ഭീതിയുടെ വഴിയേ

ഇരുട്ടിനെ അത്യാവശ്യം പേടിയുള്ള കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാൽ അതേ സമയത്തുതന്നെ വാരികകളിൽ വന്നിരുന്ന ഹൊറർ നോവലുകൾ ഞാൻ സ്ഥിരമായി വായിയ്ക്കുമായിരുന്നു, ആകാംക്ഷ/കൗതുകം പേടിയെ കവച്ചുവച്ചു എന്ന് പറയാം – അതങ്ങനെ ആയിരുന്നു കുറെയധികം കാലം. ഹൊറർ കഥകൾ പറയുന്ന കൂട്ടുകാരും, നാട്ടിൽ പ്രചാരത്തിലുള്ള അത്തരത്തിലുള്ള കഥകളും, വായിച്ചിരുന്ന പുസ്തകങ്ങളും എല്ലാം ചേർന്ന് അത്യാവശ്യം “കിടില”മായിരുന്നു ആ സമയം. ജനാലയിലൂടെ നിലാവ് വീഴുന്ന രാത്രികളിൽ ഡ്രാക്കുള പ്രഭു അഴികൾക്കുള്ളിലൂടെ നൂഴുന്നത് പൈക്കോ ക്‌ളാസിക്സിൽ വായിച്ചത് ഓർമ്മ വരും. അന്ന് വായിച്ചിരുന്ന ഹൊറർ നോവലുകളിലൊന്നിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു ദ്വീപിലെ വലിയ വീട്ടിൽ കഴിയുന്നതും, രാത്രികളിൽ നൂറുകണക്കിന് എലികൾ അവിടം മുഴുവൻ ഓടിനടക്കുന്നതും, പാതിരാത്രിയിൽ വാതിൽക്കൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ അവരെ തുറിച്ചു നോക്കുന്നതും കഴുത്തിലെ കൊന്ത അവർ അതിനുനേരെ ഉയർത്തിക്കാണിയ്ക്കുന്നതും എല്ലാം ഇപ്പോഴും കൃത്യമായി ഓർമ്മയുണ്ട് (മറ്റു ഡീറ്റെയിൽസ് ഓർമ്മയില്ല, ബട്ട് ആ കഥാപാത്രം ഇപ്പോഴും വ്യക്തമായി നിൽക്കുന്നു). മറ്റൊന്നിൽ പ്രേതരൂപി ജനലിനോട് ചേർന്ന കിടയ്ക്കയിൽ കിടക്കുന്ന ആളുടെ കണ്ണിലേയ്ക്ക് ദീർഘനേരം ഉറ്റുനോക്കിക്കൊണ്ടേയിരിയ്ക്കുന്നു, വളരെക്കാലം കട്ടിലിനോട് ചേർന്നുള്ള ജനൽ എന്റെ പേടിയുടെ കാരണമായിരുന്നു. ലൂസിഫറിന് രക്തവും, രക്തപാനത്തിനു പെൺകുട്ടികളെയും സമർപ്പിയ്‌ക്കുന്ന പുരോഹിതൻ വീട്ടിൽ പഴകിയ ഒരു കെട്ടിലുണ്ടായിരുന്ന വാരികയിലെ നോവലിലുണ്ടായിരുന്നു. അയാൾ പ്രാപിയ്ക്കാൻ പോകുന്ന പെൺകുട്ടി അയാളെ ശക്തിയോടെ മറിച്ചിടുകയും അവളുടെ നെഞ്ചിലെ മാംസം ഇളകിമാറി അവളുടെ മിടിയ്ക്കുന്ന ഹൃദയം അയാൾ ഞെട്ടലോടെ കാണുന്നതെല്ലാം അതിലുണ്ടായിരുന്നു. കുളമ്പ് മനുഷ്യൻ പോലുള്ള പഴയ കഥകൾ, ഒരു ശവപ്പറമ്പിന് അടുത്തു