2023-ലെ വായനയെപ്പറ്റി, വായനയെപ്പറ്റി പൊതുവിൽ. 

  1. നമ്പേഴ്സ് ഡോണ്ട് മാറ്റർ. എണ്ണത്തിൽ ഒരു കാര്യവുമില്ല. ഒരു തരം ചാപല്യമാണത്.
  2. ഇഷ്ടമില്ലാത്ത പുസ്തകങ്ങൾ വിട്ടുകളയുക. വായന ആസ്വദിയ്ക്കാനുള്ളതാണ്. ജീവിതഭാരം ലഘൂകരിയ്ക്കാനുള്ളത്. എന്നാൽ ലഘൂകരണം ഓരോരുത്തരുടെ പക്വത പോലെയിരിയ്ക്കും.
  3. ഒരേ സമയം ഒന്നിലധികം പുസ്തകങ്ങൾ വായിയ്ക്കുക. അത് നിങ്ങളുടെ ആസ്വാദനശേഷിയെ വർദ്ധിപ്പിയ്ക്കും. വായനയിലെ എല്ലാ തരം മൗലികവാദങ്ങളും വിഡ്ഢിത്തങ്ങളാണ്.
  4. സൂക്ഷിയ്ക്കണം എന്ന് തോന്നുന്ന പുസ്തകങ്ങൾ മാത്രം പ്രിന്റിൽ വാങ്ങുക. വായിയ്ക്കാത്ത പുസ്തകങ്ങൾ ഭാവിയിലേയ്ക്കുള്ള വാഗ്ദാനങ്ങൾ പോലെയാണ്. വാങ്ങുന്ന എല്ലാ പുസ്തകങ്ങളും വായിയ്ക്കാനായാൽ നല്ലത്. ഇല്ലെങ്കിൽ ഒന്നുമില്ല.
  5. ധാരാളം ക്‌ളാസിക്കുകൾ വായിയ്ക്കുക, വായിയ്ക്കാൻ ശ്രമിയ്ക്കുക.
  6. കവിത വായിയ്ക്കുക. വായനയിലെ ഏറ്റവും പ്രധാന കാര്യമാണ് കവിതാവായന. കവിത വായിയ്ക്കാറില്ല എന്ന് പറയുന്ന വായനക്കാർ വായനക്കാരല്ല. അങ്ങനെ പറയുന്ന നിരൂപകരെ അപ്പോൾ തന്നെ ഒഴിവാക്കുക. ദേ ആർ ഫ്രോഡ്സ്.
  7. നോൺ ഫിക്ഷൻ വായന പ്രധാനമാണ്. ഇപ്പോൾ ഫിക്ഷനും നോൺ ഫിക്ഷനും പലപ്പോഴും തങ്ങളുടെ അതിർത്തികൾ മായ്ച്ച് ഒന്നാകുന്നത് കാണാം. ഒരു തരം ഇൻഫോ ഓവർലോഡ് സാഹിത്യത്തിലുണ്ട്. ചിലപ്പോൾ അവ ആസ്വാദ്യകരമാണ്. Labatut, Teju Cole ഉദാഹരണം. വേറെയുമുണ്ട്, ധാരാളം.
  8. ഓഡിയോ, കിൻഡിൽ തുടങ്ങിയവ വായനയിൽ ഉൾക്കൊള്ളിയ്ക്കുന്നത്, മറ്റു തിരക്കുകൾക്കിടയിൽ വായനയെ സഹായിയ്ക്കും. നടക്കുമ്പോൾ, യാത്രചെയ്യുമ്പോൾ  ഓഡിയോ കേൾക്കുന്നത് എനിയ്ക്ക് ശീലമാണ് അതില്ലെങ്കിൽ ഈ വർഷം(കഴിഞ്ഞ മൂന്നുവർഷവും) എന്റെ വായന മുരടിച്ചേനെ. അത് വായനയാണോ എന്നൊക്കെ ചിലർ ചോദിയ്ക്കുണ്ട്. ആവർത്തിയ്‌ക്കുന്നു – വായനയിലെ എല്ലാ തരം മൗലികവാദങ്ങളും വിഡ്ഢിത്തങ്ങളാണ്. വേറെ ഒരു പണിയും ഈ ചോദിയ്ക്കുന്നവനൊന്നുമില്ല എന്ന് കരുതുക.
