സമീപകാല സിനിമകൾ

Christian Petzold -ന്റെ Afire -ൽ ഒരു ആദ്യനോവൽ എഴുതുന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്തിന്റെ ഒപ്പം അയാൾക്ക്‌ പരിചയമുള്ള ഒരാളുടെ, കാടിനരികിലെ വീട്ടിൽ എത്തുകയാണ് – എഴുത്താണ് ലക്ഷ്യം. എന്നാൽ അവിടെ വളരെ ചുറുചുറുക്കോടെ വെക്കേഷൻ ആസ്വദിയ്ക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ഒരു വിധം എല്ലാ സംഗതികളും “എഴുത്തുകാരനെ” ബാധിയ്ക്കുന്നു. പെൺകുട്ടിയുടെ രഹസ്യകാമുകനും അവളും കൂടെ തൊട്ടടുത്ത മുറിയിൽ രതിയിലേർപ്പെടുന്നു. കാമുകനെ അവർ പരിചയപ്പെടുന്നു. പിന്നെ അയാളും അവിടെ നിത്യസന്ദർശകനാകുന്നു. എഴുത്തുകാരന്റെ എഡിറ്റർ വരുന്നു. അപ്പോഴാണ് പെൺകുട്ടി ലിറ്ററേച്ചറിൽ റിസേർച് ചെയ്യുന്നെന്ന് നായകനറിയുന്നത്. അയാൾ അവളുടെ ഫീഡ്ബാക്ക് വാങ്ങിയിരുന്നു. അതിന്റെ പേരിൽ അവളോട് ഒരു വിരോധമുണ്ട് അയാൾക്ക്. ഇത് കേട്ടപ്പോൾ അയാൾ ഒന്ന് ചമ്മി. എഡിറ്റർക്കാണെങ്കിൽ അവളോട് വലിയ താൽപ്പര്യം. അതിനിടയിൽ Uwe Johnson എഴുതിയിരുന്ന ഒരു അപാർട്മെന്റ് എഡിറ്റർക്ക് താമസിയ്ക്കാനായി കാണാൻ വേണ്ടി പോകുന്നുണ്ട് അയാൾ. അയാൾക്ക് ജോൺസനെപ്പറ്റി പറയുന്ന തമാശ അവിടത്തെ കെയർ ടേക്കർക്ക് ഇഷ്ടപ്പെടുന്നില്ല – ചുരുക്കത്തിൽ ഒരു പുത്തൻ എഴുത്തുകാരന്റെ അധമബോധവും, മിഥ്യാഭിമാനവും എല്ലാം അതുപോലെ പകർത്തി വച്ചിരിയ്ക്കുന്നു. രഹസ്യകാമുകൻ ഗേ സുഹൃത്തിനോട് പ്രേമത്തിലാവുന്നതാണ് പിന്നെ അയാൾ കാണുന്നത്. താമസിയാതെ കഥ അവസാനത്തിലേയ്ക്ക് നീങ്ങുന്നു. ഒരു കാട്ടുതീ ഉണ്ടാവുന്നു. ഒരു ദുരന്തവും. സിനിമയുടെ അവസാന ഭാഗമാണ് എന്നെ വെറുപ്പിച്ചത്. അയാളുടെ അനുഭവങ്ങൾ മൊത്തമെടുത്തു അയാൾ ഒരു നോവലെഴുതുന്നു. അത് പ്രസിദ്ധം ചെയ്യപ്പെടുന്നു. അഥവാ, അതുവരെയുള്ള സിനിമയിലെ കഥ അയാളുടെ നോവലിനുള്ള fodder എന്ന അവസ്ഥ വരുന്നു. പോരാത്തതിന് അയാൾക്ക് ഒരു ഹാപ്പി എൻഡിങ്ങും. ബട്ട് വൈ? ഇതെനിയ്ക്ക് ദഹിച്ചില്ല. കഥയവസാനിപ്പിയ്ക്കാനുള്ള എളുപ്പവഴി എന്നാണ് തോന്നിയത്. അതിലെ ദുരന്ത സീൻ മനസ്സിനെ മഥിയ്ക്കുന്ന ഒരു മുഹൂർത്തമാണ്. അതിനെ ഇമ്മട്ടിൽ നിസ്സാരവൽക്കരിച്ചത് എനിയ്ക്ക് മനസ്സിലായില്ല.