താമസിച്ചിരുന്ന ഒരുത്തൻ പറയുന്ന കഥകൾ ഇങ്ങനെ പലതും വേറെയും. മുതിർന്നപ്പോൾ ഹൊറർ സിനിമകൾ ആയി ഹരം. പേടിയുള്ള സുഹൃത്തുക്കളെ പലരെയും ഹൊറർ സിനിമ കാണാൻ കൊണ്ടുപോയിട്ടുണ്ട്. ഇരുട്ടിനെ പേടിയ്ക്കുന്നതിന്റെ, പ്രേതങ്ങൾ ഉണ്ടെന്നു തോന്നുന്നതിന്റെ ശാസ്ത്രീയവശം ഞാൻ ആ കാലമായപ്പോഴേയ്ക്കും മനസ്സിലാക്കിയിരുന്നു. എം ആർ ജെയിംസിന്റെ ഒരു കഥയിൽ ഭാവനയുള്ളവർക്ക് ഇത്തരം ചിന്തകൾ കൂടുതലായിരിയ്ക്കും എന്ന് ഒരിയ്ക്കൽ വായിച്ചു. അവർ രാത്രിയിൽ ഉറക്കം ഞെട്ടിയാൽ പിന്നെ ഉറക്കത്തിലേയ്ക്ക് മടങ്ങുക പ്രയാസം (വശം ചെരിഞ്ഞുകിടന്നാൽ ശബ്ദങ്ങൾ കൂടുതൽ വ്യക്തമായി കേൾക്കാനാകും, അതുമതി പേടി തോന്നാൻ). എന്നാലും പുസ്തകങ്ങളും സിനിമകളും എന്നെ ഭയപ്പെടുത്താറുണ്ട്, താൽക്കാലികമായെങ്കിലും. “പതിമൂന്നടിയ്ക്കുന്ന ക്ളോക്ക്” എന്ന മലയാളം നോവൽ (അജിത് കുമാർ?) അങ്ങനെ ഒന്നായിരുന്നു. അത് കടം വാങ്ങി വായിയ്ക്കാൻ കൊണ്ടുപോയ സുഹൃത്ത് സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട്ടിലെ ക്ളോക്ക് പന്ത്രണ്ടാണോ പതിമൂന്നാണോ അടിച്ചത് എന്ന ചിന്തയിൽ ഭയന്ന് വിറച്ചത് എന്നോട് പറഞ്ഞിട്ടുണ്ട്. ആ നോവലിലെ ആദ്യ കൊലപാതകത്തിന് മുന്നേ പ്രേതം ചങ്ങല വലിച്ചുകൊണ്ട് കയറിവരുന്ന കോണി എന്റെ കസിന്റെ വീട്ടിലുള്ളതുപോലെയാണ് എന്നോർത്തു ഞാൻ ഭയന്നിട്ടുണ്ട് – ഞങ്ങൾ എപ്പോഴും കിടന്നിരുന്ന മുറി അത് കയറിച്ചെല്ലുന്നതിന്റെ ഇടതുവശത്തായിരുന്നു. ജാപ്പനീസ് ഹൊറർ സിനിമകളാണ് എന്നെ മുതിർന്നതിനുശേഷം disturb ചെയ്തിട്ടുള്ള അപൂർവം സംഗതികളിലൊന്ന്- റിംഗ്‌ തുടങ്ങിയവ. “Let The Right One In” എന്ന സ്വീഡിഷ് vampire സിനിമ എന്നെ പേടിപ്പിച്ചില്ല, എന്നാൽ പുസ്തകം (John Ajvide Lindqvist എഴുതിയത്) അതീവ രസകരമായിരുന്നു (സിനിമയിലെ പ്രശസ്ത രംഗം ഇവിടെ :- https://www.youtube.com/watch?v=APxaGGdWOTg). അതിലെ “യക്ഷി”യുടെ ജെൻഡർ വ്യക്തമാക്കാത്തത് കൗതുകമായിരുന്നു. ഹോളിവുഡ് വേർഷനിൽ അതു പെൺകുട്ടിയാണെന്ന് കാണിച്ചതോടെ കഥയുടെ ഒരു