  9. വായന ഇഷ്ടപ്പെടുന്നെങ്കിൽ ജീവിതം അതിനുചുറ്റും ഒരുക്കിയെടുക്കുന്നത് ഒരു മോശം കാര്യമൊന്നുമല്ല. വായന പോലെ മനുഷ്യരെ മാറ്റുന്ന ഒരു മരുന്നുമില്ല. അറിയാനുള്ള കൗതുകം പ്രധാനമാണ്. അതില്ലാതെ എന്തിനാണ് ജീവിതം തന്നെ?
  10. പുതിയ പുസ്തകങ്ങളെപ്പറ്റി അറിയാൻ ട്വിറ്റർ (ട്വിറ്ററിനെ കൊല്ലുന്നത് ഒരു ക്യാപിറ്റലിസ്റ്റ് പദ്ധതിയാണ്, മസ്‌ക് അതിന്റെ മുന്നണിപ്പോരാളിയാണ്, ഹി ഈസ് എ ക്രിമിനൽ), ബ്ലോഗുകൾ, നല്ല എഴുത്തുകാരുടെ അഭിമുഖങ്ങൾ (എഴുത്തുകാരൻ നല്ലതാണെങ്കിൽ മറ്റു നല്ല എഴുത്തുകാരുടെ വർക്കുകളെപ്പറ്റി പറയും (തന്നെക്കാൾ മികച്ചവർ), മലയാളി എഴുത്തുകാർ അത് ചെയ്യില്ല എന്നത് തന്നെ അവരുടെ മീഡിയോക്രിറ്റിയുടെ ലക്ഷണമാണ്) തുടങ്ങിയവയാണ് വാരികകളെക്കാൾ നല്ല സോഴ്‌സുകൾ.
  11. കൂടുതൽ സ്ത്രീ എഴുത്തുകാരെ വായിയ്ക്കുക. സ്ത്രീകളെപ്പറ്റി സ്ത്രീകൾക്കു മാത്രമേ എഴുതാനാവൂ. ഒരു അപവാദം അടുത്ത് കണ്ടത് പോൾ എന്ന കൂറ്റ്സി നോവെല്ലയിലാണ്. അത് അപൂർവ്വത്തിൽ അപൂർവ്വമാണ്.
  12. ക്രൈം, സയൻസ് ഫിക്ഷൻ, ഫാന്റസി തുടങ്ങിയ genre ഫിക്ഷൻ വായിയ്ക്കുന്നത് എപ്പോഴും നല്ലതാണ് – അതിൽ മോശമായി ഒന്നുമില്ല. മോശമുണ്ടെന്നു പറയുന്നവൻ വിഡ്ഢികളാണ്. എന്തൊക്കെയോ നിർബന്ധബുദ്ധികളിൽ കുടുങ്ങി സ്വന്തം വായന ആസ്വദിയ്ക്കാൻ അറിയാത്ത അരസികരാണ് അവർ.
