ചിലിയിൽ നിന്നുള്ള Carla Guelfenbein എഴുതിയ നോവലാണ് “In the Distance with You”. മിസ്റ്ററി നോവൽ എന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ പ്രശസ്തി. വീര സിഗാൾ എന്ന എഴുത്തുകാരി താൻ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വീട്ടിൽ, കോണിയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുന്നു. അവരുടെ അയൽക്കാരനും സുഹൃത്തും ആർക്കിടെക്റ്റുമായ ഡാനിയേൽ ആണ് അവരെ ആ നിലയിൽ കണ്ടെത്തുന്നതും ആശുപത്രിയിലേക്കെത്തിയ്ക്കുന്നതും. ആരാണ് അവരെ തള്ളിയിട്ടത്?
നോവലിലെ മൂന്നു കഥാപാത്രങ്ങളും – ഡാനിയേൽ, എമീലിയ, ഹൊറേഷ്യോ – താന്താങ്ങളുടെ ചിന്തകൾ ആത്മഗതങ്ങളായി നമുക്ക് മുന്നിൽ അവതരിപ്പിയ്ക്കുകയാണ്. ഫോക്നറുടെ “As I Lay Dying” -ലെപ്പോലെ കഥാപാത്രങ്ങളുടെ പേരിലാണ് അധ്യായങ്ങൾ. എമീലിയ വീര സിഗാളിന്റെ പുസ്തകങ്ങൾ വച്ചു തീസീസ് ചെയ്യാനിരിയ്ക്കുകയാണ്. അവർ സിഗാളിനെ നേരിൽ കാണുന്നുമുണ്ട്. ഹൊറേഷ്യോ, സിഗാളിനോളം തന്നെ പ്രശസ്തനായ കവിയാണ്. അയാൾ ഒരു ബുക്ക് സൈനിങ് ഇവന്റിൽ വച്ചാണ് എമീലിയയെ കാണുന്നത്. രണ്ടു എഴുത്തുകാരും എമീലിയയോട് വാത്സല്യം കാണിയ്ക്കുന്നു. തീസീസിനുവേണ്ടി സിഗാളിന്റെ പുസ്തകങ്ങൾ ആഴത്തിൽ പഠിയ്ക്കുന്ന എമിലിയ അവരുടെയും ഹൊറേഷ്യോയുടെയും എഴുത്തിലെ സാമ്യങ്ങൾ കണ്ടെത്തുന്നു – അവ യാദൃച്ഛികമാണോ? ഈ സമയത്തെല്ലാം ഡാനിയേൽ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ – കാമുകി, ഭാര്യ, തന്റെ വലിയൊരു പ്രൊജക്റ്റിന്റെ കാര്യങ്ങൾ – എല്ലാം നമ്മളോട് പറയുന്നുണ്ട്. അബോധാവസ്ഥയിൽ കിടക്കുന്ന സിഗാളിനോട് അയാൾ നിരന്തരം സംസാരിച്ചുകൊണ്ടിരിയ്ക്കുകയാണ്. അപകട വാർത്തയറിഞ്ഞു ആശുപത്രിയിൽ എഴുത്തുകാരിയെ എമിലിയ കാണാൻ വരുന്നതോടെ ഡാനിയേലും ആ ചെറുപ്പക്കാരിയും തമ്മിൽ ഒരു സൗഹൃദം രൂപം കൊള്ളുന്നു. താൻ ഹൊറേഷ്യയുടെ കവിതയിൽ കണ്ടെത്തിയ കാര്യങ്ങൾ അവൾ ഡാനിയേലിനോട് പറയുന്നു. അതിനിടയിൽ അപകടം അന്വേഷിയ്ക്കാനെത്തുന്ന ഡിറ്റക്ടീവിനോട് താൻ പറഞ്ഞ നുണകളെപ്പറ്റി ഡാനിയേലിനു ഭയമുണ്ട് – അത് അയാൾ കാമുകിയോടുത്തുള്ള സമാഗമങ്ങൾ ഒളിച്ചുവയ്ക്കാനായി ചെയ്തതായിരുന്നു – ഡിറ്റക്ടീവ് പറയുന്നു – നിങ്ങളുടെ ഭാര്യ കാമുകിയെപ്പറ്റി എന്നോട് പറഞ്ഞു കഴിഞ്ഞു. അതുമാത്രമല്ല സിഗാൾ മരിച്ച ദിവസം രാവിലെ ഡാനിയേലിന്റെ ഭാര്യ എഴുത്തുകാരിയുടെ വീട്ടിൽ ചെന്നിട്ടുണ്ട്. ഇങ്ങനെ പതിഞ്ഞ താളത്തിൽ കഥയിലെ രഹസ്യങ്ങൾ ചുരുളഴിയുകയാണ്.