ത്രെഡ് തന്നെ നശിച്ചു – സ്വീഡിഷ് സിനിമയിലും യക്ഷി ജെൻഡർ ന്യൂട്രൽ ആയിരുന്നു. കഴിഞ്ഞ വർഷം വായിച്ച ജാപ്പനീസ് ഹൊറർ കഥാസമാഹാരം “Where the wild ladies are” (Matsuda Aoko) പക്ഷെ എന്നെ ബോറടിപ്പിച്ചു കൊന്നു. എന്നാൽ HP Lovecraft – ന്റെ “The Rats in the Walls” (https://www.hplovecraft.com/writings/texts/fiction/rw.aspx – ഇവിടെ വായിയ്ക്കുക), അയാളുടെ Cthulhu എന്ന കഥ, അതടിസ്ഥാനമാക്കി വന്ന അനവധി സിനിമകളും കഥകളും (അടുത്ത കാലത്തു വന്ന “Underwater” എന്ന സിനിമയാണ് അവസാനം കണ്ടത്, Kirsten Stewart – നെ സഹിയ്ക്കാമെങ്കിൽ സിനിമ കാണാവുന്നതാണ്, അതിലെ Cthulhu രംഗം രസമാണ്) ഒക്കെ ഇപ്പോഴും അസ്വസ്ഥതയുണ്ടാക്കും. “Cloverfield” എന്ന സിനിമ ഇതുപോലെ ഒന്നാണ് (അതുപിന്നെ ഒരു സീരീസായി നശിച്ചുപോയി, മൂന്നാം സിനിമ അസഹ്യമാണ്).

ഇതുപോലെ എന്നും എനിയ്ക്കിഷ്ടമുള്ള ഒന്നാണ് MR James-ന്റെ പ്രേതകഥകൾ, എപ്പോഴാണ് അവ ആദ്യമായി വായിച്ചത് എന്നോർക്കാൻ കഴിയുന്നില്ല. എന്നാൽ “ചൂളമടിയ്ക്കൂ, ഞാൻ നിന്റെയരികിലെത്താം”(“Oh Whistle, and I will come to you, lad”) എന്ന കഥ എന്നെ ഭയപ്പെടുത്തുന്ന ഒന്നാണ്. എന്റെ മേലെ സൂചിപ്പിച്ച കസിന്റെ വീട്ടിൽ, അവൻ ഹോസ്റ്റലിൽ നിന്ന് വരുമെന്ന് കരുതി ഞാൻ ഒരിയ്ക്കൽ പോയപ്പോൾ, അവരുടെ വലിയ നാലുകെട്ടുപോലുള്ള വീട്ടിൽ അവന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് രാത്രി മേലെ സൂചിപ്പിച്ച മുറിയിൽ കട്ടിലിൽ കിടക്കാതെ, തറയിൽ പായ വിരിച്ചാണ് ഞങ്ങൾ കിടന്നത്. കുറ്റാക്കുറ്റിരുട്ടായിരുന്നു അന്ന്. രാത്രി എപ്പോഴോ ഞാനൊരു ശബ്ദം കേട്ടുണർന്നു. കട്ടിലിൽനിന്നാണ് ആ ശബ്ദം എന്ന് മനസ്സിലായതോടെ ഞാൻ ഭയന്ന് കിടുത്തു. അതെന്തായിരിയ്ക്കും? ഞാൻ അമ്മായി അടുത്ത് കിടപ്പുണ്ടോ എന്ന് നോക്കിയപ്പോൾ പായയിൽ ആരുമില്ല. വിയർപ്പിൽ കുളിച്ചു ഞാൻ അനങ്ങാതെ കിടന്നു. അമ്മായി തന്നെ അവസാനം കട്ടിലിൽ നിന്ന് ഞാൻ മേല് വേദനിച്ചപ്പോൾ കേറികിടന്നതാണ് എന്ന് പതിയെ പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഈ സംഗതിയാണ് എന്നെ പിന്നീടും ഭയപ്പെടുത്തിയിട്ടുള്ള ഈ കഥയിലും ഏറെക്കുറെ നടക്കുന്നത്. ബാംഗ്ലൂരിലെ കോറമംഗലയിൽ ഒറ്റയ്ക്ക് താമസിയ്ക്കുമ്പോൾ ഒരു രാത്രി വീടിനോടു ചേർന്ന, ഒരറ്റം അടഞ്ഞ തെരുവിൽ നിന്ന് ഒരു വിസിൽ കേട്ട് ഞാനുണർന്നു, അതിവിചിത്രമായ ഒരു ശബ്ദമായിരുന്നു അത്. കഴുത്തിനുപിന്നിൽ ആരോ ഊതുന്നപോലെ ഒരനുഭവം, നട്ടെല്ല് വിറയുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഒരിയ്ക്കൽ കൂടി ഞാനാ ശബ്ദം കേട്ടു, അതകന്നു പോവുകയായിരുന്നു. എന്നാൽ പിറ്റേന്ന് ഒരു ഗൂർഖ ബക്ഷീഷ് പിരിയ്ക്കാൻ വന്നപ്പോൾ അതിന്റെ സത്യാവസ്ഥ മനസ്സിലായി. “Count Magnus”, “The Treasure of Abbott Thomas” തുടങ്ങിയ കഥകളും എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. രണ്ടാമത്തെ കഥയിലെ നായകനെ കെട്ടിപ്പിടിയ്ക്കുന്ന creature ആണെങ്കിൽ മറ്റേ കഥയിലെ നിസംഗരായി തങ്ങളുടെ ഇരയെ പിന്തുടരുന്ന പ്രഭുവും സഹായിയുടെയും (നായകന്റെ വിളികേട്ടു വന്ന പ്രേതാത്മാക്കളാണ്) ദൃശ്യമാണ് എന്നെ disturb ചെയ്‌തത്. ഇതെല്ലാം പറയാൻ കാരണം കാരണം, മരിയ റോസ് അയാളുടെ ഹാമ്മർ ഗോഥിക് ലൈബ്രറി വഴി പുറത്തിറക്കിയ “എം ആർ ജെയിംസിന്റെ പ്രേതകഥകൾ” എന്ന പരിഭാഷയാണ്. നല്ല വൃത്തിയായി, കല്ലുകടിയില്ലാതെ, കഥകൾ മലയാളത്തിലാക്കിയിട്ടുണ്ട് മരിയ. ഒറിജിനലിലെ ചിത്രങ്ങൾ ചേർത്തതും(Whistle എന്ന കഥയുടെ ചിത്രം വിഖ്യാതമാണ്), ഒറിജിനൽ ഇംഗ്ലീഷ് ടൈറ്റിലുകളും, എഴുത്തുകാരനെപ്പറ്റി നല്ലരീതിയിലുള്ള ഇൻട്രോയും എല്ലാമുള്ള പുസ്തകം വായിയ്ക്കാൻ ഈ genre-ൽ താല്പര്യമുള്ളവർക്ക് റെക്കമെന്റ് ചെയ്യുന്നു. ജയിംസിന്റെ പല കഥകളും ടെലിഫിലിമുകൾ ആയിട്ടുണ്ട്. എന്റെ ഇഷ്ടകഥയാണ് ഈ ലിങ്കിൽ :- M R James’ Whistle And I’ll Come To You (1968) – https://www.youtube.com/watch?v=mYjtxHHjZ00, മറ്റുള്ളവയും ലഭ്യമാണ്. ഇനി പറയാൻ പോകുന്ന പുസ്തകത്തിനും യാദൃച്ഛികമായി ജെയിംസുമായി ഒരു കണക്ഷനുണ്ട്.

