Convenience Store Woman

54518421_2313097002296938_6894640872042790912_n.jpg

സയാക്കാ മുറാത്തയുടെ (Sayaka Murata) “Convenience Store Woman”, മാൻ ബുക്കർ ലോങ്ങ് ലിസ്റ്റിൽ കയറിപ്പറ്റാഞ്ഞത് പലർക്കും അത്ഭുതമായിരുന്നു. ഒരു സാധാരണ സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേളായി ജോലിനോക്കുന്ന Keiko Furukura – യുടെ കഥയാണ് ഈ നോവെല്ലയിൽ. കെയ്‌ക്കോയ്ക്ക് മുപ്പത്താറു വയസ്സുണ്ട്. പതിനെട്ടുകൊല്ലമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലിയെടുക്കുന്നു. എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അവർക്കില്ല. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേ ചോദ്യം ചോദിയ്ക്കുന്നുണ്ട്, ഒപ്പം ജോലിയെടുക്കുന്നവർ പോലും. സ്വന്തം നിലയ്ക്കുപോലും മറ്റൊരു ജോലിയ്ക്കും യോജിച്ചയാളാണെന്നു കെയ്‌ക്കോ കരുതുന്നില്ല. സ്വന്തം ജോലിയിലോ വരുമാനത്തിലോ എന്തെങ്കിലും അപാകതയുള്ളതായി അവർ വിചാരിയ്ക്കുന്നുമില്ല.

എന്താണീ നോവലിന്റെ ആകർഷണീയത? നോവലിന്റെ അന്തരീക്ഷത്തിന് മുറകാമിയുടെ സ്പർശമുണ്ട് എന്നതാണ് ആദ്യത്തേത്. ജപ്പാനല്ലാതെ (അല്ലെങ്കിൽ കൊറിയ) ഒരു പശ്ചാത്തലം നോവലിന് സങ്കൽപ്പിയ്ക്കുക വയ്യ. ഒരു ഹൈ എൻഡ് സമൂഹത്തിൽ പുരുഷൻ അനുഭവിയ്ക്കുന്ന എകാന്തതയാണല്ലോ മുറാകാമിയുടെ വിഷയം, ഇവിടെ യാന്ത്രികമായി ജീവിയ്ക്കുന്ന ഒരു സ്ത്രീയുടേതാണ് ഏകാന്തത. വർഷങ്ങൾ കൊണ്ട് ജോലിയും ജീവിതവും സമൂഹവും ഒരേപോലെ കണ്ടീഷൻ ചെയ്തെടുത്ത ജീവിതമാണ് അവരുടേത്. പഠനകാലത്ത് അല്പമൊരു വിചിത്ര സ്വഭാവക്കാരിയായിരുന്നെങ്കിലും ഊർജ്ജ്വസ്വലയായ കെയ്ക്കോയെ വീട്ടുകാരുടെ പ്രതികരണങ്ങളാണ് സ്വൽപ്പം അന്തർമുഖിയാക്കിയത്. എന്നാൽ സ്വന്തമായ ചിന്തയോ ആശയങ്ങളോ ഇല്ലാത്തയാളല്ല അവർ. തങ്ങൾക്ക് അപരിചിതത്വം തോന്നുന്ന എന്തിനെയും ആളുകൾ തള്ളും എന്ന തിരിച്ചറിവ് അവർക്കുണ്ട്. തന്റെ സ്ഥാപനത്തിൽ ജോലിയ്‌ക്കെത്തുന്ന ഒരാളെ അയാളുടെ വിചിത്ര രീതികൾ കൊണ്ട് ജോലിയിൽനിന്നു പുറത്താക്കുമ്പോൾ കെയ്‌ക്കോ ആലോചിയ്ക്കുന്നത് നാളെ തന്റെയും ഗതി ഇതുതന്നെയാണല്ലോ എന്നാണ്. തന്റെ വീട്ടുകാർ എന്തിൽനിന്നാണ് തന്നെ അത്രയും കാലം സംരക്ഷിയ്ക്കാൻ ശ്രമിച്ചത് എന്നവർ മനസ്സിലാക്കുകയാണ് (You eliminate the parts of your life that others find strange — maybe that’s what everyone means when they say they want to “cure” me). എല്ലാവർക്കും സമൂഹത്തെയാണ് പേടി. സ്നേഹത്തെപ്പോലും സമൂഹത്തിന്റെ അച്ചിലൂടെയാണ് കടത്തിവിടുന്നത്. കെയ്‌ക്കോ പ്രേമിച്ചിട്ടില്ലെന്നുള്ളതും, കന്യകയാണെന്നതും ഒക്കെ അസാധാരണമായാണ് ബാക്കിയുള്ളവർ കാണുന്നത്. മുപ്പത്തഞ്ചുകഴിഞ്ഞിട്ടും ഒരു സെയിൽസ്‌ഗേൾ ആയി ജോലിയെടുക്കുന്നത് അതിലും അത്ഭുതം.

