അൽപ്പന്റെ കുട.

മലയാള സാഹിത്യം, അഥവാ താൻ എഴുതുന്ന സാഹിത്യം, ഉദാത്തമാണ് എന്ന് സ്വയം തെറ്റിദ്ധരിച്ച, ധരിപ്പിയ്ക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാളാണ് സുഭാഷ് ചന്ദ്രൻ. അയാൾ എഴുതിയ രണ്ടു നോവലുകളും പരാജയങ്ങളാണ്. ഒരു പക്ഷെ കേരളത്തിൽ മാത്രമുള്ള ഒരു തെറ്റിദ്ധാരണയാണ് ഒരാൾ കഥ എഴുതുമെങ്കിൽ പിന്നെ നോവലും കവിതയും ലേഖനങ്ങളും എല്ലാം അയാൾക്ക്‌ വഴങ്ങുമെന്നത്. ലോകസാഹിത്യത്തെ ശ്രദ്ധിച്ചാൽ ചെറുകഥയിലും നോവലിലും ഒരേ പോലെ തിളങ്ങിയവർ കുറവാണ് എന്നതാണ് വാസ്തവം. പ്രശസ്തരായ പല ചെറുകഥാകാരന്മാരും നോവലുകൾ എഴുതിയിട്ടില്ല. ചിലരുടെ ചെറുകഥകൾ തികഞ്ഞ പരാജയങ്ങളാണ്. മലയാളം പോലുള്ള ഒരു ഇട്ടാവട്ടത്തിൽ ചിലപ്പോൾ എഴുത്തുകാർക്ക് ചില ഗിമ്മിക്കൊക്കെ കാട്ടി കഴിഞ്ഞു കൂടാനായേയ്ക്കും, മനോജ് കുറൂരിന്റെ നിലം എന്ന നോവലും സുഭാഷിന്റെ സമുദ്രശിലയും പത്മരാജന്റെയും മാധവികുട്ടിയുടെയും നോവലുകളും എല്ലാം ഇവിടത്തെ ഉദാത്ത കൃതികളാണല്ലോ. അങ്ങനെ ധരിയ്ക്കുന്നതിൽ തെറ്റില്ല. പക്ഷെ അതൊരു മാനദണ്ഡമല്ല. ടെക്സ്റ്റ് പുസ്തകങ്ങളിൽ കയറിക്കൂടാൻ ഉള്ള സുഭാഷിന്റെ ആഹ്വാനത്തെപ്പറ്റി തന്നെയാണ് പറയുന്നത്. എഴുത്തുകാർ ഇങ്ങനെ തരം താഴരുത്. ബൊലാനോയുടെ കവിതയുടെയോ നോവലുകളുടെയോ ചെറുകഥകളുടെയോ വാലിൽ കെട്ടാനില്ല മാതൃഭൂമി എന്ന വലതുപക്ഷ മാസിക ആഘോഷിയ്ക്കുന്ന എല്ലാ മലയാളിസാഹിത്യകാരന്മാരുടെയും എഴുത്തുകൾ കൂട്ടിവച്ചാൽ എന്ന്, സുഭാഷിന് താൽപ്പര്യമില്ലാത്ത ലോകസാഹിത്യം ദിനവും വായിച്ചുകൊണ്ടിരിയ്ക്കുന്ന, ആർക്കും മനസ്സിലാകും. പുരാണത്തെ പുനരാഖ്യാനിയ്ക്കുന്ന എളുപ്പപ്പണി ചെയ്യുന്ന അമീഷിന്റെയും അശ്വിൻ സംഖിയുടെയും നിരയിൽ തന്നെയാണ് സുഭാഷും ഇരിയ്ക്കുന്നത്. നോവലിൽ എന്നല്ല ചിന്തയിലും സുഭാഷ് പരിമിത വിഭവനാണ്. അതോരോ ഇന്റർവ്യൂകളിലും അയാൾ ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിയ്ക്കുന്നു. യൂണിവേഴ്സൽ സാഹിത്യം എഴുതുക എന്നത് പുനരാഖ്യാനം ചെയ്യുന്ന പോലെയല്ല. സംസ്കൃതം അറിഞ്ഞിട്ടും കാര്യമില്ല, മലയാള സാഹിത്യത്തിൽ അതില്ലാത്തവർ വളരില്ലല്ലോ, എഴുത്തും ചിന്തയും കൂടി ‘സംസ്കൃത’മാകണം.

4 thoughts on “അൽപ്പന്റെ കുട.”