ഈ genre-ലെ ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച എഴുത്തുകാരൻ Stephen King-ന്റെ ഈ മാസമാദ്യം പുറത്തുവന്ന പുസ്തകമാണ് “Later”. കിങ്ങിന്റെ “Outsider”, അയാളുടെ നാലു നോവെല്ലകളുടെ സമാഹാരം “It Bleeds” എന്നീ പുസ്തകങ്ങൾ ഞാൻ കഴിഞ്ഞ വർഷം വായിച്ചിരുന്നു. “Outsider” – ൽ ഒരു പ്രീറ്റീൻ ബാലൻ ബലാൽസംഗം ചെയ്യപ്പെട്ടു ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നു. അവന്റെ കോച്ചിനെ പോലീസ് അറസ്റ്റു ചെയ്യുന്നു. എല്ലാ തെളിവുകളും അയാൾക്കെതിരാണ്. എന്നാൽ അതേ സമയത്ത് അയാൾ വേറൊരു നഗരത്തിൽ ഒരു കോൺഫ്രൻസിലായിരുന്നു എന്നതിനും നിരവധി തെളിവുകളുണ്ട്. Outsider എന്ന കോച്ചിന്റെ അപരനെ നമ്മൾ പരിചയപ്പെടുകയാണ്, ഹോളി എന്ന കുറ്റാന്വേഷകയെയും. Outsider – ന് ഈ കോച്ചിനെ മാത്രമല്ല മറ്റ് ആളുകളെയും പിഴവില്ലാതെ അനുകരിയ്ക്കാനുള്ള കഴിവുണ്ട്, രൂപത്തിലും ഭാവത്തിലും. എന്നാൽ കിംഗ് വെറുതേ കഥ പറഞ്ഞുപോവുകയല്ല – അതാണ് കിങ്ങിന്റെ ഏറ്റവും പൊട്ട നോവലുകളെപ്പോലും ആസ്വാദ്യമാക്കുന്ന അയാളുടെ എഴുത്തുശൈലി – വിശദാംശങ്ങൾ, നിശബ്ദനിമിഷങ്ങൾ, ഡീപ് ആയുള്ള ഉപകഥകൾ, ലോജിക്കലായുള്ള അവതരണം എല്ലാമുള്ള പുസ്തകമാണ് ഇതും. “On Writing” – നേപ്പറ്റി ഞാൻ പലതവണ എഴുതിയിട്ടുണ്ട്. ഇപ്പോഴും എഴുത്തിനെപ്പറ്റിയുള്ള പുസ്തകങ്ങളിൽ എന്റെ ലിസ്റ്റിൽ ഒന്നാമത് ഈ പുസ്തകമാണ്, അത് കിംഗ് ഗൈഡ് പോലെ ഉപയോഗിയ്ക്കുന്നത് ഈ പുസ്തകങ്ങളിൽ കാണാം. ഈ പുസ്തകത്തിലെ പോലീസ് പ്രൊസീജ്യറിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട് – മലയാളം ന്യൂ വേവ് ക്രൈം നോവലുകളിലെപ്പോലെ ആളുകളെ പൊട്ടിച്ചിരിപ്പിയ്ക്കാനായല്ല അവ എഴുതിയിരിയ്ക്കുന്നത്. ഇതേ വില്ലൻ കഥാപാത്രം, മറ്റൊരാളുടെ അപരനായി, “It Bleeds”- ലെ നോവെല്ലയിലുമുണ്ട്. ഹോളി എന്ന അന്വേഷകയും ആവർത്തിയ്ക്കുന്നു. രണ്ടു കഥകളിലും ക്ലൈമാക്സ് എനിയ്ക്കിഷ്ടമായില്ല – ഇറ്റ് വാസ് പേപ്പർ തിൻ. എന്നാലും അളന്നുതൂക്കി എഴുതുന്ന പരിചയസമ്പന്നനായ ഒരെഴുത്തുകാരന്റേത് എന്ന നിലയിൽ വേഗം വായിച്ചുപോകാവുന്ന എന്റെർറ്റൈനർ പുസ്തകങ്ങളാണ് രണ്ടും. “It Bleeds” – ലെ ആദ്യ കഥയിൽ ആദ്യ ഐഫോൺ (2007-ൽ വന്നത്) ആണ് കേന്ദ്രസ്ഥാനത്ത്. കിംഗ് വളരെ കൃത്യമായാണ് ആ കാലവും ആ ഫോൺ വൃദ്ധൻ കൗതുകത്തോടെ ഉപയോഗിയ്ക്കുന്നതിന്റെ വിശദാംശങ്ങളും എല്ലാം അവതരിപ്പിയ്ക്കുന്നത് – അയാൾ മരിയ്ക്കുന്നു, എന്നാൽ അയാളുമായി സൗഹൃദമുണ്ടായിരുന്ന കഥാനായകനായ കൗമാരക്കാരനെ സഹായിയ്ക്കാൻ ഒരു അദൃശ്യശക്തി സദാ ഉള്ളതുപോലെ അനുഭവപ്പെടുകയും വൃദ്ധന്റെ ശവത്തിനൊപ്പം പയ്യൻ വച്ച ഫോണിൽ നിന്ന് എംസ്എംഎസ് വരികയും ചെയ്യുന്നതും ഒക്കെയാണ് പിന്നെയുള്ള കഥ. കഥ വായിച്ചു ഞാൻ ഭയന്നു എന്ന് പറയുന്നത് അതിശയോക്തി ആണെങ്കിലും, ഇറ്റ് വാസ് ഇന്ററസ്റ്റിംഗ് ഇനഫ്. വീണ്ടും എന്തൊരു ക്ലീൻ റൈറ്റിങ്ങ് എന്നാണ് ഈ പുസ്തകം വായിയ്ക്കുമ്പോഴും നമുക്ക് തോന്നുക. കുറച്ചു കൂടി ആവാമായിരുന്നു എന്നല്ലാതെ എന്തിനാണ് ഈ അനാവശ്യ നീട്ടൽ എന്നൊന്നും എവിടെയും തോന്നുകയുമില്ല. ഹി ഈസ് എ മാസ്റ്റർ ഇൻ ദാറ്റ് സെൻസ്.

