ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ?

ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല, അയാളുടെ പുസ്തകങ്ങളുടെ പരിഭാഷകളിൽ പല തിരിമറികൾ നടന്നിട്ടുണ്ട് (എന്റെ ഈ പോസ്റ്റ് നോക്കുക: – https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). പാമുക്കിന്റെ സൈലന്റ് ഹൗസ് വളരെ അടുത്താണ് ഇംഗ്ളീഷിൽ വന്നത്. എന്നാൽ അയാളുടെ ആദ്യ നോവൽ ഇപ്പോഴും ഇംഗ്ലീഷിൽ ഇല്ല. ബൊലാഞ്ഞോയ്ക്ക് പബ്ലിഷ് ചെയ്യാൻ താൽപ്പര്യമില്ലാത്ത പുസ്തകങ്ങൾ പിന്നീട്, മരണശേഷം, തുരുതുരാ ഇറങ്ങിയിട്ടുണ്ട്. ഈ എഴുത്തുകാരുടെ എഴുത്തിലെ ചാപല്യങ്ങൾ നമ്മൾ കണ്ടിട്ടില്ലെന്നു ചുരുക്കം. ഇങ്ങനെയുള്ള ഫിൽറ്ററിംഗ്‌ കഴിഞ്ഞുള്ള എഴുത്തിലെ കുഴപ്പങ്ങളാണ് ഞാൻ കഴിഞ്ഞ ചോദ്യോത്തരത്തിൽ പറഞ്ഞത്. അപ്പോൾ മലയാളത്തിലെ യാതൊരു ഫിൽറ്ററുമില്ലാത്ത എഴുത്തിനെ എങ്ങനെ ജഡ്ജ് ചെയ്യണം?

