലീനസ് ഒന്നാന്തരം വായനക്കാരനാണ് എന്ന് പിൻകുറിപ്പിൽ സുഹൃത്ത് പറയുന്നുണ്ട്. എന്നാൽ വായനയിലെ സോഫിസ്റ്റിക്കേഷൻ എഴുത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ലീനസിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതീ ആറുകഥകളിൽ പടിപടിയായി ചെത്തിമിനുക്കപ്പെടുന്നത് നമുക്ക് കാണാൻ കഴിയും. കുറച്ചു വാചാലതയും കഠിനപദപ്രയോഗങ്ങളും ഈ കഥയിലുണ്ട് എന്നാൽ “സീരീസ്” പുരോഗമിയ്ക്കുന്നതിന് അനുസരിച്ച് അതെല്ലാം കുറഞ്ഞു വരുന്നത് കാണാം. അഥവാ, തന്റേതായ ഒരു ലഘുഭാഷ സൃഷ്ടിയ്ക്കാൻ അത്രയും സമയം കൊണ്ട് ലീനസിനു കഴിയുന്നു. പുത്തൻ കഥാകാരിൽ ഞാൻ തീരെ കാണാത്ത ഒരു ഗുണമാണിത്. ഉദാഹരണത്തിന് ടി അരുൺകുമാറിന്റെ, അമിതപ്രതീക്ഷയോടെ വായിച്ച “ചീങ്കണ്ണിയെ കനലിൽ ചുട്ടത്” എന്ന സമാഹാരം – വേർഡ് പ്‌ളേ ആണ് എഴുത്തുകാരന് പ്രിയം. അതിൽ അത്ഭുതമില്ല. സ്ഥാനത്തും അസ്ഥാനത്തും ഭാഷ കൊണ്ടുള്ള വാൾപ്പയറ്റാണ് അയാളുടെ സഹഎഴുത്തുകാർക്കും പുത്തൻകൂറ്റു നിരൂപകർക്കും പ്രിയം (അരുണിന്റെ പുതിയ കഥയായ “മാച്ചേർ കാലിയ”യെ വെല്ലുന്ന ഒരു കഥപോലും ഈ സമാഹാരത്തിലില്ല എന്നെനിയ്ക്കു പറയാൻ കഴിയും).
ലീനസിലേയ്ക്ക് മടങ്ങിവരാം. “ധീരോദാത്തനായകനി”-ൽ കാമുകന്റെയൊപ്പം കടന്നു കളഞ്ഞ പെൺകുട്ടിയെ കാണാനെത്തുകയാണ് ഒരാൾ. അത് മൂന്നാം കഥയിലും പിന്നീടും കടന്നു വരുന്ന റോണി എന്നയാളാണ് എന്ന് നമുക്ക് വഴിയേ മനസ്സിലാകും. അവളെ കാമുകൻ ചതിച്ചതായിരുന്നു. വലിയൊരു നഗരത്തിൽ അഞ്ചു ദിവസങ്ങൾ അവൾക്കു പലരോടൊപ്പം ഉറങ്ങേണ്ടി വന്നു. ഒരു ഉദാത്തനായകനെപ്പോലെ അയാൾ കാമുകനെ അടിച്ചുവീഴ്ത്തി അവളുമായി നാട്ടിലേയ്ക്ക് തിരിയ്ക്കുന്നു. അച്ഛൻ പറഞ്ഞാണ് അയാൾ വന്നത് എന്നവളോട് റോണി പറയുന്നുണ്ട്. Conventional രീതിയിലുള്ള ആഖ്യാനമോ, കഥാഗതിയോ, സംഭാഷണങ്ങളോ അല്ല എഴുപതുകളുടെ ആദ്യപകുതിയിൽ എഴുതപ്പെട്ട ഈ കഥകളിലുള്ളത് എന്നത് ശ്രദ്ധിയ്‌ക്കേണ്ടതാണ് – നായകനും പെൺകുട്ടിയും തമ്മിലുള്ള സംഭാഷങ്ങൾ – അവർ തമ്മിൽ ഒരു കെമിസ്ട്രി