A Passage North

അനുക് അരുൾപ്രകാസത്തിന്റെ (Anuk Arudpragasam ) “A Passage North” വായന തുടങ്ങുന്നതിനു മുൻപേ തന്നെ നോവലിന്റെ ഉള്ളടക്കത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നതിന്റെ സൂചനകൾ കണ്ടിരുന്നു. പിന്നീടുണ്ടായ വായന അതിനെ തീർത്തും ശരിവയ്ക്കുന്നതായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇപ്പോൾ പരിഭാഷയിലും , അല്ലാതെയും വന്നുകൊണ്ടിരിയ്ക്കുന്ന നിരവധി നോവലിസ്റ്റുകൾ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെ പല രീതിയിൽ സംബോധന ചെയ്യുന്നത് കാണാം. കൂട്ടത്തിൽ അനുക് വളരെ പച്ചയ്ക്കാണ് രാഷ്ട്രീയം പറയുന്നത്. അടുത്തിടെ മലയാളത്തിൽ വന്ന “പ്രശസ്ത” നോവലിലെപ്പോലെ, പ്രൈമറി സ് കൂളിലെ കുട്ടിയുടെ നോട്ട്ബുക്കിൽ എഴുതി പൂർത്തിയാക്കാതെ കിടന്ന ദേശീയഗാനത്തിന്റെ പേജ് പിന്നെ വലിയ രാഷ്ട്രീയ വിഷയമായി മാറുന്ന തരം സ്ക്കൂൾ കഥാമത്സര നിലവാരത്തിലുള്ള ആഴം കുറഞ്ഞ രാഷ്ട്രീയമല്ല ഈ നോവലിൽ (ഈ എഴുത്തുകാരൻ പണ്ട് മനുപിള്ളയുടെ പൈങ്കിളി എഴുത്തുകളെ ഞാൻ വിമർശിച്ചതിനെപ്പറ്റി എന്റെ പോസ്റ്റിൽ വന്ന് അസഭ്യം പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ഇതിൽ അത്ഭുതമില്ല).

