
അജയ് മങ്ങാട്ടിന്റെ “ലോകം അവസാനിയ്ക്കുന്നില്ല” എനിയ്ക്കേറെ ഇഷ്ടമുള്ള ഒരു ലേഖന സമാഹാരമാണ്. അജയിന്റെ എഴുത്തുകൾ അങ്ങിങ്ങ് വായിച്ചിട്ടുള്ളതല്ലാതെ ഒരു പുസ്തകമായി വായിച്ചപ്പോഴാണ് അയാളുടെ വായനയുടെയും ചിന്തയുടെയും വൈവിധ്യം എനിയ്ക്കു ബോധ്യമായത്. പിന്നീട് അയാളുടെ നോവലിൽ വായനയുടെ ലോകം ആവർത്തിയ്ക്കുന്നതും കണ്ടു. അജയിനെ ഒരു നിരൂപകനായി ഞാൻ കാണുന്നില്ല. അങ്ങനെയൊരു വർഗ്ഗം മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നു എന്ന് ഞാൻ വിചാരിയ്ക്കുന്നില്ല. കൃഷ്ണൻ നായർ ഒരു ലിറ്ററി ജേർണലിസ്റ്റ് ആയിരുന്നു, പികെ രാജശേഖരനും ഏറെക്കുറെ അതേ ഗണത്തിലാണ് പെടുക. അയാളുടെ മാറ്റൊലികളായ മറ്റു പുതുക്കക്കാരെ ഞാൻ പരിഗണിയ്ക്കുന്നേയില്ല, അവർ മാർക്കറ്റിനു വേണ്ടി എഴുതുന്നവരാണ്. രാജകൃഷ്ണൻ ഈയിടെ മേതിലിനെ കീറിമുറിച്ചു എഴുതിയതാണ് നിരൂപണം എന്ന നിലയിൽ ഞാൻ വായിച്ച ഒരു ലേഖനം. അജയ് ഈ കൂട്ടത്തിലൊന്നും പെടുന്നില്ല എന്നാണ് എന്റെ വിചാരം. അയാൾ എന്നാൽ തികഞ്ഞ ഒരു ആസ്വാദകനാണ്. മുന്നേ നടന്ന ഒരാളെയും അയാൾ ഭാഷയിലോ ശൈലിയിലോ പിൻപറ്റുന്നതായി ഞാൻ കാണുന്നില്ല. ഇഷ്ടമില്ലാത്ത പുസ്തകങ്ങളെപ്പറ്റി അയാൾ എഴുതാറില്ല. ഇത്തരം ഒരു സ്വയം പിടിച്ചു വയ്ക്കുന്ന ഒരു ശൈലി അയാളുടെ എഴുത്തിലുണ്ട് (അതയാൾ ഞങ്ങൾ ചെയ്ത അഭിമുഖത്തിൽ വിശദീകരിയ്ക്കുന്നുണ്ട്) – ഈ ശൈലി അയാളുടെ “സൂസന്ന” എന്ന നോവലിനെ എങ്ങനെ ബാധിച്ചു എന്ന് നോവലിനെപ്പറ്റിയുള്ള എന്റെ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് അജയിനെ വായിയ്ക്കുന്നതിൽ ഒരു തടസ്സമായി നമുക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം. അതിനു വലിയൊരു കാരണം അജയിന്റെ പേഴ്സണൽ എന്ന് വിളിയ്ക്കാവുന്ന ഭാഷയാണ്. ഒരു പുസ്തകം വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുക എന്ന ധർമ്മം അജയ് പല നിരൂപക വേഷധാരികളേക്കാൾ എളുപ്പത്തിൽ സാധിയ്ക്കുന്നു. അത് മാത്രമല്ല, അവരിൽ പലരെയും അപേക്ഷിച്ച് അജയിന്റെ വായന വളരെ പരന്നതുമാണ്.
