The shape of the ruins

60214013_2346460905627214_3417041264476946432_n.jpg

ക്രിയേറ്റീവ് റൈറ്റിങ് ക്‌ളാസുകളിൽ ചർച്ച ചെയ്യുന്ന കാര്യമാണ് “മാരത്തൺ ഓഫ് ദി മിഡിൽ” – പുസ്‌തകങ്ങളുടെ മധ്യഭാഗം എൻഗേജിങ് ആക്കാൻ എഴുത്തുകാരൻ നടത്തുന്ന അധ്വാനത്തെപ്പറ്റിയാണ് ഈ വാചകം, പല പുസ്തകങ്ങളും എഴുതി പൂർത്തിയാവാതിരിയ്ക്കുന്നത് ഈ ഭാഗം കടന്നുകിട്ടാത്തതു കാരണമാണ് ( ചിലപ്പോൾ വായനക്കാരനും നിർത്തും). Juan Gabriel Vásquez എഴുതിയ “ The shape of the ruins” എന്ന നോവലിനും ഇതുപോലൊരു മധ്യഭാഗമുണ്ട് – ഒരു സബ് പ്ലോട്ടിലേയ്ക്ക് പോകുന്ന കഥ തിരിച്ചെത്താൻ ഏറെ സമയമെടുക്കുന്നു – എന്നെപ്പോലെ എത്ര പേജ് ബാക്കിയുണ്ട്, അതിനുള്ളിൽ ഇയാൾ എങ്ങനെ ഇത് എഴുതിത്തീർക്കും എന്നൊക്കെ ആലോചിയ്ക്കുന്ന ആളുകൾ ആകാംക്ഷാഭരിതരാകും – എന്നാൽ, വാസ്‌ക്കസ് അതിസമർത്ഥനായ എഴുത്തുകാരനാണ്, അയാൾ ഉജ്ജ്വലമായ ഒരു അവസാനമാണ് നോവലിന് ഒരുക്കിയിരിയ്ക്കുന്നത്.

കുറച്ചധികം ഗൂഢാലോചനകളെപ്പറ്റി നോവൽ പ്രതിപാദിയ്ക്കുന്നുണ്ട് (വേൾഡ് ട്രേഡ് സെന്റർ എങ്ങനെ കുത്തനെ ഇടിഞ്ഞു, അമേരിക്ക എങ്ങനെയാണ് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാനിടയായത് etc) – നോവലിൽ ഇത്തരത്തിലൊരാൾ, കാർബാല്ലോ, നടത്തുന്ന, ഈ തിയറികൾ മാത്രം ചർച്ച ചെയ്യുന്ന ഒരു രാത്രികാല റേഡിയോ ഷോ പോലുമുണ്ട് – അതിലേയ്ക്ക് വിളിയ്ക്കുന്നവർ ഉറക്കമിളച്ചു ചർച്ചകൾ നടത്തുകയാണ്. നോവലിസ്റ്റിനെ ഒരു പാർട്ടിയിൽ വച്ച് പരിചയപ്പെടുന്ന കാർബാല്ലോയുടെ ആവശ്യം ലളിതമാണ്, കൊളംബിയൻ ചരിത്രത്തിലെ വഴിത്തിരിവായ ഗെയ്റ്റൻ എന്ന ലിബറൽ പൊളിറ്റീഷ്യന്റെ കൊലപാതകത്തെക്കുറിച്ചു ഒരു നോവൽ എഴുതണം – അതിൽ ഗൂഢാലോചനയുണ്ട്, അതിനുള്ള തെളിവുകൾ അയാളുടെ പക്കലുണ്ട്. ഇവിടെനിന്ന് നോവൽ ഒരു സബ് പ്ലോട്ടിലേയ്ക്ക് പോവുകയാണ്, അതിൽ ഗെയ്‌റ്റന്റെതിന് സമാനമായ, ദുരൂഹമായ, മറ്റൊരു കൊലപാതകമാണ് വിഷയം(നോവലിന്റെ ആദ്യത്തിൽ ഗെയ്റ്റന്റെ കൊലപാതകവും കെന്നഡിയുടെ കൊലപാതകവും തമ്മിലുള്ള സാമ്യത്തെക്കുറിച്ചു പറയുന്നുണ്ട്). ഇതെല്ലാം നോവലിൽ ചുരുളഴിഞ്ഞു വരുന്നത് സവിശേഷ രീതിയിലാണ്. വാസ്‌ക്കസ് അയാളുടെ മികവിന്റെ പാരമ്യത്തിലാണ് ഇവിടെ.

“HERE ARE TWO WAYS to view or contemplate what we call history: one is the accidental vision, for which history is the fateful product of an infinite chain of irrational acts, unpredictable contingencies, and random events (life as unremitting chaos that we human beings try desperately to organize); and the other is the conspiratorial vision, a scenario of shadows and invisible hands and eyes that spy and voices that whisper in corners, a theater in which everything happens for a reason, where accidents don’t exist and much less coincidences, and where the causes of events are silenced for reasons nobody knows. “In politics, nothing happens by accident,” Franklin Delano Roosevelt once said. “If it happens, you can bet it was planned that way.” – ആഖ്യാതാവ് നോവലിന്റെ അവസാനത്തൊരിടത്ത് പറയുന്നതാണ് ഈ നോവലിന്റെ സത്ത.

ഇതിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളം വാസ്തവമാണ്, കൃത്യതയുള്ളതാണ് എന്നറിയില്ല, പക്ഷെ നോവലിൽ അവ വിശ്വസനീയമാണ്. അവസാന ഭാഗത്ത്, കാർബാല്ലോയുടെ അച്ഛന്റെ കഥ പറയുന്ന ഭാഗം നോവലിനെ മറ്റൊരു തലത്തിലേയ്ക്കുയർത്തുന്നു, അതിനോടൊപ്പം കാർബാല്ലോയുടെ കഥാപാത്രവും, അയാളുടെ ലക്ഷ്യവും. അയാൾ എന്തിനാണ് നോവലിസ്റ്റിന്റെ പിന്നാലെ ഈ കഥയെഴുതിയ്ക്കാൻ വർഷങ്ങളോളം നടന്നത് എന്നതും വായനക്കാരൻ മനസ്സിലാക്കുന്നു.

മുന്നേ പറഞ്ഞപോലെ മാൻ ബുക്കർ കിട്ടാൻ സാധ്യതയുള്ളതിൽ, എന്റെ ലിസ്റ്റിൽ ഒന്നാമതാണ് ഈ നോവൽ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top