മലയാളം നമ്മൾ വായിയ്ക്കുന്നത് അവനവന്റെ ഭാഷയിൽ എന്തെങ്കിലും വായിയ്ക്കണം എന്ന് കരുതിക്കൂടിയാണ്. സാധാരണ എല്ലാ ഭാഷയിലും ക്‌ളാസിക്സ് കാണും. അതാണ് ഉരകല്ല്. “കയറി”നൊപ്പം നിൽക്കുന്ന ഒരു grand നോവൽ മലയാളത്തിൽ ഇല്ല. “മീശ” അതിനൊപ്പം നിൽക്കുമായിരുന്നു, പക്ഷെ നോവൽ ഒരു ഇരുനൂറു പേജെങ്കിലും short ആണ് – ഇത് ഞാൻ എഴുത്തുകാരനോട് തന്നെ പറഞ്ഞിട്ടുണ്ട് (എന്റെ ആഗ്രഹം പറയാമല്ലോ, എഴുതുന്നത് അയാളുടെ സ്വാതന്ത്ര്യം). “സൂസന്ന” അങ്ങനെ scale ചെയ്യും എന്ന് കരുതുക വയ്യ അഥവാ, വാർ ആൻഡ് പീസ് scale ചെയ്യുന്നതിന് അനുകൂലമായ കാൻവാസ്‌ അതിനുണ്ട്. കരമസോവിലെ ബിബ്ലിക്കൽ എലിമെൻറ്സ്, മോബിഡിക്കിലെ ഇതിഹാസ സമാനമായ സംഘർഷം, 2666-ലെ അതിവിശാലമായ ലോക സൃഷ്ടി തുടങ്ങി അനവധി കാര്യങ്ങൾ നമുക്ക് അവയോരോന്നിലും കണ്ടെടുക്കാൻ കഴിയും. ഈ നോവലുകളിൽ ഒരു ലോജിക്കൽ ഘടന കൂടിയുണ്ട്. അത് വായനക്കാരന്റെ ബുദ്ധിയെ പരിഹസിയ്ക്കുന്നില്ല. വിക്റ്റർ ലീനസിനെ അടുത്തകാലത്ത് വായിച്ചപ്പോൾ അയാൾ അക്കാലത്തെ ആധുനികതയുടെ വക്താക്കളുടെയോ മറ്റോ എഴുത്തു ട്രിക്കുകൾ ഉപയോഗിയ്ക്കാതെ ലളിതഭാഷയിൽ എഴുതിയത് ശ്രദ്ധയിൽ വന്നു. നൊറോണയുടെയും, വിവേക് ചന്ദ്രന്റെയും, അജിജേഷ്‌ പച്ചാട്ടിന്റെയും (ഉദ്ദാഹരണത്തിനു വേണ്ടി മാത്രമുള്ള പേരുകൾ) കഴിഞ്ഞ ആഴ്ച മാതൃഭൂമിയിൽ എഴുതിയ അമൽരാജ് പാറേമ്മലിന്റെ വരെ ഭാഷ നോക്കൂ, പലപ്പോഴും എഴുത്തുകാരന്റെ പേരുകൾ തമ്മിൽ മാറിയാൽ പോലും മനസ്സിലാകാത്ത അത്ര സാമ്യം ഇവരുടെ എഴുത്തുകൾ തമ്മിലുണ്ട്. കടുത്ത കൃത്രിമത്വമുള്ള പ്രയോഗങ്ങളും ഭാഷയുമാണ് ഇവരുടെ എഴുത്തിന്റെ പ്രധാന സ്വഭാവം. അഥവാ, പിഎഫ് ഒക്കെ വിദഗ്ദമായി ഉപയോഗിച്ചിട്ടുള്ള ദേശമെഴുത്ത് എന്ന സംഗതി മലയാള കഥാലോകത്ത് ഒരു ഫോർമുലയായി മാറി. കഥകൾ തമ്മിൽ പോലും സാമ്യങ്ങൾ. പിന്നെ മലയാളത്തിലെ കുറ്റാന്വേഷണ നോവലുകളെപ്പറ്റി ഞാൻ പറയേണ്ടല്ലോ. അടുത്ത് ബോർഹസ് “സങ്കേതം” ഉപയോഗിച്ചു എന്ന് പറഞ്ഞുവന്ന നോവലിനെപ്പറ്റി ഞാൻ ഈ ബ്ലോഗിൽ തന്നെ എഴുതിയിട്ടുണ്ട്- വെറുതെ ഓരോ claims നടത്തിയില്ലായിരുന്നെങ്കിൽ നോവൽ ആളുകൾ മറ്റൊരു രീതിയിൽ വായിച്ചേനെ എന്നതുമുണ്ട്. അന്ന് ഞാൻ കോട്ടയം പുഷ്പനാഥിനെ ബഹുമാനിയ്ക്കുന്നില്ല എന്നതായിരുന്നു ചിലരുടെ പരാതി – ഹോളിവുഡ് സിനിമകളും മറ്റു അനുകരിച്ച് പോപ്പുലർ വീക്കിലികളിൽ കേവല entertainment-നു വേണ്ടി എഴുതുന്ന എഴുത്തുകാരെ ഞാൻ എന്തിനു കണക്കിലെടുക്കണം? സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് ഞാനാ നോവലുകൾ വായിച്ചിട്ടുണ്ട്, അതുകഴിഞ്ഞു ഞാനതു വിട്ടുകളഞ്ഞു, അതാണ് വായനയുടെ പ്രോഗ്രഷൻ എന്ന് പറയുന്ന സംഗതി. തട്ടുപൊളിപ്പൻ ത്രില്ലറുകൾ ഞാനിപ്പോഴും വായിയ്ക്കാറുണ്ട് – ഉദാ:- Blake Crouch-ന്റെ Recursion, Dark Matter തുടങ്ങിയ പുസ്തകങ്ങൾ. എന്നാൽ അതേസമയം Blood Meridian എന്ന നോവലും ഞാൻ വായിച്ചു. വെസ്റ്റേൺ നോവൽ എന്ന് വിളിയ്ക്കുന്ന ജോൺറേയിലെ നോവലാണ്, അതിലെ ഒരു പാസേജ് താഴെ.

“Tethered to the polestar they rode the Dipper round while Orion rose in the southwest like a great electric kite. The sand lay blue in the moonlight and the iron tires of the wagons rolled among the shapes of the riders in gleaming hoops that veered and wheeled woundedly and vaguely navigational like slender astrolabes and the polished shoes of the horses kept hasping up like a myriad of eyes winking across the desert floor… All night sheetlightning quaked sourceless to the west beyond the midnight thunder-heads, making a bluish day of the distant desert, the mountains on the sudden skyline stark and black and livid like a land of some other order out there whose true geology was not stone but fear. The thunder moved up from the southwest and lightning lit the desert all about them, blue and barren, great clanging reaches ordered out of the absolute night like some demon kingdom summoned up or changeling land that come the day would leave them neither trace nor smoke nor ruin more than any troubling dream.”

അഥവാ, എല്ലാ ജോൺറേകളിലും എഴുത്തിന്റെ നിലവാരത്തിന് ഒരു പരിധിയൊന്നുമില്ല. അനുഭവ സമ്പത്തുള്ള വായനക്കാരൻ തന്റെ വായനയെ മുന്നോട്ടു തള്ളാനാണ് നോക്കുക. അയാൾ ഒരു പുസ്തകത്തെ വായിയ്ക്കാനെടുക്കാതിരിയ്ക്കുകയോ, വായിച്ചാൽ തള്ളിക്കളയുകയോ ചെയ്യും. കാശുമുടക്കുന്ന വായനക്കാരന് അതിന് അധികാരമില്ല എന്നൊന്നും പറയരുത്. “ബ്ലഡ് മെരിഡിയൻ” അല്ലെങ്കിൽ ഷേർളി ജാക്സൺ “Haunting of Hill House” തുടങ്ങിയ നോവലുകളിൽ ഉപയോഗിച്ച ഭാഷയോടോ ശൈലിയോടോ കിടപിടിയ്ക്കുന്ന ഒന്നും പോപ്പുലർ മലയാള സാഹിത്യത്തിലില്ല. വയലൻസും കുറ്റകൃത്യങ്ങൾക്കും പഞ്ഞമുള്ള നാടല്ലല്ലോ നമ്മുടെ, അപ്പോൾ എഴുത്തുകാരുടെ കുറവ് തന്നെയാണത്. ആർക്കും എന്തും എഴുതാനും പബ്ലിഷ് ചെയ്യാനും തീർച്ചയായും ഇവിടെ സ്വാതന്ത്ര്യമുണ്ട് – എന്നാൽ എന്തും വായിയ്ക്കാനും തള്ളാനുമുള്ള സ്വാതന്ത്ര്യം വായനക്കാരനുമുണ്ട്. വായനക്കാരനും തന്റെ പ്രവർത്തിയിൽ (വായനയിൽ) അനുഭവസമ്പത്തുണ്ടായി വരുന്നുണ്ട്, അയാൾക്കും വളർച്ചയുണ്ട് – അത് എഴുത്തുകാരന് മാത്രമല്ല. വായനക്കാരൻ ആരെയെങ്കിലും വിഷമിപ്പിയ്ക്കാതിരിയ്ക്കാൻ തന്റെ അനുഭവത്തെ തള്ളിപ്പറയണം എന്ന് പറയുന്നത് എന്ത് സ്റ്റുപ്പിഡിറ്റി ആണ്?

നോസ്ഗാർഡിന്റെ “മൈ സ്ട്രഗിൾ” സീരീസ് തീരെ വായിയ്ക്കാൻ കഴിയാത്ത ഒരു ഉഗ്രൻ വായനക്കാരനെ ഞാനറിയും. എന്നാൽ അയാൾക്ക് അതേ എഴുത്തുകാരന്റെ സീസൺ സീരീസും ലേഖനങ്ങളും ഇഷ്ടമാണ്. എനിയ്ക്ക് സീസൺ സീരീസ് ഇഷ്ടമല്ല. എന്നാൽ ലേഖനങ്ങൾ ഇഷ്ടമാണ്. നോസ്‌ഗാർഡ് എഴുതിയ Munch-നേപ്പറ്റിയുള്ള നോൺ ഫിക്ഷൻ പുസ്തകം ഉജ്ജ്വലമാണ്, അതും എനിയ്ക്കിഷ്ടമാണ്, അയാൾക്കും ഇഷ്ടമാണ്. ഇതേ വായനക്കാരൻ മാർകേസിന്റെ “ഏകാന്തതയുടെ നൂറുവർഷങ്ങൾ” വായിയ്ക്കാൻ കഴിയാതെ പരാജപ്പെട്ടയാളാണ്, എന്നാൽ അയാൾ “കോളറക്കാല”വും മറ്റുനോവലുകളും വായിച്ചിട്ടുണ്ട്. ഇങ്ങനെ വായനക്കാരുടെ താൽപ്പര്യങ്ങൾ മാറിയും മറിഞ്ഞുമിരിയ്ക്കും. ഒരെഴുത്തുകാരൻ അയാളുടെ പുസ്തകം വായിച്ച് ഞാൻ ഫീഡ്ബാക്ക് കൊടുത്തപ്പോൾ എന്നോട് പറഞ്ഞത് ആളുകൾ വായിയ്ക്കുന്ന മൂഡ്, സാഹചര്യം തുടങ്ങിയ സംഗതികൾ അഭിപ്രായങ്ങളെ പലപ്പോഴും ബാധിയ്ക്കും ‌അതുകൊണ്ടു ഒരു വായനയെയും താൻ പൂർണ്ണമായി സ്വീകരിയ്ക്കാറില്ലെന്നാണ്. മറ്റൊരു സമയത്ത് വായിച്ചപ്പോൾ എനിയ്ക്കും നോവലുകളെപ്പറ്റി അഭിപ്രായം മാറിയിട്ടുണ്ട്, അതുള്ളതാണ്. എന്നാൽ അത് ഏതെങ്കിലും ലെവലിൽ എഴുത്തിൽ വിജയിച്ച പുസ്തകങ്ങൾക്ക് മാത്രമേ ബാധകമായുള്ളൂ. ചവർ എന്ന് നമുക്കു തോന്നിയ പുസ്തകം പിന്നെയും എടുത്തുനോക്കേണ്ട ആവശ്യമില്ല. വായന ഒരു ഉത്തരവാദിത്തമല്ല, ജീവിതം ഹൃസ്വവുമാണ്.