എഴുത്തുകാരന്റെ കാമുകി ജാർക്കണ്ഡിലും ഡൽഹിയിലും എല്ലാം marginalized ആയ ആളുകളുടെയിടയിൽ പ്രവർത്തിയ്ക്കുന്ന ഒരുവളാണ് – അവളുടെ കൂടെ സഞ്ചരിയ്ക്കുന്ന ശ്രീലങ്കൻ തമിഴനായ നായകൻ സംസ്കൃതം എന്ന ഭാഷ എങ്ങനെയാണ് ഇവിടത്തെ റൈറ്റ് വിങ്ങിന് ആയുധമാക്കാൻ കഴിയുന്നത് എന്നൊക്കെ നിരീക്ഷിയ്ക്കുന്നുണ്ട്. ബാംഗ്ലൂരിൽ വളർന്ന നായിക ഇംഗ്ലീഷിൽ നിപുണയായിരിയ്ക്കുമ്പോഴും വായിയ്ക്കുന്നത് കന്നഡ കവിതകളാണ്, അതും ക്ലാസിക്സ്. അവർ ഡയറി എഴുതുന്നത് കന്നടയിൽ തന്നെ. താൻ അങ്ങനെ മാറുകയായിരുന്നുവെന്നു അവർ സൂചിപ്പിയ്ക്കുന്നുണ്ട്. Queer ആയ അവർക്കു നേരെയുള്ള പുരുഷന്മാരുടെ നോട്ടത്തെപ്പറ്റി നായകൻ പറയുന്നുണ്ട് – ഹിന്ദി മേഖലയിലെ പുരുഷന്മാരുടെ നോട്ടം ചെന്നൈയിലോ തിരുവനന്തപുരത്തോ ഉള്ളപോലെ അല്ല, തീക്ഷ്ണവും അവസാനമില്ലാത്തതുമാണെന്നാണ് ശ്രീലങ്കനായ അയാളുടെ നിരീക്ഷണം. നായകന് ഒരു പുരുഷന്റെ നോട്ടവും നേരിടേണ്ടി വരുന്നുണ്ട്. തമിഴ് എന്നുള്ളത് വികാരവും വിചാരവും ഐഡന്റിറ്റിയും രാഷ്ട്രീയവും ശക്തിയും ദൗർബ്ബല്യവും ഒക്കെ ആയി മാറുന്നതിന്റെ നിരവധി അവസ്ഥകൾ ഈ പുസ്തകത്തിലുണ്ട്. ലോകമെങ്ങുമുള്ള, എവ്വിധത്തിലുമുള്ള മൈനോരിറ്റികളുമായി തുലനം ചെയ്യാവുന്ന ഒരു നില ഭാഷയ്ക്കും/അതുപയോഗിയ്ക്കുന്നവർക്കുമുണ്ട് എന്നതാണ് അനുക് പറയുന്നത് (ഹിന്ദി ഇമ്പോസിഷൻ കൊടുമ്പിരി കൊണ്ടുകൊണ്ടിരിയ്ക്കുന്ന നമ്മുടെ നാട്ടിലെ അവസ്ഥ ഓർക്കുക – ഗ്യാസ് ഏജൻസി തരുന്ന പുസ്തകം നോക്കൂ, അല്ലെങ്കിൽ ഒരു പാസ്പോർട്ട് ഓഫീസിൽ പോയി നോക്കൂ). ദ്രാവിഡമെന്നത് ബ്ലാക്ക് എന്ന് പറയുന്നപോലെയോ queer എന്ന് പറയുന്ന പോലെയോ പ്രതിരോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടയാളമാവുകയും അത്തരം ഗ്രൂപ്പുകളോട് അടുപ്പം തോന്നുന്നത് തന്നെ രാഷ്ട്രീയ പ്രവർത്തനമാവുകയും ചെയ്യുന്നു. ഹിന്ദു പുരാണ കഥകളും സംസ്കൃത സാഹിത്യവും (മേഘസന്ദേശം) എല്ലാം എഴുത്തുകാരൻ ആഖ്യാനത്തിൽ കൊണ്ടുവരുന്നുണ്ട്. എന്നാൽ പുരാണത്തിലെ നായകൻ തമിഴാണ്, അയാൾ ശിവന്റെ (വിഷ്ണുവല്ല) അമ്പലം നിർമ്മിയ്ക്കാൻ ആവതില്ലാത്തതിനാൽ ഒരു നെടുങ്കൻ ക്ഷേത്രമാതൃക ഭാവനയിൽ നിർമ്മിയ്ക്കുന്നു. അന്നാട്ടിലെ രാജാവ് തന്റെ ഉജ്ജ്വലമായ ശിവക്ഷേത്രം ഭഗവാന് സമർപ്പിയ്ക്കുമ്പോൾ ശിവൻ പറയുന്നു – എനിയ്ക്കിവിടെ ഇരിയ്ക്കാൻ സാധ്യമല്ല, ഞാൻ പൂസലിന്റെ അമ്പലത്തിലാണ് കുടിയിരിയ്ക്കാൻ പോകുന്നത്. പൂസലിന്റെ അമ്പലം കാണാൻ പോകുന്ന രാജാവിന് അതയാളുടെ മനസ്സിലാണ് എന്നറിഞ്ഞു അത്ഭുതം തോന്നുന്നു. നോവലിലെ നായകൻ താൻ ഭാഗമാകാതിരുന്ന തമിഴ് ഈളത്തിനു വേണ്ടിയുള്ള സംഘർഷത്തെപ്പറ്റി