“Yeah,’ Ollie said, although he had been able to think of nothing else. How she’d kept trying to apologize, right to the end. As if it was all her fault when none of it was. ‘The funeral guy says there’s stuff you’ll have to decide about. Will you be able to do that?’
‘Sure. I’ll be better tomorrow. Something smells good.’
‘Shepherd’s pie.’
‘Did your mother make it, or did someone bring it?’
‘I don’t know.’
‘Well, it smells good.’
They ate at the kitchen table. Ollie put their dishes in the sink, because the dishwasher was full. They went into the living room. Now it was baseball on ESPN, Phillies against the Mets. They watched without talking, each in his own way exploring the edges of the hole that had appeared in their lives, so as not to fall in. After a while Ollie went out on the back steps and sat looking up at the stars. There were plenty of them. He also saw a meteor, an earth satellite, and several planes. He thought about how his mother was dead, and would see none of these things again. It was totally absurd that such a thing should be so. When he went back in, the baseball game was going into the ninth all tied up, and his father had gone to sleep in his chair. Ollie kissed him on the top of his head. Fred didn’t stir.

(“Outsider”-ൽ നിന്ന്)

നോവലിലെ quiet moments ആഖ്യാനത്തെ enhance ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഇത്. ഈ കഥാപാത്രങ്ങൾ പ്രധാനികളല്ല നോവലിൽ.

“Later” കിംഗ് (വീണ്ടും) അനായാസേന എഴുതിയ പുസ്തകമാണ് എന്ന് പറയാം. നേരത്തെ പറഞ്ഞ ഫോൺ കഥയുടെ ഒരു എക്സ്റ്റൻഷൻ പോലെയാണ് ഈ കഥ. ഇവിടെ ഒരു ബാലൻ (Jamie) മരിച്ചവരെ കാണുന്നു. അവർക്ക് അവനെയും കാണാം. അവർക്ക് അവനോടു സത്യമേ പറയാൻ കഴിയൂ, അതും അവർ മറുലോകത്തേയ്ക്കു പതിയെ അപ്രത്യക്ഷരാകുന്നതിനു മുന്നേ. യെസ്, ഈ കഥപോലെ ഒന്ന് നമ്മൾ മുന്നേ കേട്ടിട്ടുണ്ട്, എം ശ്യാമളന്റെ “Sixth Sense” എന്ന സിനിമയിൽ. നാലു പ്രധാന കഥാപാത്രങ്ങളേ ഈ ചെറുനോവലിൽ ഉള്ളൂ. ഒരു സീരിയൽ ബോംബറും ഒരു മയക്കുമരുന്ന് ഡീലറുമാണ് മറ്റുള്ളവർ. നോവലിൽ (എന്നെ സംബന്ധിച്ചിടത്തോളം ) ഹൊറർ അംശങ്ങളൊന്നും ഇല്ല, ആ പേരിലാണ് നോവൽ പരസ്യം ചെയ്യപ്പെടുന്നതെങ്കിലും. മകന്റെ കഴിവുകൾ അമ്മ രഹസ്യമാക്കി വയ്ക്കുന്നു. എന്നാൽ അമ്മയുടെ കാമുകി, അവർ പോലീസുകാരിയാണ്, അത് മനസ്സിലാക്കുകയും അത് പിന്നെ അവരുടെ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിയ്ക്കുകയുമാണ് – ആദ്യം ഒരു സീരിയൽ ബോംബറെ തടയാൻ. സത്യത്തിൽ പോലീസുകാരിയ്ക്കു തന്റെ കരിയർ ഒന്ന് ബൂസ്റ്റ് ചെയ്യാൻ വേണ്ടിയാണ് ഈ ഓപ്പറേഷൻ. എന്നാൽ നായകൻ മറ്റൊരു സംഗതി മനസ്സിലാക്കുന്നു, സാധാരണ ദിവസങ്ങൾക്കുള്ളിൽ മാഞ്ഞ്‌പോവുന്ന “ആത്മാവ്”, ബോംബറുടെ കാര്യത്തിൽ പോവുന്നില്ലെന്നു മാത്രമല്ല തന്നെ പിന്തുടരുകയും ചെയ്യുന്നുണ്ട് (ഈ ഭാഗങ്ങൾ രസമാണ്). അവൻ തനിയ്ക്ക് സംസാരിയ്ക്കാവുന്ന ഒരേയൊരാളോട് സംഗതികൾ പറയുന്നു. അതിന്റെ തുടർച്ചയായി അവൻ ചെയ്യുന്ന ഒരു ritual – ന്റെ (“Ritual of Chüd”) ഫലമായി എം ആർ ജയിംസിന്റെ “Whitsle” എന്ന കഥയിലെപ്പോലെ ഒരു സാഹചര്യം ഉണ്ടായി വരുന്നു. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആത്മാക്കൾ. പിന്നെ നോവലിന്റെ ക്ലൈമാക്സ് ആണ്. സത്യത്തിൽ നോവൽ പകുതിയിൽ നിറുത്തിയപോലെയാണ് എനിയ്ക്കു തോന്നിയത്. ഒരു പക്ഷെ sequels ഇറക്കണം എന്ന് കിംഗ് വിചാരിയ്ക്കുന്നുണ്ടാകണം. വീണ്ടും എഴുത്തുകാരന്റെ energetic എഴുത്താണ് നോവലിന്റെ ശക്തി (Jamie-യുടെ മനസികവ്യാപാരമൊക്കെ വൃത്തിയായി അയാൾ പിടിച്ചെടുക്കുന്നുണ്ട്). ക്ലൈമാക്സ് dull ആണ് എന്നാൽ നോവലിൽ ഉടനീളം രസകരമായ പലതും നടക്കുന്നുണ്ട്. കിങ്ങിന്റെ തന്നെ “IT”, നെറ്റ്ഫ്ലിക്സിൽ വന്ന “Castle Rock”, പണ്ട് സിനിമകളായി വന്ന “Shining”, “Carrie”, “Mist” ഒക്കെപ്പോലെ ഭീതിയുളവാക്കുന്ന ഒന്നും ഈ പുസ്‌തകത്തിലില്ല. ഒരു തരം chocolaty ഹൊറർ ആണ് ഇപ്പോൾ അയാളെഴുതുന്നത് എന്ന് കരുതണം. അഥവാ, ഇപ്പോൾ മാർക്കറ്റ് ആവശ്യപ്പെടുന്നത് അങ്ങനെയുള്ള പുസ്‌തകങ്ങളും സിനിമകളുമാണ് എന്ന് തോന്നുന്നു(out and out ഭീതി അല്ല). എന്നാലും വർഷാവർഷം പുസ്തകമെഴുതുന്ന കിംഗ്, തന്റെ content-ന്റെ നിലവാരം ഒരു പരിധിയിൽ താഴെപ്പോവാൻ സമ്മതിയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നോവലിന്റെ ഉള്ളടക്കത്തിലും കവർ ഡിസൈനിലും ഉള്ള നൊസ്റ്റാൾജിക് എലിമെൻറ്സ്, അയാളുടെ മറ്റു പുസ്തകങ്ങളിലേക്കുള്ള ലിങ്കുകൾ എല്ലാം സ്ഥിരം വായനക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തം.