പിന്നെ ഈ പുച്ഛത്തെപ്പറ്റി കൂടി ഒന്ന് നോക്കാം. ബഷീർ, തകഴി, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരെ ഈ വർഷം ഞാൻ വീണ്ടും വായിച്ചു, ഒരു വിധം എല്ലാ പുസ്തകങ്ങളും (“കയർ” ഇപ്പോൾ വായിയ്ക്കുന്നു, മാധവിക്കുട്ടിയുടെ “വർഷങ്ങൾക്കുമുൻപ്” വായിയ്ക്കാനുണ്ട്, രണ്ടും പണ്ട് വായിച്ചതാണ്. ബഷീർ പൂർണ്ണമായും വായിച്ചു). അവരുടെ എഴുത്തുശൈലി, അവരുപയോഗിയ്ക്കുന്ന റ്റെക്നിക്കുകൾ, അവരുടെ ഭാഷ, പാറ്റേണുകൾ തുടങ്ങി എല്ലാം ശ്രദ്ധയോടെ നോക്കിയാണ് വായിച്ചത്. “ഏണിപ്പടികളെ”പ്പറ്റി മലയാളത്തിൽ പരാമർശം പോലും വരാത്തത് അത്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് ഈ എഴുത്തുകാർ മലയാളത്തിലെ ഒന്നാംകിടക്കാരായി മാറിയതെന്ന് എനിയ്ക്കിപ്പോൾ വ്യക്തമായ ധാരണയുണ്ട്. അപ്പോൾ മലയാളസാഹിത്യത്തെ അളക്കാൻ വിദേശിയൊന്നും വേണ്ട, ഇവിടെയുള്ള അളവുകോലുകൾ തന്നെ മതിയാകുമല്ലോ. സംഗതി അത്രയേയുള്ളൂ. മേതിലിന്റെ കഥകളെപ്പറ്റി ശരിയായ അഭിപ്രായമെഴുതാൻ നമ്മുടെ നിരൂപകർ (വിജയകൃഷ്‌ണൻ) 2017 വരെ കാത്തിരുന്നു. മേതിലിന്റെ കൃത്രിമഭാഷയിലുള്ള നോവലുകളെ തള്ളാൻ ഇപ്പോഴും പലർക്കും മടിയാണ്. അതിനെയും കടത്തിവെട്ടുന്ന കൃത്രിമത്വമാണ് ഇപ്പോഴുള്ള എഴുത്തുകളിൽ കാണാൻ കഴിയുക. അവ വരുന്നത് റെപ്രെസന്റേഷൻ എന്ന ലേബലിൽ ആണ്. അത് ക്വാളിറ്റിയുടെ കാര്യത്തിലെ മാനദണ്ഡമല്ല എന്നതാണ് ഓർക്കേണ്ട സംഗതി. അതിനെ വിമർശിച്ചേ മതിയാകൂ. ഫീഡ്ബാക്കിൽ നിന്നാണ് സാഹിത്യത്തിൽ പുരോഗതിയുണ്ടാക്കുന്നത്. അവനവന്റെ ഭാഷയിലെ നല്ല പുസ്തകങ്ങൾ കൂടി വായിയ്ക്കാത്തവർ ഇവിടെ എന്ത് സാഹിത്യമുണ്ടാക്കുമെന്നാണ്? ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളും ഞാൻ തന്നെയാണ് കണ്ടെത്തുന്നത്. “ഏണിപ്പടികൾ” പോലും ഒരു നല്ലൊരു വായനക്കാരൻ പറഞ്ഞാണ് ഞാൻ ശ്രദ്ധിയ്ക്കുന്നത്, നിരൂപരോ കോളമെഴുത്തുകാരോ പറഞ്ഞല്ല, പിന്നെ അവരെക്കൊണ്ട് എനിയ്ക്കെന്ത് ഗുണം? നല്ല ഒരു യുവനിരൂപകൻ പോലും മലയാളത്തിൽ ഉള്ളതായി എനിയ്ക്ക് അനുഭവമില്ല – ഉള്ളവർ ആശാനെയും വിജയേനെയും ഭജിച്ചും ഭുജിച്ചും തീർന്നിട്ടുമില്ല. ഇവരിൽ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കേണ്ടത്?