ഡിസി ഇറക്കിയ “പറവയുടെ സ്വാതന്ത്ര്യം”, മേലെ സൂചിപ്പിച്ച ലേഖനസമാഹാരം (“ലോകം…”) പോലെ കൃത്യമായ ആലോചനയോടെ തിരഞ്ഞെടുക്കപ്പെട്ടതായി എനിയ്ക്കു തോന്നിയില്ലെങ്കിലും പുസ്തകത്തിന്റെ പ്രഭാവത്തിനു കുറവില്ല. എഴുത്തിൽ രാഷ്ട്രീയവും മതവും കൈകാര്യം ചെയ്യുമ്പോൾ അജയ് എന്തെങ്കിലും ബാലൻസ് ഉണ്ടാകാൻ ശ്രദ്ധിയ്ക്കുന്നതുപോലെ എനിയ്ക്കു മുൻപും തോന്നിയിട്ടില്ല – നബിയെക്കുറിച്ചുള്ള ലേഖനം നോക്കിയാൽ, അജയ് മതത്തിനുള്ളിൽ നിന്ന് വൈകാരികമായി സംസാരിയ്ക്കുന്നപോലെ നമുക്കനുഭവപ്പെടും – എന്നാൽ അതേ ലേഖനത്തിൽ അറബ് സംസ്കാരവും ഇസ്ലാമും തമ്മിലുള്ള ചേർച്ചക്കുറവിനെ അയാൾ സൂചിപ്പിയ്ക്കുന്നത് കാണാം. നബി തന്നെ, പ്രത്യേകിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിയ്ക്കുന്ന വിഷയത്തിൽ, ഇതിൽ അസ്വസ്ഥനായിരുന്നു എന്നാണ് ലേഖനം പറഞ്ഞുവയ്ക്കുന്നത്. ഇസ്ലാമിനെക്കുറിച്ചുള്ള വിമർശകരുടെ ചില വിലയിരുത്തലുകൾക്ക് കാരണമായുള്ള ഈ സംഗതി മറ്റൊരു കാര്യത്തിന് കൂടി അടിവരയിടുന്നു – സംസ്കാരവും മതവും തമ്മിൽ വലിയ കൊടുക്കൽ വാങ്ങലുകളൊന്നുമില്ല – അതൊരേ തലത്തിൽ നിലനിൽക്കുന്ന സംഗതികളല്ല – അതുകൊണ്ടാണ് ഗാമയുടെ കൂടെ വന്ന കൃസ്ത്യാനികൾ കേരളത്തിൽ അവരുടെ കൂട്ടരെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞത് – കാരണം, ഇവിടെയുള്ളവർ മലയാളികളായിത്തന്നെയാണ് ജീവിച്ചിരുന്നത്. ഇപ്പോഴും അറേബ്യൻ സംസ്കാരം ഇസ്ലാമിക ലോകത്ത് വേറിട്ട് നിൽക്കുന്നത് കാണാം. അത് ഗ്ലോബൽ ഐഡന്റിറ്റി എന്ന നിലയിൽ വാർപ്പു മാതൃകകൾ സൃഷ്ടിയ്ക്കുന്നതിനും കാരണമായി. ഇസ്ലാമിനെപ്പറ്റിയുള്ള മറ്റൊരു കൗതുകകരമായ കാര്യം ലേഖനത്തിൽ കണ്ടത് ഇസ്ലാമിക ചരിത്രത്തിലെ യുദ്ധവർണ്ണനകളോടുള്ള ആവേശമാണ് – എന്നാൽ പ്രധാനപ്പെട്ട രണ്ടു യുദ്ധങ്ങൾ ഒരൊറ്റ ദിവസം മാത്രം ദൈർഘ്യമുള്ളതായിരുന്നു. എന്തിനാണവ ഇപ്പോഴും ആഘോഷിയ്ക്കുന്നത്? അത് ഇസ്ലാമിന്റെ ഇമേജിന് എന്ത് നേട്ടമുണ്ടാക്കി? ചിന്തനീയമായ വിഷയങ്ങളാണ്. ലേഖനത്തിലെ ഫാത്വിമയുടെ ഭാഗവും വായനയിൽ പുതുമയായി.
