
Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാണ് നോവലിന്റെ പശ്ചാത്തലം.
ഷഗ് എന്ന ടാക്സി ഡ്രൈവർക്കൊപ്പം ജീവിയ്ക്കുന്ന ആഗ്നസ് എന്ന യുവതി മൂന്നു കുട്ടികളോടൊപ്പം ഒരു മൈനിങ് ടൗണിൽ എത്തുന്നതോടെയാണ് കഥയാരംഭിയ്ക്കുന്നത്, ആദ്യത്തെ രണ്ടു കുട്ടികളും ഒരു വിടനായ അയാളുടെ ആദ്യ വിവാഹത്തിൽ നിന്നാണ് (വിവാഹിതയായ ആഗ്നസ് അയാളുടെ പഞ്ചാരവാക്കുകളിൽ മയങ്ങി ഭർത്താവിനെ ഉപേക്ഷിയ്ക്കുകയാണ്, അവർക്ക് മെച്ചപ്പെട്ട, സ്വതന്ത്രമായ ജീവിതം വേണം). മൂത്ത മകൾ കാതറിൻ ഒരു ചെറിയ ഓഫിസിൽ ചെറിയ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ലീക്കിന് ചിത്രരചനയിൽ താല്പര്യമുണ്ട്, എന്നാൽ തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത്, ഗവണ്മെന്റ് കൊടുക്കുന്ന ഫുഡ് സ്റ്റാമ്പ് കൊണ്ട് ജീവിയ്ക്കുന്നവർക്ക് കോളേജ് ഒരു സ്വപ്നം മാത്രമാണ്. അവൻ പഠിത്തം ഓരോ വർഷവും നീട്ടിവയ്ക്കുന്നു, കടുത്ത കായികാദ്ധ്വാനം ആവശ്യമുള്ള പലതരം ജോലികൾക്കു പോകുന്നു. ചെറിയ മകനായ ഷുഗി ആകട്ടെ ദുരഭിമാനിയായ അമ്മയെ അനുകരിയ്ക്കുന്ന മട്ടിലാണ് നടത്തവും ഭാവവും എല്ലാം – ഹീ ഈസ് ഗേ – അവൻ എല്ലായിടത്തും ഒറ്റപ്പെടുന്നു. സത്യത്തിൽ കുട്ടികളെ നോക്കാൻ ആരുമില്ല. ചുറ്റിലും പുരുഷന്മാരും സ്ത്രീകളും നിരാശകൊണ്ടും ജോലിഭാരം കൊണ്ടും മദ്യത്തിൽ അഭയം നേടുന്നു. അതിസുന്ദരി എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ആഗ്നസും വ്യത്യസ്തയല്ല. ആഗ്നസിനെയും മക്കളെയും അന്നാട്ടിലെത്തിച്ച ഷഗ്, അവരെ ഒരു mistress പോലെ മാത്രമാണ് കാണുന്നത്, അയാൾക്ക് മറ്റൊരു കുടുംബമുണ്ട് – അവരുടെ ബന്ധം താമസിയാതെ തകരുന്നു. ഫുഡ് സ്റ്റാമ്പ് വച്ചും മദ്യം വാങ്ങുന്ന ആഗ്നസ് പിന്നെ പൂർണ്ണമായും മദ്യത്തിൽ മുങ്ങിത്താഴുകയാണ്. മൂത്തമകൾ കാമുകനൊപ്പം – അവനെ ഷഗ് ആണ് അവളുമായി പരിചയപ്പെടുത്തുന്നത് – ആഫ്രിക്കയിൽ പോകുന്നു. പിന്നെ അവൾ തിരിച്ചു വരുന്നതേയില്ല. മൂത്ത മകനും ഷുഗിയും ചേർന്ന് അമ്മയുടെ ധാർമിക രോഷത്തെയും വികാര വിക്ഷോഭത്തെയും എല്ലാം സഹിച്ചു ജീവിതം തള്ളി നീക്കുന്നു. സത്യത്തിൽ ഷുഗി നോവലിൽ ഒരു ദൃക്സാക്ഷിയാണ്. അവന്റെ അമ്മയാണ് നോവലിന്റെ കേന്ദ്രത്തിൽ.