മിസ്റ്ററി നോവലുകളുടെ വേഗതയോ intrigue -ഓ ഇല്ലാത്ത ഒന്നാണീ ആഖ്യാനം. അത് നോവലിനെ വേറൊരു രീതിയിൽ വായനക്കാരുടെ മുന്നിൽ വയ്ക്കുന്നു. എഴുത്തുകാരിയുടെ “The Rest Is Silence” എന്ന, ഇതിനുമുന്നെ വന്ന, പുസ്തകത്തിലും സമാനമായ അന്തരീക്ഷമാണ് (അവിടെ അമ്മയുടെ മരണത്തെക്കുറിച്ചുള്ള രഹസ്യം കൗമാരക്കാരനായ മകൻ അറിയുകയാണ്). അസാധാരണമായ വാചകങ്ങൾ എഴുതാൻ മിടുക്കിയാണ് Carla (“That mutual knowledge felt like a third person in the room, robbing us of all familiarity while stimulating our senses ”). അതുവച്ച്, നോവലിന് ഒരു otherworldly ഫീൽ നൽകാൻ അവർക്കാകുന്നുണ്ട്. ഹൊറേഷ്യയുടെ രഹസ്യത്തെ സംബന്ധിച്ച എമിലിയയുടെ കണ്ടെത്തൽ സത്യമായിരുന്നു. ആ സത്യം ജീവിതം മുഴുവൻ, തന്റെ പ്രശസ്തിയുടെ ഉന്നതിയിലും. തന്നെ വേട്ടയാടുമെന്ന് അയാൾ മനസ്സിലാക്കുകയാണ്(“I obsessively recalled the words Thoreau had written in his journal: “The youth gets together his materials to build a bridge to the moon, or, perchance, a palace or temple on the earth, and, at length, the middle-aged man concludes to build a woodshed with them.” The modest hut where his soul resides and in which, every day, he has no choice but to look his littleness in the face.”). സിഗാളിന്റെ മുന്നിലെ തന്റെ നിസാരത അയാൾ വിവരിയ്ക്കുന്ന പല വാചകങ്ങളും പരിഭാഷയിലും മാറ്റുകുറയാതെ നിൽക്കുന്നു – “Visual, muscular, and emotional were the words Einstein used to explain the origins of his particular way of thinking. Never before had I understood what he was referring to. Knowledge and the products of reason, for example mathematics and physics, were his supports, but his genius came from someplace else. A place Vera knew well.”
വേണ്ടത്ര അടുപ്പമുണ്ടായിരുന്നിട്ടും, ഡാനിയേൽ വിവരമറിയിച്ചിട്ടും, ഹൊറേഷ്യോ സിഗാളിനെ കാണാൻ ആശുപത്രിയെലെത്തുന്നില്ല. എന്നാൽ തന്റെ ആത്മഗതത്തിലൂടെ സിഗാളിന്റെ ഒപ്പമുള്ള ജീവിതത്തെക്കുറിച്ചും അവരുടെ മകനെക്കുറിച്ചും അയാൾ വാചാലനാകുന്നുണ്ട്. കഥയിലെ അസാധാരണമായ യാദൃച്ഛികതകളിലൊന്നു വെളിപ്പെടുന്നത് ഇവിടെയാണ്. എന്റെ വായനയിലെ കല്ലുകടികളും ഈ സംഗതികളാണ്. ഒന്നുരണ്ടു തവണ ഈ നീളൻ നോവലിന്റെ(416 pages) വായന നിറുത്തിയാലോ എന്ന ചിന്ത എനിയ്ക്കുണ്ടായി – എന്നാൽ മേൽപ്പറഞ്ഞപോലെ വായനക്കാരിൽ കൗതുകം സൃഷ്ടിയ്ക്കുന്ന ഒരെഴുത്തുരീതി നോവലിസ്റ്റിനുണ്ട്. കഥയിലെ Mystery element ഭാഷയുടെ പട്ടിൽ പൊതിഞ്ഞ രീതിയിലാണ് അവതരിപ്പിയ്ക്കുന്നത് (അവസാനത്തേത് ഹൃദ്യമായി അനുഭവപ്പെടുകയും ചെയ്തു). അപ്പോഴും ക്ഷമയോടെ വായിയ്ക്കുന്ന ഒരാൾക്കുള്ള സമ്മാനമാണ് നോവലിന്റെ ക്ലൈമാക്സ് എന്നുള്ളത് ഒരു സത്യമായി നിലനിൽക്കുന്നു.
എഴുത്തുകാരിയുടെ പുതിയ പുസ്തകം “The Women’s Station”, ഈ സെപ്റ്റംബറിൽ വരുന്നുണ്ട്. അവരുടെ മറ്റുപുസ്തകങ്ങൾ വായിയ്ക്കാനുള്ള പ്രേരണയുളവാക്കുന്ന നോവലാണ് “In the Distance with You”. നോവലിൽ ഒരിടത്ത് ഹൊറേഷ്യോ പറയുന്നപോലെ – “In any case, I’d already learned that in their zeal for generalities, history books, like museums, swallow up the particularities of the men and women who inform them, exalting the identities of only a few. Or—to put it more succinctly—if I want to understand, I always turn to novels and poetry.”, അതാണല്ലോ പുസ്തകങ്ങൾ വായിയ്ക്കാനും ഒരെഴുത്തുകാരനെ/കാരിയെ അടുത്തറിയാനുള്ള നമ്മുടെ ആഗ്രഹവും കാണിയ്ക്കുന്നത്.