ബിൽഡ് അപ്പ് ചെയ്യുന്ന ഭാഗങ്ങൾ അതിനുദാഹരണമാണ്. എന്നാൽ കഥയുടെ അവസാനം നായകൻ തന്റെ തനിസ്വരൂപം കാണിയ്ക്കുന്നു. അതിന്റെ തുടർച്ചയാണ് “സമുദ്രപരിണാമം” എന്ന കഥ. കഥയിൽ പെൺകുട്ടിയുടെ ശരീരം കടലിൽ കളയാൻ റോണിയും “പരിദാന”ത്തിലെ ആഖ്യാതാവും കൂടി പോവുകയാണ്. ഒന്ന് രണ്ടു ചെറുതടസങ്ങൾക്കുശേഷം അവർ ചെയ്യാൻ വന്ന സംഗതി പൂർത്തിയാക്കുന്നു. അപ്പോഴാണ് ആദ്യമായും അവസാനമായും ആഖ്യാതാവിന്റെ വയലന്റ് വശം നമ്മൾ ഈ സീരീസിൽ കാണുന്നത്. അത് കഴിയുമ്പോൾ റോണി ചോദിയ്ക്കുകയാണ് – യു ഫീൽ ബെറ്റർ നൗ? ഒരു വാക്കുപോലും അധികമില്ലാത്ത കഥകളാണ് ഇവ, പ്രത്യേകിച്ചും ധീരോദാത്തനായകൻ തൊട്ട് എന്ന് കൂടി പറയേണ്ടതുണ്ട്. എം ടിയുടെ ഇൻഫ്ളുവൻസ് ഉള്ള ഒരെഴുത്തുകാരനായാണ് ഞാൻ ലീനസിനെ ഓർത്തിരുന്നത്. മിനിമൽ വിവരണങ്ങൾ, മിനിമൽ വിശേഷണങ്ങൾ – ഒരിടത്തുപോലും ഒരു കട്ടിവാക്കുപോലുമില്ല. പെരുമഴയുടെ പിറ്റേന്നിൽ മരുമകൾ കാലിൽ തൊടാനായുമ്പോൾ എന്താണ് പറയേണ്ടത് എന്നാലോചിയ്ക്കുന്ന അച്ഛൻ, ഷെർലക്കിൽ നീണ്ടുവരുന്ന പൂച്ചയുടെ നഖങ്ങൾ – അതുപോലെ ഒരു നിമിഷനേരമുള്ള ചില വെളിപ്പെടലുകളാണ് ഈ കഥകളിലെ വെള്ളിരേഖകൾ.
“വിരുന്നി”ൽ, ആഖ്യാതാവ്, ആരോ വിളിച്ച് ഒരു ഹോട്ടലിൽ ചെല്ലുന്നു. അയാളെ കാത്തിരുന്നത് ലീലയായിരുന്നു, അയാൾ പ്രഭുവിനെപ്പോലെ കാപ്പിനൽകി സൽക്കരിച്ച പെൺകുട്ടി. അവർ സംസാരിച്ചു കൊണ്ടിരിയ്ക്കുമ്പോൾ അവിടെ പോലീസ് റെയ്ഡ് നടക്കുകയും, അവരിരുവരും വ്യഭിചാരത്തിന് അറസ്റ്റിലാവുകയും ചെയ്യുന്നു. എന്നാൽ റോണി അവരെ ജാമ്യത്തിലെടുക്കുന്നു. ഇത്തവണ ചായയ്ക്ക് അവൾ തന്നെ കാശു കൊടുക്കുന്നു. ലീല ചോദിയ്ക്കുകയാണ് – പ്രഭു എന്നതിന്റെ സ്ത്രീലിംഗമെന്താണ്? ഞാനതാണെന്നു കരുതൂ. എഴുതി ഏറെ തഴക്കം വന്ന എഴുത്തുകാരെ അനുസ്മരിപ്പിയ്ക്കുന്നു ലീനസ് ഇവിടെ. ഇവയെഴുതിയ കാലവുമോർക്കുക – ആധുനികതയും പരീക്ഷണങ്ങളും മേതിലും എല്ലാമുള്ള കാലത്ത് നമ്മുടെ ഭാഷയിലെ, കുറച്ചു കൂടി ക്‌ളാസ്സിക് ആയ ശൈലിയോടാണ് ഈ എഴുത്തുകാരന് താൽപ്പര്യമുണ്ടായിരുന്നത്.
