
ഒന്ന്
ഇതര മതസ്ഥരേക്കാൾ കമ്മ്യൂണിറ്റി സെൻസ് കൂടുതലാണ് മുസ്ലീങ്ങൾക്ക് എന്നെനിയ്ക്കു തോന്നിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഇതൊരു ഗ്ലോബൽ ഐഡന്റിറ്റിയുടെ ഭാഗവുമാണ്. എന്നാൽ സൂക്ഷ്മമായി നോക്കിയാൽ അങ്ങനെയൊരു ഏകീകൃത സ്വഭാവം ഇസ്ലാമിനില്ല താനും – സെക്റ്റുകളും സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളും ആശയവൈവിധ്യങ്ങളും എല്ലാമുള്ള ഒരു ബഹുസ്വര രൂപം തന്നെയാണ് പ്രായോഗികതലത്തിൽ ഇസ്ലാം. അത് നേരിടുന്ന ആന്തരിക-ബാഹ്യ-സംഘർഷങ്ങളുടെ കാരണവും പലപ്പോഴും ഒന്നായിനിൽക്കാനുള്ള വെമ്പലും എന്നാൽ അതിനെ അട്ടിമറിയ്ക്കുന്ന ഈ സൂക്ഷ്മവൈരുദ്ധ്യങ്ങളുമാണ്. അപ്പോഴും ഈ വ്യതിയാനങ്ങളെപ്പോലും മറികടന്ന് മേൽപ്പറഞ്ഞ കമ്മ്യുണിറ്റി സെൻസിനെ ഒരു പരിധിവരെയെങ്കിലും ഒരു ഹെർഡ് മെന്റാലിറ്റിയിലേയ്ക്ക് മാറ്റിയെടുക്കാനാകുമെന്നതുമുണ്ട്. അൽ ഖയ്ദ പിന്നെ ഐസിസ് തുടങ്ങിയ സമകാലീന തീവ്രവാദഗ്രൂപ്പുകളുടെ ആവിർഭാവവും പ്രവർത്തനരീതികളും അതാണ് തെളിയിയ്ക്കുന്നത്. ഇതിൽ ഐസിസ് അതുവരെയുണ്ടായ എല്ലാതരം മതതീവ്രവാദ ഗ്രൂപ്പുകളെയും പിന്തള്ളുന്നത് അതിന്റെ ആശയതലത്തിലെ ലാളിത്യത്തിലാണ്. പ്രവാചകജീവിതത്തിനെ അതിന്റെ എല്ലാ പ്യൂരിറ്റിയോടും കൂടി പിൻപറ്റുക എന്നതാണ് അവർ മുന്നോട്ടുവയ്ക്കുന്ന ആശയം. അതിനായി പഴയ ഖലിഫേറ്റ് പുനസ്ഥാപിയ്ക്കുക. കൂടെ ലളിതജീവിതവും കടുത്ത ആത്മീയതയും – അതിൽ വിശ്വാസിയ്ക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു ആകർഷണീയതയുണ്ട്. അതിന്റെ മറുപുറം തീർച്ചയായും പഴയ ഉന്മൂലന സിദ്ധാന്തം തന്നെയാണ്(തങ്ങളിൽ പെടാത്തവരെ കൊല്ലുക അല്ലെങ്കിൽ പരിവർത്തനം ചെയ്യിയ്ക്കുക എന്ന ഗോത്രമനോനില). എന്നാൽ കേരളം, നോർഡിക് രാജ്യങ്ങൾ തുടങ്ങി ജീവിതനിലവാരം വളരെയുയർന്ന സ്ഥലങ്ങളിൽ നിന്നുപോലും ആളുകളെ റിക്രൂട്ട് ചെയ്യാൻ ഐസിസിനെ സഹായിച്ചത് ഈ യുട്ടോപ്പിയൻ ആശയം നല്ല രീതിയിൽ പ്രചരിപ്പിയ്ക്കാൻ അവർക്കു കഴിഞ്ഞതുകൊണ്ടാണ്. മുൻപില്ലാത്ത തരത്തിൽ സോഷ്യൽ മീഡിയയും