ഒരാൾ പുച്ഛിയ്ക്കുന്നു എന്ന് പറയുന്നത് ഒരടവാണ് എന്നാണ് എന്റെ മലയാളം സാഹിത്യലോകത്തെ അനുഭവം. കൃഷ്ണൻനായർ എല്ലാവർക്കും പുച്ഛിസ്റ്റാണ്. എന്നാൽ അയാളാണ് എന്നെ വായനക്കാരനാക്കിയവരിൽ ഒരാൾ. ഇപ്പോഴുള്ള ഏതെങ്കിലും കോളമെഴുത്തുകാരന് അങ്ങനെ ഒരു അവകാശവാദം ഉന്നയിയ്ക്കാൻ പറ്റുമോ? ഒരു കോളമിസ്റ്റ് അടുത്ത് മനുപിള്ള എന്ന വൺ ട്രിക്ക് പോണിയെ യങ്ങ് കാൾ മാർക്സിനോട് ഉപമിച്ചു. ഓൺലൈനിൽ വേറെയൊരുത്തൻ ഷിനിലാലിനെ ആനന്ദിനോട് ഉപമിച്ചിരിയ്ക്കുന്നു. അഥവാ, കുറച്ചു ഹിന്ദി പറയുന്ന ആളുകളും നോർത്ത് ഇന്ത്യൻ ചുറ്റുപാടും ഉണ്ടെങ്കിൽ ആനന്ദാകുമോ? ആനന്ദിന്റെ സ്ഥാനം തെറ്റിയ വസ്തു തുടങ്ങിയ നോൺ ഫിക്ഷൻ പുസ്തകങ്ങൾ എഴുതാൻ ചെറിയ അറിവുകളോ ധാരണകളോ മതിയോ? ആനന്ദിന്റെ ഭാഷ ഉണ്ടാവാൻ റെയിൽവേയിലോ ആർമിയിലോ ജോലി ഉണ്ടായാൽ മതിയോ? ബ്രിട്ടീഷ് ആർക്കൈവിൽ നിന്ന് നാലു പുസ്തകമെടുത്ത് അതിനെപ്പറ്റി തൂവലിന്റെ കനമുള്ള ഭാഷയിൽ എഴുതിവച്ചാൽ മാർക്സ് ആകുമോ? ആനന്ദിന്റെ പോലെ നോൺ ഫിക്ഷൻ ഭാഷ എന്താണ് നമ്മുടെ എഴുത്തുകാർക്ക് വഴങ്ങാത്തത് എന്ന ചോദ്യവുമുണ്ട്. ഫിക്ഷൻ പോലെ വഴങ്ങുന്ന ഒന്നല്ല അത്. നോൺ ഫിക്ഷനിൽ വ്യക്തിത്വമുള്ള ഭാഷ ഉണ്ടാക്കിയെടുക്കുക കഠിനമാണ്. പുറംനാട്ടിൽ ഒരു വിധം നല്ല എഴുത്തുകാരൊക്കെ നോൺ ഫിക്ഷൻ എഴുതും. സഹ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് റിവ്യൂസ് എഴുതും – മലയാളത്തിൽ അങ്ങനെ കണ്ടിട്ടുണ്ടോ, വാഴ്ത്തുപാട്ടുകളല്ലാതെ? അടുത്ത കാലത്ത് ഒരെഴുത്തുകാരൻ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്തു. അവരുടെ എഴുത്തിന്റെ സ്വാഭാവിക texture നശിപ്പിച്ചാണ് അയാളത് പോസ്റ്റ് ചെയ്തത്, എഡിറ്റിങ്ങിന്റെ അടിസ്ഥാന പാഠമാണ് അത് ചെയ്യാൻ പാടില്ലായെന്നത്, അപ്പോൾ വർഷങ്ങളായി എഴുതുന്ന ഒരുവന് അത് പോലും മനസ്സിലായിട്ടില്ല എന്നല്ലേ വായനക്കാരൻ കാണേണ്ടത്? ഇതൊക്കെ കണ്ടും കേട്ടും കഴിയുന്ന വായനക്കാരന് തോന്നേണ്ട വികാരമെന്താണ്? അയാൾക്ക്‌ അല്പം പരിഹാസമാകാമോ? ആവാം എന്നാണ് എന്റെ പക്ഷം. അത് പൊതുവായുള്ളതാണ് എന്നങ്ങു കരുതുക. എല്ലാം ഏണി വച്ച് കയറി പിടിച്ചു തന്റേതാക്കാൻ നോക്കാതിരിയ്ക്കുക, കേട്ടോ എഴുത്തുകാരാ.

