Booker Prize 2021 Shortlist

ഷോർട്ട് ലിസ്റ്റിൽ വലിയ അത്ഭുതമൊന്നുമില്ല. പൊളിറ്റിക്സ്, ആക്ടിവിസം തുടങ്ങിയ സംഗതികൾ തൊട്ടുപോകുന്ന പുസ്തകങ്ങൾക്കാണ് മാർക്കറ്റും അവാർഡും. റിച്ചാർഡ് പവേർസ് ഇമ്മട്ടിലുള്ള ഒരു എഴുത്തുകാരനാണ് (ന്യൂ ഏജ് ട്രീ ഹഗ്ഗിങ് എന്ന് പരിഹസിയ്ക്കപ്പെടുന്ന സംഗതി). അയാളുടെ Overstory പോലുള്ള പുസ്തകങ്ങളിൽ നിന്ന് മനസ്സിലായ കാര്യമാണ്, ഈ പുസ്തകം എന്തായാലും വായിച്ചു നോക്കണം എന്ന് തന്നെ കരുതുന്നു. സുഹോട്ടയുടെ “ചൈനാ റൂം” മോശമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിലെ ഒരു പഞ്ചാബി ഫാമിലിയിലെ സ്ത്രീകളുടെ അടിമ ജീവിതമാണ് നോവലിന്റെ പ്രധാന തീം. ഭർത്താവിന്റെ മുഖത്ത് നോക്കാൻ അനുവാദമില്ലാത്ത സ്ത്രീകൾ ഒരു ഇരുട്ടുമുറിയിൽ, ചൈനാ (പാത്രങ്ങൾ എന്ന അർത്ഥത്തിൽ) റൂം, വീട്ടിലെ മൂന്ന് പുരുഷന്മാരിലാരാണ് തങ്ങളുടെ ഭർത്താവ് എന്നറിയാതെ തങ്ങളുടെ ഊഴമനുസരിച്ചു സെക്സിലേര്പ്പെടുന്നു – അമ്മായിയമ്മ മക്കളുടെ മേലുള്ള നിയന്ത്രണം നിലനിർത്താൻ വേണ്ടി കണ്ടുപിടിച്ച വഴിയാകാം, എന്നാൽ ഈ സെറ്റപ്പ് മൊത്തം അവിശ്വസനീയമാണ്, ഇത്തരത്തിലെ മുഖം മറയ്ക്കുന്ന ദുപ്പട്ടയൊന്നും പഞ്ചാബിലില്ല എന്ന് അന്നാട്ടുകാരനായ ഒരു കോലീഗ് പറയുകയും ചെയ്തു – അത്ര കൺസർവേറ്റീവ് അല്ല അന്നാട്ടുകാർ എന്നും അയാൾ ആണയിട്ടു. എന്തായാലും നോവലിൽ ഈ സംഗതികൾ നല്ല ഒഴുക്കിൽ പറഞ്ഞു പോയിട്ടുണ്ട്, എന്നാൽ, രണ്ടാമത്തെ ത്രെഡിൽ വരുന്ന , ഒരു പക്ഷെ എഴുത്തുകാരന്റെ തന്നെ കഥ വേണ്ടത്ര മുറുക്കമില്ലാതെ പോയതാണ് നോവലിന്റെ പരാജയത്തിന് കാരണം – പോരാത്തതിന് നോവലിന്റെ അവസാനത്തിൽ വരുന്ന ആദ്യ കഥയുടെ ക്ലൈമാക്സ് വാസ് സില്ലി. ബോളിവുഡ് സിനിമ പോലെ തോന്നിയ്ക്കുന്ന ഒന്ന്.

ഇഷിഗുരോയുടെ “ക്‌ളാര ആൻഡ് ദി സൺ” എന്ന നോവലിൽ ഒരു (മനുഷ്യരൂപമുള്ള) റോബോട്ട് തന്നെ വാങ്ങുമെന്ന് പ്രോമിസ് ചെയ്തുപോയ ഒരു അസുഖക്കാരിയായ പെൺകുട്ടിയെ കാത്തിരിപ്പാണ്. കുറച്ചു സസ്പെന്സിനു ശേഷംആ പെൺകുട്ടി തന്നെ അവളെ വാങ്ങുന്നു. ഇഷിഗുരോയുടെ നോവലുകളിൽ തങ്ങൾ എന്താണ്, തങ്ങളുടെ ചെയ്തികൾ എന്തായിരുന്നു എന്നൊക്കെ വൈകി തിരിച്ചറിയുന്ന കഥാപാത്രങ്ങളെ കാണാം. ഇവിടെയും കഥ വ്യത്യസ്‍തമല്ല. പെൺകുട്ടിയുടെ അസുഖം മാറാൻ താൻ സൂര്യനുമായി (സോളാർ പവറിൽ വർക്ക് ചെയ്യുന്ന റോബോട്ടാണ് ക്ലാര) ഒരു കരാറുണ്ടാക്കി എന്ന് ക്‌ളാര വിചാരിയ്ക്കുന്നതാണ് നോവലിലെ പ്രധാന സംഗതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സിനിമ, ഇഷിഗുരോയുടെ തന്നെ നെവർ ലെറ്റ് മി ഗോ തുടങ്ങിയ പുസ്തകങ്ങൾ ഈ വായനയിൽ നമുക്കോർമ്മ വരും. ഇഷിഗുരോ ആയതുകൊണ്ട് അനാവശ്യ നീട്ടലും പരത്തലും ഒന്നുമില്ല എന്ന് മാത്രം, എന്നാൽ, അയാൾക്ക് നൊബേൽ കിട്ടിയ മറ്റു എഴുത്തുകാരുടെ തലയെടുപ്പില്ലെന്നു പറയുന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ് ഈ പുസ്തകം (എന്നാൽ മോശം sci-fi നോവൽ അല്ല താനും).