പുസ്തകത്തിന്റെ തുടക്കത്തിൽ ഫിറാന്തേയെയും ക്നോസ്ഗാർഡിനെയും ഒരേ ലേഖനത്തിൽ കൊണ്ടുവരുന്നുണ്ട് അജയ് – സത്യത്തിൽ വ്യക്തിപരമായ കാര്യങ്ങൾ അവരെഴുതുന്നു എന്നല്ലാതെ ഈ എഴുത്തുകാർ തമ്മിൽ ഒരു താരതമ്യവുമില്ല. ക്നോസ്ഗാർഡ് സമകാലികരേക്കാൾ പല കാതം മുന്നിലാണ്. എന്നാൽ ഫിറാന്തേ കൊണ്ടുവരുന്ന സ്ത്രീയുടെ നോട്ടം പലപ്പോഴും അതിതീക്ഷ്ണമാണ് – അജയ് പറയുന്ന അവരുടെ നോവൽ സീരീസാകട്ടെ പലതരം വയലൻസുകളെ ചിത്രീകരിയ്ക്കുകയാണ്. രണ്ടു എഴുത്താളരും നഗരജീവിതത്തെക്കുറിച്ചു സംസാരിയ്ക്കുമ്പോൾ ഫിറാന്തേ സ്ത്രീ ഏതുകാലത്തായാലും നേരിടുന്ന, അവൾ മൂകമായി കണ്ടു നിൽക്കേണ്ടി വരുന്നതുമായ അക്രമത്തെയാണ് കാണിയ്ക്കുന്നത്. ക്നോസ്ഗാർഡിന്റെ നായകൻ ഫെമിനിസ്റ്റ് കാലത്തു ഐഡന്റിറ്റി നഷ്ടമായേക്കുമോ എന്ന ഭയത്തിൽ ജീവിയ്ക്കുന്ന യൂറോപ്യൻ പുരുഷനെയാണ് കാണിയ്ക്കുന്നത് – അയാൾക്ക് കരയാൻ മടിയില്ല. ഫിറന്തേയുടെ നേപ്പിൾസിലെ ആളുകൾ എന്നാൽ ഇക്കാര്യത്തിൽ അയാളെ ഫാഗറ്റ് എന്ന് വിളിച്ചേനെ. അതാണ് രണ്ടു കാര്യങ്ങളിലെയും വൈരുദ്ധ്യം. ഇങ്ങനെ പറയുമ്പോൾ ഈ ലേഖനങ്ങളുടെ ഉദ്ദേശത്തെ ചോദ്യം ചെയ്യുകയല്ല എന്റെ ഉദ്ദേശ്യം – മറിച്ച് എന്നെ ചിന്തിയ്ക്കാൻ അവ പ്രേരിപ്പിച്ചു എന്നുള്ളതാണ് മുഖ്യം. പുസ്തകത്തിൽ രണ്ടു ഭാഗങ്ങളായാണ് ലേഖനങ്ങൾ ഒരുക്കിയിരിയ്ക്കുന്നത് – ആദ്യഭാഗത്ത് സമീപകാല എഴുത്തുകളും, രണ്ടാമത്തേതിൽ പഴയവയും. രണ്ടും പൊതുവായി എന്നെ അവയുടെ സമഗ്രതയിലല്ല എന്നെ ആകർഷിച്ചത്, മറിച്ച് ഇത്തരത്തിലുള്ള ആലോചനകൾക്കു വഴിമരുന്നിട്ടു എന്നതിനാലാണ്.
എനിയ്ക്ക് സമ്മിശ്ര അനുഭവം തന്ന എഴുത്തുകാരിയാണ് ഓൾഗ റ്റൊകാർസക്. അവരുടെ നോവലുകളെപ്പറ്റിയുള്ള – ഫ്ലൈറ്റ്സ് – ലേഖനത്തിനാണ് പുസ്തകത്തിന്റെ പേര് നല്കിയിരിയ്ക്കുന്നത്(തിരിച്ചും പറയാം). വലിയ രീതിയിൽ മാറിക്കൊണ്ടിയ്ക്കുന്ന ലോകനോവലിന്റെ നല്ല ഉദാഹരണമാണ് ഓൾഗയുടെ നോവലുകൾ. ഇംഗ്ളീഷ് പരിഭാഷകൾ ഇറങ്ങുന്നതും അവ ലോകം മുഴുവൻ വായിയ്ക്കപ്പെടുന്നതും കാരണം വീണ്ടും ലോകം ഇംഗ്ളീഷ് ഭാഷയുടെ ചൊൽപ്പടിയിലാകുന്നു എന്ന രീതിയിൽ കേരളത്തിലെ ചില ബുദ്ധിജീവികൾ വേവലാതിപ്പെടുന്നതിന് കൂടി മറുപടിയായി ഓൾഗ ഇംഗ്ളീഷ് എങ്ങനെയാണു അവരെപ്പോലുള്ള എഴുത്തുകാരെ വായനക്കാരെ കണ്ടെത്താൻ സഹായിച്ചത് എന്ന് പറയുന്നുണ്ട് – അതൊരു സത്യമാണ് – വല്ലാത്തൊരു തരം ജനാധിപത്യം ഇപ്പോൾ പബ്ലിഷിങ്ങിൽ ഈ അർത്ഥത്തിൽ (coverage) നിലനിൽക്കുന്നുണ്ട്.