ഐസിസ് ഉപയോഗിച്ചു. അവരുടെ രീതികൾ വലിയ തരംഗമുണ്ടാക്കി എന്നു നമുക്ക് കാണാം. ഇസ്ലാമിനുള്ളിൽ നിന്ന് തന്നെ ഈ ഗ്രൂപ്പിനെതിരെ കടുത്ത എതിർപ്പുണ്ടായതും പല സമാന ആശയക്കാരായ സംഘടനകൾ പോലും അവർക്കെതിരെ രംഗത്തു വന്നതും അതാണ് കാണിയ്ക്കുന്നത്. ആരായിരുന്നു ഐസിസിന് പിന്നിൽ? എങ്ങനെയാണ് ആ സംഘടന ഒരു രാജ്യം സൃഷ്ടിച്ചെടുത്തത്, അതിനു സഹായകമായ ഘടകങ്ങൾ എന്തായിരുന്നു? അമേരിക്കയും, റഷ്യയും വഹാബി, സലഫി ഗ്രൂപ്പുകളും എല്ലാം അതിൽ വഹിച്ച പങ്കെന്താണ്? ഇതൊക്കെയാണ് Stanly Johny-യുടെ “The ISIS Caliphate: From Syria to the Doorsteps of India” എന്ന ചെറുപുസ്തകം അനാവരണം ചെയ്യാൻ ശ്രമിയ്ക്കുന്നത്.
ഐസിസിന്റെ ആവിർഭാവത്തിനു പിറകിലെ ഗൂഡാലോചനാസിദ്ധാന്തം തുടങ്ങിയുള്ള, പടിഞ്ഞാറൻ മാധ്യമങ്ങളുടെ അച്ചിൽ വാർത്ത തിയറികളെ തള്ളി, കൃത്യമായ ടൈം ലൈനോടെയും, റെഫറൻസുകളോടെയുമാണ് ഇവിടെ ഈ വിഷയം അവതരിപ്പിയ്ക്കപ്പെടുന്നത്. അറബ് ഐക്യമെന്നതിന് മിഡിൽ ഈസ്റ്റിലെ ദേശരാഷ്ട്രങ്ങളുടെ തുടക്കത്തോളം പഴക്കമുണ്ട്. എന്നാൽ സെക്ടേറിയൻ പ്രശ്നങ്ങളുടെ ആധിക്യം കാരണം അത്തരത്തിലൊരു ഐക്യം ഒരിയ്ക്കലും ഉണ്ടായിട്ടില്ല. ഇറാഖിന്റെ ആഭ്യന്തര തകർച്ചയോടെ, അൽ ഖയ്‌ദയെ പിൻപറ്റിയാണ് ബഗ്‌ദാദി സ്വയം നേതാവായി ഐസിസ് ഖാലിഫേറ്റ് സ്ഥാപിയ്ക്കുന്നത്. ചെറിയ മിലിറ്റന്റ് ഗ്രൂപ്പുകളുടെ സഹായത്തോടെ, ഗോത്രവിദ്വേഷം മുതലാക്കി വളർന്നു വന്ന സൗദിയുടെ മാതൃക തന്നെയാണ് ഐസിസും സ്വീകരിച്ചത്(എന്നാൽ സൗദി പ്രിൻസ് ഒരു സമയത്ത് എതിരാളികളായ ഗോത്രങ്ങളുമായി സമാധാന സന്ധിയിലേർപ്പെടുകയും സാമ്രാജ്യവികസനം എന്ന ആശയം ഉപേക്ഷിയ്ക്കുകയും ചെയ്തു. ഐസിസിന് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. സൗദി മൂന്നാമത്തെ വഹാബി സ്റ്റേറ്റ് ആണ് ചരിത്രത്തിൽ, അതിന് അന്തരാഷ്ട്ര അംഗീകാരം നേടാൻ കഴിഞ്ഞു, ഐസിസിന് അതുപോലൊരു ഉദ്ദേശവുമില്ലായിരുന്നു). എന്നാൽ സാഹചര്യങ്ങൾ വേറെയായിരുന്നു എന്ന് മാത്രം. ഇറാഖിൽ ഷിയാകൾക്കു വന്ന ആധിപത്യത്തിൽ അസന്തുഷ്ടരായ സുന്നികളാണ് ആദ്യകാലത്ത് ബാഗ്ദാദിയുടെ ഒപ്പം കൂടിയത്. അവിടന്നങ്ങോട്ട് ഇതേ ഗോത്രവിരോധം തന്നെയാണ് സിറിയയിലും അതിവിപുലമായ, അനേകം കക്ഷികളുള്ള ഒരു പ്രോക്സി യുദ്ധത്തിലേയ്ക്ക് എത്തിച്ചേരുന്നത് എന്ന് കാണാം. അസ്സാദ് ഭരണകൂടം അലവി വിഭാഗക്കാരനാണ് എന്ന് മാത്രം. എന്നാൽ റഷ്യ ഇടപെടുന്നതുവരെ സൗദിയുടെയും, ഖത്തറിന്റെയും യുഎഇയുടെയും പരോക്ഷ പിന്തുണയോടെ യുദ്ധം ചെയ്ത ഐസിസിനുതന്നെയായിരുന്നു മുൻതൂക്കം. രണ്ടിടത്തും ചായാതെ നിന്ന ഒബാമ സർക്കാർ വരെ അതോടെ ഐസിസിന് നേരെ തിരിഞ്ഞു. എന്നാൽ റഷ്യ ഒരു ഘട്ടത്തിൽ ഐസിസിനു സെയ്ഫ് പാസ്സേജ് കൊടുക്കുന്നതിനു അമേരിക്കയുമായി ധാരണയിലെത്തുന്നുമുണ്ട്. വിചിത്രമാണ് മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങൾ എന്ന് ചുരുക്കം. സംഘടനയുടെ തുടക്കം, വളർച്ച, അതിന്റെ പരിണാമം, അത് നേരിട്ട വെല്ലുവിളികൾ എന്നിവയാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്തു വിവരിയ്ക്കുന്നത്. രണ്ടാം ഭാഗത്തിൽ ഇന്ത്യയിലെ, വിശേഷിച്ചു കേരളത്തിലെ സംഭവങ്ങളും. അവസാന അധ്യായത്തിൽ അനവധി യുദ്ധങ്ങൾക്ക് ശേഷം ഐസിസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പറയുന്നുണ്ട്. ആശയം എന്ന രീതിയിൽ ഐസിസ് നിലനിൽക്കുമെന്ന് തന്നെയാണ് എഴുത്തുകാരന്റെ അഭിപ്രായം. മേൽപ്പറഞ്ഞതുപോലെ ഇതുവരെയില്ലാത്ത ഒരു ആകർഷണം അതിനുണ്ട്. തുടക്കത്തിലെങ്കിലും അത് നേടിയെടുത്ത വിജയം ഇനിയും ഐസിസ് ക്ലോണുകളെ സൃഷ്ടിയ്ക്കാനും മതി.
185 പേജുകളുള്ള ഒരു പുസ്തകത്തിൽ അൻപത്തിനാല് പേജുകൾ വിപുലമായ റെഫറൻസുകളാണെന്നു പറയുമ്പോൾ ഈ പുസ്തകത്തിനു പിന്നിലെ റിസേർച്ചും അദ്ധ്വാനവും മനസ്സിലാക്കാവുന്നതേയുള്ളൂ. അത് തന്നെയാണ് ഈ പുസ്തകത്തിന്റെ മേന്മയും. അതിസങ്കീർണ്ണമായ വിഷയം ലളിതമായി അവതരിപ്പിയ്ക്കാൻ കഴിഞ്ഞതും എഴുത്തുകാരന്റെ വിജയമായി കാണണം. കുഴമറിഞ്ഞു കിടക്കുന്ന മിഡിൽ ഈസ്റ്റ് സെക്ടേറിയൻ രാഷ്ട്രീയവും അതിന്റെ നാനാവശങ്ങളും ചുരുക്കത്തിൽ മനസ്സിലാക്കുന്നതിനും സഹായകമാണ് പുസ്തകം.