വായിച്ചും ഭാവന ചെയ്തും പൂസലിനെപ്പോലെ തന്റെ മനസ്സിൽ തന്നെ അതിന്റെ ഭാഗമായി കണ്ടു സമാധാനമടയുന്നു – ശ്രീലങ്കയിലെ genocide അവഗണിയ്ക്കുന്ന അന്താരാഷ്ട്രസമൂഹത്തിനോടുള്ള പ്രതിഷേധമായി യുഎന്നിന് മുന്നിൽ സ്വയം തീകൊളുത്തുന്ന യുവാവാണ് അയാളുടെ കണ്ണ് തുറപ്പിയ്ക്കുന്നത്. പിൽക്കാലത്തു അയാൾ വടക്കൻ ശ്രീലങ്കയിൽ സന്നദ്ധപ്രവത്തകനായി എൻജിഒ-കൾ വഴി പോകുമ്പോഴും താൻ ഒരു തെക്കൻ നാഗരിക തമിഴനാണ് എന്നുള്ളത് അയാൾക്ക് തെല്ലു ചാഞ്ചല്യത്തോട് കൂടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ. വടക്കോട്ടുള്ള യാത്രകൾ തീർത്ഥാടനം പോലെയായിത്തീരുന്നു എന്നർത്ഥം. മലയാള രാഷ്ട്രീയ നോവലുകളിലെ ഓക്കാനം വരുന്ന നക്സൽ അല്ലെങ്കിൽ ആക്ടിവിസ്റ്റ് രാഷ്ട്രീയമല്ല അനുക് നമുക്ക് മുന്നിൽ വയ്ക്കുന്നത് – അയാൾ തന്റെ അച്ഛമ്മയ്ക്ക് സഹായിയായി വന്ന തമിഴ് സ്ത്രീയുടെ ഓരോ കാര്യങ്ങളും ഇഴകീറുകയാണ് – അവരുടെ നിരന്തര തലവേദനകൾ(PTSD), അതിന്റെ കാരണം, അവരുടെ മരണം ആത്ഹത്യ ആയിരുന്നോ എന്നത്, അവർ ഒരു തമിഴ് സിനിമ ശബ്ദമില്ലാതെ കാണുന്നത് – ഇങ്ങനെ എല്ലാം. പിന്നാലെ വരുന്ന, തമിഴ് ഈളത്തിന്റെ ആദ്യകാല പ്രചോദനത്തിൽ ഒന്നായിരുന്ന കുട്ടിമണിയുടെ കഥ (യഥാർത്ഥ സംഭവമാണ്, ഗൂഗിൾ നോക്കുക), അസാധാരണ പ്രഹരശേഷിയുള്ളതാണ്. പിൽക്കാലത്ത് എല്ലാ തമിഴ് റെസിസ്റ്റൻസ് മൂവ്മെന്റുകളെയും പ്രഭാകരന്റെ നേതൃത്വത്തിൽ LTTE എങ്ങനെ ഒതുക്കുകയും കയ്യാളുകയും ചെയ്തുവെന്നും നോവലിലുണ്ട്. ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ് സ് നടത്തിയ അതിക്രങ്ങളും പരാമർശിയ്ക്കപ്പെടുന്നു. ഭാഷാ/വംശ ഭൂരിപക്ഷം ആവിധത്തിലുള്ള മറ്റു ന്യൂനപക്ഷങ്ങളെ സിസ്റ്റമാറ്റിക് ആയി തകർക്കുന്നത് എങ്ങനെയെന്നത് ഒരു സൗത്ത് ഇന്ത്യക്കാരൻ എന്ന രീതിയിൽ അസ്വസ്ഥതതയോടെയേ എനിയ്ക്കു വായിയ്ക്കാനായുള്ളൂ. വെളിക്കടയിലെ മാക്സിമം സെക്യൂരിറ്റി ജയിലിൽ അധികാരികളുടെ സഹായത്തോടെയാണ് കുട്ടിമണിയെയും കൂട്ടരെയും സിംഹളത്തടവുകാർ കണ്ണുകൾ ചൂഴ്ന്നെടുത്തും പീഢിപ്പിച്ചും കൊന്നത് എന്നത് കൂടി വായിയ്ക്കുമ്പോൾ ശ്രീലങ്കൻ തമിഴന്റെ മുറിവിന്റെ ആഴം നമുക്ക് കാണാം. പീഢനം ഭയന്ന് സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ കയറി ഓസ് ട്രേലിയയിലേയ്ക്ക് രക്ഷപെടാൻ നോക്കുന്ന അഭയാർത്ഥികളെ നിരുത്സാഹപ്പെടുത്താൻ അന്നാട്ടിലെ സർക്കാരിന്റെ തന്നെ സഹായത്തോടെ സിംഹളർ വച്ചിട്ടുള്ള പരസ്യപ്പലകകളിലും നായകന്റെ കണ്ണുകൾ വീഴുന്നുണ്ട്. നായകന്റെയും മറ്റു പാത്രങ്ങളുടെയും ചക്രവാളത്തിലേയ്ക്കുള്ള നോട്ടം പോലും പലമാനങ്ങളുള്ള ഒന്നായി മാറുന്നു.