കസ്‌കിന്റെ “സെക്കന്റ് പ്ലെയ്സ്” ഞാൻ മുന്നേ കുറിപ്പെഴുതിയ പുസ്തകമാണ്, എന്നാൽ, അതിനു ഷോർട്ലിസ്റ്റിലെത്താനുള്ള യോഗ്യതയുണ്ടായിരുന്നു എന്നാണ് ഞാനിപ്പോഴും വിചാരിയ്ക്കുന്നത്. Damon Galgut എഴുതിയ “പ്രോമിസ്”, സൗത്ത് ആഫ്രിക്കയിലെ വർണ്ണ വിവേചനവും, മണ്ടേലയുടെ സ്ഥാനാരോഹണവും നടക്കുന്ന സമയത്തെ (80-90s) ഒരു വൈറ്റ് ഫാമിലിയുടെ കഥ പറയുകയാണ്. അമ്മ മരിയ്ക്കുമ്പോൾ ഇളയമകൾ ഹോസ്റ്റലിൽ നിന്ന് വരുന്നു, കൗമാരക്കാരനായ മകൻ ആര്മിയിലാണ്, അവൻ ഒരു സംഘർഷസ്ഥലത്തു വച്ച് കല്ലെറിയാനൊരുങ്ങുന്ന ഒരു സ്ത്രീയെ വെടിവയ്ക്കുന്നു. അവൻ തന്റെ അമ്മയെത്തന്നെയാണ് താൻ കൊന്നത് എന്ന് തോന്നുന്നു. അച്ഛൻ ഭാര്യയെ ഓർത്തു കരഞ്ഞു കൊണ്ടിരിയ്ക്കുന്നു, അയാൾ ജീവിതകാലത്ത് ആ സ്ത്രീയ്ക്ക് സ്വൈര്യം കൊടുത്തിട്ടില്ല, വീട് നോക്കുന്ന അമ്മായിയാണെങ്കിൽ വീട്ടിലെ രണ്ടു പെണ്കുട്ടികളോടും കണിശമായാണ് ഇടപെടുന്നത്. കറുത്ത വർഗ്ഗക്കാരിയായ ജോലിക്കാരിയ്ക്ക് അവരുടെ വീട് അവരുടെ സ്വന്തം പേരിലാക്കി കൊടുക്കണം എന്നാണ് അമ്മ മരണകിടക്കയിൽ ആവശ്യപ്പെടുന്നത്, അത് അച്ഛൻ നിഷേധിയ്ക്കുന്നു. അത് മകനുമായി കലഹത്തിന് ഹേതുവാകുന്നു. ഞാൻ നോവൽ മുഴുവനാക്കിയിട്ടില്ല, എന്നാൽ ഈ കുടുംബം സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിയ്ക്കുന്നു എന്നൊരു കുറിപ്പിൽ കണ്ടു. അത് ഇതുവരെയുള്ള വായനയിൽ അനുഭവപ്പെട്ടില്ല, എഴുത്തുകാരന്റെ ഭാഷ ശക്തമാണ് (അച്ഛന്റെ മരണത്തിൽ മകൾ കരയുമ്പോൾ മകൻ ഓർക്കുകയാണ്, അവൾ കാണുന്നത് തന്റെ തന്നെ മരണമാണ്, അതാണ് അവളെ കരയിയ്ക്കുന്നത്) – സാലി റൂണിപോലും പുതിയ നോവലിൽ ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷ വളരെ പോളിഷ്ഡ് ആയി തോന്നി എന്നതാണ് സത്യം. സുഹോട്ടയും ഭാഷയുടെ കാര്യത്തിൽ പിന്നിലല്ല – എഡിറ്റർമാരുടെ മികവാണോ , അതോ എഴുത്തുകാരൊക്കെ ബോധപൂർവം തങ്ങളുടെ ഭാഷയിൽ പണിയെടുക്കുന്നതാണോ എന്നൊക്കെ ഞാൻ ആലോചിയ്ക്കുകയുണ്ടായി. നോവലിനെപ്പറ്റി വിശദമായി പിന്നീട്.

