Young Mungo

9780802159557Young mungo 1

2020-ലെ ബുക്കർ വിന്നർ ആയ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആത്മകഥാംശമുള്ള നോവൽ, “ഷുഗി ബെയ്ൻ” ഉജ്ജ്വലമായിരുന്നു. എഴുത്തുകാരന്റെ പുതിയ നോവലാണ്, കുപ്രസിദ്ധയായ താച്ചറിന്റെ കാലത്തെ ഗ്ലാസ്ഗോയിൽ തന്നെ സെറ്റ് ചെയ്ത, “യങ്ങ് മംഗോ”. പുസ്തകത്തിന് യുഎസിലും യൂറോപ്പിലും രണ്ടു വെവ്വേറെ കവറുകൾ ആണുള്ളത്. യു എസ് കവറിൽ വെള്ളത്തിൽ പാതി മുങ്ങിയ ഒരു കൗമാരക്കാരന്റെ മുഖമാണ് – നോവലിന്റെ കഥയിൽ രണ്ടു ത്രെഡുകളുണ്ട്. ആദ്യത്തേതിൽ മംഗോ ഒരു വീക്കെൻഡിൽ മീൻ പിടിയ്ക്കാനായി രണ്ടു മുതിർന്ന ആളുകൾക്കൊപ്പം ഉൾനാടുകളിലേയ്ക്ക് പോവുകയാണ്. രണ്ടാമത്തെ ത്രെഡിൽ ഈ സംഭവത്തിന് കുറച്ചു മുന്നേയുള്ള മാസങ്ങളിൽ അവൻ ആദ്യമായി പ്രണയത്തിലാവുന്നതിന്റെ കഥയാണ്. ആദ്യ കവറിൽ (ചിത്രം നോക്കുക) ആ പയ്യൻ വെള്ളത്തിൽ മുങ്ങുകയോ പൊങ്ങിവരികയോ ആണെന്ന് കാണാം – അത് അവന്റെ character-ന്റെ ട്രാന്സിഷനെ കാണിയ്ക്കുന്നു എന്ന് പറയാവുന്നതാണ്. കഥയിലും ഈ രംഗത്തിനു വളരെ പ്രധാന്യമുണ്ട്. സാമാന്യം വയലന്റ് ആയ ഒരു കഥയാണ് ഈ ഭാഗത്ത്. മറ്റേ കഥയിൽ വയലൻസ് ഇല്ലെന്നല്ല. ഷുഗി ബെയ്‌നിൽ നമ്മൾ കാണുന്നതിനേക്കാൾ direct ആണ് ഇതിലെ വയലൻസ്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള സംഘട്ടനങ്ങളാണ് ഈ കഥയിൽ ഉടനീളം. യുകെ എഡിഷന് രണ്ടു പുരുഷന്മാർ ചുംബിയ്ക്കുന്ന വിഖ്യാതമായ ഒരു കവർചിത്രമാണ്. എൺപതുകളിൽ ഒരു ക്ലബ്ബിൽ വച്ചെടുത്ത ചിത്രമാണത്രെ അത്. കഥ ഗേ തീംഡ് ആണെന്ന് പറയേണ്ടതില്ലല്ലോ. ജെയിംസ് എന്ന കാത്തലിക് ബാലനുമായി പ്രണയത്തിലാവുകയാണ് പ്രൊട്ടസ്റ്റന്റ് ആയ മാംഗോ. അതേ സമയത്ത് ഗ്ലാസ്ഗോയിൽ പ്രൊട്ടസ്റ്റന്റ്‌ കാത്തലിക്‌ യുവാക്കൾ തമ്മിലുള്ള അക്രമങ്ങൾ അതിന്റെ പാരമ്യത്തിലാണ്. മംഗോയുടെ ചേട്ടൻ വയലൻസിന്റെ ഒരു പ്രതീകം പോലെയാണ് നോവലിൽ, അയാളുടെ ഒറിജിനൽ പേരുപോലും കൂട്ടത്തിലുള്ള ആരും വിളിയ്ക്കാറില്ല, അത്ര ഭയമാണ് കുട്ടികൾക്ക് അയാളെ. അവന്റെ ചേച്ചി ജോഡി, ആ നാട്ടിൽ നിന്നും വീട്ടിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതുന്ന ഒരുവളും. ചേട്ടനും ചേച്ചിയ്ക്കും അമ്മയോട് വിരോധമുണ്ട് – അവരുടെ അറ്റമില്ലാത്ത മദ്യപാനം തന്നെ കാരണം – അതെ, ഒറ്റ നോട്ടത്തിൽ കഥ “ഷുഗി ബെയ്ൻ”-ലെപ്പോലെ തന്നെ. എന്നാൽ മംഗോ കുറച്ചുകൂടി റൗണ്ടഡ് ആയ കഥാപാത്രമാണ്. ആദ്യ കഥയിൽ അമ്മയുടെ കൂടെ AA മീറ്റിംഗിൽ (ആൾക്കഹോളിക്‌സ് അനോണിമസ് എന്ന ഇന്റർനാഷണൽ കൂട്ടായ്മ) പങ്കെടുക്കുന്ന രണ്ടു പേർക്കൊപ്പം മീൻ പിടിയ്ക്കാൻ പോകുന്ന മംഗോയും (അവരാരാണ്‌ എന്താണ് എന്നൊന്നും അമ്മയ്ക്ക് ചിന്തയില്ല, മകനെ ഒരു “ആണാക്കാൻ” വേണ്ടിയാണ് ) രണ്ടാമത്തെ കഥയിലെ കാമുകനും തമ്മിൽ അന്തരമുണ്ട്. ഈ രണ്ടു കഥകളും വിളക്കി ചേർക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചോ എന്നതാണ് ഇവിടത്തെ ചോദ്യം (സ്പോയ്ലർ ഇല്ലാതെ ആ കഥ പറയുവാനും വയ്യ). കാപിറ്റൽ സിസ്റ്റത്തിന്റെ വയലൻസിനു വിധേയമായിക്കൊണ്ടിരിയ്ക്കുന്ന സമൂഹത്തിൽ ഹതാശരായ ആളുകൾ പരസ്പരം അക്രമം ചൊരിയുകയാണ് – അതിൽ പെട്ടുപോകുന്ന കുട്ടികളും സ്ത്രീകളും തങ്ങളാൽ കഴിയുന്ന വിധം അതിനെ നേരിടുന്നു. ഗാർഹിക അക്രമം പോലെയുള്ളവ കണ്ടും അനുഭവിച്ചും പരിചയമുണ്ട് മാംഗോയ്ക്ക്. മറ്റു കുട്ടി ഗ്യാങുകൾക്കൊപ്പം അവൻ പോകുന്നുമുണ്ട്, ഒന്നുരണ്ടു തവണ കുഴപ്പത്തിൽ പെടുന്നുമുണ്ട്. എന്നാൽ മീൻ പിടിയ്ക്കാൻ പോയ അവൻ അതിലും വലിയ അപകടത്തിൽ അവൻ ചാടുമെന്ന് നമുക്ക് ആദ്യമേ സൂചന കിട്ടുന്നു.