അജയ് ഈ സമാഹാരത്തിൽ ചെയ്യുന്ന മറ്റൊരു നല്ല കാര്യം – സെർവാന്റിസിന്റെ ഡോൺകീഹോട്ടെ, റൂമിയുടെ മസ്നവി, മറായിയുടെ കാസനോവ, ഓർവെലിന്റെ വേറെയാരും സൂചിപ്പിയ്ക്കുക പോലും ചെയ്തതായി ഓർക്കാത്ത ലേഖനസമാഹാരം, കമ്യുവിന്റെയും ഗ്രാസിന്റെയും രാഷ്ട്രീയചായ്വുകൾ, വിജയൻറെ ധർമ്മപുരാണം, ക്നോസ്ഗാർഡ് തന്റെ മൈ സ്ട്രഗിൾ സീരീസിൽ ദീർഘമായി അപഗ്രഥിച്ച ഹിറ്റ്ലറുടെ മെയിൻ കാംഫ്, കോളനിവൽക്കരണത്തിന് സാഹിത്യം നൽകിയ സംഭാവനകൾ തുടങ്ങിയവയെപ്പറ്റി വിവരിയ്ക്കുന്നതാണ് (അഥവാ, പൊതുവിൽ, സമകാലീന രാഷ്ട്രീയ സ്ഥിതി മനസ്സിൽ വച്ചാണ് എഴുത്തുകാരൻ ലേഖനങ്ങൾ തിരഞ്ഞെടുത്തത് എന്ന് ചുരുക്കം), ഈ പുസ്തകം വായിയ്ക്കുന്ന നിരവധി ചെറുപ്പക്കാർ/കാരികൾ മീരയിൽ നിന്നും ബെന്യാമിനിൽ നിന്നും സുഭാഷിൽ നിന്നും ഒക്കെ മുന്നേറി സാഹിത്യത്തിന്റെ കാമ്പിലേയ്ക്ക് അടുക്കാൻ അത് സഹായിയ്ക്കും. മലയാളം മാത്രം വായിച്ചാൽ മലയാളിയായിരിയ്ക്കാം എന്നല്ലാതെ വേറെ എന്തങ്കിലും വിശേഷമുള്ളതായി എനിയ്ക്കിതുവരെ തോന്നിയിട്ടില്ല. ഒരു വെറും മലയാളിയായി ഇരിയ്ക്കുന്നത് നാസിയായി ഇരിയ്ക്കുന്നതിൽ നിന്ന് അധികം ദൂരെയല്ലാതെ മാറിക്കൊണ്ടിയ്ക്കുന്നതുകൊണ്ടു പ്രത്യേകിച്ചും. വലതു തീവ്രാദികളെ ആഘോഷിയ്ക്കുന്ന പത്രത്തിലും വാരികയിലും പത്രത്തിലും എഴുതിയില്ലെങ്കിൽ തങ്ങളുടെ ആവിഷ്കാരം ആളുകളിലെത്തില്ല എന്ന തരം വിചിത്ര വേവലാതികളുള്ള എഴുത്തുകാരാണല്ലോ നമുക്കുള്ളത്. അതുകൊണ്ട് പ്രത്യേകിച്ചും കർട്ടെസ്, യെലെനിക് തുടങ്ങിയവരെ പുതുതലമുറ വായിയ്ക്കണം. പറഞ്ഞു പൂതലിച്ചുപോയ, ബ്രാഹ്മണ്യത്തിന്റെ അധികാരം സ്ഥാപിയ്ക്കാൻ മാത്രമെഴുതിയ എപ്പിക്കുകളുടെ പുനരാഖ്യാതാക്കൾ എന്താണ് സത്യത്തിൽ ചെയ്യുന്നതെന്ന് മനസ്സിലാക്കാനെങ്കിലും അതുപകരിയ്ക്കും. “ഫെയ്റ്റ്ലെസി”ലെ “ഓഷ്വിറ്റ്സ് വിശദീകരിയ്ക്കാനാവില്ല എന്ന് പറയുന്നത് നിറുത്തണം, മറിച്ച്, അതിന്റെ അഭാവമാണ് വിശദീകരിയ്ക്കാൻ കഴിയാതിരിയ്ക്കുക” എന്ന വാചകം അജയ് എടുത്തെഴുതിയത്, എക്കാലവും നമ്മുടെ ജനത ചില്ലിട്ടു സൂക്ഷിയ്ക്കേണ്ട ഒന്നാണ്. ഒന്നല്ല, നൂറു ഓഷ്വിറ്റ്സ് സൃഷ്ടിയ്ക്കാൻ പാകപ്പെട്ട ആളുകളാണ് ഇന്നാട്ടിലുള്ളത്. അക്കിത്തം, പരമേശ്വരൻ തുടങ്ങിയ നാസി തീവ്രവാദികളെ ഈയിടെ ആഘോഷിച്ച മാധ്യമങ്ങളെയും അവരുടെ എഡിറ്റർമാരെയും എല്ലാം ഇവിടെ ഓർക്കുക. ചത്ത ഫാസിസ്റ്റാണ് നല്ലത് എന്ന് പറയുന്നപോലെ ചത്ത നിരൂപകരും എഡിറ്റർമാരും എഴുത്താളരും നല്ലവരാകുന്ന കാലം നമ്മുടെ നാട്ടിൽ വിദൂരമല്ല. അവരെപ്പറ്റി എഴുതാൻ ആരെങ്കിലുമൊക്കെ ശേഷിച്ചാൽ മതിയായിരുന്നു.