ആൽക്കഹോളിസം ഇമ്മട്ടിൽ അവതരിപ്പിച്ച മറ്റൊരു പുസ്തകം ഞാൻ അടുത്തിയിടയൊന്നും വായിച്ചിട്ടില്ല – അസാധാരണമായ ഉൾക്കാഴ്ചയോടെയാണ് ആത്മകഥാംശമുള്ള (അവസാന പാരഗ്രാഫ് നോക്കുക) ഈ നോവൽ ഡഗ്ലസ് എഴുതിയിരിയ്ക്കുന്നത്. ഇടയ്ക്കു ഒരു വർഷത്തോളം മദ്യത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ ആഗ്നസ് വിജയിയ്ക്കുന്നുണ്ട് – അവർ ഒരു ജോലി പോലും കണ്ടുപിടിയ്ക്കുന്നു. എന്നാൽ ആ സന്തോഷവും താമസിയാതെ അവസാനിയ്ക്കുന്നു. ആ സ്ത്രീയെ മദ്യം കൊടുത്തു ഉപയോഗിയ്ക്കുകയാണ് ചുറ്റുമുള്ള പുരുഷന്മാർ – രാത്രി വൈകി പാർട്ടിയ്ക്കുപോയ അമ്മയെ തിരഞ്ഞു മകൻ പോകുന്ന ഒരു depressing രംഗമുണ്ട് നോവലിൽ. കിട്ടിയ അവസരമുപയോഗിച്ചു പയ്യനെ violate ചെയ്യാൻ നോക്കുകയാണ് ഡ്രൈവർ. അവസാനം അവൻ അമ്മയെ കണ്ടെത്തുമ്പോൾ അവരാ വീട്ടിലൊരു മുറിയിൽ ആരുടെയൊക്കെയോ ജാക്കറ്റുകൾക്കും മറ്റുമിടയിൽ നഗ്നയായി മദ്യലഹരിയിൽ മുങ്ങിത്താണു കിടക്കുകയാണ്. മറ്റൊരിടത്ത് അമ്മയെ വിട്ടുപോവുന്ന മകൻ ടാക്സിക്കാശ് ഇല്ലാത്തതുകൊണ്ട് തന്നെ ഉപയോഗിച്ചുകൊള്ളുവാൻ ഒരു ടാക്സി ഡ്രൈവറോട് പറയുന്നു. ചേട്ടന്റെ അടുത്തേയ്ക്കാണ് അവൻ പോകുന്നത്. പിന്നാലെ അമ്മ അവന് വീട്ടിലെ ലാൻഡ് ഫോൺ മറ്റൊരു ടാക്സിയിൽ അയച്ചു കൊടുക്കുന്നു, അവർക്കത് ഇനി ആവശ്യമില്ല. അമ്മയുടെ ഇത്തരം ചെയ്തികളെ എതിർക്കാനുള്ള ശക്തി അവനില്ല. ഇങ്ങനെ ആഗ്നസ് തന്റെ തകർച്ചയിലും തലയുയർത്തി നിൽക്കുന്നു, നിൽക്കാൻ ശ്രമിയ്ക്കുന്നു. നോവലിന്റെ അവസാനഭാഗങ്ങളിൽ ഒരു പെൺകുട്ടിയ്ക്കൊപ്പം സമയം ചിലവഴിയ്ക്കുമ്പോഴാണ് തന്റെ അതേ അവസ്ഥയിലുള്ള മറ്റൊരാളെ ഷുഗി കാണുന്നത്. അവനെ എല്ലാ നിലയിലും അവൾ മനസിലാക്കുന്നു – അവൾ സ്വന്തം അമ്മയെ കാണിയ്ക്കാൻ കൊണ്ടുപോവുന്ന രംഗം നോവലിലെ മികച്ച passage-കളിൽ ഒന്നാണ്.
സത്യത്തിൽ ഇങ്ങനെ മനുഷ്യപ്പറ്റുള്ള അപൂർവ്വം രംഗങ്ങളെ നോവലിലുള്ളൂ, its bleak and heartbreaking. പ്രത്യേകിച്ചും, ഇത്തരം അവസ്ഥയിലുള്ള ആളുകളെ വ്യക്തിജീവിതത്തിൽ പരിചയമുണ്ടെങ്കിൽ ഈ നോവൽ നിങ്ങളെ depressed ആക്കിയേയ്ക്കാം. ഒരു debut നോവൽ എന്ന് തോന്നിയ്ക്കാത്ത വിധം പൂർണ്ണമാണ് നോവലിന്റെ ആഖ്യാനം. ഈ നോവലിന്റെ acknowledgment-ൽ ഇങ്ങനെ പറയുന്നു – “Above all, I owe everything to the memories of my mother and her struggle, and to my brother who gave me everything he could. I am indebted to my sister for encouraging me to set this into words and share it with you.” നോവൽ വായന കഴിഞ്ഞു ഈ ഭാഗം വായിയ്ക്കുന്നവർ ഹതാശരാകും, യാഥാർഥ്യം ഫിക്ഷനെക്കാൾ ഭീകരമാണ് എന്ന് പറയുന്നതിന്റെ ഉദാഹരണം. ബുക്കർ ജയിയ്ക്കാൻ സകലയോഗ്യതയുള്ള പുസ്തകമാണ് “Shuggie Bain”, ഇല്ലെങ്കിലും വായനക്കാർ ഈ അമ്മയെയും മകനെയും ഓർക്കും. അഞ്ചോ ആറോ debut നോവലുകൾ മത്സരത്തിലെടുക്കാൻ ബുക്കർ കമ്മിറ്റി കൈക്കൊണ്ട തീരുമാനം ഈ ഒരു നോവലിന്റെ ബലത്തിൽ ശരിവയ്ക്കപ്പെടുകയുമാണ് – അല്ലെങ്കിൽ അത് ഹിലരി മാന്റലിനെ എളുപ്പത്തിൽ ജയിപ്പിയ്ക്കാനാണ് എന്ന് പോലും ആളുകൾ പറഞ്ഞേനെ – മാർക്കറ്റു തന്നെയാണ് ഇത്തരം അവാർഡുകൾക്ക് പിറകിൽ, കഴിഞ്ഞ വർഷം മാർഗരറ്റ് ആറ്റ്വുഡിന്റെ തല്ലിപ്പൊളി നോവൽ മാൻ ബുക്കർ ജയിച്ചതോർക്കുക.