The Blue Room | The Mahé Circle

 

Georges Simenon മുഖവുര വേണ്ടാത്ത എഴുത്തുകാരനാണ്. മേയ്ഗ്രെ എന്ന അനശ്വര കഥാപാത്രത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്‌തനായ സിമനൺ, അയാളെ നായകനാക്കി തന്നെ എഴുപത്തഞ്ചിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പതിനേഴാം വയസ്സിൽ തുടങ്ങി, പന്ത്രണ്ടോളം തൂലികാനാമങ്ങളിൽ, ഇരുനൂറോളം നോവലുകളും നൂറ്റമ്പതിലധികം നോവെല്ലകളും, ചെറുകഥകളും ആത്മകഥാപരമായ കുറിപ്പുകളും ലേഖനങ്ങളും ചേർന്ന് സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൊഡക്റ്റീവ് കരിയറുകളിലൊന്നായിരുന്നു സിമനണിന്റേത് (ആദ്യ നോവൽ പത്തുദിവസം കൊണ്ടാണെഴുതിയത്, പിൽക്കാലത്ത് ഒരു നോവൽ 25 മണിക്കൂറിലാണ് എഴുതിയത് പോലും). 1960-ൽ പുറത്തുവന്ന The Blue Room എന്ന നോവെല്ല ഇക്കൂട്ടത്തിൽ തുലോം വ്യത്യസ്‍തമായ പുസ്തകമാണ്. സാധാരണ whodunit എന്ന് വിളിയ്ക്കുന്ന തരം കഥകളിലെ ഘടനയല്ല ഈ പുസ്തകത്തിനുള്ളത്. ഒരെഴുത്തുകാരൻ എന്ന നിലയിൽ സിമനൺ തന്റെ മിടുക്ക് പ്രകടമാക്കുന്ന ഒന്നാണീ പുസ്തകം.

രഹസ്യമായ ഒരു ലൈംഗിക വേഴ്ചയ്ക്കു ശേഷം വികാരതീവ്രമായ സംഭാഷണം നടത്തുന്ന Andree എന്നും Tony എന്നും പേരായ കാമുകീകാമുകന്മാരെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ നോവെല്ല ആരംഭിയ്ക്കുന്നത്. ടോണിയ്ക്ക് നീലനിറത്തിൽ പെയിന്റ് ചെയ്ത ആ മുറിയോട് തന്നെ ഒരു ആത്മബന്ധമുണ്ട്. തന്റെ രഹസ്യസമാഗമങ്ങൾ അവിടെവച്ചാണ് നടക്കുന്നത് എന്നതാണ് അതിനുകാരണം. സഹോദരൻ നടത്തുന്ന ആ ഹോട്ടലിൽ അയാൾക്കും, ജോലിക്കാരിയ്ക്കുമെല്ലാം ടോണിയുടെ ഇത്തരം ചെയ്‌തികളെക്കുറിച്ചു അറിവുണ്ട്. എന്ന് മാത്രമല്ല അവർ തങ്ങളാൽ കഴിയുന്ന വിധത്തിൽ അയാളെ സഹായിയ്ക്കുന്നുമുണ്ട്. കൃഷി ഉപകരണങ്ങളുടെ ബിസിനസ്സ് ആണ് അയാൾക്ക്. Andree ആകട്ടെ അയാളുടെ ഒപ്പം പഠിച്ച ഒരാളുടെ ഭാര്യയും. അന്നത്തെ ദിവസം ജനലിലൂടെ നോക്കുന്ന ടോണി, കാമുകിയുടെ ഭർത്താവ് Nicolas, ഹോട്ടലിലേയ്ക്ക് വരുന്നതുകണ്ട്‌ അവിടെനിന്ന് വല്ലവിധേനയും കടന്നുകളയുകയാണ്.