  1. ചെറിയ ഒരു വിമർശനത്തിന് പോലും ഇഷ്ടപെടാത്ത ബന്യാമിൻ,രാമനുണ്ണി പോലുള്ള എഴുത്തുകാർ കൊണ്ട് വരുന്ന സംസ്ക്കാരം തന്നെയാണ് സുഭാഷ് പിന്തുടരുന്നതും. ഇതിന്റെ ഒപ്പം പറയേണ്ടതാണ് വിമർശനത്തിന്റെ പോക്ക് ,രാജശേഖരന്റെ ഉത്തരാധനികത അപ്പൻ വിമർശനത്തിൽ തീർന്നു വെടി എന്നാണ് എനിക്ക് തോന്നുന്നത്, വെറും വാഴ്ത്തുകൾ മാത്രമായി പല വിമർശനവും, വിമർശകരും. കൃതികളുടെ മീഡിയോക്രിറ്റി ആഘോഷം ഇത്രയും രൂക്ഷ അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിമർശം തികച്ചും ശെരിയാണ് അതിന്റെ പോക്ക് ഇങ്ങനെയായതിൽ കമൽറാം സഞ്ജീവനും പങ്കു ഉണ്ട്, വിനു എബ്രഹാം ഈടക്കു അഭിമുഖത്തിൽ പറഞ്ഞിരുന്നു കമൽറാം കാലഘട്ടം ബെനെഫിറ് ഉണ്ടായതു ഒരു ചെറിയ കൂട്ടം എഴുത്തുകാർക്ക് മാത്രമാണ് എന്നാണ് അവരെ മാത്രം പൊലിപ്പിക്കയും, കവർ ചിത്രം നൽകുകയും ചെയ്തു മറ്റുവളരെ നന്നായി തഴയുകയും ചെയ്തു. നമ്മുക്ക് ഇവടെ ഇടതു വലതു ചർച്ചയിൽ മുങ്ങി പോവുന്ന എലമെന്റ് ആണ് വിനു പറയുന്നത് തോന്നി.
    Offtopic:കഴിഞ്ഞ വർഷത്തെ mblf vknസെഷൻ പങ്കെടുത്തിരുന്നോ അഭിലാഷ്, രൂപസാദൃശ്യമുള്ള ഒരു മുഖം കണ്ടു

    1. കമൽ കണ്ടെന്റ് ജഡ്ജ് ചെയ്യുന്നതിൽ നല്ലതായിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. നിലം പൂത്തു മലർന്ന നാളും സമുദ്രശിലയും അയാൾ റിജെക്റ്റ് ചെയ്തിരുന്നത്രെ. സോ, ഒരു ക്യൂറേറ്റർ എന്ന നിലയിൽ ഹി വാസ് ഗുഡ്(എഡിറ്റർ മലയാളത്തിൽ ഒരു ഭംഗി വാക്കാണ്, ഈ എഴുത്തുകാരെയൊക്കെ എഡിറ്റ് ചെയ്യാനൊന്നും ഇവർക്ക് കഴിയില്ല). ബാക്കി പരാതികൾ എനിയ്ക്കുമുണ്ട്. യമ പോലുള്ള ശരാശരികൾ കൂടി കമലിന്റെ സംഭാവനയാണ്. അതുപോലെ ദീപക് ശങ്കരനാരായണൻ പോലുള്ള ഫെയ്‌സ്ബുക്ക് സെലിബ്രിറ്റികളുടെ അട്രോസിറ്റീസ് പ്രിന്റ് ചെയ്തത്. എന്നാൽ പോലും വലതുപക്ഷ തീവ്രവാദികൾ നടത്തുന്ന ഇപ്പോഴത്തെ വാരികയെക്കാളും എന്തുകൊണ്ടും മുന്നിലായിരുന്നു കമലിന്റെ വാരിക.

      പിന്നെ, ഇല്ല ഫെസ്റ്റിവലുകളിൽ ഉണ്ടാകാറില്ല.

  2. അങ്ങനെയെങ്കിൽ MT മികച്ച എഡിറ്റർ ആയി പരിഗണിക്കാം അല്ലെ കോവിലൻ, പുനത്തിൽ ,സി വി ശ്രീരാമൻ എന്നിവർക്ക് കുറിപ്പോടെ ഇന്നഭാഗങ്ങൾ തിരുത്തുക /ഒന്നുടെ എഡിറ്റ് ചെയുക ഡ്രാഫ്റ്റ് തിരിച്ചു അയക്കുമ്പോൾ പറഞ്ഞതായി കേട്ടിട്ടുണ്ട്. മലയാളത്തിൽ അങ്ങെനെ ചെയ്തവർ വിരളമാണ്.

    മുകളിൽ കമൽ സ്പേസ് പറഞ്ഞവരുടെ കൂട്ടത്തിൽ എൻ എ നസീർ പെടുത്താം (അദ്ദേഹത്തിനോട് പ്രതേക വിരോധമില്ല, ബട്ട് യാത്ര മാഗസിൻ ഉള്ളപ്പോൾ എന്തിനു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിക്കുന്നു തോന്നിട്ടുണ്ട് )

    1. എഴുത്തു മാർക്കറ്റിന് വേണ്ടിയായി എന്നതാണ് ശ്രദ്ധിയ്‌ക്കേണ്ടത്. അതോടെയാണ് നിരൂപകർ മംഗളപത്രം എഴുതുന്നവരായി മാറിയത്. കാരണം വിമർശനം മാർക്കറ്റിനെ ബാധിയ്ക്കും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top