ഇസ്ലാമിനെക്കുറിച്ചു മാത്രമല്ല, ക്രിസ്തുവിനെയും മാർക്സിസത്തെയും തൊട്ടുപോകുന്ന എഴുത്തുകളുമുണ്ട്. ക്രിസ്തുവിനെ സരമാഗോയും ഡൊസ്റ്റോയ്വ്സ്കിയും നീഷേയും അവതരിപ്പിയ്ക്കുന്നത്, കാസ്ട്രോയുമായുള്ള അഭിമുഖത്തെക്കുറിച്ചുള്ള കുറിപ്പുകൾ തുടങ്ങിയവ. ക്രിസ്തുവിനെ വിചാരണ ചെയ്യുന്ന പൗരോഹിത്യമാണ് ഡൊസ്റ്റോയ്വ്സ്കിയുടെ പുസ്തകത്തിൽ. നീഷേ ആകട്ടെ ക്രിസ്തുവിൽ നിന്നകലുന്നു (അയാൾ അതോടെ ഉന്മാദത്തിലേയ്ക്ക് പോകുന്നു എന്ന് ലേഖകൻ). “എഴുത്തിനും ഭാവനയ്ക്കുമിടയിലെ ക്രിസ്തു” എന്ന ഈ ലേഖനം പുസ്തകത്തിൽ എനിയ്ക്കു ഏറ്റവും പ്രിയപ്പെട്ടതാണ്. നബിയെപ്പറ്റിയുള്ള എഴുത്തിലെ “വൈകാരികത” ഇവിടെ എനിയ്ക്ക് കാണാനാകാത്തത് എന്താണെന്നും ഞാൻ വിചാരിച്ചു എന്നുകൂടി ചേർക്കട്ടെ. കാസ്ട്രോ യൂറോപ്പിയൻ സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമായ ഒരു വേർഷൻ ഓഫ് കമ്മ്യുണിസം സൃഷ്ടിച്ചു എന്ന് വിചാരിയ്ക്കുന്ന ഒരാളാണ് ഞാൻ. കേരളത്തിലെ കമ്മ്യുണിസ്റ്റുകളും അക്കാര്യത്തിൽ വിജയിച്ചവരാണ്. കേരളത്തിലെ ഈ വ്യത്യാസം മനസ്സിലാക്കുന്നതിൽ ആനന്ദ് പോലും പരാജയപ്പെടുന്നു എന്നുള്ളത് എന്റെ ഒരു സ്ഥിരം പരാതിയാണ്. അജയിന്റെ മുൻസമാഹാരത്തെപ്പറ്റിയുള്ള എന്റെ പരാതിയും അതായിരുന്നു. ഇവിടെ കാസ്ട്രോയെ യാഥാർഥ്യബോധത്തോടെയാണ് അജയ് നോക്കുന്നത് – അപ്പോൾ തന്നെ കൃസ്ത്യൻ മൊറാലിറ്റിയുടെ ഭാഗമായ സ്വവർഗ്ഗാനുരാഗികളോടുള്ള വിരോധം കാസ്ട്രോയ്ക്കുള്ളത് എഴുത്തുകാരൻ അരിനാസിന്റെ അനുഭവം മുൻനിർത്തി വിശദീകരിയ്ക്കുന്നുമുണ്ട്. വിചാരണയ്ക്ക് സമയമെടുക്കും എന്ന് പറഞ്ഞു നിരവധിപേരെ നിറതോക്കിനു മുന്നിലേയ്ക്ക്, ഭരണം ഏറ്റെടുത്ത ഉടനെ പറഞ്ഞുവിടാൻ കാസ്ട്രോ തയ്യാറായിരുന്നു എന്നും നമുക്കോർക്കാം.
