Roman Stories – Jhumpa Lahiri

ജുമ്പ ലാഹിരിയുടെ “Roman Stories” എന്ന കഥാസമാഹാരം പ്രാധാന്യമുള്ള പുസ്തകമാണ്. അതിന്റെ ഉള്ളടക്കം പലപ്പോഴും വെറും ശരാശരി നിലവാരം പുലർത്തുന്നതാണ്. അപ്പോൾ എന്താണതിന്റെ സിഗ്നിഫിക്കൻസ്? ഒരു ഇന്ത്യൻ എഴുത്തുകാരി, ഇറ്റാലിയൻ പഠിയ്ക്കുന്നു. റോമിലേയ്ക്ക് സ്വയം പറിച്ചുനടന്നു. അവരുടെ സമാഹാരത്തിൽ അവർ പൂർണ്ണമായ അർത്ഥത്തിൽ ഒരു റോമക്കാരിയാണ്. ഇത്ര പൂർണ്ണമായ രീതിയിൽ മറുനാട്ടുകാരിയയായ ഒരു എഴുത്തുകാരനോ കാരിയോ ഇന്ത്യക്കാരായില്ല – ഇതാണ് ഞാൻ പറഞ്ഞ പ്രധാന്യം. നോക്കൂ, സാഹിത്യം ബുദ്ധിപരമായ ഒരു ഏർപ്പാടാണ്. ഒരെഴുത്തുകാരന്റെ ബുദ്ധിശക്തി എത്രയുണ്ടോ അത്രയും മഹത്തായ/ബൃഹത്തായ ഭാവന അയാളുടെ കൃതിയിലുണ്ടാകും. ഞാൻ എഴുത്തിനെ ശ്രദ്ധയോടെ പ്ലാൻ ചെയ്തു എക്സിക്യൂട്ട് ചെയ്യുന്ന ഒരു പ്രൊജക്റ്റായാണ് കാണുന്നത്. വികാരജീവികൾക്ക് ഈ സംഗതിയ്ക്ക് പല പേരുകളും നൽകാനുണ്ടാകും. എന്നാൽ പ്രൊജക്റ്റ് അല്ലെങ്കിൽ ഉവെ ജോൺസന്റെ  ആനിവേഴ്സറീസ് ഇല്ല, കിനൗസ്ഗാർഡിന്റെ മൈ സ്ട്രഗിൾ ഇല്ല, ബൊലാഞ്ഞോയുടെ 2666 ഇല്ല. കെർഷോയുടെ ഹിറ്റ്ലർ സീരീസ് ഇല്ല. അതുപോലൊരു പ്രൊജക്റ്റ് ആണ് ഈ സമാഹാരവും. അത് എഴുതാനും അതിനെ ഇറ്റാലിയനിൽ നിന്ന് ഇംഗ്ളീഷ് അറിയുന്ന എഴുത്തുകാരിയായിട്ടും പരിഭാഷകരെ വയ്ക്കുന്നതും എല്ലാം ആ പ്രൊജക്റ്റിന്റെ ഭാഗമാണ്. പ്രോജക്റ്റ് വിജയമാണ്. കഥകൾ ശരാശരിയും. എന്നാൽ റോമൻ ജീവിതത്തിന്റെ സത്ത അവർ പിടിച്ചെടുത്തിട്ടുണ്ട് എന്ന് ഈ കഥകളിൽ നമുക്ക് മനസ്സിലാവും. 

