നോർവീജിയൻ സാഹിത്യത്തിലെ അതികായനായ ഷെൽ അസ് കിൽഡ് സെൻ (Kjell Askildsen) കഴിഞ്ഞ 23-നു മരിച്ചുവെന്ന ന്യൂസ് കാണുന്നു – വളരെ വിഷമമുണ്ടാക്കുന്ന സംഗതി ആണെന്ന് പറയേണ്ടതില്ലല്ലോ. ഇംഗ്ളീഷിൽ ഈയിടെയാണ് ഈ എഴുത്തുകാരന്റെ പുസ്തകങ്ങൾ വരാൻ തുടങ്ങിയത്. തീരെ പതിഞ്ഞ താളത്തിലുള്ള, ലളിതമായ കഥകൾ എന്ന് ഒറ്റ വാചകത്തിൽ പറയാവുന്ന കഥകൾ. A Great Deserted Landscape എന്ന കഥയിൽ (കിൻഡിലിൽ ഇത് മാത്രമായി ലഭ്യമാണ്) ഒരാളുടെ ഭാര്യയുടെ അടക്കിന് ആളുകൾ കൂടിയിരിയ്ക്കുന്നു. അയാൾ ശരിയ്ക്ക് അത്ര വിഷമത്തിലൊന്നുമല്ല. ചുറ്റും വലിയ നിശ്ശബ്ദതയൊക്കെയുണ്ട്. ഇത് തന്റെ ഭാര്യയോട് പറഞ്ഞിരുന്നെങ്കിൽ അത് guilt കൊണ്ടാണെന്ന് അവൾ പറയുമായിരുന്നു എന്നയാൾ ഓർക്കുന്നു. ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. അയാൾ ചടങ്ങിന് പോകുന്നില്ല, ബാക്കിയെല്ലാവരും പോയി തിരികെ വരുന്നു. ആളുകൾ പിരിയുന്നു. അനിയത്തി നടക്കാൻ പോകുന്നു. അയാളുടെ അമ്മ, അച്ഛന്റെ, വയസ്സാം കാലത്തെ, മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുവാൻ തുടങ്ങുന്നു. അവർ കരയുന്നു. ഇതേ തുടർന്ന് അവർ വികാരാവേശത്തിൽ മുറ്റത്തെ ലോണിൽ മയങ്ങി വീഴുന്നു. അപ്പോഴാണ് നായകൻ ഒരു ആക്സിഡന്റിൽ പെട്ട് കിടപ്പിലാണെന്നു നമ്മളറിയുന്നത്. ഇങ്ങനെ ചെറിയ ചെറിയ സംഗതികൾ വെളിപ്പെട്ടു വരുന്നു. ഈ ആക്സിഡന്റിലാണോ ഭാര്യ മരിച്ചത്? കിടപ്പിലായതു കാരണമാണ് അയാൾ ചടങ്ങുകൾക്ക് പോകാതിരുന്നത്. ഇതൊക്കെ നമ്മൾ പതിയെ മനസിലാക്കുന്നു. ഇമ്മട്ടിലുളള സന്ദർഭങ്ങളാണ് അസ് കിൽഡ് സെന്റെ കഥകളിൽ നിറയെ. Archipelago അടുത്ത് ഇയാളുടെ Everything Like Before: Stories പബ്ലിഷ് ചെയ്തിരുന്നു, വളരെ ചെറിയ 30 കഥകളുടെ കളക്ഷനാണ് ഇത്. അതിലെ title കഥയിൽ ഒരാളും ഭാര്യയും ടൗണിൽ ഓരോ ബാറിലായി കയറിയിറങ്ങുന്നു. ഭാര്യയുടെ കുടിയെപ്പറ്റി അയാൾക്ക് പരാതിയുണ്ട്. ഭാര്യ ബീച്ചിൽ വച്ച് ഒരാളുമായി അടുപ്പം കാണിയ്ക്കാൻ തുടങ്ങുന്നു, അത് ഭർത്താവിനെ അസ്വസ്ഥനാക്കുന്നു. അവൾ അപരിചിതനെ ചുംബിയ്ക്കുന്നതോടെ അയാൾ അവിടന്ന് പോരുന്നു. ഭാര്യയുമായി പിരിയാനാണ് അയാളുടെ തീരുമാനം. എന്നാൽ ഭാര്യ പിറ്റേന്ന് അങ്ങനെ ഒരു സംഗതിയെപ്പറ്റി അജ്ഞത കാണിയ്ക്കുന്നു. അയാൾ ആകെ confused ആകുന്നു. തുടർന്ന് അവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. ബാക്കി സ്ക്രീൻഷോട്ടിൽ നോക്കുക.