എന്നാൽ നോവൽ ഇമ്മട്ടിലുള്ള ഡോക്യൂമെന്റേഷൻ മാത്രമല്ല എന്നതാണ് അനുകിന്റെ ഭാവി എഴുത്തിൽ നമുടെ പ്രതീക്ഷയേറ്റുന്നത്. നോവലിന്റെ തുടക്കം നോക്കുക.

THE PRESENT, WE assume, is eternally before us, one of the few things in life from which we cannot be parted. It overwhelms us in the painful first moments of entry into the world, when it is still too new to be managed or negotiated, remains by our side during childhood and adolescence, in those years before the weight of memory and expectation, and so it is sad and a little unsettling to see that we become, as we grow older, much less capable of touching, grazing, or even glimpsing it, that the closest we seem to get to the present are those brief moments we stop to consider the spaces our bodies are occupying, the intimate warmth of the sheets in which we wake, the scratched surface of the window on a train taking us somewhere else, as if the only way we can hold time still is by trying physically to prevent the objects around us from moving. The present, we realize, eludes us more and more as the years go by, showing itself for fleeting moments before losing us in the world’s incessant movement, fleeing the second we look away and leaving scarcely a trace of its passing, or this at least is how it usually seems in retrospect, when in the next brief moment of consciousness, the next occasion we are able to hold things still, we realize how much time has passed since we were last aware of ourselves, when we realize how many days, weeks, and months have slipped by without our consent.

എന്നാൽ എഴുത്ത് ഈയൊരു ലോകത്തിൽ നിൽക്കാതെ രാഷ്ട്രീയ യാഥാർഥ്യത്തിന്റെ തീക്ഷ് ണതയിലേയ്ക്കും ഇറങ്ങിച്ചെല്ലുന്നു, അതേ നിരീക്ഷണപാടവത്തോടെ (ബേണ്ഹാർഡിനെപ്പോലെ, ഫോസെയെപ്പോലെ ചെറിയൊരു സ്പെയ്സിൽ വലിയ ലോകത്തെ ഉൾക്കൊള്ളിയ്ക്കാനാകുന്നില്ലെന്നതും ഉണ്ട്). സത്യത്തിൽ ഇത്തരത്തിലെ ആരംഭം എന്റെ വായനയിൽ ആദ്യത്തിൽ ഒരു മനോതടസം ഉണ്ടാക്കിയെന്നുള്ളതാണ് നേര് – എന്നാൽ ഇതേ രീതിയിൽ തന്റെ നായികയുമായുള്ള ബന്ധത്തെക്കുറിച്ചും തമിഴനായുള്ള കൊളമ്പോ-ഡൽഹി ജീവിതങ്ങളെക്കുറിച്ചുമെല്ലാം നായകൻ ഓർക്കുന്നുണ്ട്. പോകെപ്പോകെ ഈ രീതി നോവലിന്റെ ശക്തിയായി മാറുന്നു. പൂസലിന്റെ കഥയും അവസാനം റാണിയുടെ കഥയുമായി നായകന്റെ മനസ്സിൽ കണ്ണിചേരുന്ന രംഗം നോവലിലെ ബ്രില്യന്റ് മൊമെന്റ് എന്ന് പറയാവുന്ന ഒന്നാണ്. (കൂട്ടത്തിൽ അരുട്പ്രകാശം എന്നും പൂശൽ എന്നുമൊക്കെ മലയാള ഭാഷയുടെ മേനിയിൽ കുളിരുകൊണ്ടുകൊണ്ടു ഉച്ചരിയ്ക്കാനേയുള്ളൂ, എന്നാൽ തമിഴൻ പറയുന്നപോലെ “സ”യും “ള” യും ഒക്കെ ചേർത്ത് പറയുന്നതുകൂടിയാണ് രാഷ്ട്രീയം). എന്റെ വായനയിൽ ബുക്കർ വിന്നറാണ് ഈ പുസ്തകം. അതുണ്ടാകില്ല എന്നത് ബുക്കറിന്റെ ചരിത്രം നോക്കി എനിയ്ക്ക് പറയാൻ കഴിയുമെങ്കിലും.

7 thoughts on “A Passage North”

      1. പേരറിയാത്ത

        Story of a brief marriage was good. Yet to read this one. It’s interesting when he says how war has become a kind of obsession and as to how he aspires to write something different. Also, mediocre to excellent , all falls in the same block for Vivek Tejuja/ Vivekism. Just saying ! 🤠

  1. ഈ നോവൽ വായനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് അഭിലാഷ് ഇതിനു മുൻപ് പരിചയപ്പെടുത്തിയ കഥാസമാഹാരം Every Like Before വായിച്ചു കൊണ്ടിരിക്കുകയായിരുന്നു .അതിലെ
    Mardon’s Night എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top