ഇതുപോലെ അജയ് വളരെയധികം എഴുത്തുകാരിലേയ്ക്കും പുസ്തകങ്ങളിലേയ്ക്കും വായനക്കാരുടെ ശ്രദ്ധ തിരിയ്ക്കുന്നുണ്ട് – കൂട്ടത്തിൽ പത്മരാജന്റെ പൈങ്കിളി നോവലുകളും പെടുന്ന പോലെയുള്ള കല്ലുകടികൾ ഉണ്ടെങ്കിലും, മൊത്തത്തിൽ ചിന്തയെ ഉദ്ധീപിപ്പിയ്ക്കുന്ന ഉള്ളടക്കം ഈ പുസ്തകത്തിലുണ്ട്. വായിയ്ക്കുക മാത്രമല്ല, അതിനെപ്പറ്റി സ്വതന്ത്രമായി ചിന്തിയ്ക്കുകയും, ലളിതമായി എഴുതുകയും, തന്റേതായ രാഷ്ട്രീയവും ചിന്തകളും അപകര്ഷതയില്ലാതെ അവതരിപ്പിയ്ക്കുകയും ചെയ്യുന്ന എഴുത്തുകാരൻ മലയാളത്തിലെ നിരൂപക കോമാളികളുടെ കൂട്ടത്തിൽ പെടാതെ മാറിനിൽക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. ഒരു തരത്തിൽ അജയിനോട് എനിയ്ക്ക് ആ കാര്യത്തിൽ അസൂയയുണ്ട്. അത്രയേറെ അമർഷവും ദുഖവും ഉള്ളിലടക്കിയാണ് ഈ നാട്ടിലെ ആളുകൾ ഓരോ ദിനവും തള്ളി നീക്കുന്നത് – അപ്പോൾ അജയിന്റെ എഴുത്തിലെ ശാന്തത നമ്മളെയും ഉള്ളിലേയ്ക്ക് നോക്കാൻ പ്രേരിപ്പിയ്ക്കുന്നു, പുറത്തേയ്ക്കുള്ള വിശാലലോകത്തേയ്ക്കും. വാചാലതയും ബഹളവും അവിടെ അനാവശ്യമാണ് എന്ന മട്ടിൽ. പറവയുടെ സ്വാതന്ത്ര്യം പോലെ എന്തോ ഒന്നതിലുണ്ട്.
/”അതയാൾ ഞങ്ങൾ ചെയ്ത അഭിമുഖത്തിൽ വിശദീകരിയ്ക്കുന്നുണ്ട്”/
any link???
//അതയാൾ ഞങ്ങൾ ചെയ്ത അഭിമുഖത്തിൽ വിശദീകരിയ്ക്കുന്നുണ്ട്//
Is it available online?
Will be soon, will let you know when it’s published.
Thanks Abhilash
Btw ക്യൂവിൽ വന്ന രണ്ട് അഭിമുഖങ്ങളും ഗംഭീരമായിരുന്നു
Oh, thanks man!
bring and read soon
അഭിലാഷ് പറവയുടെ സ്വാതന്ത്രo എന്ന പുസ്തകത്തിൽ രക്തത്തിന്റെ ആഴങ്ങളിൽ എന്ന ഭാഗം മുൻപ് പുസ്തതകമാക്കി ഇറങ്ങിയിരുന്നു .അതു വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പറവയുടെ സ്വാതന്ത്രം എന്ന പുസ്തകം മേടിക്കുന്നതും വായിക്കുന്നതും .Anyway എഴുത്തു തുടരൂ …
മൊത്തത്തിലുള്ള കണ്ടെന്റ് എനിയ്ക്കും അത്ര പിടിച്ചില്ല. തിരക്കിട്ടു ചെയ്തപോലെ. സൂസന്നയുടെ ഓളം നമുക്കും കിട്ടണം പണം എന്ന പോലെ – ഡിസിയല്ലേ? :). എന്നിരിയ്ക്കിലും തുടർച്ചയായി വായിപ്പിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നതാണ് അജയിന്റെ ഭാഷ. അതാണ് ബുക്കിന്റെ ഭംഗിയും. പുതിയ എഡിഷൻ ഇറങ്ങുന്നെന്നു കേട്ടു.
ഉവ്വ് ,Post കണ്ടു അജയ്ടെ