മറ്റൊരു കഥയിൽ (Toilet Bag) ഒരെഴുത്തുകാരൻ ഒരു ചെറിയ പട്ടണത്തിലെ ഒരു ലോഡ്ജിൽ താമസിയ്ക്കുകയാണ്. അയാളോട് ഉടമസ്ഥ ഭയങ്കര rough ആയാണ് പെരുമാറുന്നത്, ചെറിയ ഒരു സംഗതിയ്ക്കു ശേഷം അയാൾ അവിടന്ന് കോപത്തോടെ ഇറങ്ങിപ്പോകുന്നു. എന്നാൽ അയാൾ തിരികെ അവിടേയ്ക്കു തന്നെ വരുന്നു. അയാൾ ഒരു ബിയർ ഓർഡർ ചെയ്യുന്നു. അത് കുറേക്കഴിഞ്ഞു ഒരു maid കൊണ്ടുകൊടുക്കുന്നു. അയാൾ അപ്പോഴാണ് ഗ്ലാസിന്റെ കാര്യം ഓർക്കുന്നത്. അതും കുറെ സമയം കഴിഞ്ഞാണ് പരിചാരിക കൊണ്ടുവരുന്നത്. അവരുടെ സംസാരവും അയാൾ വിചാരിച്ച രീതിയിലല്ല പോകുന്നത് (നമുക്ക് രണ്ടാൾക്കും നമ്മുടേതായ തലവേദനകളുണ്ടല്ലോ എന്നല്ലോ എന്നവൾ). അയാൾ താൻ മുന്നേ കുടിച്ച ബിയറിന്റെ കാര്യം ഓർക്കുന്നു.പക്ഷെ ആ ബോട്ടിൽ എവിടെയും കാണുന്നില്ല. തന്റെ മുറിയിൽ ആരോ ക്ളീനിംഗിന് വന്നിട്ടുണ്ട്. എന്നാൽ ബിയർഗ്ളാസ്സ് അവിടെത്തന്നെയുണ്ട്. അപ്പോഴാണ് അയാൾക്ക് തന്റെ ടോയ്ലറ്റ് ബാഗിന്റെ കാര്യം ഓർമ്മ വരുന്നത്, അയാൾ അത് തിരയുന്നു, അതിൽ കോണ്ടംസ് ഉണ്ട്, അതാണ് അയാളുടെ വേവലാതി – ബാഗിൽ നിന്ന് ഒന്നും പോയിട്ടില്ല, എന്നാൽ അതാരോ തുറന്നിട്ടുണ്ട്. തന്റെ എല്ലാ രഹസ്യവും ആരോ കണ്ടുപിടിച്ച പോലെ അയാൾക്ക് തോന്നുന്നു. അയാൾ പതിയെ ഉറങ്ങാൻ കിടക്കുന്നു. അപ്പോൾ അയാൾ പുറത്ത് ഒരു പുരുഷ സ്വരം കേൾക്കുന്നു – ബിയർ എന്റെ കൂടെ ഷെയർ ചെയ്യാൻ ആണെങ്കിൽ, ഒരു ഗ്ലാസ് കൂടെ കൊണ്ടുവരൂ. അയാൾ ഞെട്ടിയെണീറ്റ് താക്കോൽ പഴുതിലൂടെ ഇടനാഴിയിലേയ്ക്ക് നോക്കുന്നു. എന്നാൽ അയാൾക്കൊന്നും കാണാൻ കഴിയുന്നില്ല.
ഇത്തരത്തിൽ ചെറിയ സന്ദർഭങ്ങൾ കൊണ്ട് അനന്യമായ സാഹചര്യങ്ങൾ സൃഷ്ടിയ്ക്കുന്ന അസ് കിൽഡ് സൺ, എന്റെ ഇക്കൊല്ലത്തെ വായനയിലെ ഏറ്റവും വലിയ ഡിസ്കവറി ആയിരുന്നു. ഇപ്പോൾ അയാൾ മരിച്ചിരിയ്ക്കുന്നു. എന്തൊരു സങ്കടം. പെൻഗ്വിൻ Archipelago ഇറക്കിയ ഇതേ സമാഹാരം വിലക്കുറവിൽ ഇറക്കിയിട്ടുണ്ട്. ഫോട്ടോ നോക്കുക. താൽപര്യമുള്ളവർക്ക് റെക്കമെന്റ് ചെയ്യുന്നു. നമ്മുടെ നിരൂപകർ പറഞ്ഞ് ഇതൊന്നും നിങ്ങളറിയുകയേയില്ല. ഇന്നാട്ടിൽ ഇതൊക്കെ ന്യൂസ് വന്നാൽ തന്നെ ഭാഗ്യം.

Thanks
Thanks
വിലക്കുറവ് എഡിഷൻ ഇവിടെ ലഭ്യമല്ലെന്നു തോന്നുന്നു
379 ആണ് പെൻഗ്വിൻ, ആമസോണിൽ. ആർക്കിപെലഗോ 1300+.
വിലക്കുറവ് എഡിഷൻ ഇവിടെ ലഭ്യമല്ലെന്നു തോന്നുന്നു
379 ആണ് പെൻഗ്വിൻ, ആമസോണിൽ. ആർക്കിപെലഗോ 1300+.
Excellent intro!
Excellent intro!