രണ്ട്
അനുബന്ധമായി പറയാനുള്ള കാര്യങ്ങളിൽ, ഇത്തരം പുസ്തകങ്ങളുടെ മാർക്കറ്റും മാർക്കറ്റിംഗും വരും. ട്രംപിനെപ്പറ്റിയുള്ള പുസ്തകങ്ങൾ പലതും ബെസ്റ്റ് സെല്ലേഴ്സ് ആണ്. ഒരൊന്നാന്തരം റേസിസ്റ്റും ക്യാപിറ്റലിസ്റ്റും ആയ ട്രംപ് നിഷ്പക്ഷമായിനോക്കിയാൽ ഒരു യഥാർത്ഥ അമേരിയ്‌ക്കനാണെന്നു കാണാം – അഥവാ, അമേരിക്കൻ രാഷ്ട്രീയത്തിന്റെ തുടർച്ച തന്നെയാണ് അയാൾ. അവിടെയുള്ള ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രസിഡന്റും പുറംനാട്ടുകാർക്ക് ഫാസിസ്റ്റു സ്വഭാവമുള്ള ഒരുത്തനായേ തോന്നൂ. കാരണം അമേരിക്കൻ പോളിസികൾ കൊണ്ടുള്ള ഗുണഫലം ആ രാജ്യക്കാർക്കു മാത്രം സിദ്ധിയ്ക്കുന്ന ഒന്നാണ്(അടുത്ത് മരിച്ച മക്കെയിനും, സിനിമയായി വന്ന, നാഷണൽ ഹീറോയായ, അമേരിക്കൻ സ്നൈപ്പറും ഒക്കെ ഇറാഖിന്റെ തകർച്ചയിൽ പങ്കു വഹിച്ചവരാണ്). ട്രംപ് വന്നപ്പോൾ അന്നാട്ടിലെ സ്വൈരജീവിതവും തകർന്നു എന്നതാണ് അയാളെ ആളുകൾ ഒരു ഭയത്തോടെ നോക്കുവാൻ കാരണം (ആ തകർച്ച അവരുടെ സിസ്റ്റമിക് തകർച്ചയാണെന്നത് അവർ കാണുന്നില്ല, ഇപ്പോഴും ട്രംപിന് പിന്തുണയ്ക്ക് വലിയ കുറവൊന്നുമില്ല). മറ്റു രാജ്യങ്ങളിൽ അവർ കളിയ്ക്കുന്ന തരം വിഘടനവാദം സ്വന്തം നാടിന്റെ സോഷ്യൽ ഫാബ്രിക്കിനെ തകർത്തപ്പോഴാണ് അമേരിക്കക്കാരന് ബോധോദയമുണ്ടായത്. അതുവരെ ലിബറൽസും കൊമേഡിയൻസും വരെ അയാളെ പുച്ഛിച്ചു തള്ളുകയായിരുന്നു. ഇപ്പോൾ അയാൾ പ്രസിഡന്റായി, മിഡ് ടേമും അതിജീവിച്ചു. അയാളെപ്പറ്റി തിയറികളും പുസ്തകങ്ങളും വരെ വന്നു. ട്രംപ് എന്നൊരു പുസ്തക സെക്ഷൻ ഉണ്ടായിവന്നു. ഇതുപോലെയാണ് ഐസിസ് പുസ്തകങ്ങളും. തുരുതുരാ പുസ്തകങ്ങൾ ഇറങ്ങുന്ന ഒരു വിഷയമാണത്. ഇസ്ലാമിക് ഭീകരത എന്ന യാഥാർഥ്യവും പിന്നാലെ അതിനെപ്പറ്റിയുള്ള പൊതുബോധവുമാണ് ഈ മാർക്കറ്റ് നിയന്ത്രിയ്ക്കുന്നത്. കേരളത്തിലെ ഒരു പുസ്തകശാലയിൽ ഐസിസ് പുസ്തകങ്ങൾക്ക് മാത്രമായി ഒരു ഷെൽഫ് ഉണ്ടാക്കിവച്ചത് ഫോട്ടോയും വാർത്തയും ഒക്കെയായി ഇടക്കാലത്ത് പ്രചരിച്ചിരുന്നു. എന്നെപ്പോലൊരാൾക്ക് അത് സ്വാഭാവികമായും അലോസരമുണ്ടാക്കുന്നത്, ഇവിടെയുള്ള വലതു പൊതുബോധമാണ് ആ ഷെൽഫിന്റെ ഉപഭോക്താക്കളിലെ വലിയൊരു ശതമാനവും എന്നതാണ്. ഒരു ഉത്തമ ഹിന്ദുസ്റ്റേറ്റ് സ്ഥാപിയ്ക്കുന്നതാണല്ലോ ഇവിടെയും ചിലരുടെ ലക്‌ഷ്യം. കൗതുകവും ഭയവും ചിലപ്പോൾ ആവേശവും ഒക്കെ ജനിപ്പിയ്ക്കുന്ന ഒരു ആകർഷണം ഈ വിഷയങ്ങൾക്ക് എന്തായാലുമുണ്ട്.