Anuk Arudpragasam -ന്റെ “പാസേജ് നോർത്ത്” ആണ് ഞാൻ ഏറ്റവും സ്ലോ ആയി വായിയ്ക്കുന്ന പുസ്തകം, മറ്റു വായനകൾ നടക്കുന്നതും ഒരു കാരണമാണ്. എന്നാൽ മേലേപ്പറഞ്ഞപോലെ പോളിഷ്ഡ് എഴുത്തിന്റെ സഹായത്തോടെ, ക്ഷമയോടെ ബിൽഡ് ചെയ്തുകൊണ്ടിരിയ്ക്കുന്ന ആഖ്യാനമാണ് ഈ നോവലിന്റെതും (വായന തീർന്നില്ല), കൂട്ടത്തിൽ ഏറ്റവും ശക്തമായ പുസ്തകമായി എനിയ്ക്ക് തോന്നിയത് ഇതാണ്. “പ്രോമിസ്” മെലോഡ്രാമയിൽ അവസാനിച്ചില്ലെങ്കിൽ നല്ലൊരു മത്സരമായിരിയ്ക്കും ഇവ തമ്മിൽ എന്ന് തോന്നുന്നു. ബട്ട്, എന്നും ബുക്കർ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ഇരിയ്ക്കുന്നത്, അതുകൊണ്ടു പ്രവചനങ്ങളിൽ കാര്യമില്ല. തമിഴ് വംശജരുടെ കൂട്ടക്കൊല നടന്ന വടക്കൻ ലങ്കയിലേയ്ക്ക് അമ്മയുടെ പരിചാരികയുടെ മരണത്തെത്തുടർന്ന് പോകാനൊരുങ്ങുന്ന കൃഷൻ എന്ന കഥാപാത്രമാണ് നോവലിന്റെ കേന്ദ്രത്തിൽ. തമിഴ് ഈലത്തിന്റെ അവസാനകാലങ്ങളിൽ യു എന്നിനു മുന്നിൽ ഒരു തമിഴ് യുവാവ് സ്വയം തീകൊളുത്തിയത് പോലുള്ള സംഗതികളിൽ നിന്ന് ഊർജ്ജം നേടിയ നായകൻ താൻ ഭാഗമല്ലാതിരുന്ന തന്റെ വംശത്തിന്റെ പോരാട്ടങ്ങളുടെ കഥകൾ എല്ലാ തരം സോഴ്‌സുകളിൽ നിന്നും വായിയ്ക്കുകയും താനതിന്റെ ഭാഗമായിരുന്നു എന്ന് ഭാവനയിൽ കാണുകയും ചെയ്യുന്നു – അതാണ് അയാളുടെ സന്തോഷം. ഇതിനെപ്പറ്റി ഒരു ഇന്ത്യൻ പുരാണകഥ വച്ച് അയാൾ പറയുന്ന രംഗമൊക്കെ വളരെ വിദഗ്ദമായാണ് എഴുത്തുകാരൻ നോവലിൽ ചേർത്തിരിയ്ക്കുന്നത് (നായകന്റെ കാമുകി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ കഴിയുന്ന ഒരു ആക്ടിവിസ്റ്റാണ്, അനുഗ് ഗ്ലോബൽ പെഴ്സ്പെക്റ്റീവ് ഉള്ളയാളാണ് എന്നർത്ഥം). ശ്രീലങ്കയിൽ നിന്നൊക്കെ എത്ര എഴുത്തുകാരാണ് പരിഭാഷയിലൂടെയും അല്ലാതെയും ലോകത്തിനു മുന്നിൽ എത്തുന്നതും വായിയ്ക്കപ്പെടുന്നതും എന്നാലോചിയ്ക്കാനും ഈ വായന പ്രേരിപ്പിച്ചു – നമ്മുടെ ഭാഷയിൽ പാദസേവയും അധരവ്യായാമവുമാണ് മുഖ്യം.

ബാക്കിയുള്ള പുസ്തകങ്ങൾ എന്റെ വായനാ ലിസ്റ്റിൽ ഇല്ല. ക്നോസ്‌ഗാർഡും, ഫോസെയും പുസ്തകമിറക്കുന്ന മാസത്തിൽ ശരാശരി എഴുത്തുകാരെ വായിയ്ക്കുന്നത് പരിമിതപ്പെടുത്തുക എന്നതാണ് എന്റെ നയം. സമയനഷ്ടം എന്ന തോന്നൽ ഉളവാക്കുന്ന വേദന അത്രയധികമാണ്, വിശിഷ്യാ വായനയിൽ.

2 thoughts on “Booker Prize 2021 Shortlist”

  1. I really liked how the NYT critic Garner reminded Power’s of an old quote from his 1995 book which said “the world has enough novels. Certain writers were best paid to keep their fields out of production.” I read 3 books so far. I don’t think I’ll read him any further. Bewilderment was the biggest disappointment. I wish he realises that activism is one thing and fiction another. Also I recently heard one of his interviews in which he said he has apparently read more than 150 books on trees. Maybe it’s time that he stop reading about trees. 😑

    1. Ha Ha, easy activism is the life line of mediocre writers worldwide – just see Malayalam for example, Almost all contemporary women writers are experts in this tree hugging BS, they are all mediocre too. Same for novels like 124, by the male counterparts, which has perhaps the silliest premises i have ever read – but the novel is being praised left and right. There is a lot of BS in this world and the tragedy is some of them get Elected.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top