സ്റ്റോറിലെ ഫ്രീസറുകളുടെയും ഏസിയുടെയും ഒക്കെ ശബ്ദം ഓർത്തെടുത്താണ് അവരുറങ്ങാറുള്ളത് (“A convenience store is a world of sound. From the tinkle of the door chime to the voices of TV celebrities advertising new products over the in-store cable network, to the calls of the store workers, the beeps of the bar code scanner, the rustle of customers picking up items and placing them in baskets, and the clacking of heels walking around the store”, “The voice of the convenience store won’t stop flowing through me. I was born to hear this voice.”). അത്രയധികം അവരുടെ ജീവിതം ജോലിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിന്റെ ഏകതാനതയും ചിട്ടയായ ആവർത്തനവും അവരാസ്വദിയ്ക്കുന്നു. അവരുടെ ഭക്ഷണംപോലും സ്റ്റോറിൽ നിന്നും വാങ്ങുന്നതാണ്. I had judged everything on the basis of whether it was the sensible thing to do for the convenience store – എന്നൊരു സ്ഥലത്തു കെയ്‌ക്കോ പറയുന്നുണ്ട്. ആ നിലവാരത്തിൽ നിന്ന്, അവരുടെ ജീവിതത്തിലെ ഏക അളവുകോലാണ് അത്, തന്റെ ജീവിതചര്യ താഴേയ്ക്ക് വീഴുമോയെന്നതാണ് അവരുടെ ഏക ആശങ്ക. അതിനുവേണ്ടിയുള്ള ചിട്ടയായ ജീവിതമാണ് അവരുടേത്. കോർപ്പറേറ്റ് ജോലിയെടുത്തിട്ടുള്ള ആർക്കും പരിചിതമായ കാര്യങ്ങൾ. അതാണ് നോവലിന്റെ ജനപ്രിയതയുടെയും രഹസ്യം.

ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും നോവെല്ലകളുടെ കുത്തൊഴുക്കാണ്. പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ചൊന്നുമല്ല ഇവ വരുന്നത്. പുഷ്കിൻ പ്രസ്സ് പോലുള്ള പ്രസാധകർ നോവെല്ലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് – വളരെ അപൂർവ്വമായി കിട്ടുന്ന പല പുസ്തകങ്ങളും, തീവിലയാണെങ്കിലും അവരുടെ കാറ്റലോഗിലുണ്ട് (ഉദാഹരണം – ഒബെർസ്കിയുടെ “ചൈൽഡ്‌ഹുഡ്”). ബെന്യാമിനും റ്റിഡിയും എഴുതുന്നപോലുള്ള ലളിതസാഹിത്യം ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെട്ടുവന്നാലും ഇത്തരം പുസ്തകങ്ങളുമായി പിടിച്ചുനിൽക്കുക എളുപ്പമല്ല എന്നാണ് കഴിഞ്ഞ അഞ്ചാറുമാസത്തെ വായനകൊണ്ട് മനസ്സിലാകുന്നത്. ഇതിനെപ്പറ്റി വായാടിത്തം ഏറെ കേൾക്കുന്നതുകൊണ്ട് സൂചിപ്പിച്ചെന്നു മാത്രം.

2 thoughts on “Convenience Store Woman”

  1. Pingback: സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3 – Bookmark

  2. Pingback: സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -3 – Bookmark

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top