സമാഹാരത്തിലെ അടുത്ത കഥയാണ് ലീനസിന്റെ മാസ്റ്റർപീസ് എന്ന് ഞാൻ കരുതുന്ന “വിട”. നായക കഥാപാത്രം നഗരത്തിൽ ഒരു ആക്സിഡന്റ് കാണുന്നു – അതിനെപ്പറ്റി കേൾക്കുമ്പോഴേ ആരാണ് മരിച്ചത് എന്നെങ്ങനെയോ അയാൾക്കറിയാം. അത് ലീലയായിരുന്നു. ആ പെൺകുട്ടിയുടെ ശരീരം ആശുപത്രിയിലെത്തിയ്ക്കുന്നതും, പോസ്റ്റ്മാർട്ടവും, വീട്ടിലറിയിയ്ക്കുന്നതും എല്ലാം അയാൾ തന്റെ ഉത്തരവാദിത്തത്തിലെടുക്കുകയാണ്. അയാൾ താമസിയ്ക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥയെയും (ഉഷ എന്ന പെൺകുട്ടി) നമ്മൾ കാണുന്നു. അവരുടെയൊപ്പം, പെൺകുട്ടിയുടെ അമ്മയുടെ കൂടെ, മൃതശരീരവുമായി അവരുടെ നാട്ടിലേയ്ക്ക് അയാൾ പോകുന്നു. അവിടത്തെ നാട്ടുകാർ, ധീരയായ ആ അമ്മ, അവളുടെ അനിയത്തിമാർ എല്ലാവരെയും കുറഞ്ഞ വാക്കുകളിൽ കഥാകൃത്തു വിവരിയ്ക്കുകയാണ് – ഇപ്പോൾ കണ്ടും കെട്ടും പഴകിയിട്ടുള്ള തന്റേടമുള്ള സ്ത്രീകഥാപാത്രങ്ങളുടെ അച്ചിലാണ് അമ്മയെപ്പോലുള്ള കഥാപാത്രങ്ങളെ ലീനസ് വരഞ്ഞുവച്ചിരിയ്ക്കുന്നത്. എന്നിട്ടും ആ ചിത്രങ്ങൾക്കൊരു ടൈംലെസ്സ് ഫീൽ ഉണ്ട്. കഥയിലാകെ വരുന്നത് ഒന്നോ രണ്ടോ കഠിനപദങ്ങളാണ് – സത്യത്തിൽ എന്തുമാത്രം അദ്ധ്വാനമാണ് നമ്മുടെ പല പ്രശസ്തരും എടുക്കുന്നത് എന്ന് ലീനസിനെ വായിയ്ക്കുമ്പോൾ തോന്നും. അത്ര അനായാസമായാണ് ഇവിടെ കഥ പറച്ചിൽ – പറച്ചിൽ വായനക്കാരന്റെ മുന്നിൽ കയറിനിന്നല്ല, അവർക്കുമുന്നിൽ കഥമാത്രമേയുള്ളു. ഇപ്രാവശ്യം വായിച്ചപ്പോഴും ഈ കഥയുടെ അവസാനഭാഗങ്ങൾ എന്നെ വികാരാധീനനാക്കി എന്നതാണ് സംഗതി.
സമാഹാരത്തിലെ അവസാന കഥയാണ് “യാത്രാമൊഴി”. ഈ കഥ പുറത്തു വരുന്നതിനുമുന്നെ ലീനസ് ഒരു അപകടത്തിൽ മരിച്ചിരുന്നു. തക്കസമയത്തു ഇടപെട്ടിരുന്നില്ലെങ്കിൽ അയാൾ ഒരു അജ്ഞാതശവമായി കലൂരിലെ സെമിത്തേരിയിൽ ഒടുങ്ങുമായിരുന്നു എന്നാണ് അയാളുടെ സുഹൃത്തിന്റെ (ജോസഫ് വൈറ്റില) പിൻകുറിപ്പിൽ കാണുന്നത്. വിട എന്ന കഥ വന്നതിനു മുന്നെ ലീനസിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. യാത്രാമൊഴി പ്രിന്റിൽ വരുന്നതിനുമുന്നെ അയാളും പോയി.കഥയിൽ നമുക്ക് പരിചിതനായ ആഖ്യാതാവ് ഒരു യാത്ര പോവാനൊരുങ്ങുകയാണ്. ഉഷ എന്ന പെൺകുട്ടി അയാൾക്കുള്ള വസ്ത്രങ്ങൾ കഴുകിക്കൊണ്ടുവരുന്നു. അഞ്ചാമത്തെ സെറ്റ് വസ്ത്രങ്ങൾ മുഷിഞ്ഞു കഴിയുമ്പോൾ തിരികെ വരണം എന്നാണ് അവളുടെ ഏക നിബന്ധന. അയാൾ സമ്മതിയ്ക്കുന്നു. ” എനിയ്ക്കു ചലിച്ചുകൊണ്ടേയിരുന്നാൽ മതി” എന്നു നായകൻ പറയുന്നിടത്ത് കഥ തീരുന്നു.