  13. മലയാളം കവിത വായിച്ചതിൽ 95% ചവറായിരുന്നു. യാതൊരു വായനയും കവിതയെപ്പറ്റി അടിസ്ഥാനപരമായ അറിവുമില്ലാത്തവരാണ്‌ കവികളിൽ അധികവും. “ആൻ കാഴ്‌സനും മറ്റും  ഒരു സങ്കേതം (കവിത എഴുതാൻ) ഉപയോഗിക്കുന്നു എന്നതുകൊണ്ട് മാത്രം അത് നന്നാവുമോ” എന്നൊരുത്തൻ  ചോദിയ്ക്കുന്നത് ഒരിടത്തു കണ്ടു. “യൂറോപ്പിയൻസിന്റെ ജീവിതം പകർത്തിയാൽ അത് ലോകകവിതയാവുമോ” എന്ന് മറ്റൊരുത്തൻ. ഇമ്മാതിരി കേവല വൈകാരിക ചപ്പടാച്ചിയാണ് അധികം എഴുത്തുകാരെയും കേരളത്തിൽ നയിയ്ക്കുന്നത്. ഇവർ വളർത്തിയെടുക്കുന്ന വായനക്കാരും അവ്വിധം തന്നെ.
  14. മലയാളം നോവൽ അതിനേക്കാൾ പരിതാപകരമാണ്. മലയാളത്തിലെ അടുത്തിടെ വന്ന  പോപുലർ ലിറ്റററി നോവൽ വായിച്ച ഒരാൾ എന്നോട് പറഞ്ഞത് ഈ എഴുത്തുകാരൻ ധാരാളം അധ്വാനം ചീലവാക്കിയിട്ടുണ്ട് ഈ നോവൽ എഴുതാൻ എന്നാൽ അയാൾ ഒരു റിസർച് പേപ്പർ ആയിരുന്നു എഴുതേണ്ടിയിരുന്നത്, നോവലല്ല  എന്നാണ്. അഥവാ തന്റെ റിസർച് നോട്ട്സ് മൊത്തം അദ്ധ്യായം തിരിച്ചെഴുതി അച്ചടിച്ചിരിയ്ക്കുന്നു എന്നർത്ഥം. പണ്ടിയാളുടെ നോവലിൽ ഒരിടത്ത്, “അവിടെ മൂന്ന് കുന്നുകളുണ്ട്” എന്നെഴുതിയിരിയ്ക്കുന്നു. പിന്നെ ഒരു  കോമയിട്ടു രണ്ടു കുന്നുകളുടെ പേരെഴുതിയിരിയ്ക്കുന്നു. അയാളോട് ഞാൻ ചോദിച്ചു – അപ്പോൾ മൂന്നാമത്തേത്? അയാളുടെ മറുപടി – ഞാൻ ഒറ്റ ഡ്രാഫ്റ്റ് മാത്രമേ എഴുതാറുള്ളൂ. എഡിറ്റൊന്നും ചെയ്യുന്നത് എനിയ്ക്കിഷ്ടമല്ല. എങ്ങനെയുണ്ട്? അയാളെ പിന്നെ ഞാൻ വായിച്ചിട്ടില്ല.
  15. വായിച്ച കഥകളുടെ ലിസ്റ്റ് ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്.
  16. എപ്പോഴും മലയാള സാഹിത്യത്തെ വിമർശിയ്ക്കുന്ന താൻ എന്തിനാണ് തന്റെ പുസ്തകങ്ങൾ മലയാളത്തിൽ എഴുതുന്നത്? ഈ ചോദ്യം ഒന്നിലധികം പേർ മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്  ഞാൻ കണ്ടിട്ടുണ്ട്. എന്ത് വിഡ്ഢിത്തമാണ് ഇത്? ഭാഷാ സ്നേഹം എന്ന് പറഞ്ഞാൽ ഒന്നും മിണ്ടാതിരിയ്ക്കലാണോ? കണ്ണടച്ചുള്ള പ്രശംസയാണോ? ഇതിനാണോ നല്ല വായനക്കാർ രാപ്പകലില്ലാതെ നല്ല പുസ്തകങ്ങൾ അന്വേഷിച്ചലയുന്നത്?
  17. മാർകേസിനെ വായിയ്ക്കാത്ത നല്ല വായനക്കാരും എഴുത്തുകാരും മലയാളത്തിൽ കുറവായിരിയ്ക്കും. എന്നാൽ മാർകേസോ അല്ലെങ്കിൽ മറ്റേതെങ്കിലും എഴുത്തുകാരോ മലയാളത്തിൽ ഗുണപരമായ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. സി രാധാകൃഷ്ണൻ, സിവി ബാലകൃഷ്ണൻ എന്നിവർക്കുശേഷം മലയാള സാഹിത്യഭാഷയിൽ വലിയ ഒരു മാറ്റം വന്നിട്ടുണ്ട്. പുത്തൻ തരംഗം – ഹരീഷ്, ദേവദാസ് വിഎം തുടങ്ങി രണ്ടുമൂന്നു പേരൊഴികെ – അതിന്റെ ഏറ്റവും മോശം നിലയിൽ പോവുകയാണിപ്പോൾ. അതിൽ നിന്ന് പുത്തൻ എഴുത്തുകാർ പൊങ്ങിവരുമെന്ന് പ്രതീക്ഷിയ്ക്കുന്നു. എന്നാൽ ഗിമ്മിക്ക്, ആഴം കുറഞ്ഞ പൊളിറ്റിക്സ്, അതിരുകടന്ന ആക്ടിവിസം, പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ അതിപ്രസരം തുടങ്ങിയവ കൊടികുത്തിവാഴുകയാണ് മലയാളത്തിൽ. ചെക്‌ബോക്‌സുകൾ ടിക് ചെയ്യാനുള്ള ത്വരയോടെയാണ് പലരും കഥകൾ എഴുതുന്നത്.
  18. കവിതയിൽ അടുത്ത് വന്ന രണ്ടു അവാർഡുകൾ – ഒന്ന് രേഷ്മയ്ക്കും, പിന്നെ സുജീഷിനും, നല്ല ലക്ഷണമാണ്. രണ്ടുപേരും കവിതയെപ്പറ്റി ധാരണയുള്ളവരാണ്. രേഷ്മ ടൈപ്പ് ആവാൻ സാധ്യതയുണ്ട് എന്നതാണ് ഞാൻ കാണുന്ന പ്രശ്‌നം. സുജീഷ് അവന്റെ പീക് കയറാൻ തുടങ്ങിയിട്ടേയുള്ളു, ബട്ട് ഹി ഹാസ് ട്രെമെൻഡസ് പ്രോമിസ്. സച്ചിദാനന്ദന്റെ കാലം കഴിഞ്ഞാൽ പി എൻ ഗോപികൃഷ്ണനെ പോലെയുള്ള ചിലരെ മാത്രമേ കവിതയിൽ എന്തെങ്കിലും ചെയ്യാൻ ഡ്രൈവ് ഉള്ളവരായി ഞാൻ കാണുന്നുള്ളൂ. സാഹിത്യ അക്കാദമി സംഘടിപ്പിയ്ക്കുന്ന പോലെ ഒരു പരിപാടി ഓർഗനൈസ്സ് ചെയ്യാനും എക്സിക്യൂട്ട് ചെയ്യാനും കഴിവുള്ള അധികം പേരെ കാണുന്നില്ല. അതൊരു വോയ്ഡ് മലയാളം കവിതയിൽ ഉണ്ടാക്കും. അതാണ് സുജീഷ് പോലെയുള്ളവർക്ക് മുന്നിലുള്ള