മൂന്ന്
എന്നെപ്പോലെ ലോജിക്കിന് മുൻതൂക്കം കൊടുക്കുന്ന ഒരാൾക്ക് ഈ പുസ്തകം വായിയ്ക്കുന്നതിൽ മറ്റു ചിന്തകൾക്കും വികാരങ്ങൾക്കുമൊന്നും സാധ്യതയില്ല. എന്നാൽ സെമിറ്റിക് മതവിശ്വാസിയ്ക്കു വിശ്വസിയ്ക്കുക എന്നതിനൊപ്പം വിശ്വാസത്തെ പ്രതിരോധിയ്ക്കുക എന്ന ജോലി കൂടിയുണ്ട് – ഒറ്റനോട്ടത്തിൽ ഐസിസ് പോലൊന്ന് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന് ഒരു വിശ്വാസി മറുപടി പറയേണ്ട കാര്യമില്ല, എന്നിരിയ്ക്കിലും. ആ ചോദ്യം മേൽപ്പറഞ്ഞ പോലെയുള്ള ഒരു കോൺടെക്സ്റ്റിൽ അപകടകരമായ ഒരു മാനം കൈവരിച്ചേയ്ക്കാം എന്നത് നമുക്ക് കാണാതിരിയ്ക്കാനാവില്ല. അത്തരം ഒരു പൊതുബോധത്തെ അഡ്രെസ്സ് ചെയ്യേണ്ട ബാധ്യത അവസാനം വിശ്വാസിയുടെ ചുമലിൽ വന്നു ചേരുന്നു. അതാണ് വിശ്വാസത്തിന്റെ പാർശ്വഫലം. ഇത്തരമൊരു പുസ്തകം കാണുമ്പോഴേ പലരും മുൻവിധിക്കാരാവുന്നത് അതുകൊണ്ടാണെന്നു തോന്നുന്നു. വിശ്വാസം പോലെ അതും ലോജിക്കലല്ല. എന്തുകൊണ്ട് എന്ന ചോദ്യം തന്നെയാണ് ശരിയ്ക്കും ഉണ്ടാകേണ്ടത് – ഓപ്പൺ മാഗസിനിലെ ഈ പുസ്തകത്തിന്റെ നിരൂപണത്തിൽ ഈ ചോദ്യമുണ്ട്. സ്റ്റാൻലി അതിനെ അഡ്രസ്സ് ചെയ്യണമായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. അത് ശരിയ്ക്കും മറ്റൊരു പുസ്തകമാണ്. വിശ്വാസത്തിനും മതത്തിനും പുറത്തിരുന്ന് അത്തരമൊന്നെഴുതുക എന്നത് എളുപ്പമല്ല. ആ ചോദ്യം അപ്പോഴും ലോജിക്കൽ ആണ്, റെലവന്റും. അതിനുനേരെ കണ്ണടയ്ക്കുന്നതിൽ അർത്ഥമില്ല. അതിനൊരു മാജിക്കൽ സൊല്യൂഷനില്ല എന്ന് മാത്രം.