ചെറുപ്പത്തിൽ പല തവണ ആവർത്തിച്ചു കേട്ടിട്ടുള്ള ഒരു കഥയായിരുന്നു യാത്രാമൊഴി – പിന്നീട് ഞാൻ കഥ വായിച്ചു. അത് കഴിഞ്ഞു വർഷങ്ങൾക്കുശേഷം ഈ സമാഹാരം. അടുത്തിടെ സുഹൃത്തിന്റെ സംസാരത്തിൽ നിന്നുള്ള ആവേശത്തിൽ എല്ലാം ഒന്ന് കൂടി വായിച്ചു – അതിന്റെയാണ് ഈ കുറിപ്പ്. എഴുത്തുകാരന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ ശ്രദ്ധിയ്ക്കാറില്ല. അങ്ങനെയാണെങ്കിൽ പ്രിമോ ലെവി, വാൻഗോഗ്, ന്യൂട്ട് ഹാംസൺ തുടങ്ങി എത്ര കലാകാരന്മാരുണ്ട് – ആത്യന്തികമായി വ്യക്തി മാഞ്ഞുപോവുകയും അയാളുടെ എഴുത്തിന്റെ ശക്തി നിലനിൽക്കുകയും ചെയ്യുന്നു – ഹാംസനെ അടുത്ത കാലത്തു വായിച്ചപ്പോഴും വേദന തോന്നി. എത്രയോ വർഷങ്ങൾക്കു മുന്നേ മലയാളത്തിലാണ് അയാളെ ഞാൻ വായിച്ചത് – ഇപ്പോൾ ഇംഗ്ളീഷിൽ – ഭാഷയോ, കാലയളവോ വികാരത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. അതാണ് ക്‌ളാസിക്കുകൾ, ടൈംലെസ്സ് എന്ന് നമ്മൾ കരുതുന്ന എഴുത്തുകൾ, പെയിന്റിങ്ങുകൾ തുടങ്ങി എല്ലാറ്റിന്റെയും മർമ്മം. ലീനസിന്റെ പ്രിസിഷൻ എഴുത്തിന് ടൈംലെസ്സ് ഫീൽ ഉണ്ടെന്നാണ് എന്റെ വിചാരം. അയാളെ മറന്നുപോവുന്നത് നമ്മുടെ സാഹിത്യചരിത്രത്തിനോട് ചെയ്യുന്ന നീതിയല്ല.
Thanks for the intro. I had never heard about this writer before. 🙂
🙂
വിക്ടർ ലീനസിനെ വായിച്ചിട്ടുണ്ടെങ്കിലും അത് അത്ര മാത്രം ഗൗരവത്തിലായിരുന്നില്ല എന്ന് ഈ കുറിപ്പ് വായിച്ചപ്പോൾ തോന്നി. വി പി ശിവകുമാറിനേയും വായിച്ചില്ലോ എന്നും ഈ കുറിപ്പനവസാനം തോന്നി. രണ്ടു പേരെയും ഉടൻ വായിക്കാൻ പ്രേരിപ്പിച്ചതിന് നന്ദി. അരുണിന്റെ സമാഹാരത്തിലെ മിശ്രം എന്ന കഥ എനിക്കിഷ്ടപ്പെട്ടു. പക്ഷെ നല്ല കഥയെഴുതാൻ കെൽപ്പുള്ള ഒരു കഥാകാരനാണ് അയാൾ. നൊബേലിനെക്കുറിച്ചു എന്തെങ്കിലും വരും ദിവസങ്ങളിൽ കാണുമെന്ന പ്രതീക്ഷയോടെ.
Thanks :), I agree on Arun – Macher Kaliya showed a lot of potential and he has only one way to go from there. Its your comment that pushed me to check him out on Storytel. Nobel has lost its relevance since last year, for me. If they chose writers like Olga, Fascists like Handke and puppets like Mo Yan, it will end up like Booker – then there is nothing left in the world of that stature. That worries me.
സമുദ്രപരിണാമം എന്ന കഥയില്‍ രാത്രിയിലെ കടലിന്‍റെ വിവരണം ഇപ്പോഴും ഓര്‍മ്മയിലിരിക്കുന്നു. വെള്ളത്തില്‍ തീ പ്രതിഫലിക്കുന്നത് പോലെ ഒന്ന്…ശരിക്കും ഒരു സസ്പെന്‍സ് ആഖ്യാനമാണ് ഈ കഥ. കഥകള്‍ കഴിഞ്ഞ് സുഹൃത്തിന്‍റെ കുറിപ്പ് വായിക്കുമ്പോഴും ആ കഥകളുടെ പോലുള്ള ഒരു ലോകമായിരുന്നു ലീനസിന്‍റേത് എന്ന് തോന്നും. ലീനസിനെപ്പോലെ മറ്റൊരു എഴുത്തുകാരനില്ല. ഒരു Episodic Novel പോലെയാണ് ഈ പുസ്തകം.
Agree, it’s a great collection. I think you should write about the crime element in his stories – thats another unique feature of his stories.
ഒരു പഴേ പോസ്റ്റ് https://www.facebook.com/notes/maria-rose/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D-%E0%B4%B2%E0%B5%80%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%86%E0%B4%A4%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B5%8D/1037548829658619
Oh, I don’t remember seeing this b4, good one! I guess you still can write about constant presence of death and crime elements in his stories – there’s something unnerving about it – i can see how intelligently he uses it too – even this idea to link the stories were clever.