അയാൾ ആ സമാഗമത്തെക്കുറിച്ചും മുറിയെക്കുറിച്ചും പിന്നെയുമോർക്കുന്നുണ്ട്. ആ മുറിയുടെ പേരുതന്നെ – ബ്ലൂ റൂം- ലൈംഗികവികാരവുമായി ബന്ധപ്പെട്ടാണ് അയാളുടെ മനസ്സിലേയ്ക്ക് കടന്നുവരുന്നത്. കഥയിൽ, പോകെപ്പോകെ അത് ഒരേസമയം സന്തോഷത്തിന്റെയും ഭയത്തിന്റെയും എല്ലാം symbol ആയിമാറുന്നു. ഭാര്യയും ഒരു മകളുമുണ്ട് Tony-യ്ക്ക്. ഭാര്യ ഒരു വീട്ടമ്മയാണ് – അവർ Andree-യെപ്പോലുള്ള സ്ത്രീയല്ല എന്നതായിരിയ്ക്കുമല്ലോ അവിഹിതത്തിന്റെ കാരണം തന്നെ. കുറച്ചധികം Graphic എന്ന് പറയാവുന്ന ആദ്യഭാഗത്തെ വേഴ്ചയുടെ വിവരണം, കുറഞ്ഞ പക്ഷം, ഈ വ്യത്യാസമാണ് സൂചിപ്പിയ്ക്കുന്നത്. തുടർന്നുള്ള ഒരു ദിവസം Andree യുടെ ഭർത്താവ് മരിച്ച നിലയിൽ കാണപ്പെടുന്നു. അതുകഴിഞ്ഞു ഒരു ദിവസം കഥാനായകന് വിചിത്രമായ കത്തുകൾ വരാനാരംഭിയ്ക്കുന്നു. കഥ നേരെ വിശദീകരിയ്ക്കാതെ, കോടതിയിലെ വിസ്താരത്തിലും ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലും മറ്റുമായാണ് ഇതുപോലെയുള്ള ഓരോ കാര്യങ്ങൾ നമ്മളറിയുന്നത്. സിമനൺ അല്പം പിശുക്കോടെയാണ് വിവരങ്ങൾ വായനക്കാരന് കൈമാറുന്നത് എന്നർത്ഥം – കഥയെന്തായിത്തീരും എന്ന നമ്മുടെ തുടക്കത്തിലുള്ള ധാരണകൾ സാവധാനം മാറിമറിയുന്നു. ആദ്യരംഗത്തിനുശേഷം ആഖ്യാനം ദീർഘമായ ഒദ്യോഗിക നടപടിക്രമമാണ് പിന്തുടരുന്നത് – കുറ്റകൃത്യവും അതിലേയ്ക്ക് നയിച്ച കാര്യങ്ങളും കുറ്റം തെളിയിയ്ക്കുന്നതും വിധിയും എല്ലാം പിറകെ വരുന്നു. കഥ നടക്കുന്നത് ഒരു ചെറുപട്ടണത്തിലാണ്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും അറിയുന്ന ആളുകൾ. മരണം അഭ്യൂഹങ്ങൾക്കും മറ്റും വഴിവയ്ക്കുന്നു, ആളുകൾ പതിയെ ടോണിയ്ക്കു നേരെ തിരിയുന്നു. എന്നാൽ Tony തന്നെയാണോ കുറ്റകൃത്യം നടത്തുന്നത്? Andree ആദ്യം വായനക്കാർ പരിചയപ്പെട്ടപോലെയുള്ള സ്ത്രീയല്ലേ തുടങ്ങിയുള്ള പല ചോദ്യങ്ങൾക്കാണ് കഥ പിന്നെ ഉത്തരം തേടുന്നത്. സാധാരണ ഇത്തരം കഥകൾ അവതരിപ്പിയ്ക്കുന്ന പരമ്പരാഗത രീതിയെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്കും വിശാദാംശങ്ങൾക്കും പ്രാധാന്യം കൊടുത്തു അട്ടിമറിയ്ക്കുകയാണ് എഴുത്തുകാരൻ.