രണ്ടേ രണ്ടു കഥകളാണ് സമാഹാരത്തിൽ നല്ലതായി തോന്നിയത്. P’s Parties (മറ്റേത് “Dante Alighieri” ) എന്ന കഥയിൽ ഒരെഴുത്തുകാരൻ സുഹൃത്തായ പിയുടെ പാർട്ടികളിൽ ഭാര്യയോടൊപ്പം വർഷാവർഷം പങ്കെടുത്തുവരുന്നു. ഒരിയ്ക്കൽ അവിടെ വച്ച് ഒരു കുട്ടി തല കറങ്ങി വീഴുന്നു. അവന്റെ അമ്മയ്ക്ക് വെപ്രാളം. അയാളവരെ ആശ്വസിപ്പിയ്ക്കുന്നു. അവർ പറയുന്ന വാക്കുകൾ അയാളെ അയാളുടെ വിദേശത്തു താമസിയ്ക്കുന്ന മകനെ ഓർമ്മിപ്പിയ്ക്കുന്നു. പോരാത്തതിന് അവർ വിദേശിയാണ്, ഇഷ്ടമില്ലാതെ റോമിൽ താമസിയ്ക്കുന്നു. അയാൾ അവരെപ്പറ്റി തന്നെ ഓർക്കുന്നു. എഴുത്തുകാരനാണല്ലോ. കുറച്ചു അൺ റിയലിസ്റ്റിക് ഫാന്റസികൾ അയാളുടെ മനസ്സിലുണരുന്നു, അയാളവരെപ്പറ്റി ഒരു കഥയെഴുതാൻ തുടങ്ങുന്നു. എന്നാൽ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള വ്യത്യാസം അയാൾ വേഗം മനസിലാക്കുന്നു. ഈ കഥയുടെ ഹൈലൈറ്റ് ലാഹിരി പുരുഷന്റെ ചിന്തകളെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ്. 

സ്‌റ്റെപ്സ് എന്നൊരു സീരീസ് ഈ സമാഹാരത്തിലുണ്ട്. സ്പാനിഷ് സ്‌റ്റെപ്സ് പോലെ ടൂറിസ്റ്റ് അട്രാക്ഷൻ ആയ ഏതോ സ്ഥലമാണ് ഇതിന്റെ പ്രേരണ എന്ന് ഞാൻ കരുതുന്നു, ഇതിന്റെ പരിസരത്ത് താമസിയ്ക്കുന്ന ആളുകളുടെ കഥകളാണ് ഈ സീരീസിൽ. റോമൻ ജീവിതത്തിന്റെ ഒരു പരിച്ഛേദം ഇവയിലുണ്ട്. എഴുത്തുകാരി എത്രത്തോളം അതിനോട് ഇഴുകിയിട്ടുണ്ടന്ന് നമുക്ക് കാണാനുമാകും. എന്നാൽ കഥകൾ എന്ന നിലയിൽ പാസബിൾ എന്ന് പറയാവുന്നവയുമാണ് അവ. മക്കളെ വളർത്തി വലുതാക്കി തന്റെ തുന്നൽജോലിയുമായി കഴിയുന്ന ഒരു സ്ത്രീ, ഒരു സ്‍കൂളിൽ പാർട്ട് ടൈം ആയയായി പോകുന്നതും കുട്ടികൾ അവിചാരിതമായി അവരുടെ കൂട്ടിലും പഴ്‌സിലുമൊക്കെ അവർക്ക് ഹേറ്റ് മെസേജുകൾ ഇട്ടുവയ്ക്കുന്നതുമാണ്  മറ്റൊരു കഥയിൽ. കുട്ടികളുടെ പ്രതികരണം അവരെ ഞെട്ടിയ്ക്കുന്നു. അവരുടെ മക്കൾക്കും അത് വിശ്വസിയ്ക്കാനാകുന്നില്ല. ഈ കഥയുടെ അന്ത്യവും എനിയ്ക്ക് ഇഷ്ടമായി. 

ഡാന്റെ അലിഗിയെറി എന്ന അവസാന കഥയാണ് പിന്നെ എന്നെ ആകർഷിച്ചത്. തന്റെ അടുത്ത കൂട്ടുകാരിയുടെ കാമുകൻ തന്നോടായിരുന്നു പ്രേമം എന്ന് വെളിപ്പെടുത്തുന്നതോടെ പ്രതിസന്ധിയിലാകുന്ന പെൺകുട്ടി വളർന്നൊരു സ്ത്രീയാകുന്നതും വ്യത്യസ്‍ത ബന്ധങ്ങളിലൂടെ കടന്നുപോകുന്നതുമായ സാമാന്യം വലിയൊരു കാൻവാസിലേയ്ക്ക് പരക്കുന്ന കഥയാണിത്. അവർ ഇരുപതു വയസ്സ് കൂടുതലുള്ള ഒരാളെ പ്രേമിച്ചു വിവാഹം കഴിയ്ക്കുന്നു. അയാളുടെ മാതാപിതാക്കളോട് അടുക്കുന്നു. സ്വന്തം അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് വിരുദ്ധമായായിരുന്നു അവരുടെ പഠനവും ഈ ബന്ധവുമെല്ലാം. ഒരു ലാഹിരിയുടെ തന്നെ കഥയാണോ എന്ന് എനിയ്ക്ക് തോന്നാതിരുന്നില്ല. സ്വന്തം മാതാപിതാക്കളുടെ ലോങ്ങിങ്ങ് അവർ തിരിച്ചറിയുന്ന ഒരു രംഗവുമുണ്ട് ഈ കഥയിൽ.