കാവകാമിയെപ്പോലെ ഒറ്റപ്പുസ്തകം കൊണ്ട് തന്നെ സമകാലീന സാഹിത്യത്തിന്റെ മുൻ നിരയിലേയ്ക്ക് അനായാസം ഉയർന്നു വന്ന എഴുത്തുകാരനാണ് ഡഗ്ലസ് (നോവലിന്റെ തുടക്കം നോക്കൂ – The day was drawing in the last of her colours, and as the softest violets and apricots bled away into the horizon, he was sad to have not arrived sooner. Mungo tilted his head back and walked in a circle. The sky above him was a darkening blue smeared with faint streaks of lemon. He hadn’t known that the sky could hold so many hues – or he hadn’t paid it any mind before. Did anyone in Glasgow look up? ). അയാളുടെ രണ്ടു ചെറുകഥകളെപ്പറ്റി പണ്ട് ഇവിടെ എഴുതിയിട്ടുണ്ട്. എഴുത്തിൽ മുന്നോട്ടു തന്നെയാണ് ഡഗ്ലസിന്റെ പോക്ക് എന്ന് ഈ നോവലിൽ വ്യക്തമാണ് (മംഗോയെപ്പറ്റിയുള്ള വിവരണം – He was Mo-Maw’s youngest son, but he was also her confidant, her lady’s maid, and errand boy. He was her one flattering mirror, and her teenage diary, her electric blanket, her doormat. He was her best pal, the dog she hardly walked, and her greatest romance. He was her cheer on a dreich morning, the only laughter in her audience. മറ്റൊരിടത്ത് – Her brother was her mother’s minor moon, her warmest sun, and at the exact same time, a tiny satellite that she had forgotten about. He would orbit her for an eternity, even as she, and then he, broke into bits). എന്നാൽ രണ്ടാമത്തെ സ്റ്റോറിലൈനിന്റെ ഈ പെർഫെക്ഷൻ ആദ്യ കഥയ്ക്കില്ല. താൻ കണ്ട വയലൻസ് രേഖപ്പെടുത്തുക എന്നതാണ് എഴുത്തുകാരന്റെ ലക്‌ഷ്യം, അത് ഈ ത്രെഡ് കൊണ്ട് തന്നെ സാധിയ്ക്കുന്നു എന്നത് എഴുത്തുകാരന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്ന് തോന്നുന്നു. രണ്ടാമത്തെ കഥയിലെ വയലൻസ് ഫോറിൻ ഓഡീയൻസിന് സഹിയ്ക്കാൻ കഴിയുന്നില്ല എന്നാണ് പല കുറിപ്പുകളും കണ്ടപ്പോൾ തോന്നിയത് – എന്നാൽ വയലൻസ് നിത്യം കാണുന്ന നമുക്ക് ഇതൊന്നും പുത്തരിയല്ല. എന്റെ ഒപ്പം പഠിച്ചിരുന്ന ബഹുഭൂരിപക്ഷം ആൺകുട്ടികളും ഏതെങ്കിലും രീതിയിൽ വയലേറ്റ് ചെയ്യപ്പെട്ടവരായിരുന്നു എന്നോർക്കുന്നു – അതൊന്നും ഒരു വലിയ സംഗതിയായി അവരോ മറ്റുള്ളവരോ എടുത്തതായി കണ്ടിരുന്നില്ല. ഇന്നും അവരിൽ ചിലരെ കാണുമ്പോൾ ഞാനിതോർക്കാറുണ്ട്. അതോർക്കുന്ന ഒരാൾ ചിലപ്പോൾ ഞാൻ മാത്രമായിരിയ്ക്കും എന്നേയുള്ളൂ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top