10 thoughts on “ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2”

  1. This is too good.

    //വായനക്കാരൻ ആരെയെങ്കിലും വിഷമിപ്പിയ്ക്കാതിരിയ്ക്കാൻ തന്റെ അനുഭവത്തെ തള്ളിപ്പറയണം എന്ന് പറയുന്നത് എന്ത് സ്റ്റുപ്പിഡിറ്റി ആണ്?
    വായിയ്ക്കുന്ന മൂഡ്, സാഹചര്യം തുടങ്ങിയ സംഗതികൾ ഏതെങ്കിലും ലെവലിൽ എഴുത്തിൽ വിജയിച്ച പുസ്തകങ്ങൾക്ക് മാത്രമേ ബാധകമായുള്ളൂ. ചവർ എന്ന് നമുക്കു തോന്നിയ പുസ്തകം പിന്നെയും എടുത്തുനോക്കേണ്ട ആവശ്യമില്ല…മലയാളസാഹിത്യത്തെ അളക്കാൻ വിദേശിയൊന്നും വേണ്ട, ഇവിടെയുള്ള അളവുകോലുകൾ തന്നെ മതിയാകുമല്ലോ. സംഗതി അത്രയേയുള്ളൂ…റെപ്രെസന്റേഷൻ ക്വാളിറ്റിയുടെ കാര്യത്തിലെ മാനദണ്ഡമല്ല എന്നതാണ് ഓർക്കേണ്ട സംഗതി. അതിനെ വിമർശിച്ചേ മതിയാകൂ…കൃഷ്ണൻനായർ എന്നെ വായനക്കാരനാക്കിയവരിൽ ഒരാൾ. ഇപ്പോഴുള്ള ഏതെങ്കിലും കോളമെഴുത്തുകാരന് അങ്ങനെ ഒരു അവകാശവാദം ഉന്നയിയ്ക്കാൻ പറ്റുമോ?//

    ഈ വര്ഷം ബുക് റിവ്യൂ എന്ന ഫോർമാറ്റിൽ മാറ്റം വന്നിട്ടുള്ള ഇത്തരം musings വായനയെ- ചുറ്റിപ്പറ്റിയുള്ള പ്രതികരണങ്ങളെ,…അവയെപ്പറ്റിയുള്ള ചിന്ത അടുക്കുന്ന രീതി – it helps a lot
    Thanks for this Abhilash

  2. Well written.
    നോറോണയുടെയും മറ്റും കഥകളെപ്പറ്റി പറഞ്ഞല്ലോ.. രണ്ട് മൂന്ന് കഥകൾ ഒരേ രീതിയിൽ വരുമ്പോൾ പിന്നീട്‌ അങ്ങോട്ട് വായിക്കാൻ തോന്നാറില്ല. എന്തിനാണ് ഇത്രയും “dark” പരിസരം കഥകളിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നും.. മനം മടുപ്പിച്ചു കളയും.
    വ്യക്തവും കൃത്യവും ആയി അഭിപ്രായം പറയുന്നവർ എന്നും ശത്രു പക്ഷത്ത് ആയിരിക്കും.
    You did good job 👍

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top