വളരെ മോശം എൻഡിങ് ഉള്ള കഥകളും, വളരെ കനം കുറവുള്ള കഥകളുമെല്ലാം ഈ സമാഹാരത്തിലുണ്ട്. ലാഹിരിയുടെ ഏറ്റവും മോശം പുസ്തകമെന്നാണ് നല്ല നിരൂപകർ എല്ലാം പറയുന്നത്.

ഞാൻ ഓഡിയോയിലാണ് കേട്ടത്. അത് വായനയല്ല എന്നൊരാൾ അടുത്തെന്നോടു പറഞ്ഞു. എന്നാൽ എനിയ്ക്ക് സൂക്ഷിയ്ക്കാൻ താൽപ്പര്യമുള്ള പുസ്തകങ്ങളേ ഞാൻ പ്രിന്റിൽ വാങ്ങാറുള്ളൂ. ഈ പുസ്തകം ഞാൻ പ്രിന്റിൽ വാങ്ങിയില്ല. ഞാൻ കീപ് ചെയ്യുന്ന തരം  പുസ്തകമല്ല ഇതെന്നത് തന്നെ കാരണം. അത് വായനയെല്ലെങ്കിൽ എന്റെ ടേസ്റ്റ് അല്ല നിങ്ങളുടെ എന്നേ അർത്ഥമുള്ളൂ. ഇമ്മാതിരി വരട്ടുവാദികളെയും പ്യൂരിസ്റ്റുകളെയും സഹിയ്ക്കുക പാടാണ്. വർഷങ്ങളായി വായിയ്ക്കുകയും എഴുതുകയും ചെയ്യുന്ന എനിയ്ക്ക് ഒരു പുസ്തകം ജഡ്ജ് ചെയ്യാൻ, ആസ്വദിയ്ക്കാൻ പ്രിന്റിൽ വാങ്ങി അതിന്റെ കെമിക്കൽ മണം മൂക്കിൽ വലിച്ചു കയറ്റി ഉദ്ധാരണം സംഭവിയ്ക്കണം എന്ന് കരുതുന്ന ആളുകൾക്ക്  ഭ്രാന്താണ്. പ്ലീസ് സ്റ്റേ എവേ ഫ്രം മൈ ബ്ലോഗ്.    

2 thoughts on “Roman Stories – Jhumpa Lahiri”

  1. പേരറിയാത്ത

    Last para: വായനാശീലമുള്ള കുടുംബങ്ങളിൽ മുതിർന്നവർ അക്ഷരം പഠിച്ചു തുടങ്ങുന്ന കൊച്ചു കുട്ടികൾക്ക് കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കുന്നോരേർപ്പാടുണ്ട്. ഭാഷയ്ക്ക് വേണ്ടുന്ന താളത്തിലും ഈണത്തിലും ആയിരിക്കും ഈ വായന. ഈ രീതിയിൽ വായിച്ചു കേട്ടിട്ടുമുണ്ട്; വായിച്ചു കൊടുത്തിട്ടുമുണ്ട്. കേട്ടു വായിച്ചാലും കണ്ടു വായിച്ചാലും വായനയ്ക്ക് അവശ്യം വേണ്ട ഭാവന രൂപപ്പെടുന്നുണ്ടെങ്കിൽ മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കും എന്നാണെന്റെ തോന്നൽ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top