ഇരുളിനോടുള്ള ഭയം അവസാനിച്ചു കഴിഞ്ഞാൽ ലോജിക്കലി ആലോചിയ്ക്കുന്ന ആളുകളെ പഴയ ട്രിക്കുകൾ വഴി ഭയപ്പെടുത്തുക വയ്യ. ഞാൻ “ഇരുളിന്റെ ഗന്ധം” എഴുതിയപ്പോൾ നാട്ടിൽ ശരിയ്ക്ക് നടന്ന ഒരു സംഗതിയെ (നഗ്‌നനായി തലകുത്തനെ നടന്ന് ശത്രുവിനെ ഭയപ്പെടുത്തിയത് ) ആണ് ആശ്രയിച്ചത് (കഥ അത്യാവശ്യമായി മാറ്റി എഴുതേണ്ടതുണ്ട്, അതിന്റെ ഭാഷ പരിതാപകരമാണ്), കാരണം ഒരു പുതിയ അറിവ്/അനുഭവം, അതിന്റെ അപരിചിതത്വം ഭയമുളവാക്കാൻ കഴിയുന്നതാണ്. അതാണ് കിംഗിന്റെ പുസ്തകങ്ങൾ ഇപ്പോൾ നമുക്ക് അത്തരത്തിലൊന്നും തോന്നിയ്ക്കാത്തത് – കാരണം അനവധി തവണ ഭയപ്പെടുത്തുന്ന സാഹചര്യങ്ങൾ നമ്മൾ സിനിമയിലും പുസ്തകങ്ങളിലും കണ്ടുകഴിഞ്ഞു. “Hereditary” എന്ന സിനിമ ഭയമുളവാക്കുന്നത് അതിന്റെ അസാധാരണമായ സെറ്റിംഗ് കാരണമാണ് – അതിലെ പാരമ്പര്യമായി കിട്ടുന്ന ഭ്രാന്ത്, സിനിമയിലെ വയലൻസ് (പെൺകുട്ടിയുടെ മുറിഞ്ഞുപോയ തലയുടെ ഷോട്ട്), അതിലെ നായികയുടെ ഹോബി എല്ലാം ചേർന്ന് നമുക്കുണ്ടാകുന്ന anxiety ആഴമേറിയതാണ് (നമ്മുടെ ഭാവനയും വിശാലമായിക്കഴിഞ്ഞു). “Witch” എന്ന സിനിമയിലും ഇതുണ്ട്. “It Follows” -ലെ നായിക ജനലിലൂടെ നോക്കുമ്പോൾ ghost നടന്നുപോയി അപ്പുറത്തെ വീട്ടിലെ ജനൽ വഴി അകത്തേയ്ക്കു വീഴുന്ന രംഗം എന്നെ ഏറെ ഭയപ്പെടുത്തിയതാണ്. “Ju-On Origins”  (പഴയ grudge സിനിമയാണ് ഇതിന്റെ ആധാരം) എന്ന നെറ്റ്ഫ്ലിക്സ് സീരീസ് കൂടി ഇതിനോടൊപ്പം ഓർക്കാം – അതിന്റെ ക്ലൈമാക്സിലെ ചില രംഗങ്ങൾ അസാധാരണമായ ഭീതിയുളവാക്കുന്നതാണ് (തട്ടിൻപുറത്തുനിന്നു പൊതി കയ്യിലേൽപ്പിയ്ക്കുന്ന രംഗം etc.). കിങ്ങിന് ഇക്കൂട്ടരോടാണ് മത്സരിയ്ക്കാനുള്ളത്. അയാൾ safe ആയി കളിയ്ക്കുന്നു. ഈ നോവലിൽ പക്ഷെ അസാധാരണമായ പൊട്ടൻഷ്യൽ ഉണ്ടായിരുന്നു – അയാളതുപയോഗിച്ചില്ല, പറഞ്ഞപോലെ, sequels ആണ് അയാളുടെയും പബ്ലിഷറുടെയും ലക്‌ഷ്യം, Later എന്ന പേരുപോലും അങ്ങനെ വന്നതാണ്. അങ്ങനെയെങ്കിൽ ഫാൻസിനുവേണ്ടി മാത്രമുള്ള പുസ്തകമാണ് “Later” എന്ന് പറയേണ്ടി വരും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top