ചലഞ്ച്. മലയാളം ഫിക്ഷനിൽ ഈ പ്രശ്നം ഇപ്പോഴെയുണ്ട്. എംടിയെ ഇപ്പോഴും വേഷം കെട്ടിച്ച് എഴുന്നള്ളിയ്ക്കുന്നത് എന്ത് അരോചകമാണ്. അതുപോലെ സ്പെന്റ്‌ ഫോഴ്‌സുകളായ പദ്മനാഭൻ, മുകുന്ദൻ തുടങ്ങിയവർ. ദേർ ഈസ് എ വോയ്ഡ്. ശുദ്ധ ശൂന്യത.
  19. പേരുകൾ പറയുന്നില്ല, എന്നാൽ പുസ്തകം വായിയ്ക്കാത്ത ചില നിരൂപകർ നയിയ്ക്കുന്ന സാഹിത്യ ചർച്ചകൾ എന്നെ എല്ലാവർഷത്തെയും പോലെ ഈ വർഷവും അത്ഭുതപ്പെടുത്തി (യോസയും കാർട്ടാറസ്‌ക്യൂവും ഹൈപ്പ് ആണെന്ന് കൊച്ചിയിൽ പ്രസംഗിച്ച ഒരു വിരുതൻ പിന്നെ മനോരമയിൽ ഫോസെയ്ക്ക് നോബൽ കിട്ടിയതിനെപ്പറ്റി പുസ്തകത്തിന്റെ പേരുപോലും കറക്റ്റ് ആയി ക്വോട്ട് ചെയ്യാതെ നെടുങ്കൻ ലേഖനം എഴുതി). ഇവനെയൊക്കെ പരിപാടികൾക്ക് വിളിയ്ക്കുന്നവർ ഇവരെക്കാളും വായന കുറഞ്ഞവരായിരിയ്ക്കുമല്ലോ. അതാണ് എന്റെ അത്ഭുതത്തിന്റെ പ്രധാന കാരണം. ഇമ്മാതിരിയുള്ള  മറ്റൊരു ഫ്രോഡിനെപ്പറ്റി ഫെയ്‌സ്ബുക്കിൽ ഒരാളൊടു അയാളുടെ പോസ്റ്റിന്റെ അടിയിൽ തെളിവടക്കം പറഞ്ഞപ്പോൾ അയാൾ അതെയോ എന്ന് ചോദിച്ച് തന്റെ പോസ്റ്റ് മറ്റു വായനാഗ്രൂപ്പുകളിലെല്ലാം പോസ്റ്റ് ചെയ്തു. ഇത്തരം നന്മ മരങ്ങളാണ് അധികവും. അപ്പ് കമിങ് എഴുത്തുകാർ ഇവരെക്കൂടി അതിജീവിയ്ക്കണം. ഭാഗ്യത്തിന് ഇവറ്റ കവിത വായിയ്ക്കുന്നതായി കാണുന്നില്ല എന്നതാണ് ഒരു സമാധാനം.
  20. ജീവിതത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വാങ്ങിയ രണ്ടുവർഷങ്ങളാണ് കടന്നുപോകുന്നത്. ഒരു കൗമാരകാല സ്വപ്‌നമായിരുന്നു ഇത്. അവസാനകാലം വായനയിൽ മുഴുകിക്കഴിയാൻ സാധ്യത തെളിയുന്നു എന്നത് തന്നെ എല്ലാ കഷ്ടപ്പാടുകൾക്കും, അലച്ചിലുകൾക്കും, മേലെ സൂചിപ്പിച്ചതുപോലെയുള്ള സംഭവങ്ങളിലെ കോപതാപങ്ങൾക്കും ഇടയിൽ എന്റെ മനസ്സിനെ ശാന്തമാക്കുന്നു.