Justine Triet-ന്റെ Anatomy of a Fall – ഉഗ്രൻ ഡ്രാമയാണ്. അതിലും എഴുത്തുകാരാണ് കേന്ദ്രത്തിൽ. റൈറ്റിംഗ് ബ്ലോക്ക് നേരിടുന്ന ഭർത്താവും എഴുത്തുകാരിയായ ഭാര്യയും ശണ്ഠയുണ്ടാവുന്നു. അൽപ്പം കഴിഞ്ഞ് അയാൾ മുകളിലെ നിലയിൽ നിന്ന് വീണു മരിയ്ക്കുന്നു. സ്വാഭാവികമായും ഭാര്യയുടെ നേരെയാണ് സംശയത്തിന്റെ മുന. മകൻ വിറ്റ്നസ്, പക്ഷെ അന്ധൻ. കേസ് തെളിയുമോ ഇല്ലയോ എന്നാണ് ആണ് ആഖ്യാനത്തിലെ കൗതുകം – എന്നാൽ സിനിമയുടെ ഫോക്കസ് ഭാര്യയുടെയും ഭർത്താവിന്റെയും എഴുത്തുജീവിതത്തിലാണ്. അവരെഴുതിയ ടെക്സ്റ്റ് ഇഴകീറുകയാണ് കോടതി. നായകന് എഴുതാൻ കഴിയാതെ പോയ ഒരു തീം വികസിപ്പിച്ച് നായിക പുസ്തകമെഴുതിയിട്ടുണ്ട്. അതിന്റെ പേരിൽ അവർ തമ്മിലുണ്ടായ വാക്കേറ്റം അയാൾ റെക്കോർഡ് ചെയ്തിട്ടുമുണ്ട്. അയാളെന്തിന് അത് ചെയ്തു? അയാൾ മരിയ്ക്കാൻ പ്ലാനിട്ടിരുന്നോ? നായിക സുഹൃത്തായ വക്കീലിനോട് തന്നെ വിശ്വസിയ്ക്കണം എന്ന് പറയുമ്പോൾ അയാളുടെ മുഖത്ത് അങ്ങനെയൊരു വികാരമല്ല നമ്മൾ കാണുക. കാണിയ്ക്കും സംശയിയ്ക്കാം. എഴുത്ത്, അതിന്റെ സംഘർഷങ്ങൾ – കൂടുതൽ കൂടുതൽ സിനിമകൾ ഈ വിഷയത്തിൽ വരുന്നതായി നമ്മൾ കാണുന്നു(നോവലിസ്റ്റ്സ് ഫിലിം എന്നൊരു സിനിമ വന്നിട്ടുണ്ട്). ഏതൊരു കഠിനജോയിലെയും പോലെ അത്യസാധാരണ സമ്മർദ്ദവും ആശങ്കയും വ്യാകുലതകളും എല്ലാം നിറഞ്ഞ ജോലിയാണ് എഴുത്തെന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നു ചുരുക്കം – എഴുത്തിനെ സംബന്ധിച്ച നാലാം കിട പൈങ്കിളി സങ്കല്പങ്ങൾ നശിച്ചു തുടങ്ങി എന്നും അതിനു അർത്ഥമുണ്ട്.

Maryam Touzani -ന്റെ The Blue Caftan, വിവാഹം കഴിച്ചു ഭാര്യയുമായി അതിസ്നേഹത്തിൽ ജീവിയ്ക്കുന്ന ഒരു ഗേ മനുഷ്യന്റെ കഥയാണ് പറയുന്നത്. അയാൾ വിദഗ്ദനായ തുന്നൽക്കാരനാണ്, അയാളുണ്ടാക്കുന്ന കഫ്ത്താൻ ആണ് സിനിമയുടെ ടൈറ്റിലിൽ ഉള്ളത്, അതുണ്ടാക്കി കഴിയുമ്പോഴേയ്ക്കും അയാളുടെ ജീവിതത്തിൽ വലിയൊരു സന്തോഷം കൊഴിഞ്ഞുപോവുന്നു. അയാളുടെ സ്വാതന്ത്ര്യദാഹിയായ(റിലീജിയസ് പോലീസ് ഇരുവരെയും പിടികൂടുന്ന ദൃശ്യമുണ്ട് സിനിമയിൽ), ഭർത്താവിന്റെ ഗേ അനുഭാവത്തെപ്പറ്റി ധാരണയുള്ള ഭാര്യ കാൻസറിന്റെ അവസാന സ്റ്റേജിലാണ്. അയാൾ സ്നേഹത്തോടെ അവളെ പരിചരിയ്ക്കുന്നു. അപ്പോഴും തന്റെ മറുജീവിതത്തിന് അയാൾ തടയിടുന്നതൊന്നുമില്ല. പുതിയ ജോലിക്കാരനും അയാളും അടുക്കുന്നുണ്ട്. ആ സ്ത്രീ അറിയെ തന്നെ. ക്ളീഷേകൾ, മെലോഡ്രാമ ഏറെയുള്ള സിനിമയാണിത്. എന്നാൽ അഭിനയം, ക്യാമറ തുടങ്ങിയവ സിനിമയെ മറ്റൊരു നിലയിലേയ്ക്ക് ഉയർത്തുന്നു. സിനിമയുടെ അവസാനം എനിയ്ക്കിഷ്ടമായില്ല. ഭാര്യയുടെ ഇടം കാമുകൻ കയ്യടക്കുന്ന ഷോട്ട് സിനിമയുടെ പരാജയമായാണ് എനിയ്ക്കു തോന്നിയത്. അതിനു മുന്നേയുള്ള ശവഘോഷയാത്ര ഒരു പക്ഷെ സ്വപ്നരംഗമായിരിയ്ക്കാം. മനോഹരം. ബട്ട് ഇല്ലോജിക്കൽ. പ്രത്യേകിച്ചും പിന്നെയുള്ള സീൻ കാണുമ്പൊൾ.