The Blue Room, 1960-ലാണ് ആദ്യമായി പുറത്തു വന്നത്. സാംസ്കാരിക-സാമൂഹിക പശ്ചാത്തലം പഴകിയതായെങ്കിലും, ഇപ്പോഴും കഥയും ആഖ്യാനരീതിയും ആകര്‍ഷകമായിത്തോന്നുന്നു എന്നിടത്താണ് നോവലിന്റെ ശക്തിയിരിയ്ക്കുന്നത് (Blue Room സിനിമയായിട്ടുണ്ട്. ചൂടൻ രംഗങ്ങൾക്കും ചിത്രം പ്രശസ്തമായിരുന്നു – ഒരു IFFK യിൽ വലിയ ആൾത്തിരക്കായിരുന്നു ഇതിന് എന്നോർക്കുന്നു).

The Mahé Circle എന്ന ചെറുനോവൽ (151 പേജുകൾ) പുറത്തുവന്നത് 1946-ലാണ്. ഇതിൽ തികച്ചും വ്യത്യസ്‍തമായ കഥയാണ്. ഇതൊരു കുറ്റാന്വേഷണ നോവലേ അല്ല, ആമോസ് ഓസിന്റെ To Know a Woman – എന്ന നോവലിനെ ഓർമ്മിപ്പിയ്ക്കുന്ന അവർത്തനവിരസമായ അന്തരീക്ഷവും, നബോക്കോവിന്റെ Lolita – യിലെപ്പോലെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയോടുള്ള മധ്യവയസ്കനായ നായകന്റെ അഭിനിവേശവുമാണ് കഥയുടെ പ്രധാന ഭാഗങ്ങൾ. അവധിക്കാലം ചിലവഴിയ്ക്കുന്ന ഒരു ദ്വീപിലേയ്ക്ക് വീണ്ടും വീണ്ടും എത്തിച്ചേരുകയാണ് നായകനായ ഡോക്ടർ. അവിടെയുള്ള ഒരു ക്ലിനിക് വാങ്ങി അവിടെത്തന്നെ കൂടാനും അയാൾ‌ പദ്ധതിയിടുന്നുണ്ട്. കഥ തുടങ്ങുമ്പോൾ അയാൾ യാദൃച്ഛികമായി കണ്ടെത്തുന്ന ഒരു പെൺകുട്ടി അയാളുടെ ഒരു ഒബ്സെഷനാണ്. അതിനിടയ്ക്ക് വിരസമായ കുടുംബജീവിതവും, പെൺകുട്ടിയോട് പ്രേമത്തിലാവുന്ന മരുമകനോടുള്ള അസൂയയും എല്ലാമായി കഥ മുന്നോട്ടുപോകുന്നു. എന്നാൽ നോവലിലെ ഏറ്റവും പ്രഹരശേഷിയുള്ള എഴുത്ത് ഡോക്ടറുടെ അമ്മയ്ക്ക് കാൻസർ വരുന്നതും, അമ്മയും മകനും അതിനെ നേരിടുന്നതുമായ മധ്യഭാഗങ്ങളിലാണ്. പോപ്പുലർ സാഹിത്യകാരൻ എഴുതാൻ സാധ്യതയുണ്ട് എന്ന് ആളുകൾ തീരെ പ്രതീക്ഷിയ്ക്കാത്ത രീതിയിലാണ് ഈ ഭാഗത്തെ അവതരണം – its moving. അമ്മ മരണത്തിനു സ്വാഭാവികമായി തയ്യാറെടുക്കുന്നതും, ചെക്കപ്പിനുപോകുമ്പോൾ തന്റെ ഏറ്റവും നല്ല അടിവസ്ത്രങ്ങൾ ധരിയ്ക്കണമെന്നു അവർ നിർബന്ധം പിടിയ്ക്കുന്നതും, അവരുടെ കർമ്മങ്ങൾ ചെയ്യാനെത്തുന്ന നാട്ടുകാരിയായ സ്ത്രീയും, അന്ത്യത്തോടടുക്കുമ്പോൾ അമ്മ കഴിവതും നിശബ്ദമായ ഒരു സാന്നിധ്യമാകാൻ നോക്കുന്നതുമെല്ലാം നമ്മുടെ ഓർമ്മയിൽ നിൽക്കും. ഈ നോവൽ തന്നെ ഒരു existential ആഖ്യാനമാണ്. കഥയുടെ അന്ത്യം പലരൂപത്തിൽ നമ്മൾ നമ്മുടെ ഭാഷയിലും, പരിഭാഷയിലുമെല്ലാം അനേക തവണ വായിച്ചിട്ടുണ്ട് (മലയാളത്തിലെ ഏറ്റവും മികച്ച നോവൽ എന്ന് പറയപ്പെടുന്ന “ഖസാക്ക്” തന്നെ existential angst ആണല്ലോ ചിത്രീകരിയ്ക്കുന്നത്. എണ്ണമറ്റ മലയാള സിനിമകളും ഈ വിഷയത്തിലുണ്ട്). ഈ ടെംപ്ലേറ്റിന്റെ ആദി രൂപങ്ങളിലൊന്നാണ് Mahé Circle -ൽ. അത് വായിയ്ക്കുമ്പോൾ അൽപ്പമൊക്കെ ചെടിയ്ക്കുമെന്നർത്ഥം. എന്നാൽപ്പോലും, സിമനണിന്റെ അന്തരീക്ഷ നിർമ്മിതി നമ്മളെ പിടിച്ചിരുത്തുന്ന വിധത്തിലാണ്. കഥയിലെ വിരസത, നായകന്റെയാണ് എന്ന് വായനക്കാരൻ മനസ്സിലോർക്കണമെന്നു മാത്രം.