15 thoughts on “2023-ലെ വായനയെപ്പറ്റി, വായനയെപ്പറ്റി പൊതുവിൽ. ”

  1. പേരറിയാത്ത

    കവിത വായിക്കാറില്ല. ചില ഹൈക്കുകൾ ഒഴി കെ.

    കവിത വായിക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണ്?

    1. ഏതൊരു ഭാഷയിലും ആ ഭാഷയുടെ ഏറ്റവും ഉദാത്തമായ സംഗതി കവിതയായിരിയ്ക്കും. ഭാഷയുടെ ഏറ്റവും സോഫിസ്റ്റിക്കേറ്റഡ് ആയ രൂപം കവിതയിൽ വരും.

    2. വായനാനന്തരമുണ്ടാകുന്ന സ്വാധീനം അടിസ്ഥാനമാക്കിയാണെങ്കിൽ വായനയിൽ ഏറ്റവും ചുരുങ്ങിയത് മൂന്നുരീതികളെങ്കിലുമുണ്ട്; വിവരശേഖരണാർത്ഥം നടത്തുന്ന വായന (കൂടുതലും നോൺ-ഫിക്ഷൻ പുസ്തകങ്ങൾ), അനുഭൂതിപ്രദമായ വായന (കൂടുതലും ഫിക്ഷൻ), വായനക്കാരൻ്റെ ചിന്തയെയും വൈകാരികോർജ്ജത്തെയും ഭാവനയെയും ഉത്തേജിപ്പിക്കുന്ന വായന (കവിതയും ഫിലോസഫിയുമൊക്കെയാണ് ഈ തരത്തിൽപ്പെടുന്നവയിൽ പ്രധാനം). ഇതിൽ ആദ്യത്തെതരം വായന താരതമ്യേന മനുഷ്യർക്ക് എളുപ്പമാണ്. കഥകേട്ട് ശീലിക്കുന്നവരാകും എല്ലാ മനുഷ്യരും എന്നതിനാൽ ഫിക്ഷൻ വായനയിലേക്കും എത്തിപ്പെടാനാകും. എന്നാൽ (വിമർശനാത്മകമായി) ചിന്തിക്കുന്ന മനുഷ്യരാകുക എന്നതാണു കവിതയും ഫിലോസഫിയും വായിക്കുന്നതിനുള്ള അടിസ്ഥാനഗുണം. അതിലേക്ക് എത്തിപ്പെടാൻ ആദ്യത്തെ രണ്ടുതരം വായനയ്ക്ക് മുകളിൽ ഒരു വായനക്കാരൻ ചിലവഴിക്കുന്ന ആലോചനകൾ ഗുണം ചെയ്യും. എഴുതിയത് സ്വബുദ്ധിതൊടാതെ വിഴുങ്ങുന്നവർക്ക് ആ വായന വഴങ്ങില്ലെന്നു മാത്രം. എഴുതപ്പെട്ടതിനെ വിമർശനാത്മകമായി സമീപിക്കാനും അതിനെ പല വീക്ഷണകോണിലൂടെ സമീപിക്കാനുമുള്ള പരിശ്രമം നടത്തുന്ന വായനക്കാർക്ക് എന്തും വായിക്കാനുള്ള ശേഷി ആർജ്ജിക്കാനാകും. നിങ്ങൾക്ക് കവിത വായിച്ച് ആസ്വദിക്കാനാകില്ല എന്ന് പറയുന്നത് കവിതയുടെ പോരായ്മയല്ലെന്ന് സാരം. വിവരശേഖരണാർത്ഥം കവിതയെയും ഫിലോസഫിയെയും സമീപിക്കുന്നവർക്ക് ആ വായനകൊണ്ട് കാര്യമായ ഗുണമൊന്നും ഉണ്ടാകാനും ഇടയില്ല. കവിതയുടെ കാര്യത്തിൽ മിക്കപ്പോഴും മീഡിയോക്കർ ആയതോ മുദ്രാവാക്യസ്വഭാവമുള്ളതോ ആയ എഴുത്തുകളാകും ഇവർക്ക് രസിക്കാൻ പോകുന്നത്.

  2. പേരറിയാത്ത

    Numbers don’t matter എന്ന് പറഞ്ഞിട്ട് ഇതൊക്കെ നമ്പർ ചെയ്തിരിക്കുന്നത് എന്തിനാണ്? നമ്പർ 12നു ശേഷം വരുന്ന ആത്മപ്രഭാഷണത്തിന് നമ്പറിടേണ്ട ആവശ്യമെന്താണ്? കേരളത്തിന്‌ ഇനിയുമൊരു എം. കൃഷ്ണൻ നായരുടെ ആവശ്യമുണ്ടോ?

    1. “Numbers don’t matter എന്ന് പറഞ്ഞിട്ട് ഇതൊക്കെ നമ്പർ ചെയ്തിരിക്കുന്നത് എന്തിനാണ്?” – do you even underdstand what i have written? rest of your qn is as irrelevant as this one.

  3. പേരറിയാത്ത

    chuvanna badge ennoru novel undu. A novel in the vein of Plot Against America and all, rajesh ennanu ezhuthukarnte peru. Saw some stories from him too. He has a very crisp pattern of writing. Also writing only one draft is not inherently a bad idea in itself if the writer do think its the final product. Carterescue himself needs editing in solenoid

    1. Rajesh Varma is a dear friend, glad that you read his novel, we have been promoting it ever since, its one of the best in that category in Malayalam (August 17 being another good example, see my notes in the blog). I didn’t get your last point though.

  4. പേരറിയാത്ത

    chuvanna badge ennoru novel undu. A novel in the vein of Plot Against America and all, rajesh ennanu ezhuthukarnte peru. Saw some stories from him too. He has a very crisp pattern of writing. Also writing only one draft is not inherently a bad idea in itself if the writer do think its the final product. Carterescue himself needs editing in solenoid

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top