Charlotte Wells -ന്റെ Aftersun – ഉജ്ജ്വലമാണ്. തന്റെ യൗവ്വനകാല സ്വപ്നങ്ങളും ഐഡിയലിസവും തകർന്നു പോവുന്നത് നിരാശനായി നോക്കിനിൽക്കേണ്ടി വന്ന ഒരു അച്ഛന്റെ മകൾ വർഷങ്ങൾക്കുശേഷം തന്റെ പതിനൊന്നാം വയസ്സിൽ ദരിദ്രനായ അയാൾ തന്നെ ടർക്കിയിലെ ഒരു ചീപ്പ് റിസോർട്ടിൽ വെക്കേഷന് കൊണ്ട് പോയ ഓർമ്മകൾ പങ്കുവയ്ക്കുന്നതാണ് സിനിമയുടെ കഥ. വർത്തമാനത്തെപ്പറ്റി ചെറിയ സൂചനകളെ സിനിമയിലുള്ളൂ എങ്കിലും അത് വളരെ കൃത്യമാണ്. പാസ്കലിന്റെ സ്ക്രീൻ പ്രസൻസ് അപാരമാണ്. ഹി ലൈറ്റ്സ് അപ് ദി സ്ക്രീൻ. തിമത്തി ഷാലമേയെപ്പോലെ. നോർമൽ പീപ്പിൾ എന്ന തല്ലിപ്പൊളി നോവലിൽ നിന്നുണ്ടായ സീരീസിലെ സഹിയ്ക്കാവുന്ന, നല്ല ഒരേയൊരു കഥാപാത്രത്തെ അവതരിപ്പിച്ച അന്ന് തൊട്ടേ ഈ നടൻ ശ്രദ്ധേയനാണ്. അയാളുടെ ഒരു സിനിമ കൂടി ഇപ്പോൾ ഫെസ്റ്റിവൽ സർക്ക്യൂട്ടിലുണ്ട് (പേരോർക്കുന്നില്ല). വളരെ ശ്രദ്ധയോടെ ക്രാഫ്റ്റ് ചെയ്ത ചെറുമുഹൂർത്തങ്ങൾ, മകളായി അഭിനയിയ്ക്കുന്ന നടിയുടെ പ്രകടനം, ചെറിയ അച്ഛൻ മകൾ നിമിഷങ്ങൾ – മകളുടെ insight പ്രകടമാകുന്നവ പ്രത്യേകിച്ചും – ഒക്കെയാണ് ഈ സിനിമയെ നല്ലൊരു അനുഭവമാക്കുന്നത്.

Wim Wenders-ന്റെ പെർഫെക്റ്റ് ഡേയ്സ്, എന്റെ ടേസ്റ്റിനു ഒരു പെർഫെക്റ്റ് സിനിമയാണ്. റുട്ടീൻ-ന്റെ ആരാധകനാണ് ഞാൻ. ആൻഡ് ഐ ലൈക് ബീയിങ് എലോൺ. ടോക്കിയോയിൽ ടോയ്ലറ്റ് ക്ളീൻ ചെയ്തു ജീവിയ്ക്കുന്ന പുസ്തകം വായിയ്ക്കാൻ ഇഷ്ടപ്പെടുന്ന (Aya Kōda, പട്രീഷ്യ ഹൈസ്മിത്ത് ), പഴയ സംഗീതം ഇഷ്ടപ്പെടുന്ന (Lou Reed – സിനിമയുടെ പേരുള്ള പാട്ടുണ്ട് അയാളുടെ, പാറ്റി സ്മിത്ത് ഒക്കെ) അയാൾക്ക് സ്വയംകൃതമായ, അയാൾ മറക്കാൻ ശ്രമിയ്ക്കുന്ന ഒരു ഭൂതകാലമുണ്ടെന്ന് നമ്മൾ പതിയെ അറിയുന്നുണ്ട്. എന്നാൽ സിനിമ റുട്ടീൻ പിന്തുടരുകയാണ്. അയാളുടെ മരുമകൾ, സഹജോലിക്കാരൻ, അയാളോട് പ്രേമമുള്ള ബാർ ഓണർ തുടങ്ങി പല കഥാപാത്രങ്ങൾ ഇതിനിടയിൽ വന്നു പോകുന്നു. എന്നാൽ നമ്മൾ കാണുന്നത് അയാളുടെ ദിനകൃത്യങ്ങളാണ്. അതിന്റെ ആവർത്തനവും. അത്തരത്തിൽ ജീവിച്ചു പരിചയമുള്ള ഒരാൾക്ക് ഈ സിനിമ ഹൃദ്യമായിത്തോന്നും. മറ്റുള്ളവർക്ക് വിം-ന്റെ സാധാരണ ഒരു സിനിമയായും (വിങ്‌സ് ഓഫ് ഡിസയർ കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ സിനിമാപ്രേമിയാണ് എന്ന് പറയരുത്).

മറ്റു ചില സിനിമകളെപ്പറ്റി അടുത്ത പോസ്റ്റിൽ.

4 thoughts on “സമീപകാല സിനിമകൾ”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top