തന്റെ ശൈലിയിൽ പല തരം പരീക്ഷണങ്ങൾക്കു മുതിർന്നിരുന്ന, അതിൽ മിക്കവാറും എപ്പോഴും വിജയിച്ചിരുന്ന എഴുത്തുകാരനാണ് സിമനൺ – അയാളുടെ വ്യത്യസ്ത നോവലുകളായ ദി ഹാൻഡ്, ട്രോപിക് മൂൺ, ദി ട്രെയിൻ, സൈക്കോളജിക്കൽ വർക്കുകളായ ദി മാൻ ഹു വാച്ച്ഡ് ട്രെയിൻസ് ഗോ ബൈ, ഡേർട്ടി സ്നോ, സ്‌ട്രെയിഞ്ചേഴ്‌സ് ഇൻ ദി ഹൌസ്, ആത്മകഥാപരമായ പെഡിഗ്രി, എഴുത്തിനെയും ജീവിതത്തിലെ ഒരു പ്രത്യേക സമയത്തെയും ജേർണൽ ചെയ്ത വെൻ ഐ വാസ് ഓൾഡ് തുടങ്ങിയവ വായിയ്ക്കുമ്പോൾ ബോധ്യമാകുന്ന വസ്തുതയാണിത് (ഇവയെക്കുറിച്ചു വൈകാതെ ഇവിടെയെഴുതാം). മിക്കപ്പോഴും ഒന്നാം ഡ്രാഫ്റ്റ് തന്നെ ചുരുക്കം തിരുത്തലുകളോടെയാണ് (ചിലപ്പോൾ മാറ്റമേയില്ലാതെ) താൻ പബ്ലിഷർക്ക് അയയ്ക്കാറുള്ളത് എന്ന് പറയുന്ന അപൂർവ്വം എഴുത്തുകാരനുമാണയാൾ. അത്രയധികം പ്രൊഡക്ടിവുമായിരുന്നു സിമനൺ (അഞ്ഞൂറിലധികം പുസ്തകങ്ങൾ!) എന്നതായിരിയ്ക്കാം അതിനൊരു കാരണം എന്ന് തോന്നുന്നു (പത്തുദിവസത്തിൽ കൂടുതൽ ഒരുപുസ്തകത്തിൽ ജോലിചെയ്യില്ലെന്നു പാരീസ് റിവ്യൂ അഭിമുഖത്തിൽ). എന്തായാലും അനന്യമായ, അവശ്യം വായിച്ചിരിയ്ക്കേണ്ട ഒരു സാഹിത്യലോകമാണ് സിമനണിന്റേത്.

2 thoughts on “The Blue Room | The Mahé Circle”

  1. Pingback: സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3 – Bookmark

  2. Pingback: സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3 – Bookmark

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top